ഡിസംബര്‍-3 ഗീതാദിനം
ശ്രീമദ് ഭഗവദ്ഗീത വേദവ്യാസവിരചിതമായ മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തിനുള്ളില്‍ സ്വാഭാവികമായി വിടര്‍ന്ന യോഗശാസ്ത്രഗാനവും തന്മൂലം ആ ഇതിഹാസ കാവ്യത്തിന്റെ അവിഭാജ്യഘടകവുമാണെന്ന കാര്യത്തില്‍ അനേക സഹസ്രാബ്ദങ്ങളായി ഇന്നാട്ടില്‍ ജീവിച്ചിരുന്ന ആചാര്യന്മാര്‍ക്കോ പണ്ഡിതന്മാര്‍ക്കോ സാധാരണ ജനങ്ങള്‍ക്കോ യാതൊരു സംശയവുമുണ്ടായിട്ടില്ല. അതിനാല്‍ ഈ വിധത്തില്‍ അടുത്ത കാലംവരെ ചോദ്യങ്ങള്‍ ഉന്നയിക്കപ്പെടുകയോ വിവാദങ്ങള്‍ അരങ്ങേറുകയോ ചെയ്തിട്ടുമില്ല. പ്രാചീനകാലത്തേതായി ലഭിച്ചിട്ടുള്ള സാഹിത്യ കൃതികളും വൈവിദ്ധ്യമാര്‍ന്ന കലാരൂപങ്ങളും ഉത്സവാദ്യനുഷ്ഠാനങ്ങളും സാംസ്‌കാരിക പാരമ്പര്യവും വിശ്വാസപ്രമാണങ്ങളും അതിനു തെളിവേകുന്നു. ബ്രിട്ടീഷ് കോളനി മേലാളന്മാര്‍ ഭാരതത്തില്‍ അധികാരമുറപ്പിക്കുകയും ഭാരതീയ സംസ്‌കൃതിയെ കടപുഴക്കാന്‍ വിഫലശ്രമങ്ങളാരംഭിക്കുകയും ചെയ്ത കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലത്തിനുള്ളിലാണ് അപവാദ പ്രചാരണങ്ങള്‍ക്ക് എല്ലാ മണ്ഡലത്തിലും തുടക്കം കുറിച്ചത്. അധികാരം നിലനിര്‍ത്താന്‍ അവരെ സംബന്ധിച്ചിടത്തോളം അത് അനിവാര്യമായിരുന്നു. ഭാരത പൈതൃകത്തിന്റെ അഭിമാന സ്തംഭങ്ങളെ തമസ്‌കരിക്കുകയോ തച്ചുടയ്ക്കുകയോ അതും സാധിക്കുന്നില്ലെങ്കില്‍ വളച്ചൊടിക്കുകയോ അധിക്ഷേപിക്കുകയോ ഒക്കെയായിരുന്നു അവരുടെ കര്‍മ്മപരിപാടി. അതിന്റെ ഭാഗമായി മഹാഭാരതത്തിന്റെ ഘടകമല്ല ഭഗവദ്ഗീതയെന്നും അതു പില്‍ക്കാലത്തു കൂട്ടിച്ചേര്‍ക്കപ്പെട്ടതാണെന്നും പ്രചരിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യലബ്ധിക്കു ശേഷവും ഇന്നാട്ടുകാരായ കുറേ എഴുത്തുകാര്‍ അതേ കൊളോണിയല്‍ നിലപാട് ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് സത്യവിരോധത്തെ സംഭവിപ്പിക്കുന്നു. ഗുരുവായൂരപ്പന്‍ പാടിയ പാട്ടിന്റെ നിജസ്ഥിതി അറിയാന്‍ ഭക്തജനങ്ങള്‍ക്ക് ആഗ്രഹവും അവകാശവുമുണ്ട്. അതിനാല്‍ നാരായണനെയും നരോത്തമനായ നരനെയും ദേവി സരസ്വതിയെയും വ്യാസഭഗവാനെയും നമസ്‌കരിച്ചുകൊണ്ട് ജയമെന്നു പേരുള്ള മഹാഭാരത ഇതിഹാസത്തിന്റെ അകപ്പൊരുളിലേക്ക് കടക്കുന്നു.
സത്യവതീ പുത്രനായ കൃഷ്ണദ്വൈപായന വേദവ്യാസനാണ് മഹാഭാരതത്തിന്റെ രചയിതാവ്. കോളനിവാഴ്ചക്കാലത്തെ കുറെ യൂറോപ്യന്‍ പണ്ഡിതന്മാരും ഇന്നാട്ടിലെ ഒരുപറ്റം അനുയായികളും കരുതുന്നതുപോലെ പലരുടെ കൂട്ടുകവിതയല്ല മഹാഭാരതം. ഒരൊറ്റ മഹാപ്രതിഭയുടെ നിര്‍മ്മിതിയാണ് അതെന്നതിനു വേണ്ടുന്ന ഭാഷാപരവും സാഹിത്യശാസ്ത്രപരവും ദര്‍ശനപരവുമായ തെളിവുകള്‍ മഹാഭാരതത്തിനകത്ത് നിറഞ്ഞു കിടപ്പുണ്ട്. മഹാഭാരതം പലരുടെ നിര്‍മ്മിതിയാണെന്നു കാണിക്കാനുതകുന്ന യാതൊന്നും അതിനുള്ളിലില്ലെന്നതും ഇവിടെ പ്രസ്താവ്യമാണ്. ഗീത പ്രകാശിപ്പിക്കുന്ന അദ്ധ്യാത്മദര്‍ശനത്തിന്റെ സൗന്ദര്യത്തിളക്കത്തില്‍ അതിബൃഹത്തും മഹത്തുമായ ഈ ഇതിഹാസകാവ്യത്തെ സ്വന്തം ഹൃദയത്തില്‍ പൂര്‍ണ്ണമായി രൂപപ്പെടുത്തിയതിനു ശേഷം അനര്‍ഗ്ഗളം പ്രവഹിക്കുന്ന വാക്കുകളിലൂടെ ലക്ഷാവധി ശ്ലോകങ്ങള്‍ കൊണ്ട് കൃഷ്ണദ്വൈപായനന്‍ വരച്ചുകാട്ടി. സര്‍ഗ്ഗക്രിയയിലന്തര്‍ഭവിച്ച ഈ യാഥാര്‍ത്ഥ്യത്തിന്റെ നാടകീയാവിഷ്‌കൃതിയാണ് ഗണപതിയെ എഴുതാന്‍ വരുത്തിയ കഥ. സൃഷ്ട്യുന്മുഖമായ ആ മഹാപ്രവാഹത്തില്‍ ഉദയം കൊണ്ടവയാണ് മഹാഭാരതത്തില്‍ കാണുന്ന സര്‍വവും. കഥാപാത്രങ്ങളും അവരുടെ ചിന്തകളും വികാരങ്ങളും സംഭാഷണങ്ങളും പ്രവൃത്തികളും സംഭവപരമ്പരകളും കഥാഗാത്രങ്ങളും തത്ത്വവിചാരങ്ങളും ഉപദേശങ്ങളും സ്തുതികളും എല്ലാം അവയില്‍പ്പെട്ടവ മാത്രമാണ്. സാഹിത്യാചാര്യനായ ആനന്ദവര്‍ദ്ധനന്റെ ഭാഷയില്‍പ്പറഞ്ഞാല്‍ പാനകരസന്യായത്തില്‍ സര്‍വവും ഒന്നായിണങ്ങിയ പ്രബന്ധധ്വനിയാണ് മഹാഭാരതാസ്വാദം. ധ്വന്യാലോകത്തിനെഴുതിയ ലോചനത്തില്‍ അഭിനവഗുപ്തന്‍ നടത്തിയിരിക്കുന്ന മഹാഭാരത രസവിചാരം അതിന്റെ ഹൃദയത്തെ പ്രകാശിപ്പിക്കുന്ന പ്രാമാണിക രേഖയാണ്. കൃഷ്ണദ്വൈപായനന്റെ ഹൃദയത്തെ ആനന്ദമഗ്നമാക്കിയ സൃഷ്ടിലഹരി മൂലം മഹാഭാരതത്തിന്റെ നടുവിലായി ഭീഷ്മപര്‍വത്തില്‍ പ്രത്യക്ഷമുദിച്ച ദര്‍ശനസൂര്യനാണ് ഭഗവദ്ഗീത. അതാണ് ആ ഇതിഹാസത്തിന്റെ ആത്മതേജസ്സ്. മഹാഭാരതത്തില്‍ വേറെയുമുണ്ട് ഗീതകള്‍. എങ്കിലും ഈ പതിനെട്ടദ്ധ്യായങ്ങള്‍ ഒന്നു വേറെ തന്നെയാണ്.
ഭഗവദ്ഗീത പില്‍ക്കാലത്ത് ആരോ മഹാഭാരതത്തില്‍ കൂട്ടിച്ചേര്‍ത്ത അന്യപദാര്‍ത്ഥമല്ല. മഹാഭാരതത്തിന്റെ തത്ത്വസംഗ്രഹമാണ് ഗീത. ശ്രീമദ് ഭഗവദ്ഗീതയുടെ കഥാരൂപനിര്‍മ്മിതിയാണ് മഹാഭാരതം. ഗീത ആത്മാവും മഹാഭാരതം ശരീരവുമായിരിക്കുന്നു. ഭഗവദ്ഗീത പകരുന്ന ഭാരതീയ ദര്‍ശനത്തിന് കഥാപാത്രങ്ങളുടെയും സംഭവങ്ങളുടെയും രൂപം കൃഷ്ണദ്വൈപായനന്‍ കല്‍പ്പിച്ചപ്പോള്‍ അത് മഹാഭാരതമായി. ഗീതയിലെ പതിനെട്ടദ്ധ്യായങ്ങളെയും അവയിലുള്ള എഴുന്നൂറ് ശ്ലോകങ്ങളെയും മഹാഭാരതകഥകളിലും കഥാപാത്രങ്ങളിലുമായി കാണാം. രണ്ടിനെയും ശരിയായ വിധത്തില്‍ മനസ്സിലാക്കിയിട്ടുണ്ടാകണമെന്നുമാത്രം. അവയുടെ ആത്മചൈതന്യമായ ഉപനിഷദ് ദര്‍ശനവും പ്രാണനായി പ്രവര്‍ത്തിക്കുന്ന ഭാരതീയസംസ്‌ക്കാരവും ഗ്രഹിച്ചാലേ അക്കാര്യം സാധ്യമാവുകയുള്ളൂ. വ്യാസഭാഷയായ സംസ്‌കൃതത്തിലുള്ള പരിജ്ഞാനവും അത്യാവശ്യം തന്നെ. ഇപ്പറഞ്ഞവയൊന്നും കൈമുതലായിട്ട് ഇല്ലാത്തവരാണ് ഗീതയെയും മഹാഭാരതത്തെയും പറ്റി വിപരീതാഭിപ്രായങ്ങള്‍ പടച്ചു വിടുന്നത് എന്ന വസ്തുത ധൈഷണികസത്യസന്ധതയുടെ കാര്യത്തില്‍ അക്കൂട്ടര്‍ എത്തിനില്‍ക്കുന്ന പതനത്തെ കാണിക്കുന്നു.
ധര്‍മ്മത്തിന്റെ മഹാസന്ദേശമാണ് മഹാഭാരതഹൃദയം. അര്‍ത്ഥകാമങ്ങള്‍ നേടുന്നതിനു വേണ്ടി സ്വന്തം ജീവിതത്തെയും ലോകത്തെയും പടക്കളമാക്കിമാറ്റുന്ന സ്വാര്‍ത്ഥ ചിന്തകള്‍ക്കെതിരെ അതു വിട്ടുവീഴ്ചയില്ലാതെ ശബ്ദിക്കുന്നു. അര്‍ത്ഥകാമങ്ങളെ തിരസ്‌ക്കരിക്കണമെന്ന് ഭാരതീയ സംസ്‌കൃതി എങ്ങും നിര്‍ദ്ദേശിച്ചിട്ടില്ല. വേണ്ടുന്ന പരിഗണന അര്‍ത്ഥകാമങ്ങള്‍ക്ക് മഹാഭാരതവും നല്‍കിയിരിക്കുന്നു.പക്ഷേ ധര്‍മ്മമാര്‍ഗ്ഗത്തിലൂടെ വേണം അവ നേടേണ്ടത് എന്നതാണ് വ്യാസാദി മഹാഗുരുക്കന്മാരുടെയും വേദങ്ങളുടെയും സന്ദേശം. ധര്‍മ്മത്തിന്റെ ആചരണം കൊണ്ടുതന്നെ അര്‍ത്ഥകാമങ്ങള്‍ ലഭിക്കുമല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് ധര്‍മ്മത്തെ സേവിക്കാത്തത് എന്ന് മഹാഭാരതം ഉപസംഹരിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചിരിക്കുന്നത് ധര്‍മ്മത്തിന്റെ സര്‍വതോമുഖമായ പ്രാധാന്യത്തില്‍ ഇതിഹാസത്തിന്റെ ഊന്നലിനെ സ്പഷ്ടീകരിക്കുന്നു.
ഊര്‍ദ്ധ്വ ബാഹുര്‍ വിരൗമ്യേഷ
നഹികശ്ചിത് ശൃണോതി മേ
ധര്‍മ്മാദര്‍ത്ഥശ്ച കാമശ്ച
സ ധര്‍മ്മഃ കിം ന സേവ്യതേ
ഞാന്‍ കൈ ഉയര്‍ത്തി നിലവിളിച്ചിട്ടും ആരും ചെവി തരുന്നില്ലല്ലോ എന്ന വേദന ധര്‍മ്മ സന്ദേശത്തിന്റെ ദാര്‍ഢ്യത്തെയാണ് അഭിവ്യഞ്ജിപ്പിക്കുന്നത്. അധര്‍മ്മത്തിലൂടെ ചില താല്‍ക്കാലിക വിജയങ്ങളും ലാഭങ്ങളും ലഭിച്ചെന്നിരിക്കാം. പക്ഷെ അവ കൊടിയ വിനാശത്തിലും ദുഃഖത്തിലും മാത്രമേ കലാശിക്കൂ എന്നതാണ് വ്യാസകഥയുടെ മുഴങ്ങുന്ന ഉപദേശം. പര്‍വതാകാരം കൊണ്ട അധര്‍മ്മപ്രവൃത്തികള്‍ കുരുക്ഷേത്രത്തിലെ നിണമണിയലില്‍ പൊലിയുന്നതാണല്ലോ അദ്ദേഹം കാണിച്ചു തന്നിരിക്കുന്ന ചിത്രം.
ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളുടെ അഗ്നിപരീക്ഷ നടക്കുന്ന വിസ്തൃത കഥകൂടിയാണ് മഹാഭാരതം. കഠിനവും അനിവാര്യവുമായ ജീവിത സംഭവങ്ങളുടെ നടുവില്‍പ്പെട്ട മനുഷ്യരുടെ തീവ്രവികാരഭൂയിഷ്ഠമായ അനുഭവങ്ങളാണ് അക്കൂട്ടത്തിലധികവും. ഇതിലും കൊടിയ ജീവിത സമസ്യകള്‍ മറ്റൊരു കൃതിയിലും ഇല്ലെന്നുറപ്പ്. പുരുഷാര്‍ത്ഥ തത്ത്വവിചാരത്തിന് ഇതിലും നല്ല വേദി ഉണ്ടാകാനുമില്ല. ഭൗതിക ജീവിതസാഹചര്യങ്ങള്‍ എത്രയൊക്കെ മാറിയാലും വ്യക്തികളുടെ ആശയാഭിലാഷങ്ങള്‍ എന്തെല്ലാം പുതുരൂപങ്ങള്‍ കൈക്കൊണ്ടാലും ധര്‍മ്മതത്ത്വത്തിനു മാറ്റം ഭവിക്കുന്നില്ലെന്നു വെളിവാക്കിക്കൊണ്ട് അതിന്റെ സൂക്ഷ്മരൂപം വ്യാസന്‍ വ്യക്തമായി വരച്ചിരിക്കുന്നു. ധര്‍മ്മത്തിന്റെ തത്ത്വം അത്യന്തരഹസ്യമാണെന്ന ആപ്തവചസ്സിനു തര്‍ക്കമില്ല. വ്യത്യസ്തമായ കഥകളിലൂടെ ധര്‍മ്മതത്ത്വത്തെ പ്രസ്ഫുടം വിശദമാക്കിയ വ്യാസപ്രതിഭ അതുകൊണ്ടുതന്നെ പ്രശംസയര്‍ഹിക്കുന്നു. ധര്‍മ്മത്തിന് അനുരൂപമായ അര്‍ത്ഥകാമപ്രവൃത്തികളെയും ധര്‍മ്മവിരുദ്ധമായ കര്‍മ്മങ്ങളെയും ആഘാതപ്രത്യാഘാതങ്ങളിലൂടെ വളരുന്ന അവയുടെ അനിവാര്യപരിണതികളെയും തുറന്നുകാട്ടി ധര്‍മ്മമഹത്വം ഉറപ്പിക്കുകയായിരുന്നു അതിസങ്കീര്‍ണ്ണമായ ഇതിവൃത്ത രചനയിലൂടെയും വൈവിദ്ധ്യമാര്‍ന്ന കഥാപാത്രചിത്രണത്തിലൂടെയും വ്യാസന്‍ ലക്ഷ്യമിട്ട മുഖ്യ പ്രയോജനം. പരമപുരുഷാര്‍ത്ഥമെന്നു പേര്‍ കൊണ്ട മോക്ഷത്തെയും ആ മനീഷി ഒഴിവാക്കിയില്ല. അതിന്റെ മാര്‍ഗ്ഗവും ധര്‍മ്മം തന്നെ. അതിനാല്‍ ധര്‍മ്മം എല്ലാത്തിനും നാരായവേരാണെന്നു വരുന്നു. അങ്ങനെ ചതുര്‍വിധ പുരുഷാര്‍ത്ഥങ്ങളുടെയും സമ്പൂര്‍ണ്ണമായ ആവിഷ്‌കൃതിയായി പരിണമിച്ചു മഹാഭാരതം. അതിനാല്‍ ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങളെപ്പറ്റി മഹാഭാരതത്തില്‍ എന്തുണ്ടോ അവ ലോകത്ത് പലയിടത്തായി കാണാനാകും. മഹാഭാരതത്തിലില്ലാത്ത ധര്‍മ്മാര്‍ത്ഥകാമമോക്ഷതത്ത്വരഹസ്യം ലോകത്തൊരിടത്തും കണ്ടെത്താനാവുകയില്ല.
ധര്‍മ്മേ ചാര്‍ത്ഥേ ച കാമേ ച
മോക്ഷേ ച ഭരതര്‍ഷഭ
യദിഹാസ്തി തദന്യത്ര
യന്നേഹാസ്തി ന തത് ക്വചിത്
വ്യാസന്റെ ദര്‍ശന സമഗ്രത ഇവിടെ പ്രകാശിക്കുന്നു. പുരുഷാര്‍ത്ഥ പരീക്ഷയും ഇതിനുള്ളില്‍ തന്നെ നടക്കുന്നു.
സ്വാര്‍ത്ഥ മോഹങ്ങള്‍ പരിത്യജിച്ച് ലോക നന്മക്കായി നിരന്തരം പരിശ്രമിക്കാനുള്ള ആഹ്വാനവുമായാണ് മഹാഭാരതം പിറന്നത്. സമൂഹത്തിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ജനങ്ങള്‍ക്കും ഒരുപോലെ അതു നല്‍കപ്പെട്ടിരിക്കുന്നു. പ്രപഞ്ചം മുഴുവന്‍ ഒന്നാണെന്ന സത്യബുദ്ധിയാണ് ധര്‍മ്മസന്ദേശത്തിന്റെ അടിസ്ഥാനം. അതിനാല്‍ ഓരോരുത്തരും അവരവരുടെ കര്‍മ്മം വിട്ടുവീഴ്ചയില്ലാതെ ബ്രഹ്‌മാര്‍പ്പണമായി നിര്‍വഹിക്കണം. മഹാഭാരത ഗാത്രമുടനീളം കഥകളിലൂടെ അഭിവ്യഞ്ചിപ്പിച്ചിരിക്കുന്ന ഈ സന്ദേശം ഭീഷ്മപര്‍വത്തിനുള്ളിലുള്ള ഭഗവദ്ഗീതയിലും പലയിടങ്ങളിലായി പ്രകാശിക്കുന്ന ഇതര ഗീതകളിലും തത്ത്വാര്‍ത്ഥരൂപത്തില്‍ പറഞ്ഞു വച്ചിട്ടുണ്ട്. കഥകളുടെ ആശയം വ്യക്തമാക്കാന്‍ ഗീതയും ഭഗവദ്ഗീതയുടെ സന്ദേശം സ്ഫുടമാക്കാന്‍ കഥകളും പ്രയോജനപ്പെടുന്നു എന്നതാണ് ഈ പാരമ്പര്യത്തിന്റെ സൗകര്യം. ജഡചേതനമയമായ ഈ ലോകം ഒരൊറ്റ തത്ത്വത്തില്‍ ഉണ്ടായി നിലനിന്ന് വിലയം പ്രാപിക്കുന്ന പ്രതിഭാസമാണെന്ന് ഗീത ജീവന്മാരെ പഠിപ്പിക്കുന്നു. അതിനാല്‍ ലോകം ഒരു കുടുംബമാണ്. ഇതാണ് ജ്ഞാനം അഥവാ സാംഖ്യബുദ്ധി. നിര്‍ഗ്ഗുണവും നിരാകാരവുമായ പരമതത്ത്വത്തിന് ബ്രഹ്‌മമെന്നും പരബ്രഹ്‌മമെന്നും ആത്മാവെന്നും പരമാത്മാവെന്നുമെല്ലാം പേരുണ്ട്. ആയുധങ്ങള്‍ക്ക് മുറിവേല്‍പ്പിക്കാനോ തീയ്ക്ക് ദഹിപ്പിക്കാനോ കാറ്റിന് ഉണക്കിക്കളയാനോ വെള്ളത്തിന് നനയ്ക്കാനോ കഴിയാത്ത ആ ആത്മതത്ത്വമാണ് സമസ്തജീവരാശിയായും ജീവനില്ലാത്തവയായും കാണപ്പെടുന്നത്. അതിനു ജനനമോ മരണമോ രോഗമോ വാര്‍ദ്ധക്യമോ ദുഃഖമോ ദൗര്‍ബല്യമോ യാതൊന്നുമില്ല. സച്ചിദാനന്ദസ്വരൂപമായ സ്വന്തം യാഥാര്‍ത്ഥ്യം തിരിച്ചറിയാന്‍ ആര്‍ക്കും സാധിക്കും. അതിനു വേണ്ടി പരിശ്രമിക്കണമെന്നു മാത്രം. അതിനു യോഗബുദ്ധി എന്നു പേര്. കര്‍മ്മയോഗം, ഭക്തിയോഗം, ജ്ഞാനയോഗം, സാംഖ്യയോഗം എന്നെല്ലാം യോഗത്തിന്റെ മാര്‍ഗ്ഗങ്ങള്‍ പലതുണ്ട്. അവരവര്‍ക്കിണങ്ങുന്നത് ഓരോരുത്തര്‍ക്കും തെരഞ്ഞെടുക്കാം. ഏതു മാര്‍ഗ്ഗമവലംബിച്ചാലും എത്തിച്ചേരുന്നത് ഒരേ ഇടത്തായിരിക്കുമെന്നും ഗീത വ്യക്തമാക്കിയിരിക്കുന്നു. ധര്‍മ്മമാണ് യോഗപദ്ധതികളുടെയെല്ലാം അടിസ്ഥാനം. അര്‍ത്ഥകാമങ്ങളെ ധര്‍മ്മാനുസൃതമായി ചിട്ടപ്പെടുത്തിയാല്‍ മാത്രമേ യോഗം ഉറയ്ക്കുകയുള്ളൂ. യോഗനിഷ്ഠ കരഗതമായാലേ സാംഖ്യബുദ്ധി അഥവാ പരമപുരുഷാര്‍ത്ഥമായ മോക്ഷം സിദ്ധിക്കുകയുള്ളൂ. ദുഃഖങ്ങളും ക്ലേശങ്ങളുമകന്ന് പരമാനന്ദമനുഭവിക്കാന്‍ ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല.
ഏഷാതേƒഭിഹിതാ സാംഖ്യേ
ബുദ്ധിര്‍ യോഗേ ത്വിമാം ശൃണു,
ബുദ്ധ്യായുക്തോ യയാപാര്‍ത്ഥ
കര്‍മ്മബന്ധം പ്രഹാസ്യസി (ഗീത 2-39)
ലോകമംഗളത്തിനുതകുന്ന കര്‍മ്മപദ്ധതിയും മറ്റൊന്നല്ല. ഭൗതിക ജഗത്തിലും പ്രപഞ്ചാതീത മണ്ഡലത്തിലും ഒരുപോലെ അനിവാര്യമാകയാലാണ് എന്തുകൊണ്ടു ധര്‍മ്മത്തെ സേവിക്കുന്നില്ല എന്നു വ്യാസന്‍ നിലവിളിച്ചു പോകുന്നത്.
ഉപനിഷത്തുക്കളുടെ സാരസര്‍വസ്വമായി തന്റെ ഹൃദയത്തില്‍ വിളങ്ങുന്ന ഗീതാതത്ത്വത്തിന് സമ്പൂര്‍ണ്ണ കഥാരൂപം നല്‍കാനാഗ്രഹിച്ച കൃഷ്ണദ്വൈപായനന്‍ എന്ന വേദവ്യാസന്‍ സാംഖ്യ-യോഗബുദ്ധികള്‍ക്കു മാനുഷാകൃതി നല്‍കിക്കൊണ്ട് കവികര്‍മ്മത്തിന് തുടക്കം കുറിച്ചു. കാവ്യനിര്‍മ്മിതി ഹൃദയത്തില്‍ പൂര്‍ത്തിയായപ്പോള്‍ ഗണപതിയെക്കൊണ്ട് താളിയോലകളില്‍ ആലേഖനം ചെയ്യിക്കുകയും ചെയ്തു എന്ന് പ്രസിദ്ധി. തത്ത്വാര്‍ത്ഥ പ്രതിപാദകമായ കഥകളിലൊന്നാണ് അതും. സാംഖ്യബുദ്ധിയുടെ പൂരുഷാകാരമാണ് ദ്വാരകാധീശനായ കൃഷ്ണന്‍. യോഗബുദ്ധിയുടെ ആള്‍രൂപം മദ്ധ്യമ പാണ്ഡവനായ അര്‍ജ്ജുനനുമാകുന്നു. താന്‍ ഭാഗമായുള്ള അന്നത്തെ ഭാരത ചരിത്രസംഭവങ്ങള്‍ ഇക്കാര്യത്തില്‍ വ്യാസന് അസംസ്‌കൃതവസ്തുവായി പരിണമിച്ചു. അതോടൊപ്പം മറ്റനേകം കഥകള്‍ കൂടി നിര്‍മ്മിച്ചു ചേര്‍ത്തപ്പോള്‍ പുരുഷാര്‍ത്ഥാഖ്യാനം പൂര്‍ണ്ണമായി. തന്റെ കൊച്ചു മക്കളുടെ ചരിത്രം അപ്പടി പകര്‍ത്തി വച്ചതു കൊണ്ട് മാത്രം ഗീതാസന്ദേശം ദൃശ്യമാവുകയില്ലെന്ന് വ്യാസന് നന്നായറിയുമായിരുന്നു. അതിനാല്‍ സംഭവങ്ങളെ വളച്ചൊടിക്കാതെ സമുചിതമായ പരിഷ്‌ക്കരണം എല്ലാ തലത്തിലും വരുത്തിയാണ് ആഖ്യാനം ചെയ്തത്. അപ്പോള്‍ ചരിത്രപുരുഷന്മാര്‍ കാവ്യാത്മകമായ അലൗകിക വിഭാവങ്ങളും അവരുടെ പ്രവൃത്തികള്‍ അനുഭാവങ്ങളും അവയുടെ ചേര്‍ച്ചയാല്‍ വ്യഞ്ജിക്കുന്ന വികാരങ്ങള്‍ സഞ്ചാരി (വ്യഭിചാരി) ഭാവങ്ങളും കാവ്യാനുഭവം ശാന്തരസവുമായി പരിണമിച്ചു. കാവ്യനിര്‍മ്മിതിയിലെ ഈ ഭാരതീയ രസാത്മകതന്ത്രം നാട്യശാസ്ത്രാദികളില്‍ നിന്നു ഗ്രഹിച്ചുകൊള്ളുക. നാട്യശാസ്ത്രകാരനായ ഭരതമുനിയ്ക്ക് അലൗകികമായ ഭാരതീയ കലാതന്ത്രം വ്യക്തമാക്കിക്കൊടുത്തത് വാല്മീകിയും വ്യാസനുമൊക്കെയാണെന്നും മനസ്സിലാക്കിക്കൊള്‍ക. വ്യാസന്റെ കാവ്യജഗത്തില്‍ പതിനാലു ലോകങ്ങളും അവയില്‍ വസിക്കുന്ന ജീവന്മാരും കടന്നു വരുന്നത് ഗീതാദര്‍ശനത്തിന്റെ പ്രത്യേകത കൊണ്ടാണ്. അദ്ദേഹത്തിന്റെ കഥാപാത്രങ്ങള്‍ സാധാരണ മനുഷ്യരും മൃഗങ്ങളും അലൗകികമനുഷ്യരും അലൗകികത്വമുള്ള ഇതരജീവരാശിയുമായിത്തീര്‍ന്നതിനു ഹേതുവും ഗീതാദര്‍ശനമല്ലാതെ മറ്റൊന്നുമല്ല. ഗീതോപദേശകാരനായ കൃഷ്ണന്‍ സാധാരണനല്ല. യോഗേശ്വരനാണ്. അര്‍ജ്ജുനന്‍ ആ യോഗേശ്വരനെ സമാശ്രയിച്ച അസാമാന്യ ശിഷ്യനുമായിരുന്നു; സാക്ഷാല്‍ ദേവാധിപന്റെ മകന്‍.
മഹാഭാരതത്തിന്റെ വേറൊരു പേരാണ് ജയം. ജീവിതത്തില്‍ സമ്പൂര്‍ണ്ണ വിജയം കൈവരിക്കാനുതകുന്ന ദര്‍ശനവും കര്‍മ്മപദ്ധതിയും മുഖ്യസന്ദേശമാകയാല്‍ ആ പേര് അന്വര്‍ത്ഥമായിരിക്കുന്നു. വ്യക്തിക്കും കുടുംബത്തിനും സമൂഹത്തിനും രാജ്യത്തിനും പ്രപഞ്ചത്തിനാകമാനവും വിജയമാര്‍ഗ്ഗം കാട്ടിക്കൊടുക്കാനും കര്‍മ്മൗത്സുക്യം പകരാനും കരുത്തുറ്റ കാവ്യമാണത്. അതിന്റെ അന്തസ്സത്ത മുഴുവന്‍ ഒരൊറ്റ ശ്ലോകത്തില്‍ കൃഷ്ണദ്വൈപായനന്‍ പകര്‍ന്നു വച്ചു. അതാണ് ഗീതയുടെ അവസാനം മുഴങ്ങിക്കേള്‍ക്കുന്നത്. ഹിമബിന്ദുവില്‍ പ്രപഞ്ചമെന്ന പോലെ മഹാഭാരതം മുഴുവന്‍ നിപുണദൃഷ്ടികള്‍ക്ക് അതില്‍ പ്രതിബിംബിച്ചു കാണാം.
യത്ര യോഗേശ്വരഃ കൃഷ്‌ണോ
യത്ര പാര്‍ത്ഥോ ധനുര്‍ധരഃ
തത്ര ശ്രീര്‍വിജയോഭൂതിര്‍
ധ്രുവാനീതിര്‍ മതിര്‍ മമ (ഗീത18-78)
യോഗേശ്വരനായ കൃഷ്ണനും ഗാണ്ഡീവധന്വാവായ പാര്‍ത്ഥനുമുള്ളിടത്താണ് സര്‍വവിധ വിജയങ്ങളും ഐശ്വര്യസമൃദ്ധിയും വിളയുന്നതെന്ന ഈ പ്രസ്താവം മാത്രം മതി ഗീതാദര്‍ശനത്തേയും കഥയേയും ഒന്നാക്കിത്തീര്‍ക്കുവാന്‍. ഭഗവദ്ഗീതയിലെ പതിനെട്ടദ്ധ്യായങ്ങളിലായി വിശദീകരിച്ച അദ്ധ്യാത്മജ്ഞാനം അഥവാ ബ്രഹ്‌മതത്ത്വം അഥവാ സാംഖ്യബുദ്ധിയാണ് കൃഷ്ണന്റെ യോഗേശ്വരതത്ത്വം. അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ഈശ്വരാര്‍പ്പിതമായി നിര്‍വഹിക്കപ്പെടുന്ന സ്വധര്‍മ്മാനുഷ്ഠാനമാണ് യോഗബുദ്ധി അഥവാ അര്‍ജ്ജുനന്റെ ഗാണ്ഡീവധാരിത്വം. കൃഷ്ണനെ മറന്നാല്‍ അഥവാ ധര്‍മ്മത്തെ മറന്നാല്‍ ഫലം പതനമായിരിക്കും. ദുര്യോധനന്റെ പതനത്തിലൂടെ വ്യാസന്‍ അതു സമര്‍ത്ഥമായി വരച്ചു കാണിക്കുകയും ചെയ്തു.
ജീവിതവിജയത്തിന്റെ ഈ തത്ത്വശാസ്ത്രം മഹാഭാരതകഥാഗാത്രത്തില്‍ അങ്ങോളമിങ്ങോളം സന്ദര്‍ഭോചിതമായി വ്യാസന്‍ ആവര്‍ത്തിച്ചുറപ്പിച്ചിരിക്കുന്നത് ഗീതാദര്‍ശനത്തിന്റെയും ഇതിഹാസകഥയുടെയും ബന്ധദാര്‍ഢ്യത്തെ സ്പഷ്ടമാക്കുന്നു. യുദ്ധത്തിനു വേണ്ടിയുള്ള തയ്യാറെടുപ്പ് തകൃതിയായി നടക്കുമ്പോള്‍ ആയുധമെടുക്കുകയില്ലെന്നു പ്രതിജ്ഞ ചെയ്ത കൃഷ്ണനെ തഴഞ്ഞ് സര്‍വായുധ സന്നാഹയുക്തമായ യാദവപ്പടയെ നേടിയ തന്റെ മികവ് ഗര്‍വമിശ്രിതമായ സന്തോഷത്തോടെ ദുര്യോധനന്‍ ആഘോഷിക്കവേ യുധിഷ്ഠിരനോട് ദ്രോണന്‍ പറയുന്നത് ഉദാഹരിക്കട്ടെ.
യതോ ധര്‍മ്മഃ തതഃ കൃഷ്ണഃ
യതഃ കൃഷ്ണഃ തതോ ജയഃ
‘എവിടെ ധര്‍മ്മമുണ്ടോ അവിടെ കൃഷ്ണനുണ്ട്. എവിടെ കൃഷ്ണനുണ്ടോ അവിടെ ജയവുമുണ്ട്’. ധര്‍മ്മവും കൃഷ്ണനും രണ്ടല്ലെന്നും ധര്‍മ്മമുള്ളിടത്തേ ജയമുണ്ടാകൂ എന്നും ഇവിടെ ആവര്‍ത്തിച്ചുറപ്പിക്കപ്പെട്ടിരിക്കുന്നു. ‘യതോ ധര്‍മ്മസ്തതോ ജയഃ’ എന്ന സിദ്ധാന്തവാക്യം കര്‍ണ്ണനെക്കൊണ്ടും ഗാന്ധാരിയെക്കൊണ്ടുമെല്ലാം ആവര്‍ത്തിപ്പിക്കുന്ന സന്ദര്‍ഭങ്ങളും മഹാഭാരതത്തില്‍ ധാരാളമുണ്ട്.
എങ്കിലും എല്ലാപേര്‍ക്കും അര്‍ജ്ജുന സദൃശം ഉത്തമ ധര്‍മ്മനിഷ്ഠയോടെ പ്രവര്‍ത്തിക്കാനാകുകയില്ലെന്ന യാഥാര്‍ത്ഥ്യം ലോകത്തു നിലനില്‍പ്പുണ്ട്. ഇക്കാര്യത്തില്‍ ആരെക്കാളും നല്ല ബോദ്ധ്യം കൈവന്ന പ്രപഞ്ചതത്ത്വജ്ഞനാണ് കൃഷ്ണദ്വൈപായനന്‍. സ്വാര്‍ത്ഥതകൊണ്ടും അജ്ഞതാലസ്യങ്ങള്‍ കൊണ്ടും സ്വധര്‍മ്മവിമുഖതയും അധര്‍മ്മാഭിരതിയും പലരേയും പിടികൂടുന്നു. സ്വാര്‍ത്ഥമോഹങ്ങള്‍ സഫലീകരിക്കാന്‍ വേണ്ടി ക്രൂരകര്‍മ്മങ്ങളിലേര്‍പ്പെടുന്നവര്‍ ധാരാളമുണ്ട്. അതില്‍ നിന്നൊന്നും അവര്‍ക്ക് അകന്നു നില്‍ക്കാനാവുന്നില്ല.
നഹി കശ്ചിത് ക്ഷണമപി
ജാതു തിഷ്ഠത്യകര്‍മ്മകൃത്
കാര്യതേ ഹ്യവശഃ കര്‍മ്മ
സര്‍വഃ പ്രകൃതിജൈര്‍ഗുണൈഃ (ഗീത 3-5)
‘ഒരു നിമിഷനേരത്തേക്ക് പോലും പ്രവര്‍ത്തിക്കാതിരിക്കാന്‍ ആര്‍ക്കും സാദ്ധ്യമല്ല. എല്ലാപേരും പ്രകൃതി സിദ്ധമായ ഗുണങ്ങള്‍ക്കു കീഴടങ്ങി പ്രവര്‍ത്തിച്ചു കൊണ്ടേ ഇരിക്കുന്നു’. ഭിന്നസ്വഭാവക്കാരായ ആയിരക്കണക്കിനു വ്യക്തികളുടെ വ്യത്യസ്തകര്‍മ്മകോലാഹലങ്ങള്‍ ചിത്രീകരിച്ചു വച്ചിരിക്കുന്ന വലിയ പ്രപഞ്ചമാണ് മഹാഭാരതം. വൈവിദ്ധ്യമാര്‍ന്ന നന്മകളുടെയും വൈചിത്ര്യമാര്‍ന്ന തിന്മകളുടെയും വ്യത്യസ്താനുപാതങ്ങളിലുള്ള കൂടിക്കലരലുകളാല്‍ ശബളകാന്തി ചൊരിയുന്ന വ്യക്തിത്വമാണ് ഓരോരുത്തര്‍ക്കുമുള്ളത്. ഒരാളും ഒരു കാരണവശാലും വേറൊരാള്‍ക്കു സമാനനല്ല. എങ്കിലും സൃഷ്ടികളെ ദൈവീസമ്പത്തുള്ളവരെന്നും ആസുരീസമ്പത്തുള്ളവരെന്നും രണ്ടു വിഭാഗമായി തിരിച്ചു പഠിക്കാമെന്നാണ് കൃഷ്ണദ്വൈപായനന്റെ മതം. ഭഗവദ്ഗീതയുടെ ദൈവാസുര സമ്പദ്വിഭാഗയോഗമെന്ന പതിനാറാമദ്ധ്യായത്തില്‍ അത് അദ്ദേഹം നിര്‍വ്വചിച്ചു വച്ചിട്ടുമുണ്ട്.
ദ്വൗഭൂതസര്‍ഗ്ഗൗ ലോകേƒസ്മിന്‍
ദൈവം ആസുര ഏവച (ഗീത 16-6)
ഭയമില്ലായ്മ, അന്തഃകരണശുദ്ധി, ബ്രഹ്‌മതത്ത്വത്തില്‍ അടിയുറച്ച വിശ്വാസം, ദാനം, ഇന്ദ്രിയ നിഗ്രഹം, ലോകനന്മക്കു വേണ്ടിയുള്ള പ്രവൃത്തി, അഹിംസ, സത്യം, ക്രോധമില്ലായ്മ, ത്യാഗം, ശാന്തി, പരദൂഷണം ചെയ്യായ്ക, ഭൂതദയ, അത്യാഗ്രഹമില്ലായ്മ, സ്വഭാവമാര്‍ദ്ദവം, തെറ്റു ചെയ്യുന്നതില്‍ ലജ്ജ, ചാപല്യമില്ലായ്മ, ധൈര്യം, ശുചിത്വം, അദ്രോഹം, ദുരഭിമാനമില്ലായ്ക, വേദാന്തശാസ്ത്രപഠനം, ഏകാഗ്രതാ പരിശീലനം എന്നിവയാണ് ദൈവീസമ്പത്ത്. ഇതിനെല്ലാം വിപരീതമായി ദംഭം, കാമം, അഹങ്കാരം, മദം, ദുരഭിമാനം, ക്രോധം, പാരുഷ്യംനിറഞ്ഞ പെരുമാറ്റം, പരമാത്മബോധമില്ലായ്മ, മനഃശുദ്ധിയില്ലായ്മ, ദുസ്വഭാവം, അസത്യം, ഈശ്വരനിഷേധം, സ്വാര്‍ത്ഥമോഹം, ക്രൂരപ്രവൃത്തികളില്‍ ഉത്സാഹം, അന്യരെ വേദനിപ്പിച്ചു രസിക്കല്‍, കാമോപഭോഗമെന്ന ജീവിത ദര്‍ശനം, ദുരാഗ്രഹസമൃദ്ധി എന്നിങ്ങനെ പോകുന്നു ആസുരീ സമ്പത്തുകള്‍. ഇവയില്‍ പലതും പലയളവിലും പല വിധത്തിലും കൂടിക്കലര്‍ന്നാണ് വ്യക്തിത്വങ്ങളുണ്ടാകുന്നത്. അതിനു ഹേതു മുജ്ജന്മങ്ങളിലെ കര്‍മ്മബന്ധങ്ങളിലേക്ക് നീളുന്നു. പതിനേഴാമദ്ധ്യായമായ ശ്രദ്ധാത്രയ വിഭാഗയോഗത്തില്‍ വിശദീകരിച്ചിട്ടുള്ള സാത്വികീശ്രദ്ധ, രാജസീശ്രദ്ധ, താമസീശ്രദ്ധ എന്നിവ സങ്കീര്‍ണ്ണമായ ഈ വാസനാ ഘടനകളെ അത്യന്തസങ്കീര്‍ണ്ണമാക്കിത്തീര്‍ക്കുന്ന സ്വഭാവ വിശേഷങ്ങളാണ്. എല്ലാ സദ്ഗുണങ്ങളും തികഞ്ഞ മനുഷ്യനെ കിട്ടുക എളുപ്പമല്ല. അതേപോലെ പ്രയാസമാണ് സകല ആസുരീവാസനകളും ചേര്‍ന്ന വ്യക്തിയുടെ ലബ്ധിയും. വ്യത്യസ്ത വാസനകളുടെ ഏറ്റക്കുറച്ചിലിനെ ആസ്പദമാക്കിയാണ് നല്ലവനെന്നോ കെട്ടവനെന്നോ ലോകം മനുഷ്യനെ തരംതിരിക്കുക. ഈ വിധമായ ദൈവീ സമ്പത്തിനു മാതൃകയാണ് ധര്‍മ്മപുത്രന്‍. ആസുരീ സമ്പത്തിനുടമ ദുര്യോധനനുമാകുന്നു.
ദൈവാസുര സമ്പദ് വിഭാഗയോഗത്തിന്റെയും ശ്രദ്ധാത്രയ വിഭാഗയോഗത്തിന്റെയും ദൃശ്യമായ ആവിഷ്‌കാരമാണ് കൃഷ്ണദ്വൈപായനന്‍ സൃഷ്ടിച്ച കഥാപാത്രങ്ങളും അവരുടെ പ്രവൃത്തികളും. വ്യക്തികളുടെ മനസ്സിലും കുടുംബങ്ങളിലും സമൂഹത്തിലും രാഷ്ട്രങ്ങളിലും ദൈവാസുരസമ്പത്തുകളുളവാക്കുന്ന സംഘര്‍ഷങ്ങള്‍ ആദിപര്‍വം മുതല്‍ സ്വര്‍ഗ്ഗാരോഹണപര്‍വം വരെയുള്ള ഇതിവൃത്തഭാഗങ്ങളില്‍ ജീവിതചിത്രീകരണങ്ങള്‍ക്ക് വേണ്ടുന്ന വകയൊരുക്കുന്നു. ദൈവീസമ്പത്ത് ഏവര്‍ക്കും നന്മയുളവാക്കുന്നു. ആസുരീസമ്പത്ത് കലഹവിനാശാദികളെ ജനിപ്പിക്കുന്നു.
ദൈവീ സംപദ് വിമോക്ഷായ
നിബന്ധായാസുരീ മതാ (ഗീത 16-5)
വിരുദ്ധങ്ങളായ ഈ സ്വഭാവങ്ങളുടെ ഏറ്റുമുട്ടലിനെ മാനവബന്ധങ്ങളെ അടുപ്പിച്ചു കാണിച്ച് ധര്‍മ്മസന്ദേശഖ്യാപനത്തിനുള്ള വേദിയാക്കി ഒരു കുടുംബ കഥയാക്കി കാട്ടിയപ്പോള്‍ ഭഗവദ്ഗീതയിലെ 16-ഉം 17-ഉം അദ്ധ്യായങ്ങള്‍ കുരുക്ഷേത്രത്തില്‍ 18 അക്ഷൗഹിണികളെ എത്തിച്ച സംഭവപരമ്പരകളുടെ മനശ്ശാസ്ത്ര രേഖയായിത്തീര്‍ന്നു. സ്വന്തം ഹൃദയത്തിലുള്ള ആസുരീ സമ്പത്തിനെ അമര്‍ച്ച ചെയ്ത് ദൈവീസമ്പത്തിനെ വളര്‍ത്താനും ദൈവീസമ്പത്തിനെ ദുര്‍ബലപ്പെടുത്തി ആസുരീഭാവനകളെ താലോലിച്ചു ബലപ്പെടുത്താനും ആര്‍ക്കും സാധിക്കും. ധര്‍മ്മശാസ്ത്രവിധികളുടെ സാത്വികീശ്രദ്ധാ പൂര്‍ണ്ണമായ അനുഷ്ഠാനമാണ് ആദ്യത്തേതിനു വേണ്ടത്. ഇന്ദ്രിയസൗഖ്യങ്ങളെ ജീവിത ലക്ഷ്യമാക്കിക്കാണുന്ന രാജസതാമസ ശ്രദ്ധാശാലികള്‍ക്ക് ദൈവീസമ്പത്ത് അനിഷ്ടകാരിയായി മാത്രമേ തോന്നുകയുള്ളൂ. അത്തരക്കാര്‍ ആസുരീമാര്‍ഗ്ഗചാരികളായിത്തീരും. അങ്ങനെയാണ് സ്വഭാവസമ്പത്തിന്റെ കാര്യത്തില്‍ മനുഷ്യര്‍ രണ്ടു പങ്കായി പിരിയുന്നത്. ചരിത്രഗ്രന്ഥങ്ങളില്‍ ആലേഖനം ചെയ്തിട്ടുള്ള യുദ്ധങ്ങളെല്ലാം അവരുടെ സൃഷ്ടികളാണ്.
മഹാഭാരതത്തിന് ആമുഖമൊരുക്കുന്ന ആദിപര്‍വത്തിലെ ഒന്നാമദ്ധ്യായത്തില്‍ രണ്ടു വിഭാഗങ്ങളുടെയും നേതൃനിരയെ പരിചയപ്പെടുത്തിക്കൊണ്ട് കൃഷ്ണദ്വൈപായനന്‍ ദൈവാസുരസമ്പത്തുക്കളെ ദൃശ്യമാക്കിത്തീര്‍ത്തിരിക്കുന്നു.
ദുര്യോധനോ മന്യുമയോ മഹാദ്രുമഃ
സ്‌കന്ധഃ കര്‍ണ്ണഃ ശകുനിസ്തസ്യ ശാഖാഃ
ദുശ്ശാസനഃ പുഷ്പഫലേ സമൃദ്ധേ
മൂലം രാജാ ധൃതരാഷ്‌ട്രോƒമനീഷി
(മഹാഭാരതം 1-1-65)
മന്യുനിറഞ്ഞ വന്‍വൃക്ഷമാണ് ദുര്യോധനന്‍. മന്യുശബ്ദത്തിന് അഹങ്കാരം, ക്രോധം, ശോകം എന്നെല്ലാമര്‍ത്ഥം. ലോഭം, മോഹം, മദം, ആസക്തി തുടങ്ങിയ ക്രൂരവികാരങ്ങളെല്ലാം മന്യു കുടുംബത്തില്‍ പെട്ടതാണ്. ആസുരീസമ്പത്തിന്റെ പൂര്‍ണ്ണാകൃതിയായാണ് ദുര്യോധനനെ കവി നിര്‍മ്മിച്ചിരിക്കുന്നതെന്നു വ്യക്തം. ആ വൃക്ഷത്തിന്റെ തായ്ത്തടി കര്‍ണ്ണനും ശാഖകള്‍ ശകുനിയും ധാരാളമായി നിറയുന്ന പുഷ്പഫലങ്ങള്‍ ദുശ്ശാസനനും നാരായവേര് അറിവില്ലാത്തവനായ ധൃതരാഷ്ട്രരുമാകുന്നു. അവരുടെ പേരുകളും രൂപവും സ്ഥാനവും പ്രവൃത്തികളും ചിന്തകളുമെല്ലാം ആസുരീസമ്പത്തിന്റെ ഭിന്നമുഖങ്ങളെ അഭിവ്യഞ്ജിപ്പിക്കുമാറ് ചിട്ടപ്പെടുത്തുന്നതില്‍ കാട്ടിയിരിക്കുന്ന മികവ് വ്യാസന്‍ കാവ്യകലയുടെ കുലപതിയാണെന്നു തെളിയിക്കുന്നു. ഇതേ വൈഭവം ദൈവീസമ്പത്തിനു രൂപം കൊടുക്കുന്നിടത്തും കാട്ടിയിട്ടുണ്ട്.
യുധിഷ്ഠിരോ ധര്‍മ്മമയോ മഹാദ്രുമഃ
സ്‌കന്ധോƒര്‍ജ്ജുനോ ഭീമസേനോƒസ്യശാഖാഃ
മാദ്രീസുതൗ പുഷ്പഫലേ സമൃദ്ധേ
മൂലം കൃഷ്‌ണോ ബ്രഹ്‌മച ബ്രാഹ്‌മണാശ്ച
(മഹാഭാരതം 1-1-66)
ധര്‍മ്മം നിറഞ്ഞ മഹാവൃക്ഷമാണ് യുധിഷ്ഠിരന്‍. അതിന്റെ തായ്ത്തടി അര്‍ജ്ജുനനും ശാഖകള്‍ ഭീമസേനനും നകുലസഹദേവന്മാര്‍ ധാരാളമായി ആവിര്‍ഭവിക്കുന്ന പുഷ്പഫലങ്ങളും നാരായവേര് കൃഷ്ണനും വേദങ്ങളും ബ്രഹ്‌മജ്ഞാനികളുമാകുന്നു.
ഭീഷ്മപര്‍വത്തിലെ ഇരുപത്തി മൂന്നാമത്തേതും ഭഗവദ്ഗീതയുടെ അര്‍ജ്ജുനവിഷാദയോഗമെന്ന ഒന്നാമത്തേതുമായ അദ്ധ്യായത്തില്‍ വളരെ നാടകീയമായി ആ കഥാപാത്രപ്രധാനന്മാര്‍ അഥവാ ദൈവാസുര സമ്പദ്‌സ്വരൂപങ്ങള്‍ തമ്മിലുള്ള അന്തരം വ്യാസന്‍ വരച്ചു വച്ചിട്ടുണ്ട്. കുരുക്ഷേത്രത്തിലെ പടക്കളത്തില്‍ യുദ്ധത്തിനായി കൗരവ പാണ്ഡവ സൈന്യങ്ങള്‍ അണിനിരന്നു കഴിഞ്ഞപ്പോള്‍ ദ്രോണാചാര്യരുടെ സമീപത്തു ചെന്ന് ദുര്യോധനന്‍ പറയുന്ന വാക്കുകള്‍ ആസുരീഭാവനയെ അനുഭവപ്പെടുത്തുന്നു. ദ്രോണന്‍, ഭീഷ്മന്‍, കര്‍ണ്ണന്‍, കൃപന്‍, അശ്വത്ഥാമാവ്, വികര്‍ണ്ണന്‍ എന്നിങ്ങനെ സ്വന്തം പക്ഷത്തു നില്‍ക്കുന്ന വീരന്മാരുടെ പേരു പറഞ്ഞിട്ടു നടത്തുന്ന പരാമര്‍ശമാണ് സഹൃദയരെ ഞെട്ടിക്കുന്നത്. ‘മദര്‍ത്ഥേ ത്യക്ത ജീവിതാഃ’ എനിക്കു വേണ്ടി ജീവിതം ഉപേക്ഷിച്ചവര്‍. ആരു മരിച്ചാലും തനിക്കു കിരീടം കിട്ടണമെന്ന ഈ ചിന്താഗതിയാണ് ആസുരീസമ്പത്ത്. കൊല്ലപ്പെടുന്നവര്‍ എത്ര പ്രിയപ്പെട്ടവരാകിലും ആസുരീ ബുദ്ധികള്‍ക്ക് വേദനയില്ല. തന്റെ നേട്ടങ്ങള്‍ക്കു മാത്രമേ അവര്‍ വില കാണുന്നുള്ളൂ. എല്ലാവരും തന്റെ വിജയത്തിനു വേണ്ടിയുള്ള ഉപകരണങ്ങള്‍ മാത്രം; ചതുരംഗപ്പലകയിലെ കരുക്കള്‍.
ഈഹന്തേ കാമഭോഗാര്‍ത്ഥം
അന്യായേനാര്‍ത്ഥ സഞ്ചയാന്‍ (ഗീത 16-12)
സ്വാര്‍ത്ഥസുഖലാഭങ്ങള്‍ക്കു വേണ്ടി എന്ത് അതിക്രമവും ചെയ്യാന്‍ തയ്യാറെടുത്തവരാണവര്‍. ഇതിനു നേര്‍വിപരീതമാണ് ദൈവീബുദ്ധി. അര്‍ജ്ജുനനിലൂടെ വേദവ്യാസന്‍ അവിടെത്തന്നെ അത് വരച്ചു വച്ചിരിക്കുന്നു. ‘കൃഷ്ണ എനിക്കു വിജയം വേണ്ട. രാജ്യം വേണ്ട. സുഖങ്ങള്‍ വേണ്ട. ധൃതരാഷ്ട്രപുത്രന്മാര്‍ എന്നെക്കൊല്ലാന്‍ തയ്യാറെടുത്തു നില്‍ക്കുന്നവരാണെന്നിരിക്കിലും അവരെക്കൊല്ലാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവരെക്കൊന്നിട്ട് എനിക്ക് എന്തു സൗഖ്യമാണുണ്ടാവുക? ഇവരുടെ രക്തം പുരണ്ട സിംഹാസനാദി സൗഖ്യങ്ങള്‍ എനിക്കു വേണ്ട. അതിലും നല്ലത് പിച്ചയെടുക്കലാണ്. നിരായുധനായ എന്നെ അവര്‍ കൊന്നാല്‍പോലും നല്ലതെന്നേ ഞാന്‍ കരുതുകയുള്ളൂ’. ലോകനന്മക്കായി സ്വന്തമായുള്ളതെല്ലാം ത്യജിക്കാന്‍ തയ്യാറാകുന്ന അര്‍ജ്ജുനന്റെ ഈ മനോഭാവം യുധിഷ്ഠിരന്റെ ധര്‍മ്മപുത്രത്വത്തെ അര്‍ത്ഥവത്താക്കുന്നു. ദുര്യോധന അര്‍ജ്ജുനന്മാരുടെ വാസനാ സമ്പത്തുക്കളെ താരതമ്യം ചെയ്യാനുതകുന്ന ഈ പ്രകരണം ഭഗവത്ഗീതയുടെ പതിനാലാം അദ്ധ്യായമായ ഗുണത്രയവിഭാഗത്തിന്റെയും ദൃശ്യവത്കരണമാകുന്നു.
ആസുരീസമ്പത്തും ദൈവീസമ്പത്തും തമ്മിലുള്ള ഏറ്റുമുട്ടല്‍ ലോകമുണ്ടായ കാലം മുതല്‍ക്കേ ആരംഭിച്ചതാണ്. അതു മനുഷ്യമനസ്സിലും പുറമേയ്ക്ക് കുടുംബം, സമൂഹം, രാജ്യം, ലോകം എന്നീ മണ്ഡലങ്ങളിലും നിരന്തരം നടക്കുന്നു. അതാണ് പതിനെട്ട് അക്ഷൗഹിണികള്‍ അണിനിരന്ന കുരുക്ഷേത്രത്തിലെ മഹായുദ്ധമായി ഭീഷ്മ-ദ്രോണ- കര്‍ണ്ണ-ശല്യ-സൗപ്തിക പര്‍വങ്ങളില്‍ വ്യാസന്‍ വിസ്തൃതമായി ദൃശ്യമാക്കിയത്. കുരുക്ഷേത്രയുദ്ധ ഭൂവിലെ ക്രൗര്യങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്ന ദൈവാസുര സമ്പത്തുക്കളുടെ മത്സരം ആദി-സഭാ-വന-വിരാട-ഉദ്യോഗ പര്‍വങ്ങളില്‍ കാണാം. കുരുക്ഷേത്രയുദ്ധത്തിന്റെ പരിണതി കളാണ് സ്ത്രീ-ശാന്തി-അനുശാസന – ആശ്വമേധിക- ആശ്രമവാസിക-മൗസല-മഹാപ്രസ്ഥാനിക-സ്വര്‍ഗ്ഗാരോഹണ പര്‍വങ്ങളുടെ പ്രമേയം.
കുരുവിന്റെ വംശത്തില്‍ ശന്തനുവിനു പിന്മുറക്കാരായി വന്ന പാണ്ഡവന്മാരുടെയും ധാര്‍ത്തരാഷ്ട്രന്മാരുടെയും കഥയിലൂടെ ഗുണത്രയവിഭാഗയോഗവും ദൈവാസുര സമ്പദ് വിഭാഗയോഗവും ശ്രദ്ധാത്രയവിഭാഗയോഗവും വിശദമായി അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. മക്കളില്‍ ഇളയവനായ സഹദേവനെ ഒക്കത്തെടുത്തും മറ്റുള്ളവരെ നടത്തിയും കാട്ടില്‍ നിന്നു മുനിമാരുടെ സഹായത്താല്‍ കുന്തി ഹസ്തിനപുരത്ത് എത്തിച്ചേര്‍ന്ന മാത്രയില്‍ ബാലനായിരുന്ന ദുര്യോധനന്റെ മനസ്സില്‍ മൊട്ടിട്ടതായിരുന്നു രാജ്യലോഭപ്രേരിതമായ പ്രസ്തുത മത്സരം. കുട്ടിക്കളിയില്‍ കായികമായി പ്രകടീഭവിച്ച് ഭീമന് വിഷം നല്‍കുന്നതിലും അയാളെ വരിഞ്ഞു കെട്ടി കയത്തില്‍ നിക്ഷേപിക്കുന്നതിലും തെഴുത്ത് അഭ്യാസക്കാഴ്ചയെ യുദ്ധസമാനമാക്കി അരക്കില്ലത്തിലെ കൊടുംതീയില്‍ ആളിപ്പടര്‍ന്ന് രാജ്യവിഭജനത്തിലും കള്ളച്ചൂതിലും വസ്ത്രാക്ഷേപത്തിലും കൂടി സര്‍വമര്യാദകളും ലംഘിച്ച വിദ്വേഷം കുരുക്ഷേത്രത്തിലെത്തിച്ചേരുമ്പോള്‍ പക്ഷം പിടിക്കാന്‍ അനേകം രാജാക്കന്മാരും രാജകുമാരന്മാരും സമാനസ്ഥാനീയരുമുണ്ടായി. അവരുടെ വിദ്വേഷങ്ങളും സ്വാര്‍ത്ഥഭൂയിഷ്ഠമായ അജണ്ടകളും എരിതീയില്‍ എണ്ണയൊഴിച്ചുകൊണ്ട് വിരുദ്ധചേരികളില്‍ അണിനിരന്നു. പാഞ്ചാല രാജാവായ ദ്രുപദനും സതീര്‍ത്ഥ്യനായ ദ്രോണനും തമ്മിലുണ്ടായ വിരോധം, അസ്ത്രവിദ്യാസാമര്‍ത്ഥ്യം ഹേതുവായി കര്‍ണ്ണാര്‍ജ്ജുനന്മാര്‍ക്കുണ്ടായ മാത്സര്യം, ദ്രൗപദിയോടു കര്‍ണ്ണനുണ്ടായ ഒടുങ്ങാത്ത പക, കാശിരാജാവിന്റെ പുത്രിയായ അംബയ്ക്കു ഭീഷ്മനോടു തോന്നിയ വിദ്വേഷം, മക്കളെച്ചൊല്ലി ദേവന്മാരായ സൂര്യനും ഇന്ദ്രനും തമ്മിലുണ്ടായ മാത്സര്യം, അശ്വത്ഥാമാവിന് പാഞ്ചാലന്മാരോടു തോന്നിയ പക എന്നിങ്ങനെ അസംഖ്യമുണ്ട് ദൈവാസുര സമ്പത്തുക്കളുടെ രൂപവൈവിദ്ധ്യങ്ങള്‍. അവയുടെ സൂക്ഷ്മഹേതുക്കളുമുണ്ട്. എല്ലാമൊത്തു ചേര്‍ന്ന് കുരുക്ഷേത്രത്തിലെ ഘോരസംഗരത്തിലും ഉറക്കറയിലെ കൂട്ടക്കൊലയിലുമെത്തിപ്പെട്ട് ദൈവാസുര സംഘര്‍ഷ ഭീഷണതകളെ സര്‍വവാസനാവൈവിദ്ധ്യങ്ങളോടുകൂടി അവതരിപ്പിക്കുന്നു. ഈ കഥാപാത്രങ്ങളെയും അവരുടെ പ്രവൃത്തികളെയും അപഗ്രഥിച്ചാല്‍ ഗീതാശ്ലോകങ്ങള്‍ ഒന്നൊന്നായി മനസ്സില്‍ ഓടിയെത്തും. ഗീതാവാക്യങ്ങള്‍ ദൃശ്യത കൈവരിച്ചതാണ് കഥാപാത്രാദികളെന്നു വ്യക്തം.
(തുടരും)