പ്രളയം പറഞ്ഞ കഥ
നോവല്‍
വത്സന്‍ നെല്ലിക്കോട്
ആപ്പിള്‍ ബുക്‌സ്
പേജ്: 143 വില: 180 രൂപ
പാനീസ്
ചെറുകഥാ സമാഹാരം
കൃഷ്ണന്‍ തുഷാര
ഇന്ത്യാ ബുക്‌സ്
പേജ്: 106 വില: 130 രൂപ
2018 ലെ പ്രളയം പ്രമേയമാക്കിവത്സന്‍ നെല്ലിക്കോട് രചിച്ച നോവലാണ് ‘പ്രളയം പറഞ്ഞ കഥ’. പ്രളയവിഭ്രാന്തിയില്‍ പ്രണയ വ്യാകുലതകളെ സന്നിവേശിപ്പിക്കുന്നതിലൂടെ നോവലിസ്റ്റ് കാല്പനിക സത്യങ്ങളെ വായനക്കാരിലേക്ക് പകരാന്‍ ശ്രമിക്കുകയാണ്. നോവലിസ്റ്റിന്റെ ജര്‍മ്മന്‍ യാത്രയില്‍ കേരളത്തിലെ പ്രളയം വീക്ഷിക്കുമ്പോഴാണ് പ്രണയ കഥ അങ്കുരിക്കുന്നതെന്ന കഥാതന്തു വായനക്കാരെ ത്രസിപ്പിക്കുന്നതാണ്. പ്രണയത്തെ മഹാപാപമായി കണക്കാക്കുകയും പ്രളയത്തെ ലാഘവത്തോടെ കൈകാര്യം ചെയ്യുകയുമാണെന്ന തോന്നലുണ്ടാക്കുന്ന ശൈ ലിയാണ് ഇതില്‍ സ്വീകരിച്ചിരിക്കുന്നത്. കഥാപാത്രങ്ങളിലൂടെ മനുഷ്യമനസ്സിനെ വിജൃംഭിപ്പിക്കുന്ന തോന്നലുകള്‍ സൃഷ്ടിച്ച് മൂല്യവത്തായ സഹജീവി സ്‌നേഹം സൃഷ്ടിക്കുന്നതിലൂടെ പ്രളയത്തെ വിപണനം ചെയ്യാനല്ല പ്രണയത്തെ വാഴ്ത്തിയതെന്ന് മനസ്സിലാകും. പെരുമാറ്റരീതിയെ അതേപടി ചേര്‍ത്തെഴുതിയപ്പോള്‍ ഉണ്ടായ വായനാ സുഖത്തില്‍ നിന്നും കുതറി മാറാനാവാത്ത വിധമാണ് പ്രളയകാലത്തെ പ്രണയത്തിന്റെ ഒഴുക്ക്. കഥാപാത്രങ്ങളുടെ അന്തര്‍ സംഘര്‍ഷങ്ങളെയും കാമക്രോധമോഹങ്ങളെയും അതിര് വിടാതെ അവതരിപ്പിക്കാന്‍ നോവലിസ്റ്റ് ശ്രമിക്കുന്നുണ്ട്. അകലങ്ങളിലിരുന്ന് രണ്ട് പേര്‍ പ്രളയകാലത്തെ വേദന പങ്കിടുമ്പോള്‍ പ്രണയത്തെ കരുവാക്കി വീഴ്ച വരുത്തുന്ന സമകാലികതയാണ് നോവലിന്റെ പ്രമേയം. സമകാലിക സാമൂ ഹ്യ ജീവിതത്തിന്റെ ഒരു പരിച്ഛേദമാണ് നോവലിസ്റ്റ് തന്റെ രചനയിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.
നവംനവങ്ങളായ നവരത്‌നങ്ങള്‍ കോര്‍ത്തിണക്കിയ കഥകളാണ് കൃഷ്ണന്‍ തുഷാര രചിച്ച ‘പാനീസ്’. കുട്ടികള്‍ക്കായി എഴുതിത്തുടങ്ങി മുതിര്‍ന്നവരെ ഉന്നം വെക്കുന്ന കഥകളാണ് മിക്കതും. ഒന്‍പത് കഥകളും കാലികപ്രസക്തിയുള്ളവയാണ്. കൊറോണ മുതല്‍ കുടുംബ ബന്ധങ്ങളും മൂര്‍ച്ചയേറിയ മൂല്യസമ്പത്തും പ്രമേയമാക്കിയ കഥകളധികവും പക്വതയാര്‍ന്ന എഴുത്തിന്റെ ഇടം ചൂണ്ടിക്കാട്ടുന്നുണ്ട്. ആ കൈകളിലൂടെ ഊര്‍ന്നിറങ്ങിയ വരികളിലൂടെ സ്പന്ദിക്കുന്നത് തനതു ജീവല്‍സ്പര്‍ശമാര്‍ന്ന കഥകളാണ്. സമാഹാരശീര്‍ഷകമായ പാനീസ് എന്ന കഥ പേരിനോടൊപ്പം തന്നെ നമ്മുടെ ഗൃഹാതുരതയെ തട്ടിയുണര്‍ത്തും. ഇത്തരം തൊടുമര്‍മ്മ ചടുലതയാണ് കഥാകൃത്ത് പുസ്തകത്തില്‍ ഉടനീളം പ്രയോഗിച്ചിരിക്കുന്നത്. ആദിമധ്യാന്തത്തെ പ്രഹേളികയാക്കാതെ ഘടികാരം കഥയും വാട്‌സാപ്പ് കഥയും കേരളീയതയാര്‍ന്ന ശീലത്തെയും കാര്‍ഷിക സംസ്‌കൃതിയെയും മുറുകെ പിടിക്കുന്ന കഥാകൃത്തിന്റെ മറ്റുള്ള ഒരോ കഥയും മണ്ണിന്റെ മണമുള്ളവ തന്നെ.
ആഴ്ചയുടെ തീരങ്ങളില്‍
ലേഖനസമാഹാരം
പായിപ്ര രാധാകൃഷ്ണന്‍
സൈകതം ബുക്‌സ്
പേജ്: 216 വില: 280 രൂപ
കഥാകൃത്ത്, സാമൂഹ്യ നിരീക്ഷകന്‍, പ്രഭാഷകന്‍, പത്രാധിപര്‍ എന്നീ നിലകളിലൊക്കെ ശ്രദ്ധേയനായ പായിപ്ര രാധാകൃഷ്ണന്റെ പുതിയ പുസ്തകമാണ് ‘ആഴ്ചയുടെ തീരങ്ങളില്‍’. കലാകൗമുദി വാരികയില്‍ ‘ആഴ്ചവെട്ടം’ എന്ന പേരില്‍ എഴുതിയ സാഹിത്യ- സാംസ്‌കാരിക നിരീക്ഷണ പംക്തിയിലെ ലേഖനങ്ങളാണ് ഇതിന്റെ ഉള്ളടക്കം. സാമൂഹിക സാംസ്‌കാരിക മേഖലയിലെ വ്യക്തിത്വങ്ങളെയും സംഭവങ്ങളെയും വ്യത്യസ്തമായ ആഖ്യാനശൈലിയില്‍ പുസ്തകത്തില്‍ അവതരിപ്പിച്ചിരിക്കുന്നു. തെരഞ്ഞെടുത്ത വിഷയങ്ങളുടെയും വ്യക്തികളുടെയും വൈപുല്യം ഗ്രന്ഥകാരന്റെ പ്രതിഭയെ എടുത്തുകാണിക്കുന്നതാണ്. അക്കാദമിക് നിരൂപണങ്ങളുടെ യാഥാസ്ഥിതികമായ സമീപനങ്ങളില്‍ നിന്നും മാറി നടക്കുന്ന ശൈലിയാണ് ഗ്രന്ഥകര്‍ത്താവ് സ്വീകരിച്ചിരിക്കുന്നത്. ഇത് പുസ്തകത്തിന് അത്യസാധാരണമായ തിളക്കം നല്‍കുന്നു.