ജയ്പൂര്‍: സേവനം ഭാരതത്തിന്റെ ഹൃദയമന്ത്രമാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. രാഷ്ട്രീയ സേവാ സംഗമത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സേവനം മനുഷ്യത്വത്തിന്റെ സ്വാഭാവികമായ പ്രകടനമാണ്. സത്യത്തിന്റെ നേരിട്ടുള്ള സാക്ഷാത്കാരമാണത്. സേവനമാണ് സൗഹാര്‍ദ്ദത്തിന്റെ മാര്‍ഗ്ഗം. രാഷ്ട്രസുരക്ഷ പോലെ തന്നെ ദേശവാസികളുടെ സേവനവും പ്രധാനമാണ്. സേവനത്തിന്റെ മന്ത്രം നമ്മുടെ രാഷ്ട്രത്തില്‍ ആദ്യ നാളുകള്‍ മുതലേ ഉണ്ട്. സേവനം സ്വാര്‍ത്ഥമല്ല, മത്സരവുമല്ല. തെക്കന്‍ പ്രവിശ്യകളില്‍ സന്ന്യാസിമാര്‍ നടത്തുന്ന സേവന പ്രവര്‍ത്തനങ്ങള്‍ മിഷനറിമാരുടെ സേവനത്തേക്കാള്‍ കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തെ ഒരു വിഭാഗവും പിന്‍തള്ളപ്പെട്ടവരോ ദുര്‍ബലരോ ആയിക്കൂടാ. ഭാരതം ലോകഗുരു ആകണമെങ്കില്‍, എല്ലാവരും ശക്തരായിരിക്കണം. സമൂഹം മുഴുവന്‍ എന്റേതാണെന്ന കാഴ്ചപ്പാട് ഉണ്ടാകണം.
രാജ്യം വിശ്വഗുരുവാകുക എന്നതിനര്‍ത്ഥം എല്ലാ മേഖലയും പൂര്‍ണതയിലെത്തുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.