അസ്തിത്വദുഃഖം തളച്ചിട്ടിരിക്കുന്ന
ബന്ധനത്തില്‍നിന്നു മോചനമില്ലയോ?
ബീജത്തില്‍ നിന്നോ പരബ്രഹ്‌മമേ, നിന്റെ
തേജസ്സില്‍ നിന്നോ തുടങ്ങിയീ ജീവിതം?
സത്യധര്‍മ്മങ്ങള്‍ പിടഞ്ഞു മരിക്കുന്ന
യുദ്ധപ്പറമ്പായി മാറിയെന്‍ ജീവിതം
നീതിന്യായങ്ങള്‍ ശിരസ്സറ്റുവീഴുന്ന
രക്തക്കളമായി മാറിയെന്‍ മാനസം.
ലോകത്തിനാത്മീയദീപമായ്, ശാന്തിതന്‍
സ്‌നേഹമന്ത്രത്തിന്റെ ധാരയായ്, മാനവ
മൂല്യമോരോന്നിനും തന്‍കളിത്തൊട്ടിലായ്
ശോഭിച്ച ഭാരതം പെറ്റിട്ടപൈതല്‍ ഞാന്‍
മായാമരീചിക കണ്ടു മോഹിച്ചുപോയ്!
കേവലം ഭൗതിക സൗഖ്യം തിരഞ്ഞുപോയ്!
ആര്‍ഷസാമ്രാജ്യമേ, നിന്‍യാഗവേദിയില്‍
ആയുധശേഖരം കണ്ടു തരിച്ചുപോയ്!
മാപ്പെനിക്കേകുക, മടങ്ങിവരുന്നു ഞാന്‍
നിന്‍പൊന്മകനായി ധര്‍മ്മം പുലര്‍ത്തുവാന്‍,
പുത്രധര്‍മ്മം നിറവേറ്റുവാന്‍, പിന്നെയും
‘ലോകാ: സമസ്താ: സുഖിനോ ഭവന്തു’ വെ-
ന്നോതുവാനായി, ട്ടെനിക്കുഞാനാകണം!
(കേസരിക്കായി കവി എഴുതിയ അവസാന കവിത)
Comments