വിവിധതരം വാദകോലാഹലങ്ങള്‍ ഉണ്ടാക്കുക. ശേഷം ആ വാദകോലാഹലങ്ങള്‍ വേറെ വഴിക്ക് പോവുകയാണെങ്കില്‍ അതിനെ ചാലുകീറി ഹൈന്ദവ ധര്‍മ്മത്തിന്റെ ശിരസ്സിലൂടെ ഒഴുക്കി അതുകണ്ട് രസിക്കുക – ഇതൊന്നും ആദ്യത്തെ സംഭവങ്ങളല്ലല്ലോ. ദീര്‍ഘകാലമായി നിലകൊണ്ടു വരുന്ന പദ്ധതിയുടെ ഭാഗമാണത്. രസകരമായ സംഗതി എന്തെന്ന് വെച്ചാല്‍ ഈ പദ്ധതിയുടെ ഭാഗഭാക്കായി പ്രവര്‍ത്തിക്കുന്നവര്‍ പലരും എന്തിന്റെ ഭാഗമായാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നില്ല എന്നതാണ്. ആരുടെ കളിപ്പാട്ടങ്ങളാണ് തങ്ങള്‍ എന്നതുപോലും അവര്‍ക്ക് ബോദ്ധ്യമില്ല എന്നത് ദയനീയവും ഖേദകരവുമാണ്.
ലോകം മുഴുവനും പ്രതീക്ഷയോടെ സനാതനധര്‍മ്മത്തെ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണല്ലോ ഇന്നുള്ളത്. യോഗ പദ്ധതിയുടെയും വേദാന്ത ചിന്തയുടെയും ആയുര്‍വേദചര്യയുടെയും സംസ്‌കൃത ഭാഷയുടെയും ഒക്കെ സര്‍വ്വസ്വീകാര്യതയും യുക്തിഭദ്രതയും കൂടി ചേര്‍ന്ന് ഭാരതം വീണ്ടും വിശ്വഗുരു പദവിയിലേക്ക് ഉയര്‍ന്നുവരുന്ന സാഹചര്യം ഒട്ടനവധി പേരുടെ ഉറക്കം കെടുത്തുന്നുണ്ട്.
തന്ത്രശാസ്ത്രത്തെ തിരിച്ചറിയാതെ എങ്ങനെ ആചാര- ദുരാചാരങ്ങള്‍ നിശ്ചയിക്കും ?
വൈദേശികര്‍ ഭാരതത്തിലേക്ക് ജ്ഞാനകാംക്ഷികളായി ഒഴുകി എത്തുന്നതില്‍ തന്ത്രശാസ്ത്രം വഹിച്ചിട്ടുള്ള പങ്കും വളരെ വലുതാണ്. ഹൈന്ദവധര്‍മ്മ വൈവിധ്യം പോലെ തന്നെയാണ് തന്ത്രശാസ്ത്രത്തിന്റെയും അവസ്ഥ.
ക്ഷേത്രാചാര അനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഇപ്രകാരം വേണം അല്ലെങ്കില്‍ അതിന്റെ പദ്ധതികള്‍ വിവരിക്കുന്ന ഒരു ശാസ്ത്രമാണ് തന്ത്രം എന്നാണ് പലരും ധരിച്ചിരിക്കുന്നത്. ഏതെങ്കിലും വംശപാരമ്പര്യങ്ങളുടെ കൈവഴിയിലൂടെ കൈമാറി വന്ന ക്രിയാഅധികാരത്തിന്റെ നാമമായും നമ്മള്‍ തന്ത്ര ശബ്ദത്തെ തെറ്റിദ്ധരിച്ചിട്ടുണ്ട്. ഇതെല്ലാമാണ് തന്ത്രം എങ്കിലും ഇതല്ല അല്ലെങ്കില്‍ ഇതു മാത്രമല്ല തന്ത്രശാസ്ത്രം എന്നതും നാം മനസ്സിലാക്കണം.
ജീവപ്രവാഹ രൂപത്തിലുള്ള പ്രപഞ്ചമഹാത്ഭുത സൃഷ്ടിക്ക് കാരണമായ പരമാത്മതത്വത്തെ പ്രത്യക്ഷീകരിക്കുവാനുള്ള ഭാവാത്മകമായ തപസ്സാണ് തന്ത്രശാസ്ത്രം. അതില്‍ അനേകം കൈവഴികളുണ്ട്. തന്ത്രശാസ്ത്രം എന്നത് ഒരു സമുദ്രം ആണെങ്കില്‍ ആ സമുദ്രത്തില്‍ ഒരൊറ്റ നദി മാത്രമേ വന്ന് ചേരാവൂ എന്ന് നിര്‍ബന്ധം പിടിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. വൈദിക സമ്പ്രദായത്തോട് ചേര്‍ന്ന് നില്‍ക്കുന്ന തന്ത്രശാസ്ത്രത്തെയാണ് നാം പലപ്പോഴും മഹാക്ഷേത്രങ്ങളിലെ ആചരണ പദ്ധതികളിലൂടെ പരിചയപ്പെട്ടിട്ടുള്ളത്. സമുദ്രത്തില്‍ വന്നുചേരുന്ന പ്രധാനപ്പെട്ട ഒരു കൈവഴിയെ മാത്രമാണ് നാം കണ്ടത്. അനേകം ആചാരപദ്ധതികള്‍ ആ മഹാസമുദ്രത്തില്‍ വന്ന് ലയിക്കുന്നുണ്ട് എന്നത് നാം വിസ്മരിച്ചു കൂടാ. അങ്ങനെ അനേകം പദ്ധതികളിലൂടെ, കൈവഴികളിലൂടെ ഒഴുകിയെത്തുന്ന വിവിധ വര്‍ണ്ണത്തിലുള്ള ജലസ്രോതസ്സുകളുടെ ആകത്തുകയാണ് തന്ത്രശാസ്ത്രം എന്ന അമൃത്. ആ അമൃതിന്റെ നടുക്കുള്ള ഒരു ദ്വീപാണ് ഭാരതാംബയുടെ ഇരിപ്പിടം എന്ന് പറഞ്ഞാലും അത് അതിശയോക്തിയല്ല.
മനുഷ്യനാകട്ടെ പ്രപഞ്ചമാകട്ടെ, സത്വം – രജസ്സ് – തമസ്സ് -ഈവിധം ഉള്ള ത്രിഗുണങ്ങളെ ആധാരമാക്കിയാണ് നിലനില്‍ക്കുന്നത്. അഥവാ ഇതില്‍ ഏതെങ്കിലും ഒന്നിന്റെ പ്രഭാവം അതാതുകളില്‍ കൂടിയും കുറഞ്ഞുമിരിക്കും.
ഇതിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് ഒരേ ദേവതയ്ക്ക് പോലും മൂന്നു തരത്തിലുള്ള ആചാരം നിശ്ചയിക്കപ്പെട്ടത്. സത്വഗുണ പ്രധാനിയായ ഒരുവന്‍ ഭദ്രകാളിക്ക് സമര്‍പ്പിക്കുന്നത് കരിക്കോ പാലോ ആണെങ്കില്‍ രജോ ഗുണ പ്രധാനിയായ സാധകന്‍ മഞ്ഞള്‍പൊടിയും ചുണ്ണാമ്പും കൂട്ടിച്ചേര്‍ത്ത ഗുരുതിയായിരിക്കും തര്‍പ്പിക്കുക. അത് രക്തത്തിന്റെ പ്രതീകമാണ്. എന്നാല്‍ മറ്റൊരു സാധകന്‍ പനങ്കള്ളോ മദ്യമോ തന്നെ നിവേദിച്ചെന്നിരിക്കും.
നമ്മുടെ സ്വഭാവത്തിനെയും നമ്മള്‍ എന്ത് ആഹരിക്കുന്നു എന്നതിനെയും ആശ്രയിച്ചാണ് പലപ്പോഴും നാം ദേവതയ്ക്ക് സമര്‍പ്പിക്കുന്ന നിവേദ്യങ്ങളും ആചരണങ്ങളുമൊക്കെ എന്ന് വരുന്നു.
അപ്രകാരം വരുമ്പോള്‍ സാത്വികചര്യ മാത്രമേ സമാജത്തില്‍ പാടുള്ളൂ എന്ന് നിര്‍ബന്ധം പിടിക്കാനും സാധ്യമല്ല.
ഒരു ഉദാഹരണത്തിന് – എല്ലാവരും സത്വഗുണ പ്രധാനികളായാല്‍ സൈന്യത്തില്‍ ചേരാന്‍ ആരുമുണ്ടാകില്ല എന്നൊരു അപകടവുമുണ്ട്.
അവധൂതാവസ്ഥയില്‍ എത്തിച്ചേര്‍ന്ന ആചാര്യന്മാര്‍ പറഞ്ഞുവച്ചതായ കാര്യങ്ങളെ ക്ഷേത്രാചാരത്തിലേക്ക് കടത്തി, അത് മൂലം അപകടത്തിലായ അവസ്ഥയും സംഭവിച്ച് കണ്ടിട്ടുണ്ട്.
താനൊരു കാര്യം ആചരിക്കുന്നില്ല അല്ലെങ്കില്‍ അത് തന്റെ സമ്പ്രദായപ്രമാണത്തിന് യോജിക്കുന്നതല്ല എന്ന കാരണത്താല്‍ മറ്റുള്ളതൊക്കെ തെറ്റാണ് എന്ന് വാദിക്കുന്ന/ചിന്തിക്കുന്ന ആചാര്യന്മാര്‍ പോലുമുണ്ട് എന്ന വൈചിത്ര്യവും കണ്ടിട്ടുണ്ട്.
ഹൈന്ദവ ധര്‍മ്മത്തിന് അപായം വരുത്താന്‍ കാത്തിരിക്കുന്നവരുടെ പ്രവൃത്തികള്‍ക്ക് ഇന്ധനമായി മാറാന്‍ മാത്രമാണ് അത്തരം ആചാര്യന്മാരുടെ വാക്കുകള്‍ ഉപകരിക്കുക.
തങ്ങള്‍ നിരുത്തരവാദപരമായി പറയുന്ന വാക്യങ്ങളും പദപ്രയോഗങ്ങളും ഹൈന്ദവ ധര്‍മ്മത്തിന് നൂറ്റാണ്ടുകളോളം നീണ്ടുനില്‍ക്കുന്ന പരിക്ക് നല്‍കാന്‍ മാത്രമേ ഉപകരിക്കൂ എന്നുള്ളത് ഇത്രനാളായിട്ടും അവരുടെ ബോധമണ്ഡലത്തിലേക്ക് വന്നിട്ടുമില്ല എന്നത് ദുഃഖകരമായ സത്യമാണ്.
‘വേദശാസ്ത്രപുരാണാനി പ്രകാശ്യാനി കുലേശ്വരി
ശൈവശാക്താഗമാ സര്‍വ്വേരഹസ്യാ: പരികീര്‍ത്തിതാ
രഹസ്യാതിരഹസ്യാനി കുലശാസ്ത്രാണി പാര്‍വ്വതി….’ എന്ന് മഹാദേവന്‍ പാര്‍വ്വതിയെ ഉപദേശിക്കുന്നതായ ഭാഗം തന്ത്രശാസ്ത്രത്തിലുണ്ട്…
വേദങ്ങള്‍, പുരാണങ്ങള്‍, ശാസ്ത്രങ്ങള്‍ എന്നിവയെല്ലാം പൊതുവിജ്ഞാനങ്ങളാണ്. അത് പ്രകാശിതമാണ്. എന്നാല്‍ ശൈവ – ശാക്തിക ആഗമങ്ങള്‍ അല്പം രഹസ്യ സ്വഭാവത്തോടുകൂടിയതാണ്. ഗുരു – ശിഷ്യ പാരമ്പര്യ ക്രമേണ കൈമാറി വരുന്നതും പലര്‍ക്കും അറിയാവുന്നതുമാണ്. എന്നാല്‍ കുല (കൗള) ശാസ്ത്രങ്ങളാകട്ടെ രഹസ്യാതിരഹസ്യങ്ങളാണ്.
അതിനെപ്പറ്റി യഥാവിധി പഠിക്കാതെ എങ്ങനെയാണ് അതിലെ ആചാര-ദുരാചാരങ്ങളെ നിശ്ചയിക്കുവാന്‍ സാധിക്കുക.
തെക്കന്‍ കേരളത്തില്‍ ഒരു ചൊല്ലുണ്ട് ‘തെങ്ങിനും കവുങ്ങിനും ഒരേ തളപ്പ് (തളാപ്പ്) ഇടരുത്’.
മരം കയറുന്ന ആള്‍ കാലില്‍ അണിയുന്ന വസ്തുവാണത്. തെങ്ങിന്റെ അളവിന് ഉണ്ടാക്കി കഴിഞ്ഞ് അതുമിട്ട് കവുങ്ങ് കയറാം എന്ന് വിചാരിച്ചാല്‍ സാധ്യമാകില്ല. (മറിച്ചും) അതേ മാതിരിയാണ് ആചാരാനുഷ്ഠാനങ്ങളും.
ഒരിടത്തുള്ളതുകൊണ്ട് അത് മറ്റൊരിടത്ത് വേണമെന്ന് ശാഠ്യം പിടിക്കാനോ, ഇവിടെ ഇല്ലാത്തത് അവിടെ ഉണ്ട് – അത് പാടില്ല എന്ന് പറയാനോ സാദ്ധ്യമല്ല.
വൈവിധ്യങ്ങളുടെ കേദാരം
നമ്മുടെ വൈവിധ്യപൂര്‍ണ്ണങ്ങളായ ആചാരവിശേഷങ്ങള്‍, വിശേഷങ്ങള്‍ എന്നിവ എണ്ണിയാലൊടുങ്ങാത്തതാണ്. ഉദാഹരണത്തിന് സന്യാസിമാര്‍ ക്ഷേത്രോപാസകരല്ല എന്ന് നമുക്കറിയാം. എങ്കില്‍ തന്നെയും ഒരു സന്യാസി ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് ഏറ്റവും മംഗളമായിട്ടാണ് മാനിക്കപ്പെടുന്നത്. എന്നാല്‍ യാത്രാവേളയില്‍ സന്യാസിയെ ശകുനം കാണുന്നത് നല്ലതായിട്ട് പരിഗണിക്കുന്നുമില്ല.
ഒരു സന്യാസി വന്നാല്‍ ക്ഷേത്രത്തിലെ തന്ത്രി എഴുന്നേറ്റു മാറി കൊടുക്കുന്നതും ആ സന്യാസിയെ കൊണ്ട് ദേവങ്കല്‍ പുഷ്പാഞ്ജലി ചെയ്യിക്കുന്നതുമായ ആചാരരീതിയുണ്ട്. എന്നാല്‍ അതേ സന്യാസിയെ കയറ്റാത്ത ക്ഷേത്രവുമുണ്ട് (പയ്യന്നൂര്‍ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം). അവിടെ അറിയാതെയെങ്ങാനും സന്യാസി കയറിപ്പോയാല്‍ പ്രായശ്ചിത്തങ്ങള്‍ തന്നെ ചെയ്യേണ്ടതായി വരും. അങ്ങനെയാണ് വ്യവസ്ഥ.
സ്ത്രീകള്‍ പൂജിക്കുന്ന, സ്ത്രീകള്‍ പൂജിക്കപ്പെടുന്ന ക്ഷേത്രങ്ങളെപ്പറ്റി നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ സ്ത്രീകള്‍ക്ക് നാലമ്പലത്തിനുള്ളില്‍ പ്രവേശനമില്ലാത്ത ക്ഷേത്രങ്ങളുമുണ്ട്. ഒരു സ്ത്രീ ദര്‍ശനത്തിനായി വരുന്നു എന്ന് അറിയിച്ചാല്‍ അത്താഴപൂജയ്ക്കു ശേഷം എത്ര വൈകിയാലും ആ സ്ത്രീ വന്നു കണ്ട തിനു ശേഷം മാത്രമേ നട അടയ്ക്കാവൂ എന്ന് നിഷ്‌കര്‍ഷിച്ചിട്ടുള്ള ക്ഷേത്രവുമുണ്ട്. ആരാധനയുടെ ഭാഗമായി ഭക്തര്‍ രണ്ട് ചേരിയായി നിന്ന് അടികൂടണം എന്ന വ്യവസ്ഥയുള്ള അമ്പലവുമുണ്ട്.
ആരാധനക്രമങ്ങള്‍ പോലും പല സമ്പ്രദായം ആണെന്നും നാം അറിയേണ്ടതുണ്ട്. എല്ലാ ക്ഷേത്രങ്ങളിലും പാല്‍പ്പായസം വിധിച്ചിട്ടില്ല. പൂജാപുഷ്പങ്ങളാകട്ടെ നിവേദ്യങ്ങള്‍ക്കാകട്ടെ മന്ത്രങ്ങള്‍ക്കാകട്ടെ വിധാനങ്ങള്‍ക്കാകട്ടെ അനേകം വ്യത്യാസങ്ങളുണ്ട്. ശിവന്റെയോ വിഷ്ണുവിന്റെയോ ക്ഷേത്രത്തില്‍ പ്രായേണ വെളിച്ചപ്പാട് ഉണ്ടാകാറില്ല. എന്നാല്‍ ഭദ്രകാളി ക്ഷേത്രത്തില്‍ വേണം താനും. ഭദ്രകാളിക്ക് ചുവപ്പു വസ്ത്രവും രക്തപുഷ്പങ്ങളുമാണ് കൂടുതല്‍ ഉപയോഗിക്കാറ്. എന്നാല്‍ വൈഷ്ണമൂര്‍ത്തികള്‍ക്ക് മഞ്ഞ വസ്ത്രമാണ് പഥ്യം.
ദേവതമാരെ നമുക്ക് യൂണിഫോമണിയിക്കാന്‍ സാദ്ധ്യമല്ല എന്നതുപോലെ തന്നെ ആചാരങ്ങള്‍ക്കും ഒരു യൂണിഫോം സിസ്റ്റം വേണമെന്ന് വാശി പിടിക്കുന്നത് മണ്ടത്തരമാകും. തമോഗുണ പ്രധാനമായിട്ടുള്ള ദേവതമാര്‍ക്ക് അതിനനുസരിച്ച് കള്ളും ഉണക്കമത്സ്യവും കറുത്തവസ്ത്രവുമണിയിക്കുക – അങ്ങനെ നിരവധി സമ്പ്രദായങ്ങള്‍ ആ മേഖലയിലുണ്ട്.
ഇപ്രകാരം ആയിരക്കണക്കിന് വ്യത്യാസങ്ങള്‍ നിലകൊള്ളുന്ന ഒരു ധര്‍മ്മത്തിങ്കലേക്ക് എന്തുവേണം വേണ്ട എന്ന് തീരുമാനിക്കല്‍ ഒരു സെക്കുലര്‍ ഗവണ്‍മെന്റിന്റെയോ കോടതിയുടെയോ അധികാരപരിധി ഉപയോഗിച്ച് നിശ്ചയിക്കപ്പെടേണ്ടതല്ല. ഓരോ സങ്കേതത്തോടും ബന്ധപ്പെട്ട് കിടക്കുന്ന ചരിത്രങ്ങള്‍, വിശ്വാസങ്ങള്‍, ആചാര മര്യാദകള്‍, ക്ഷേത്രം അല്ലെങ്കില്‍ സങ്കേതം സ്ഥാപിച്ച സമയത്ത് ആചാര്യന്‍ സ്വീകരിച്ചിട്ടുള്ള സങ്കല്പം, ദേവതയുടെ ഭാവം ഇത്തരത്തിലുള്ള അനേകം വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ആചാരങ്ങള്‍ നിശ്ചയിക്കപ്പെട്ടിട്ടുണ്ടാവുക. ഇത്തരം വൈവിധ്യങ്ങള്‍ നിലനില്‍ക്കണം. ഇതു തന്നെയാണ് നമ്മുടെ ധര്‍മ്മത്തിന്റെ സവിശേഷത. എങ്കിലേ ഭാരതമുള്ളൂ. നമ്മുടെ ധര്‍മ്മത്തിന്റെ സൗന്ദര്യവും നിലനില്‍ക്കുകയുള്ളൂ. ഒരു വഴി ഒരൊറ്റ വിധാനം എന്നായാല്‍ ധര്‍മ്മം മാറി അത് മത വ്യവസ്ഥയാകും എന്നതും മറക്കാതിരിക്കുക.
ആചാര-അനുഷ്ഠാനങ്ങള്‍ പരിഷ്‌കരിക്കണമെങ്കില്‍ എങ്ങനെ?
ആചാരം പരിഷ്‌കരിച്ചേ മതിയാകൂ എന്ന ബോദ്ധ്യം വരുന്ന പക്ഷം അത് പരിഷ്‌കരിക്കുന്നതിന് നമ്മുടെ ധര്‍മ്മത്തില്‍ വ്യവസ്ഥ പറയുന്നുണ്ട്.
ശാസ്ത്രത്തില്‍ എന്തുപറയുന്നു?
ദേവഹിതം എന്താണ്?
വിഷയത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തേണ്ടതുണ്ടോ?
ഈ മൂന്നു കാര്യങ്ങളെ അടിസ്ഥാനപ്പെടുത്തി കൊണ്ട് തന്ത്രിമാരും ക്ഷേത്രവിശ്വാസികളായ ഭക്തന്മാരും ക്ഷണിക്കപ്പെട്ട വിദ്വാന്മാരെയും വിളിച്ചു ചേര്‍ത്ത് വിദ്വത്സദസ്സ് കൂടി മാത്രമാണ് സുപ്രധാന തീരുമാനങ്ങള്‍ എടുക്കുവാന്‍ പറഞ്ഞു വെച്ചിട്ടുള്ളത്.
ഒരു സുപ്രഭാതത്തില്‍ ഒരു തീരുമാനമെടുത്ത് അത് നടപ്പിലാക്കുക എന്നത് നമ്മുടെ ധര്‍മ്മത്തില്‍ സാധ്യമോ പ്രയോഗികമോ അല്ല.
ഏതു സമുദായത്തില്‍പ്പെട്ടവര്‍ക്കും ശാന്തിക്കാരാകാം എന്ന ഇന്നു കാണുന്ന വ്യവസ്ഥ ഒരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല. തൈക്കാട്ട് അയ്യാവും ചട്ടമ്പിസ്വാമിയും ശ്രീനാരായണഗുരുദേവന്‍ അടക്കം അനേകം മഹാപുരുഷന്മാരും തുടങ്ങിവച്ച ഹൈന്ദവ നവോത്ഥാന പ്രക്രിയയുടെ സ്വാഭാവിക പരിണാമം എന്നോണം ആണത് സംഭവിച്ചിട്ടുള്ളത്.
രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായിരുന്ന മാധവ്ജി തുടങ്ങിവച്ച അനേകം പദ്ധതികളും ഈ നവോത്ഥാനത്തിന്റെ തുടര്‍ച്ചയാണ്. പക്ഷേ നവോത്ഥാന പ്രക്രിയകള്‍ രണ്ടു നൂറ്റാണ്ടോളം കാലം നിലനിന്നിട്ടാണ് ഇന്നു കാണുന്ന അവസ്ഥയിലേക്ക് എത്തിയത് എന്നും നാം മറക്കാതിരിക്കുക. അതുകൊണ്ട് ആചാരപരിഷ്‌കരണം ആകാം. പക്ഷേ സമാജത്തിന്റെ സ്വാഭാവികമായ മനംമാറ്റത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാകണം എന്നേയുള്ളൂ.
ആചരണ പരിഷ്‌കരണം സര്‍ക്കാരിന്റെയോ സെക്കുലര്‍ കോടതിയുടെയോ പരിഗണനാ വിഷയം ആകാന്‍ പാടില്ല, ആവുകയുമരുത്. പബ്ലിക് ന്യൂയിസന്‍സ് ആകാത്ത നിലയില്‍ ആചാരങ്ങളെ കൊണ്ടുപോകാനുള്ള സാമാന്യ ബാദ്ധ്യത ആചരണങ്ങള്‍ അനുഷ്ഠിക്കേണ്ടവര്‍ക്കുമുണ്ട് എന്നതും പ്രത്യേകമോര്‍ക്കണം.
ചില തെറ്റിദ്ധാരണകള്‍
ഗ്രന്ഥം വായിച്ചതുകൊണ്ട് മാത്രം തന്ത്രശാസ്ത്രത്തെ മനസ്സിലാക്കാന്‍ സാധിക്കില്ല. തന്ത്രശാസ്ത്രത്തിലെ പല നിഗൂഢതത്വങ്ങളെയും സമ്പ്രദായങ്ങളെയും അതീവ രഹസ്യമാക്കി സൂചിപ്പിച്ച് സൂക്ഷിക്കേണ്ട ആവശ്യമുണ്ടായ കാലഘട്ടത്തില്‍, അക്കാര്യങ്ങള്‍ അനര്‍ഹരായവരുടെ കയ്യില്‍ എത്തിപ്പെട്ടാലും രഹസ്യം അനാവരണം ചെയ്യപ്പെടാതിരിക്കുന്നതിന് വേണ്ടി ചില കോഡുകള്‍ ഉപയോഗിച്ചിരുന്നു. ആ വക രഹസ്യങ്ങളെ അര്‍ത്ഥസഹിതം ഗുരുമുഖത്ത് നിന്ന് മാത്രമേ അഭ്യസിക്കാന്‍ പാടുള്ളൂ എന്ന നിഷ്‌ക്കര്‍ഷ പാലിക്കപ്പെട്ടിരുന്നതിനാല്‍, ഇത്തരം നിഗൂഢ സാധനാക്രമങ്ങളെ പ്രകാശിക്കപ്പെടാതിരിക്കുന്നതിന് വേണ്ടി അഥവാ മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതിരിക്കുന്നതിന് വേണ്ടി ചില പ്രത്യേക സംജ്ഞകളെ അവലംബിക്കുക എന്നത് നമ്മുടെ ശാസ്ത്രത്തിന്റെ ഒരു പ്രത്യേകതയാണ്. പക്ഷേ ആ കാര്യങ്ങള്‍ വായിച്ചാല്‍ തെറ്റിദ്ധരിക്കപ്പെടുകയും സ്വാഭാവികം. അതൊക്കെ വായിക്കുന്ന അതേ അര്‍ത്ഥത്തില്‍ മനസ്സിലാക്കാനുള്ളതല്ല എന്നുള്ളത് പ്രത്യേകം ഓര്‍മിക്കുമല്ലോ. ഗുരുമുഖത്ത് നിന്നും മാത്രമേ ലഭ്യമാകൂ എന്ന നിഷ്‌ക്കര്‍ഷ ഉള്ളതിനാല്‍ അത്തരം രഹസ്യ സാധനകള്‍ ഗുരുശിഷ്യ പരമ്പരകളില്‍ കൂടി മാത്രമാണ് എന്നുള്ളതും സ്മരണീയമാണ്.
ഈ രീതി അവലംബിക്കുന്നത്, – ശാസ്ത്രരഹസ്യങ്ങള്‍ അനര്‍ഹരുടെ കൈയില്‍ എത്താതിരിക്കുന്നതിനും അങ്ങനെ എത്തിയാല്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള ചില ദോഷങ്ങളില്‍ നിന്നും സമാജത്തെ രക്ഷപ്പെടുത്തുന്നതിനും വേണ്ടിയാണ്. ഉദാഹരണത്തിന് അത്തരത്തില്‍പ്പെട്ട ഒരു കാര്യം മാത്രമാണ് ‘മകാരപഞ്ചകം’ എന്ന വിഷയം എന്ന് കൂടി ഇവിടെ സൂചിപ്പിച്ചു വയ്ക്കുന്നു.
വാല്‍ക്കഷ്ണം :
ലേഖകന്‍ ഒരിക്കല്‍ സ്വഗുരുനാഥനോട് തുളസിച്ചെടിയുമായി ബന്ധപ്പെട്ട ഒരു സംശയം ചോദിച്ചു. വളരെയധികം ഔഷധമൂല്യമുള്ള, പ്രകൃതിയില്‍ ഏറ്റവുമധികം മാറ്റം വരുത്താന്‍ കഴിവുള്ള വീര്യവതിയാണ് തുളസി എന്ന് ബോധ്യപ്പെട്ടത് കൊണ്ട്, കേരളം മുഴുവനും തുളസി വനങ്ങള്‍ ഉണ്ടായിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു എന്ന് ഉച്ചത്തില്‍ ആത്മഗതം ചെയ്തു.
അങ്ങനെ ആക്കി തീര്‍ക്കാന്‍ ഒരു വഴിയുണ്ട് – ആചാര്യന്‍ പ്രതിവചിച്ചു.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യ ക്ഷേത്രത്തില്‍ ഒരു ഉപദേവതയേയും പ്രതിഷ്ഠിക്കാന്‍ വ്യവസ്ഥയില്ലാത്തതു കൊണ്ട് ദേവസ്വരൂപമായ കാരണത്താല്‍ തുളസിയെ അവിടെ നടില്ലത്രേ. ഇത് തുളസിയോട് കാണിക്കുന്ന അനീതിയല്ലേ എന്ന് കമ്മ്യൂണിസ്റ്റുകാരോട് ചോദിച്ചാല്‍ മതി, അവര്‍ കേരളം മുഴുവനും തുളസി വച്ചുപിടിപ്പിച്ചു കൊള്ളും.
(അവസാനിച്ചു)