ബൂര്‍ഷ്വാസി സ്വന്തം ശവക്കുഴി തോണ്ടുമെന്നല്ല, അതിനായി പുതിയൊരു വര്‍ഗത്തെ സൃഷ്ടിക്കുമെന്നാണ് കാറല്‍ മാര്‍ക്‌സ് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെയും ‘മൂലധന’ത്തിലൂടെയും മറ്റും വിളംബരം ചെയ്തത്. തൊഴിലാളി വര്‍ഗം ആയിരുന്നു അത്. ബൂര്‍ഷ്വാസിയുടെ സമ്പൂര്‍ണ നാശം വിദൂര സ്വപ്‌നമായി അവശേഷിക്കുകയും, മാര്‍ക്‌സ് പ്രതീക്ഷിച്ചതിനു വിരുദ്ധമായി അവര്‍ അടിക്കടി ശക്തിപ്രാപിക്കുകയും ചെയ്തപ്പോള്‍ ശവക്കുഴി തോണ്ടുകാരായ തൊഴിലാളി വര്‍ഗത്തിന് എന്തുസംഭവിച്ചു എന്നതിനെക്കുറിച്ച് സോഷ്യലിസത്തിന്റെയും കമ്യൂണിസത്തിന്റെയും വക്താക്കള്‍ പൊതുവെ നിശ്ശബ്ദത പാലിച്ചു. മാര്‍ക്‌സിന്റെ പ്രവചനങ്ങളെ മറികടന്ന് ബൂര്‍ഷ്വാസിയും മുതലാളിത്തവും വെന്നിക്കൊടി പാറിച്ചപ്പോള്‍ സമത്വസുന്ദരലോകത്തിന്റെ ശില്‍പ്പികളായി മാര്‍ക്‌സ് അവതരിപ്പിച്ച തൊഴിലാളി വര്‍ഗം വര്‍ഗവഞ്ചകരായി മാറുന്ന കാഴ്ചയാണ് ലോകം കണ്ടത്.
മാര്‍ക്‌സിസ്റ്റു പാഠപുസ്തകങ്ങളില്‍ ഈ വൈരുദ്ധ്യത്തിന് മറുപടിയില്ലായിരുന്നു. സത്യസന്ധമായി ഉത്തരം തേടിയവര്‍ മാര്‍ക്‌സും അനുയായികളും ‘ചരിത്രപരമായ അനിവാര്യത’യുടെ പേരില്‍ പ്രചരിപ്പിച്ച ഒരു അന്ധവിശ്വാസം മാത്രമാണ് അതെന്ന് തിരിച്ചറിഞ്ഞു. പ്രവാചകനായ മാര്‍ക്‌സിനോട് തൊഴിലാളി വര്‍ഗം കാണിച്ച വഞ്ചനയെ സൈദ്ധാന്തിക പദാവലികള്‍കൊണ്ട് മൂടിവയ്ക്കാനുള്ള ആശയക്കസര്‍ത്തുകള്‍ ലോകമെമ്പാടും പല ഭാഷകളില്‍ പല രീതികളില്‍ അരങ്ങേറി. രാജാവ് സമ്പൂര്‍ണ നഗ്നനാണെന്ന സത്യം നിരര്‍ത്ഥകമായ വാചാടോപങ്ങളിലൂടെ മറച്ചുപിടിക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു.
തൊഴിലാളി വര്‍ഗത്തിന്റെ ചരിത്ര ദൗത്യം!
ബൂര്‍ഷ്വാസിയെ നിഗ്രഹിക്കാന്‍ താന്‍ നിയോഗിച്ച തൊഴിലാളി വര്‍ഗം അത് എങ്ങനെയാണ് നിര്‍വ്വഹിക്കാന്‍ പോകുന്നതെന്ന് കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാത്ത വിധം മാര്‍ക്‌സ് വിവരിക്കുന്നുണ്ട്:
”നമ്മുടെ കാലഘട്ടത്തിന്-ബൂര്‍ഷ്വാസിയുടെ കാലഘട്ടത്തിന്-ഈയൊരു സവിശേഷ സ്വഭാവമുണ്ട്. അത് വര്‍ഗസമരങ്ങളെ കൂടുതല്‍ ലളിതമാക്കിയിരിക്കുന്നു. സമൂഹമാകെത്തന്നെ രണ്ട് ഗംഭീര ശത്രുപാളയങ്ങളായി, പരസ്പരം അഭിമുഖമായി നില്‍ക്കുന്ന രണ്ട് വലിയ വര്‍ഗങ്ങളായി, കൂടുതല്‍ പിളര്‍ന്നുകൊണ്ടിരിക്കുകയാണ്! ബൂര്‍ഷ്വാസിയും തൊഴിലാളി വര്‍ഗവുമാണ് അവ….
”ഫ്യൂഡലിസത്തെ വെട്ടിവീഴ്ത്താന്‍ ബൂര്‍ഷ്വാസി ഉപയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഇന്ന് ബൂര്‍ഷ്വാസിയുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുന്നു….
”അവര്‍ (തൊഴിലാളിവര്‍ഗം) നടത്തുന്ന പോരാട്ടങ്ങളുടെ യഥാര്‍ത്ഥ ഫലം കിടക്കുന്നത് അടിയന്തരനേട്ടങ്ങളിലല്ല, നേരെ മറിച്ച് തൊഴിലാളികളുടെ നിത്യേന വിപുലപ്പെടുന്ന ഏകീകരണത്തിലാണ്…
”ബൂര്‍ഷ്വാസിയാണ് അതിനെതിരായി പോരാടാന്‍ ആവശ്യമായ ആയുധങ്ങള്‍ തൊഴിലാളി വര്‍ഗത്തിന് നല്‍കിയത്. ഇതിനുപുറമെ, നാം കണ്ടുകഴിഞ്ഞതുപോലെ, വ്യവസായ പുരോഗതി ഭരണവര്‍ഗങ്ങളില്‍ ചില വിഭാഗങ്ങളെ ഒന്നടങ്കം തൊഴിലാളി വര്‍ഗത്തിലേക്ക് തള്ളിവിടുന്നു. അഥവാ അവരുടെ നിലനില്‍പ്പിനുള്ള സാഹചര്യങ്ങളെ ഭീഷണിപ്പെടുത്തുകയെങ്കിലും ചെയ്യുന്നു….
”അവസാനമായി, വര്‍ഗസമരത്തിന്റെ നിര്‍ണായക ഘട്ടം ആസന്നമാകുമ്പോള്‍, ഭരണവര്‍ഗത്തിനകത്ത്-വാസ്തവം പറഞ്ഞാല്‍, പഴയ സമൂഹത്തിലടിമുടി-നടക്കുന്ന ശിഥിലീകരണ പ്രക്രിയ പ്രത്യക്ഷവും അപ്രത്യക്ഷവുമായ രൂപം കൈക്കൊള്ളുകയും, തല്‍ഫലമായി ആ വര്‍ഗത്തിലെ ഒരു ചെറിയ വിഭാഗം അതില്‍നിന്ന് സ്വയം വേര്‍പെട്ടു പോവുകയും, വിപ്ലവകാരിയായ വര്‍ഗത്തിന്റെ ഭാവിയുടെ ഭാഗധേയം സ്വന്തം കരങ്ങളില്‍ വര്‍ത്തിക്കുന്ന വര്‍ഗത്തിന്റെ ഭാഗത്തു ചേരുകയും ചെയ്യുന്നു. അതുകൊണ്ട് മുമ്പൊരു ഘട്ടത്തില്‍ പ്രഭുവര്‍ഗത്തില്‍ ഒരു വിഭാഗം ബൂര്‍ഷ്വാസിയുടെ ഭാഗത്ത് ചേര്‍ന്നതുപോലെ തന്നെ ബൂര്‍ഷ്വാസിയുടെ ഒരു വിഭാഗം -വിശേഷിച്ചും; ചരിത്രപരമായ ഈ പ്രസ്ഥാനത്തെയൊട്ടാകെ താത്വികമായി ഗ്രഹിക്കാന്‍ കഴിവുണ്ടാക്കത്തക്ക നിലയിലേക്ക് സ്വയം ഉയര്‍ന്നിട്ടുള്ള ബൂര്‍ഷ്വാ പ്രത്യയശാസ്ത്രജ്ഞന്മാരില്‍ ഒരു വിഭാഗം-തൊഴിലാളി വര്‍ഗത്തിന്റെ ഭാഗത്തേക്ക് പോകുന്നു…
”ഇന്ന് ബൂര്‍ഷ്വാസിക്ക് അഭിമുഖമായി നില്‍ക്കുന്ന എല്ലാ വര്‍ഗങ്ങളിലും വച്ച് യഥാര്‍ത്ഥത്തില്‍ വിപ്ലവകാരിയായ ഒരേയൊരു വര്‍ഗം തൊഴിലാളി വര്‍ഗമാണ്. ആധുനിക വ്യവസായത്തിന്റെ മുന്നില്‍ മറ്റു വര്‍ഗങ്ങളെല്ലാം ക്ഷയിക്കുകയും, ഒടുവില്‍ തിരോഭവിക്കുകയും ചെയ്യുന്നു….”(50)
തൊഴിലാളി വര്‍ഗത്തില്‍ നിക്ഷിപ്തമായ ഈ ചരിത്രപരമായ കടമയെക്കുറിച്ച് യാതൊരു സന്ദേഹവുമില്ലാതിരുന്ന മാര്‍ക്‌സ് ‘മൂലധന’ത്തിലും അത് ആവര്‍ത്തിക്കുന്നുണ്ട്: ”മൂലധനത്തിന്റെ കുത്തക അതോടൊപ്പവും അതിന്‍ കീഴിലും ജന്മംകൊള്ളുകയും വളര്‍ന്നുവികസിക്കുകയും ചെയ്തു. ഉല്‍പ്പാദന രീതിയുടെമേല്‍ അത് ഒരു ചങ്ങലക്കെട്ടായിത്തീരുന്നു. ഉല്‍പ്പാദനോപാധികളുടെ കേന്ദ്രീകരണവും അധ്വാനത്തിന്റെ സമൂഹവല്‍ക്കരണവും അവസാനം മുതലാളിത്ത പുറന്തൊണ്ടുമായി പൊരുത്തപ്പെടാത്തതായിത്തീരുന്ന ഒരു ഘട്ടമെത്തുന്നു. ഈ പുറന്തൊണ്ട് പൊട്ടിത്തെറിക്കുന്നു. മുതലാളിത്ത സ്വകാര്യ സ്വത്തിന്റെ മരണമണി മുഴങ്ങുന്നു; സ്വത്ത്പിടിച്ചെടുത്തിരുന്നവരുടെ സ്വത്ത് പിടിച്ചെടുക്കപ്പെടുന്നു.” (51) ഇതിന്റെ ശാസ്ത്രീയ വശവും ‘മൂലധന’ ത്തിന്റെ മറ്റൊരുഭാഗത്ത് സൂചിപ്പിക്കുന്നു: ”മുതലാളിത്ത രീതിയിലുള്ള ഉല്‍പ്പാദനത്തില്‍ അന്തര്‍ഭൂതങ്ങളായ നിയമങ്ങളുടെ പ്രവര്‍ത്തനംതന്നെയാണ്, മൂലധനത്തിന്റെ സാന്ദ്രീകരണം തന്നെയാണ് ഈ പിടിച്ചെടുക്കല്‍ നടത്തുന്നത്.”(52)
ബൂര്‍ഷ്വാസിയില്‍നിന്ന് തൊഴിലാളി വര്‍ഗം സ്വത്ത് പിടിച്ചെടുത്തത് മാര്‍ക്‌സ് ഇങ്ങനെ ന്യായീകരിക്കുകയും ചെയ്യുന്നു. ”ആദ്യത്തേത് (മുതലാളിമാരില്‍ മൂലധനം കേന്ദ്രീകരിക്കപ്പെടുന്നത്) ഒരുപിടി അനര്‍ഹരായ സ്വത്തുടമകള്‍ ജനസാമാന്യത്തെ കൊള്ളയടിക്കുകയാണ്; രണ്ടാമത്തേതാകട്ടെ, ജനസാമാന്യം ഒരു പിടി അനര്‍ഹരായ സ്വത്തുടമകളുടെ സ്വത്ത് പിടിച്ചെടുക്കുകയാണ്.”(53)
മാര്‍ക്‌സിന്റെ അബദ്ധം;അനുയായികളുടെയും
തൊഴിലാളി വര്‍ഗം ബൂര്‍ഷ്വാസിയുടെ ശവക്കുഴി തോണ്ടുമെന്ന പ്രഖ്യാപനം നൂറ്റാണ്ടുപിന്നിട്ടിട്ടും സംഭവിക്കാതിരുന്നപ്പോള്‍ സിദ്ധാന്തത്തിന്റെ പൊള്ളത്തരം പുറത്തായി. അപ്പോള്‍ നശിച്ചത് പ്രവാചകനായ മാര്‍ക്‌സിന്റെ വിശ്വാസ്യതയാണ്. ഇതിനൊരു ന്യായീകരണം കണ്ടെത്തേണ്ടതുണ്ടെന്ന് അനുയായികളില്‍ ചിലര്‍ക്ക് തോന്നി. ബൂര്‍ഷ്വാസിയുടെ ശവക്കുഴി തോണ്ടുന്നതിനെക്കുറിച്ച് കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയില്‍ മാര്‍ക്‌സ് പറയുന്നത് ഒരു ശാസ്ത്രതത്വമെന്ന നിലയ്ക്കല്ല, അക്കാലത്തെ തൊഴിലാളികളെ ആവേശംകൊള്ളിക്കാനായിരുന്നുവത്രേ. 23 പേജുള്ള മാനിഫെസ്റ്റോയില്‍ ആറുപേജും, 3000 ലേറെ പേജുള്ള ‘മൂലധന’ത്തില്‍ മൂന്നുപേജും മാത്രമാണേ്രത ഇതിനെക്കുറിച്ച് വിശദീകരിക്കുന്നത്. ഈ വാദമുന്നയിക്കുന്നവര്‍ മറന്നുപോകുന്ന സുപ്രധാന കാര്യമുണ്ട്. സ്വയം തിരിച്ചറിയാനും മുതലാളിത്തത്തെ പുറന്തള്ളുന്നതുള്‍പ്പെടെ സവിശേഷമായ വര്‍ഗതാല്‍പ്പര്യത്തിനുവേണ്ടി സമരം ചെയ്യാനുമുള്ള പ്രവണതകള്‍ തൊഴിലാളി വര്‍ഗത്തില്‍ അന്തര്‍ലീനമാണെന്നു സ്ഥാപിക്കുകയാണ് മാര്‍ക്‌സ് ചെയ്തത്. ഒരു ചിന്തകനെന്ന നിലയ്ക്ക് മാര്‍ക്‌സ് മറ്റ് എന്തൊക്കെ പറഞ്ഞിട്ടുണ്ടെങ്കിലും തൊഴിലാളി വര്‍ഗം മുതലാളിത്തത്തെ പുറന്തള്ളുമെന്നും, അതോടെ ചൂഷണത്തിന് അന്ത്യംകുറിച്ച് സമത്വസുന്ദരമായ വാഗ്ദത്ത ഭൂമിയിലേക്ക് സമൂഹം സഞ്ചരിക്കുമെന്നുമാണ് മാര്‍ക്‌സിസത്തിന്റെ മൗലികമായ തത്വം.
ഈ തത്വം സമര്‍ത്ഥിക്കുമ്പോള്‍ ‘മൂലധന’ത്തില്‍ അതിനെക്കുറിച്ച് പറയുന്ന അധ്യായത്തില്‍ മാനിഫെസ്റ്റോയിലെ ഒരുഭാഗം മാര്‍ക്‌സ് ദീര്‍ഘമായി ഉദ്ധരിക്കുകയും ചെയ്യുന്നുണ്ട്: ”വ്യവസായത്തിന്റെ പുരോഗതി അതിനെ സ്വയം അറിയാതെതന്നെ മുന്നോട്ടു തള്ളുന്നത് ബൂര്‍ഷ്വാസിയാണ്. മത്സരം മൂലം തൊഴിലാളികള്‍ക്കിടയിലുണ്ടായിരിക്കുന്ന ഒറ്റപ്പെട്ട നിലയുടെ സ്ഥാനത്ത് കൂട്ടുകെട്ടു കാരണമുള്ള അവരുടെ വിപ്ലവകരമായ സംഘടനയെ കൊണ്ടുവരുന്നു. അതുകൊണ്ട് ആധുനിക വ്യവസായത്തിന്റെ വികാസം തന്നെ അതിന്റെ കാല്‍ച്ചുവട്ടില്‍ നിന്ന് ബൂര്‍ഷ്വാസി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുകയും കൈവശപ്പെടുത്തുകയും ചെയ്യുന്നതിന്റെ അടിത്തറയെ തട്ടിമാറ്റുന്നു. അതുകൊണ്ട് ബൂര്‍ഷ്വാസി സര്‍വോപരി ഉല്‍പ്പാദിപ്പിക്കുന്നത് അതിന്റെ ശവക്കുഴി തോണ്ടുന്നവരെയാണ്. ബൂര്‍ഷ്വാസിയുടെ പതനവും തൊഴിലാളിവര്‍ഗത്തിന്റെ വിജയവും അനിവാര്യമാണ്… ഇന്ന് ബൂര്‍ഷ്വാസിയെ അഭിമുഖീകരിക്കുന്ന വര്‍ഗങ്ങളുടെ കൂട്ടത്തില്‍ തൊഴിലാളിവര്‍ഗം മാത്രമാണ് യഥാര്‍ത്ഥത്തില്‍ വിപ്ലവകാരിയായ വര്‍ഗം. ആധുനിക വ്യവസായവുമായി ഏറ്റുമുട്ടുമ്പോള്‍ മറ്റെല്ലാ വര്‍ഗങ്ങളും നശിക്കുകയും തിരോഭവിക്കുകയും ചെയ്യുന്നു.” (54)
ജൂതമതത്തിലെ ‘തെരഞ്ഞെടുക്കപ്പെട്ട ജനത’ യെപ്പോലെയാണ് മാര്‍ക്‌സ് തൊഴിലാളിവര്‍ഗത്തെ കണ്ടത്. തെരഞ്ഞെടുക്കപ്പെട്ട ജനത സ്വര്‍ഗരാജ്യം സ്ഥാപിക്കുന്നതുപോലെ തൊഴിലാളിവര്‍ഗം വിപ്ലവത്തിലൂടെ കമ്യൂണിസം സ്ഥാപിക്കുമെന്ന് മാര്‍ക്‌സ് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു. തൊഴിലാളികള്‍ സ്വന്തം ശവക്കുഴിയല്ല, ബൂര്‍ഷ്വാസിയുടെ ശവക്കുഴിയാണ് തോണ്ടുക. അവരെ ഇതിന് പാകപ്പെടുത്തുന്നതാകട്ടെ വര്‍ഗശത്രുവായ ബൂര്‍ഷ്വാസി തന്നെ! ബൂര്‍ഷ്വാസി മറ്റു ജനവിഭാഗങ്ങളെയും തൊഴിലാളി വര്‍ഗത്തിന്റെ പക്ഷത്തേക്ക് തള്ളിവിടുമെന്നും മാര്‍ക്‌സ് ചിന്തിച്ചു. തൊഴിലാളി വര്‍ഗം ‘സാര്‍വദേശീയ വര്‍ഗം’ ആയതുകൊണ്ടാണത്രേ മുതലാളിത്തത്തിന്റെ ശവക്കുഴി തോണ്ടുന്നത്. ഈ വര്‍ഗത്തിന്റെ താല്‍പ്പര്യം ബൂര്‍ഷ്വാസിയുടേതിന് വിരുദ്ധമാണെന്നും വിഭാഗീയമല്ലെന്നും, മാനവരാശിയെ വിമോചനത്തിലേക്ക് നയിക്കാന്‍ പര്യാപ്തമാണെന്നും മാര്‍ക്‌സ് ചിത്രീകരിച്ചു. അതിശക്തമായ അവകാശവാദമായിരുന്നു ഇത്. ബൂര്‍ഷ്വാസിയുടെയും തൊഴിലാളി വര്‍ഗത്തിന്റെയും താല്‍പ്പര്യങ്ങള്‍ വിരുദ്ധമാണെന്നും, ഉല്‍പ്പാദനപ്രക്രിയയില്‍ തന്ത്രപരമായ സ്ഥാനമുള്ളതുകൊണ്ട് മുതലാളിത്ത ഉല്‍പ്പാദന മാതൃകയെ മറിച്ചിടാനുള്ള ശക്തി തൊഴിലാളി വര്‍ഗത്തിനുണ്ടാവുമെന്നും മാര്‍ക്‌സ് കരുതി. ബൂര്‍ഷ്വാസിയുടെ പതനം എന്തുകൊണ്ട് അനിവാര്യം എന്നു വാദിച്ചുറപ്പിക്കുകയാണ് മാര്‍ക്‌സ് ‘മൂലധന’ത്തിലും മറ്റു കൃതികളിലും ചെയ്യുന്നത്. മുതലാളിത്തം സഹജമായിത്തന്നെ അസ്ഥിരവും പ്രതിസന്ധിയിലേക്ക് വീഴാവുന്ന ഒന്നാണെന്നും, അതിന്റെ കേടുപാടുകള്‍ തീര്‍ക്കാനാവുമെന്നും മാര്‍ക്‌സ് സമര്‍ത്ഥിച്ചു.
വര്‍ഗവിഭജനത്തിലെ വൈരുദ്ധ്യങ്ങള്‍
‘മുതലാളിത്തത്തിന്റെ ചലനനിയമം’ താന്‍ കണ്ടുപിടിച്ചിരിക്കുന്നു എന്ന മട്ടിലുള്ള ഈ അവതരണമാണ് സാമൂഹ്യ സൈദ്ധാന്തികന്‍ എന്ന നിലയ്ക്ക് മാര്‍ക്‌സിനെ വ്യത്യസ്തനാക്കിയത്. സമൂഹത്തെ തുല്യതയിലേക്കു നയിക്കുന്ന ‘അദൃശ്യകരങ്ങള്‍’ എന്ന ഈ ആശയത്തിന് ഒടുവില്‍ വിജയിക്കാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, മുതലാളിത്തത്തിന്റെതന്നെ ‘അദൃശ്യപാദങ്ങള്‍’ അതിനെ ചവിട്ടിപ്പുറത്താക്കുകയും ചെയ്തു. മുതലാളിത്തത്തിന്റെ പതനം അനിവാര്യമാണെന്ന മാര്‍ക്‌സിന്റെ വാദത്തെ പിന്തുണയ്ക്കുന്ന പ്രധാനപ്പെട്ടതും അതേസമയം ദുര്‍ബലവുമായ വാദമായിരുന്നു തൊഴിലാളി വര്‍ഗത്തിന്റെ വിജയം അനിവാര്യമാണെന്നത്. മുതലാളിത്ത പ്രതിസന്ധികളുടെ അനന്തരഫലം മാനിഫെസ്റ്റോയില്‍ മാര്‍ക്‌സ് പറയുന്നതുപോലെ ഒന്നുകില്‍ സമൂഹത്തിന്റെ വിപ്ലവകരമായ പരിവര്‍ത്തനമോ അല്ലെങ്കില്‍ ‘ഏറ്റുമുട്ടുന്ന വര്‍ഗങ്ങളുടെ പൊതുവായ നാശമോ’ ആയിരിക്കും. ‘സോഷ്യലിസം അല്ലെങ്കില്‍ കാടത്തം’ എന്നാണ് ഈ അവസ്ഥയെ ജര്‍മന്‍ സോഷ്യലിസ്റ്റും, പില്‍ക്കാലത്ത് ലെനിന് അനഭിമതയായി കൊലചെയ്യപ്പെടുകയും ചെയ്ത റോസ ലക്‌സംബര്‍ഗ് വിശേഷിപ്പിച്ചിട്ടുള്ളത്.
തൊഴിലാളികളെ ബൂര്‍ഷ്വാസി ചൂഷണം ചെയ്യുന്നത് വിപ്ലവമല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാത്ത നിലയിലേക്ക് അവരെ എത്തിക്കുമെന്ന് മാര്‍ക്‌സ് കണക്കുകൂട്ടി. ഒരു തത്വചിന്തയെന്ന നിലയ്ക്കല്ല, ശാസ്ത്രമെന്ന നിലയ്ക്ക് മാര്‍ക്‌സ് അവതരിപ്പിച്ച ഇതെല്ലാം ആഗ്രഹ ചിന്തകള്‍ മാത്രമായിരുന്നു. മാര്‍ക്‌സ് കണ്ടെത്തിയ ചലനനിയമങ്ങളൊന്നും മുതലാളിത്ത വ്യവസ്ഥയ്ക്ക് ബാധകമായിരുന്നില്ല. ജീവിതകാലത്തുതന്നെ ഇത് മാര്‍ക്‌സ് തിരിച്ചറിഞ്ഞെങ്കിലും തള്ളിപ്പറയാന്‍ കഴിയുമായിരുന്നില്ല.
മാര്‍ക്‌സിന്റെ സൃഷ്ടിയായ തൊഴിലാളി വര്‍ഗത്തിന് യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചത്? വിപ്ലവത്തോട് വിമുഖത പുലര്‍ത്തുകയും, അതിന് എതിര്‍ദിശയില്‍ സഞ്ചരിക്കുകയും ചെയ്ത തൊഴിലാളി വര്‍ഗം മാര്‍ക്‌സിനെ വഞ്ചിക്കുകയായിരുന്നോ? അതോ മാര്‍ക്‌സ് അവരെ തെറ്റിദ്ധരിക്കുകയായിരുന്നോ? മാര്‍ക്‌സിസത്തിന്റെ അടിസ്ഥാന ആശയങ്ങള്‍ക്ക് സംഭവിച്ച അപചയങ്ങളെക്കുറിച്ചും കടകവിരുദ്ധമായ പ്രയോഗരീതികളെക്കുറിച്ചും, പ്രായേണ നിശ്ശബ്ദത പാലിച്ച മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ തൊഴിലാളി വര്‍ഗത്തിന്റെ രൂപാന്തരപ്രാപ്തി ചര്‍ച്ച ചെയ്യാന്‍ ഒട്ടും താല്‍പ്പര്യം കാണിച്ചില്ല.
പ്രാചീന റോമാ സാമ്രാജ്യത്തില്‍ സ്വത്തില്ലാത്തവരെ വിശേഷിപ്പിക്കാന്‍ ഉപയോഗിച്ച വാക്കാണ് ‘പ്രോലിറ്റേറിയറ്റ്’ അഥവാ തൊഴിലാളി വര്‍ഗം എന്നത്. ജനസംഖ്യയില്‍ ഇവരാണ് ഭൂരിപക്ഷമെന്നും, അവര്‍ക്ക് ചില സവിശഷതകളുണ്ടെന്നും മാര്‍ക്‌സ് പറഞ്ഞു. മിനിമം കൂലിക്കുവേണ്ടിയാണ് അവര്‍ പണിയെടുക്കുന്നത്. തങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിന്റെ ലാഭവിഹിതം അവര്‍ക്ക് ലഭിക്കുന്നില്ല. അവര്‍ക്ക് ഫാക്ടറികളോ മറ്റ് ഉല്‍പ്പാദന കേന്ദ്രങ്ങളോ സ്വന്തമായില്ല. സ്വന്തം അവസ്ഥയില്‍ അവര്‍ക്ക് നിയന്ത്രണമില്ല, അത് മുഴുവന്‍ നിയന്ത്രിക്കുന്നത് ബൂര്‍ഷ്വാസിയാണ്. തങ്ങള്‍ക്കുവേണ്ടി പണിയെടുക്കുന്ന അവരെ ബൂര്‍ഷ്വാസി ചൂഷണം ചെയ്യുന്നു. സ്വന്തമായി സ്വത്തില്ലാത്ത തൊഴിലാളികള്‍ തുച്ഛമായ പണത്തിനുവേണ്ടി നിരന്തരം പ്രയാസപ്പെടുന്നു.
ഈ നിഗമനങ്ങള്‍ ചരിത്രത്തിന്റെ ഒരു പ്രത്യേക ഘട്ടത്തില്‍ കുറെയൊക്കെ പ്രസക്തമായിരുന്നെങ്കിലും കാലം മാറുന്നതിനനുസരിച്ച് സാമൂഹ്യഘടനയിലും മാറ്റം വരും. സമൂഹം എല്ലായ്‌പ്പോഴും മുതലാളി-തൊഴിലാളി എന്നിങ്ങനെ വെള്ളം കടക്കാത്ത വ്യതിരിക്ത അറകളായി നില്‍ക്കില്ല. ഓഹരി വിപണികളിലും സമ്പന്നരുടെ സ്ഥാപനങ്ങളിലും സാധാരണക്കാര്‍ നിക്ഷേപം നടത്തുന്നത് ഉദാഹരണം. സമ്പന്നരായ വ്യവസായ ഉടമകള്‍ ‘സ്റ്റാര്‍ട്ടപ്പു’കളില്‍ പണം നിക്ഷേപിക്കും. കോര്‍പ്പറേറ്റ് ലോകത്ത് ജനങ്ങള്‍ കേവലം അടിമകളായല്ല പണിയെടുക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ തൊഴിലാളികള്‍ക്ക് അവകാശങ്ങള്‍ നല്‍കുന്നു. അവ സംരക്ഷിക്കാനും നിയമങ്ങളുണ്ട്. അടിമത്തം ലോകത്തെ എല്ലാ രാജ്യങ്ങളിലും കുറ്റകരമാണ്. ഇങ്ങനെയുള്ള മാറ്റങ്ങള്‍ കടന്നുകാണാന്‍ കഴിയാതിരുന്നതാണ് തൊഴിലാളി വര്‍ഗത്തെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ പ്രതീക്ഷ തെറ്റിച്ചത്.
മുതലാളിത്തത്തില്‍ മയങ്ങി തൊഴിലാളി വര്‍ഗവും
തന്റെ സിദ്ധാന്തം മാര്‍ക്‌സിന് കോടിക്കണക്കിന് ആരാധകരെ നേടിക്കൊടുത്തു എന്നത് സത്യമാണ്. ഇതിനൊരു കാരണം പതിനെട്ടാം നൂറ്റാണ്ടിലെയും പത്തൊമ്പതാം നൂറ്റാണ്ടിലെയും മുതലാളിത്ത വ്യവസ്ഥിതിയിലെ തിന്മകളായിരുന്നു. ഇതിന്റെ തിക്തഫലങ്ങള്‍ അനുഭവിച്ചിരുന്നവര്‍ മാര്‍ക്‌സിന്റെ വാക്കുകളിലും വാഗ്ദാനങ്ങളിലും വന്‍തോതില്‍ ആകര്‍ഷിക്കപ്പെട്ടു. സാമൂഹ്യനീതിബോധം സൃഷ്ടിക്കുന്ന വൈകാരികതയ്ക്കപ്പുറം ഇതിന് മറ്റൊരു തലവുമുണ്ടായിരുന്നു. അത് തൊഴിലാളി വര്‍ഗത്തിന്റെ ഭൗതികാഭിലാഷങ്ങളായിരുന്നു. മുതലാളിത്തം കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന സുഖസൗകര്യങ്ങള്‍ അനതിവിദൂരഭാവിയില്‍ തങ്ങള്‍ക്കും കരഗതമാവുമെന്ന തൊഴിലാളികളുടെ ചിന്ത. ചരിത്രഗതിയുടെ ഒരു ചലനനിയമത്തിനും ഇല്ലാതാക്കാനോ നിയന്ത്രിക്കാന്‍ പോലുമോ കഴിയുന്നതായിരുന്നില്ല ഇത്. പില്‍ക്കാലത്ത് സ്വത്തുടമസ്ഥത വ്യക്തികളില്‍നിന്ന് എടുത്തുമാറ്റി ഭരണകൂടത്തിനു കീഴിലാക്കിയ സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ഇതിന് വേണ്ടുവോളം തെളിവു നല്‍കുന്നുണ്ട്.
തന്റെ സിദ്ധാന്തത്തെ എതിര്‍ക്കുന്നവരെ പ്രഹരിക്കുന്നതില്‍ ഒരുതരം ആനന്ദം അനുഭവിച്ചിരുന്നെങ്കിലും വര്‍ഗസ്വഭാവത്തെ മനസ്സിലാക്കുന്നതില്‍ മാര്‍ക്‌സിന് വലിയ പരാജയം സംഭവിച്ചു. മുതലാളിത്തത്തിന്റെ ചരിത്രപരമായ പങ്ക് വിലയിരുത്തുമ്പോള്‍ ബൂര്‍ഷ്വാസിയെ പ്രശംസകള്‍കൊണ്ട് മൂടുന്ന മാര്‍ക്‌സ് അവരെ ദയാരഹിതമായ വിമര്‍ശനത്തിന്റെ കുന്തമുനയില്‍ കോര്‍ത്തെടുക്കുകയും ചെയ്യുന്നുണ്ട്. മാറിവരുന്ന പരിതഃസ്ഥിതിയില്‍ തൊഴിലാളികളുടെ മനശ്ശാസ്ത്രം എങ്ങനെ പ്രവര്‍ത്തിക്കുമെന്നതിനെക്കുറിച്ച് കാര്യായ ആലോചനകളൊന്നും മാര്‍ക്‌സ് നടത്തിയില്ല. വര്‍ഗസമരം ചരിത്രത്തിന്റെ അനിവാര്യതയാണെന്നും, മുതലാളിത്തത്തില്‍ അതിന്റെ മുന്നണിപ്പോരാളികളായ തൊഴിലാളി വര്‍ഗം എല്ലാ നന്മകളെയും പ്രതിനിധീകരിക്കുന്നവരാണെന്നും, അല്ലെങ്കില്‍ അങ്ങനെ ആയിരിക്കണമെന്നുമുള്ള മുന്‍വിധി മാര്‍ക്‌സിനെ നയിച്ചു. പരസ്പരം എതിര്‍ക്കാന്‍ വിധിക്കപ്പെട്ട രണ്ട് വ്യതിരിക്ത വര്‍ഗങ്ങളായി ബൂര്‍ഷ്വാസിയെയും തൊഴിലാളി വര്‍ഗത്തെയും മാര്‍ക്‌സ് പ്രതിഷ്ഠിച്ചു. മുതലാളിത്ത സമൂഹത്തിന്റെ സ്വഭാവികമായ അഭിവൃദ്ധിയില്‍ ചിലപ്പോഴെങ്കിലും തൊഴിലാളികള്‍ മുതലാളിമാരായി മാറി തങ്ങളുടെയും മറ്റുള്ളവരുടെയും ജീവിതനിലവാരം ഉയര്‍ത്താനുള്ള സാധ്യതയെക്കുറിച്ച് മാര്‍ക്‌സ് ചിന്തിച്ചില്ല. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, വര്‍ഗങ്ങളുടെ അസ്ഥിര സ്വഭാവത്തെ മാര്‍ക്‌സ് പരിഗണിച്ചില്ല. വാങ്ങുന്നവരും വില്‍ക്കുന്നവരും എന്ന വിഭജനം ശരിയാണെങ്കിലും വാങ്ങുന്നവര്‍ വില്‍പ്പനക്കാരുമാവുമല്ലോ.
മത്സരം വര്‍ദ്ധിക്കുന്നതോടെ അത് മുതലാളിമാരെ പാപ്പരത്വത്തിലേക്ക് നയിക്കുമെന്ന് മാര്‍ക്‌സ് ചിന്തിച്ചു. അവര്‍ക്കിടയില്‍ കുത്തകകള്‍ ഉയര്‍ന്നുവരികയും ചെയ്യും. ഇതോടെ ഉല്‍പ്പാദകരുടെ എണ്ണവും കുറയും. പാപ്പരായ മുന്‍ മുതലാളിമാര്‍ തൊഴിലാളി വര്‍ഗത്തിന്റെ പക്ഷം ചേരും. ഇപ്രകാരം തൊഴിലില്ലാത്തവരുടെ ഒരു പടതന്നെ രൂപപ്പെടും. ഇതിനു പുറമെ പ്രകൃത്യാ ആസൂത്രിതമല്ലാത്ത സാമ്പത്തിക വിപണി ലഭ്യതയുടെയും ആവശ്യത്തിന്റെയും വന്‍ കുഴപ്പങ്ങളില്‍പ്പെടുകയും, അത് കടുത്ത മാന്ദ്യത്തിനിടയാക്കുകയും ചെയ്യും… ഇങ്ങനെ പോയി മാര്‍ക്‌സിന്റെ ആലോചനകള്‍. എന്നിട്ടും ഈ മത്സരത്തിന്റെ ഫലമായി മുതലാളിത്തം തകര്‍ന്നില്ല. തൊഴിലാളികളുടെ കൂലി വര്‍ദ്ധിക്കുക മാത്രമല്ല, മുതലാളിമാരുടെ ലാഭവിഹിതം കുറഞ്ഞതുമില്ല. മത്സരവും പണവും സ്വകാര്യ സ്വത്തും ഇല്ലാത്ത ഒരു സമൂഹം നിലവില്‍ വന്നതുമില്ല. ഇതൊന്നും പ്രാവര്‍ത്തികമാക്കാന്‍ കഴിയുന്ന ആശയങ്ങളല്ലെന്ന് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രം തെളിയിക്കുകയും ചെയ്തു. മുതലാളിത്തത്തെ അപഗ്രഥിക്കുന്നതിലും അതിന്റെ പരിണാമങ്ങളെക്കുറിച്ചുള്ള നിഗമനങ്ങള്‍ അവതരിപ്പിക്കുന്നതിലും മാര്‍ക്‌സിന് സംഭവിച്ച പിഴവുകള്‍ ചൂണ്ടിക്കാട്ടുന്നവരെ മുതലാളിത്ത പക്ഷക്കാരായും അവരുടെ ദല്ലാളുകളായും മാര്‍ക്‌സിസ്റ്റ് പണ്ഡിതന്മാര്‍ മുദ്രകുത്തി. മുതലാളിത്തത്തിന്റെ മൂടുതാങ്ങികള്‍, വര്‍ഗവഞ്ചകര്‍ എന്നതുപോലുള്ള അസംഖ്യം പദപ്രയോഗങ്ങള്‍ ഓരോ ഭാഷയിലും നിര്‍മിക്കപ്പെട്ടു.
”മുതലാളിത്തോല്‍പ്പാദനത്തിന്റെ വലിയ സൗന്ദര്യം കിടക്കുന്നത് ഈ ഒരു കാര്യത്തിലാണ്. അത് കൂലിവേലക്കാരെ കൂലിവേലക്കാരെന്ന നിലയ്ക്ക് പ്രത്യുല്‍പ്പാദിപ്പിക്കുന്നുവെന്നു മാത്രമല്ല, പിന്നെയോ, എല്ലായ്‌പ്പോഴും മൂലധന സഞ്ചയത്തിന്റെ അനുപാതത്തില്‍ കൂലിവേലക്കാരുടെ ഒരു സാപേക്ഷ മിച്ചജനസംഖ്യയെയും ഉല്‍പ്പാദിപ്പിക്കുന്നു.” (55) എന്നതാണ് മാര്‍ക്‌സ് മുന്നോട്ടുവച്ച നിഗമനം. സംഭവിച്ചത് ഇങ്ങനെയായിരുന്നില്ല.
കാതലായ മാറ്റങ്ങള്‍ക്ക് വിധേയമായി മുതലാളിത്ത സമ്പദ് വ്യവസ്ഥ കാലത്തെ അതിജീവിച്ചപ്പോള്‍ മാര്‍ക്‌സ് പ്രതീക്ഷയര്‍പ്പിച്ച തൊഴിലാളി വര്‍ഗത്തിനും ഇതില്‍നിന്ന് മാറിനില്‍ക്കാനായില്ല. അവരും മാറ്റത്തിന് വിധേയരായി, അല്ലെങ്കില്‍ അതിന് നിര്‍ബന്ധിതരായി. മാര്‍ക്‌സ് കരുതിയതുപോലുള്ള സമ്പത്തിന്റെ കേന്ദ്രീകരണം സംഭവിച്ചില്ല. അതിന്റെ ഫലമായി ജനങ്ങളുടെ ദുരിതം വര്‍ദ്ധിക്കുകയും ചെയ്തില്ല. സമൂഹം ഉള്ളവരും ഇല്ലാത്തവരും എന്ന രീതിയില്‍ കൂടുതല്‍ വിഭജിക്കപ്പെടുകയും ചെയ്തില്ല. സംഭവിച്ചത് മറ്റു ചിലതാണ്. പണക്കാരും പാവപ്പെട്ടവരും തമ്മിലെ വിടവ് വര്‍ദ്ധിക്കുന്നതിനെക്കാള്‍ അതിവിപുലമായ ഒരു മധ്യവര്‍ഗം ഉയര്‍ന്നുവന്നു. വ്യാവസായികമായി മുന്നേറിയ രാജ്യങ്ങളിലെ ജനസംഖ്യയില്‍ ഭൂരിഭാഗവും മധ്യവര്‍ഗക്കാരായി. എണ്ണത്തിലും വണ്ണത്തിലും വര്‍ദ്ധിക്കുമെന്ന് മാര്‍ക്‌സ് പ്രവചിച്ച തൊഴിലാളി വര്‍ഗത്തെയാണ് ഈ മധ്യവര്‍ഗം അസ്ഥിരപ്പെടുത്തുകയും നിഷ്പ്രഭമാക്കുകയും ചെയ്തത്. തൊഴിലാളി വര്‍ഗത്തിന്റെ വിലപേശല്‍ ശക്തി ഇല്ലാതാവുകയോ വന്‍തോതില്‍ കുറയുകയോ ചെയ്തു.
വിപ്ലവം വേണ്ടാത്ത തൊഴിലാളി വര്‍ഗം
തൊഴിലാളി വര്‍ഗത്തിന്റെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്ന, അതിനുള്ള സാധ്യത പരിമിതപ്പെടുത്തുന്ന വികാസഗതികള്‍ക്കാണ് 200 വര്‍ഷത്തെ ചരിത്രം സാക്ഷ്യംവഹിച്ചത്. മൂലധനത്തിന്റെ കുന്നുകൂടല്‍ സമ്പത്തിന്റെ കേന്ദ്രീകരണത്തിലേക്ക് മാറുന്നതിനേക്കാള്‍ വ്യവസായ സമൂഹത്തിന്റെ സ്വത്തുടമസ്ഥത വ്യാപകമാക്കി. ഇതിന് പ്രധാനമായും രണ്ട് കാരണങ്ങളുണ്ടായിരുന്നു. ധനവിപണിയും ധനപരമായ ഇടനിലയും ഉയര്‍ന്നുവന്നതാണ് ഒന്ന്. ആധുനിക ബാങ്കിംഗ്-സാമ്പത്തിക സ്ഥാപനങ്ങള്‍ ഇടനിലക്കാരായി മാറി നിക്ഷേപകരുടെ പണം ശേഖരിച്ച് മുതല്‍മുടക്കാന്‍ ആഗ്രഹിക്കുന്നവരുടെ കൈകളില്‍ വായ്പയായി എത്തിച്ചു. കടമെടുപ്പുകാര്‍ വീഴ്ചവരുത്താതിരിക്കാന്‍ പിഴപ്പലിശ ഈടാക്കുകയും വായ്പയ്ക്ക് മതിയായ ഈട് വാങ്ങുകയും ചെയ്തു. പലതരക്കാരായ നിക്ഷേപകരുടെ കൈകളിലേക്ക് പണം ഒഴുകിയെത്തിയപ്പോള്‍ പുതിയ സംരംഭങ്ങള്‍ ആരംഭിക്കുകയോ നിലവിലുള്ളവയെ വിപുലമാക്കുകയോ ചെയ്തു. ഇത് പുതിയ സാമ്പത്തിക സ്രോതസ്സുകള്‍ക്ക് വഴിതുറന്നു. വലിയ തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടു. ചുരുക്കിപ്പറഞ്ഞാല്‍ പുതിയതരം മുതലാളിമാരും സ്വത്തുടമസ്ഥതയും പുതിയതരം മൂലധന ശേഖരണവും ഉയര്‍ന്നുവന്നു. അതേസമയം മുതലാളിത്തത്തിന്റെ പല തിന്മകളും നിലനില്‍ക്കുകയും ചെയ്തു.
അധ്വാനത്തിന്റെ ഏകീകരണത്തിനു പകരം അതിന്റെ വൈവിധ്യവല്‍ക്കരണം സംഭവിച്ചതാണ് രണ്ടാമത്തേത്. വന്‍തോതിലുള്ള ഉല്‍പ്പാദനത്തിന് ഉപയോഗിക്കുന്ന സാങ്കേതികവിദ്യ തൊഴില്‍ നൈപുണ്യങ്ങള്‍ ഏകീകരിക്കുമെന്നും, അതിന്റെ ഫലമായി തൊഴിലാളികള്‍ക്ക് ഏറ്റവും കുറഞ്ഞ കൂലി മാത്രം ലഭിക്കാനിടവരുമെന്നുമാണ് മാര്‍ക്‌സ് ചിന്തിച്ചത്. എന്നാല്‍ വ്യവസായവല്‍ക്കരണത്തില്‍ പ്രത്യേകിച്ച് ഹൈടെക് സാങ്കേതിക വിദ്യയുടെ ലോകത്ത് ഇതിന് കടകവിരുദ്ധമായാണ് കാര്യങ്ങള്‍ സംഭവിച്ചത്. വികസിച്ച വിപണി സമ്പദ്‌വ്യവസ്ഥ വ്യത്യസ്ത തൊഴില്‍ നൈപുണ്യങ്ങള്‍ ആവശ്യപ്പെട്ടു. അധ്വാനത്തിന്റെ ഏകീകരണമല്ല, വൈജാത്യമാണ് ഇത് കൊണ്ടുവന്നത്. ഇതോടെ പലതട്ടിലുള്ള വേതന സമ്പ്രദായം ഉയര്‍ന്നുവന്നു. പ്രാഗത്ഭ്യവും ശേഷിയും അനുസരിച്ച് തൊഴിലാളികള്‍ക്ക് കൂലി ലഭിക്കാന്‍ തുടങ്ങി. മാര്‍ക്‌സ് പിന്നെയും പരാജയപ്പെടുകയായിരുന്നു. മൂലധനവും അധ്വാനവും തമ്മിലെ ബന്ധത്തെ ശരിയായി മനസ്സിലാക്കാന്‍ മാര്‍ക്‌സിന് കഴിഞ്ഞില്ല.
വിവരാധിഷ്ഠിത സമൂഹത്തില്‍ (കിളീൃാമശേീി ീെരശല്യേ) ഉല്‍പ്പാദനോപകരണങ്ങള്‍-നൈപുണ്യവും അറിവും-തൊഴിലാളികളുടെ സ്വത്താണല്ലോ. ഇവ മുതലാളിക്ക് വിലയ്ക്ക് വാങ്ങാന്‍ കഴിയും. പക്ഷേ നിയന്ത്രിക്കാനാവില്ല. തൊഴിലാളി വര്‍ഗത്തെ ഒരു വാര്‍പ്പുമാതൃകയായി കാണുകയും, വര്‍ഗതാല്‍പ്പര്യം എക്കാലവും മാറ്റമില്ലാതെ തുടരുമെന്ന് ചിന്തിച്ചതും മാര്‍ക്‌സിന്റെ വലിയ പിഴവായിരുന്നു. മാറിയ കാലത്ത് സമൂഹം വിപ്ലവത്തിന് എത്രകണ്ട് പാകമായിരുന്നാലും അതിന്റെ ആവശ്യമില്ലെന്ന് കരുതുന്നവരും എതിരുനില്‍ക്കുന്നവരുമായി തൊഴിലാളിവര്‍ഗം. ‘വിപ്ലവം അതിന്റെ മക്കളെ കൊന്നുതിന്നും’ എന്ന സത്യം സോവിയറ്റ് യൂണിയനിലെയും ചൈനയിലെയും മറ്റും ദുരനുഭവങ്ങള്‍ക്ക് വളരെ മുന്‍പുതന്നെ മാര്‍ക്‌സിന്റെ സന്തതിപരമ്പരകള്‍ തിരിച്ചറിഞ്ഞു.
(തുടരും)
അടിക്കുറിപ്പുകള്‍:-
50. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മാര്‍ക്‌സ്-ഏംഗല്‍സ്
51. മൂലധനം (ഒന്നാം വാള്യം), കാറല്‍ മാര്‍ക്‌സ്, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം.
52. Ibid
53. Ibid
54. Ibid
55. Ibid
എട്ടാം ഭാഗം വായിക്കാന്‍ https://kesariweekly.com/32248 സന്ദര്‍ശിക്കുക