തെക്കോട്ടുദൃഷ്ടി,യശ്വത്ഥ-
മൂട്ടില്‍ വാഴും തപോനിധേ!
ദക്ഷിണാമൂര്‍ത്തി,തൃപ്പാദം
നമിപ്പേന്‍ ഗുരുപാദരേ!
ജന്മമുക്തിവരുത്തീടാന്‍
കര്‍മ്മയോഗി ശിവാത്മകന്‍
ശുകപുരം പുരമാക്കി-
വാണരുളീടുകയത്രേ
തിരുമുമ്പില്‍ നമിക്കുമ്പോള്‍
മമാത്മാവില്‍ ശാന്തിഗീതം
തിരുനാമം ജപിക്കുമ്പോള്‍
ശിവാനന്ദ താളലയം
വിദ്യാമൂര്‍ത്തേ! ഗുരോ! നിത്യ-
വിദ്യാനന്ദ ശിവപ്രഭോ!
വിദ്യാകൈലാസശ്യംഗവും
കൈപിടിച്ചേറ്റിടുന്നു നീ!
ധനേശ്വര ഗുരോ!തൊഴാം
മഹൗഷധീമതേ! തൊഴാം
പ്രഭാഷണ ചാതുര്യത്തിന്‍-
ദേവ, ദേവേശ്വര തൊഴാം
ശുകപുരേവാണരുളും
ശിവാനന്ദഗുരോ! തൊഴാം
മനസ്സിന്‍ തൂവെളിച്ചമായ്
വാഴുവാനും നിത്യം തൊഴാം!