മഹാകവി കുമാരനാശാന്റെ കവിതയോ ജീവചരിത്രമോ വായിക്കാതെ, അദ്ദേഹത്തെക്കുറിച്ച് ഭൂതകാല സാഹിത്യചിന്തകര്‍ പറഞ്ഞുവെച്ചത് മാത്രം മനസ്സിലാക്കിയ പുതുതലമുറയില്‍പെട്ട ഒരു വായനക്കാരന്റെ മനസ്സില്‍ ആശാനെക്കുറിച്ചുള്ള സങ്കല്പം എന്തായിരിക്കും? കുമാരനാശാന്‍ മലയാളകവിതയില്‍ കാല്പനിക ഭാവുകത്വത്തെ സ്വാഗതം ചെയ്ത കവിയാണെന്ന് അയാള്‍ ആദ്യം മനസ്സിലാക്കും. അതിനപ്പുറം ആശാന്‍ കേരളീയ നവോത്ഥാനത്തിന്റെ കവിയാണെന്ന് അയാള്‍ തിരിച്ചറിയും. അല്പംകൂടെക്കടന്ന്, കുമാരനാശാന്‍ ഒരു വിപ്ലവകവിയാണെന്ന് അയാള്‍ തീരുമാനിക്കും. കാല്പനികത, നവോത്ഥാനം, വിപ്ലവം തുടങ്ങിയ പദങ്ങളെല്ലാം യൂറോപ്യന്‍ ചരിത്രത്തിന്റെ ഭാഗമായി മനസ്സിലാക്കിയ അയാള്‍ അങ്ങനെ, കുമാരനാശാന്‍ പാശ്ചാത്യസംസ്‌കാരത്തിന്റെ പാതയിലൂടെ സഞ്ചരിച്ച കവിയാണെന്ന് ഒടുവില്‍ വിധിയെഴുതും. ഈ വിധിയെഴുത്ത് കുമാരനാശാനെ സംബന്ധിച്ച് എത്രമാത്രം ശരിയാണ്? വിധിയെഴുത്ത് നടത്തിയ പുതിയ വായനക്കാരന് മാത്രമാണോ ഇവിടെ പിഴച്ചത്? അല്ല. ഭാരതംകണ്ട ഏറ്റവും പ്രതിഭാശാലിയായ ഒരു കവിയെ കാല്പനികത, നവോത്ഥാനം, വിപ്ലവം തുടങ്ങിയ പദങ്ങളില്‍ മാത്രം തളച്ചിട്ട സാഹിത്യ പണ്ഡിതന്‍മാര്‍ക്കു കൂടിയാണ്. കുമാരനാശാന്റെ നൂറ്റിയമ്പതാം ജന്മവാര്‍ഷികം ആചരിക്കുന്ന ഈ അവസരത്തില്‍ ഇവര്‍ വരുത്തിയ പിഴവുകള്‍ തിരുത്തേണ്ടിയിരിക്കുന്നു.
തീര്‍ച്ചയായും കുമാരനാശാന്റെ കവിതയില്‍ കാല്പനികതയും നവോത്ഥാനവും വിപ്ലവവുമുണ്ട്. എന്നാല്‍ ഇവയൊന്നും യൂറോപ്യന്‍മാരില്‍നിന്നും കടംകൊണ്ടതായിരുന്നില്ല. പകരം ഈ ചിന്തകളുടെയെല്ലാം തായ്‌വേരുകള്‍ ഭാരതത്തിലുണ്ട്. ആ വേരുകളാണ് ആശാന്‍ തന്റെ കവിതയിലൂടെ അന്വേഷിച്ച് ചെന്നത്. പാശ്ചാത്യസംസ്‌കാരത്തിന്റെ ലിബറല്‍ വീക്ഷണം ആശാന് പുതിയ ആവേശം നല്‍കി എന്നത് വിസ്മരിക്കാനാവില്ല. അപ്പോഴും ആശാന്റെ ചിന്തയുടെയും ഭാവുകത്വത്തിന്റെയും അടിസ്ഥാനം ഭാരതീയമായിരുന്നു. ആശാനെ വിപ്ലവത്തിന്റെ ശുക്രനക്ഷത്രമായും (ജോസഫ് മുണ്ടശ്ശേരി) നവോത്ഥാനത്തിന്റെ കവിയായും (തായാട്ട് ശങ്കരന്‍) പുരോഗമന സാഹിത്യത്തിന്റെ തുടക്കക്കാരനായും (ഇ.എം.എസ്.) കണ്ടവര്‍ പക്ഷേ ഇക്കാര്യം ബോധപൂര്‍വ്വം മറച്ചുവെച്ചു. ദുരവസ്ഥയിലെയും ചണ്ഡാലഭിക്ഷുകിയിലെയും ചില വരികള്‍ ഉദ്ധരിച്ച് അവര്‍ ആശാനെ ചെറിയ കള്ളിയിലൊതുക്കിനിര്‍ത്തി. അതിന്റെ പിന്നില്‍ അവരുടേത് മാത്രമായ ഒരു രാഷ്ട്രീയമുണ്ടായിരുന്നു. ഭാരതത്തിന്റെ ഭൂതകാലത്തെ നിഷേധാത്മകമായി മാത്രം സമീപിക്കാന്‍ തയ്യാറായ കൊളോണിയല്‍ മാനസിക അടിമത്തത്തിന്റെ രാഷ്ട്രീയമായിരുന്നു ഇവര്‍ക്കുണ്ടായിരുന്നത്. നിര്‍ഭാഗ്യമെന്നു പറയട്ടെ, പി.കെ. ബാലകൃഷ്ണനെപ്പോലുളള ചുരുക്കം ചിലരെ മാറ്റിനിര്‍ത്തിയാല്‍ സങ്കുചിത രാഷ്ട്രീയ വൃത്തത്തിനകത്തുവെച്ചാണ് മലയാളികള്‍ നാളിതുവരെ കുമാരനാശാനെ മനസ്സിലാക്കിയത്. അതിനാല്‍ കുമാരനാശാനെ പുനര്‍വായിക്കേണ്ടതുണ്ട്.
ആശാന്‍കവിതയുടെ ആത്മീയചൈതന്യം
ഭാരതത്തിന്റെ ചിരപുരാതനമായ ആദ്ധ്യാത്മിക പാരമ്പര്യം കുമാരനാശാന്‍ എന്ന കവിയെ രൂപപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കു വഹിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കവികുലഗുരുവായ കാളിദാസന്റെ പാരമ്പര്യമാണ് ആശാനുള്ളത്. ജഗദ്ഗുരു ആദിശങ്കരാചാര്യരുടെ സൗന്ദര്യലഹരി 1901 ല്‍ പരിഭാഷപ്പെടുത്തിക്കൊണ്ടാണ് ആശാന്‍ മലയാള കവിതയുടെ പര്‍ണ്ണശാലയിലേക്ക് പ്രവേശിക്കുന്നത്. പിന്നീട് 1907 ല്‍ വീണപൂവ് എന്ന മലയാളത്തിലെ എക്കാലത്തെയും വലിയ ദാര്‍ശനിക കവിത എഴുതുന്നതുവരെ അദ്ദേഹം സ്‌ത്രോത്രകൃതികളാണ് രചിച്ചിരുന്നത്. ശിവാനന്ദാനുഭൂതി, സുബ്രഹ്‌മണ്യശതകം, ശിവസുരഭി എന്നിങ്ങനെയുള്ള സ്‌ത്രോത്രമാലകള്‍കൊണ്ട് അര്‍ച്ചന ചെയ്ത ആശാന്‍ അതിന്റെ തുടര്‍ച്ചയെന്നോണമാണ് വീണപൂവിലെത്തിയത്. ഒരു പൂവിന്റെ മരണത്തെ കൈയിലെടുത്ത് അതില്‍ മനുഷ്യന്റെ ജീവിതത്തെ അദ്ദേഹം നമുക്ക് കാട്ടിത്തന്നു. അവിടെയും കവി തന്റെ ആര്‍ഷജ്ഞാനമാണ് ഉപയോഗിക്കുന്നത്. അല്ലാതെ യൂറോപ്യന്‍ ജ്ഞാനമല്ല.
”അല്ലെങ്കിലാദ്യൂതിയെഴുന്നമരര്‍ഷിമാര്‍ക്കു
ഫുല്ലപ്രകാശമിയലും ബലിപുഷ്പമായി
സ്വര്‍ലോകവും സകലസംഗമവും കടന്നു
ചെല്ലാം നിനക്കു തമസപ്പരമാം പദത്തില്‍”
എന്നെഴുതാന്‍ ആശാനെ പ്രേരിപ്പിച്ചത് അദ്ദേഹം അതുവരെ ആര്‍ജ്ജിച്ച ആര്‍ഷജ്ഞാനമാണ്. ഇതിന്റെ തുടര്‍ച്ചയായി ആശാന്‍ എഴുതിയ വരികള്‍കൂടി നോക്കുക
”ഹാ ശാന്തിയൗപനിഷദോക്തികള്‍ തന്നെ നല്‍കും
ക്ലേശിപ്പതാത്മപരിപീഡനമജ്ഞയോഗ്യം
ആശാഭരം ശ്രുതിയില്‍ വെയ്ക്കുക പിന്നെ
യീശാജ്ഞപോലെവരുമൊക്കെയുമോര്‍ക്ക പൂവേ”
ഉപനിഷത്തും അതുള്‍ക്കൊള്ളുന്ന വേദങ്ങളും അവ മുന്നോട്ടുവെച്ച വേദകാലവും ഭാരതത്തിന്റെ ഏറ്റവും മഹത്തായ കാലഘട്ടമാണ്. തികഞ്ഞ ആദരവോടുകൂടി മാത്രമാണ് ആശാന്‍ വൈദിക കാലത്തെക്കുറിച്ച് പറയുന്നത്. തന്റെ അവസാനത്തെ കവിതയില്‍വരെ ആശാന്‍ ഈ പാരമ്പര്യമാണ് കാത്തുസൂക്ഷിച്ചത്. വേദങ്ങള്‍ പഠിച്ചതാണ് തന്റെ ജീവിതത്തിലെ വലിയ നഷ്ടമെന്ന് പറഞ്ഞ ഇ.എം.എസ്. നമ്പൂതിരിപ്പാടിന് കുമാരനാശാന്റെ ആത്മീയപാരമ്പര്യം മനസ്സിലാകണമെന്നില്ല. വൈദിക കാലഘട്ടത്തിന്റെ തുടര്‍ച്ചയെന്നോ നവീകരണമെന്നോ വിളിക്കാന്‍ കഴിയുന്ന ബൗദ്ധകാലമാണ് ആശാനെ പില്‍ക്കാലത്ത് സ്വാധീനിച്ചത്.
”നമസ്‌കാരമുപഗുപ്ത വരിക ഭവാന്‍ നിര്‍വ്വാണ
നിമഗ്നനാവാതെ വീണ്ടും ലോകസേവയ്ക്കായ്
പതിതകരുണികരാം ഭവാദൃശസുതന്‍മാരെ
ക്ഷിതിദേവിക്കിന്നുവേണമധികം പേരെ”
എന്ന് തന്റെ അവസാന കവിതയുടെ അവസാനവരിയില്‍ ആശാന്‍ ഭാരതത്തിന്റെ പവിത്രമായ ബൗദ്ധജ്ഞാനമാണ് പകര്‍ന്നു നല്‍കുന്നത്. അപ്പോള്‍ തുടക്കം മുതല്‍ അവസാനംവരെ ഭാരതത്തിന്റെ ജ്ഞാനപാരമ്പര്യത്തില്‍ മുഴുകിയ കവിയാണ് കുമാരനാശാന്‍ എന്നര്‍ത്ഥം.
തന്റെ കാവ്യപ്രപഞ്ചത്തിലെല്ലായിടത്തും ഭാരതത്തിന്റെ ആത്മീയധാരകളെ വിലയിപ്പിക്കാന്‍ ശ്രമിച്ച കുമാരനാശാന്‍ പക്ഷേ, പില്ക്കാലത്ത് കേവലം വിപ്ലവകവി മാത്രമായി ചുരുങ്ങി. ഇതെങ്ങനെ സംഭവിച്ചു എന്നന്വേഷിക്കുന്നതിനു മുമ്പ് ആശാന്‍ കവിതയില്‍ ആസ്തികത്വം എങ്ങനെയെല്ലാം പ്രകടമാവുന്നു എന്ന് പരിശോധിക്കേണ്ടതുണ്ട്. തികച്ചും ദാര്‍ശനികമായ ഉയര്‍ന്നതലത്തിലാണ് ആശാന്റെ ആസ്തികത്വം നമുക്ക് കാണാന്‍ കഴിയുക.
”തിരിയുന്നുകരുക്കളായ്ചരാ-
ചരമിങ്ങാരുടെ നിത്യലീലയില്‍
അരുളട്ടെ നമുക്കവന്‍ ശുഭം
പരമേശന്‍ ഭവമുക്തിദായകന്‍”
എന്ന് ഒരു സിംഹപ്രസവം എന്ന കവിതയില്‍ ആശാന്‍ എഴുതുന്നുണ്ട്. ജീവിതത്തിന്റെ കടിഞ്ഞാണ്‍ സാക്ഷാല്‍ ജഗദീശ്വരന്റെ കൈയിലാണെന്ന് ആശാന്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്നു. ആ ഈശ്വരന്റെ മുന്നില്‍ അദ്ദേഹം തന്റെ കാവ്യപുഷ്പങ്ങള്‍ അര്‍പ്പിക്കുകയാണ്. നളിനിയില്‍ ആ അര്‍ച്ചന കൂടുതല്‍ സ്‌നേഹാര്‍ദ്രമാവുന്നു.
”ഹാ ശുഭേ! നിജഗതാഗതങ്ങള്‍ത-
ന്നീശനിശ്ചയമറിഞ്ഞിടാ നരന്‍”
എന്ന് പറയുന്നിടത്ത് ഈശ്വരന്‍ ജ്ഞാനത്തിന്റെ പരമമൂര്‍ത്തിയായി മാറുന്നു. ലീലയിലെത്തുമ്പോള്‍ ആ അറിവ് അഭേദചിന്തയില്ലാത്ത ഔന്നത്യത്തിലെത്തുന്നു. സാക്ഷാല്‍ അദ്വൈതചിന്തയിലേക്ക് ആശാന്റെ കഥാപാത്രങ്ങള്‍ ഉയരുന്നു. നോക്കുക-
”ആരും തോഴി!യുലകില്‍ മറയുന്നില്ല, മാംസം വെടിഞ്ഞാല്‍
തീരുന്നില്ലീ പ്രണയജടിലം ദേഹിതന്‍ ദേഹബന്ധം”
ആര്‍ഷജ്ഞാനത്തിന്റെ പരംവൈഭവമാണ് ഈ അദ്വൈതസങ്കല്പം. പ്രരോദനത്തില്‍ ഈ ഈശ്വരസങ്കല്‌ത്തെത്തന്നെയാണ് കവി നമസ്‌കരിക്കുന്നത്-
”ആകാശങ്ങളെയണ്ഡരാശികളോടും ഭക്ഷിക്കുമാകാശമാ-
യീകാണുന്ന സഹസ്രരശ്മിയെയിരുട്ടാക്കും പ്രഭാസാരമായ്
ശോകാശങ്കയെഴാത്ത ശുദ്ധസുഖവും ദുഖീകരിക്കുന്നിതാ-
മേകാന്താദ്വയഭൂവിന് നമസ്‌കാരം, നമസ്‌കാരമേ!”
ചിന്താവിഷ്ടയായ സീത ആശാന്റെ ഏറ്റവും പ്രകീര്‍ത്തിക്കപ്പെട്ട കാവ്യമാണ്. ആശാനെ വിപ്ലവത്തിന്റെ തൊഴുത്തില്‍ കെട്ടാന്‍ കച്ചകെട്ടിയിറങ്ങിയവര്‍ക്ക് സീതാകാവ്യം പ്രധാന കയറായിരുന്നു. നിശ്ചയമായും സീതാകാവ്യം ഭാരതത്തിന്റെ സ്മൃതിപരമ്പരകള്‍ക്കുനേരെയുള്ള ഏറ്റവും ശക്തമായ ആക്രമണമായിരുന്നു. അത് അക്കാലത്ത് ആവശ്യവുമായിരുന്നു. അപ്പോഴും ആശാന്‍ ഭാരതത്തിന്റെ ശ്രുതിപരമ്പരയെ അറിഞ്ഞാദരിക്കുന്നുണ്ട്. സീതാകാവ്യത്തില്‍തന്നെ ഇതിന് ധാരാളം തെളിവുകളുണ്ട്.
”ഇതിഹാസപുരാണ സല്‍ക്കഥാ
ശ്രുതിയാല്‍ ജീവിതഭൂനനച്ചിവര്‍
ചിതമായരുളുന്നു ചേതനാ
ലതയില്‍ പുഷ്പഫലങ്ങളാര്‍ക്കുമേ”
എന്ന ഭാഗം നോക്കുക. ഇതിഹാസപുരാണങ്ങളിലെ സല്‍ക്കഥകള്‍കൊണ്ട് ജീവിതഭൂമി നനക്കുന്ന ആശ്രമസ്ത്രീരത്‌നങ്ങളെ സീത അങ്ങേയറ്റം ആദരവോടെയാണ് കാണുന്നത്. തപോവനത്തിലെ ജീവിതം സീതയ്ക്കു നല്‍കുന്ന കരുത്ത് ചെറുതല്ല. തപോവനജീവിതത്തിലാണ് ഭാരതത്തിന്റെ ആത്മീയപാരമ്പര്യത്തിന്റെ വേരുകളുള്ളത്. ഈ വേരുകളെ ആശാന്‍ പാവനമായ മനസ്സോടെ സ്വീകരിക്കുന്നുണ്ട്.
”അനലാര്‍ക്കവിധുക്കളാവിധം
വനശൈലാദികള്‍ വേദമെന്നതില്‍
മനതാരലയാതവര്‍ക്കെഴും
ഘനമാമാസ്തികബുദ്ധിയോര്‍പ്പുഞാന്‍”
എന്നിടത്ത് സീത തപോവനത്തിലെ അന്തേവാസികളുടെ ആസ്തികബുദ്ധിയെ നമസ്‌കരിക്കുന്നു. പ്രകൃതിതന്നെയാണ് അവര്‍ക്ക് വേദം. ഇതുതന്നെയാണ് ഭാരതം പ്രാചീനകാലത്തുപോലും മുന്നോട്ടുവെച്ചത്.
”മഹിയില്‍ ശ്രുതിപോലെ മാന്യമാര്‍
പ്രയതാത്മാക്കളൃഷിപ്രസൂതിമാര്‍
വിഹിതാവിഹിതങ്ങള്‍ കാട്ടുവോര്‍
സ്വയമാചാര നിദര്‍ശനങ്ങളാല്‍”
ആശ്രമസ്ത്രീകളുടെ സ്വഭാവഗുണങ്ങളെ അറിഞ്ഞാദരിക്കുന്ന സീത അവരുടെ ആചാരാനുഷ്ഠാനങ്ങളിലും പുണ്യം കണ്ടെത്തുന്നു.
”എരിയുന്ന മഹാവനങ്ങള്‍ത-
ന്നരികില്‍ ശീതള നീര്‍ത്തടാകമോ
തിരതല്ലിയെഴുന്ന സിന്ധുവില്‍
കരയോ ശാന്തികരം തപോവനം”
ഇതെല്ലാം കൊണ്ടാണ് സീതയ്ക്ക് തപോവനം ശാന്തികരമായി തോന്നിയത്. ഇവ്വിധം അനേകം സന്ദര്‍ഭങ്ങളില്‍ ആര്‍ഷഭാരതത്തിന്റെ മഹത്തായ ശ്രുതിപാരമ്പര്യത്തെ ആശാന്‍ സീതാകാവ്യത്തില്‍ കൊണ്ടുവരുന്നുണ്ട്. ആ ശ്രുതിപാരമ്പര്യത്തില്‍ നിന്നുകൊണ്ടാണ് ആശാന്‍ ഭാരതത്തിന് പലതുകൊണ്ടും അപമാനമായിത്തീര്‍ന്ന സ്മൃതിപാരമ്പര്യത്തെ ആക്രമിക്കുന്നത്
”അരുതോര്‍പ്പില്‍ നൃപന്‍ വധിച്ചു നി-
ഷ്‌കരുണം ചെന്നൊരു ശൂദ്രയോഗിയെ
നിരുപിക്കില്‍ മയക്കി ഭൂപനെ
തരുണീപാദജഗര്‍ഹിണിശ്രുതി”
എന്നിടത്ത് ആശാന്‍ വിമര്‍ശിക്കുന്നത് രാമനെയല്ല, രാമന്‍ പിന്തുടര്‍ന്ന മനുസ്മൃതിയെയാണ്. ശ്രുതിയും സ്മൃതിയും തമ്മിലുള്ള അന്തരം ആശാന്‍ വ്യക്തമായി മനസ്സിലാക്കിയിരുന്നു. ആശാനെ പാശ്ചാത്യ കാഴ്ചപ്പാടില്‍ വിപ്ലവകവിയായി മാത്രം അവതരിപ്പിച്ചവര്‍ ഇത് ബോധപൂര്‍വ്വം മറച്ചുവെച്ചു.
ചിന്താവിഷ്ടയായ സീതയില്‍നിന്ന് ദുരവസ്ഥയിലേക്കും ചണ്ഡാലഭിക്ഷുകിയിലേക്കും എത്തുമ്പോള്‍ ഭാരതത്തിന്റെ അഭിമാനമായ ശ്രുതിപാരമ്പര്യത്തോടുള്ള ആശാന്റെ സുദൃഢബന്ധം കൂടുതല്‍ വ്യക്തമാവുന്നു. ഭാരതം ലോകത്തിനു നല്‍കിയ മഹത്തായ സനാതനധര്‍മ്മം കേവലം പുരോഹിത മതമായി മാറിയപ്പോള്‍ സംഭവിച്ച പാളിച്ചകളാണ് ആശാന്‍ ദുരവസ്ഥയില്‍ ആത്യന്തികമായി അനാവരണം ചെയ്യുന്നത്. അതിനുള്ള കരുക്കള്‍ മാത്രമാണ് ചാത്തനെന്ന പുലയ യുവാവും സാവിത്രിയെന്ന അന്തര്‍ജനവും. ധര്‍മ്മം മതമായി മാറിയതിന്റെ ദുരന്തഫലമാണ് ഈ രണ്ടുപേരുടെയും വിഭാഗത്തില്‍പെടുന്നവര്‍ അനുഭവിക്കുന്നത്. ദുരവസ്ഥയില്‍ ഹിന്ദുധര്‍മ്മം എന്നും നമ്പൂരി മതമെന്നും രണ്ട് പ്രയോഗങ്ങളുണ്ട്. ഈ രണ്ട് പ്രയോഗങ്ങളിലൂടെ അദ്ദേഹം സനാതനധര്‍മ്മത്തെയും അത് വഴിപിഴച്ചുപോയതിന്റെ ദുരന്തത്തെയും കുറിച്ച് സൂചന നല്‍കുന്നു. അതുപോലെതന്നെ പൂജ്യരാം വൈദികര്‍, വൈദികമാനികര്‍ എന്നിങ്ങനെ രണ്ടുതരം പ്രയോഗങ്ങള്‍ ആശാന്‍ ഈ കൃതിയില്‍ നടത്തിയിട്ടുണ്ട്. ജാതിചിന്തയില്ലാതെ ധര്‍മ്മചിന്ത മാത്രമായി കഴിയുന്നവരാണ് പൂജ്യരാം വൈദികര്‍. അവരാണ് ഹിന്ദുധര്‍മ്മത്തിന്റെ യഥാര്‍ത്ഥ അവകാശികള്‍. ശ്രീരാമകൃഷ്ണ പരമഹംസര്‍, വിവേകാനന്ദസ്വാമികള്‍ തുടങ്ങി ശ്രീനാരായണഗുരു വരെയുള്ള പൂജ്യര്‍ ഇങ്ങനെയൊരു പ്രയോഗം നടത്തുമ്പോള്‍ ആശാന്റെ മനസ്സിലുണ്ടായിരിക്കണം. വൈദികമാനികര്‍ എന്ന രണ്ടാമത്തെ വിഭാഗം ജന്മംകൊണ്ടുമാത്രം ഹിന്ദുധര്‍മ്മത്തിന്റെ അവകാശം സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. അവരാണ് ഭാരതത്തില്‍ വര്‍ണ്ണവ്യവസ്ഥയെ സങ്കുചിതമായി ഉപയോഗിച്ചത്. അവരോടാണ് കവി മാറ്റുവിന്‍ ചട്ടങ്ങളേ എന്ന് വിളിച്ചുപറഞ്ഞത്. അതായത് മതപരിഷ്‌കരണമായിരുന്നു ആശാന്‍ ലക്ഷ്യം വെച്ചത്. അല്ലാതെ പില്‍ക്കാലത്ത് പുരോഗമന ചിന്തകര്‍ തെറ്റിദ്ധരിപ്പിച്ചതുപോലെ മതനിരാസമല്ല. ഇക്കാര്യം കൂടുതല്‍ വ്യക്തമായി മനസ്സിലാക്കാന്‍ 1923 ല്‍ ആശാന്‍ മിതവാദി പത്രാധിപര്‍ക്ക് അയച്ച ഒരു ദീര്‍ഘമായ കത്ത് കൂടി വായിക്കണം.
ഈഴവ വിഭാഗത്തില്‍പെടുന്ന ചില നേതാക്കളുടെ താല്പര്യപ്രകാരം ഈഴവര്‍ കൂട്ടമായി ഹിന്ദുമതം ഉപേക്ഷിച്ച് മറ്റുമതങ്ങളിലേക്ക് പരിവര്‍ത്തനം ചെയ്യാന്‍ തയ്യാറായി നില്‍ക്കുന്ന സമയമായിരുന്നു അത്. ആ വര്‍ഷത്തെ എസ്.എന്‍.ഡി.പി.യുടെ വാര്‍ഷിക സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിച്ചപ്പോള്‍ ആശാന്‍ ഈ വിഷയത്തില്‍ തന്റെയും യോഗത്തിന്റെയും നിലപാട് വ്യക്തമാക്കി. ഈഴവര്‍ സ്വമതം ഉപേക്ഷിച്ച് മറ്റ് മതങ്ങളിലേക്ക് പോകുന്നതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അതിന് പകരം ഹിന്ദുമതത്തിന്റെ പരിഷ്‌കരണ പ്രവര്‍ത്തനങ്ങളിലാണ് നാം ശ്രദ്ധവെയ്‌ക്കേണ്ടത് എന്നുമാണ് ആശാന്‍ അന്ന് വ്യക്തമാക്കിയത്. ആശാന്റെ ഈ നിലപാടിനെ വിമര്‍ശിച്ചുകൊണ്ട് പത്രാധിപരായ കൃഷ്ണന്‍ മിതവാദിയില്‍ എഴുതി. ആ വിമര്‍ശനത്തിന് ആശാന്‍ മിതവാദിയില്‍ പ്രസിദ്ധീകരിക്കാനാനായി പത്രാധിപര്‍ക്ക് ഒരു കത്തെഴുതി. പക്ഷേ പത്രാധിപര്‍ അത് പ്രസിദ്ധീകരിക്കാതെ ആശാന് തിരിച്ചയച്ചു. ആശാന്റെ മരണശേഷമാണ് ആ കത്ത് ‘മതപരിവര്‍ത്തനരസവാദം’ എന്ന പേരില്‍ പ്രസിദ്ധീകരിക്കുന്നത്. ഈ കത്തില്‍ ആശാന്‍ കൂടുതല്‍ തെളിവുകള്‍ നിരത്തി ഹിന്ദുമതത്തിന്റെ പരിഷ്‌കരണങ്ങളെക്കുറിച്ച് പറയുന്നുണ്ട്. മിതവാദി പത്രാധിപര്‍ക്ക് ഈഴവരെല്ലാം ബുദ്ധമതത്തില്‍ ചേരണം എന്നായിയിരുന്നു അഭിപ്രായം. അതിനാല്‍ ഹിന്ദുമതത്തിന്റെ തിന്മയെക്കുറിച്ചും ബുദ്ധമതത്തിന്റെ നന്മയെക്കുറിച്ചും മാത്രം അദ്ദേഹം എഴുതി. എന്നാല്‍ ഇത് ശരിയല്ലെന്നും രണ്ടു മതങ്ങളിലും നന്മയും തിന്മയും ഉണ്ടെന്നും ആശാന്‍ വ്യക്തമാക്കുന്നു. മാത്രമല്ല ഗൗതമബുദ്ധന്‍ ഹിന്ദുദര്‍ശനങ്ങളെ വ്യാഖ്യാനിച്ച മഹാനായിരുന്നുവെന്നാണ് ആശാന്‍ പറയുന്നത്. അദ്ദേഹത്തിന്റെ വ്യാഖ്യാനങ്ങള്‍ പില്ക്കാലത്ത് മതമായി മാറി. അതായത് ഹിന്ദുമതത്തിന്റെ സന്താനമാണ് ബുദ്ധമതമെന്നര്‍ത്ഥം. ആശാന്‍ പറയുന്നു- ”സാംഖ്യം, വൈശേഷികം മുതലായ മതങ്ങളെപ്പോലെ ബുദ്ധമതവും ഒരു ദര്‍ശനമാവുന്നു. ഇതിനെ ഹിന്ദുക്കളുടെ പല ദര്‍ശനഗ്രന്ഥങ്ങളിലും, എന്നുതന്നെയല്ല ഉത്തരമീമാംസയില്‍ത്തന്നെയും പൂര്‍വ്വപക്ഷത്വേന നിരൂപണം ചെയ്തിട്ടുള്ളതാവുന്നു. ഈ ദര്‍ശനത്തിന് ഈ അത്ഭുതകരമായ പ്രചാരം സിദ്ധിക്കാന്‍ പല കാരണങ്ങളുമുണ്ടായിരിക്കാം. എന്നാല്‍ ഏറ്റവും പ്രധാനമായിട്ടുളള ഒന്ന് ഇതിന്റെ ദ്രഷ്ടാവിന്റെ അലോകസാമാന്യമായ മാഹാത്മ്യമായിരുന്നു”. തന്റെ വാദം സ്ഥാപിക്കാന്‍ ആശാന്‍ യൂറോപ്യന്‍ ബുദ്ധമതാനുയായി ആയ ജെ.ഡബ്ല്യു. റോയ്ഡ് ഡേവിഡിന്റെ വാക്കുകള്‍ അതേപടി ഉദ്ധരിക്കുന്നുണ്ട്. ആശാന്‍ ഉദ്ധരിക്കുന്ന ഡേവിഡിന്റെ വരികളിതാണ്- ‘ “Budhism was the child and then product of Hinduism. Goutoma’s whole training was Brahminism. He probably deemed himself to be then the most correct exponent of the spirit, as distinct from the letter of the ancient faith, and it can only be claimed for him that he was the greatest and wisest and best of the Hindus,”” (മതപരിവര്‍ത്തനരസവാദം, പുറം-21, 22)ഹിന്ദുമതത്തോട് ആശാനുണ്ടായിരുന്ന ആത്മബന്ധം ഈ എഴുത്തില്‍ നമുക്ക് നിശ്ചയമായും കാണാം. ഹിന്ദുമതത്തില്‍നിന്ന് മറ്റു മതങ്ങളിലേക്ക് പോയി ആ മതങ്ങളിലെ പുരോഹിതന്‍മാരുടെ അടിമകളായി കഴിയാനല്ല മറിച്ച്, ഹിന്ദുമതത്തെത്തന്നെ നവീകരിച്ച് സ്വയം രക്ഷപ്രാപിക്കാനാണ് ആശാന്‍ ആഹ്വാനം ചെയ്തത്. ഈ നവീകരണം എല്ലാ വിഭാഗങ്ങളില്‍നിന്നും ആരംഭിക്കണം. ദുരവസ്ഥയില്‍ സാവിത്രി ചിന്തിക്കുന്നതാണ് ആശാന്റെ മനസ്സിലുണ്ടായിരുന്ന മതപരിഷ്‌കരണം.
”അങ്ങനെ സംസ്‌കരിക്കും ഞാനവനുള്ളില്‍
മങ്ങിയെഴുന്ന മതബോധങ്ങള്‍
ഞങ്ങള്‍ പുലയര്‍ക്കുള്ളാരാധനകളെ
ഭംഗിയായ് പിന്നെ പരിഷ്‌കരിക്കും”.
മതപരിഷ്‌കരണം എന്നാല്‍ ഹിന്ദുമതത്തിലെ എല്ലാ ജാതികളിലെയും അനാചാരങ്ങളെ – ഇല്ലാതാക്കി ആചാരങ്ങളെ സംരക്ഷിക്കലാണെന്ന് ആശാന്‍ ഇവിടെ പറയുന്നു. ഈ വരികളില്‍ പുതിയ ദളിത് വാദികള്‍ മറ്റൊരു ദുരര്‍ത്ഥമാണ് കണ്ടെത്തുന്നത്. സാവിത്രി ചാത്തന്റെ ആരാധനകളെ പരിഷ്‌കരിക്കും എന്ന് പറയുന്നത്, പുലയരുടെ ആരാധനകളെ ബ്രാഹ്‌മണരുടെ ആരാധനകളാക്കി മാറ്റും എന്നതിന്റെ സൂചനയാണിതെന്ന് അവര്‍ പറയുന്നു. വാസ്തവത്തില്‍ പ്രാകൃതമായ ആരാധനകള്‍, വിശ്വാസങ്ങള്‍ എന്നിവ ഏത് ജാതിയുടേതായാലും അത് പരിഷ്‌കരിക്കപ്പെടേണ്ടതാണെന്ന വിശാലമായ ആശയമാണ് കുമാരനാശാനുണ്ടായിരുന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല.
ചണ്ഡാലഭിക്ഷുകിയിലേക്ക് കടക്കുമ്പോള്‍ ഹിന്ദുമതത്തിലെ വൈദികമാനികള്‍ സൃഷ്ടിച്ച ജാതിവൈകൃതങ്ങളെ കുറേക്കൂടി രൂക്ഷമായി അപഹസിക്കുന്നുണ്ട്. ആരാണ് ഹിന്ദുമതത്തിന്റെ നേരവകാശികള്‍ എന്ന ചോദ്യമാണ് കൃതിയുടെ ഒടുവില്‍ ആശാന്‍ ഉന്നയിക്കുന്നത്.
”വല്ലിതന്നഗ്രത്തില്‍ നിന്നോ-ദ്വിജന്‍-
ചൊല്ലുക മേഘത്തില്‍നിന്നോ
യാഗാഗ്നിനിപോലെ ശമിതന്‍-ഖണ്ഡ-
യോഗത്തില്‍നിന്നോ ജനിപ്പൂ?
അജ്ജാതിരക്തത്തിലുണ്ടോ?- അസ്ഥി
മജ്ജ ഇതുകളിലുണ്ടോ?”
എന്ന ഈ ചോദ്യം മുമ്പ് ശങ്കരാചാര്യരോട് ചണ്ഡാലവേഷധാരിയായ പരമേശ്വരന്‍ ചോദിച്ചതുതന്നെ. ആശാന്റെ വിപ്ലവാശയങ്ങള്‍ക്ക് യൂറോപ്യന്‍ നവോത്ഥാനത്തോടല്ല, ഭാരതത്തിന്റെ മഹിതപാരമ്പര്യത്തോടാണ് ബന്ധമെന്ന് തുടക്കത്തില്‍ സൂചിപ്പിച്ചതിന്റെ പൊരുളിതാണ്.
കേരളത്തിലെ ജാതിവ്യവസ്ഥയെ കടന്നാക്രമിച്ച കവി എന്ന നിലയിലാണ് കുമാരനാശാനെ വിപ്ലവകവി എന്ന് സാഹിത്യ നിരൂപകര്‍ വിളിച്ചത്. ദുരവസ്ഥയാണ് അതിന് ഉദാഹരണമായി മുണ്ടശ്ശേരി അടക്കമുള്ളവരെല്ലാം ചൂണ്ടിക്കാട്ടുന്നത്. തീര്‍ച്ചയായും ദുരവസ്ഥ മലയാളത്തിലെ ഏറ്റവും ശക്തമായ വിപ്ലവ കവിതയാണ്. കേരളത്തിന്റെ നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്ന കൃതിയാണിത്. കേരളീയരുടെ മുഴുവന്‍ പൊതുബോധത്തെയും മാറ്റിമറിക്കാന്‍ പര്യാപ്തമായിരുന്നു ദുരവസ്ഥയില്‍ ആശാന്‍ മുന്നോട്ടുവെച്ച ആശയങ്ങള്‍. ആ അര്‍ത്ഥത്തില്‍ മലയാളത്തിലെ ആദ്യത്തെയും അവസാനത്തെയും രാഷ്ട്രീയ കവിതയാണ് ദുരവസ്ഥ. രാഷ്ട്രീയകവിത എന്ന പേരില്‍ പില്ക്കാലത്തുണ്ടായ കവിതകളെല്ലാം പാര്‍ട്ടിക്കവിതകള്‍ മാത്രമായിരുന്നു. രാഷ്ട്രീയ പാര്‍ട്ടികളുടെ സങ്കുചിതാശയങ്ങള്‍ അവതരിപ്പിക്കുക മാത്രമായിരുന്നു അത്തരം കവിതകളുടെ ഏക ലക്ഷ്യം. ദുരവസ്ഥ ഇവയില്‍നിന്നും ഏറെ ഉയര്‍ന്നു നില്‍ക്കുന്നു.
അതേസമയം ദുരവസ്ഥയെ ജാതിവിരുദ്ധകൃതിയായി മാത്രം കണ്ട നിരൂപകര്‍ ആ കൃതിയോട് കാണിച്ചത് തികഞ്ഞ അനീതിയാണ്. മതം ദുരവസ്ഥയില്‍ കടന്നുവരുന്നതിനെക്കുറിച്ച് അവരാരും പറയുന്നില്ല. വാസ്തവത്തില്‍ ജാതിപോലെതന്നെ മതവും കൃതിയില്‍ രൂക്ഷമായ വിമര്‍ശനത്തിന് വിധേയമാവുന്നുണ്ട്. മാപ്പിളലഹളയിലെ വേട്ടക്കാരുടെ മതമായ ഇസ്ലാംമതമാണ് കൃതിയില്‍ വിമര്‍ശിക്കപ്പെടുന്നത്. ദുരവസ്ഥയിലെ ഇസ്ലാംവിരുദ്ധ പരാമര്‍ശങ്ങളുടെ പേരില്‍ ആശാന്‍ അക്കാലത്ത് എതിര്‍പ്പുകള്‍ നേരിട്ടിരുന്നു. എന്നാല്‍ ആശാന്‍ അതില്‍ ഭയന്നില്ല. ദുരവസ്ഥ തന്റെ ഭാവനാസൃഷ്ടിയാണെങ്കിലും കലാപസംബന്ധമായി പരാമര്‍ശിച്ച കാര്യങ്ങളെല്ലാം തനിക്ക് വസ്തുതാപരമായി ബോധ്യമുള്ള കാര്യങ്ങളാണെന്ന് അദ്ദേഹം അവയ്ക്ക് മറുപടി നല്‍കി. മുസ്ലീം മതത്തോട് ആശാന് വിദ്വേഷമില്ലായിരുന്നു എന്ന് മതപരിവര്‍ത്തനരസവാദത്തിലെ ഇസ്ലാംമതത്തെക്കുറിച്ചുള്ള പരാമര്‍ശത്തില്‍നിന്ന് വ്യക്തമാണ്. ദുരവസ്ഥയില്‍ ആശാന്‍ വിമര്‍ശിച്ചത് മതവര്‍ഗ്ഗീയതയെയാണ്. ഇസ്ലാം വിശ്വാസികളില്‍ ചിലര്‍ വെച്ചുപുലര്‍ത്തുന്ന വര്‍ഗ്ഗീയ താല്പര്യങ്ങളെക്കുറിച്ച് ആശാന്‍ മാപ്പിള ലഹളയ്ക്കു മുമ്പുതന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു. 1915 ഒക്‌റ്റോബര്‍ മാസത്തെ വിവേകോദയത്തില്‍ ആശാന്‍ ഇങ്ങനെ എഴുതി- ”നമ്മുടെ മഹാരാജ്യത്തിന്റെ അതിര്‍ത്തികളിലും, ബംഗാള്‍ മുതലായ പ്രദേശങ്ങളിലും രാജ്യദ്രോഹികള്‍ വീണ്ടും തലപൊക്കിയിരിക്കുന്നു. കുറേക്കൂടി അടുത്തുനോക്കുമ്പോള്‍ മലബാറില്‍ മാപ്പിളമാര്‍ വീണ്ടും ലഹളയ്ക്ക് ഭാവിക്കുന്നതായി കാണുന്നു” (കുമാരനാശാന്‍, പുറം 120). അപ്പോള്‍ ദുരവസ്ഥയിലെ കലാപകാരികളെക്കുറിച്ച് ആശാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് ചരിത്രപരമായ പശ്ചാത്തലമുണ്ട് എന്ന് വ്യക്തം. എന്നാല്‍ ഇക്കാര്യത്തെക്കുറിച്ച് ആശാനെ വിപ്ലവകവിയായി അവതരിപ്പിച്ച ആരും നമ്മോട് പറഞ്ഞിട്ടില്ല.
കാല്പനികത, നവോത്ഥാനം, വിപ്ലവം എന്നീ യൂറോപ്യന്‍ ആശയങ്ങളിലൂടെ കുമാരനാശാനെ അവതരിപ്പിച്ചവര്‍ ആശാനെക്കുറിച്ച് സൃഷ്ടിച്ച പൊതുബോധം ഇതാണ്- കുമാരനാശാന്‍ ഭാരതീയ സംസ്‌കാരത്തെ, ഹിന്ദുമതത്തെ എതിര്‍ത്ത കവിയാണ്. ശ്രീനാരായണഗുരുവിനെക്കുറിച്ചും ഇതേ പൊതുബോധമാണ് ഇവിടെ സൃഷ്ടിച്ചിട്ടുള്ളത്. വാസ്തവത്തില്‍ കുമാരനാശാന് ഭാരതീയ സംസ്‌കാരത്തോടും ഹിന്ദുമതത്തോടുമുള്ള ആത്മബന്ധത്തിന്റെ തെളിവുകളാണ് അദ്ദേഹത്തിന്റെ കവിതകളിലും മതപരിവര്‍ത്തനരസവാദം, വിവേകോദയം തുടങ്ങിയ രചനകളിലും നാം ഇതുവരെ കണ്ടത്. അപ്പോള്‍ ആശാനെ നാളിതുവരെ നാം തെറ്റിവായിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ നമ്മെ വഴി തെറ്റിച്ചതാവട്ടെ പുരോഗമനപക്ഷത്തു നില്‍ക്കുന്നു എന്ന് സ്വയം വിളിച്ചു പറയുന്നവരും. ഇത്രയും പരിശോധിച്ചതിന്റെ വെളിച്ചത്തില്‍ കുമാരനാശാന് ഒരു വിശേഷണം നല്‍കുകയാണെങ്കില്‍ ഇങ്ങനെ നല്‍കാം- കുമാരനാശാന്‍ ആര്‍ഷഭാരതത്തിന്റെ മഹാകവി.
പരിശോധിച്ച കൃതികള്‍
1. അശോകന്‍ കെ. (1982) കുമാരനാശാന്‍, കേരള ഹിസ്റ്ററി അസോസിയേഷന്‍, എറണാകുളം
2. ബാലകൃഷ്ണന്‍ പി.കെ.(2010) കാവ്യകല കുമാരനാശാനിലൂടെ, ഡി.സി.ബുക്‌സ്, കോട്ടയം
3. ഇ. എം. എസ്. നമ്പൂതിരിപ്പാട് (1990)തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍, തൃശ്ശൂര്‍
4. കുമാരനാശാന്‍(2009) ആശാന്റെ പദ്യകൃതികള്‍, ഡി. സി. ബുക്‌സ്, കോട്ടയം
5. കുമാരനാശാന്‍(2012) മതപരിവര്‍ത്തനരസവാദം, ഋയീീസ ജൗയഹശവെലറ ആ്യ വേേു://ാമഹമ്യമഹമാലയീീസ.െീൃഴ/
6. മുണ്ടശ്ശേരി ജോസഫ് പ്രൊഫ.(2018) മുണ്ടശ്ശേരി കൃതികള്‍ വാല്യം 2, ഡി.സി. ബുക്‌സ്, കോട്ടയം
7. ശങ്കരന്‍ തായാട്ട്, ദുരവസ്ഥ ഒരു പഠനം, നാഷണല്‍ ബുക്ക് സ്റ്റാള്‍, കോട്ടയം, 1978