ഈ ജനാലയ്ക്കുമപ്പുറത്താണെന്റെ
മക്കളോടിക്കളിക്കുന്ന മുറ്റവും
പച്ചയത്രമേല്‍ മെച്ചമല്ലാതുള്ള
തൊടിയുമെണ്ണം പറഞ്ഞ തരുക്കളും
തണലുവീഴുന്ന നാട്ടുമണ്‍പാതയും
കുളിരുവറ്റും കൈത്തോടുണ്ടൊന്നകലെയായ്….
ഇരവുപകലാക്കി ഞാന്‍ പോയ വീഥികള്‍
പൊരുതി നേടുവാനായ് നോറ്റനോമ്പുകള്‍
പക കുതിക്കും ഞരമ്പുകള്‍ കൊണ്ട് ഞാന്‍
ഉഴുതെടുത്തെന്റെ ഭാഗ്യ – ദൗര്‍ഭാഗ്യങ്ങള്‍
കരുതിവെയ്‌ക്കേണമെന്‍ കിടാങ്ങള്‍ക്കായി
കരളുറപ്പിന്‍ ചെറുകൂരയാം സ്വര്‍ഗ്ഗം…
പൂത്തുനില്‍ക്കുന്നു ഞാന്‍ നട്ടമുല്ലകള്‍
കാണുകച്ഛാ ശാഠ്യം പിടിച്ചവള്‍
നേരമില്ലെന്ന് ചൊല്ലിക്കടന്നുപോയ്
നോവരിച്ചെത്തും കണ്മുന കാണാതെ
നവ്യഹാസം പൊഴിച്ചിന്നെന്‍ വേപഥു
തീര്‍ക്കുവാനിന്നാമുല്ല മാത്രമായ്….
ശക്തനാണുഞാന്‍ നെഞ്ചില്‍ കരുത്തിന്റെ
പത്മവ്യൂഹം മെനഞ്ഞെടുത്തെങ്കിലും
ക്ഷിപ്രകോപിയായ് വന്നോരു വ്യാധിതന്‍
ഖഡ്ഗമേറ്റോരിരയായി തീരവേ
ഈ ചുവരുകള്‍ക്കുള്ളില്‍ തടങ്കലില്‍…..
ഒറ്റമുറിയുടെ ജാലകപ്പഴുതിലൂ
ടെത്തിനോക്കുന്നുണ്ടര്‍ക്കനും തിങ്കളും
തെല്ലുമീര്‍ഷ്യകലരാതെയാശ്ലേഷി-
ച്ചോമനിച്ചാക്കൊച്ചുതെന്നല്‍ മടങ്ങവേ
സ്തബ്ധനായിത്തിരിച്ചറിഞ്ഞീടുന്നു
ഒറ്റയാവുന്നതിന്‍ കൂര്‍ത്ത നൊമ്പരം…