മഹാകവി കുമാരനാശാന്‍ ഒരു യോഗത്തില്‍ പങ്കെടുക്കുവാന്‍ ആലുവയിലേയ്ക്കു യാത്ര പുറപ്പെടുമ്പോള്‍ ഗുരുദേവനെ കണ്ടു കാര്യം പറയുവാന്‍ ശിവഗിരിയില്‍ വന്നു. ഗുരു ധ്യാനത്തിലായിരുന്നു. ഗുരു ഉണര്‍ന്നപ്പോള്‍ ശിഷ്യന്‍ പറഞ്ഞു ”ആശാന്‍ വന്നിരുന്നു. ഏറെ സമയം കാത്തിരുന്നു. ബോട്ടിന്റെ സമയമായതുകൊണ്ട് പോയി എന്നു പറയാന്‍ പറഞ്ഞു.” ഗുരുദേവന്‍ ആകാശത്തിന്റെ അനന്തതയില്‍ നോക്കി ഇങ്ങനെ പറഞ്ഞു” അപ്പോ കുമാരു പോയി അല്ലെ….”
മഹാകവിയുടെ അനിവാര്യമായ വിയോഗം മഹാഗുരു രേഖപ്പെടുത്തുകയായിരുന്നു. 1924 ജനുവരി 16-ാം തീയതി പല്ലനയാറ്റില്‍ സംഭവിച്ച റെഡിമര്‍ ബോട്ടപകടത്തിലാണ് കുമാരനാശാന്‍ മരണപ്പെട്ടത്.
ശ്രീനാരായണ ഗുരുദേവന്റെ കവിത്വവും സര്‍ഗ്ഗാത്മകതയും ഗുരു പകര്‍ന്നു നല്‍കിയ പ്രിയശിഷ്യന്റെ അന്ത്യയാത്ര ഗുരു മുന്‍കൂട്ടി കണ്ടിരുന്നോ. മഹാകാവ്യമെഴുതാതെ മഹാകവിയായ കുമാരനാശാന്‍ എസ് എന്‍ ഡി പി യോഗത്തിന്റെ പ്രഥമ സെക്രട്ടറി കൂടിയായിരുന്നു.
ആ ബോട്ടുയാത്രയില്‍ സഹയാത്രികര്‍ക്കുവേണ്ടി ആശാന്‍ പാതിരാത്രിവരെ കവിത ചൊല്ലുകയുണ്ടായി. ”ഇനി ഞാന്‍ അല്പമൊന്നുറങ്ങട്ടെ…” അതൊരു യാത്രാമൊഴിയായിരുന്നു. ” അല്പമൊന്നുറങ്ങാന്‍” ആശാന്‍ കിടന്നു. മരണത്തിലേക്കായിരുന്നു ആ നിദ്ര. തണുപ്പായതിനാല്‍ ഷര്‍ട്ടും കോട്ടുമിട്ട് കമ്പിളി കൊണ്ട് മൂടിപ്പുതച്ചാണ് കിടന്നത്.
രക്ഷകന്‍ എന്നുപേരുള്ള റെഡിമര്‍ ബോട്ട് പല്ലന തോടിന്റെ വളവിലെത്തിയപ്പോള്‍ ഒന്നുലഞ്ഞു. യാത്രക്കാര്‍ നല്ല ഉറക്കത്തിലായിരുന്നു. ബോട്ട് ചാലില്‍നിന്നും മണല്‍ത്തിട്ടയിലേയ്ക്കു ഇടിച്ചു കയറി. എല്ലാവരും ഞെട്ടിയുണര്‍ന്നു. പിന്നെ കൂട്ടനിലവിളിയായിരുന്നു. ബോട്ട് വെള്ളത്തിലേയ്ക്കു മറിഞ്ഞു. സ്‌നേഹഗായകനായ ആശാന്‍ ദുരവസ്ഥയിലെഴുതിയപോലെ ”അന്തമില്ലാത്ത ആഴത്തിലേയ്ക്കു താഴ്ന്നു താഴ്ന്നുപോയി….” രണ്ടുദിവസം കഴിഞ്ഞാണ് ആശാന്റെ ജഡം കുറ്റിക്കാടുകളില്‍നിന്നും ലഭിച്ചത്.
ആശാന്റെ മൃതശരീരം പല്ലനയില്‍ പുത്തന്‍കരിയില്‍ കുടുംബസ്ഥലത്ത് സംസ്‌കരിച്ചു. ഈ സ്ഥലം ആശാന്റെ ഭാര്യ ഭാനുമതിയമ്മ പിന്നീട് വാങ്ങി. ഇന്ന് ഈ സ്ഥലം കുമാരകോടി എന്ന പേരിലറിയപ്പെടുന്നു. ഇപ്പോഴിവിടെ ആശാന്‍ സ്മാരകവും ആശാന്‍ സ്മാരക അപ്പര്‍ പ്രൈമറി സ്‌കൂളും പ്രവര്‍ത്തിക്കുന്നുണ്ട്. അവിടെ പണിത ആശാന്‍ സ്മാരകം 1975ല്‍ മന്ത്രി ടി.കെ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. ഇപ്പോള്‍ ഈ സ്മാരകം പൊളിച്ചുമാറ്റി സാംസ്‌കാരിക വകുപ്പ് ഒരു മ്യൂസിയം പണിയുന്നുണ്ട്. നളിനി, കരുണ, ചിന്താവിഷ്ടയായ സീത, ലീല, ദുരവസ്ഥ എന്നീ കവിതകളിലെ കാവ്യശില്പങ്ങളും ഒരുക്കുന്നുണ്ട്.
തോന്നയ്ക്കല്‍ മഹാകവിയുടെ സ്മരണ ശാശ്വതീകരിക്കാന്‍ 1958 ല്‍ വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ: ജോസഫ് മുണ്ടശ്ശേരി തറക്കല്ലിടുകയും മുഖ്യമന്ത്രി ആര്‍. ശങ്കര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്ത തോന്നയ്ക്കല്‍ ആശാന്‍ സ്മാരകം ഇന്ന് ദേശീയ സാംസ്‌കാരിക ഇന്‍സ്റ്റിറ്റ്യൂട്ടായി വളര്‍ന്നിട്ടുണ്ട്. അത് കേരളസര്‍വ്വകലാശാലയുടെ ഒരു ഗവേഷണകേന്ദ്രമായി അംഗീകരിച്ചിരിക്കയാണ്. പ്രസിദ്ധ ശില്പി കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച ആശാന്‍ പ്രതിമയുടെയും കാവ്യശില്പത്തിന്റെയും സ്വാതന്ത്ര്യ ശില്പത്തിന്റെയും രൂപഭംഗി ആരെയും ആകര്‍ഷിക്കുന്നതാണ്. വിവാഹത്തിനുശേഷം ആശാന്‍ തോന്നയ്ക്കലാണ് താമസിച്ചത്.
ഏതു മലയാളിയുടെയും മനസ്സില്‍ കുമാരനാശാന്റെ ഒരു കവിതാശകലമെങ്കിലും ഒളിഞ്ഞിരിപ്പുണ്ടാകും, മയില്‍പ്പീലി തുണ്ടുപോലെ സൂക്ഷിച്ചിട്ടുണ്ടാകും. വീണപൂവിലൂടെ, നളിനിയിലൂടെ, സീതയിലൂടെ, സാവിത്രിയിലൂടെ, മാതംഗിയിലൂടെ, വാസവദത്തയിലൂടെ മലയാളി മനസ്സില്‍ ആശാന്‍ സ്ഥിരപ്രതിഷ്ഠ നേടിയിട്ടുണ്ട്.