ബ്രിട്ടീഷുകാരുടെ ആധിപത്യം, പാശ്ചാത്യാനുകരണഭ്രമം, മതപരിവര്‍ ത്തന കോലാഹലം, ജാതി ഭേദങ്ങള്‍, ഉച്ചനീചത്വങ്ങള്‍, അസ്പൃശ്യത, അജ്ഞത, പ്രതിഷേധിക്കുവാനുള്ള കഴിവില്ലായ്മ, ആലസ്യം മുതലായ ദുരവസ്ഥകളാല്‍ തകര്‍ന്നു കിടക്കുന്ന കേരള ജനതയുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ ചട്ടമ്പി സ്വാമികള്‍ നിരന്തരം വ്യാപൃതനായിരുന്നു. ആ കാലഘട്ടത്തില്‍, മാനവസമൂഹത്തിന് ഏകോദര സാഹോദര്യത്തിന്റെ സന്ദേശവുമായി ബംഗാളില്‍ ശ്രീരാമകൃഷ്ണ പരമഹംസന്‍ തന്റെ അവതാരോദ്ദേശം നടപ്പാക്കി വരുന്ന അവസരം. ആ സന്ദേശം ശിരസ്സാവഹിച്ചുകൊണ്ട് അതിന്റെ സാഫല്യത്തിനായി സ്വാമി വിവേകാനന്ദന്‍ എന്ന ശിഷ്യന്‍ ഭാരതപര്യടനം നടത്തിവരവെ കേരളത്തിലും എത്തി. 1892ല്‍ അദ്ദേഹം എറണാകുളത്തു വന്നു. ചട്ടമ്പി സ്വാമികളും അവിടെ ദിവാന്‍ സെക്രട്ടറി ശ്രീരാമയ്യരുടെ അതിഥിയായിട്ട് താമസിക്കുകയായിരുന്നു.
എറണാകുളത്ത് ബോട്ടില്‍ വന്നിറങ്ങിയ സ്വാമി വിവേകാനന്ദനെ അത്തരുണത്തില്‍ ചട്ടമ്പി സ്വാമികള്‍ക്ക് കാണാനും സ്വീകരിക്കുവാനും ഭാഗ്യമുണ്ടായി. രാമയ്യരും ചന്ദുലാല്‍ എന്ന പോലീസ് സൂപ്രണ്ടും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സ്വാമി വിവേകാനന്ദന്റെ ഇംഗ്ലീഷ് പരിജ്ഞാനം ഏവരേയും അത്ഭുതപ്പെടുത്തി. രണ്ടു സ്വാമിമാരും സംസ്‌കൃതഭാഷയിലാണ് ആശയങ്ങള്‍ പങ്കു വച്ചത്. സന്ദര്‍ഭം കിട്ടിയപ്പോള്‍ ഒരു വിജനസ്ഥലത്ത് ഇരുവരും ദീര്‍ഘനേരം സംഭാഷണത്തിലേര്‍പ്പെട്ടു. വിവേകാനന്ദസ്വാമിജിക്ക് കുറേനാളായി ഉത്തരം കിട്ടാത്ത ഒരു സംശയമുണ്ടായിരുന്നു; ചിന്മുദ്രയെപ്പറ്റി. ബൃഹദാരണ്യോപനിഷത്തിലെ ഒരപ്രകാശിത ഭാഗം ഉദ്ധരിച്ച് ചട്ടമ്പി സ്വാമികള്‍ അതിഥിയുടെ സകല സംശയങ്ങളും പരിഹരിച്ചു.
”ഞാന്‍ ബംഗാളില്‍ നിന്നും വളരെ ദൂരം സഞ്ചരിച്ച് ഇവിടം വരെയെത്തി. പല പണ്ഡിതന്മാരേയും കണ്ടു. ചിന്മുദ്രയെപ്പറ്റി ഇത്രയും തൃപ്തികരവും വ്യക്തവുമായ ഒരുത്തരം ആരില്‍ നിന്നും കിട്ടിയില്ല. ഇപ്പോള്‍ ഞാന്‍ സന്തുഷ്ടനായി”. സ്വാമി വിവേകാനന്ദന്‍ പറഞ്ഞു.