സി.പി.ഐയുടെ ദേശീയ പാര്‍ട്ടിപദവി തിരഞ്ഞെടുപ്പു കമ്മീഷന്‍ വെട്ടിക്കളഞ്ഞിരിക്കുന്നു. പഴക്കവും പാരമ്പര്യവുമുളള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഏതു പദവി നല്‍കണമെന്നു നിശ്ചയിക്കേണ്ടത് തിരഞ്ഞെടുപ്പു കമ്മീഷനല്ലല്ലോ. അങ്ങനെ മാനദണ്ഡം നോക്കി പദവി നല്‍കുകയാണെങ്കില്‍ അതിന്റെ മാനദണ്ഡമാക്കേണ്ടതെന്താണെന്ന് സി.പി.ഐക്ക് കൃത്യമായ ബോധ്യമുണ്ട്. ഒന്നാമത്തെ മാനദണ്ഡം പഴയ പാര്‍ട്ടി എന്നതാണ്. അതില്‍ ഒന്നാം വരിയില്‍ തന്നെ സി.പി.ഐ ഉണ്ട്. പഴക്കം കൊണ്ട് തുരുമ്പെടുത്തതിന്റെ ലക്ഷണം പാര്‍ട്ടിയില്‍ മൊത്തം കാണാം. രണ്ടാമത് സ്വാതന്ത്ര്യസമര പങ്കാളിത്തമാണ്. മറ്റാരും സംഭാവന ചെയ്യാത്ത പങ്കാളിത്തമാണ് സി.പി.ഐ യുടേത്.
ചില്ലറ വെള്ളിക്കാശിന് ക്വിറ്റിന്ത്യാ സമരത്തെ ഒറ്റിക്കൊടുത്തതാണ് ആ പങ്കാളിത്തം. മൂന്നാമത്തേത് ജനാധിപത്യ സംരക്ഷണം. ഇന്ദിരാ ഗാന്ധിയുടെ ഫാസിസ്റ്റ് ഭരണകാലത്തെ അടിയന്തരാവസ്ഥക്ക് പിന്തുണ നല്‍കി സ്തുതി പാടിയ പുളകിതചരിത്രം സി.പി.ഐക്കുള്ളതാണ്. ഇതിലേതെങ്കിലും ഒന്ന് ബി.ജെ.പിക്ക് സ്വന്തമായി ഉണ്ടെന്ന് പറയാന്‍ പറ്റുമോ? എന്നിട്ടും ബി.ജെ.പിക്ക് ദേശീയ പാര്‍ട്ടി പദവി; സി.പി.ഐ ക്ക് അത് നിഷേധിച്ചു.
തിരഞ്ഞെടുപ്പു കമ്മീഷന്റെ മാനദണ്ഡം വോട്ടിങ് ശതമാനം, എം.പി, എം.എല്‍.എ പ്രാതിനിധ്യം തുടങ്ങിയവയാണ്. ഇതൊക്കെ സാങ്കേതികം മാത്രമാണ്. കേരളത്തില്‍ ഭരണത്തിന്റെ പച്ചത്തണലും സി.പി.എമ്മിന്റെ ഊരയും ഉള്ള കാലത്തോളം ദല്‍ഹിയില്‍ ഒരു പാര്‍ട്ടി ഓഫീസും നേതാവിന് വീടും മാത്രം മതി സി.പി.ഐയ്ക്ക്. അതിനാല്‍ ദേശീയ പാര്‍ട്ടി പദവി ഞങ്ങള്‍ക്ക് പുല്ലാണ്. അത് പോയി തുലയട്ടെ. തിരഞ്ഞെടുപ്പു കമ്മീഷന്‍ മൂര്‍ദ്ദാബാദ്!