മാര്‍ച്ച് 22: വര്‍ഷപ്രതിപദ
ഇതരജീവികളില്‍ നിന്ന് മാനവന്‍ വ്യത്യസ്തനാകുന്നത്, സ്ഥല, കാല, കുല ബോധം അവനെ നയിക്കുന്നതു കൊണ്ടാണ്. സ്ഥലബോധം എന്നുപറയുമ്പോള്‍, പിറന്നനാടിനെക്കുറിച്ചും അതിന്റെ ചരിത്രവും ദൗത്യവും മഹത്വവും സംബന്ധിച്ചും ഉത്തമബോധ്യം എല്ലായിപ്പോഴും തുടിച്ചു നില്‍ക്കുന്ന മനോഭാവമുള്ളവരായിരിക്കണം നാം എന്നാണ് പ്രതീക്ഷ. അവനവന്‍ പിറന്ന പാരമ്പര്യവും പൈതൃകവും തിരിച്ചറിഞ്ഞ് അതില്‍ അഭിമാനം കൊള്ളുകയും ആ സംസ്‌കൃതിക്ക് ശക്തി പകര്‍ന്ന് വരും തലമുറക്ക് കൈമാറുകയും ചെയ്യുന്നതാണ് കുലധര്‍മ്മം എന്നതുക്കൊണ്ട് അര്‍ത്ഥമാക്കുന്നത്. ഈ രണ്ടു ദൗത്യവും കൃത്യമായി നിര്‍വ്വഹിക്കാന്‍ കാലബോധം അനിവാര്യമാണ്. ഭാരതത്തിന്റെയും ഹൈന്ദവസമാജത്തിന്റെയും ഭൂത, ഭാവി, വര്‍ത്തമാന കാലങ്ങളെക്കുറിച്ച്, നാം ശരിയായ പഠനം നടത്തേണ്ടതുണ്ട് എന്ന് സാരം.
ത്രുടി മുതല്‍ മഹാകല്‍പ്പം വരെയുള്ള കാലഗണനാ സമ്പ്രദായം പ്രഥമവും പ്രാചീനവും ശാസ്ത്രീയവുമാണ്. എല്ലാ രംഗത്തുമെന്നപോലെ, കാലഗണനാ രംഗത്തും പഠന ഗവേഷണങ്ങള്‍ കാലോചിതമായി നടക്കാത്തതു കൊണ്ട് നമ്മുടെ പഞ്ചാംഗം അവഗണിക്കപ്പെട്ടു. അപൂര്‍ണ്ണവും അശാസ്ത്രീയവും കുട്ടിച്ചേര്‍ക്കലിന് വിധേയമായതുംവൈദേശികവുമായ പൊതു കലണ്ടര്‍ അംഗീകരിക്കപ്പെടുകയും ചെയ്തു. ഗോളങ്ങളുടെ ഗ്രഹ പ്രദക്ഷിണവും സ്വയം പ്രദക്ഷിണവും സൂക്ഷ്മമായി വിലയിരുത്തി തയ്യാറാക്കിയ ജ്യോതി ശാസ്ത്രവും കാലഗണനാ ശാസ്ത്രവും ആധുനിക ശാസ്ത്ര മാനദണ്ഡത്തില്‍ അവതരിപ്പിക്കേണ്ടതുണ്ട്. അതുവഴി ഭാരതത്തിന്റെ സ്വത്വമുള്ള സമയ ശാസ്ത്രം അവതരിപ്പിക്കാന്‍ നമുക്ക് കഴിയണം.
ഭഗവാന്‍ കൃഷ്ണന്റെ സ്വര്‍ഗ്ഗാരോഹണം മുതല്‍ ആരംഭിച്ച കൃഷ്ണവര്‍ഷം ഇന്ന് 5124, വര്‍ഷം പിന്നിട്ട് 5125-ാമത്തെ വര്‍ഷത്തിലേക്ക് കടക്കുകയാണ്. ഭാരതത്തിന്റെ ഏറ്റവും നവീനമായ കലണ്ടറാണിത്. ഇതിന് പകരം 2023ന്റെ കലണ്ടര്‍ നാം ഉപയോഗിക്കുമ്പോള്‍ ഏതാണ്ട് 3100 വര്‍ഷത്തെ ചരിത്രം നമുക്ക് നഷ്ടമാകുകയാണ്. തത്ഫലമായി ശ്രീരാമനും രാമായണവും ശ്രീകൃഷ്ണനും മഹാഭാരതവും ഭാഗവതവും ഭഗവദ്ഗീതയും മിഥ്യാ സങ്കല്‍പ്പങ്ങളാകും. വളര്‍ന്നു വരുന്ന തലമുറക്കുള്ളില്‍ സ്വന്തം നാടിനെക്കുറിച്ച് അവജ്ഞയുണ്ടാകും. ക്രിസ്തു വര്‍ഷവും മുഹമ്മദീയ വര്‍ഷവും ആ സംസ്‌ക്കാരത്തിന്റെ ചരിത്രം വെളിവാക്കുമ്പോള്‍ കൃഷ്ണ വര്‍ഷം ആര്‍ഷ സംസ്‌ക്കാരത്തിന്റെ ചരിത്രം വെളിവാക്കുന്നു എന്ന പ്രാഥമിക പാഠം നാം മനസ്സിലാക്കണം.
പ്രധാനമന്ത്രിയുടെ 2022 ലെ സ്വാതന്ത്ര്യദിനസന്ദേശത്തില്‍ അമൃതകാലത്തെ അഞ്ച് പ്രവര്‍ത്തന പദ്ധതികള്‍ പരാമര്‍ശിച്ചിരുന്നു. അതില്‍ ഏറ്റവും പ്രഥമവും പ്രധാനവുമായ ബിന്ദു, അടിമത്ത മനോഭാവത്തില്‍ നിന്നുള്ള മോചനം എന്നതായിരുന്നു. ഭാരതീയ കാലഗണനയനുസരിച്ച് പുതുവര്‍ഷാരംഭം വര്‍ഷപ്രതിപദയാണല്ലോ. എന്നാല്‍ ഇന്ന് വളരെ വ്യാപകമായി പുതുവര്‍ഷം ആഘോഷിക്കപ്പെടുന്നത് ഡിസംബര്‍ 31ന് അര്‍ദ്ധരാത്രിയാണ്. ഇത്തരം അഭാരതീയ ആഘോഷങ്ങള്‍ വര്‍ഷാരംഭത്തില്‍ മാത്രമല്ല മറ്റു പല ആഘോഷങ്ങളിലും കടന്നുകയറിയിട്ടുണ്ട്. പിറന്നാള്‍, വിവാഹം, വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങി സമസ്ത സാംസ്‌ക്കാരിക രംഗങ്ങളിലും ഇത് ദൃശ്യമാണ്. ഈ ആഘോഷങ്ങള്‍ തീര്‍ത്തും അനാരോഗ്യകരവും ആഭാസകരവുമാണ്. ഇന്നും ഉത്തരഭാരതത്തിലെ ഗ്രാമങ്ങളില്‍ പരമ്പരാഗത ആത്മീയ ശൈലിയില്‍ പുതുവര്‍ഷം ആഘോഷിക്കുന്നുണ്ട്. പൂജയും ദീപാലങ്കാരവും കൊടി തോരണവും വാദ്യ പടഹാദികളും മധുര പലഹാരങ്ങളും ഇതിന്റെ ഭാഗമാണ്. ഇത്തരം ദേശീയ ഉദ്ഗ്രഥന രീതിയിലേക്ക് നാം തിരിച്ചുനടക്കുമ്പോഴാണ് നാം അടിമത്ത മനോഭാവത്തില്‍നിന്ന് മോചിതരായിഎന്ന് പറയാന്‍ കഴിയുക.
ഭാരതത്തിന്റെ അടിമത്തകാരണവും ഈ വിദേശ കലണ്ടറും തമ്മില്‍ മന:ശാസ്ത്രപരമായ ബന്ധമുണ്ട്. ചരിത്ര ബോധത്തില്‍നിന്ന് ആത്മവിശ്വാസവും അതുവഴി ദൗത്യബോധവും സൃഷ്ടിക്കപ്പെടുമ്പോഴാണ് സ്വത്വബോധമുള്ള സമാജം ഉയിര്‍ത്തെഴുന്നേല്‍ക്കുകയെന്ന് സ്വാമി വിവേകാനന്ദന്‍ പറയുന്നു. അത്തരം ഒരു സമാജത്തിന് മാത്രമേ രാഷ്ട്രത്തെ വീണ്ടെടുത്ത് ഉയര്‍ത്താനും നിലനിര്‍ത്താനും കഴിയൂ. ഇന്ന് നിലവിലുള്ള യുറോ കേന്ദ്രീകൃത ചരിത്ര സമീപനത്തിന്റെ സ്ഥാനത്ത് ഒരു ഭാരത കേന്ദ്രീകൃത സമീപനം അടിയന്തിരമായി വികസിപ്പിച്ചെടുക്കേണ്ടതുണ്ടെന്നാണ് പ്രസിദ്ധ ചരിത്രകാരന്‍ എം.ജി.എസ് നാരായണന്‍ പറയുന്നത് എന്നാല്‍ മാത്രമേ ആധുനിക ലോകത്തിന്റെ വെല്ലുവിളികളെ നേരിടുന്നതില്‍ ഭാരതത്തിന്റെ ഭൂതകാലത്തെ നമുക്ക് ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ സാധിക്കൂ.
ഈ ചരിത്രസത്യം ആരെക്കാളും കൂടുതല്‍ തിരിച്ചറിഞ്ഞ മഹാത്മാവാണ് അഭിനവഭാരത രാഷ്ട്രത്തിന്റെ സര്‍ഗ്ഗ നായകന്‍ പരമപൂജനീയ ഡോക്ടര്‍ജി. ആ യുഗപുരുഷന്റെ അവതാരം സംഭവിച്ചതും വര്‍ഷപ്രതിപദ നാളിലായിരുന്നു. ബി.സി.327 ല്‍ അലക്‌സാണ്ടറുടെ ആക്രമണം മുതല്‍ 1947 ല്‍ മൗണ്ട്ബാറ്റന്റെ പിന്മാറ്റം വരെ 2274 വര്‍ഷത്തെ സ്വാതന്ത്ര്യസമര ചരിത്രമാണ് നമ്മുടേത്. ഇതില്‍ സന്യാസിശ്രേഷ്ഠന്മാരുടെ മുന്നേറ്റമുണ്ട്, നാട്ടുരാജാക്കന്മാരുടെ പോരാട്ടമുണ്ട്. ഗോത്ര നേതാക്കളുടെ പരാക്രമവും നാരീ രത്‌നങ്ങളുടെ ദുര്‍ഗ്ഗാ ഭാവവും ദര്‍ശിക്കാം. ലോകമാന്യ ബാലഗംഗാധര തിലകന്റെ സാംസ്‌ക്കാരിക ദേശീയതയും മഹാത്മാ ഗാന്ധിയുടെ സത്യഗ്രഹസമരവും നേതാജിയുടെയും വീരസവര്‍ക്കറുടെയും സായുധ പോരാട്ടവുമെല്ലാം തത്തുല്യമായ പങ്കുവഹിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചരിത്രം വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതില്‍ സ്വാതന്ത്ര്യാനന്തര ഭാരതം കുറ്റകരമായ വിഴ്ച ബോധപൂര്‍വ്വം പ്രകടിപ്പിച്ചു.
ഈ പശ്ചാത്തലത്തിലാണ്, സംഘവും സംഘസ്ഥാപകനും ചര്‍ച്ച ചെയ്യപ്പെടുന്നത്. സ്വത്വ കേന്ദ്രീകൃത ഭാരത സൃഷ്ടിക്കുവേണ്ടി സ്വയം സമര്‍പ്പണം എന്ന കഠിനമാര്‍ഗ്ഗമാണ് രാഷ്ട്രീയ സ്വയംസേവക സംഘം സ്വീകരിച്ചത്. ഭാരതത്തിന്റെ ആത്മാവിനെ ശക്തിപ്പെടുത്താനുള്ള 98 വര്‍ഷത്തെ തപസ്സായിരുന്നു അത്. ഇതിന്റെ ഫലമായാണ് ഇന്ന് സ്ഥലനാമങ്ങള്‍ മുതല്‍ ദേശീയ സ്മാരകങ്ങള്‍ വരെയും ആത്മീയ കേന്ദ്രങ്ങള്‍ തൊട്ട് ജനാധിപത്യ മന്ദിരം വരെയും, ചരിത്രം തുടങ്ങി ശാസ്ത്രം വരെയും സൈനികം സാമ്പത്തികം കാര്‍ഷികം ആരോഗ്യം തുടങ്ങി സമസ്ത സൂക്ഷ്മ മേഖലകളിലും സ്വത്വം വീണ്ടെടുക്കാനുള്ള നിശ്ശബ്ദ പരിശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.
അടുത്ത കാല്‍നൂറ്റാണ്ട്, സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വരെ ഓരോ പൗരനും രാഷ്ട്രകാര്യത്തില്‍ നിര്‍ണ്ണായക പങ്കാണ് നിര്‍വ്വഹിക്കാനുളളത്. ശാഖാ പ്രവര്‍ത്തനത്തിലൂടെ സംഹതാകാര്യ ശക്തിയും ജാഗരണ പ്രവര്‍ത്തനം വഴി ദേശീയ ഉദ്ഗ്രഥനവും സേവന മേഖലയില്‍ യോഗക്ഷേമവും ഉറപ്പു വരുത്തണം. വിവിധ ക്ഷേത്രപ്രവര്‍ത്തനം ലക്ഷ്യമിടുന്നത് വ്യവസ്ഥാ പരിവര്‍ത്തനമാണ്. സമ്പൂര്‍ണ്ണ സമാജത്തെയും ഗതിവിധി പ്രവര്‍ത്തനത്തിലൂടെ ഉള്‍ക്കൊള്ളാനും നമുക്ക് കഴിയണം.
ആത്മശക്തി വീണ്ടെടുത്ത ഭാരതം സ്വാഭാവികമായും അഖണ്ഡഭാരതമായും ഐക്യഭാരതമായും മാറുന്നതോടൊപ്പം സമൃദ്ധഭാരതവും സമഗ്രവികസിത വിരാട് രാഷ്ട്രവുമായിത്തീരുകയും ചെയ്യും. ഈ മുന്നേറ്റത്തിനുള്ള ആഖ്യാനങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രത്യാഖ്യാനങ്ങളെ സംഹരിക്കുന്നതിനും വലിയ പങ്കുവഹിക്കാനുള്ളത് കേരളത്തിനാണ്. കാരണം എല്ലാ ദുരാഖ്യാനങ്ങളുടെയും പ്രഭവകേന്ദ്രം കേരളമാണ്. ഇടത് ജിഹാദി ആവാസവ്യവസ്ഥയില്‍ നിന്ന് കൈരളിയെ മോചിപ്പിക്കേണ്ടത് മലയാളികളുടെ പ്രത്യേക ദൗത്യമാണ്. ഇടതാനന്തര കേരളത്തെക്കുറിച്ച് വളരെ ഗൗരവത്തില്‍ ചിന്തിക്കേണ്ട കാലം സമാഗതമായിരിക്കുന്നു.
ആഗോളതലത്തില്‍ നിരീക്ഷിച്ചാല്‍, കമ്യൂണിസം തകര്‍ന്നിടത്തെല്ലാം ജിഹാദി മതമാണ് ശക്തിപ്പെട്ടതെന്ന് മനസ്സിലാക്കാം. കേരളവും ഈ മാര്‍ഗ്ഗത്തിലാണ് സഞ്ചരിക്കുന്നത്. ഈ ദുരവസ്ഥയില്‍ നിന്നും കേരളത്തെ രക്ഷിക്കാന്‍ നമുക്ക് കഴിയണം. മലയാളസ്വത്വം വീണ്ടെടുക്കുക എന്ന പരമേശ്വര്‍ജിയുടെ സ്വപ്‌നത്തെ യാഥാര്‍ത്ഥ്യമാക്കുക എന്നത് മാത്രമേ മാര്‍ഗ്ഗമുള്ളൂ. ആത്മാവ് നഷ്ടപ്പെട്ട ഇടതുപ്രസ്ഥാനങ്ങളെ സംസ്‌ക്കരിക്കാനും കാലഹരണപ്പെട്ട ജിഹാദി പ്രസ്ഥാനങ്ങളില്‍ നിന്ന് കേരളത്തെ രക്ഷിക്കാനും നാം പ്രേരകശക്തിയാകണം. ഈ യുഗദൗത്യ ത്തിനായി വര്‍ഷപ്രതിപദ, പുതുയുഗപ്പിറവി ദിനത്തില്‍, ആദര്‍ശമൂര്‍ത്തിയായ സംഘ സ്ഥാപകനെ മനസ്സില്‍ പ്രതിഷ്ഠിച്ചു കൊണ്ട് നമ്മുടെ പ്രതിജ്ഞപുന:സ്മരിക്കാം.
(ആര്‍.എസ്.എസ്. പ്രാന്ത സഹ പ്രചാര്‍പ്രമുഖാണ് ലേഖകന്‍)
Comments