ഓസ്‌ക്കാര്‍ വേദിയില്‍ ഇക്കുറി ഭാരതത്തിന് ഇരട്ടി മധുരം..! ഓരോ ഭാരതീയന്റെയും അന്തരംഗം അഭിമാനപൂരിതമായ അവിസ്മരണീയ മുഹൂര്‍ത്തം. ബാഹുബലിയിലൂടെ പാന്‍ ഇന്ത്യന്‍ ഡയറക്ടറായി മാറുകയും ബോക്‌സ് ഓഫീസില്‍ ചരിത്രമെഴുതുകയും ചെയ്ത എസ്.എസ്.രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആര്‍ എന്ന സിനിമയിലെ ‘നാട്ടു നാട്ടു’ എന്നു തുടങ്ങുന്ന ഗാനമാണ് ഓസ്‌കാര്‍ വേദിയില്‍ ഇക്കുറി ആദ്യം വെന്നിക്കൊടി പാറിച്ചതെങ്കില്‍, കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത എലിഫന്റ് വിസ്പറേഴ്‌സ്-ഡോക്യുമെന്ററി ഷോര്‍ട്ട് വിഭാഗത്തിലും ഭാരതത്തിന് അപൂര്‍വ്വ നേട്ടം സമ്മാനിച്ചു. മുന്‍പ് സ്ലംഡോഗ് മില്യണയര്‍ എന്ന സിനിമയിലൂടെ മലയാളിയായ റസൂല്‍ പൂക്കുട്ടിയും ഡാനി ബോയല്‍ സംവിധാനം ചെയ്ത ഹോളിവുഡ് സിനിമയിലൂടെ എ.ആര്‍. റഹ്‌മാനും ഓസ്‌കാറില്‍ ഇന്ത്യയുടെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്. എം.എം.കീരവാണിയുടെ സംഗീതത്തില്‍ ചന്ദ്രബോസ് എഴുതിയ ‘നാട്ടു നാട്ടു’ പാട്ട് വിഖ്യാതമായ ഗോള്‍ഡണ്‍ ഗ്ലോബ് പുരസ്‌കാരം ഉള്‍പ്പടെ ഒട്ടേറെ ബഹുമതികള്‍ നേടിക്കഴിഞ്ഞിരുന്നതിന്നാല്‍ ഓസ്‌ക്കാറിലും പ്രതീക്ഷകള്‍ ഏറെയായിരുന്നു.
എന്നാല്‍ കാര്‍ത്തികി ഗോണ്‍സാല്‍വസ് എന്ന മഹാരാഷ്ട്രക്കാരി സംവിധായികയ്ക്ക് എലിഫന്റ് വിസ്പറേഴ്‌സിലൂടെ കൈവരുന്ന അപ്രതീക്ഷിത ഓസ്‌കാര്‍ നേട്ടം ഏതാണ്ട് അഞ്ചു വര്‍ഷത്തോളം നീണ്ട അവരുടെ സമര്‍പ്പണത്തിനും ക്ഷമാപൂര്‍വ്വമുള്ള നിശ്ചയ ദാര്‍ഢ്യത്തിനും ലഭിക്കുന്ന അംഗീകാരമാണെന്നത് എടുത്തു പറയണം.
തമിഴ്‌നാട്ടിലെ ദേശീയ വന്യജീവി ഉദ്യാനങ്ങളില്‍ പെടുന്ന മുതുമല തെപ്പേക്കാട് ആന പരിപാലന കേന്ദ്രത്തിലെ ബൊമ്മന്‍ – ബെല്ലി എന്നീ ദമ്പതികളുടെ ജീവിതവും അനാഥരായ ആനക്കുഞ്ഞുങ്ങള്‍ക്കായി ഉഴിഞ്ഞുവച്ച അവരുടെ ദിനരാത്രങ്ങളുമാണ് കാര്‍ത്തികി തന്റെ ഡോക്യുമെന്ററിക്ക് പ്രമേയമാക്കിയത്. ബൊമ്മി, രഘു എന്ന രണ്ട് ആന കുഞ്ഞുങ്ങള്‍. പാല്‍ മണം മാറാത്ത പ്രായത്തില്‍ പരിക്കുകളോടെ കാട്ടില്‍ നിന്നും കണ്ടെത്തുന്ന ഈ രണ്ട് ആനക്കുഞ്ഞുങ്ങള്‍ക്ക് പിന്നീട് തങ്ങളുടെ ചൂടും കരുതലും പകര്‍ന്ന് അക്ഷരാര്‍ത്ഥത്തില്‍ തന്നെ അവരുടെ അച്ഛനമ്മമാരാകുന്നത് ബൊമ്മനും ബെല്ലിയുമാണ്.
നീണ്ട അഞ്ചു വര്‍ഷക്കാലം മുതുമലയില്‍ വന്നു പോയും ക്യാമ്പുചെയ്തുമാണ് കാര്‍ത്തികി തന്റെ സിനിമ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ആനക്കൂട്ടങ്ങളില്‍ നിന്നും അബദ്ധത്തില്‍ ഒറ്റപ്പെടുകയോ, കൂട്ടത്തിലെ മുതിര്‍ന്ന ആനകള്‍ അപകടത്തില്‍ മരണപ്പെടുകയോ, രോഗങ്ങളുടേയോ പരിക്കുകളുടെയോ പേരില്‍ ഇനി ആ കുഞ്ഞിന്റെ രക്ഷ സംശയമാണെന്ന് തോന്നുന്ന ഘട്ടത്തില്‍ അത്യപൂര്‍വ്വമായിട്ടെങ്കിലും ആനക്കൂട്ടം അറിഞ്ഞുതന്നെ ഉപേക്ഷിക്കുവാന്‍ നിര്‍ബന്ധിതമാകുന്ന വിധത്തിലുമാണ് ആനക്കുട്ടികള്‍ അനാഥരായി മാറുന്ന അവസ്ഥയുണ്ടാവുന്നത്. ഏതാണ്ട് ഇരുപത് വര്‍ഷത്തില്‍ ഏറെയായി ആനകളുമായി ബന്ധപ്പെടുന്ന ഒരു മാധ്യമ പ്രവര്‍ത്തകന്‍ എന്ന നിലയില്‍, തങ്ങള്‍ക്ക് ആനക്കുട്ടിയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയില്ലെന്നും എന്നാല്‍ മനുഷ്യര്‍ വിചാരിച്ചാല്‍ ചിലപ്പോള്‍ അവരെ രക്ഷപ്പെടുത്തുവാന്‍ കഴിഞ്ഞേക്കാം എന്നും തോന്നുന്ന പക്ഷം ആനകള്‍ അറിഞ്ഞുകൊണ്ട് തന്നെ അത്തരം കുട്ടികളെ കൈയ്യൊഴിയുവാനുള്ള സാധ്യതയും ഏറെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. കിണറ്റില്‍ വീഴുന്ന ആനക്കുട്ടികളെ രക്ഷിച്ച് കാടുകയറ്റി വിടുന്ന സന്ദര്‍ഭങ്ങളില്‍ കാട്ടാനക്കൂട്ടം മനുഷ്യര്‍ക്ക് തുമ്പിക്കൈ ഉയര്‍ത്തി നന്ദി പറഞ്ഞ് പോകുന്ന നിരവധി അനുഭവങ്ങള്‍ ഉണ്ട്.
അതുപോലെ തന്നെ ഇതേ മുതുമല കാട്ടില്‍ കാലില്‍ വലിയ കുപ്പിക്കഷ്ണം കുത്തിക്കയറി കാല്‍ മുഴുവന്‍ പഴുത്ത ആനയെ രക്ഷിക്കുവാന്‍ ആന ഡോക്ടറായ കൃഷ്ണമൂര്‍ത്തി കാട്ടില്‍ എത്തിയപ്പോള്‍ മറ്റുള്ള കാട്ടാനകള്‍ എല്ലാം വഴിയൊഴിഞ്ഞ് മാറി നിന്നതും അപകടത്തിലായ ആന കടുത്ത വേദന മുഴുവന്‍ സഹിച്ച് ഡോ.കൃഷ്ണമൂര്‍ത്തി കുപ്പിച്ചീള് എടുത്തു കളഞ്ഞ് മുറിവ് വൃത്തിയാക്കി തീരുന്നതുവരെ സഹകരിച്ച് നിന്നു കൊടുത്തതും എല്ലാം ആനകളുടെ അപാരമായ വിവേചനബുദ്ധി നമുക്ക് കാട്ടിത്തരുന്ന ഉദാഹരണങ്ങളില്‍ ചിലതു മാത്രം.
വനംവകുപ്പിന്റെ കൈയില്‍ എത്തിപ്പെടുന്ന അനാഥരായ ആനക്കുഞ്ഞുങ്ങളുടെ സംരക്ഷണം ഏറ്റെടുക്കുന്ന ആനക്യാമ്പിലെ പാപ്പാന്മാരില്‍ ഒരാളായ ബൊമ്മനും അയാളുടെ ഭാര്യ ബെല്ലിയും സ്വന്തം പ്രാണനെ പോലെ അവരെ സംരക്ഷിച്ച് വളര്‍ത്തുന്നതും ആനക്കുട്ടികള്‍ ഒരു പ്രായമായി കഴിയുമ്പോള്‍ ബൊമ്മന്റെയും ബെല്ലിയുടെയും അമ്മത്തൊട്ടിലുകളില്‍ നിന്ന് അവരെ മാറ്റി ആന പരിശീലന ക്യാമ്പിലെ മറ്റ് ആനകള്‍ക്ക് ഒപ്പം ചേര്‍ക്കുന്ന ഘട്ടത്തില്‍ ആ ദമ്പതികള്‍ ഒരേസമയം അനുഭവിക്കുന്ന നോവും സംതൃപ്തിയും ഒക്കെയാണ് കാര്‍ത്തികി ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കുന്നത്. ഇവരുടെ ജീവിതം പകര്‍ത്താമെന്ന് തീരുമാനിക്കുന്ന ഘട്ടത്തില്‍ ഈയൊരു ഷോര്‍ട്ട് ഡോക്യുമെന്ററിക്ക് ഓസ്‌ക്കാര്‍ അവാര്‍ഡ് പോയിട്ട് ഒരു നാഷണല്‍ അവാര്‍ഡ് ലഭിക്കുമെന്ന് പോലും അവര്‍ പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.
പക്ഷേ കാര്‍ത്തികിയുടെ ആത്മാര്‍ത്ഥതയ്ക്കും അര്‍പ്പണ മനോഭാവത്തിനും അര്‍ഹമായ ഫലം ഒടുവില്‍ അവരെ തേടിയെത്തുമ്പോള്‍ അത് ഭാരതത്തിന്ന് ആകമാനം അഭിമാനമാകുന്നു എന്ന് നിസ്സംശയം പറയാം. ഈ ഡോക്യുമെന്ററിയുടെ നിര്‍മ്മാതാവായ ഗുനീത് മോംഗയെന്ന ചെറുപ്പക്കാരിക്കും ഇത് അഭിമാന നിമിഷമാണ്. ഒരര്‍ത്ഥത്തില്‍ ഗുനീത് മോംഗിയയുടെ ഓസ്‌കാര്‍ വേദിയിലേക്ക് എത്തിച്ചേരുന്നതിന്നുള്ള അനുഭവ പരിജ്ഞാനവും ദി എലിഫന്റ് വിസ്പറേഴ്‌സിന്റെ നേട്ടത്തില്‍ നിര്‍ണ്ണായകമായിട്ടുണ്ടാവും. ഗുനീത് നിര്‍മ്മിച്ച ‘പീരിയഡ്…എന്‍ഡ് ഓഫ് സെന്റന്‍സ്സ്, എന്ന ഷോര്‍ട്ട് ഡോക്യുമെന്ററി ഇതിനു മുമ്പും ഇന്ത്യയില്‍ നിന്ന് ഓസ്‌ക്കാര്‍ നേടിയിട്ടുണ്ട് എന്നത് പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു.
ഏതായാലും ഓസ്‌ക്കാര്‍ നേട്ടം കൈവരിച്ചതിന് പിന്നാലെ തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ബൊമ്മനേയും ബെല്ലിയേയും ചെന്നൈയിലേക്ക് വിളിച്ചുവരുത്തി ആദരിച്ചു. ഓരോ ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു. അതിനൊപ്പം മുതുമലയിലെ മുഴുവന്‍ ആനത്തൊഴിലാളികള്‍ക്കും പാരിതോഷികം നല്‍കുകയും അവരുടെ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി തുക മാറ്റിവയ്ക്കുന്നതായും പ്രഖ്യാപിച്ചു. വളരെ നല്ല കാര്യം. പക്ഷേ അതിനെല്ലാം ഒരു ഓസ്‌ക്കാറിന്റെ വെള്ളിവെളിച്ചം മുതുമലയിലേക്കും അധികൃതരുടെ കണ്ണുകളിലേക്കും വന്നു പതിക്കേണ്ടി വന്നുവെന്നത് ഇതിന്റെ മറുപുറം. ജയലളിത മുഖ്യമന്ത്രിയായിരുന്നപ്പോള്‍ തമിഴ്‌നാട്ടിലെ മുഴുവന്‍ ആനകള്‍ക്കും വേണ്ടി മുതുമലയില്‍ എല്ലാ വര്‍ഷവും നടത്തപ്പെടാറുണ്ടായിരുന്ന സുഖചികിത്സാ ക്യാമ്പ്, അധികാരത്തില്‍ തിരിച്ചെത്തിയ ഉടനെ നിര്‍ത്തിക്കളഞ്ഞ ചരിത്രമാണ് സ്റ്റാലിന്റെ പിതാവായ കരുണാനിധിക്ക് ഉള്ളത്. പക്ഷേ കേരളത്തിലെ ആന ക്യാമ്പുകളേക്കാള്‍ എന്തുകൊണ്ടും ഏറെ മികച്ചു നില്‍ക്കുന്നവയാണ് തമിഴ്‌നാട്ടിലെ ക്യാമ്പുകള്‍. കഴിഞ്ഞ ഇരുപത് വര്‍ഷത്തില്‍ ഏറെയായി തെപ്പേക്കാട് മുതുമല ആന ക്യാമ്പുമായി അടുത്തറിയുവാന്‍ അവസരം സിദ്ധിച്ചിട്ടുള്ള ഒരാള്‍ എന്ന നിലയില്‍ മുതുമല ക്യാമ്പിന്റെ നന്‍മകള്‍ ഇതിലും ഏറെയാണ്.
കേട്ടത് മധുരം കേള്‍ക്കാനിരിക്കുന്നത് അതിമധുരം എന്ന് പറയുന്നത് പോലെ എണ്ണമറ്റ അത്ഭുതങ്ങള്‍ മുതുമലയില്‍ ഇനിയുമുണ്ട്. കാട്ടില്‍ നിന്ന് ബൊമ്മന്‍ എന്ന അനാഥ ആനക്കുട്ടിയെ ക്യാമ്പിലേക്ക് കൂട്ടിക്കൊണ്ടുവരികയും സ്വന്തം കുഞ്ഞിനെയെന്ന പോലെ അവനെ വളര്‍ത്തി വലുതാക്കുകയും ചെയ്ത രതി എന്ന ആനയമ്മ ഒരത്ഭുതമാണ്. ബൊമ്മനെ മാത്രമല്ല ക്യാമ്പിലെ മറ്റ് പെണ്ണാനകള്‍ എല്ലാം പ്രസവിക്കുന്ന കുട്ടികളെ വളര്‍ത്തി വലുതാക്കുന്ന ചുമതലയും രതിയമ്മക്ക് തന്നെ..! വിജയ് -സുജയ് എന്ന ഇരട്ടകളും ഈ ക്യാമ്പിലുണ്ട്. അതിനെല്ലാം അപ്പുറം സാക്ഷാല്‍ മുതുമല മൂര്‍ത്തിയുടെ ജീവിതവും ഏതൊരു സിനിമാക്കഥയ്ക്കും മേലെയാണ്. കാട്ടാനയായിരുന്നപ്പോള്‍ മനുഷ്യരുമായി നിരന്തരം ഏറ്റുമുട്ടി ഇരുപതില്‍ അധികം മനുഷ്യരെ കൊലപ്പെടുത്തിയിട്ടുള്ള ഈ മോഴയാനയെ ഡോ. കൃഷ്ണമൂര്‍ത്തിയുടെ നേത്വത്തിലുള്ള സംഘം മയക്കുവെടി വച്ച് പിടിച്ച് മുതുമലമൂര്‍ത്തി എന്ന പേരും നല്‍കിയപ്പോള്‍ അത് ഒരു അത്ഭുതകരമായ പരിവര്‍ത്തനത്തിന്റെ കഥയായി മാറി. ഇന്നിപ്പോള്‍ ക്ലാസിലെ ഏറ്റവും വലിയ സമാധാനപ്രിയരില്‍ ഒരുവനാണ് മൂര്‍ത്തി.
ഇന്ത്യയില്‍ ആനകള്‍ ക്രൂരമായി പീഡിപ്പിക്കപ്പെടുകയാണ് എന്നു പ്രചരിപ്പിച്ച് വിദേശ ഫണ്ട് തട്ടുന്ന ഒരു വിഭാഗത്തിന്റെ മുഖമടച്ച് കിട്ടിയ ഒരടി കൂടിയാണ് എലിഫന്റ് വിസ്പറേഴ്‌സിന്റെ സുവര്‍ണ്ണ നേട്ടം എന്നുകൂടി പറയാതെ വയ്യ. ഭാരതത്തിലെ ദാരിദ്ര്യവും കറുത്ത പുള്ളികളും മാത്രം എടുത്തുകാട്ടി ലോകത്തിന് മുന്നില്‍ കാലാകാലങ്ങളായി മത്സരിച്ചവര്‍ക്ക് കിട്ടിയ തിരിച്ചടി തന്നെയാണ് നാട്ടു നാട്ടിന്റെയും ഈ ഗജമന്ത്രണങ്ങളുടേയും ഓസ്‌ക്കാര്‍ നേട്ടം. ആര്‍ആര്‍ആര്‍ ഹിന്ദുത്വ അജണ്ടയാണ് മുന്നോട്ട് വയ്ക്കുന്നത് എന്ന അലമുറകളുമായി കരഞ്ഞു നടക്കുന്നവര്‍ ഇനിയും അത് തുടരട്ടെ. മറ്റു രംഗങ്ങളില്‍ എന്ന പോലെ ചലച്ചിത്ര മേഖലയിലും ഭാരതത്തിന് ഇത് സുവര്‍ണ്ണനാളുകളടെ ശുക്രദശ തന്നെയാണ്.
(ദേശാടനം ഉള്‍പ്പടെ നിരവധി സിനിമകളുടെ കഥ-തിരക്കഥാകൃത്തായ ശ്രീകുമാര്‍ അരൂക്കുറ്റി ആന പ്രോഗ്രാമുകളുടെ രചയിതാവ്, സംവിധായകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. ഇപ്പോള്‍ Sree 4 elephants എന്ന ചാനലിന്റെ സാരഥിയാണ്).