മനീഷ് സിസോദിയ എന്ന പേര് ദല്‍ഹിയും രാജ്യവും കേള്‍ക്കാന്‍ തുടങ്ങിയത് അരവിന്ദ് കേജ്രിവാള്‍ എന്ന പേരിനൊപ്പമാണ്. അരവിന്ദ് കേജ്രിവാളിനൊപ്പം തുടങ്ങി അദ്ദേഹത്തിനൊപ്പം എത്തിനില്‍ക്കുന്ന മനീഷ് സിസോദിയ അഴിമതിക്കേസില്‍ ജയിലിലായെന്നത് ചെറിയകാര്യമല്ല. അതിന്റെ നേര്‍ചലനങ്ങളും തുടര്‍ചലനങ്ങളും ആം ആദ്മി പാര്‍ട്ടി എന്ന ചെറിയ പാര്‍ട്ടിക്ക് ഏല്‍പ്പിക്കുന്ന പ്രത്യാഘാതത്തിന്റെ ആഴവും പരപ്പും വളരെ വലുതാണ്. അതുകൊണ്ടാണ് മുഖം രക്ഷിക്കാനെന്നവണ്ണം, ഗത്യന്തരമില്ലാതെ സിബിഐ അറസ്റ്റുചെയ്ത് 48 മണിക്കൂര്‍ തികയും മുമ്പ് മനീഷ് സിസോദിയ ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചത്.
രാജ്യത്തെ തന്നെ ഏറ്റവും വലിയ കുറ്റാന്വേഷണ ഏജന്‍സിയായ സിബിഐക്ക് മുമ്പില്‍ അദ്ദേഹം എത്തിയിരിക്കുന്നത് അഴിമതി കേസിലാണെന്നത് മറ്റൊരു യാദൃച്ഛികത. അഴിമതിവിരുദ്ധരാണെന്നു പറഞ്ഞ് അധികാരത്തിലെത്തി അഴിമതിക്കേസില്‍ തന്നെ പ്രതിയാക്കപ്പെട്ട് അറസ്റ്റുചെയ്യപ്പെടുമ്പോള്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാന്‍ നന്നേ പ്രയാസപ്പെടുന്നുണ്ട് ആപ് നേതൃത്വം. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പകപോക്കലാണെന്ന കേവല ആരോപണം കൊണ്ട് ഇത്തരം ചോദ്യങ്ങളെ എതിരിടാനാണ് ശ്രമമെങ്കിലും അതെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാവുകയാണ്. സിസോദിയയുടെ അറസ്റ്റിനെ സ്വാഗതം ചെയ്ത കോണ്‍ഗ്രസ് ദല്‍ഹി ഘടകം ബിജെപി ഉന്നയിച്ച കേജ്രിവാളിന്റെ രാജിയെന്ന ആവശ്യവും ഉയര്‍ത്തിയെന്നത് ഇതിന് തെളിവാണ്.
ദല്‍ഹിയിലെ മദ്യവില്‍പ്പന സ്വകാര്യ മേഖലയ്ക്ക് വിട്ടുനല്‍കിയ മദ്യനയവുമായി ബന്ധപ്പെട്ട് എക്‌സൈസ് വകുപ്പടക്കം ഭരിച്ചിരുന്ന അന്നത്തെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അടക്കം 15 പേര്‍ക്കെതിരെയാണ് സിബിഐ കേസ് എടുത്തത്. 2021 നവംബറില്‍ ദല്‍ഹി സര്‍ക്കാര്‍ ആവിഷ്‌കരിച്ച മദ്യനയം നടപ്പാക്കിയതില്‍ ക്രമക്കേടുകളുണ്ടെന്ന ദല്‍ഹി ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ലെഫ്. ഗവര്‍ണര്‍ വി.കെ. സക്സേന സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. വിവാദമായതോടെ 2022 ജൂലൈ 30ന് മദ്യനയം പിന്‍വലിച്ച് രക്ഷപ്പെടാനും ശ്രമം നടന്നു.
ദല്‍ഹി എക്‌സൈസ് കമ്മീഷണറായിരുന്ന അരവ ഗോപീകൃഷ്ണ, മുതിര്‍ന്ന രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സിസോദിയയുമായി ചേര്‍ന്ന് ചട്ടം ലംഘിച്ച് മദ്യ വ്യാപാരികള്‍ക്ക് അനധികൃതമായി ടെണ്ടര്‍ ഒപ്പിച്ച് നല്‍കിയെന്ന് സിബിഐ കണ്ടെത്തി. മദ്യനയത്തിലെ ക്രമക്കേടുകള്‍ക്കൊപ്പം കരിമ്പട്ടികയില്‍പ്പെടുത്തിയ സ്ഥാപനങ്ങള്‍ക്കും മദ്യം വില്‍ക്കാന്‍ അനുമതി നല്‍കിയെന്നും ആരോപണമുണ്ട്. എക്സൈസ് ഉദ്യോഗസ്ഥര്‍ക്കുപുറമെ മദ്യകമ്പനി എക്സിക്യൂട്ടീവുമാര്‍, ഡീലര്‍മാര്‍ തുടങ്ങിയവരും കേസില്‍ പ്രതികളാണ്. മലയാളികളായ വിജയ് നായര്‍, അരുണ്‍ രാമചന്ദ്രന്‍ പിള്ള എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. അഴിമതി നിരോധന നിയമപ്രകാരമാണ് കേസ് എടുത്തതെങ്കിലും ഐപിസിയിലെ ക്രിമിനല്‍ ഗൂഢാലോചന വകുപ്പുകളും പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുണ്ട്.
മദ്യനയ അഴിമതി കേസില്‍ ലഭിച്ച പണം ഗോവയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആം ആദ്മി പാര്‍ട്ടി ഉപയോഗിച്ചുവെന്നാണ് ഉയര്‍ന്നിരിക്കുന്ന പ്രധാന ആരോപണം. തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ. കവിതയെയും അന്വേഷണത്തിന്റെ ഭാഗമായി സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. ഇവരുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ബുച്ചിബാബു ഗൊറന്തല ഫെബ്രുവരി മാസമാദ്യം അറസ്റ്റിലായിരുന്നു.
സര്‍ക്കാര്‍ ഔട്ട്‌ലെറ്റുകള്‍ മുഴുവന്‍ പിന്‍വലിച്ച് വില്‍പ്പനാവകാശം പൂര്‍ണ്ണമായും സ്വകാര്യമേഖലയ്ക്ക് നല്‍കിക്കൊണ്ടുള്ള മദ്യനയത്തിനെതിരെ അന്നുതന്നെ ബിജെപി രംഗത്തു വന്നിരുന്നു. എന്നാല്‍ കോവിഡിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെയും പേരുപറഞ്ഞ് അതിനെ പ്രതിരോധിക്കാനായിരുന്നു ആപിന്റെ നീക്കം. പ്രതിപ്പട്ടികയിലുള്ള പലരെയും ചോദ്യം ചെയ്യാനായി വിളിപ്പിക്കുകയും കൃത്യമായ തെളിവുകളുടെയും മൊഴികളുടെയും അടിസ്ഥാനത്തില്‍ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.
രണ്ടാംവട്ടമാണ് സിസോദിയ അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. അറസ്റ്റുചെയ്യാനുള്ള സാദ്ധ്യത മുന്നില്‍കണ്ട് മനഃപൂര്‍വ്വം അറസ്റ്റുചെയ്യുമെന്ന ധാരണ പരത്താനും ആപ് ശ്രമിച്ചിരുന്നു. സാമ്പത്തികകുറ്റകൃത്യവുമായി ബന്ധപ്പെട്ട് ജയിലില്‍ അടയ്ക്കപ്പെട്ട മന്ത്രിയായിരുന്ന സത്യേന്ദ്ര ജെയിന്റെ വകുപ്പായ ആരോഗ്യമടക്കം, എക്സൈസ്, ധനകാര്യം, വിദ്യാഭ്യാസം തുടങ്ങി 18 വകുപ്പുകളാണ് മനീഷ് സിസോദിയ കൈവശം വെച്ചിരുന്നത്. 2015 മുതല്‍ സംസ്ഥാനത്ത് ബജറ്റ് അവതരിപ്പിച്ചിരുന്ന അദ്ദേഹം ബജറ്റ് തയ്യാറാക്കേണ്ടതിന്റെ പേരിലാണ് ചോദ്യം ചെയ്യല്‍ നീട്ടിവെപ്പിച്ചത്.
മനീഷ് സിസോദിയയെ കൂടാതെ സാമ്പത്തിക തിരിമറി കേസില്‍ ഇഡി അറസ്റ്റുചെയ്ത് തീഹാര്‍ ജയിലിലുള്ള മറ്റൊരുമന്ത്രി സത്യേന്ദ്രജെയിനും രാജിവെച്ചിരിക്കുകയാണ്. മാസങ്ങളായി ജയിലില്‍ കഴിയുന്ന സത്യേന്ദ്ര ജെയിനിന്റെ രാജിയാവശ്യം ശക്തമായിട്ടും കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടു പോകുകയായിരുന്നു പാര്‍ട്ടി. മനീഷ് സിസോദിയകൂടി അറസ്റ്റിലായതോടെ ഗത്യന്തരമില്ലാതെയാണ് ഇരുവരുടെയും രാജി. നിലവിലെ സാഹചര്യത്തില്‍ കേസില്‍ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതും രാജിക്ക് വഴിയൊരുക്കി. മനീഷ് സിസോദിയ അരവിന്ദ് കേജ്രിവാളിന്റെ വലംകൈ ആയിരുന്നെങ്കില്‍ ഇടംകൈ ആയിരുന്നു സത്യേന്ദ്ര ജെയിന്‍. മനീഷ് സിസോദിയയില്‍ നിന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിലേക്ക് എത്താന്‍ സിബിഐക്ക് അധികദൂരം വേണ്ടിവരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇരുവരുടെയും വരവും വളര്‍ച്ചയും ഒപ്പമായിരുന്നു എന്നതിനാലാണത്.
ആം ആദ്മി പാര്‍ട്ടിയെ ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി അരവിന്ദ് കേജ്രിവാള്‍ മുഖ്യമന്ത്രി പദം മനീഷ് സിസോദിയക്ക് കൈമാറാനുള്ള ഒരുക്കത്തിലായിരുന്നു. പഞ്ചാബില്‍ അധികാരത്തിലെത്തിയെങ്കിലും ഗോവയും ഉത്തര്‍പ്രദേശും ഗുജറാത്തും ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കാനായിരുന്നില്ല. വരുന്ന ലോകസഭാ തെരഞ്ഞെടുപ്പാകുമ്പോഴേയ്ക്കും പാര്‍ട്ടിയ്ക്ക് കൂടുതല്‍ സംസ്ഥാനങ്ങളില്‍ വോരോട്ടം ഉണ്ടാക്കാനായിരുന്നു പദ്ധതി. എന്നാല്‍ അതെല്ലാം ഈ ഒരൊറ്റ അഴിമതിക്കേസോടെ ഇല്ലാതായിരിക്കുകയാണ്.
Comments