കോഴിക്കോട്: ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പ്രസ്താവന പുറപ്പെടുവിച്ചതിന് തുഷാര്‍ ഗാന്ധിക്കും വാര്‍ത്ത പ്രസിദ്ധീകരിച്ച മലയാള മനോരമ, ചന്ദ്രിക എന്നീ ദിനപ്പത്രങ്ങള്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ്. ആര്‍എസ്എസ് കോഴിക്കോട് വിഭാഗ് പ്രചാര്‍ പ്രമുഖ് ടി.സുധീഷ് ആണ് കോഴിക്കോട് ബാറിലെ അഭിഭാഷകനായ അഡ്വ. ഇ.കെ. സന്തോഷ് കുമാര്‍ മുഖേന വക്കീല്‍ നോട്ടീസ് അയച്ചത്.
ജനുവരി 16 ന് എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിലുള്ള സബര്‍മതി പഠന ഗവേഷണകേന്ദ്രം സംഘടിപ്പിച്ച ‘മിസ് സ്റ്റേറ്റി’ല്‍ പങ്കെടുത്ത് സംസാരിച്ചപ്പോള്‍ ‘ഗാന്ധിവധത്തിന് നിര്‍ദ്ദേശവും തോക്കും നല്‍കിയത് ആര്‍എസ്എസ്: തുഷാര്‍ ഗാന്ധി’ എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്തയ്‌ക്കെതിരെയാണ് നോട്ടീസ് അയച്ചത്. ഗാന്ധിജിക്കെതിരെ നിറയൊഴിച്ചത് ഗോഡ്‌സെ ആണെങ്കിലും തോക്കും തിരകളും നല്‍കിയത് ആര്‍എസ്എസ് ആണെന്ന് പ്രസംഗത്തില്‍ തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു. ഇത് വസ്തുതാ വിരുദ്ധവും ആര്‍എസ്എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതുമാണെന്ന് വക്കീല്‍നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.