തിരുവനന്തപുരം: ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാവണമെന്ന് എബിവിപി ദേശീയ സംഘടനാ സെക്രട്ടറി ആശിഷ് ചൗഹാന്. എബിവിപി 38-ാമത് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭാരതത്തിന്റെ സംസ്കാരത്തെ ഇടതുപക്ഷ ചരിത്രകാരന്മാര് വളച്ചൊടിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രഥമ സ്വാമി വിവേകാനന്ദ യുവ പുരസ്കാരം സാമൂഹിക പ്രവര്‍ത്തക ടിഫാനി ബ്രാറിന് ആശിഷ് ചൗഹാന് സമര്‍പ്പിച്ചു. പൊതുസമ്മേളനത്തില്‍ എബിവിപി സംസ്ഥാന സെക്രട്ടറി എന്‍.സി.ടി. ശ്രീഹരി, കേന്ദ്ര പ്രവര്‍ത്തക സമിതി അംഗം ശ്രാവണ്‍ ബി.രാജ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ കല്യാണി ചന്ദ്രന്, എസ്. അരവിന്ദ്, സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം ആവണി ടി.വി. എന്നിവര്‍ സംസാരിച്ചു.
വിദ്യാഭ്യാസ മേഖലയിലെ മൂല്യച്യുതി പരിഹരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടണമെന്ന് സംസ്ഥാന സെക്രട്ടറി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു. വികസന വിരുദ്ധ നിലപാടില്‍ നിന്നും തീവ്രവാദ സംഘടനകളോടുള്ള മൃദു സമീപനത്തില്‍ നിന്നും ഇടത് സര്‍ക്കാര്‍ പിന്മാറണമെന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി എന്‍.വി. അരുണ്‍ അവതരിപ്പിച്ച പൊതു പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. സ്വാശ്രയഭാരതം നിര്‍മ്മിക്കാന്‍ കേരളസമൂഹം മുന്നിട്ടിറങ്ങണമെന്ന് ദേശീയ നിര്‍വാഹക സമിതിഅംഗം ഗ്രീഷ്മ എം. തമ്പി അവതരിപ്പിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
സംസ്ഥാന സമ്മേളനം എബിവിപി ദേശീയ സഹ സംഘടനാ സെക്രട്ടറി എസ്.ബാലകൃഷ്ണ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്മാന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പരിപാടിയില്‍ സംബന്ധിച്ചു. എബിവിപി മുഖപത്രമായ ഛാത്രവിചാറിന്റെ പ്രകാശനവും നടന്നു. കേരള കേന്ദ്ര സര്‍വ്വകലാശാല മുന്‍ വിസി ഡോ.ജി. ഗോപകുമാര്‍, സേവ് യൂണിവേഴ്സിറ്റി കാമ്പയിന് ചെയര്മാന് ആര്.എസ്. ശശികുമാര്‍, ഡോ.റഷീദ് പാനൂര്‍ എന്നിവര്‍ വിവിധ വിഷയങ്ങളെ ആസ്പദമാക്കി സംസാരിച്ചു. സമാപന സമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് ഡോ. അരുണ്‍ കടപ്പാല്‍ അധ്യക്ഷനായി. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി റാലിയും നടന്നു.