കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ കുറിച്ചുള്ള ചര്‍ച്ചകളും വിവാദങ്ങളും മുഴുവന്‍ മലയാളികള്‍ക്കും അപമാനകരമായ രീതിയിലേക്ക് എത്തിയിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് കാലമായി അത് ബന്ധു നിയമനങ്ങളിലും മാര്‍ക്ക് ദാനത്തിലും മറ്റും മാത്രമായി ഒതുങ്ങി നിന്നിരുന്നെങ്കില്‍ ഇന്ന് അത് വിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത ഒന്നടങ്കം ചോദ്യംചെയ്യപ്പെടുന്ന അവസ്ഥയിലേക്കെത്തിയിരിക്കുന്നു. യുവജന കമ്മീഷന്‍ അദ്ധ്യക്ഷയും ഇടത് വിദ്യാര്‍ത്ഥി – യുവജനപ്രസ്ഥാനങ്ങളുടെ മുന്നണി പോരാളിയുമായ ചിന്താ ജെറോം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധത്തിലെ വളരെ ഗുരുതരമായ പിഴവ് കഴിഞ്ഞ ദിവസം വെളിച്ചത്ത് വന്നതോടെയാണ് ഇതിന്റെ ഭീകരത സമൂഹം കൂടുതല്‍ മനസ്സിലാക്കിയത്. എന്നാല്‍ ഇതിന് മുമ്പും സമാനമായ നിരവധി പിഴവുകള്‍ പല കവികളും എഴുത്തുകാരും വിവരാവകാശ പ്രവര്‍ത്തകരും എല്ലാം പലപ്പോഴായി പുറത്ത് കൊണ്ടുവന്നിരുന്നു. എന്നാല്‍ കേരളത്തിലെ മാധ്യമങ്ങളും ബുദ്ധിജീവികളും അതൊന്നും അര്‍ഹിക്കുന്ന ഗൗരവത്തില്‍ ചര്‍ച്ച ചെയ്തില്ല.
പ്രശസ്ത കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് അടുത്തിടെ വളരെ വേദനയോടെ ചൂണ്ടിക്കാട്ടിയ തെറ്റ് സര്‍വ്വകലാശാലകളോ സംസ്‌കാരിക നായകരോ മുഖവിലക്കെടുത്തില്ല. കാരണം അത് ചര്‍ച്ചയായാല്‍ പല ബിംബങ്ങളും തകര്‍ന്നു വീഴും എന്ന് അവര്‍ക്കറിയാം. ചുള്ളിക്കാട് വസന്തതിലകം എന്ന വൃത്തത്തില്‍ എഴുതിയ കവിത ഒരു ഗവേഷണ വിദ്യാര്‍ത്ഥി അത് കേകയില്‍ എഴുതിയ കവിതയാണന്നും അങ്ങനെ എഴുതിയ കവിയെ അഭിനന്ദിച്ചുകൊണ്ടും ഗവേഷണ പ്രബന്ധം സമര്‍പ്പിക്കുകയും അത് സര്‍വ്വകലാശാല അംഗീകരിച്ച് പിഎച്ച്ഡി ബിരുദം നല്കുകയും ചെയ്തു. ഗവേഷക വിദ്യാര്‍ത്ഥിയുടെയും സര്‍വ്വകലാശാലയുടേയും ഈ നടപടി കവിയെ അപമാനിക്കലാണ്. സര്‍വ്വകലാശാലയുടെ തീര്‍ത്തും നിരുത്തരവാദപരമായ ഈ നടപടിയില്‍ പ്രതിഷേധിച്ച് കവി ഇനി തന്റെ കവിതകള്‍ പഠിപ്പിക്കാന്‍ പാടില്ല എന്ന തീരുമാനം പരസ്യമായി പ്രഖ്യാപിക്കുകയുണ്ടായി. ഇത് കേരള സമൂഹത്തിനൊന്നടങ്കവും വിശിഷ്യ വിദ്യാഭ്യാസ മേഖലയ്ക്കും അങ്ങേയറ്റത്തെ നാണക്കേടാണ്. ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ പോലെയുള്ള ഒരു വൃക്തി ഇത്രയും ഗുരുതരമായ ഒരു പിഴവ് ചൂണ്ടിക്കാട്ടിയിട്ട് പോലും അതിനെ അഭിസംബോധന ചെയ്യാന്‍ സര്‍വ്വകലാശാലയോ സര്‍ക്കാരോ തയ്യാറായില്ല എന്ന് മാത്രമല്ല അത്തരം ആരോപണങ്ങളെ അവഗണിക്കാനാണ് ചെയ്യാനാണ് സര്‍ക്കാരും മാധ്യമങ്ങളും ഇടത് കുഴലൂത്തുകാരും ശ്രമിക്കുന്നത്.
ഈ സാഹചര്യം നിലനില്ക്കുമ്പോള്‍ തന്നെയാണ് ചിന്താ ജെറോമിന്റെ പ്രബന്ധത്തിലെ ഗുരുതരമായ പിഴവ് വെളിച്ചത്ത് വന്നത്. കേരളത്തിലെ സാമൂഹ്യമാറ്റത്തിന് വിപ്ലവകരമായ വിത്ത് പാകിയ, കൊച്ചു കുട്ടികള്‍ക്കുവരെ മന:പാഠമായ ചങ്ങമ്പുഴയുടെ ‘വാഴക്കുല’ എന്ന കവിത വൈലോപ്പിള്ളിയുടേതാണന്ന് എഴുതിവെക്കുകയും സര്‍വ്വകലാശാല അത് അംഗീകരിച്ച് യുവനേതാവിന് ഡോക്ടറേറ്റ് ബിരുദം നല്കുകയും ചെയ്തത് കേരളത്തില്‍ പിഎച്ച്ഡി ബിരുദം നേടിയ മുഴുവന്‍ ഗവേഷകര്‍ക്കും അപമാനകരമായി എന്നതാണ് വസ്തുത. ഇത് കേവലം നോട്ടപ്പിശക് എന്ന് പറഞ്ഞ് തള്ളാന്‍ സാധിക്കില്ല. കാരണം ഒരു ഗവേഷക വിദ്യാര്‍ത്ഥി തന്റെ ഗവേഷണ പ്രബന്ധം സമര്‍പ്പിച്ചു കഴിഞ്ഞാല്‍ അത് സര്‍വ്വകലാശാലയുടെ അക്കാദമിക് വിഭാഗം പരിശോധിക്കണം. അതിന് ശേഷം വൈസ് ചാന്‍സലറുടെ അംഗീകാരത്തോടെ പുറത്തു നിന്നുള്ള വിദഗ്ധരെ പരിശോധനയ്ക്കായി ഏല്പിക്കണം. 2009ലെ യുജിസി നിയമപ്രകാരം 3 പേരുടെ പാനല്‍ വേണം. 2016 ല്‍ യുജിസി അത് രണ്ടാക്കി ചുരുക്കിയിട്ടുണ്ട്. സ്വാഭാവികമായും ചിന്താ ജെറോമിന് 2009 ലെ നിയമം ബാധകമായിരിക്കും. അങ്ങനെയെങ്കില്‍ മൂന്ന് വിദഗ്ധര്‍ തീസിസ് പരിശോധിക്കണം. അതിന് ശേഷം ഓപ്പണ്‍ ഡിഫന്‍സ് നടത്തണം. ഇത്രയും ഘട്ടങ്ങളിലൂടെ കടന്നുവരുന്ന പ്രബന്ധങ്ങളിലാണ് ഇത്ര ഗുരുതരമായ തെറ്റുകള്‍ വരുന്നത് എന്നതാണ് കൂടുതല്‍ ഗൗരവ പ്രശ്‌നം.
ഇതിനര്‍ത്ഥം ഗവേഷണ പ്രബന്ധങ്ങള്‍ പരിശോധിക്കുന്ന പ്രൊഫസര്‍മാരെല്ലാം അറിവില്ലാത്തവരോ വിഷയങ്ങളില്‍ പാണ്ഡിത്യമില്ലാത്തവരോ ആണ് എന്നല്ല. മറിച്ച് വിദ്യാഭ്യാസ രംഗത്ത് രാഷ്ട്രീയ ഇടപെടലുകള്‍ എതറ്റം വരെ എത്തിയിരിക്കുന്നു എന്നതാണ്. ഗവേഷണ പഠനത്തിന്റെ ഭാഗമായി ലഭിക്കേണ്ട അന്താരാഷ്ട്ര നിലവാരമുള്ള ഏതെങ്കിലും സെമിനാറുകളിലോ പ്രഭാഷണങ്ങളിലോ പങ്കെടുക്കാന്‍ കേരളത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നില്ല. അതിലെല്ലാം ക്ഷണിക്കപ്പെടുന്നതും വിഷയാവതരണങ്ങള്‍ നടത്തുന്നതും രാഷ്ടീയക്കാരോ യൂണിയന്‍ നേതാക്കളോ ആണ് എന്നതാണ് വലിയൊരു ഗതികേട്. സുനില്‍ പി.ഇളയിടത്തിനെപ്പോലെ ആരോപണ വിധേയരായ വ്യക്തികളാണ് ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മുഖ്യ പ്രഭാഷകന്‍മാര്‍. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് വിവിധ സര്‍വ്വകലാശാലകളില്‍ ഉന്നത പദവികള്‍ കരസ്ഥമാക്കിയതിനാല്‍ ഇത്തരക്കാര്‍ക്ക് അക്കാദമിക പരിപാടികളില്‍ പങ്കെടുക്കുന്നതിനുള്ള സാങ്കേതിക യോഗ്യതയും ലഭിക്കുന്നു. അതിരില്ലാത്ത രാഷ്ട്രിയ ഇടപെടലുകള്‍ കാരണം പെട്ടെന്നൊന്നും കരകയറാന്‍ സാധിക്കാത്ത രീതിയില്‍ വിദ്യാഭ്യാസ മേഖല അഴുക്കുപുരണ്ടതായി തീര്‍ന്നിരിക്കുന്നു.
കേളത്തിലെ പ്രധാന സര്‍വ്വകലാശാലകള്‍ ഒരു വര്‍ഷം ശരാശരി അഞ്ഞൂറിലധികം ഗവേഷണ ബിരുദങ്ങളാണ് നല്കുന്നത്. എന്നാല്‍ ഇതില്‍ ഭൂരിപക്ഷവും മാനവിക വിഷയങ്ങളിലാണ് എന്നത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ശാസ്ത്ര വിഷയങ്ങളില്‍ ഗവേഷണങ്ങള്‍ വേണ്ടത്ര നടക്കുന്നില്ല. കാരണം മാനവിക വിഷയങ്ങളില്‍ നിരീക്ഷണങ്ങളും താരതമ്യപ്പെടുത്തലുകളും വിമര്‍ശനങ്ങളും ഒക്കെ നടത്തി നവോത്ഥാനം, മതേതരത്വം, ആധുനികത എന്നൊക്കെ ചില വാക്കുകള്‍ കൂട്ടിക്കലര്‍ക്കി ഒരു പ്രബന്ധം തയ്യാറാക്കി രാഷ്ട്രീയ മേലാളന്‍മാര്‍ക്ക് സമര്‍പ്പിച്ച് അവരുടെ ചൊല്പ്പടിക്ക് നില്ക്കുന്ന പ്രെഫസര്‍മാരെ കണ്ടെത്തി ഒപ്പിട്ടു വാങ്ങി ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ ബിരുദം കരസ്ഥമാക്കി ഡോക്ടര്‍ എന്ന നെറ്റിപ്പട്ടം ചാര്‍ത്തുന്ന രീതിയാണ് ഇന്ന് നിലനില്ക്കുന്നത്. ഇത്തരം ആളുകളുടെ വേലിയേറ്റത്തില്‍ ഊണും ഉറക്കവും ഇല്ലാതെ രാവും പകലും അദ്ധ്വാനിച്ച് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തി, രാഷ്ട്ര വികസനത്തിന് നിരവധിയായ സംഭാവനകള്‍ നല്കാന്‍ സാധിക്കുന്ന രീതിയില്‍ തയ്യാറാക്കിയ ഗവേഷണ പ്രബന്ധങ്ങളും ഗവേഷകരും നിഷ്പ്രഭരായി പോകുന്നതാണ് കേരളത്തിന്റെ വിദ്യാഭ്യാസ രംഗം നേരിടുന്ന വലിയ വെല്ലുവിളി.
കേളത്തിലെ പ്രധാന സര്‍വ്വകലാശാലകളിലെ അദ്ധ്യാപക നിയമനത്തിനുള്ള അടിസ്ഥാന യോഗ്യത രാഷ്ട്രീയ പിന്‍ബലം മാത്രമാക്കി മാറ്റിയതിന്റെ ഭവിഷ്യത്താണ് വരുന്ന തലമുറ അനുഭവിക്കാന്‍ പോകുന്ന വലിയ പ്രശ്‌നം. ഇടത് നേതാക്കളുടെ ഭാര്യമാര്‍ക്കും മക്കള്‍ക്കുമായി അദ്ധ്യാപക നിയമനം സംവരണം ചെയ്യപ്പെടുമ്പോള്‍ യോഗ്യതയുള്ള, പരിശീലനമുള്ള, അനുഭവജ്ഞാനമുള്ള, ഇച്ഛാശക്തിയുള്ള, ധൈഷണിക പിന്‍ബലമുള്ള അദ്ധ്യാപകരുടെ (ഗവേഷണ ഗൈഡ്) അഭാവം വരും കാലങ്ങളില്‍ സംസ്ഥാനത്തെ സര്‍വ്വകലാശാലകളും ഗവേഷക വിദ്യാര്‍ത്ഥികളും നേരിടുന്ന വലിയ പ്രതിസന്ധിയാകും.
ഇതിനേക്കാളെല്ലാം പരിഹാസ്യമായി തോന്നിയത് തെറ്റ് വരുത്തിയ ഗവേഷകയുടെ പത്രസമ്മേളനമാണ്. തെറ്റ് തിരുത്താന്‍ അവര്‍ തയ്യാറാണത്രെ. എത്ര ഉദാസീനതയോടെയാണ് ഗവേഷണത്തെ കാണുന്നത് എന്നതിന് ഇതിനേക്കാള്‍ വലിയ തെളിവ് വേണോ? പരീക്ഷയില്‍ തെറ്റ് എഴുതി വെച്ചാല്‍ അത് ഉത്തരക്കടലാസില്‍ തിരുത്തി എഴുതാന്‍ അവസരം നല്കിയാല്‍ പിന്നെ പരീക്ഷയുടെ അര്‍ത്ഥമെന്താണ്? അങ്ങനെ തോന്നുമ്പോള്‍ തോന്നുമ്പോള്‍ തിരുത്തി എഴുതാനുള്ളതാണങ്കില്‍ പിന്നെ ഗവേഷണത്തിന്റെ പ്രസക്തി എന്താണ്? മാത്രമല്ല, ബോധി കോമണ്‍സ് എന്ന വെബ്‌സൈറ്റില്‍ 2010ല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിലെ ആശയം ചിന്താ ജെറോം തന്റെ തീസിസില്‍ അതേപോലെ പകര്‍ത്തിവെച്ചു എന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. ഇതൊരൊറ്റപ്പെട്ട സംഭവമായി കണക്കാക്കാന്‍ സാധിക്കില്ല. പല ഗവേഷണ പ്രബന്ധങ്ങളും ഗൂഗിളില്‍ നിന്നും മറ്റു പലരുടേയും മുന്‍ പ്രബന്ധങ്ങളില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും കോപ്പി പെയ്സ്റ്റ് (പകര്‍ത്തിയെഴുത്ത്) ചെയ്തവയാണന്ന ആരോപണവും നിലവിലുണ്ട്. ഇവ കൂടുതലും ഇടത് വിദ്യാര്‍ത്ഥി-യുവജന നേതാക്കളുടേതാകയാല്‍ വെറും രാഷ്ടീയ സമ്മര്‍ദ്ദത്താല്‍ മാത്രം ലഭിച്ച ബിരുദങ്ങളാവും എന്നതില്‍ സംശയം വേണ്ട.
കഴിഞ്ഞ കുറച്ച് വര്‍ഷക്കാലമായി ഇത്തരം മൂല്യച്യുതികള്‍ ഗവേഷണ രംഗത്ത് വന്നതിനാലും കഴിഞ്ഞ ഒരു പത്തു വര്‍ഷത്തെയെങ്കിലും ഗവേഷണ പ്രബന്ധങ്ങള്‍ പുനഃപരിശോധിക്കുന്നതിനായി ഒരു വിദഗ്ധ സമിതിയെ നിയമിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അതിലൂടെ ഗവേഷണ പ്രബന്ധങ്ങളിലെ നെല്ലും പതിരും തിരിച്ചറിയണം. എങ്കില്‍ മാത്രമേ ആത്മാര്‍ത്ഥതയോടെ, ത്യാഗ മനസ്സോടെ, സമര്‍പ്പിത ബുദ്ധിയോടെ ഗവേഷണം നടത്തി പ്രബന്ധങ്ങള്‍ അവതരിപ്പിച്ച യഥാര്‍ത്ഥ ഗവേഷകരോട് നീതി പുലര്‍ത്താനും അവര്‍ക്ക് സമൂഹത്തില്‍ തലയുയര്‍ത്തി നടക്കാനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തെ വിശ്വാസ്യത വീണ്ടെടുക്കാനുമാവൂ.
Comments