വിരാട് പുരുഷന്റെ കിരീടമാകുവാന്‍
വിരിഞ്ഞുകൊന്നപ്പൂ വിഭാകരം
തളിര്‍ത്തുപൂത്തിവള്‍, തരുണിയാമിവള്‍
അരുണദീപ്തിയണിഞ്ഞവള്‍.
വരണ്ടവേനലില്‍ കഥ കഴിഞ്ഞെന്നു
വിധിച്ച നാവുകള്‍ നിശബ്ദമായ്
കണിയുരുളിയില്‍ കനകമെന്നപോല്‍
കനവു പൂക്കുന്ന മേടത്തില്‍
സംക്രമത്തിനു സാക്ഷിയാകുവാന്‍
സൗമ്യഗോവിന്ദ സുസ്മിതം.
വെള്ളിനാണയം പോലെ സൂര്യന്റെ
വ്യോമഗൗരവ വിസ്മയം
കണ്ണടച്ചുതുറന്നു നേടിഞാന്‍
വിണ്ണുനല്‍കും വിഷുവരം.
പകലിരവുകള്‍ സമംപകുത്തൊരീ
പ്രപഞ്ചബോധം തിളങ്ങവേ
പാഴ്മുളന്തണ്ടില്‍ പ്രണവസംഗീത
പൂമരന്ദം തുളുമ്പവേ
കണ്ണുമെല്ലെ എഴുതി വിരിയുന്ന
കര്‍ണ്ണികാര വസന്തമേ
നാട്ടുനോവിനു കൂട്ടുവന്നു നീ
പാട്ടുചുംബനം നല്‍കിയോ
ഭീതിയൊക്കെയകറ്റിമാനവ
ഭാവികാലം തുറന്നുവോ.
സൂര്യചന്ദ്രന്‍മാര്‍ നിന്റെയതിജീവ
സാരജാതകം കേട്ടുവോ
കടലിരമ്പുന്ന പാഞ്ചജന്യമേ
കാലമാധവ മന്ത്രമേ
വിഷുവിചാരത്തിന്‍ മഷിയുണങ്ങാത്ത
നിമിഷതീരങ്ങള്‍ പുല്‍കണേ
മിഴിയടച്ചുഗ്ര, മൃതിയിലേയ്ക്കുള്ള
വഴുതിവീഴല്‍ തുടര്‍ച്ചയില്‍
ഇളമുളങ്കുഴല്‍ ശ്രുതിതിരഞ്ഞുപ-
ബോധതന്ത്രി തുടിക്കണേ
ഇഹപരത്തിലെ നിയതനീതിതന്‍
ഇലയനക്കങ്ങള്‍ കേള്‍ക്കണേ
കണ്‍തുറക്കണേ, കണിതരേണമേ
കാവ്യപീയൂഷമൊഴുകണേ
വിഷു-നിഷാദനെ മനുഷ്യനാക്കുന്ന
വിമലബോധ പ്രബോധകം.
വിധുരവിശ്രുത വാങ്മയം – ബോധി
വിടരുമാദ്യന്ത വൈഭവം
വിമലലോക വനങ്ങളില്‍ വീണു
വിലയമാര്‍ന്ന സുഹാസിതം…!