കാഞ്ചന്‍ജംഗയിലെ സൂര്യോദയം
എം.ശ്രീഹര്‍ഷന്‍
കൈരളി ബുക്‌സ്, കണ്ണൂര്‍
പേജ്: 96 വില: 180 രൂപ
ഫോണ്‍: 0497-2761200
ജീവിതസഞ്ചാരത്തില്‍ യാത്രികനും യാത്രയും യാത്രാസ്ഥലവും ആത്മസ്ഥലിയില്‍ അദ്വൈതമാകുമ്പോഴാണ് ആ യാനം മഹായാനമാകുന്നത്; സഞ്ചാരം സഞ്ചാര സമാധിയാകുന്നത്. എവിടേക്ക് യാത്ര തിരിച്ചാലും എന്തനുഭവാനുഭൂതികള്‍ സ്വാംശീകരിച്ചാലും മനുഷ്യനെന്നും അവനവന്റെ സ്വത്വത്തിലൂടെ മാത്രം സഞ്ചരിച്ച് സംതൃപ്തനാകുന്നു. ‘എന്നിലൂടെ നടക്കാനേ എന്റെ കാലിനറിഞ്ഞീടൂ’ എന്നോതുന്ന കുഞ്ഞുണ്ണിമാഷ് യാത്ര തീര്‍ത്ഥയാത്ര തന്നെയെന്ന് അടയാളപ്പെടുത്തുന്നു. ഹൈമവതഭൂവിന്റെ ഉണ്മയും ഊര്‍ജ്ജവും ആത്മാന്വേഷകന്റെ ഒടുങ്ങാത്ത വിഭൂതി സാഫല്യമാണ്. പ്രകൃതിയുടെ തനതു പ്രത്യയങ്ങളുടെ നിര്‍ദ്ധാരണസ്ഥലിയാണത്. ബോധാബോധത്തില്‍ ഉദിച്ചുനില്‍ക്കുന്ന പൂര്‍ണ്ണതയാണ് പ്രകൃതി. പ്രകൃതിയെ അറിയുക ആരായുക കണ്ടെത്തുക എന്ന ‘ഭ്രമാത്മകസ്വപ്‌ന’മാണ് ആര്‍ഷ സംസ്‌കൃതിയുടെ ശീര്‍ഷപ്പെരുമയായും ആനന്ദ വര്‍ഷമായും യാത്രികനില്‍ ആവേശിക്കുക. വാഗര്‍ത്ഥങ്ങള്‍ പാര്‍വ്വതീ പരമേശ്വരന്മാരെയെന്നോണം അനുഭവ പ്രത്യക്ഷങ്ങളും ആനന്ദപ്രത്യയങ്ങളും വിലയിച്ച് യാത്രായജ്ഞം പൂര്‍ണ്ണമായും സാക്ഷാത്ക്കരിച്ച ‘സഞ്ചാരീഭാവ’ത്തിന് മാത്രമേ ‘കാഞ്ചന്‍ ജംഗയിലെ സൂര്യോദയം’ അക്ഷര നക്ഷത്രമായി കൊളുത്താനാവൂ.
യാത്രികന്റെ കണ്ണും കരളും കാതും ഋജുരേഖയില്‍ സ്വാംശീകരിക്കുമ്പോഴാണ് യാത്ര യാത്രാസംസ്‌കൃതിയായി രൂപപ്പെടുക. ശ്രീഹര്‍ഷന്‍ ഈ സംസ്‌കൃതി വൈഭവത്തിന്റെ ഭാവരാഗതാളങ്ങളാണ് ആത്മനിഷ്ഠമായി നേദിക്കുന്നത്. സമര്‍പ്പിത ചേതസ്സായ എഴുത്തുകാരന്റെ മനുഷ്യസങ്കല്‍പ്പവും ലാവണ്യബോധവും തരളിതമായ കാല്‍പ്പനിക വൈകാരികതകളും പര്‍വ്വത നന്ദിനിയെയും പര്‍വ്വതനഗരികളെയും ഗ്രാമചൈതന്യത്തെയും ചരിത്രഭൂമികകളെയും നര നന്മയുടെ വിണ്‍വെളിച്ചത്തില്‍ ആത്മഹര്‍ഷത്തോടെ രേഖപ്പെടുത്തുകയാണ്. കാഴ്ചകള്‍ക്ക് ഇന്ദ്രിയാതീതമായ വിഭൂതിചിത്രമെഴുതുകയാണ് ശ്രീഹര്‍ഷന്റെ കല. ഭൂപ്രകൃതിയും കാലാവസ്ഥയും ചരിത്രവും സംസ്‌കൃതി സാമഗ്രികളും വിവരണാത്മകമായി അക്ഷരക്കൂട്ടില്‍ ആവിഷ്‌ക്കരിക്കുകയല്ല, അത്യുത്തര ഭാരത പൈതൃക ദേശത്തിന്റെ അതിര്‍ത്തി പശ്ചാത്തലമായുള്ള വിനോദസഞ്ചാര മേഖലയെ പ്രകൃതിയും മനുഷ്യപ്രകൃതിയും മേളിച്ച ഉപദേശീയതയായി വരച്ചെടുക്കുകയാണ് ഗ്രന്ഥകാരന്‍. സ്‌നേഹ മാനവതയുടെ നിറങ്ങളും നിറവുകളുമാണ് ഈ രചനയുടെ പൊലിമ. പരിചയപ്പെടുന്ന മനുഷ്യന്റെ ആന്തരികതയിലേക്കും ധര്‍മ്മസങ്കടസത്യത്തിലേക്കും നോട്ടം പതിയുമ്പോള്‍ സമൂഹചിത്രത്തിന്റെ നേര്‍സാക്ഷ്യമായി ഈ വാഗ്രൂപം പുനഃസൃഷ്ടി നേടുന്നു.
കുഞ്ഞുപൂവുകള്‍ ചേര്‍ന്ന് പൂങ്കുല സൃഷ്ടിക്കുമ്പോലെ പത്തദ്ധ്യായത്തില്‍ പൂര്‍ണ്ണമാകുകയാണ് ഈ യാത്രാകൗതുകം. ഡാര്‍ജിലിങ്ങിലെ മഹാകാല്‍ക്ഷേത്രവും ചത്വരമദ്ധ്യത്തില്‍ തിളങ്ങുന്ന രാമായണകാരന്‍ ഭാനുഭക്താചാര്യയുടെ സുവര്‍ണ്ണ പൂര്‍ണ്ണകായ പ്രതിമയും അതിന്റെ ആത്മീയ ദൗത്യവും ചരിത്രധര്‍മ്മവും ഹൃദ്യമായി ഇതള്‍ വിരിയുന്നു. അവിടെയരങ്ങേറിയ ജാത്രാ നാടകത്തിന്റെ ലഹരിയില്‍ വിവിധവേഷങ്ങളില്‍ പുരാണ കഥാപാത്രങ്ങളും, വിവിധ രാഗഗീത വൈവിദ്ധ്യങ്ങളും അലിഞ്ഞു ചേരുകയാണ്. കാഞ്ചന്‍ ജംഗയുടെ മഹാഗിരിശൃംഗങ്ങളിലെ അത്യപൂര്‍വ്വവും ഉദാര രമണീയവുമായ സൂര്യോദയ ദര്‍ശനം വിചാരമാധുരിയും വികാരസാന്ദ്രവുമായ കാവ്യഭാഷയിലാണ് യാത്രികന്‍ സ്വന്തമാക്കുന്നത്. മൂന്നാം വയസ്സില്‍ ആദ്യമായി കണ്ട ഒരു സൂര്യോദയത്തിന്റെ ഏഴഴകാണ് തന്നെ കവിയും കലാകാരനുമാക്കിയതെന്ന് ടാഗോര്‍ പറയുന്നു. വര്‍ണ്ണക്കടല്‍ ഒഴുകിയൊഴുകി തന്റെ ഹൃദയസരസ്സിലേക്ക് ലയിച്ചുചേര്‍ന്ന് എല്ലാം ഒന്നാകുന്ന ആത്മവിസ്മൃതിയുടെ ആ ദിവ്യ വിഭൂതി തന്നെ കാഞ്ചന്‍ജംഗയിലെ ബാലാര്‍ക്കബിംബം ശ്രീഹര്‍ഷനുമേകുന്നു.
ഡാര്‍ജിലിങ് ഹിമാലയന്‍ തീവണ്ടിപ്പാതയും ന്യൂജല്‍ പായ്ഗുരിയിലെ വിസ്മയനീയമായ ദൃശ്യങ്ങളും ടീസ്റ്റാ മഹാനന്ദ ബാലസണ്‍ മേച്ചി നദികളും കാഴ്ചാനുഭവത്തിന്റെ ഹര്‍ഷോന്മാദമായി നീങ്ങുകയാണ് യാത്ര. സാറ്റന്‍ ചോളിങ് ബുദ്ധിവിഹാരം ടെന്‍സിങ് – ഗോമ്പു റോക്ക് മെമ്മോറിയല്‍ തുടങ്ങിയ പ്രസിദ്ധ സഞ്ചാരയിടങ്ങളേകുന്ന ജ്ഞാനസാക്ഷ്യങ്ങള്‍ അനശ്വരമാണ്. വെണ്‍താമരയുടെ ഭാവതാരുണ്യത്തില്‍ വിടര്‍ന്ന് മധുവും മണവും മധുരപരാഗ കണങ്ങളുമായി നില്‍ക്കുന്ന ദേവപുഷ്പ ദര്‍ശനത്തിന്റെ മായികവിഭൂതി ‘ബ്രഹ്‌മകലശം വിടര്‍ന്നപ്പോള്‍’ എന്ന അദ്ധ്യായത്തെ സുന്ദരകാണ്ഡമാക്കുന്നു.
ബൗദ്ധ സംസ്‌കൃതിയുടെ വസന്തം പെയ്ത നാളുകളുടെ സ്മാരകമന്ദിരങ്ങള്‍ പിന്നിട്ട് ‘നാഥുലായിലെ മേഘപതംഗ’ങ്ങളില്‍ സോന്മോ തടാകം ബാബാ ഹര്‍ബജന്‍ മന്ദിരം നാഥുലാചുരം എന്നിവയേകിയ ദൃശ്യവിസ്മയം പുനഃസൃഷ്ടിക്കുകയാണ് യാത്രികന്‍. ഹനുമാന്‍ ട്രോകും ഗണേഷ് ട്രോകും, ഗാങ്‌ട്രോക് നഗരവും യാത്രയുടെ ഗണിതഗ്രന്ഥത്തില്‍ രേഖപ്പെടുത്തി കാഞ്ചന്‍ജംഗയുടെ ലാവണ്യശാന്തിയിലേക്കാണ് രസനീയമായ ഈ അക്ഷരജാലകം തുറക്കുന്നത്.
വിനോദത്തിനും വിജ്ഞാനത്തിനും വിവരശേഖരണത്തിനുമപ്പുറം ആത്മായനത്തിന്റെ ഹരിതപര്‍വ്വമാണീ രചന. സത്യശിവസൗന്ദര്യം തേടിയാണ് യഥാര്‍ത്ഥ യാത്രികന്‍ സദാ സഞ്ചരിക്കുക. ആ ഹൃദയം നവനവങ്ങളായ കല്യാണസൗഗന്ധികം തേടുന്നു. യാത്രാഖ്യാനത്തിന്റെ നവശൈലിയും ഭാഷയുടെ നൈസര്‍ഗ്ഗിക തിളക്കവും ജീവിതദര്‍ശനവും സ്ഥലകാലങ്ങളെ സ്വാംശീകരിക്കാനുള്ള സ്വത്വസന്നദ്ധതയും സഞ്ചാരിയുടെ സഞ്ചി നിറയ്ക്കുന്നു. കാഞ്ചന്‍ജംഗയിലുദിച്ച സൂര്യന്‍ യാത്രയുടെ ധര്‍മ്മസൂര്യനെന്ന് ഭാവുകന്മാര്‍ തിരിച്ചറിയുന്നു.
Comments