എനിക്കറിയാം
സമയം കൈകൂപ്പി നന്ദി പറയുമ്പോള്‍
അമ്മയുടെ മിഴികള്‍
നിറയാന്‍ തുടങ്ങുമെന്ന്,
ചെമ്മണ്‍ പാതയിലേക്ക്
നോക്കി നില്‍ക്കുമെന്ന്,
നര വീണതില്‍
കരി കറുപ്പിച്ച സാരിയില്‍
ഇറയത്ത് ഉലാത്തുമെന്ന്,
നിദ്രയിലാണ്ട ടോര്‍ച്ചിനെയും
തട്ടിയുണര്‍ത്തി വ്യഗ്രതയോടെ
പുറത്തേക്കിറങ്ങുമെന്ന്,
എന്നോടുള്ള ദേഷ്യവും പരിഭവുമെല്ലാം
ഉറക്കച്ചടവോടെ കണ്ണ് തുറക്കുന്ന
വെട്ടത്തോട് പറഞ്ഞു തീര്‍ക്കുമെന്ന്,
കടവില്‍ അവസാന വള്ളവും
കാത്ത് നില്‍ക്കുമെന്ന്,
എനിക്കറിയാം
ഞാനെത്തിയാല്‍ കപടദേഷ്യത്തോടെ
മുന്നെ നടന്നു നീങ്ങുമെന്ന്,
പുരയെത്തും വരെ
ചുമ്മാ പിറുപിറുക്കുമെന്ന്,
തിണ്ണയില്‍ ഊരയിരിക്കും
മുമ്പേ കഞ്ഞിയും പയറും
വിളമ്പി തരുമെന്ന്,
കണ്ണില്‍ വാത്സല്യം നിറച്ച്
ഞാന്‍ കഴിക്കുന്നതും
നോക്കി നില്‍ക്കുമെന്ന്,
മിച്ചമുള്ള കഞ്ഞി
മറഞ്ഞിരുന്ന് കുടിക്കുമെന്ന്,
പള്ള നിറയാത്ത എന്റമ്മ
രാവിലത്തേക്കുള്ള മാവ് കുഴച്ച്
സമയം നമസ്‌കരിക്കാന്‍
തുടങ്ങുമ്പോള്‍ ഉറങ്ങുമെന്ന്,
എനിക്കറിയാം
എന്നെ കാത്തിരുന്ന് മുഷിഞ്ഞപ്പോള്‍
നാല് നാള്‍ മുമ്പ് കടവില്‍
കുഴഞ്ഞു വീണെന്ന്,
അന്ന് ഞാന്‍ കഞ്ഞി കുടിക്കാത്തതിനാല്‍
അമ്മ പട്ടിണി കിടന്നെന്ന്,
അങ്ങനെ കാലി വയറോടെ
മരിച്ചു പോയെന്ന്,
എനിക്കറിയാം
ഇന്ന് കടവിലെത്തുമ്പോള്‍
അവിടം ശൂന്യമാണെന്ന്,
പക്ഷെ, പിറുപിറുക്കുന്ന
ഒരു വെട്ടം ഞാന്‍ കണ്ടു
കോലായില്‍ ഉലാത്തുന്ന
പരിഭവങ്ങള്‍ കേട്ടു
വിളമ്പി വെച്ച കഞ്ഞിയും
പയറും കണ്ടു
കൈ കഴുകി തിണ്ണയിലിരിക്കുമ്പോള്‍
ചുമരില്‍ വാത്സല്യത്തോടെ
നോക്കുന്ന അമ്മയില്‍
നോട്ടമുറപ്പിച്ചു
എന്നത്തേയും പോലെ
കണ്ണ് നിറഞ്ഞിട്ടുണ്ട്
ചുണ്ടുകള്‍ പരിഭവിക്കുന്നുണ്ട്
മുഖത്ത് കരിയുടെ പാടുണ്ട്
അമ്മക്കറിയാം
പാത്രത്തില്‍ ഇനിയും കഞ്ഞിയുണ്ടെന്ന്,
ഞാന്‍ മനപ്പൂര്‍വ്വം ബാക്കി വെച്ചതാണെന്ന്,
എന്റെ പള്ള നിറഞ്ഞിട്ടില്ലെന്ന്,
എല്ലാം അറിയാമായിരുന്നു…