1
നിലാവുടുത്ത ജലകന്യകള്‍
ജാലകപ്പടിയില്‍ കണ്ട തിരിനാളത്തെ
ഊതിക്കെടുത്തിയ കാറ്റ്,
ഒരു മിന്നാമിനുങ്ങിന്റെ
അണയാത്ത വെട്ടം…
2
ജനനിബിഢമായ നഗരങ്ങളിലെല്ലാം
ആളൊഴിഞ്ഞ ഇടനാഴികള്‍.
മരിച്ച ഉടലുകളില്‍
ജീവന്‍ പിടയുന്ന കണ്ണുകള്‍
തിരയുന്നതെന്നെയും നിന്നെയും..
3
നിശബ്ദത വലയം ചെയ്യുന്ന നേരങ്ങളില്‍
ഞാന്‍ ആകാശത്തേയ്ക്ക് നോക്കി,
ആയിരം പക്ഷികള്‍ മരതകക്കാടുകള്‍
തേടി പറക്കുന്നു.
പക്ഷെ
എതിര്‍ദിശയിലേക്ക് പറക്കുന്ന ഒരു പക്ഷി…
4
ഓരോ നിമിഷവും വേഗത്തില്‍
കടന്നുപോകുന്ന
അപരിചിതരായ മനുഷ്യര്‍.
ആരും ആരുടേയുമാകാത്ത കാലത്തിലൂടെ
മാത്രം ചലിക്കുന്ന സമയസൂചികള്‍.
രാവിനും പകലിനുമിടയിലെ
ഇരുട്ടത്ത് വീണുപോയ ഉറക്കത്തെ
തിരയുന്നൂ നാം….
Comments