അഞ്ചുതെങ്ങില്‍ തുടങ്ങി ആറ്റിങ്ങലേയ്ക്കു വ്യാപിച്ച 1721ലെ കലാപങ്ങള്‍ക്ക് കേരള ചരിത്രത്തിലുള്ള സ്ഥാനം വിശദമായി അപഗ്രഥിക്കുന്ന ലേഖനം.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ത്തന്നെ ശ്രദ്ധേയമായ സംഭവവികാസമാണെങ്കിലും അഞ്ചുതെങ്ങ് കലാപം അര്‍ഹിക്കുന്ന തരത്തില്‍ പരിഗണിക്കപ്പെട്ടിട്ടില്ല. പല ചരിത്രമെഴുത്തുകാരും അത് പരാമര്‍ശിക്കാതെ വിട്ടതും ചിലര്‍ ഒന്നോ രണ്ടോ വരികളില്‍ ഒതുക്കിയതും കേരളചരിത്രപഠനത്തിന്റെ ആദ്യകാലങ്ങളിലെ അലസമായ സമീപനങ്ങള്‍ മൂലവും വര്‍ത്തമാനകാലത്ത് രാഷ്ട്രീയ താല്‍പ്പര്യങ്ങളുടെ പേരിലും പലപ്പോഴും തീരെ വ്യക്തിനിഷ്ഠമായി ചരിത്രപാഠങ്ങള്‍ ഉപയോഗിച്ചതിനാലാണ്. ഉദാഹരണത്തിന്,1 മഹാത്മജിക്ക് പറ്റിയ ഒരു വലിയ തെറ്റായിരുന്നു ഖിലാഫത്ത് പ്രസ്ഥാനത്തെ ആവേശപൂര്‍വമേറ്റെടുത്തതെന്ന ഡോ. അംബേദ്കറെയും ആനിബസന്റിനെയും പോലുള്ള പലരുടെയും വിമര്‍ശനം ശരിയാണെന്ന് തെളിയിച്ചുകൊണ്ട്, ബ്രിട്ടീഷുകാര്‍ക്കെതിരായി ആരംഭിച്ച് ഹിന്ദുവംശഹത്യയിലവസാനിച്ച 1921 ലെ മാപ്പിള ലഹളയെ വംശീയ ലഹളയാക്കിമാറ്റിയ മതഭീകരര്‍ക്ക് സ്വാതന്ത്ര്യസമരത്തിന്റെ മറവില്‍ സ്മാരകം നിര്‍മ്മിക്കാന്‍ ചില മുസ്ലിം സംഘടനകളോടൊപ്പം കേരള സര്‍ക്കാരും തയാറായതിന് പിന്നില്‍ ചരിത്രനീതിയെക്കാള്‍ പാര്‍ട്ടിതാല്‍പ്പര്യം മാത്രമാണെന്നുള്ളതിന് തെളിവാണ് 1721 ല്‍ നടന്ന അഞ്ചുതെങ്ങ് കലാപത്തോടുള്ള അവഗണന. ആ കലാപം 1657 മുതലുള്ള പല കൊച്ചുകൊച്ചു പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായിരുന്നുവെങ്കിലും ആ കാലഘട്ടം ഇപ്പോഴും കൃത്യമായി അന്വേഷണവിധേയമായിട്ടില്ല. അഞ്ചുതെങ്ങില്‍ തുടങ്ങി ആറ്റിങ്ങലേയ്ക്ക് വ്യാപിച്ചതും 1721 ലെ അഞ്ചുതെങ്ങ്-ആറ്റിങ്ങല്‍ കലാപങ്ങളെന്ന് ആദിമരേഖകളില്‍ കാണുന്നതുമായ സംഭവങ്ങളിലെ കാടുംപടലും വെട്ടിമാറ്റി ശരിയായ ചരിത്രം കണ്ടെത്തുന്നതിനു പകരം, സ്വന്തം ചരിത്രനിരാസത്തില്‍ ലജ്ജിക്കാത്ത മലയാളി, ആറ്റിങ്ങല്‍ കലാപമെന്നാണോ, അഞ്ചുതെങ്ങ് കലാപമെന്നാണോ അതിനെ വിളിക്കേണ്ടത്? അതില്‍ മുസ്ലീങ്ങളെത്രപേരുണ്ടായിരുന്നു? തുടങ്ങിയ ഉപരിപ്ലവവും സങ്കുചിതവുമായ വിവാദങ്ങള്‍വിട്ട് രാഷ്ട്രീയവും ചരിത്രപരവുമായ അതിന്റെ പ്രസക്തി അന്വേഷിക്കാത്തതില്‍ അദ്ഭുതമില്ല.
സംഘ കാലം തൊട്ട് നിലനിന്നിരുന്ന വേണാട്, മലബാര്‍, തിരുവിതാംകൂര്‍, കൊല്ലം അഥവാ ദേശിങ്ങനാട്, ആറ്റിങ്ങല്‍, കൂപകം, വഞ്ചിനാട്, തിരുവടി ദേശം എന്നീ പേരുകളുള്ള മലനാട്ടുചരിത്രം ആയ് – ചേര നാടുകളുടെ ചരിത്രംകൂടി ചേര്‍ന്നതാണ്. ആ പ്രാചീനചരിത്രത്തിന്റെ രേഖാരൂപം നല്‍കാന്‍ പോലും ഈ ലേഖനത്തില്‍ ഇടമില്ലാത്തതിനാല്‍, അഞ്ചുതെങ്ങ് കലാപത്തിന്റെ പശ്ചാത്തലത്തെപ്പറ്റി നിലവിലുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാനായിമാത്രം, വേള്‍- ആയ്‌നാടുകളുടെ മൂലകുടുംബ സ്ഥാനമായ കീഴ്‌പേരൂരിന്റെ തൃപ്പാപ്പൂര്‍, കൊല്ലം ശാഖകളും കുലശേഖര സാമ്രാജ്യത്തിന്റെ തകര്‍ച്ചയോടെ ചേരപാരമ്പര്യത്തില്‍ രൂപപ്പെട്ട തിരുവാതന്‍കോടുമായിചേര്‍ന്ന് രൂപീകൃതമായ തിരുവിതാംകൂറിന്റെ (തിരു+ആതന്‍+ആയന്‍+കൂര്‍ >തിരുവിതായംകൂര്‍) 17-ാം നൂറ്റാണ്ടിലെ ചില പ്രശ്‌നങ്ങള്‍ മാത്രം സൂചിപ്പിക്കുന്നു. ആറ്റിങ്ങല്‍ കുടുംബ (തിരുവിതാംകൂര്‍)വുമായി അഭേദ്യബന്ധമുണ്ടായിരുന്ന2 കോലത്തുനാടും ചിലപ്പോഴെല്ലാം കൂപകമെന്ന് അറിയപ്പെട്ടിരുന്നു. കന്നേറ്റി മുതല്‍ കന്യാകുമാരി വരെയും തോവാളവരെയുമുള്ള രാജ്യത്തിന്റെ മലയാളഭാഷാനാമം വേണാടും സംസ്‌കൃതനാമം കൂപകവുമാണെന്നും3 വേണാട് തൃപ്പാപ്പൂരിന്റെയും തിരുവിതാംകോടിന്റെയും മൂലനാമമാണെന്നും 4ഉള്ളൂര്‍ എഴുതുന്നു. തിരുവിതാംകോട് തൃപ്പാപ്പൂര്‍ഭരണാധികാരികളുടെ പട്ടാള ക്യാമ്പാണ്. ആയ്കളുടെയും വേണാടരുടെയും മൂലസ്ഥാനമായിരുന്ന കിളിമാനൂരിലെ കീഴ്‌പേരൂര്‍ (കീഴ്+ പെരിയ+ആയ്+ ഊര്‍) വേണാട്- ആയ് ചരിത്രത്തിന്റെ കേന്ദ്രമാണ്. അതിന് തൊട്ടുചേര്‍ന്ന് പേരൂര്‍ (പെരിയ+ആയ്+ ഊര്‍) മേല്‍പേരൂര്‍ (മേല്‍+പേരൂര്‍) എന്നീ സ്ഥലങ്ങള്‍. വേണാട് കുലശേഖരസാമ്രാജ്യത്തിന്റെ തെക്കന്‍ പ്രദേശമാണെന്നും (800-1102 എഡി) കുലശേഖരന്മാരുടെ തകര്‍ച്ചയോടെ അത് സ്വതന്ത്ര രാജ്യമായെന്നും5 ഡോ. ജി.കൃഷ്ണന്‍ നാടാര്‍ ചൂണ്ടിക്കാട്ടുന്നു. എ.ഡി പത്താം നൂറ്റാണ്ട് മുതല്‍ വേണാട് 18 ജില്ലകളായി തിരിച്ച് 18 മാടമ്പിമാരുടെ കീഴിലായിരുന്നു. രാജാവിന് പരിശീലനം ലഭിച്ച 10800 നായര്‍ പട്ടാളക്കാരുണ്ടായിരുന്നു.6 എട്ട് പ്രഭുക്കളുടെ പ്രഭുവെന്ന് പേരുകേട്ട ഉദയ മാര്‍ത്താണ്ഡ വര്‍മ്മ നെല്ലൂരും കാഞ്ചീപുരവുമടക്കം കീഴടക്കി. കാല്‍ഡ്വല്‍ ബനാതെ എന്ന് വിളിക്കുന്ന വേണാട് പഴയ കൊല്ലംരാജാക്കന്മാരുടെ കുടുംബം താമസിച്ചിരുന്ന ജില്ലയുടെ പേരാണെന്നും അതവരുടെ കുടുംബപ്പേരാണെന്നും തിരുവിതാംകൂര്‍ രാജാക്കന്മാര്‍ വേണാടര്‍ എന്നാണ റിയപ്പെടുന്നതെന്നും7അദ്ദേഹം പറയുന്നു. തിരുവിതാംകൂര്‍ രാജാവ് ചിറവാ മൂപ്പനും ദേശിങ്ങനാട്ട് മൂപ്പനുമായിരുന്നു. വിദേശികളുടെ രേഖകളില്‍, കാലാനുസൃതമായിവന്ന വ്യത്യാസങ്ങളും അവരുടെ നിക്ഷിപ്ത താല്‍പ്പര്യങ്ങളുടെ ഫലമായിട്ടുള്ളവയും ഈ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തിന്റെ പ്രകൃതമറിയാതെ സംഭവിച്ച ആശയക്കുഴപ്പങ്ങളുമുണ്ട്. ഉദാഹരണത്തിന് ഐവറി തോണ്‍സില്‍ (പു.60) പരാമര്‍ശിക്കുന്ന ഒരു ഡച്ചുരേഖയില്‍ 17-ാം നൂറ്റാണ്ടില്‍ തിരുവിതാംകൂര്‍ ആറ്റിങ്ങലിന്റെ ഒരു സാമന്തരാജ്യമായിരുന്നെന്ന് പറയുന്നു. തിരുവിതാംകൂര്‍രാജാക്കന്മാര്‍ കീഴ്‌പേരൂരെന്ന കുലനാമമുപയോഗിക്കുന്നതിന്റെ പ്രാധാന്യവും തൃപ്പാപ്പൂര്‍മൂപ്പും ചിറവാ മൂപ്പും ആറ്റിങ്ങല്‍റാണിമാരുടെ പദവിയുമൊന്നും തിരിച്ചറിയാത്തത് വേണാടിന്റെ ചരിത്രപഠനത്തെ സാരമായി ബാധിച്ചിട്ടുണ്ട്. എ.ഡി 9 ലെ ദേവധരന്‍ കേരളവര്‍മ്മയുടെ വെള്ളല്ലൂര്‍, കഠിനംകുളം ശാസനങ്ങളിലാണ് ആദ്യമായി കീഴ്‌പേരൂരിന്റെ പരാമര്‍ശമുള്ളത്. ചിറയിന്‍കീഴ് താലൂക്കിലെ വെള്ളല്ലൂര്‍ പകുതിയിലാണാ ഗ്രാമം. വേണാട് രാജവംശത്തിലെ സ്ത്രീകള്‍ ദേവധരന്‍ മണികണ്ഠ വര്‍മ്മയുടെ കാലംവരെ താമസിച്ചിരുന്നത് കീഴ്‌പേരൂരാണെന്ന് ഊഹിക്കാന്‍ വേണ്ട രേഖകളുണ്ടെന്ന് 8 ഉള്ളൂര്‍ ചൂണ്ടിക്കാട്ടുന്നു. ദേവധരന്‍ കേരളവര്‍മ്മയുടെ മുന്‍ഗാമി, കീഴ്‌പേരൂര്‍ രാമവര്‍മ്മദേവധരന്‍ എന്നും അറിയപ്പെട്ടിരുന്നു. ‘ആവണി’ നക്ഷത്രത്തില്‍ പിറന്ന മണികണ്ഠ രാമവര്‍മ്മയാണ് കീഴ്‌പേരൂര്‍ റാണിമാരുടെ ആവാസസ്ഥാനമായി 1254-55ല്‍ (നാഗംഅയ്യ) ആറ്റിങ്ങല്‍(ആറ്റിന്‍+കല്‍ – വാമനപുരം ആറ് ആറ്റിങ്ങലിനെ വലംവച്ചാണൊഴുകുന്നത്) തിരഞ്ഞെടുത്തത്. അന്നുമുതല്‍ അവര്‍ ആറ്റിങ്ങല്‍ റാണിമാരെന്ന് അറിയപ്പെട്ടു തുടങ്ങിയെങ്കിലും 17-ാം നൂറ്റാണ്ടുവരെ ഏതെങ്കിലും പ്രദേശത്തിന്റെ സ്വതന്ത്ര ഭരണാധികാരികളായിരുന്നില്ല. എ.ഡി. 13-ാം നൂറ്റാണ്ടിലാണ് ആറ്റിങ്ങല്‍ എസ്റ്റേറ്റിന്റെ സംരക്ഷണം ആറ്റിങ്ങല്‍ റാണിക്കാകുന്നത്. തൃപ്പാപ്പൂര്‍ സ്വരൂപത്തിലെ പുരുഷന്മാര്‍ തൃപ്പാപ്പൂര്‍ രാജാക്കന്മാരെന്നും സ്ത്രീകള്‍ ആറ്റിങ്ങല്‍ റാണിമാരെന്നും അറിയപ്പെട്ടു. റാണിമാര്‍ക്ക് ആറ്റിങ്ങലിലും പരിസരത്തും അല്‍പ്പം കരഭൂമിയും വേണാടിന്റെ മറ്റു ഭാഗങ്ങളില്‍ കുറച്ച് വസ്തുക്കളും നല്‍കിയിരുന്നു. അവയ്ക്കുമേല്‍ അവര്‍ക്ക് സ്വതന്ത്രമായ അധികാരമുണ്ടായിരുന്നതായി രേഖകളില്ല. പതിമൂന്നാം നൂറ്റാണ്ടില്‍ വേണാട് രാജവംശം തിരുവനന്തപുരം തലസ്ഥാനവും കല്‍ക്കുളം പട്ടാള കേന്ദ്രവുമാക്കി തൃപ്പാപ്പൂര്‍ ശാഖയെന്നും, കൊല്ലം പട്ടാളകേന്ദ്രമാക്കി കൊല്ലം(പിന്നീട് ദേശിങ്ങനാട്) ശാഖയെന്നും രണ്ടായി പിരിഞ്ഞെങ്കിലും രണ്ടും ഒരു ഭരണത്തിലായിരുന്നു.9 അവര്‍ സ്വയം ചേരന്‍ എന്നും വിളിക്കുന്നുണ്ട്. എ.ഡി.1677ല്‍ ഉമയമ്മറാണിയെ ഡച്ച് ഗവര്‍ണര്‍ വാന്‍ റീഡ് തിരുവിതാംകൂറിന്റെ അമ്മ മാത്രമല്ല, തൃപ്പാപ്പൂര്‍ സ്വരൂപത്തിന്റെ ഏറ്റവും മൂത്ത ആളായും വിവരിക്കുന്നു. 10 പരവൂര്‍ ഗ്രന്ഥവരിയില്‍ (എഡി 17-ാം നൂറ്റാണ്ട്) കൂപകവംശത്തിന് തൃപ്പാപ്പൂര്‍, ദേശിങ്ങനാട്, ഇളയിടം, പേരകത്തായ് വഴി (നെടുമങ്ങാട്) എന്നീ നാല് ശാഖകളുള്ളതായി പറയുന്നുണ്ട്. ചിറവായ് ഏതെങ്കിലും ഒരു കുടുംബപ്പേരല്ല. പല കുടുംബശാഖക്കാരും ചിറവാമൂപ്പന്മാരാകാറുണ്ട്. ഏതായാലും 11തിരുവനന്തപുരം കൊട്ടാരത്തില്‍ സൂക്ഷിക്കുന്ന ‘ദേവകരി ഉടവാള്‍’ സ്വീകരിച്ചതിനുശേഷമേ ഈ പദവിനാമം പേരിന് മുന്നില്‍ ധരിക്കാവൂ. ആറ്റിങ്ങല്‍റാണി വിദേശകമ്പനികളുമായി കരാറുണ്ടാക്കുന്നത് തിരുവിതാംകൂറിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരുന്നുവെന്ന് ന്യൂഹോഫും ടി.കെ.വേലുപ്പിള്ളയും (പു.201) വ്യക്തമാക്കുന്നുണ്ട്. ബതാവിയ ഡയറിയില്‍ (838-27-11-1663) കൊല്ലം മുതല്‍ കന്യാകുമാരിവരെയുള്ള മുഖ്യവാണിജ്യകേന്ദ്രങ്ങളായ മാമ്പള്ളി, വലിയതുറ, തേങ്ങാപ്പട്ടണം, കടിയപട്ടണം തുടങ്ങിയവ തിരുവിതാംകൂറിന്റെ പരിധിയിലായിരുന്നുവെന്ന് സൂചിപ്പിക്കുന്നു.12 1677 ല്‍ വാന്‍ റീഡ് ഉമയമ്മയുടെ കഴിവിനെയും സൗന്ദര്യത്തെയും പ്രശംസിക്കുകയും ആറ്റിങ്ങല്‍റാണി തിരുവിതാംകൂറും ഭരിച്ചിരുന്നതായി പറയുകയും ചെയ്യുന്നു. ഇത്തരത്തില്‍ ആശയക്കുഴപ്പത്തോടെ എഴുതുന്നത്, കൃഷ്ണന്‍ നാടാര്‍ വിശദീകരിക്കുന്നതുപോലുള്ള വേണാടിന്റെ ഭരണപരവും ഘടനാപരവുമായ പ്രത്യേകതകള്‍ ശ്രദ്ധിക്കാതെയാണ്. ഇത് നായന്മാരെക്കുറിച്ചുള്ള പരാമര്‍ശങ്ങളിലും കാണാം. 13നായന്മാര്‍ പട്ടാളത്തിലെ പദവി നാമമാണെന്നും പരസ്യമായി ആയുധം ധരിക്കാനുള്ള പ്രത്യേകാവകാശം അവര്‍ക്ക് മാത്രമായിരുന്നുവെന്നും അങ്ങനെ ആയുധം ധരിക്കാന്‍ സജ്ജരായവര്‍ മാത്രമേ നായന്മാരാവൂവെന്നും അദ്ദേഹം കൃത്യമായി എഴുതിയിട്ടുണ്ട്. ജോണ്‍ ന്യൂഹോഫിന്റെ സാക്ഷ്യമനുസരിച്ച് (1664) നായിക്കനെ തടയാനായി, പ്രകൃത്യാതന്നെ സുരക്ഷിതവും രാജാവിന്റെ പ്രധാന വാസസ്ഥാനവുമായിരുന്ന കല്‍ക്കുളത്ത് 10000 (നീഗ്രോ) നായര്‍ സേനയെ വിന്യസിച്ചിരുന്നു.

1659 ല്‍ ഉണ്ണിക്കേരളവര്‍മ്മ മരിച്ചപ്പോള്‍ രവിവര്‍മ്മയും(1664 വരെ) തുടര്‍ന്ന് രാമവര്‍മ്മയും (1664-1671) പിന്നീട് ആദിത്യവര്‍മ്മയും (1671-1677) അധികാരത്തിലേറി. 1677 ല്‍ ആദിത്യവര്‍മ്മ കല്‍ക്കുളത്തെ ദര്‍പ്പക്കുളങ്ങരെവച്ച് അന്തരിച്ചു. 14 1678 ല്‍ മൂത്തറാണിയായ മകയിരം തിരുനാള്‍ മരിച്ചതിനെത്തുടര്‍ന്ന് ഉമയമ്മറാണി ആറ്റിങ്ങല്‍കുടുംബത്തിന്റെ തലവിയും അവരുടെ ഏകപുത്രന്‍ രവിവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തിയാകാത്തതിനാല്‍ റീജന്റുമായി വേണാടിന്റെ ഭരണമേറ്റു. അവര്‍ സര്‍വശക്തയായി 1685 വരെ ഭരിച്ചു.15 1675ല്‍ ഡച്ചുകാരന്‍ വാന്‍ ഗോയെന്‍, കന്യാകുമാരി മുതല്‍ തേങ്ങാപ്പട്ടണംവരെ തിരുവിതാംകൂറും ബാക്കി ആറ്റിങ്ങലുമായിരുന്നെന്നും രണ്ടിന്റെയും ഭരണാധികാരി ഉമയമ്മറാണിയായിരുന്നെന്നും എഴുതുന്നതിനര്‍ഥം അവര്‍ തിരുവിതാംകൂര്‍ ഭരിച്ചിരുന്നുവെ ന്നാണ്. എ.ഡി. 16 ഉം 17 ഉം നൂറ്റാണ്ടുകളിലെ തിരുവിതാംകൂര്‍ചരിത്രം തികച്ചും വക്രീകരിക്കപ്പെട്ടതാണ്. ഡച്ചുകാരെ പുറത്താക്കണമെന്ന ഉദ്ദേശ്യവുമായിട്ടാണ് ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാകമ്പനി ഇന്ത്യയില്‍ വേരുറപ്പിക്കാന്‍ ശ്രമമാരംഭിച്ചത്. 1644 ല്‍ വിഴിഞ്ഞത്ത് കോട്ടകെട്ടാനനുവദിച്ചെങ്കിലും ഡച്ചുകാരുടെ പ്രധാന വാണിജ്യകേന്ദ്രമായിരുന്ന അഞ്ചുതെങ്ങില്‍ കാലുകുത്താന്‍ 1694 വരെ ഇംഗ്ലീഷുകാര്‍ക്ക് കഴിഞ്ഞില്ല. ഉമയമ്മറാണി 1672 മുതല്‍ മരണം (1698) വരെ ഭരണത്തില്‍ ഇടപെട്ടിരുന്നു. 1685 ല്‍ രവിവര്‍മ്മയ്ക്ക് പ്രായപൂര്‍ത്തിയായപ്പോള്‍ അധികാരം കൈമാറി. രവിവര്‍മ്മ ബടഗരെ തോല്‍പ്പിച്ചു. ഭരണസംവിധാനം കാര്യക്ഷമമാക്കി. 1718 ല്‍ അദ്ദേഹം മരിച്ചു.16 തുടര്‍ന്ന് ഭരണത്തിലേറിയത് ക്ഷേത്രരേഖ പ്രകാരം തൃപ്പാപ്പൂര്‍ കീഴ്‌പേരൂര്‍ ആദിത്യവര്‍മ്മയാണ്. അന്നദ്ദേഹം ചിറവായ് മൂപ്പനായിരുന്നു. ഇദ്ദേഹവും കോലത്തുനാട്ടില്‍ നിന്നുള്ള ദത്താണ്. ഉണ്ണിക്കേരളവര്‍മ്മ ജയസിംഹ നാടിന്റെ മൂത്ത തിരുവടിയായിരുന്നു. ഇരുവരും ദുര്‍ബലരായിരുന്നു. ആദിത്യവര്‍മ്മ കുറച്ചുകാലം മാത്രമേ ഭരണത്തിലിരുന്നുള്ളു. സാമ്പത്തിക പരാധീനതമൂലം അദ്ദേഹം സേനയില്‍ ഒരു വിഭാഗത്തെ പിരിച്ചുവിട്ടു. 1720 ല്‍ രാമവര്‍മ്മയാണ് രാജാവ്. അഞ്ചുതെങ്ങ് കലാപം ഇദ്ദേഹത്തിന്റെ കാലത്തായിരുന്നു. അതിന്റെ കാരണങ്ങളും സാഹചര്യങ്ങളും പലരും പല തരത്തിലാണ് വിവരിച്ചിട്ടുള്ളത്. ലോഗനും ഇംഗ്ലീഷ് കമ്പനിയുടെ രേഖകളും ഇതര രേഖകളുമായുള്ള വ്യത്യാസം യാദൃച്ഛികമല്ല. ഇംഗ്ലീഷ്‌കമ്പനി 1672 മുതല്‍ വര്‍ഷംതോറും ആറ്റിങ്ങല്‍ റാണിക്ക് ഉപഹാരങ്ങള്‍ സമര്‍പ്പിച്ചിരുന്നു. ആദ്യമായി പോര്‍ട്ടുഗീസുകാര്‍ക്ക് അഞ്ചുതെങ്ങില്‍ ഫാക്റ്ററി നിര്‍മ്മിക്കാന്‍ അനുവാദം നല്‍കി. അവര്‍ നാട്ടുകാരുമായും റാണിയുമായും ഇടഞ്ഞതിനെത്തുടര്‍ന്ന് അവിടെ പച്ചപിടിച്ചില്ല. 1684 ല്‍ കുറച്ച് സ്ഥലം റാണി ഡെന്മാര്‍ക്കിന് നല്‍കിയെങ്കിലും അല്‍പ്പവിഭവരായ അവര്‍ക്ക് അഞ്ചുതെങ്ങില്‍ വേരുറപ്പിക്കാന്‍ കഴിഞ്ഞില്ല. അവര്‍ കുളച്ചലിലേയ്ക്ക് മാറി. പിന്നീട് ഡച്ചുകാര്‍ക്ക് കുറച്ച് ഭൂമി അനുവദിച്ചു. അപ്പോഴാണ് ഡച്ചുകാരെ ഏത് വിധേനയും ഒഴിപ്പിക്കണമെന്ന ലക്ഷ്യവുമായി ഇംഗ്ലീഷുകാര്‍ അഞ്ചുതെങ്ങില്‍ കണ്ണുവച്ചത്. 1695 ല്‍ ആറ്റിങ്ങല്‍ റാണി ഇംഗ്ലീഷ് കമ്പനിയുമായി കരാര്‍ വച്ചു. അതില്‍ ഫാക്റ്ററിയും കല്ലുകൊണ്ടുള്ള കോട്ടയും അവരുടെ ആള്‍ക്കാര്‍ക്ക് താമസിക്കാന്‍ വീടുകളും പണിയാന്‍ അനുവാദം നല്‍കി. ഡച്ചുകാരുടെ പ്രേരണയും ഇംഗ്ലീഷുകാരുടെ വിശ്വാസവഞ്ചനയും ധിക്കാരവുംമൂലം 1697 ല്‍ രാജ്ഞി അവര്‍ക്കെതിരാകുകയും കോട്ട ആക്രമിക്കുകയും ചെയ്തു. (ഇംഗ്ലീഷുകാര്‍ കടല്‍ക്കൊള്ളക്കാരാണെന്ന് വിശ്വസിച്ച ജനങ്ങളാണാക്രമിച്ചതെന്ന് അഞ്ചുതെങ്ങ് രേഖ). മലബാര്‍ ഡിസ്റ്റ്രിക്റ്റ് ഗസറ്റിയര്‍ പ്രകാരം17 അഞ്ചുതെങ്ങ് 251 ഏക്കര്‍ വിസ്തീര്‍ണമുള്ള പ്രദേശമാണ്. 531 വീടുകളും 3084 ജനസംഖ്യയുമുള്ളതില്‍ പകുതിയോളം നാട്ടുകാരായ ക്രിസ്ത്യാനികളാണ്. മീന്‍ പിടിത്തമാണ് പ്രധാന തൊഴില്‍. കൂടാതെ, കാലിക്കൊ, കയര്‍, കൊപ്ര, വലിയ ഗുണന്മേയുള്ള നൂല്‍കൊണ്ടുള്ള നെയ്ത്ത് എന്നിവയും ജീവിതോപാധികളാണ്. ഉപ്പുണ്ടാക്കാനും കറുപ്പ് വ്യാപാരത്തിനുമെല്ലാമുള്ള കുത്തകയും അവര്‍ക്ക് നല്‍കി. സമൃദ്ധമായ ഉള്‍നാടന്‍ ജല ഗതാഗത സൗകര്യമുണ്ടെങ്കിലും ചക്രത്തിലോടുന്ന വാഹനങ്ങളില്ലായിരുന്നു. ഈ പ്രദേശം ഡച്ചുകാരില്‍നിന്ന് പിടിച്ചെടുക്കാന്‍ കമ്പനി തീരുമാനിച്ചത് തന്ത്രപ്രധാനമായതുകൊണ്ടാണ്.18 1684 ല്‍ ഉമയമ്മ റാണിയുടെ ഭരണവര്‍ഷത്തിന്റെ അന്ത്യത്തില്‍ ഇംഗ്ലീഷ് കമ്പനിക്ക് അഞ്ചുതെങ്ങില്‍ ഒരു ചീന്ത് ചതുപ്പുനിലം ചാര്‍ത്തിക്കിട്ടി; മൂന്ന് നാഴിക ചുറ്റളവില്‍ കുടിവെള്ളം കിട്ടാനില്ലായിരുന്നു, കടലോരത്താണെങ്കിലും കപ്പലടുക്കാന്‍ എളുപ്പമായിരുന്നില്ല എന്നൊക്കെ ലോഗനെഴുതുന്നുണ്ട്. അഞ്ചുതെങ്ങ് ജനവാസയോഗ്യമായിരുന്നില്ലെന്ന് മറ്റു ചില വിദേശികളും പറഞ്ഞിട്ടുണ്ട്.
ഈ പ്രതികൂലസാഹചര്യത്തിലും അഞ്ചുതെങ്ങ് തിരഞ്ഞെടുക്കാന്‍ കാരണം കുരുമുളകും കൈത്തറിയുമായിരുന്നുവെന്നാണ് ലോഗനെഴുതുന്നത്. അഞ്ചെങ്ങോ പേപ്പറുകള്‍ പ്രകാരം ബ്രിട്ടനില്‍ നിന്നു വരുന്ന കപ്പലുകളുടെ സിഗ്നല്‍ പോസ്റ്റായിരുന്നൂ അഞ്ചുതെങ്ങ്. 1690 ല്‍ കോട്ട പണിഞ്ഞുവത്രെ. 1694 ലാണ് കരാര്‍വച്ചത്. (അതിനുമുമ്പ് എങ്ങനെ കോട്ട പണിയും?) 256 അടി സമചതുരത്തില്‍ നിര്‍മ്മിക്കപ്പെട്ട കോട്ടയില്‍ 18 പീരങ്കിദ്വാരങ്ങളുണ്ട്. അതിന് 18 പൗണ്ട് ഭാരമുള്ള ഗുണ്ടുകള്‍ വഹിക്കാന്‍ കഴിയുന്ന എട്ട് പീരങ്കികള്‍ വീതം സ്ഥാപിക്കാവുന്ന നാല് കൊത്തളങ്ങളുണ്ട്. ഇവയില്‍ രണ്ടെണ്ണം കടലിലേയ്ക്ക് ഉന്നം വയ്ക്കുന്നു. മറ്റ് രണ്ടെണ്ണം കരയിലേയ്ക്കും. ഇവ കൂടാതെ 18 ഉം 24 ഉം പൗണ്ട് താങ്ങാന്‍ കഴിയുന്ന പതിനെട്ടോ, ഇരുപതോ പീരങ്കികള്‍കൂടി കടലിലേയ്ക്ക് ഉന്നം വയ്ക്കുന്നുണ്ടെന്നും 19അദ്ദേഹമെഴുതിയിട്ടുണ്ട്.24 പീരങ്കികള്‍ കടലിലേയ്ക്ക് ഉന്നം വയ്ക്കാമെന്നാ ണ് മലബാര്‍ ഗസറ്റിയറില്‍ ഇന്നെസ് പറയുന്നത്. കോട്ടയ്ക്കുള്ളില്‍ 400 യൂറോപ്യന്‍ ഭടന്മാര്‍ക്കിടമു ണ്ട്. കോട്ടയുടെ പിന്നിലായി ഒരു പിസ്റ്റളുണ്ട പായുന്ന ദൂരത്തിലൂടെ ഒഴുകുന്ന നദി ഒരു അധിക സുരക്ഷയാണെന്നും ഇവ്‌സ് എഴുതുന്നുണ്ട്.20 ലോഗനെഴുതിയിട്ടുള്ളത് തിരുവിതാംകൂറിലെ ഇംഗ്ലീഷുകാരുടെ സാന്നിധ്യം സംസ്ഥാനത്തെയാകെ ഒരു കലാപത്തിലേയ്ക്ക് നയിച്ചുവെന്നാണ്. 1704 വരെ കോട്ടയുടെ ചുമതലക്കാരന്‍ ബൂര്‍ബണായിരുന്നു. പിന്നീട് സൈമണ്‍ കൗസ് വന്നു. കൗസിന് ശേഷം ജോണ്‍ കിഫിന്‍. 1717ല്‍ കിഫിനെ പുറത്താക്കി വില്യം ഗിഫോര്‍ഡ് ചുമതലയേറ്റു. കലാപശേഷം ഗിഫോഡിനെമാറ്റി ഡോ. അലക്‌സാണ്ഡര്‍ ഒമെയെ ഫാക്റ്ററി മുഖ്യനാക്കി.
വിവിധ നിരീക്ഷണങ്ങള്‍
അഞ്ചുതെങ്ങ് കലാപത്തിന്റെ കാര്യത്തില്‍ ലോഗനുള്‍പ്പെടുന്ന ഇംഗ്ലീഷുകാര്‍ ആറ്റിങ്ങല്‍ റാണിയെയും എട്ടുവീട്ടില്‍പിള്ളമാരെയും മറ്റും കുറ്റപ്പെടുത്തുമ്പോള്‍, ശങ്കുണ്ണിമേനോനും നാഗം അയ്യയും മറ്റും അതിനോട് യോജിച്ചുകൊണ്ട് അക്കാലത്ത് നടന്നുവെന്ന് അവര്‍ കരുതുന്ന മധുര നായ്ക്കന്മാരുടെ ആക്രമണവും തിരുവിതാംകൂറിലെ ആഭ്യന്തരകലാപങ്ങളും രാജാക്കന്മാരുടെ പിടിപ്പുകേടും കൂട്ടിച്ചേര്‍ക്കുന്നു.21 ആറ്റിങ്ങല്‍ കലാപത്തിന്റെ ചരിത്രം വിമര്‍ശനാത്മകമായി പരിശോധിക്കപ്പെടേണ്ടതുണ്ടെന്ന് ടി.കെ.വേലുപ്പിള്ള പ്രസ്താവിക്കുന്നു. അഞ്ചുതെങ്ങ് രേഖകളനുസരിച്ച്, 1672 മുതല്‍ ഇംഗ്ലീഷുകാര്‍ ആറ്റിങ്ങല്‍റാണിക്ക് സമര്‍പ്പിച്ചുവന്നിരുന്ന ഉപഹാരങ്ങള്‍ 1714 ല്‍ നിലച്ചിരുന്നു. 1721 ഏപ്രില്‍ 11 ന് അത് പുനരാരംഭിക്കാന്‍ തീരുമാനിച്ചു. ഗിഫോഡും കൗസും അത് സമര്‍പ്പിക്കാനായി 240 പേരടങ്ങുന്ന ഒരു സംഘവുമായി അഞ്ചുതെങ്ങില്‍ നിന്ന് വഞ്ചിയില്‍ യാത്ര തിരിച്ചു. നിരായുധരായിരുന്ന സംഘം വലിയകോയിക്കല്‍ കൊട്ടാരത്തിനടുത്തെത്തിയപ്പോള്‍ വൈകിട്ടോ, പുലര്‍ച്ചയ്‌ക്കോ ആക്രമിക്കപ്പെട്ടു. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെയും യാത്രാ സംഘാംഗങ്ങളുടെയുമൊക്കെ എണ്ണത്തെപ്പറ്റി അഭിപ്രായൈക്യമില്ല. കൂട്ടത്തില്‍ ഒരു യൂറോപ്യന്‍ പോലും രക്ഷപ്പെട്ടിട്ടില്ലെന്നതില്‍ അഭിപ്രായഭേദമില്ല. ലോഗനെ പിന്തുടര്‍ന്ന് നാഗംഅയ്യ, കലാപം നടന്നത് ഏപ്രില്‍ 15-ാം തീയതിയാണെന്ന് വ്യക്തമാക്കുന്നുണ്ട് (പു.325). ആറ്റിങ്ങലിലെ പരമാധികാരികളായിരുന്ന എട്ടുവീട്ടില്‍പിള്ളമാര്‍, അഞ്ചുതെങ്ങ് ഫാക്റ്ററി റാണിക്ക് നല്‍കാനുണ്ടായിരുന്ന ഉപഹാരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടു. അവര്‍ രാജ്ഞിയുടെ ഉത്തരവനുസരിച്ചാണ് വന്നതെന്നും അതിന് രസീതുനല്‍കാമെന്നും പറഞ്ഞു. ഫാക്റ്ററി മുഖ്യനായ ഗിഫോഡിന് അതത്ര വിശ്വസ നീയമായി തോന്നിയില്ല. ഉപഹാരങ്ങള്‍ റാണിയുടെ പക്കലെത്തുകയില്ലെന്നും അവ പിള്ളമാര്‍ കൈവശപ്പെടുത്തുമെന്നും സംശയിച്ചു. പണം മറ്റാരുടെയും കൈയില്‍ കൊടുക്കില്ലെന്നും നേരിട്ട് റാണിയെ ഏല്‍പ്പിക്കാമെന്നും അയാള്‍ പറഞ്ഞതിനാല്‍ ഉപഹാരങ്ങള്‍ സമര്‍പ്പിക്കാന്‍ റാണി ഗിഫോഡിനെ കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ചു. അയാള്‍ സേനയെ കോട്ടയില്‍ നിര്‍ത്തിയിട്ട് രണ്ട് ഉപദേശികളും ഫാക്റ്ററിയിലെ മറ്റു ചിലരുമായി ആറ്റിങ്ങലേയ്ക്ക് പോയി. അങ്ങനെ പോയവരില്‍ കുറച്ച് കറുത്ത സേവകന്മാരുടെ കാലുകളും ഭാഷയും അവരെ കൂട്ടക്കൊലയില്‍നിന്ന് രക്ഷപ്പെടുത്തി. അവരാണ് ആ ദുരന്തവാര്‍ത്ത കോട്ടയിലെത്തിച്ചത്. ഇംഗ്ലീഷുകാര്‍തന്നെ തള്ളിപ്പറഞ്ഞ ഹാമില്‍ടണിന്റെ ന്യൂ അക്കൗണ്ട് ഒഫ് ദി ഈസ്റ്റ് ഇന്‍ഡീസ് (വോള്യം 1 പു.335) എന്ന ഗ്രന്ഥത്തില്‍ നിന്നാണ് അയ്യ ഇതുദ്ധരിക്കുന്നത്.
ഈ സംഭവത്തിന് ശേഷം കൊലയാളികള്‍ കോട്ടയിലേയ്ക്ക് പോയെങ്കിലും പീരങ്കി ഓഫീസര്‍ സാമുവല്‍ ഇന്‍സ് കോട്ട നന്നായി പ്രതിരോധിച്ചു. തലശ്ശേരിയില്‍ നിന്ന് ആദംസ് രക്ഷയ്‌ക്കെത്തുന്നതുവരെ ഇന്‍സ് അക്രമകാരികളെ തടഞ്ഞുനിര്‍ത്തി. ഇംഗ്ലീഷ് ഫാക്റ്ററിക്കാര്‍ ആ സമയത്ത് ‘വമ്പിച്ച പ്രഭുക്കളുടെ’മേല്‍ നടപടിയെടുക്കാനശക്തരായിരുന്നു. (അയ്യ പു.325) ഗിഫോഡിന്റെകൂടെ 140 പേരുണ്ടായിരുന്നെന്നും 250 പേരുണ്ടായിരുന്നെന്നും 10 പേരേ ഉണ്ടായിരുന്നുള്ളുവെന്നും പലരും വ്യത്യസ്തമായി പറയുന്നുണ്ട്. അഞ്ചുതെങ്ങ് രേഖകളില്‍ പറയുന്നത്, പെന്‍ഷന്‍ പറ്റിയവരും കുട്ടികളുമടക്കം 35 പേരാണ് ഉപരോധിക്കപ്പെട്ട കോട്ടയ്ക്കുള്ളിലുണ്ടായിരുന്നതെന്നും അതില്‍ 20 പേര്‍ക്കേ തോക്കുപയോഗിക്കാനറിയാമായിരുന്നുള്ളുവെന്നുമാണ്. 140 പ്രദേശവാസികളും കോട്ടയ്ക്കുള്ളില്‍ അഭയം തേടിയതായും പറയുന്നുണ്ട്. അതിന്റെ സാഹചര്യമെന്താണെന്ന് പറയുന്നില്ല. ഗിഫോഡിന്റെ ഭാര്യ കാതറിന്‍, കൗസിന്റെ ഭാര്യ, മറ്റൊരു സ്ത്രീയും ആറുമക്കളും മാലിദ്വീപില്‍ നിന്നുവന്ന ഒരു ചെറിയ ചരക്കുകപ്പലില്‍ ഫാക്റ്ററി രേഖകളുമായി കടലിലൂടെ ചെന്നൈയിലേയ്ക്ക് രക്ഷപ്പെട്ടു. ഏപ്രിലില്‍ കൊച്ചിയില്‍നിന്ന് രണ്ട് കമ്പനി കപ്പലുകളും മെയ് 1 ന് 52 ഭടന്മാര്‍ തലശ്ശേരിയില്‍നിന്നും കോഴിക്കോട്ട് നിന്നും കൂടുതല്‍ സൈനികബലമേകാന്‍ അഞ്ചുതെങ്ങിലെത്തി. കൊല്ലം രാജാവ് 150 സ്ത്രീകളും കുട്ടികളുമടങ്ങുന്ന പ്രദേശവാസികള്‍ക്ക് അഭയം നല്‍കി (ഇതിലെ കണക്കിലും കുഴപ്പമുണ്ട്). 24 ജൂണ്‍ വരെ ഉപരോധം തുടര്‍ന്നു. തിരുവിതാംകൂര്‍ രാജാവ് ഒരു സേനയെ അയയ്ക്കുന്നുവെന്ന വാര്‍ത്ത പരന്നതിനെത്തുടര്‍ന്ന് മൂന്ന് വശത്തുനിന്നും വലിയ ആക്രമണമുണ്ടായി. ഒക്‌ടോബര്‍ 1 വരെ കോട്ട മോചിപ്പിക്കാനായില്ല. ഒക്‌ടോബര്‍ 17ന് കാര്‍വാറില്‍ നിന്നും സൂറത്തില്‍ നിന്നും 300 പേരടങ്ങുന്ന സൈന്യമെത്തിയാണ് കോട്ട മോചിപ്പിച്ചത്. മദ്രാസ് ഗസറ്റില്‍ പറയുന്നത് മണ്‍സൂണ്‍ കഴിയുന്നതുവരെ ബോംബെയില്‍ നിന്ന് സൈന്യത്തെ എത്തിക്കാന്‍ കഴിഞ്ഞില്ലെന്നും ആറുമാസം കഴിഞ്ഞാണ് അതിനുകഴിഞ്ഞതെ ന്നുമാണ്. ഗിഫോഡിന്റെ യാത്ര സംബന്ധിച്ച് ബിദ്ദുള്‍ഫിന്റെ വിവരണത്തില്‍, യാത്രയ്ക്കിടയില്‍ വച്ച് റാണിയില്‍നിന്ന് ഗിഫോഡിന് കിട്ടിയ ഒരു സന്ദേശപ്രകാരം സാഹചര്യത്തില്‍ സംശയം തോന്നിയ സൈമണ്‍ കൗസ് തിരികെ പോകാമെന്ന് ഗിഫോഡിനോട് പറഞ്ഞെങ്കിലും അയാളതിന് വിസമ്മതിച്ചുവത്രെ. ഫാക്റ്ററിക്കാര്‍ നിരായുധരായിരുന്നെന്നും അതില്‍ പറയുന്നു. ബൂര്‍ബനുശേഷം വന്ന കിഫിനും അയാളെ മാറ്റിക്കൊണ്ട് 1710 ല്‍ കോട്ടയുടെ ചുമതലയേറ്റ ഗിഫോഡും സ്വാര്‍ത്ഥമതികളും കമ്പനിയുടെ താല്‍പ്പര്യത്തിനുപരി സ്വന്തം താല്‍പ്പര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയവരുമായി രുന്നുവെന്ന് ഇന്നെസ് രേഖപ്പെടുത്തിയിട്ടുണ്ട്. കിഫിന്‍ ഒരു സ്വതന്ത്ര വ്യാപാരിയായി വന്നശേഷം കോട്ടയുടെ ചുമതലക്കാരനായവനാണ്. അയാള്‍ പ്രാദേശിക രാഷ്ട്രീയത്തിലും ഇടപെട്ടിരുന്നു. അയാളെക്കാള്‍ സ്വാര്‍ത്ഥനും കുഴപ്പക്കാരനുമായിരുന്ന ഗിഫോഡ് പോര്‍ട്ടുഗീസുകാരനായ ഇഗ്നേഷ്യോ മെല്‍ബായ് റോസ് എന്ന ദ്വിഭാഷിയുടെ ഉപദേശത്താല്‍ കുരുമുളക് വ്യാപാരത്തില്‍ നാട്ടുകാരോട് വഞ്ചനകാട്ടിയെന്ന് ഇന്നെസ് രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെയും ഭാര്യയുടെയും സ്ഥലവാസികളോടുള്ള പെരുമാറ്റവും ദുഃസഹമായിരുന്നു. സംഭവത്തിനുത്തരവാദി ഫാക്റ്ററിയാണെന്ന് വിവിധ രേഖകളില്‍ നിന്ന് മനസ്സിലാക്കാം. കാന്റര്‍ വിഷര്‍ കലാപത്തിന്റെ കുറ്റം റാണിയില്‍ ചാര്‍ത്തുന്നു. റാണിയെ സന്ദര്‍ശിച്ച് ഉപഹാരം സമര്‍പ്പിക്കാന്‍ ഗിഫോഡ് പോകുന്നതിന്റെ വിവരണം വിഷര്‍ നല്‍കുന്നതനുസരിച്ച്, രാജകുടുംബത്തിന്റെ അമ്മയായ ആറ്റിങ്ങല്‍ റാണിയുമായി യോജിപ്പു ണ്ടാക്കാന്‍വേണ്ടി ഇംഗ്ലീഷ് കമാണ്ടര്‍ കുറച്ച് വിലയേറിയ ഉപഹാരങ്ങളുമായി പോകാന്‍ തീരുമാനിക്കുകയും അത് കൂടുതല്‍ സ്വീകാര്യതയുള്ളതാക്കാനായി രോഗികളെയും വികലാംഗരെയും മാത്രം കോട്ടയ്ക്കുള്ളില്‍ നിര്‍ത്തിയിട്ട് ബാക്കിയുണ്ടായിരുന്ന ധാരാളം അകമ്പടിക്കാരെയുംകൂട്ടി സ്വയം ഉപഹാരം കൊണ്ടുചെല്ലുകയുമാണുണ്ടായതെന്നാണ്. 140 പേരാണ് ഗിഫോഡിനെ അനുഗമിച്ചതെന്നും അവര്‍ കാഹളംമുഴക്കി വലിയ ആഘോഷപൂര്‍വമാണ് പോയതെന്നും രാജ്ഞി അവരെ ആഹ്ലാദപൂര്‍വം സ്വീകരിച്ചശേഷം അന്നുരാത്രിയില്‍ അവിടെ തങ്ങാനാവശ്യപ്പെട്ടെന്നും ഒരു സംശയവും തോന്നാതിരുന്ന കമാണ്ടര്‍ അത് സമ്മതിച്ചെന്നുമാണ് വിഷറുടെ കത്തുകളില്‍. അവരെ ഒരുമിച്ച് താമസിപ്പിക്കാന്‍ അസൗകര്യമുണ്ടെന്ന് പറഞ്ഞ് പലേടത്തായി പരസ്പരം സഹായിക്കാനാകാത്ത തരത്തില്‍ താമസിപ്പിച്ചെന്നും രാത്രിയില്‍ നാട്ടുകാര്‍ അവരുടെ നിര്‍ഭാഗ്യവാന്മാരായ അതിഥികളെ വകവരുത്തിയെന്നുമാണ് ഡച്ച് കമാണ്ടറുടെ വിവരണം. സായുധരായിരുന്ന യൂറോപ്യന്മാര്‍ പരമാവധി ചെറുത്തുനിന്നെങ്കിലും ഒരു യൂറോപ്യനും രക്ഷപ്പെട്ടില്ലെന്നും ചില കൂലിക്കാര്‍ മാത്രം രക്ഷപ്പെട്ട് ആ കൂട്ടക്കൊലയുടെ വിവരം കോട്ടയിലെത്തിച്ചെന്നും അയാള്‍ എഴുതുന്നു. ഇതില്‍ റാണി തന്നെ വഞ്ചനാബുദ്ധിയോടെ ക്രൂരമായി ആസൂത്രണം ചെയ്തതാണ് കൊലകളെന്നും അത് കൊട്ടാരപരിസരത്ത്‌വച്ചുതന്നെയായിരുന്നെന്നും പറയുമ്പോള്‍, അഞ്ചുതെങ്ങുരേഖകളും ഇംഗ്ലീഷുകാരുടെ തന്നെ വിവരണങ്ങളും വലിയ ഏലായില്‍ വച്ചാണെന്നും കൊല്ലമ്പുഴ ആറ്റില്‍ വച്ചാണെന്നും രണ്ട് തരത്തില്‍ സൂചിപ്പിക്കുന്നു.
കേണല്‍ ജോണ്‍ ബിദുള്‍ഫ് തികച്ചും വ്യത്യസ്തമായ ഒരു വിവരണമാണ് നല്‍കുന്നത്. അയാള്‍ കലാപത്തിന്റെ ഉത്തരവാദിത്തം ഗിഫോഡില്‍ ചുമത്തുന്നു. സ്വാര്‍ത്ഥതയുടെ കാര്യത്തിലും നാട്ടുകാരെ വെറുപ്പിക്കുന്നതിലും മുന്‍ഗാമിയായ കിഫിനെ പിന്നിലാക്കിയ ഗിഫോഡ് കമ്പനിയുടെ പണത്താല്‍ സ്വന്തമായി വ്യാപാരം നടത്താനാണ് ശ്രമിച്ചത്. അതിനായി വലിയ കുഴപ്പക്കാരനായിരുന്ന പോര്‍ട്ടുഗീസുകാരന്‍ ദ്വിഭാഷി ഇഗ്നേഷ്യോ മല്‍ഹെയ്‌റോസുമായി രഹസ്യധാരണയുണ്ടാക്കി. അതിനുമുമ്പ് അയാള്‍ ഒരു പണംവായ്പാഇടപാടില്‍ ഒരു ക്ഷേത്രംവക ഭൂമി തട്ടിയെടുക്കാനായി മതപരമായ വൈരം വളര്‍ത്താന്‍ ശ്രമിച്ചിരുന്നു. ഗിഫോഡ് നാട്ടുകാരായ വ്യാപാരികളുമായുള്ള ഇടപാടില്‍ കുരുമുളകിന്റെ വില ഫാക്റ്ററി പുസ്തകങ്ങളില്‍ കള്ളക്കണക്കുകളെഴുതിയും കള്ളത്തൂക്കത്തിലൂടെയും ഇടപാടുകാരില്‍ വിദ്വേഷം വളര്‍ത്തി. ഗിഫോഡും ഭാര്യ കാതറിനും മോശമായ പെരുമാറ്റം മൂലം മുമ്പേതന്നെ മുഹമ്മദീയരുമായുള്ള ബന്ധം വഷളാക്കിയിരുന്നു. ഇതിനിടയില്‍ ഈസ്റ്ററാഘോഷം നടക്കുമ്പോള്‍ പോര്‍ട്ടുഗീസ് ദ്വിഭാഷിയുടെ ഭാര്യ വ്യാപാരാവശ്യ ത്തിന് കോട്ടയിലെത്തിയ മുഹമ്മദീയ വ്യാപാരികളുടെ പുറത്ത് മാലിന്യം വലിച്ചെറിഞ്ഞു. വ്യാപാരി പരാതിപ്പെട്ടപ്പോള്‍ ഗിഫോഡ് യഥാര്‍ത്ഥ കുറ്റവാളിയെ ശിക്ഷിക്കുന്നതിന് പകരം പരാതിക്കാരുടെ വാള് വാങ്ങി ഒടിച്ചുകളഞ്ഞ് അപമാനിച്ചിട്ട് അവരോട് പോകാന്‍ പറഞ്ഞു. ഈ തര്‍ക്കം വളര്‍ന്ന് കലാപമായി. കമ്പനിക്കാരുടെ നിയമവിരുദ്ധമായ അധികാരദുര്‍വിനിയോഗവും ആത്മാഭിമാനം സംരക്ഷിക്കാനായി നാട്ടുകാര്‍ നടത്തിയ പ്രതിഷേധവുമാണ് അഞ്ചുതെങ്ങ് കലാപത്തിന്റെ പശ്ചാത്തലം. നാട്ടുകാരെ പിന്നില്‍നിന്ന് പ്രചോദിപ്പിച്ച ഡച്ചുകാര്‍ റാണിയെ പഴിചാരി തടിയൂരുന്നതാണ് വിഷറുടെ കത്തുകളില്‍ കാണുന്നത്. ഏത് വിധേനയും അഞ്ചുതെങ്ങുകോട്ട കേന്ദ്രീകരിച്ചുള്ള ഇംഗ്ലീഷുകാരുടെ വാണിജ്യം തടയേണ്ടത് ഡച്ചുകാരുടെ ആവശ്യമായിരുന്നു. മറിച്ച്, കോട്ടയില്‍ പെട്ടുപോയവര്‍ക്ക് അഭയം നല്‍കുന്നതും കുറ്റവാളികള്‍ക്ക് ശിക്ഷയുറപ്പാക്കുന്നതും തലശ്ശേരിയില്‍ നിന്നെത്തിയ ഇംഗ്ലീഷ് സൈന്യത്തിന് പലവ്യഞ്ജനങ്ങളെത്തിച്ചു കൊടുക്കുന്നതും റാണിയാണ്. 1723 ആഗസ്റ്റ് 15 ന് തിരുവിതാംകൂര്‍ രാജാവ് കോട്ടയുടെ മുഖ്യനായ ഡോ. ഓര്‍മേയ്ക്കയച്ച കത്ത് ലോഗന്‍ ഉദ്ധരിക്കുന്നതില്‍ കമ്പനിക്ക് ഏത് തരം നഷ്ടപരിഹാരവും ചെയ്യാന്‍ രാജാവ് തയാറാകുന്നു. മാത്രമല്ല, താന്‍ നേരിട്ട് സ്ഥലത്തുപോയി കുറ്റവാളികളെ കണ്ടുപിടിച്ച് ശിക്ഷിക്കാന്‍ തയാറാണെന്നും വ്യക്തമാക്കുന്നുണ്ട്. റാണിക്കോ, രാജകുടുംബത്തിനോ ഈ കൂട്ടക്കൊല നടത്തുന്നതിന്റെ ലക്ഷ്യമില്ലായ്മയും സംഭവത്തിനോട് കൊട്ടാരവും രാജ്ഞിയും സ്വീകരിച്ച സമീപനവും അതുമൂലം കമ്പനിക്കുണ്ടായ നഷ്ടം നികത്തുന്നതിനായി ഉണ്ടാക്കിയ കരാറുകളുടെ ഉള്ളടക്കവും എല്ലാറ്റിനുമുപരി കൊട്ടാരത്തിനെതിരായ തെളിവുകളുടെ അഭാവവും രാജ്ഞിയെ ഈ സംഭവവുമായി ബന്ധപ്പെടുത്തുന്നതിന് വിഘാതമാകുന്നു. രാമവര്‍മ്മയുടെ ഭരണകാലത്തെ സാമ്പത്തികസ്ഥിതിയും ഇത്തരമൊരു സാഹസത്തെക്കുറിച്ച് ആലോചിക്കുന്നതിന് രാജ്ഞിയെ പ്രേരിപ്പിക്കുന്നതല്ല.
അഞ്ചുതെങ്ങ് കലാപത്തെപ്പറ്റി ടി.കെ. വേലുപ്പിള്ളയുടെ നിരീക്ഷണത്തില്‍, മധുരനായിക്കന്മാരുടെ കൊള്ളകള്‍മൂലം കൃഷിയും മറ്റ് പല നഷ്ടങ്ങളും സംഭവിച്ച നാഞ്ചിനാട്ടെ കര്‍ഷകരില്‍ നിന്ന് ബലംപ്രയോഗിച്ച് പലതരം നികുതികള്‍ പിരിക്കാനുള്ള ഉദ്യോഗസ്ഥന്മാരുടെ ക്രൂരമായ ശ്രമം കര്‍ഷകരെ അസംതൃപ്തരാക്കി. അവരുടെ പരിദേവനങ്ങള്‍ പരിഹരിക്കാന്‍ രാജാവിന് കഴിഞ്ഞില്ല. ഈ സമയത്ത് ആറ്റിങ്ങലിലെ സ്ഥിതിയും സങ്കീര്‍ണമായി. ആ മേഖലയില്‍ ഇംഗ്ലീഷ് കമ്പനിയുടെ ശക്തിയും പ്രാധാന്യവും വര്‍ദ്ധിച്ചു. കുരുമുളകിന്റെ വ്യാപാരം മൊത്തമായി, അവര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് ഇംഗ്ലീഷുകമ്പനിക്ക് നല്‍കിയത് വിവിധ ജാതിക്കാരായ കൃഷിക്കാരെയും പ്രമുഖ വണിക്കുകളായിരുന്ന മുസ്ലിങ്ങളെയും പ്രതികൂലമായി ബാധിച്ചു. ഫാക്റ്ററിക്കാരുടെ ഏകപക്ഷീയമായ വാണിജ്യരീതികളും അവരോടുള്ള ആശ്രിതത്വവും പ്രാദേശിക വാണിജ്യക്കാരിലും കൃഷിക്കാരിലും അമര്‍ഷംകൂട്ടി. പല ഇംഗ്ലീഷ് കച്ചവടക്കാരും എതിര്‍ കമ്പനികളുമായി ധാരണയിലാകുകയും ചിലര്‍ കമ്പനിയുടെ ചെലവില്‍ സ്വയം സമ്പന്നരാകാനായി പ്രാദേശികമായി രഹസ്യബന്ധങ്ങളുണ്ടാക്കുകയും ചെയ്തു (പു.244). കമ്പനിയുടെ ഏജന്റന്മാര്‍ സ്വന്തം വാണിജ്യം വിപുലമാക്കാനായി വിവിധ ഉപഹാരങ്ങള്‍ നല്‍കി റാണിയെ പ്രീതിപ്പെടുത്താന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഭൂരിപക്ഷം നാട്ടുകാരും വിശ്വസിച്ചിരുന്നത് ഇംഗ്ലീഷുകാര്‍ കടല്‍ക്കൊള്ളക്കാരാണെന്നാണ്.22 രാജ്യത്തെ ഭരിച്ചിരുന്ന കീഴ്‌വഴക്ക പ്രകാരം, സ്വന്തം ജില്ലകളില്‍ അംഗീകരിക്കപ്പെടാത്തതും ജില്ലയുടെ യോഗങ്ങളില്‍ സാധൂകരിക്കപ്പെടാത്തതുമായ ഉത്തരവുകളും ആജ്ഞകളും ആഗ്രഹങ്ങളും രാജാവിന്റെ സഭയുടെ തീരുമാനങ്ങളും പ്രജകളുടെ നിയമങ്ങള്‍ക്കും ക്ഷേമത്തിനും പ്രത്യേകാവകാശങ്ങള്‍ക്കും യോജിക്കാത്തവയാണെങ്കില്‍ അവയൊന്നും അനുസരിക്കാന്‍ പ്രജകള്‍ ബാധ്യസ്തരല്ല. എന്നാല്‍23 ഇംഗ്ലീഷ് കമ്പനിക്ക് വേണ്ടിയിരുന്നത് അവരാഗ്രഹിച്ച ഉല്‍പ്പന്നങ്ങളുടെയെല്ലാം കുത്തക അവര്‍ക്ക് നല്‍കാന്‍ കഴിയുന്നതും അക്കാര്യം ഉരുക്കുമുഷ്ടിയുപയോഗിച്ച് നടപ്പാക്കാന്‍ കഴിയുന്നതുമായ ഒരു ഏകാധിപതിയെയാണ്. ഇംഗ്ലീഷ് കമ്പനിയും തിരുവിതാംകൂറുമായുള്ള സൗഹൃദം ഡച്ചുകാരുടെ പുറത്താക്കലിന് കാരണമാകുമെന്ന് അവര്‍ ഭയന്നിരുന്നു. 24 അഞ്ചുതെങ്ങുകോട്ട ഡച്ചുകാരുടെ കുരുമുളക് വാണിജ്യക്കുത്തക തകര്‍ക്കാനുദ്ദേശിച്ച് നിര്‍മ്മിച്ചതാണെന്ന തിരിച്ചറിവും ഡച്ചുകാര്‍ക്കുണ്ടായിരുന്നു. 1673ല്‍ ഡച്ചുകാര്‍ ബോംബെയിലെ ഇംഗ്ലീഷ്താവളം ആക്രമിച്ചെങ്കിലും പരാജയപ്പെട്ടു. 1696 ല്‍ ഇംഗ്ലീഷുകാര്‍ അതിന് തിരിച്ചടിച്ചത് അഞ്ചുതെങ്ങിലെ ഡച്ചുഫാക്റ്ററി കത്തിച്ചുകൊണ്ടായിരുന്നു.25 അവരുടെ ഒരു ശത്രുവിന് അവിടെ സംരക്ഷണം നല്‍കിയെന്ന മറയുപയോഗിച്ചായിരുന്നു ആ നടപടി. 1715-1716 ല്‍ ജേക്കബ്‌സിന്റെ നേതൃത്വത്തില്‍ ബതാവിയയില്‍നിന്ന് ഒരു വലിയ സേന മലബാറിലെത്തുകയും അവരുടെ വരവ് മലബാറിലെ എല്ലാ രാജാക്കന്മാരെയും അറിയിക്കുകയും ചെയ്തു. സ്വന്തം സ്വാധീനത കൊല്ലംവരെ വ്യാപിപ്പിക്കാന്‍വേണ്ടി, മലബാറിലെ വിജയത്തിന്റെ പശ്ചാത്തലത്തില്‍ ഡച്ചുകാര്‍ ബ്രിട്ടീഷുകാരുടെ ഒരു മുഖ്യതാവളമായ അഞ്ചുതെങ്ങ് കോട്ട ആക്രമിക്കാന്‍ മുതിര്‍ന്നു. ഡച്ചുകാരുടെ താവളമുപേക്ഷിച്ചുവന്നവര്‍ക്ക് ഇംഗ്ലീഷുകാര്‍ ജോലി നല്‍കിയതും അവരെ പ്രകോപിപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് അഞ്ചുതെങ്ങ് ഫാക്റ്ററിക്കാര്‍ കൊല്ലപ്പെട്ടതെന്ന് ടി. കെ. വേലുപ്പിള്ള കരുതുന്നു. ഹാമില്‍ട്ടണ്‍, ബേഡ്‌വുഡ്, അക്കാലത്തെ മറ്റ് ബ്രിട്ടീഷെഴുത്തുകാര്‍ എന്നിവരുടെ വീക്ഷണത്തിന്റെ അങ്ങേ അറ്റമാണ് ലോഗന്റെ നിഗമനങ്ങളെന്ന് അദ്ദേഹം കരുതുന്നു. കെ.പി പദ്മനാഭ മേനോനും നാഗം അയ്യയുടെ വിവരണം സ്വീകരിക്കുന്നു. കോട്ടയുടെ ഉപരോധത്തിന്റെയും അതിനെ ആറുമാസം പീരങ്കി ഓഫീസര്‍ ഇന്‍സ് തടഞ്ഞുനിര്‍ത്തിയതിന്റെയും ഒരു ദൃശ്യവിവരണം ബിദ്ദുള്‍ഫ് നല്‍കുന്നുണ്ട്. ഈ സമയത്തൊന്നും ഡച്ചുകാരുടെ സഹായം അക്രമികള്‍ക്ക് കിട്ടിയതായി കാണുന്നില്ലെന്നല്ല, വിഷര്‍ റാണിയെ പഴിക്കുന്നുമുണ്ട്. ഇതില്‍ പങ്കെടുത്തത് അഞ്ചുതെങ്ങിലെയും ആറ്റിങ്ങലിലെയും നാട്ടുകാരാണ്.26
മൂത്ത തമ്പുരാന്റെ കത്ത്
1721 ജൂണില്‍ ആക്രമണത്തെപ്പറ്റി ആറ്റിങ്ങല്‍ മൂത്ത തമ്പുരാന്‍ സെന്റ് ജോര്‍ജ് കോട്ടയുടെ ഗവര്‍ണര്‍ക്കയച്ച കത്ത് തുടങ്ങുന്നത്, ”ആദ്യമായി വ്യാപാരികളെ ക്ഷണിക്കുമ്പോള്‍ ഇംഗ്ലീഷുകാരും തനിക്ക് മറ്റുള്ളവരെപ്പോലെതന്നെയായിരുന്നെന്നും അവര്‍ക്ക് കോട്ടകെട്ടുവാനായി ഒരു വലിയ തറ നല്‍കിയെന്നും അവര്‍ക്ക് ഉപദ്രവമൊന്നുമുണ്ടാകുകയില്ലെന്ന് ഉറപ്പുനല്‍കിയെന്നും പറഞ്ഞു കൊണ്ടാണ്. എന്നാല്‍, ഒരു ഇംഗ്ലീഷ് കമാണ്ടര്‍, ധാരണയ്ക്ക് വിരുദ്ധമായി പെരുമാറിയെന്നും ഗിഫോഡ് അഞ്ചുതെങ്ങില്‍ വന്ന ശേഷം കോട്ടയുടെ ചുറ്റുമുള്ള ഗ്രാമവാസികള്‍ ഇംഗ്ലീഷുകാര്‍ക്കെതിരേ ആയുധമെടുക്കുകയും അവരില്‍ ചിലര്‍ ഗ്രാമത്തില്‍ കൊല്ലപ്പെടുകയും ചെയ്തുവെന്നും കത്ത് തുടരുന്നു. 1720 ആഗസ്റ്റിലാണ് പ്രശ്‌നത്തിന്റെ ആരംഭം. കൊച്ചിയില്‍ നിന്ന് കുരുമുളക് വ്യാപാരം പട്ടാളക്കാരെയുംകൂട്ടി നില്‍ക്കാനാരംഭിച്ചത് സ്ഥലവാസികളെ വല്ലാതെ ഭയപ്പെടുത്തുകയും അവര്‍ സ്ഥലമൊഴിഞ്ഞ് എന്റെ അരുകിലേയ്ക്ക് വരുകയും ചെയ്തു. ഞാനപ്പോള്‍ ഇംഗ്ലീഷുകാരും സ്ഥലവാസികളുമായുള്ള തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കാനായി എന്റെ മുഖ്യകാര്യദര്‍ശിയായ വഞ്ചിമുട്ടന്‍ പിള്ളയെ പറഞ്ഞുവിടുകയും അവരോട് തിരികെ പോയി സാധാരണപോലെ താമസിക്കുവാനും ആജ്ഞാപിച്ചു. കഴിഞ്ഞ ഏപ്രില്‍ 6-ാം തീയതി എന്റെ മുഖ്യകാര്യദര്‍ശികളിലൊരാളായ കുടമണ്‍പിള്ളയെ കൂടുതലായി ചില സ്ഥലവാസികളോടൊത്ത് അയയ്ക്കുകയും അവരോട് ഇംഗ്ലീഷുകാരുമായി സമാധാനത്തില്‍ കഴിയാനും അവര്‍ക്കുണ്ടായിട്ടുള്ള നഷ്ടങ്ങള്‍ പരിഹരിക്കാ നും ഉത്തരവിടുകയും അത് അവര്‍ അനുസരിക്കുകയും ചെയ്തു. ഏപ്രില്‍ 14 ന് ഗവര്‍ണര്‍ കുറേ മാന്യന്മാരുമൊത്ത് 150 പട്ടാളക്കാരുമായി എന്നെ കാണാന്‍ വരുകയും എന്റെ വീട്ടില്‍ എത്തിയ സമയത്ത് മുകളില്‍ പറഞ്ഞ കുടമണ്‍ പിള്ള കുറേ സ്ഥലവാസികളുമായി ചേര്‍ന്നുകൊണ്ട് അവരുടെമേല്‍ ചാടിവീണ് അവരെ കൊന്നുകളയുകയും ചെയ്തു. ഇത് ഞാനോ എന്റെ ഏതെങ്കിലും സഹായികളോ അറിഞ്ഞുകൊണ്ട് സംഭവിച്ചതല്ല. സ്ഥലവാസികള്‍ കുറ്റവാളികളെന്ന നിലയില്‍ ഇംഗ്ലീഷുകാരോട് ചെയ്ത ഈ ചതി അറിഞ്ഞ ഉടന്‍ തന്നെ ഞാന്‍ എന്റെ കുടുംബത്തോടും മുഖ്യകാര്യദര്‍ശി വഞ്ചിമുട്ടം പിള്ളയോടുമൊപ്പം മറ്റൊരു ഭരണ കേന്ദ്രത്തിലേയ്ക്ക് മാറുകയും ഇംഗ്ലീഷുകാര്‍ അവിടെ വന്ന് സാധാരണ നിലയില്‍ താമസമാക്കുന്നതുവരെ ഞാന്‍ അങ്ങോട്ടുവരികയില്ലെന്നും ഇപ്പോള്‍ താമസിക്കുന്നേടത്ത് തന്നെ താമസിക്കുമെന്നും സ്ഥലവാസികള്‍ക്ക് എഴുതുകയും ചെയ്തിട്ടുണ്ട്. അതിനാല്‍ താങ്കള്‍ കുറച്ചുപേരെ സേനയോടൊപ്പം പരമാവധി വേഗം അങ്ങോട്ടയയ്ക്കുമെന്ന് ഞാനാഗ്രഹിക്കുന്നു. നിങ്ങളവിടെ എത്തുമ്പോള്‍ ഞാന്‍ എന്റെ സേനയുമായി അവിടെ എത്തുകയും നിങ്ങളാവശ്യപ്പെടുന്ന ഏത് സഹായവും നല്‍കാമെന്ന് ഉറപ്പ് തരുന്നു. ഈ കത്ത് കൊണ്ടുവരുന്ന കിസ്‌ന ബ്രാമിനിയുടെ കൈയില്‍ അതിവേഗം മറുപടി കൊടുത്തുവിടുമെന്ന് ആഗ്രഹിക്കുന്നു”. 1720 മുതല്‍ തന്നെ നാട്ടുകാരും ഇംഗ്ലീഷുകാരുമായി ചില പ്രശ്‌നങ്ങളുണ്ടായിരു ന്നുവെന്നും പ്രദേശവാസികളുടെ പരാതി മൂലം രണ്ട് വട്ടമെങ്കിലും അതില്‍ ആറ്റിങ്ങല്‍ റാണിക്ക് ഇടപെടേണ്ടി വന്നിട്ടുണ്ടെന്നും ഒരിക്കല്‍ വഞ്ചിമുട്ടംപിള്ളയും പിന്നീടൊരിക്കല്‍ കുടമണ്‍പിള്ളയും അത് പറഞ്ഞൊതുക്കുന്നതിന് അഞ്ചുതെങ്ങില്‍ പോയിരുന്നുവെന്നും ഈ കത്തില്‍നിന്നറിയാം. കുടമണ്‍പിള്ള പോയതിന്റെ എട്ടാം നാളിലാണ് ഗിഫോഡിന്റെ യാത്രയും നാട്ടുകാരുടെ ആക്രമണവും നടന്നത്. ഈ കത്തില്‍ പറയും പ്രകാരം കുടമണ്‍പിള്ള ഇംഗ്ലീഷ് സംഘത്തെ കൊല്ലാന്‍ നാട്ടുകാര്‍ക്കൊപ്പം കൂടിയെങ്കില്‍ അത് അവരുടെ പക്ഷത്താണ് ന്യായമെന്ന് കണ്ടതുകൊണ്ടാകണമല്ലൊ. രണ്ടാം വട്ടം ഒത്തുതീര്‍പ്പിന് പോയിരുന്നത് അദ്ദേഹമാണല്ലൊ. കാഴ്ചദ്രവ്യങ്ങള്‍ തങ്ങളെ ഏല്‍പ്പിക്ക ണമെന്ന് എട്ടുവീട്ടില്‍ പിള്ളമാരോ, കുടമണ്‍ പിള്ളയോ ആവശ്യപ്പെട്ടതായി ഒരു സൂചനയുമില്ല. മറിച്ച,് എല്ലാവര്‍ഷവും കുരുമുളക് തൂക്കുമ്മുമ്പ് തന്നെ വന്നുകാണണമെന്നും തന്റെ പ്രതിനിധികളുടെ സാമീപ്യത്തിലായിരിക്കണം അത് തൂക്കേണ്ടതെന്നും അനുമതിയുത്തരവില്‍ കൃത്യമായി റാണി വ്യവസ്ഥവയ്ക്കുന്നുണ്ട്. അത് ഏഴ് വര്‍ഷമായി മുടക്കിയിരുന്നുവെന്നും അത് വീണ്ടും തുടരുന്നതി ന്റെ ഭാഗമായിട്ടായിരുന്നൂ 1721 ലെ കൂട്ടമായ സന്ദര്‍ശനമെന്നുമൊക്കെ വ്യക്തമാണ്. കരാറനുസരിച്ച് പെരുമാറണമെന്ന കാര്യമാണ് പ്രശ്‌നത്തിന്റെ കാതല്‍. കുടമണ്‍പിള്ള ഇതിലുള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ത്തന്നെ ഇതിലെങ്ങും എട്ടുവീട്ടില്‍ പിള്ളമാരുടെ ഗൂഢാലോചനയുടെ നേരിയ സൂചന പോലുമില്ല. 27 കേണല്‍ ജോണ്‍ ബിദുള്‍ഫ് കുടമണ്‍പിള്ളയെ കുറ്റവിമുക്തനാക്കുന്നുണ്ട്. വഞ്ചിമുട്ടം പിള്ള ഈ കലാപത്തില്‍ പങ്കാളിയല്ല. നാട്ടുകാരില്‍ വലിയൊരുവിഭാഗം ഇതില്‍ പങ്കെടുത്തിരുന്നില്ലെങ്കില്‍ 140, 151, 250 എന്നെല്ലാം അഭിപ്രായങ്ങളുള്ള വലിയസംഘം ആയുധധാരികളായ പട്ടാളത്തെ മുഴുവന്‍ കൊല്ലുവാനും തുടര്‍ന്ന് കോട്ടയിലേയ്ക്ക് പോയി 20 പേരോളമുള്ള പീരങ്കിസേനയുടെയും പിന്നീട് വന്ന സഹായസേനയുടെയും തിരിച്ചടി അതിജീവിച്ച്, റാണിയുടെ സഹായംകൂടിയുണ്ടായിരുന്ന കോട്ട നിവാസികളെ ആറുമാസം ഉപരോധിക്കാനും കലാപകാരികള്‍ക്ക് കഴിയുമായിരുന്നില്ല. കുടമണ്‍പിള്ള അതിന്റെ പേരില്‍ എന്തെങ്കിലും നടപടി നേരിട്ടതായും നിരീക്ഷണങ്ങളില്ല. 1697 മുതല്‍ ജനങ്ങള്‍ അഞ്ചുതെങ്ങ് കോട്ടയ്‌ക്കെതിരേ പ്രക്ഷോഭിച്ചിരുന്നതായി ഇംഗ്ലീഷ് രേഖകളുണ്ട്.
പലതുകൊണ്ടും ജനങ്ങള്‍ രാജകുടുംബത്തോട് പഴയ ആഭിമുഖ്യം കാട്ടിയില്ല. ഇംഗ്ലീഷുകാരുടെ അക്രമത്തിനെതിരേ രാജ്ഞിയോടോ, രാജാവിനോടോ പരാതിപ്പെടുന്നതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്ന ധാരണയും കലാപത്തിലേയ്ക്ക് നയിച്ചു. കുടമണ്‍പിള്ള നാട്ടുകാര്‍ക്കുവേണ്ടി നിന്നിട്ടുണ്ടാകാം.28 ആദിത്യവര്‍മ്മ സേനയുടെ ഒരു വിഭാഗത്തെ പിരിച്ചുവിട്ടതിനാല്‍ 1726ല്‍ രാജ്യത്തിന്റെ ക്രമസമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കാനായി 1000 കാല്‍പ്പടയാളികളെയും 2000 ശിപായിമാരെയും കര്‍ണാടകത്തില്‍ നിന്ന് കടമെടുക്കേണ്ടിവന്നു. 1694 ജൂണില്‍ റാണി കമ്പനിക്ക് നല്‍കിയ ഉത്തരവില്‍ കോട്ടയും പണ്ടികശാലയും അവര്‍ക്ക് വസിക്കാന്‍ വീടുകളും നിര്‍മ്മിക്കാന്‍ അനുവദിക്കുന്നതോടൊപ്പം വച്ച വ്യവസ്ഥകളെല്ലാം അവര്‍ ക്രമേണ ലംഘിച്ചു. തന്നോട് അനുസരണയുള്ളവരായിരിക്കണമെന്ന് അതില്‍ ആവര്‍ത്തിച്ചുപറയുന്നുണ്ടെങ്കിലും കോട്ടയുടെ പണി തീര്‍ന്നതോടെ അവര്‍ റാണിയെ പരസ്യമായി ധിക്കരിച്ചു. എന്നാല്‍, ഇംഗ്ലീഷുകാരുടെ സ്വാധീനത വര്‍ദ്ധിക്കുന്നതനുസരിച്ച് 1695 മുതല്‍ നാട്ടില്‍ ഇംഗ്ലീഷ് വിരുദ്ധ കലാപങ്ങളുമുയര്‍ന്നുവന്നു. 1721 ലെ കലാപത്തെത്തുടര്‍ന്ന് ഇംഗ്ലീഷുകാരുമായുണ്ടാക്കിയ കരാറില്‍ മുഴുവന്‍ കുരുമുളകും അവര്‍ക്ക് നല്‍കാനും അവര്‍ക്ക് താല്‍പ്പര്യമുള്ളേടത്തെല്ലാം പുതിയ ഫാക്റ്ററികള്‍ നിര്‍മ്മിക്കാനും അനുമതി നല്‍കി. കലാപത്തില്‍ നഷ്ടപ്പെട്ട ആയുധങ്ങളെല്ലാം തിരികെ നല്‍ കാനും തകര്‍ക്കപ്പെട്ട ക്രിസ്ത്യന്‍ പള്ളി പുനര്‍ നിര്‍മ്മിക്കാനാവശ്യമായ തടി മുഴുവന്‍ നല്‍കാനും രാജാവ് സമ്മതിച്ചു. 1723 ഏപ്രില്‍ 25ന് ഡോ. റോബര്‍ട്ട് ഓര്‍മേയും തിരുവിതാംകൂര്‍ രാജാവിന്റെ നിര്‍ദ്ദേശപ്രകാരം നെയ്യാറ്റിന്‍കര യുവരാജാവുമായി വച്ച കരാറില്‍ ഇംഗ്ലീഷുകാര്‍ക്ക് കുളച്ചല്‍ സര്‍ക്കാര്‍ ചെലവില്‍ ഒരു കോട്ട കെട്ടാനും അവിടെ നാണയമടിക്കാനും, കോട്ടപണിയാന്‍ കാലതാമസം വന്നാല്‍ കമ്മട്ടം സ്വന്തം ചെലവില്‍ കുളച്ചലില്‍ നിന്ന് അഞ്ചുതെങ്ങിലെത്തിച്ചു കൊടുക്കാനുമൊക്കെ കമ്പനിയോട് രാജാവ് വിധേയംകാട്ടി. 1723 ആഗസ്റ്റ് 15 ന് തിരുവിതാംകൂര്‍ രാജാവ് ഡോ. ഓര്‍മേയ്‌ക്കെഴുതിയ കത്തില്‍, മരിച്ചുപോയ പട്ടാളക്കാര്‍ക്കും ആറ്റിങ്ങല്‍ പിടിച്ചെടുത്തതുമൂലവുമുള്ള നഷ്ടപരിഹാരവും കുറ്റക്കാര്‍ക്ക് കമ്പനി പറയുന്ന ശിക്ഷയും വാണിജ്യക്കുത്തകയുമുള്‍പ്പടെ 13 വ്യവസ്ഥകളംഗീകരിക്കുന്നു. തിരുവിതാംകൂര്‍ രാജാവും ആറ്റിങ്ങല്‍ റാണിയും ചേര്‍ന്നുള്ള ദാനരേഖയില്‍ പാലത്തടി, കോട്ടതള്ളി പ്രദേശങ്ങള്‍ മുമ്പ് അഞ്ചുതെങ്ങ് കമാണ്ടര്‍ വാങ്ങിച്ചിരുന്നതാണെന്നും 1721 ലെ കലാപത്തില്‍ കമ്പനിക്കുണ്ടായ നഷ്ടംനികത്താന്‍ ദാനം വീണ്ടും ഉറപ്പിക്കുന്നുവെന്നുമാണ്. ചുരുക്കത്തില്‍ ഈ സംഭവത്തിന്റെ പേരില്‍ രാഷ്ട്രീയമായ കീഴടങ്ങലെന്ന് തോന്നിക്കുന്ന പല ആനുകൂല്യങ്ങളും കമ്പനിക്ക് കിട്ടുകയും അത് തിരുവിതാംകൂറില്‍ അവരുടെ ആധിപത്യത്തിന് വഴിയൊരുക്കുകയും ചെയ്തു. രാജാവ് കമ്പനിക്കയച്ച കത്തുകളിലെ വസ്തുതാവിവരണവും കൃത്യമല്ല. അഞ്ചുതെങ്ങ്- ആറ്റിങ്ങല്‍ കലാപങ്ങള്‍ 1657 തൊട്ടുള്ള പല മുന്‍പ്രക്ഷോഭങ്ങളുടെയും തുടര്‍ച്ചയായിരുന്നു. ലഭ്യമായ തിരുവിതാംകൂര്‍ ചരിത്രകൃതികളില്‍ രേഖകളെ ഏകദേശമെങ്കിലും ശാസ്ത്രീയവും യുക്തിസഹവും കാലാനുസൃതവുമായി ചരിത്രബോധത്തോടെ സമീപിച്ചിട്ടുള്ളത് ടി.കെ.വേലുപ്പിള്ളയാണ്. ഒരു ലേഖനത്തില്‍ ഈ ആശയക്കുഴപ്പങ്ങളുടെ കാര്യകാരണങ്ങളിലേയ്‌ക്കോ, ചരിത്രത്തിന്റെ സമഗ്രമായ തിരുത്തിയെഴുത്തിലേയ്‌ക്കോ കടക്കുവാനാകില്ല. അത് സമഗ്രമായ ഒരു ഗ്രന്ഥത്തിന്റെ വിഷയമാണ്.
****** ***** ******* ****
(അഞ്ചുതെങ്ങ്-ആറ്റിങ്ങല്‍ കലാപങ്ങള്‍: ചരിത്രവും രാഷ്ട്രീയവുമെന്ന അപ്രകാശിത കൃതിയുടെ സംഗ്രഹം)
1 പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇന്ത്യാവിഭജനം പു. 208-220 ഡോ. ബി.ആര്‍. അംബേദ്കര്‍ വിവര്‍ത്തനം എ.ജി.ബാബു
കുരുക്ഷേത്ര പ്രകാശന്‍ 2021
2 ഐവറിതോണ്‍ പു.57 മനുഎസ് പിള്ള
3 Essays on Travancore p. 1 Ulloor S. Parameswara Iyer Cultural publication Dept Kerala 2003
4 ഇ.പു. പു.7
5 Socio-economic Background of the Military History of Travancore Kerala India (PhD Thesis) p. 17
pub. Dr.D.R.Karuna 1993
6 Travancore State Manual Vol.II preface p.iv T.K.Veluppilla
7 ഇ.പു. പു 291
8 Essays on Travancore p.3
9 Travancore State Manual Vol.II p.42
10 Essays on Travancore p.6
11 ibid. p. 4
12 Travancore Manual (\mKw A¿bpsS D²cWn) p.205
13 Dr.G.Krishnan Nadar p. 16
14 മലബാര്‍ മാന്വല്‍ വോള്യം 1 പു.337 വില്യം ലോഗന്‍
15 Dutch in Malabar p.53
16 T.K.V Vol.II p. 233
17 C.A Innes ICS; Editor F.D.Evans 1908
18 മലബാര്‍ മാന്വല്‍ വോള്യം 1 പു. 374-375
19 Surgeon Ives 1757 December
20 മലബാര്‍ മാന്വല്‍ വോള്യം 1 പു. 344
21 T.K.V Vol.II preface p.ix
22 The Dutch in Malabar p. 52 Galletti
23 മലബാര്‍ മാന്വല്‍ വോള്യം 1 പു. 352
24 Bruce III, 124 and 205 cited in p.36, The Dutch in Malabar ,Galletti
25 The Land of the Perumals p.52 Francis Day
26 Anjengo Factory Records 1704 to 1749
27 T.K.V Vol.II. p. 277
28 Essays on Travancore p 63
Comments