മഷിയിട്ട് നോക്കിയാലും കേരളത്തില്‍ ജാതിയെ കണികാണാന്‍ കിട്ടില്ല. കാരണം കേരളം ഭരിക്കുന്നത് വിജയന്‍ സഖാവാണ്. നൂറുകൊല്ലം മുമ്പ് ശ്രീനാരായണഗുരുദേവന്‍ പ്രഖ്യാപിച്ചത് ‘നമുക്ക് ജാതിയില്ല’ എന്നാണ്. എന്നാല്‍ വിജയന്‍ സഖാവ് പ്രഖ്യാപിക്കുന്നത് ‘കേരളത്തിനേ ജാതിയില്ല’ എന്നാണ്. ഈ വിളംബരം കേട്ട് ജാതി പിശാച് പെട്ടിയും കിടക്കയുമെടുത്ത് കേരളം വിട്ടു എന്ന വാര്‍ത്തയും വന്നു. എന്നിട്ടും പുരോഗമന കലാസാഹിത്യക്കാര്‍ക്കും ചില ഇടത് – ഇസ്ലാമിസ്റ്റ് ‘ബുജി’കള്‍ക്കും ഒരു സംശയം. എവിടെയെങ്കിലും ജാതി ഒളിഞ്ഞിരിപ്പുണ്ടോ എന്നറിയണമല്ലോ. ചുകന്ന ചെങ്കോലുമായി അവര്‍ കേരളം മുഴുവന്‍ നടന്നപ്പോള്‍ കോഴിക്കോട് യുവജനോത്സവത്തിന്റെ ഭക്ഷണവിതരണ സ്ഥലത്തു പൂണൂലുമിട്ട് ഒരു വിദ്വാന്‍ നില്‍ക്കുന്നു. പഴയിടം മോഹനന്‍ നമ്പൂതിരി. ബൂര്‍ഷ്വാസി നമ്പൂതിരിക്ക് വെപ്പുകാരനായി നില്‍ക്കേണ്ടി വന്നല്ലോ എന്ന പരിഹാസം ഇടത്തോടു ചെരിഞ്ഞു നില്‍ക്കുന്ന അശോകന്‍ ചെരുവിലിന്റെ മുഖത്ത്. ഭക്ഷണശാലയില്‍ സസ്യാഹാരം പോര മാംസാഹാരം കൂടി വേണമെന്ന് മാധ്യമവീരന്‍ അരുണ്‍കുമാറിന്റെ സാമൂഹ്യമാധ്യമ പോസ്റ്റ്. സവര്‍ണനെ അടുക്കളയില്‍ നിന്നു എടുത്തെറിഞ്ഞു ബിരിയാണിയും കുഴിമന്തിയും വിളമ്പുന്ന മണം വരട്ടെ എന്ന് പ്രതീക്ഷിച്ചു വായില്‍ വെള്ളമൂറിയവര്‍ക്ക് പ്രതീക്ഷിച്ച വിഭവങ്ങള്‍ കിട്ടിയില്ല. അടുത്തകൊല്ലം തരാമെന്ന വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടിയുടെ വിളംബരം, വിജയന്‍ സഖാവിന്റെ ജാതിയില്ലാ വിളംബരം പോലെ പ്രഖ്യാപനത്തിലൊതുങ്ങുന്ന വിളംബരം മാത്രമാകുമോ എന്ന സംശയം ബാക്കി.
വട്ടുവടയിലെ ബാര്‍ബര്‍ഷാപ്പുകളില്‍ ദളിതരുടെ മുടിവെട്ടില്ലെന്നു പരാതിവന്നപ്പോള്‍ അവര്‍ക്കു വേറെ ബാര്‍ബര്‍ഷാപ്പു തുറന്നു പരിഹാരം കണ്ടതാണ് വിജയന്‍ സഖാവിന്റെ വിപ്ലവം. സഖാക്കളുടെ സവര്‍ണ ബാര്‍ബര്‍ഷാപ്പുകള്‍ തഥൈവ. മുടി നീട്ടിയതിന് പോലീസ് മര്‍ദ്ദിച്ചതില്‍ മനംനൊന്ത വിനായകന്റെ ആത്മഹത്യ ജാതി പ്രശ്‌നമായി സര്‍ക്കാര്‍ കാണുന്നില്ല. പോലീസുകാരുടെ ആത്മവീര്യം തകര്‍ക്കുന്ന ഒരു നടപടിയും സ്വീകരിക്കില്ലെന്നാണ് വിജയന്‍ സഖാവിന്റെ പ്രഖ്യാപനം. പോലീസുകാരുടെ മാത്രമല്ല പാര്‍ട്ടിക്കാരുടെ ആത്മവീര്യവും വിജയന്‍ സഖാവ് തകര്‍ക്കില്ല. അതിനാല്‍ വാളയാര്‍ സഹോദരിമാരുടെ ദുരൂഹമരണവും അട്ടപ്പാടി മധു കൊലയും കെവിന്‍ കൊലയും ദളിത് കവി കമലേഷിന്റെ കവിത മോഷ്ടിക്കപ്പെട്ടുവെന്ന പരാതിയും ചിത്രലേഖയുടെ വീടും വാഹനവും തകര്‍ത്തതുമൊക്കെ ജാതി വിവേചനമായി പാര്‍ട്ടിയും സര്‍ക്കാരും കരുതുന്നില്ല.
Comments