മാനന്തവാടി: സ്വാതന്ത്ര്യസമര പോരാളികളുടെ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക് കഴിയണമെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. മാനന്തവാടി വള്ളിയൂര്‍ക്കാവില്‍ നടന്ന 217-ാമത് പഴശ്ശി വീരാഹുതി ദിനത്തില്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അറിയപ്പെടുന്നവരും അല്ലാത്തവരുമായ മുഴുവന്‍ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഭാരതത്തെക്കുറിച്ച് ചില സ്വപ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആ സ്വപ്‌നങ്ങള്‍ കണ്ടെത്താനും അറിയാനുമുള്ള ആഗ്രഹം പിന്‍തലമുറയ്ക്ക് പകരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന ചെറുത്തുനില്‍പ്പിന്റെ ഉജ്ജ്വലമായ തെളിവുകളാണ് പഴശ്ശി രാജാവിന്റെ നേതൃത്വത്തില്‍ നടന്ന സമരങ്ങള്‍. പിന്നീടുള്ള പോരാട്ടങ്ങള്‍ക്ക് അവ പ്രചോദനമായി മാറിയെന്നും ഗവര്‍ണര്‍ പറഞ്ഞു.
സാംസ്‌കാരികമായ ഏകതയാണ് ഭാരതത്തെ രാഷ്ട്രമാക്കുന്നത്. ശ്രീശങ്കരാചാര്യരെപ്പോലുള്ളവര്‍ ആ സാംസ്‌കാരിക ഏകത ദൃഢപ്പെടുത്താന്‍ പ്രയത്‌നിച്ചവരാണ്. ചിതറിക്കിടക്കുന്ന നാട്ടുരാജ്യങ്ങളെ സ്വാതന്ത്ര്യലബ്ധിക്കുശേഷം സര്‍ദാര്‍ പട്ടേലിന് യോജിപ്പിക്കാന്‍ കഴിഞ്ഞത് ശ്രീശങ്കരാചാര്യരടക്കമുള്ള ആദ്ധ്യാത്മികാചാര്യന്മാര്‍ സൃഷ്ടിച്ച ആത്മീയമായ ഉണര്‍വിനാലാണ്. ആദ്ധ്യാത്മികവും സാംസ്‌കാരികവുമായ അടിത്തറയില്‍ നിന്നാണ് ഭാരതത്തിന്റെ രാഷ്ട്രീയമായ ഏകത നിലനിര്‍ത്താനായത് എന്നത് ചരിത്ര സത്യമാണ്.

രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പുളള മലബാര്‍ ജനതയുടെ ദേശസ്‌നേഹമാണ് പഴശ്ശിയുടെ നേതൃത്വത്തില്‍ നടന്ന സ്വാതന്ത്ര്യ സമരത്തിന് കാരണമെന്നും ദേശസ്‌നേഹമുള്ള സമൂഹത്തിന് മാത്രമേ അധിനിവേശവിരുദ്ധ പോരാട്ടത്തില്‍ പങ്കാളികളാകാന്‍ സാധിക്കൂ എന്നും അദ്ദേഹം പറഞ്ഞു. എല്ലാ അധിനിവേശങ്ങളെയും അതിജീവിക്കാന്‍ ഭാരതത്തിന് സാധിച്ചത് ദേശസ്‌നേഹമുള്ള പൗരന്മാരിലൂടെയാണ്. എല്ലാ പരിപാടികളുടെയും ലക്ഷ്യം ദേശസ്‌നേഹവും ചരിത്ര ബോധവുമുള്ള പൗരന്മാരെ വാര്‍ത്തെടുക്കുന്നതിനാകണം.
ഇന്ന് ലോകം ഭാരതത്തിന്റെ ശക്തി തിരിച്ചറിയുന്നുണ്ടെന്നും ഭാരതം ഉയര്‍ന്നുവരുന്നത് ലോകം ശ്രദ്ധയോടെ വീക്ഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതത്തിന്റെ ഡി.എന്‍.എയില്‍ ആക്രമണത്തിന്റെയോ കീഴടക്കലിന്റെയോ മനോഭാവം ഒരു കാലത്തും ഉണ്ടായിരുന്നില്ല. ഭാരതം ഉയരുന്നതിലൂടെ ലോകവും ഉയരും എന്ന കാഴ്ചപ്പാടാണ് നമ്മളില്‍ ഉണ്ടാവേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെ.നന്ദകുമാര്‍ സംസാരിക്കുന്നു
പരിപാടിയില്‍ പത്മശ്രീ ഡി.ഡി.സഗ്‌ദേവ് അധ്യക്ഷത വഹിച്ചു. പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകന്‍ ജെ.നന്ദകുമാര്‍ പഴശ്ശി അനുസ്മരണ പ്രഭാഷണം നടത്തി. കേന്ദ്ര സാംസ്‌കാരിക വകുപ്പ് മന്ത്രാലയം പ്രതിനിധി എസ്.സി. ബാര്‍മ സംസാരിച്ചു. ആസാദി കാ അമൃത മഹോത്സവ് സമിതി കണ്‍വീനര്‍ സി.കെ.ബാലകൃഷ്ണന്‍ സ്വാഗതവും പ്രോഗ്രാം കമ്മറ്റി കണ്‍വീനര്‍ വി.കെ. സന്തോഷ് കുമാര്‍ നന്ദിയും പ്രകാശിപ്പിച്ചു. ആര്‍.എസ്.എസ്. പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന്‍, വനവാസി വികാസ കേന്ദ്രം സംസ്ഥാന അധ്യക്ഷന്‍ കെ.സി.പൈതല്‍ എന്നിവര്‍ സംബന്ധിച്ചു. വനവാസി വിഭാഗത്തില്‍ നിന്നും ഡോക്ടറേറ്റ് നേടിയ കെ.പി.നിതീഷ് കുമാര്‍, പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വസന്തകുമാറിന്റെ ഭാര്യ ഷീന, പഴശ്ശിസ്മൃതിഗീതം രചിച്ച വിജയന്‍ കൂവണ എന്നിവരെ ചടങ്ങില്‍ വെച്ച് ഗവര്‍ണര്‍ ആദരിച്ചു.