ഹരിവരാസനം എന്ന ശാസ്താ സ്തുതിയുടെ ശതാബ്ദി കേരളത്തില്‍ ഇപ്പോള്‍ കൊണ്ടാടുന്നു എങ്കിലും, തമിഴ്‌നാട്ടില്‍ ഇത് മൂന്നു വര്‍ഷം മുന്‍പ് കൊണ്ടാടി. കാരണം, ഈ അഷ്ടകം 1920 ല്‍ കല്ലടക്കുറിച്ചി കമ്പങ്കുടി സുന്ദരം കുളത്തു അയ്യര്‍ എഴുതി എന്നാണ് കല്ലടക്കുറിച്ചിക്കാര്‍ കരുതുന്നത്. തിരുനല്‍വേലി ജില്ലയിലെ കല്ലടക്കുറിച്ചിക്ക് കൊല്ലം ജില്ലയിലെ പുനലൂരില്‍ നിന്ന് അധികം ദൂരമില്ല.
അംബാസമുദ്രത്തിനടുത്ത് താമ്രപര്‍ണി നദിക്കരയിലെ കല്ലടക്കുറിച്ചിയില്‍ ഗുരുവായ തമിഴ് ബ്രാഹ്‌മണന്‍ സുബ്ബജടാപാഠികളുടെ വീട്ടില്‍ നാലു വര്‍ഷം താമസിച്ചാണ് ചട്ടമ്പി സ്വാമികള്‍ വേദോപനിഷത്തുകള്‍ സ്വായത്തമാക്കിയത്. അതിന് മുന്‍പ് തിരുവനന്തപുരത്ത് സര്‍ക്കാര്‍ അധ്യാപകനായ സ്വാമിനാഥ ദേശികര്‍ എന്ന തമിഴ് ബ്രാഹ്‌മണന്‍ അദ്ദേഹത്തെ തമിഴ് വ്യാകരണം പഠിപ്പിച്ചിരുന്നു. ദേശികരാണ്, മുറജപത്തോടനുബന്ധിച്ച വേദാന്ത സദസ്സിനെത്തിയ സുബ്ബജടാപാഠികളെ ചട്ടമ്പിക്ക് പരിചയപ്പെടുത്തിയത്. കല്ലടക്കുറിച്ചിക്ക് അടുത്ത എട്ടയ പുരത്ത് 1835 ല്‍ സംഗീതജ്ഞന്‍ മുത്തുസ്വാമി ദീക്ഷിതര്‍ സ്ഥിരതാമസമാക്കിയിരുന്നു.
‘ശാസ്താ സ്തുതി കദംബം’ എന്ന, കുളത്തു അയ്യര്‍ 1920 ല്‍ തമിഴില്‍ ഇറക്കിയ പുസ്തകത്തിലാണ് ഹരിവരാസനം ഇടം നേടിയത്. ഇത് പിന്നീട് 1963 ല്‍ തിരുവനന്തപുരം ചാലയിലെ ജയചന്ദ്രാ ബുക് ഡിപ്പോ മലയാളത്തില്‍ ഇറക്കി. അതില്‍ സമ്പാദകന്‍ കുമ്പക്കുടി കുളത്തു അയ്യര്‍ എന്നു ചേര്‍ത്തതായി മലയാളത്തില്‍ ഇറങ്ങുന്ന ലേഖനങ്ങളില്‍ കാണുന്നു. കുളത്തൂര്‍ അയ്യര്‍ എന്നും കുളത്തൂര്‍ ശ്രീനിവാസയ്യര്‍ എന്നുമൊക്കെ പലതിലും കണ്ടിട്ടുണ്ട്. തമിഴില്‍ പണ്ട് സാധാരണമായ പേര് കുളത്തു അയ്യര്‍ എന്നാണ്. ശ്രീനിവാസയ്യര്‍ എന്നത് ആരുടെ കണ്ടുപിടിത്തം എന്നാണെന്ന് അറിയില്ല. കല്ലടക്കുറിച്ചിക്കാര്‍ അദ്ദേഹത്തെ അറിയുന്നത്, സുന്ദരം കുളത്തു അയ്യര്‍ എന്നാണ്.
അംബാസമുദ്രത്തില്‍ നിന്ന് നാലു കിലോമീറ്റര്‍ അകലെ കല്ലടക്കുറിച്ചി കരന്തയാര്‍ പാളയം അഗ്രഹാരത്തില്‍ ഒരു ശാസ്താ ക്ഷേത്രമുണ്ട്. ഇവിടെയാണ് തമിഴ് ബ്രാഹ്‌മണ സമൂഹങ്ങളിലെ പ്രധാന ആഘോഷമായ ശാസ്താ പ്രീതി ആദ്യമായി നടത്തിയതെന്ന് കരുതപ്പെടുന്നു. ശാസ്താവ് രാജ്ഞിമാരായ പൂര്‍ണ, പുഷ്‌കല എന്നിവരൊപ്പം ഇരിക്കും വിധമാണ് പ്രതിഷ്ഠ.
ലോകത്ത് എവിടെ ശാസ്താപ്രീതി നടന്നാലും ഇവിടത്തെ ശാസ്താവിനാണ് കാണിക്ക. കര്‍ക്കടകത്തിലാണ് ഇത് നടക്കുക. ഇവിടത്തെ ശാസ്താവ് കുളത്തു അയ്യന്‍ എന്നാണ് അറിയപ്പെടുന്നത്. ഇതിന് കുളത്തൂപ്പുഴ അയ്യപ്പനുമായി ബന്ധമില്ല.
അയ്യപ്പന്‍, അമ്മയുടെ വേദന അകറ്റാന്‍ പുലിപ്പാല്‍ തേടിയിറങ്ങിയപ്പോള്‍ കരന്തയാര്‍ പാളയത്തില്‍ വിജയന്‍ എന്ന തമിഴ് ബ്രാഹ്‌മണന്റെ വസതിയില്‍ എത്തിയെന്ന് ഐതിഹ്യമുള്ളതായി ഹരിവരാസനം ഇംഗ്ലീഷിലേക്ക് പരിഭാഷ ചെയ്ത പി. ആര്‍.രാമചന്ദര്‍ പറയുന്നു. ഊണ് തീര്‍ന്നതിനാല്‍ അയ്യപ്പന് വിജയന്റെ കുടുംബം ബജ്ര കഞ്ഞി കൊടുത്തു. രാത്രി അവിടെ ഉറങ്ങിയ അയ്യപ്പനെ പുലര്‍ച്ചെ കാണാനില്ലായിരുന്നു. കുഞ്ഞുങ്ങള്‍ ഇല്ലാതിരുന്ന വിജയന്‍ ദമ്പതിമാര്‍ക്ക് അയ്യപ്പന്റെ അനുഗ്രഹത്താല്‍ കുഞ്ഞു പിറന്നു. ബജ്രയ്ക്ക് തമിഴില്‍ കമ്പ് എന്നു പറയും. അതിനാല്‍ ഈ കുടുംബം പിന്നീട് കമ്പുക്കൊടി എന്നറിയപ്പെട്ടു. കാലാന്തരത്തില്‍ കമ്പങ്കുടി ആയി.
കമ്പങ്കുടി കുടുംബം കേരളത്തിലേക്ക് കുടിയേറി. എറണാകുളത്തും പാലക്കാട്ടുമൊക്കെ ശാഖകള്‍ ഉണ്ടായി. അവര്‍ ശാസ്താപ്രീതി പാരമ്പര്യം കേരളത്തില്‍ എത്തിച്ചു. കേരളത്തില്‍ എല്ലാ തമിഴ് ബ്രാഹ്‌മണ സമൂഹങ്ങളിലും ഇതുണ്ട്.
താന്‍ വസിക്കുന്ന ചേലക്കരയിലും ഇതിന്റെ ശാഖ ഉണ്ടായിരുന്നുവെന്ന് രാമചന്ദര്‍ പറയുന്നു. ഇവരാണ് സുന്ദരം കുളത്തു അയ്യരുടെ പേരില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ശാസ്താവിന്റെ കീര്‍ത്തനങ്ങള്‍ അടങ്ങിയ രണ്ടു പുസ്തകങ്ങള്‍ തിരുവനന്തപുരത്തു നിന്ന് പ്രസിദ്ധീകരിച്ചത്. രണ്ടിന്റെയും പേര് ശ്രീധര്‍മ്മശാസ്താ സ്തുതി കദംബം എന്നാണ്. രണ്ടിന്റെയും ഫോട്ടോകോപ്പി രാമചന്ദര്‍ സൂക്ഷിക്കുന്നു.
വേണാട് രാജാവ് കോതൈ ആദിത്യവര്‍മ്മ 1469 -1484 ല്‍ കല്ലടക്കുറിച്ചിയില്‍ ഇരുന്നാണ് തിരുവിതാംകൂര്‍ ഭരിച്ചത്. ആദി വരാഹ പെരുമാള്‍ ക്ഷേത്രം അദ്ദേഹമാണ് പണിതത്. ചുറ്റമ്പലത്തില്‍ രാജാവിന്റെ രൂപം കൊത്തിയിട്ടുണ്ട്.
ഞങ്ങളുടെ കുടുംബ ക്ഷേത്രം കല്ലടക്കുറിച്ചി കാശിനാഥ ക്ഷേത്രമാണ്. രണ്ടു തവണ ആ ക്ഷേത്രത്തില്‍ ഞാന്‍ പോയിട്ടുണ്ട്.
ഒരു അയ്യപ്പ ദര്‍ശന സമയത്താണ് കുളത്തു അയ്യര്‍ ഹരിവരാസനം എഴുതിയതെന്ന് തമിഴ് ലേഖനങ്ങളില്‍ കാണുന്നു. ഓരോ വരിയും അയ്യപ്പന്‍ തോന്നിച്ചതാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
ഹരിവരാസനം അഷ്ടകം വാമൊഴിയായി ശബരിമലയില്‍ ആചാരമാകും മുന്‍പ് ചെങ്ങന്നൂര്‍ കിട്ടുണ്ണി തിരുമേനി ഇത് പുല്ലാങ്കുഴലില്‍ വായിച്ചിരുന്നുവെന്ന് തമിഴ് ലേഖനങ്ങളില്‍ കാണുന്നു.
കേസരി വാരിക 2019 ഡിസംബര്‍ ലക്കത്തില്‍ ‘ഹരിവരാസനം എന്ന ഉറക്കുപാട്ട്’ എന്ന ശീര്‍ഷകത്തില്‍, ആര്‍ഷഭാരതി കെ.രവികുമാര്‍ എഴുതിയ ലേഖനത്തില്‍ പില്‍ക്കാല ചരിത്രമുണ്ട്:
പണ്ട് കാടിനുള്ളിലെ ചെറിയ ക്ഷേത്രത്തില്‍ മണ്ഡലകാലത്തും എല്ലാ മലയാളമാസം ഒന്നാം തീയതിയും നടതുറക്കാറുണ്ടായിരുന്നെങ്കിലും വിരലിലെണ്ണാവുന്ന ഭക്തര്‍ മാത്രം പുലിവായിലകപ്പെടാതെ സന്നിധാനം പൂകിയിരുന്നു.
മാവേലിക്കര സ്വദേശി ഈശ്വരന്‍ നമ്പൂതിരി മേല്‍ശാന്തിയായിരുന്ന കാലം ആലപ്പുഴയില്‍ നിന്ന് വി.ആര്‍.ഗോപാലമേനോന്‍ എന്നൊരു ഭക്തന്‍ അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തുമായിരുന്നു. തൊഴുതിട്ടും തൊഴുതിട്ടും മതിവരാതെ മേനോന്‍ സന്നിധാനത്തില്‍ത്തന്നെ പാര്‍ക്കുമായിരുന്നു.
അയ്യരുടെ ‘ഹരിഹരസുതാഷ്ടകം’ കാണാപ്പാഠമായിരുന്ന മേനോന്‍ നിത്യവും അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കാന്‍ നേരം ഹരിവരാസനം ചൊല്ലുന്നത് ശീലമാക്കി. മേല്‍ശാന്തി ഈശ്വരന്‍ നമ്പൂതിരിക്കും അതിഷ്ടമായി. ഒരിക്കല്‍ മണ്ഡലകാലത്ത് ശബരിമലയിലെത്തിയ മേനോന്‍ മകരവിളക്ക് കഴിഞ്ഞിട്ടും സന്നിധാനം വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. സ്വാമിയല്ലാതൊരു ശരണമില്ലെന്നു സമര്‍പ്പിച്ച്, കായ്കനികള്‍ ഭക്ഷിച്ച് കാട്ടുമൃഗങ്ങളോട് സമരസപ്പെട്ട്, ക്ഷേത്രം വൃത്തിയോടെ പരിപാലിച്ച് സന്നിധിയില്‍ തുടര്‍ന്നു.
ക്ഷേത്രഭരണം ദേവസ്വം ബോര്‍ഡ് ഏറ്റെടുത്തപ്പോള്‍ ഭരണപരിഷ്‌ക്കാരങ്ങളുടെ ഭാഗമായി നടയടച്ചുകഴിഞ്ഞാല്‍ പിന്നെയാരും സന്നിധിയില്‍ പാര്‍ക്കാന്‍ പാടില്ലെന്ന് നിര്‍ദ്ദേശിച്ചു. കണ്ണീരോടെ മേനോന്‍ പടിയിറങ്ങി. വണ്ടിപ്പെരിയാറിലെ ഒരു തേയിലത്തോട്ടത്തില്‍ ആരോരുമില്ലാതെ മേനോന്‍ മരിച്ചു.
വീണ്ടുമൊരു മണ്ഡലകാലത്ത് നടതുറന്നപ്പോള്‍ ഈശ്വരന്‍ നമ്പൂതിരിയെത്തി. മേനോന്റെ വിയോഗമറിഞ്ഞ് വ്യസനിച്ചു. അത്താഴപ്പൂജ കഴിഞ്ഞു നട അടയ്ക്കാന്‍ നേരം ഹരിവരാസനം പാടാന്‍ ആരുമില്ലല്ലോ എന്ന് സങ്കടപ്പെട്ടു. അദ്ദേഹം സ്വയം ശ്രീകോവിലിനുള്ളിലിരുന്ന് ഹരിവരാസനം ആലപിച്ചു. പിന്നെ എല്ലാ ദിവസവും ഇതാവര്‍ത്തിച്ചു. ഹരിവരാസനം അവസാന പാദത്തിലെത്തുമ്പോള്‍ത്തന്നെ പുഷ്പങ്ങളാല്‍ തിരിനാളങ്ങള്‍ ഒന്നൊന്നായി തന്ത്രി കെടുത്താന്‍തുടങ്ങും.
ഈ പതിവ് അത്താഴപൂജ കഴിഞ്ഞു നട അടയ്ക്കുന്നതിന്റെ ഭാഗമായി.
കുളത്തൂര്‍ അയ്യരാണ് സംസ്‌കൃതത്തില്‍ അയ്യപ്പനെ വര്‍ണ്ണിച്ച് ഹരിഹരസുതാഷ്ടകം രചിച്ചത് എന്ന് കേസരി ലേഖനത്തിലുമുണ്ട്. 352 അക്ഷരങ്ങള്‍ ഉള്‍ക്കൊള്ളുന്ന 108 വാക്കുകള്‍ ചേര്‍ന്ന് 32 വരികള്‍ എട്ടു ശ്ലോകങ്ങളായി നിറയുന്ന അഷ്ടകമാണിത്.
ഹരിവരാസനം യേശുദാസിന്റെ ശബ്ദത്തില്‍ കേള്‍ക്കുന്നത് 1975 ല്‍ ‘സ്വാമി അയ്യപ്പന്‍’ എന്ന ചിത്രം വഴിയാണ്. മെരിലാന്‍ഡ് സുബ്രഹ്‌മണ്യത്തിന്റെമകന്‍ കാര്‍ത്തികേയനും ജ്യേഷ്ഠന്മാരും ബന്ധുമിത്രാദികളും അറുപതുകളുടെ തുടക്കത്തില്‍ വണ്ടിപ്പെരിയാര്‍ എസ്റ്റേറ്റുവഴി ദുര്‍ഘടമായ കാനനപ്പാതകള്‍ താണ്ടി ദര്‍ശനത്തിന് പോയി. നിര്‍മ്മാല്യം മുതല്‍ അത്താഴപൂജ വരെ കണ്ടുതൊഴുതു. ഒരു ദിവസം അത്താഴപൂജയ്ക്ക് പരിസമാപ്തിയായി നട അടയ്ക്കാനുള്ള നേരം ശ്രീകോവിലിനുള്ളില്‍ നിന്ന് മേല്‍ശാന്തിയുടെ മധുരസ്വരമായി ഹരിവരാസനം ഒഴുകിവന്നു. ഈ അനുഭവം കാര്‍ത്തികേയന്റെ മനസ്സില്‍ കിടന്നു. അങ്ങനെയാണ് ഹരിവരാസനം പടത്തില്‍ വന്നത്. ജി.ദേവരാജന്‍ മധ്യമാവതി രാഗത്തില്‍ ഹരിവരാസനം പുനഃസൃഷ്ടിച്ചു.
ദേവസ്വം ബോര്‍ഡ് സംഘടിപ്പിച്ച പുരസ്‌ക്കാരദാന ചടങ്ങില്‍ അന്നത്തെ പ്രസിഡന്റ് ജി.പി. മംഗലത്തുമഠം സ്വാമി അയ്യപ്പനിലെ ഹരിവരാസനം അത്താഴപൂജ കഴിഞ്ഞ് നട അടയ്ക്കുമ്പോള്‍ ശബരിമല സന്നിധാനത്തില്‍ കേള്‍പ്പിക്കുമെന്ന് പ്രഖ്യാപിച്ചു. സ്വാമി അയ്യപ്പന്‍ സിനിമയില്‍ നിന്നു നേടിയ ലാഭം കൊണ്ട് പമ്പയില്‍ നിന്നു സന്നിധാനത്തേക്കു നിര്‍മ്മിച്ച റോഡാണ് തീര്‍ത്ഥാടകര്‍ മലയിറങ്ങുന്ന ‘സ്വാമിഅയ്യപ്പന്‍ റോഡ്.’
കുളത്തു അയ്യരാണ് ഹരിവരാസനം രചിച്ചത് എന്നു വ്യക്തമാക്കുന്ന ഒരു ലേഖനം പി.കിഷോര്‍ മലയാള മനോരമ ഞായറാഴ്ചപ്പതിപ്പില്‍ ഏതാണ്ട് 12 കൊല്ലം മുന്‍പ് എഴുതിയിരുന്നു. എന്നാല്‍ അത് എഴുതിയത് ആലപ്പുഴ പുറക്കാട് കൊന്നകത്ത് ജാനകിയമ്മയാണെന്ന് പറയുന്ന ഒരു ലേഖനം എം. കെ.വിനോദ് കുമാര്‍ 2022 ഓഗസ്റ്റ് 28 ന് മനോരമ ഞായറാഴ്ച പതിപ്പില്‍ എഴുതുകയുണ്ടായി. അവരുടെ മക്കളായ ഭാരതിയമ്മ, ബാലാമണിയമ്മ എന്നിവര്‍ അങ്ങനെ കരുതുന്നു എന്ന് പറയുന്ന ലേഖനത്തില്‍, അതിന് വേണ്ട തെളിവുകള്‍ ഒന്നുമില്ല. 1923 ല്‍ ജാനകിയമ്മ എഴുതി എന്നാണ് അവകാശവാദം. അയ്യരുടെ പേരില്‍ ജയചന്ദ്രാ ബുക് ഡിപ്പോയില്‍ നിന്ന് വന്ന പുസ്തകത്തില്‍ സമ്പാദകന്‍ എന്നേയുള്ളൂ എന്നാണ് ജാനകിയമ്മ പക്ഷം പറയുന്നത്. അതു കൊണ്ടു മാത്രം എഴുതിയത് ജാനകിയമ്മ ആവില്ല. ജാനകിയമ്മ എഴുതിയ മറ്റൊന്നും നിലവിലില്ല.
ശബരിമല വലിയ വെളിച്ചപ്പാട് ആയിരുന്ന അനന്തകൃഷ്ണ അയ്യരുടെ മകളാണ് ജാനകിയമ്മ എന്ന് ലേഖനത്തില്‍ പറയുന്നു. പത്രപ്രവര്‍ത്തകന്‍ ആയിരുന്ന എം.ശിവറാമിന്റെ സഹോദരി. കുട്ടനാട്ടില്‍ കൃഷിക്കാരനായ ശങ്കരപ്പണിക്കര്‍ ആയിരുന്നു ഭര്‍ത്താവ്. 1893 ല്‍ ജനിച്ച ജാനകിയമ്മ ‘പിതാവില്‍ നിന്നറിഞ്ഞ’ അയ്യപ്പ മാഹാത്മ്യങ്ങള്‍, കീര്‍ത്തനങ്ങളാക്കിയിരുന്നുവെന്നും 1923 ല്‍ ആറാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കെ ഹരിവരാസനം എഴുതി എന്നുമാണ് വാദം. പിറന്ന കുഞ്ഞിന് അയ്യപ്പന്‍ എന്ന് പേരിട്ടു. ശങ്കരപ്പണിക്കരുടെ കൃഷി നശിച്ച് കടം കയറി സകലതും വിറ്റു പെറുക്കി കുടുംബം പുറക്കാട്ടു നിന്ന് ശാസ്താംകോട്ടയില്‍ എത്തി.
അനന്തകൃഷ്ണ അയ്യര്‍ വെളിച്ചപ്പാട് ആയിരുന്നുവെന്ന് പറയുന്നത് വിശ്വസനീയമല്ല. പൂജാരിയോ പരികര്‍മിയോ ആയിരുന്നിരിക്കാം. വെളിച്ചപ്പാടായി തമിഴ് ബ്രാഹ്‌മണര്‍ പൊതുവെ വരികയില്ല.
ജാനകിയമ്മ എഴുതിയ കീര്‍ത്തനം അനന്തകൃഷ്ണ അയ്യര്‍ കാണിക്കയായി നടയ്ക്ക് വച്ചതായി പറയുന്നു. പിന്നീട് ഇത് ഭജന സംഘങ്ങള്‍ പാടി നടന്നു. 1972 ല്‍ ജാനകിയമ്മ മരിച്ചു.
ജാനകിയമ്മ പക്ഷം പറയുന്ന കഥയില്‍ ഇല്ലാത്തത് അനന്തകൃഷ്ണ അയ്യര്‍ എവിടെ നിന്നുള്ളയാള്‍ ആയിരുന്നു എന്നതാണ്. തമിഴ് ബ്രാഹ്‌മണര്‍ കേരളത്തിലേക്ക് കുടിയേറിയവരാണ്. അനന്തകൃഷ്ണ അയ്യരുടെ മൂലകുടുംബം കല്ലടക്കുറിച്ചിയില്‍ ആണെങ്കിലോ?