കടംകൊണ്ട മുന്‍വിധികളുടെയും പരിമിതമായ വിവരങ്ങളുടെയും തെറ്റായ നിഗമനങ്ങളുടെയും അടിസ്ഥാനത്തില്‍ ഇന്ത്യയെ പരിഹസിക്കുകയും അപമാനിക്കുകയുമൊക്കെ ചെയ്യുന്ന കാറല്‍ മാര്‍ക്‌സ് ചിലപ്പോഴൊക്കെ വ്യത്യസ്തമായ നിലപാടുകള്‍ എടുത്തിട്ടുള്ളത് മാര്‍ക്‌സിനെ അനുകൂലിക്കുന്നവരിലും വിമര്‍ശകരിലും ആശയക്കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണ്.
ഇന്ത്യയ്ക്ക് ഒരു ചരിത്രമില്ലെന്നും, ഇന്ത്യന്‍ സമൂഹം അവികസിതമാണെന്നും ഇന്ത്യയുടെ ആത്മീയത പ്രാകൃതമാണെന്നുമൊക്കെ ആവര്‍ത്തിക്കുന്ന മാര്‍ക്‌സ്, ഇതിന് കടകവിരുദ്ധമായ പ്രസ്താവനകളും നടത്തിയിട്ടുണ്ട്. ഇന്ത്യ വൈദേശിക ശക്തികളുടെ കടന്നാക്രമണങ്ങള്‍ക്ക് നിരന്തരം കീഴടങ്ങുകയായിരുന്നു എന്നുപറയുന്ന മാര്‍ക്‌സ് ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം’ എന്ന ലേഖനത്തില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു: ”എല്ലാ ആഭ്യന്തര യുദ്ധങ്ങളും കടന്നാക്രമണങ്ങളും വിപ്ലവങ്ങളും വെട്ടിപ്പിടുത്തങ്ങളും ക്ഷാമബാധകളും ഒന്നിനു പുറകെ മറ്റൊന്ന് എന്ന കണക്കില്‍ തുടര്‍ച്ചയായും, വിചിത്രമാംവിധം സങ്കീര്‍ണവും നാശകരവുമായ തരത്തില്‍ പ്രവര്‍ത്തിച്ചുവെന്ന് തോന്നിയേക്കാം. എങ്കിലും അവ ഹിന്ദുസ്ഥാനിന്റെ തൊലിപ്പുറം മാത്രമേ സ്പര്‍ശിച്ചിട്ടുള്ളൂ.”(97)
കടന്നാക്രമണകാരികള്‍ വന്‍ നഗരങ്ങളില്‍ നടത്തിയ കൂട്ടക്കൊലകളെ ഇന്ത്യക്കാര്‍ സാധാരണ സംഭവങ്ങളെപ്പോലെ നോക്കികണ്ടുവെന്നും, സ്വയം അക്രമിയുടെ ഇരയാവാന്‍ ഇടയാക്കിയെന്നുമൊക്കെ പറയുന്ന മാര്‍ക്‌സ് ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍’ എന്ന ലേഖനത്തില്‍ പക്ഷേ ഇങ്ങനെയല്ല കാണുന്നത്. ”കീഴടങ്ങുമ്പോള്‍ പോലും ശാന്തവും ശ്രേഷ്ഠവുമായ ഒരു ഭാവം പ്രകടിപ്പിക്കുകയും, സഹജമായ അലംഭാവം ഉണ്ടായിട്ടും ബ്രിട്ടീഷ് ഉദ്യോഗസ്ഥരെപ്പോലും അത്ഭുതപ്പെടുത്തിയ ധീരത പ്രദര്‍ശിപ്പിക്കുകയും ചെയ്തു” (98) എന്നാണ് മാര്‍ക്‌സിന്റെ വിലയിരുത്തല്‍. താന്‍ ഭീരുക്കളായി കണ്ട ഹിന്ദുക്കള്‍ ധീരന്മാരായി മാറുന്ന നാടകീയരംഗങ്ങളാണ് മാര്‍ക്‌സിന്റെ എഴുത്തില്‍ അരങ്ങേറുന്നത്!
സാമ്രാജ്യത്വ ഭക്തിയും ഇന്ത്യന്‍ പ്രേമവും
തന്റെ കണക്കറ്റ പരിഹാസത്തിന് ഇരയാവുന്ന ഹിന്ദുക്കളെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും മാര്‍ക്‌സു തന്നെ അഭിമാനംകൊള്ളുന്നുമുണ്ട്. ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍’ എന്ന ലേഖനത്തില്‍ മാര്‍ക്‌സ് എഴുതുന്നത് നോക്കുക: ”നമ്മുടെ മതങ്ങള്‍ക്കും ഭാഷകള്‍ക്കും ഉറവിടമായിത്തീരുകയും ചെയ്ത ഈ രാജ്യത്തില്‍ പുരാതന ജര്‍മന്‍കാരന്റെ മാതൃകയെ ജാട്ടുവംശത്തിലും, പുരാതന ഗ്രീക്കുകാരന്റെ മാതൃകയെ ബ്രാഹ്‌മണരിലും കാണാം. നാട്ടുകാരാകെത്തന്നെ സൗമ്യശീലരാണ്. സാര്‍ട്യക്കോവ് രാജകുമാരന്റെ ഭാഷയില്‍ പറഞ്ഞാല്‍ അവിടുത്തെ ഏറ്റവും താണ ജനവിഭാഗങ്ങള്‍പോലും ഇറ്റലിക്കാരനെക്കാള്‍ കൂടുതല്‍ കഴിവും സാമര്‍ത്ഥ്യവും ഉള്ളവരാണ്. അതൊക്കെ എന്തായിരുന്നാലും ആ മഹത്തും മനോജ്ഞവുമായ രാജ്യത്തിന്റെ പുനരുത്ഥാനം അനതിവിദൂരമായ ഭാവിയില്‍ നാം കാണാതിരിക്കില്ല.” (99) മറ്റൊരിടത്ത് ഇന്ത്യക്കാരുടെ കഴിവുകളെ വാഴ്ത്താന്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥനും സഞ്ചാരിയുമായിരുന്ന ഡൊണാള്‍ഡ് ക്യാംബെല്ലിനെ മാര്‍ക്‌സ് ഉദ്ധരിക്കുകയും ചെയ്യുന്നു. ”ഇന്ത്യയിലെ വലിയ ജനവിഭാഗങ്ങള്‍ വ്യാവസായികമായി കഴിവുള്ളവരാണ്. മൂലധന ശേഖരണത്തിന് അവര്‍ പ്രാപ്തരാണ്. ഗണിതശാസ്ത്രപരമായ വ്യക്തത അവരുടെ ബുദ്ധിയുടെ സവിശേഷതയാണ്. ശാസ്ത്രത്തിന്റെ സൂക്ഷ്മവശങ്ങളും അക്കങ്ങളുടെ പ്രാധാന്യവും മനസ്സിലാക്കുന്ന പ്രതിഭാശാലികളാണ് അവര്‍. അവരുടെ ബുദ്ധിശക്തി വളരെ മികച്ചതാണ്.” (100) ഹിന്ദുസ്ഥാന് ഒരു സുവര്‍ണ കാലഘട്ടം ഇല്ലായിരുന്നു എന്നുപറയുന്ന മാര്‍ക്‌സ് ‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണം’ എന്ന ലേഖനത്തില്‍ തുടര്‍ന്നു പറയുന്നത് ഇങ്ങനെയാണ്: ”ഔറംഗസീബിന്റെ കാലഘട്ടം, അല്ലെങ്കില്‍ മുഗളന്മാര്‍ വടക്കും പോര്‍ച്ചുഗീസുകാര്‍ തെക്കും പ്രത്യക്ഷപ്പെട്ട അവസരം, അല്ലെങ്കില്‍ മുഹമ്മദീയാക്രമണത്തിന്റെയോ ദക്ഷിണേന്ത്യയില്‍ ഏഴ് രാജവംശങ്ങള്‍ ഉണ്ടായതിന്റെയോ അവസരം, അതുമല്ലെങ്കില്‍ നിങ്ങള്‍ പുരാതന കാലഘട്ടത്തിലേക്ക് പോവാന്‍ തയ്യാറുണ്ടെങ്കില്‍ പ്രപഞ്ച സൃഷ്ടിയെപ്പറ്റിയുള്ള ക്രൈസ്തവ സങ്കല്‍പ്പത്തിനും മുന്‍പത്തെ അതിവിദൂരമായ ഒരു കാലഘട്ടത്തിലാണ് ഇന്ത്യന്‍ ജനതയുടെ അവശത തുടങ്ങിയതെന്ന് കരുതുന്ന ബ്രാഹ്‌മണന്റെതെന്ന പുരാണേതിഹാസത്തിലെ കാലഗണനാവിദ്യയുടെ കാലത്തെ നോക്കുക.”(101)
ഇന്ത്യയെ ആക്രമിച്ചുകീഴടക്കിയ അറബികളും തുര്‍ക്കികളും മധ്യേഷ്യയില്‍നിന്നുള്ള താര്‍ത്താറുകളും ചരിത്രത്തിന്റെ അനശ്വരനിയമത്താല്‍ ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു എന്നും, കീഴ്‌പ്പെടുത്തിയ ജനതയുടെ മെച്ചപ്പെട്ട സംസ്‌കാരത്തിന് വിധേയമാവുകയായിരുന്നു ഇവരെന്നും പറയുന്നിടത്ത് മാര്‍ക്‌സിന്റേത് അനുഭാവപൂര്‍ണമായ നിലപാടാണെന്നു തോന്നും. പ്രതിലോമപരമെന്ന് വിലയിരുത്തിയ 1857 ലെ കലാപത്തെക്കുറിച്ചും മാര്‍ക്‌സ് പില്‍ക്കാലത്ത് ഇന്ത്യന്‍ പക്ഷത്തുനിന്ന് സംസാരിക്കുന്നതുപോലെ തോന്നും. ”ഇന്ത്യയില്‍ ഒരു പൊതുവിപ്ലവം പൊട്ടിപ്പുറപ്പെട്ടില്ലെങ്കില്‍ തന്നെയും ഗുരുതരമായ സങ്കീര്‍ണതകള്‍ ബ്രിട്ടീഷ് ഭരണകൂടത്തിന് നേരിടേണ്ടി വരും.” റഷ്യന്‍ സാമ്പത്തിക വിദഗ്ദ്ധനായ എന്‍.എഫ്. ഡാനിയേല്‍സന് മാര്‍ക്‌സ് മരിക്കുന്നതിന് രണ്ടുവര്‍ഷം മുന്‍പ് (1881) എഴുതിയ കത്തിലാണ് ഇത് പറയുന്നത്. ബ്രിട്ടീഷ് വാഴ്ചക്കെതിരെ ഭൂപ്രഭുക്കന്മാരും മറ്റും നടത്തിയ 1857 ലെ കലാപം പരാജയപ്പെടാന്‍ വിധിക്കപ്പെട്ടതാണെന്ന് വിലയിരുത്തി തള്ളിപ്പറഞ്ഞ മാര്‍ക്‌സാണ് 28 വര്‍ഷത്തിനുശേഷം നിലപാട് മാറ്റിയത്.
മെക്കാളെയില്‍നിന്ന് മാര്‍ക്‌സിലേക്ക്
മാര്‍ക്‌സ് ഇന്ത്യയെക്കുറിച്ച് പരസ്പര വിരുദ്ധമായി പറയുന്നതാണ് ആശയക്കുഴപ്പങ്ങള്‍ക്ക് കാരണം. മാര്‍ക്‌സിനെ മഹത്വവല്‍ക്കരിക്കാന്‍ ശ്രമിച്ചവര്‍ മാര്‍ക്‌സിന്റെ വാക്കുകളെ സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ”ഇന്ത്യന്‍ ജനതയെ മാര്‍ക്‌സ് ബഹുമാനിച്ചു. അവരുടെ ജീര്‍ണവും അവികസിതവുമായിരുന്ന സാമ്പത്തികാവസ്ഥയില്‍ ദുഃഖിച്ചു. ബ്രിട്ടീഷ് മേധാവിത്വത്തിന്റെ കീഴില്‍ അവരനുഭവിച്ചിരുന്ന ദുരിതങ്ങളില്‍ അനുതപിച്ചു.” (102) മാര്‍ക്‌സിസ്റ്റ് എന്ന പാര്‍ട്ടി പ്രസിദ്ധീകരണത്തില്‍ എഴുതിയ ലേഖനത്തില്‍ ഇ.എം.എസ്. നമ്പൂതിരിപ്പാട് ഇങ്ങനെ പറയുമ്പോള്‍ ആശയക്കുഴപ്പം വ്യക്തമാണ്. അതേസമയം, ഇന്ത്യയെ പലകാലങ്ങളില്‍ ആക്രമിച്ചു കയറി കീഴടക്കിയവര്‍ പിന്നീട് ‘ഹൈന്ദവവല്‍ക്കരിക്കപ്പെട്ടു’ എന്നു മാര്‍ക്‌സ് പറയുന്നതിനെ മറച്ചുപിടിക്കാനും ഇഎംഎസ് വിഫലശ്രമം നടത്തുന്നു. മാര്‍ക്‌സ് ‘ഹിന്ദുക്കള്‍’ എന്നു പറയുന്നിടത്തൊക്കെ ഇഎംഎസ് ‘ഇന്ത്യക്കാര്‍’ എന്നാണ് പരിഭാഷപ്പെടുത്തിയിട്ടുള്ളത്.(103) മാര്‍ക്‌സിന് ഹിന്ദുക്കളോട് അനുതാപമുണ്ടായിരുന്നു എന്നു പറയാന്‍ ഇഎംഎസിന്റെ മനസ്സ് അനുവദിക്കുന്നില്ല. അതേസമയം മാര്‍ക്‌സ് ഇന്ത്യയെ അറിഞ്ഞയാളും ഇന്ത്യയുടെ അഭ്യുദയകാംക്ഷിയുമാണെന്ന് വരുത്തുകയും വേണം. മാര്‍ക്‌സിന്റെ ലേഖനങ്ങള്‍ പരിഭാഷപ്പെടുത്തിയിട്ടുള്ള സി. ഉണ്ണിരാജയെപ്പോലുള്ളവര്‍ ഇഎംഎസിന്റെ സങ്കോചം പ്രകടിപ്പിക്കുന്നില്ല. ഹിന്ദുക്കള്‍ എന്നു തന്നെയാണ് അവര്‍ പരിഭാഷപ്പെടുത്തുന്നത്.
ഇന്ത്യയിലെ ബ്രിട്ടീഷ് കടന്നാക്രമണത്തെ സമ്പൂര്‍ണമായി സ്വീകരിക്കുന്ന മാര്‍ക്‌സിന്റെ നിലപാട് അമ്പരപ്പിക്കുന്നതാണ്. ഹിന്ദുസ്ഥാനില്‍ സാമൂഹ്യവിപ്ലവം കൊണ്ടുവരുന്നതില്‍ ഇംഗ്ലണ്ട് കാരണമായി എന്നാണ് മാര്‍ക്‌സ് ഉറച്ചുവിശ്വസിച്ചത്. ബ്രിട്ടന്റെ തിന്മകള്‍ എഴുതിത്തള്ളുകയും ചെയ്യുന്നു. ”ഹിന്ദുസ്ഥാനില്‍ സാമൂഹ്യവിപ്ലവത്തിന് ഇംഗ്ലണ്ട് ഇടവരുത്തിയത് ഏറ്റവും ദുഷിച്ച സാമൂഹ്യ താല്‍പ്പര്യങ്ങള്‍കൊണ്ടു മാത്രമാണെന്നും, അത് നടപ്പാക്കിയത് വിവരംകെട്ട രീതിയിലായിരുന്നു എന്നുള്ളതും വസ്തുതയാണ്. പക്ഷേ പ്രശ്‌നം അതല്ല. ഏഷ്യയിലെ സാമൂഹ്യവ്യവസ്ഥിതിയില്‍ അടിസ്ഥാനപരമായ ഒരു വിപ്ലവം ഉണ്ടാകാതെ മനുഷ്യവംശത്തിന് അതിന്റെ ഭാഗധേയം നിര്‍വഹിക്കാന്‍ കഴിയുമോ എന്നതാണ് പ്രശ്‌നം. ഇല്ലെന്നാണ് ഉത്തരമെങ്കില്‍ ഉന്നതതലങ്ങളില്‍, ഇംഗ്ലണ്ടിന്റെ കുറ്റങ്ങള്‍ എന്തൊക്കെയാണെങ്കിലും ഇങ്ങനെയൊരു വിപ്ലവം നടത്തുന്നതില്‍ അവര്‍ ചരിത്രത്തിന്റെ അബോധാത്മകമായ ഉപകരണമാണെന്ന് പറയേണ്ടിവരും.” (104)
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തെ മാര്‍ക്‌സ് അംഗീകരിക്കുകയും ന്യായീകരിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. ”ഇംഗ്ലീഷ് ഇടപെടല്‍ നൂല്‍നൂല്‍പ്പുകാരനെ ലങ്കാഷെയിനിലും കൈത്തറിക്കാരനെ ബംഗാളിലും, അഥവാ കൈത്തറിക്കാരനും നൂല്‍നൂല്‍പ്പുകാരനുമായ ഹിന്ദുവിനെ തൂത്തുവാരി ദൂരെക്കളഞ്ഞു. അവരുടെ സാമ്പത്തികാടിത്തറയെ കാറ്റില്‍പ്പറത്തിക്കൊണ്ട് ഈ അര്‍ദ്ധകാടത്ത, അര്‍ദ്ധ പരിഷ്‌കൃത സമുദായങ്ങളെ പിരിച്ചുവിട്ടു. അതുവഴി ഇതുവരെ അറിഞ്ഞിട്ടുള്ളതില്‍ വച്ച് ഏറ്റവും മഹത്തായ സാമൂഹ്യവിപ്ലവമുണ്ടാക്കി. സത്യം പറഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും വലിയ സാമൂഹ്യവിപ്ലവവും അതായിരുന്നു.”(105) മാര്‍ക്‌സ് മറ്റൊന്നുകൂടി കൂട്ടിച്ചേര്‍ക്കുന്നു. ”ഈ സാമൂഹ്യ വ്യവസ്ഥയുടെ മാറ്റമില്ലാത്ത ചെറുരൂപങ്ങള്‍ അധിക പക്ഷവും ഇല്ലാതായതും അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നതും ഏറിയകൂറും ബ്രിട്ടീഷ് നികുതി പിരിവുകാരന്റെയും പട്ടാളക്കാരന്റെയും മൃഗീയമായ ഇടപെടലുകള്‍കൊണ്ടല്ല; ഇംഗ്ലീഷ് ആവി എഞ്ചിന്റെയും സ്വതന്ത്ര വ്യാപാരത്തിന്റെയും പ്രവര്‍ത്തനംകൊണ്ടാണ്.”(106) ബ്രിട്ടീഷ് ഭരണത്തിന്റെ അടിച്ചമര്‍ത്തലിനെയും കണ്ണില്‍ചോരയില്ലാത്ത ചൂഷണങ്ങളെയും നഗ്നമായ പിടിച്ചുപറിയായി കാണുന്ന മാര്‍ക്‌സ്, അതൊക്കെ വെള്ളപൂശുന്നതാണ് ഇവിടെ കാണുന്നത്. ഏഷ്യന്‍ സാമൂഹ്യവ്യവസ്ഥിതിയില്‍ ബ്രിട്ടീഷ് ഭരണം വരുത്തിയ ‘വിപ്ലവത്തെ’ മനുഷ്യവംശത്തിന്റെ ഭാഗധേയവുമായിപ്പോലും മാര്‍ക്‌സ് ബന്ധപ്പെടുത്തുന്നു. ”പുരാതന ലോകം തവിടുപൊടിയായിത്തീരുന്ന കാഴ്ച നമ്മുടെ വ്യക്തിപരമായ വികാരങ്ങളില്‍ വിഷമമുണ്ടാക്കിത്തീര്‍ക്കുന്നതാണെങ്കിലും ചരിത്രദൃഷ്ടിയോടെ നോക്കിയാല്‍ ഗോയ്‌ഥേയോടൊപ്പം ഇങ്ങനെ പാടുന്നതിനും നമുക്കവകാശമുണ്ട്. കൂടുതല്‍ ആഹ്ലാദം പകരുന്ന ഈ ഭരണത്തില്‍ നാം വേദനകൊള്ളേണ്ടതുണ്ടോ?” (107) ഇത്രയും കൂടി പറഞ്ഞിട്ടാണ് മാര്‍ക്‌സ് അവസാനിപ്പിക്കുന്നത്.
‘ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍’ എന്ന ലേഖനത്തില്‍ ബ്രിട്ടന് ഇന്ത്യയില്‍ ഇരട്ട ദൗത്യമാണ് നിര്‍വഹിക്കാനുള്ളതെന്ന് പറയുന്ന മാര്‍ക്‌സ് രണ്ടിനെയും സ്വാഗതം ചെയ്യുന്നു. ”ഒന്ന് നശീകരണത്തിന്റെയും മറ്റൊന്ന് പുത്തന്‍ നിര്‍മാണത്തിന്റെയും. പുരാതനമായ ഏഷ്യാറ്റിക് സമുദായത്തിന്റെ നശീകരണവും, ഏഷ്യയില്‍ പാശ്ചാത്യ സമുദായത്തിന്റെ ഭൗതികമായ അടിത്തറയിടലും.” (108) ബ്രിട്ടന്‍ തുടക്കംകുറിച്ച സാമൂഹ്യവിപ്ലവം ഇന്ത്യയെ എവിടെയാണ് എത്തിക്കുകയെന്നും മാര്‍ക്‌സ് പ്രവചിക്കുന്നു.
”റെയില്‍വെയും ആവിക്കപ്പലുംകൂടി ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ദൂരം, സമയംകൊണ്ട് അളന്നാല്‍ എട്ടുദിവസമായി ചുരുക്കുകയും, അങ്ങനെ ഒരുകാലത്ത് സമ്പല്‍സമൃദ്ധമായിരുന്ന ആ രാജ്യത്തെ പാശ്ചാത്യലോകത്തിന്റെ ഭാഗമാക്കുകയും ചെയ്യുന്ന ദിവസം വിദൂരമല്ല.” (109) എന്നാണ് മാര്‍ക്‌സ് പറയുന്നത്. ഇന്ത്യയെ പ്രത്യുല്‍പ്പാദനക്ഷമമായ ഒരു രാജ്യമാക്കിത്തീര്‍ക്കാനാണ് ബ്രിട്ടന്‍ ശ്രമിക്കുന്നതെന്നും, അതിനായി റെയില്‍-റോഡുകളുടെ ഒരു വലയം ഉണ്ടാക്കാനാണ് അവര്‍ ഉദ്ദേശിക്കുന്നതെന്നും, അതിന്റെ ഫലം മികച്ചതായിരിക്കുമെന്നും മാര്‍ക്‌സ് ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ മാര്‍ക്‌സില്‍ നിന്ന് മെക്കാളെയിലേക്കുള്ള ദൂരം വളരെ ചുരുങ്ങുകയാണ്. നിറത്തിലും രക്തത്തിലും ഇന്ത്യക്കാരനും, അഭിരുചിയിലും അഭിപ്രായത്തിലും സദാചാരത്തിലും ബുദ്ധിശക്തിയിലും ഇംഗ്ലണ്ടുകാരനുമായ വ്യക്തികളുടെ സമൂഹത്തെ സൃഷ്ടിക്കുകയെന്നതായിരുന്നല്ലോ മെക്കാളെയുടെ പദ്ധതി. വെള്ളക്കാരന്റെ ദൗത്യം നിറവേറ്റാന്‍ മാര്‍ക്‌സിനും രണ്ടു പതിറ്റാണ്ടു മുന്‍പ് മെക്കാളെയുടെ ചിന്ത പോയവഴിക്കാണ് മാര്‍ക്‌സും സഞ്ചരിച്ചത്.
ബ്രിട്ടീഷ് വാഴ്ചയുടെ ഫലമായി ഇംഗ്ലീഷ് വിദ്യാഭ്യാസം നേടിയ ഒരു ഇന്ത്യന്‍ വര്‍ഗം സൃഷ്ടിക്കപ്പെട്ടതായി മാര്‍ക്‌സും വിലയിരുത്തുന്നു. ”ഇംഗ്ലീഷ് മേല്‍നോട്ടത്തില്‍ അപൂര്‍വമായും വൈമനസ്യത്തോടുകൂടിയും കല്‍ക്കത്തയില്‍ വിദ്യാഭ്യാസം ചെയ്യുന്ന ഇന്ത്യക്കാരില്‍നിന്ന് ഭരണപരമായ കഴിവ് ആര്‍ജിക്കുകയും, യൂറോപ്യന്‍ ശാസ്ത്ര വിജ്ഞാനത്തെ ഉള്‍ക്കൊള്ളുകയും ചെയ്ത ഒരു പുതിയ വര്‍ഗം ഉയര്‍ന്നുവരികയാണ്.”(110)കറുത്ത സായിപ്പന്മാരെ സൃഷ്ടിക്കുന്ന മെക്കാളെയുടെ പദ്ധതി വിജയകരമാവുന്നതിനെക്കുറിച്ചാണ് മാര്‍ക്‌സ് സംസാരിക്കുന്നതെന്ന് ആര്‍ക്കും ബോധ്യമാവുമല്ലോ.
മെക്കാളെയെപ്പോലെ ഇന്ത്യയുടെ സംസ്‌കാരത്തോടുള്ള തീവ്രമായ വിരോധവും പാശ്ചാത്യ സംസ്‌കാരത്തിലുള്ള അഭിമാനവുമാണ് മാര്‍ക്‌സിനെ നയിച്ചതെന്നാണ് മനസ്സിലാക്കേണ്ടത്. ‘തങ്ങളുടെ വിശുദ്ധ മതം’ സംരക്ഷിക്കാന്‍ വേണ്ടി ഫ്രഞ്ച് വിപ്ലവത്തിനെതിരെ പോരാടിയ ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്ത്യയില്‍ ക്രിസ്തുമതം പ്രചരിപ്പിക്കാന്‍ തടസ്സം നിന്നതിനെ മാര്‍ക്‌സ് നിശിതമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഹിന്ദുക്കളുടെ കലാപങ്ങള്‍ കച്ചവടത്തെ ബാധിക്കുമെന്നായപ്പോഴാണ് ഇന്ത്യയിലെ ക്രിസ്തുമത പ്രചാരണം ഈസ്റ്റിന്ത്യാ കമ്പനി തടഞ്ഞത്.
വീണ്ടുവിചാരമോ കാപട്യമോ?
ഇന്ത്യയിലെ ബ്രിട്ടീഷ് ആധിപത്യത്തെ മാര്‍ക്‌സ് ഒരു കടന്നുകയറ്റമായി കാണുന്നില്ല. പകരം രണ്ടു കാരണങ്ങളാല്‍ അതിനെ സ്വാഗതം ചെയ്യുകയാണ്. അധിനിവേശവും കീഴ്‌പ്പെടലും ഇന്ത്യയുടെ വിധിയാണെന്നു തന്നെ മാര്‍ക്‌സ് കരുതുന്നു. ഇന്ത്യയുടെ ഭൂതകാല ചരിത്രം നിരന്തരമായ കടന്നാക്രമണങ്ങളുടെ ചരിത്രമാണെന്നു മാര്‍ക്‌സ് സ്ഥാപിക്കുകയുണ്ടായല്ലോ. ഇത് ഇന്ത്യയുടെ മാത്രം കുറ്റമായാണ് മാര്‍ക്‌സ് കണ്ടത്. ”ആ രാജ്യം, ഹിന്ദുക്കളും മുസല്‍മാന്മാരും തമ്മില്‍ മാത്രമല്ല, ഗോത്രങ്ങളും ഗോത്രങ്ങളും തമ്മിലും, ജാതികളും ജാതികളും തമ്മിലും വിഭജിക്കപ്പെട്ടു കിടക്കുകയായിരുന്നു. അന്യോന്യ തിരസ്‌കാരത്തിന്റെയും പൊതുവായ അകല്‍ച്ചയുടെയും ഫലമായി ഒരുതരം സന്തുലിതാവസ്ഥയുടെ ചട്ടക്കൂടിന്മേലാണ് സാമൂഹ്യവ്യവസ്ഥ നിലനിന്നുപോന്നത്. ഇത്തരമൊരു രാജ്യവും ഇത്തരമൊരു സമുദായവും ആക്രമണത്തിന് ഇരയാകാന്‍ വിധിക്കപ്പെട്ടതല്ലേ?” (111) എന്നാണ് മാര്‍ക്‌സ് ചോദിക്കുന്നത്. ഇന്ത്യയെ ആക്രമിച്ചു കീഴടക്കാനും, അതിനിന്ദ്യമായ ഭരണസംവിധാനത്തിലൂടെ കണ്ണില്‍ച്ചോരയില്ലാത്ത ചൂഷണം ചെയ്യുന്നതിനും ബ്രിട്ടീഷുകാര്‍ പറഞ്ഞ അതേ ന്യായങ്ങള്‍ തന്നെ മാര്‍ക്‌സും ആവര്‍ത്തിക്കുന്നു.
ഇന്ത്യന്‍ അധിനിവേശത്തിന്റെ കാര്യത്തില്‍ പ്രത്യക്ഷത്തില്‍തന്നെ ബ്രിട്ടനൊപ്പം നില്‍ക്കുന്ന മാര്‍ക്‌സിനെയും കാണാം. ”അതുകൊണ്ട് ഇംഗ്ലീഷുകാര്‍ക്ക് ഇന്ത്യയെ ആക്രമിക്കുവാന്‍ അവകാശമുണ്ടായിരുന്നുവോ എന്നതല്ല പ്രശ്‌നം. തുര്‍ക്കിയോ പേര്‍ഷ്യക്കാരോ റഷ്യക്കാരോ ഇന്ത്യയെ പിടിച്ചടക്കുന്നതിനെക്കാളും ബ്രിട്ടീഷുകാര്‍ ഇന്ത്യയെ കീഴടക്കുന്നതാണോ നാം കൂടുതല്‍ ഇഷ്ടപ്പെടുന്നത് എന്നതാണ് പ്രശ്‌നം. (112) ഇവിടെ മാര്‍ക്‌സ് ബ്രിട്ടീഷ് കീഴടക്കല്‍ തെരഞ്ഞെടുക്കുന്നു. തുടര്‍ച്ചയായി ഇന്ത്യയെ കീഴടക്കിയ അറബികളും തുര്‍ക്കികളും താര്‍ത്താറുകളും അധികം വൈകാതെ ഹൈന്ദവല്‍ക്കരിക്കപ്പെട്ടെങ്കില്‍ അങ്ങനെ സംഭവിക്കാതിരുന്ന വിഭാഗം ബ്രിട്ടീഷുകാര്‍ മാത്രമാണെന്നും, ബ്രിട്ടീഷുകാര്‍ക്ക് ഉയര്‍ന്ന സംസ്‌കാരമുള്ളതാണ് ഇതിനു കാരണമെന്നും മാര്‍ക്‌സ് കണ്ടെത്തുന്നു! (റഷ്യക്കാര്‍ ഇന്ത്യയെ ആക്രമിച്ചതായി ചരിത്രമില്ല. പക്ഷേ മാര്‍ക്‌സ് അങ്ങനെ സങ്കല്‍പ്പിക്കുന്നത് പില്‍ക്കാലത്ത് അറംപറ്റി. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തോടുള്ള അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാട് എല്ലാക്കാലത്തും റഷ്യന്‍താല്‍പ്പര്യം സംരക്ഷിക്കുന്നതായിരുന്നു. ഇതും ഒരുതരം റഷ്യന്‍ ആക്രമണമായിരുന്നു. 1857 ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിനൊപ്പം നിന്ന് മാര്‍ക്‌സ് സ്വീകരിച്ച വഞ്ചനാത്മകമായ സമീപനം തന്നെയാണ് സ്വാതന്ത്ര്യസമരത്തോട് അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയും സ്വീകരിച്ചത്.)
യൂറോ കേന്ദ്രിതമായ ഈ വംശീയമായ കാഴ്ചപ്പാട് മാര്‍ക്‌സ് തുറന്നുപ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. ”കൂടുതല്‍ മെച്ചപ്പെട്ട സംസ്‌കാരത്തോടുകൂടിയ ആദ്യത്തെ ആക്രമണകാരികള്‍ ബ്രിട്ടീഷുകാരായിരുന്നു. അതുകൊണ്ട് അവര്‍ ഹിന്ദുസംസ്‌കാരത്തിന് വിധേയരായില്ല. തദ്ദേശ സമുഹങ്ങളെ ഛിന്നഭിന്നമാക്കിയും തദ്ദേശീയവ്യവസായത്തെ പിഴുതെറിഞ്ഞും തദ്ദേശ സമൂഹത്തിലെ ഉന്നതവും മഹത്തുമായ എല്ലാറ്റിനെയും തകര്‍ത്തുതരിപ്പണമാക്കിയും അവര്‍ അതിനെ നശിപ്പിച്ചു.”(113) ബ്രിട്ടീഷ് ആധിപത്യത്തിന്റെ ഫലമായി ഇന്ത്യയ്ക്കുണ്ടാകുന്ന നേട്ടങ്ങളുടെ ഒരു പട്ടികപോലും മാര്‍ക്‌സ് നിരത്തുന്നുണ്ട്. ഒന്ന്: ആയുധം കൊണ്ട് അടിച്ചേല്‍പ്പിച്ച രാഷ്ട്രീയ ഐക്യം. ഇലക്ട്രിക് ടെലിഗ്രാഫിലൂടെ ഇത് ശക്തിപ്പെടുത്തുകയും നിലനിര്‍ത്തുകയും ചെയ്തു. രണ്ട്: തദ്ദേശീയ സൈന്യത്തിനും സ്വതന്ത്ര മാധ്യമങ്ങള്‍ക്കും രൂപംനല്‍കി. മൂന്ന്: പുതുതായി റെയില്‍വെ ഗതാഗതം കൊണ്ടുവന്നു. ഏഷ്യന്‍ സമൂഹത്തിലെ ചിരകാല ആവശ്യമായിരുന്നു ഇതെന്നും മാര്‍ക്‌സ് വിലയിരുത്തുന്നു.
ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന റെയില്‍വേ സംവിധാനം ഇന്ത്യയിലെ ആധുനിക സമൂഹത്തിന്റെ മുന്നുപാധിയാണെന്ന് മാര്‍ക്‌സ് ഉറച്ചുവിശ്വസിച്ചു. ”റെയില്‍വെ സംവിധാനത്തില്‍നിന്നുണ്ടാകുന്ന ആധുനിക വ്യവസായം ഇന്ത്യയുടെ പുരോഗതിക്കും ഇന്ത്യയുടെ ശക്തി സമ്പാദനത്തിനും നിര്‍ണായക തടസ്സങ്ങളുണ്ടാക്കുന്ന ജാതി സമ്പ്രദായത്തിന്റെ അടിസ്ഥാനമായ പരമ്പരാഗതമായ തൊഴില്‍വിഭജനത്തെ ഇല്ലാതാക്കിത്തീര്‍ക്കും.”(114) ബ്രിട്ടീഷ് ഭരണത്തോടുള്ള ആരാധനകൊണ്ട് മാര്‍ക്‌സ് നടത്തുന്ന ഈ പ്രവചനവും തെറ്റിപ്പോയി. ഒന്നര നൂറ്റാണ്ടുകാലത്തെ റെയില്‍വെ ശൃംഖലയുടെ വികസനം ജാതി സമ്പ്രദായത്തെ ഇല്ലാതാക്കുന്നതിനു പകരം അതിനെ ശക്തിപ്പെടുത്തുകയാണുണ്ടായത്.
ഇന്ത്യയെക്കുറിച്ച് എഴുതുക എന്നതായിരുന്നു മാര്‍ക്‌സിന്റെ മുന്‍ഗണന. അത് വസ്തുനിഷ്ഠവും ആധികാരികവുമാകണമെന്ന നിര്‍ബന്ധ ബുദ്ധി ഉണ്ടായിരുന്നില്ല. ബ്രിട്ടീഷ് പാര്‍ലമെന്ററി രേഖകളും ഔദ്യോഗിക സംവിധാനം വഴി ലഭിച്ച റിപ്പോര്‍ട്ടുകളുമാണ് മാര്‍ക്‌സ് ആധാരമാക്കിയത്. ചിലപ്പോഴൊക്കെ വിയോജിക്കുന്നുണ്ടെങ്കിലും ബ്രിട്ടന്‍ ശരിയാണെന്ന മുന്‍വിധി മാര്‍ക്‌സിനെ നയിച്ചു. 1857 ലെ കലാപത്തിന്റെ കാര്യത്തില്‍ സംഭവിച്ചത് ഇതാണ്. 1853 ല്‍ ന്യൂയോര്‍ക്ക് ഡെയ്‌ലി ട്രിബ്യൂണില്‍ എഴുതിത്തുടങ്ങിയപ്പോള്‍ ബ്രിട്ടനെ ഇന്ത്യയുടെ രക്ഷകനായാണ് മാര്‍ക്‌സ് കണ്ടത്. ഇന്ത്യയിലെ നിശ്ചലമായ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്ത് മുതലാളിത്ത വളര്‍ച്ചയിലേക്ക് മാറാന്‍ ബ്രിട്ടീഷ് സാമ്രാജ്യത്വം ഒരു അനിവാര്യ തിന്മയായി മാര്‍ക്‌സ് കണ്ടു. ഇതുകൊണ്ടാണ് ബ്രിട്ടന് ഇന്ത്യയില്‍ ഇരട്ട ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് മാര്‍ക്‌സ് പ്രഖ്യാപിച്ചത്. കര്‍ഷകരെയും നെയ്ത്തുകാരെയുമൊക്കെ കൊളോണിയല്‍ ശക്തികള്‍ കഠിനമായി പീഡിപ്പിച്ചത് ഉല്‍പ്പന്നങ്ങള്‍ക്ക് വിപണി സാധ്യതയൊരുക്കി സാമ്പത്തിക പുരോഗതി കൊണ്ടുവരുമെന്ന് മാര്‍ക്‌സ് വിലയിരുത്തി. ഉല്‍പ്പാദന ശക്തികളുടെ വികസനത്തിനും, അവ ജനങ്ങള്‍ സ്വന്തം ആവശ്യത്തിന് ഉപയോഗിക്കുന്നതിനും ആവശ്യമായ ഭൗതിക പരിതഃസ്ഥിതി സൃഷ്ടിക്കാന്‍ ബ്രിട്ടീഷ് ബൂര്‍ഷ്വാസി നിര്‍ബന്ധിതരായിത്തീരുമെന്ന് മാര്‍ക്‌സ് കണക്കുകൂട്ടി.
ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ സ്വതന്ത്ര മാധ്യമ സംവിധാനം കൊണ്ടുവന്നതായി അഭിമാനിച്ച മാര്‍ക്‌സ്, ഇതേ ബ്രിട്ടീഷ് മാധ്യമങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി ഇന്ത്യക്കാര്‍ നടത്തുന്ന സമരങ്ങളെ, കാടന്മാര്‍ പരിഷ്‌കൃതരായ പാശ്ചാത്യര്‍ക്കെതിരെ നടത്തുന്ന വംശീയ കലാപമായി ചിത്രീകരിച്ചപ്പോള്‍ സ്വയം വിഡ്ഢിയായി. കലാപത്തെ അടിച്ചമര്‍ത്താന്‍ ബ്രിട്ടീഷുകാര്‍ കാണിച്ച ക്രൂരതകളെക്കുറിച്ച് ഈ മാധ്യമങ്ങള്‍ മൗനം പാലിക്കുകയും ചെയ്തു. ഇതിനെതിരെ മാര്‍ക്‌സ് രോഷംകൊള്ളുന്നുണ്ട്. ”ഇംഗ്ലീഷുകാര്‍ക്ക് സാധാരണാവസ്ഥയില്‍ തന്നെ ഇത്തരം ദ്രോഹങ്ങള്‍ ചെയ്യാമെങ്കില്‍, കലാപത്തിന്റെയും സംഘട്ടനത്തിന്റെയും നടുവില്‍ നില്‍ക്കുന്ന ഹിന്ദുക്കള്‍ ചില കുറ്റങ്ങളും ക്രൂരപ്രവൃത്തികളും ചെയ്തുവെന്ന് ആരോപിക്കുന്നതില്‍ അത്ഭുതപ്പെടാനെന്തിരിക്കുന്നു?”(115) എന്നാണ് ‘ഇന്ത്യയിലെ ജനമര്‍ദ്ദനത്തെപ്പറ്റിയുള്ള അന്വേഷണം’ എന്ന ലേഖനത്തില്‍ മാര്‍ക്‌സ് ചോദിക്കുന്നത്. മാര്‍ക്‌സിന്റെ ഈ ധാര്‍മികരോഷം കപടമാണ്. കാരണം ഇതേ മാര്‍ക്‌സുതന്നെയാണ് ”വ്യക്തികളെയും ജനസമൂഹങ്ങളെയും, രക്തത്തിലൂടെയും അഴുക്കിലൂടെയും കഷ്ടപ്പാടിലൂടെയും അപമാനത്തിലൂടെയും വലിച്ചിഴക്കാതെ ബൂര്‍ഷ്വാസി എപ്പോഴെങ്കിലും പുരോഗതി ഉണ്ടാക്കിയിട്ടുണ്ടോ?”(116) എന്നു ചോദിച്ചത്. ‘ഇന്ത്യയിലെ ബ്രീട്ടീഷ് ഭരണത്തിന്റെ ഭാവിഫലങ്ങള്‍’ എന്ന ലേഖനത്തിലാണ് ബ്രിട്ടീഷ് അതിക്രമങ്ങളെ മാര്‍ക്‌സ് ഇങ്ങനെ സൈദ്ധാന്തിക മൂടുപടം അണിയിക്കുന്നത്.
1857 ലെ കലാപത്തെ ബ്രിട്ടീഷ് കാഴ്ചപ്പാടിലൂടെ മാത്രം കണ്ടിരുന്ന മാര്‍ക്‌സ് പിന്നീട് നിലപാട് മാറ്റിയതും, അതിനെ ‘സ്വാതന്ത്ര്യസമരം’ എന്നുതന്നെ വിശേഷിപ്പിക്കുന്നതും മഹത്തായ കാര്യമായി കാണുന്നവരുണ്ട്. ഇത് നീതീകരിക്കാവുന്നതല്ല. യഥാര്‍ത്ഥത്തില്‍ ബ്രിട്ടീഷ് വാഴ്ചയ്‌ക്കെതിരായ ഈ മുന്നേറ്റം വര്‍ഗസമരത്തെക്കുറിച്ചും ചരിത്ര പുരോഗതിയെക്കുറിച്ചുമുള്ള മാര്‍ക്‌സിന്റെ സിദ്ധാന്തത്തെപ്പോലും തെറ്റിച്ചുകളയുന്നുണ്ട്. പാശ്ചാത്യ മുതലാളിത്തത്തിലെ വര്‍ഗസമരത്തിന് ഒരു ഏഷ്യന്‍/ഇന്ത്യന്‍ ഭാഷ്യം ആവാമെന്ന നിലപാടിലേക്ക് മാര്‍ക്‌സ് മാറി. മനുഷ്യ പുരോഗതിയിലേക്ക് വൈവിധ്യമാര്‍ന്ന പാതകളുണ്ടെന്ന് അംഗീകരിക്കേണ്ടിവന്നു. ‘മൂലധന’ത്തിന്റെ മൂന്നാം വാള്യത്തില്‍ ഈ മാറ്റത്തിന്റെ പ്രതിഫലനങ്ങള്‍ കാണാം.
ഇന്ത്യയെയും ഹിന്ദുക്കളെയുമൊക്കെ അംഗീകരിക്കേണ്ടിവരികയും പ്രശംസിക്കേണ്ടിവരികയും ചെയ്യുമ്പോഴൊക്കെ ചരിത്രത്തെക്കുറിച്ചുള്ള തന്റെ മാര്‍ക്‌സിസ്റ്റ് സമീപനം മാറ്റിവച്ച് വാക്കുകളുടെ പ്രലോഭനത്തില്‍ വീണുപോകുന്ന മാര്‍ക്‌സിനെയാണ് നാം കാണുന്നത്. ഇത് മുന്‍നിര്‍ത്തി മാര്‍ക്‌സ് ഇന്ത്യയെ സ്‌നേഹിച്ചിരുന്നയാളും ഇന്ത്യക്കാരോട് അനുതാപം പുലര്‍ത്തിയ ആളുമാണെന്ന് വിലയിരുത്തുന്നത് അപക്വമായിരിക്കും.
(തുടരും)
അടിക്കുറിപ്പുകള്‍:-
97. The First Indian War of Independence 1853-1857, Marx-Engels
98. Ibid
99. Ibid
100. Ibid
101. Ibid
102. Marx on India,
E.M.S. Namboothiripad.
103. Ibid
104. The First Indian War of
Independence 1853-1857,
Marx-Engels
105. Ibid
106. Ibid
107. Ibid
108. Ibid
109. Ibid
110. Ibid
111. Ibid
112. Ibid
113. Ibid
114. Ibid
115. Ibid
116. Ibid
ഭാഗം 16 വായിക്കാന്‍ https://kesariweekly.com/33877/ സന്ദര്‍ശിക്കുക
Comments