ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ എല്ലാം തന്നെ ഒരു കാലത്ത് വേറിടല്‍ വാദം ശക്തമായിരുന്നു. വനവാസി ഗോത്രവര്‍ഗ്ഗങ്ങള്‍ ഏറെയുള്ള ഈ മേഖലയോടുള്ള ദില്ലിയുടെ അവഗണന ഇതിനൊരു പ്രധാന കാരണമായിരുന്നു. ഈ സാഹചര്യം മുതലെടുത്ത് ചൈന അതിര്‍ത്തിക്കപ്പുറത്തു നിന്നും സായുധമായും സാമ്പത്തികമായും വിഘടന തീവ്രവാദ ശക്തികളെ പ്രോത്സാഹിപ്പിച്ചു കൊണ്ടിരുന്നു. എന്നാല്‍ 2014ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഭാരതീയ ജനതാ പാര്‍ട്ടി ഭാരതത്തില്‍ അധികാരത്തില്‍ വന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പ്രത്യേക പരിഗണനയും പദ്ധതികളും നിലവില്‍ വന്നു. വികസനമെന്തെന്നറിയാതിരുന്ന ഈ മേഖലയിലേക്ക് റോഡുകളും പാലങ്ങളും തീവണ്ടിപ്പാളങ്ങളും വിമാനത്താവളങ്ങളും ഒക്കെ എത്തി. ജനങ്ങളുടെ ജീവിത നിലവാരമുയര്‍ത്താനുതകുന്ന വികസന രാഷ്ട്രീയത്തെ ജനങ്ങള്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു തുടങ്ങിയതോടെ ഭാരതീയ ജനതാ പാര്‍ട്ടിക്ക് ഒരു കാലത്ത് ബാലികേറാമലയായിരുന്ന ഈ പ്രദേശം താമര പൊയ്കയായി മാറി.
2024 ല്‍ നടക്കാന്‍ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ ഭാരതത്തിന്റെ ഭാവി രാഷ്ട്രീയം പ്രവചിക്കുന്നതായി. ഇതില്‍ ഏറ്റവും ശ്രദ്ധേയം ത്രിപുരയിലെ തിരഞ്ഞെടുപ്പ് ഫലമാണ്. ത്രിപുരയില്‍ 25 വര്‍ഷമായി തുടര്‍ന്ന കമ്യൂണിസ്റ്റ് ഭരണത്തിന് അന്ത്യം കുറിച്ചു കൊണ്ട് 2018ല്‍ അധികാരത്തില്‍ വന്ന ബി.ജെ.പിക്ക് 2023 ല്‍ വീണ്ടും അധികാര തുടര്‍ച്ച കിട്ടിയിരിക്കുകയാണ്. 25 വര്‍ഷം ത്രിപുരയില്‍ കമ്യൂണിസ്റ്റ് ഭരണം എങ്ങിനെയാണ് നിലനിര്‍ത്തിയത് എന്ന് ലോകത്തിനിന്നറിയാം. കോണ്‍ഗ്രസിനടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ക്കൊന്നും പ്രവര്‍ത്തന സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. കോണ്‍ഗ്രസ്സിലേയും സംഘപരിവാര്‍ സംഘടനകളിലേയും നിരവധി പ്രവര്‍ത്തകരെയാണ് ഇക്കാലത്ത് കമ്യൂണിസ്റ്റുകള്‍ കൊന്നു തള്ളിയത്. കമ്യൂണിസ്റ്റ് ഭീകരവാഴ്ചയില്‍ പൊറുതിമുട്ടിയ ജനങ്ങള്‍ ഒടുക്കം ഭാരതീയ ജനതാ പാര്‍ട്ടിയെ രക്ഷകരായിവരിച്ചപ്പോഴാണ് ത്രിപുരയില്‍ രാഷ്ട്രീയ സ്വാതന്ത്ര്യം നിലവില്‍ വന്നത്. ബി.ജെ.പി ത്രിപുരയില്‍ അധികാരത്തില്‍ വന്നെങ്കിലും ജനങ്ങളുടെ കമ്യൂണിസ്റ്റ് രാഷ്ട്രീയ സംസ്‌കാരം മാറിയിരുന്നില്ല. അതുകൊണ്ട് തങ്ങളെ 25 വര്‍ഷക്കാലം അടിച്ചമര്‍ത്തി ഭരിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകരെ തെരുവില്‍ ഇറങ്ങാന്‍ പോലും അനുവദിച്ചിരുന്നില്ല. എന്നാല്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തെ ബി.ജെ.പി ഭരണത്തിലൂടെ ജനാധിപത്യ സംസ്‌കാരം തിരികെ കൊണ്ടുവരാനായി. കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം എല്ലാ പാര്‍ട്ടികള്‍ക്കും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും തിരഞ്ഞെടുപ്പിനെ നേരിടാനും ഇപ്പോള്‍ ത്രിപുരയില്‍ സാധിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലിരുന്നപ്പോള്‍ എം.എല്‍.എമാരടക്കം ആയിരക്കണക്കിന് കോണ്‍ഗ്രസുകാരെ കമ്യൂണിസ്റ്റുകള്‍ കൊലപ്പെടുത്തിയിട്ടുണ്ട് എന്ന ചരിത്രം മറന്നു കൊണ്ടാണ് ത്രിപുരയില്‍ കോണ്‍ഗ്രസ് കമ്യൂണിസ്റ്റുകളുമായി ചേര്‍ന്ന് മത്സരിച്ചത്. ബി.ജെ.പിയെ ഏതുവിധേനയും അധികാര ഭ്രഷ്ടരാക്കാനുള്ള ഈ കള്ളക്കൂട്ടുകെട്ടിനെ ത്രിപുരയിലെ ജനങ്ങള്‍ പുച്ഛിച്ച് തള്ളി അവസരവാദ രാഷ്ട്രീയത്തിന് ചരമക്കുറിപ്പെഴുതിയിരിക്കുകയാണ്. ത്രിപുരയിലെ ഗോത്രവര്‍ഗ്ഗ മേഖലയെ ഉള്‍പ്പെടുത്തി പുതിയൊരു സംസ്ഥാനമെന്ന വാദവുമായി മുന്നോട്ടു വന്ന തീപ്രമോത്ത പാര്‍ട്ടി വനവാസി മേഖലയില്‍ കൂടുതല്‍ വോട്ടുകള്‍ നേടിയത് എന്‍.ഡി.എ മുന്നണിയുടെ ഏതാനും സീറ്റുകള്‍ കുറച്ചെങ്കിലും കോണ്‍ഗ്രസും കമ്യൂണിസ്റ്റു പാര്‍ട്ടിയും ഒരുമിച്ച് നിന്നിട്ടും അധികാരത്തില്‍ വരാന്‍ കഴിഞ്ഞത് ബി.ജെ.പിയുടെ രാഷ്ട്രീയ തന്ത്രത്തിന്റെ വന്‍ വിജയം തന്നെയാണ്. പ്രതിപക്ഷത്തിന്റെ അന്ധമായ ബി.ജെ.പി, മോദി വിരോധം ഇനി ഭാരത രാഷ്ട്രീയത്തില്‍ വിലപ്പോകില്ലെന്നതിന്റെ സൂചനയാണ് ത്രിപുര തിരഞ്ഞെടുപ്പ് ഫലം തരുന്നത്.
ത്രിപുരയില്‍ ഇനിയൊരു തിരിച്ചുവരവ് സി.പി.എമ്മിന് ഇല്ലെന്ന് ഈ നിയമസഭാ തിരഞ്ഞെടുപ്പോടെ അവര്‍ക്ക് ബോധ്യമായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 42% വോട്ടുണ്ടായിരുന്നത് ഈ തിരഞ്ഞെടുപ്പോടെ 24.62% ആയി കുറഞ്ഞിരിക്കുന്നു. അതുപോലെ 16 ല്‍നിന്നും 11 ആയി നിയമസഭയിലെ അംഗസംഖ്യ കുറഞ്ഞു. 2013ല്‍ ഒരു സീറ്റു പോലുമില്ലാതിരുന്ന ബി.ജെ.പി. ചുരുങ്ങിയ കാലം കൊണ്ട് ത്രിപുരയിലെ ജനമനസ്സുകളില്‍ കയറിക്കൂടിയത് ജനാധിപത്യ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചാണ്. വികസനമെന്നത് തിരഞ്ഞെടുപ്പ് പത്രികയില്‍ അച്ചടിക്കാന്‍ മാത്രമുള്ളതല്ലെന്ന് ബി.ജെ.പി ഭരണത്തോടെയാണ് ത്രിപുരയിലെ ജനങ്ങള്‍ക്ക് ബോധ്യമായത്. ത്രിപുര അടക്കമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ കേന്ദ്ര സര്‍ക്കാര്‍ എത്ര പ്രാധാന്യത്തോടെ പരിഗണിക്കുന്നു എന്നതിന്റെ ഉദാഹരണമാണ് പ്രധാനമന്ത്രിയുടെ അടിക്കടിയുള്ള ഇവിടേക്കുള്ള സന്ദര്‍ശനം കാണിക്കുന്നത്. ഏതാണ്ട് അമ്പത്തൊന്നു തവണ ഇതിനോടകം ഈ സംസ്ഥാനങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി എന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഒരിക്കല്‍ ഭീകരവാദികളുടെ വെടിയൊച്ച മുഴങ്ങിയിരുന്ന വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വികസനത്തിന്റെ യന്ത്ര മുഴക്കങ്ങള്‍ മാത്രമേ കേള്‍ക്കാനുള്ളു. ദീര്‍ഘവീക്ഷണവും ദേശീയ ബോധവുമുള്ള ഒരു ഭരണകൂടത്തിന് അസാധ്യമായി ഒന്നുമില്ല എന്ന് ഭാരതത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ ഇന്ന് ലോകത്തോട് വിളിച്ചു പറയുന്നു.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെ ആസാമും ഏഴു സഹോദരിമാരും എന്നാണ് പറയാറ്. ഈ എട്ട് സംസ്ഥാനങ്ങളില്‍ ഒന്നൊഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളും ഭരിക്കുന്നത് ബി.ജെ.പിയോ ബി.ജെ.പി ഉള്‍പ്പെട്ട മുന്നണിയോ ആണ്. 2016ല്‍ ആസാം ഭരണം പിടിച്ചുകൊണ്ട് ബി.ജെ.പി ആരംഭിച്ച പടയോട്ടം ക്രൈസ്തവ ഭൂരിപക്ഷമുള്ള നാഗാലാന്റിലും മേഘാലയത്തിലും വരെ അധികാരമുറപ്പിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുന്നു. ഭാരതീയ ജനതാ പാര്‍ട്ടി ന്യൂനപക്ഷ മതവിഭാഗങ്ങള്‍ക്ക് എതിരാണെന്ന പ്രതിയോഗികളുടെ പ്രചരണത്തിന്റെ മുന ഒടിക്കാന്‍ പോന്നതാണ് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ഈ ഫലങ്ങള്‍ കേരള രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കുള്ള ചൂണ്ടുപലക കൂടിയാണ്. കാലത്തിന്റെ ചുവരെഴുത്തുകള്‍ കേരളം എത്ര വേഗം ഉള്‍ക്കൊള്ളാന്‍ തയ്യാറാകുന്നോ അത്രവേഗം ഇവിടുത്തെ ഭാവി തലമുറ രക്ഷപ്പെടും. മത, ജാതിവാദത്തിന്റെ പൊട്ടക്കുഴിയാക്കി കേരളത്തെ നിലനിര്‍ത്താനുള്ള സങ്കുചിത കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ് മുന്നണികളുടെ പരിശ്രമങ്ങള്‍ക്ക് ഇനിയെങ്കിലും കേരളം അറുതി കാണണമെന്നാണ് വടക്കുകിഴക്കന്‍ സംസ്ഥാന തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കേരളത്തോടു പറയുന്നത്.