ചിത്രം ഒന്ന്:
‘കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ-
ക്കേറിയും കടന്നുംചെന്നന്യമാം രാജ്യങ്ങളില്‍
അറബിക്കടലിനും തന്‍തിരക്കൈ കൊണ്ടതി-
ന്നതിരിട്ടൊതുക്കുവാനായതില്ലന്നോളവും
അറിവും സംസ്‌കാരവുംമേല്‍ക്കുമേലൊഴുകുന്നോ-
രുറവിന്‍ നികേതമാണിസ്ഥലം പുരാതനം
ഇവിടെപ്പിറക്കുന്ന കാട്ടുപുല്ലിനുമുണ്ട്
ഭുവനം മയക്കുന്ന ചന്തവും സുഗന്ധവും
ഇവിടെക്കിടക്കുന്ന കാട്ടുകല്ലിലുമുണ്ട്
വിവിധ സനാതന ചൈതന്യ പ്രതീകങ്ങള്‍…”
1911 ഡിസംബര്‍ 11 ന് ജനിച്ച് 96 വയസുവരെ ജീവിച്ച്, 2008 ജൂണ്‍ 11 ന് അന്തരിച്ച മഹാകവി പാലാ നാരായണന്‍ നായര്‍ ഇങ്ങനെ കേരളത്തെ മഹത്വവല്‍ക്കരിച്ച്, കേരളത്തിന്റെ വളര്‍ച്ചയെ പ്രകീര്‍ത്തിച്ച് കവിതകള്‍ ഏഴുതി. ‘കേരളം വളരുന്നു’ എന്ന പരമ്പരയില്‍, എട്ടുഭാഗങ്ങളായി ആയിരത്തോളം കവിതകള്‍ പുസ്തകങ്ങളിലാക്കി.
പല കവിതകളും വായനക്കാരെ സ്വന്തം നാടിനെക്കുറിച്ചുയരുന്ന അഭിമാനത്താല്‍ ഊറ്റം കൊള്ളിക്കുന്നവയാണ്. കവികള്‍ കീര്‍ത്തിക്കുന്നവരാണ്. അവര്‍ മുമ്പേ അറിയുന്നവരും ഉള്ളറിയുന്നവരും ഉള്ളത് പറയുന്നവരുമാണ്, ചില രാഷ്ട്രീയക്കാരെപ്പോലെയല്ല.
96 വയസെത്തിയ അവസാന കാല്‍നൂറ്റാണ്ട് കവി അങ്ങനെ കാര്യമായി വീടിന് പുറത്തിറങ്ങിയിരുന്നില്ല. കേട്ടറിവുകളായിരുന്നു. ബാങ്ക് അക്കൗണ്ടന്റായി, രണ്ടാം ലോകയുദ്ധകാലത്ത് സൈനികനായി, അധ്യാപകനായി, വിവിധ മേഖലകളിലും സ്ഥലങ്ങളിലും പ്രവര്‍ത്തിച്ച കവിക്ക് കേരളം വളരുന്നത് കണ്ടറിയാനായിട്ടുണ്ട്. ആയിരത്തോളം കവിതകള്‍ ഒരേ പൊതുവിഷയത്തില്‍ രചിച്ചിട്ടും ‘കേരളം ഒന്നാമത്’ (നമ്പര്‍ വണ്‍) എന്ന് തലക്കെട്ടില്‍ കവിത രചിച്ചില്ല. ‘അനുക്ഷണ വികസ്വര സുന്ദരപ്രപഞ്ചമാണെന്ന’ സങ്കല്‍പ്പം മനസ്സിലാക്കിയിരുന്നതിനാലാവണം, ചില രാഷ്ട്രീയക്കാര്‍ അവകാശപ്പെടുന്നതില്‍നിന്ന് വ്യത്യസ്തമായി കേരളം വളരുന്നു, വികസ്വരമാണ് എന്നേ കവി പറഞ്ഞുള്ളു. അതെ, വേറിട്ടരീതിയിലാണെങ്കിലും ഉള്ളത് മാത്രം പറയുന്നവരാണ് കവികള്‍.
ചിത്രം രണ്ട്:
ആരാണീ മലയാളി എന്ന് മുമ്പ് ഒരു ടെലിവിഷന്‍ ദീര്‍ഘനാള്‍ ചര്‍ച്ച നടത്തി. ഓരോ മലയാളിയിലും മലയാളിത്തം നിറച്ച് അതിലഭിമാനം വളര്‍ത്തി, ബിസിനസ് കൊഴുപ്പിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അതല്ലാതെ കവി വള്ളത്തോള്‍ പാടിയതുപോലെ ഭാരതമെന്ന് കേള്‍ക്കുമ്പോള്‍ അഭിമാനപൂരിതരാകാനോ കേരളമെന്ന് കേള്‍ക്കുമ്പോള്‍ ചോര തിളയ്ക്കാനോ ഒന്നും അവര്‍ ഉദ്ദേശിച്ചിരുന്നില്ല. മറാഠക്കാര്‍ എന്ന വികാരം വീര ശിവാജി വളര്‍ത്തിയതോ ഭാരതീയന്‍ എന്ന വികാരം സ്വാതന്ത്ര്യ സമരകാലത്ത് ഉണര്‍ത്തിയതോ ആധുനിക കാലത്ത് എന്റെ ഗുജറാത്തില്‍ അഭിമാനം എന്നും ഇന്ത്യ എന്ന വികാരം എന്നും നരേന്ദ്രമോദി ഭരണകാലത്തുണ്ടാക്കിയതുപോലെയുള്ള വിചാരമോ വികാരമോ കേരളത്തിന്റെ കാര്യത്തില്‍ ഒരു ഘട്ടത്തിലും ഉയര്‍ന്നിട്ടില്ല, ഉയര്‍ത്തിയിട്ടില്ല. പകരം വ്യത്യസ്തമാണ് കേരളം എന്ന ധിക്കാരമായിരുന്നു അഭിമാനമുയര്‍ത്തേണ്ട അധികാരികള്‍ ചെയ്തത് എന്നത് രാഷ്ട്രീയ ദുരന്തമാണ്. അതിന് കാരണം ഭരണത്തിലായാലും പ്രതിപക്ഷത്തായാലും സാംസ്‌കാരിക മേഖലയില്‍ ആധിപത്യം പുലര്‍ത്തിയ ഒരു പ്രത്യേകതരം പ്രവണതയായിരുന്നു.
ചിത്രം മൂന്ന്:
ദല്‍ഹിയില്‍ ജീവിതം തേടിയെത്തിയ മലയാളിയെ ബീഹാറില്‍ നിന്നുള്ള ഗ്രാമീണന്‍ കണ്ടുമുട്ടി. അതിബുദ്ധിമാന്മാരെന്ന് ദല്‍ഹിയിലുള്‍പ്പെടെ എല്ലാ ഇതര സംസ്ഥാനക്കാര്‍ക്കും മലയാളിയെക്കുറിച്ച് ധാരണയുണ്ട്. ബീഹാറിയെക്കുറിച്ച് അതിന് വിപരീതമായാണ് പറയപ്പെടാറ്. അതിരഹസ്യമായി ബീഹാര്‍ ഗ്രാമീണന്‍ മലയാളിയോട് പറഞ്ഞു, ഗ്രാമത്തില്‍ ഭൂമിതുരന്നപ്പോള്‍ കുറേ സ്വര്‍ണം കിട്ടി. അത് വില്‍ക്കാന്‍ വന്നതാണ്, സഹായിക്കാമോ? വില്‍ക്കാനോ, ഞാന്‍ വാങ്ങാം. എത്രയുണ്ട് തുടങ്ങിയ ചോദ്യങ്ങളില്‍ അഞ്ചുകിലോ സ്വര്‍ണത്തിന്റെ വില കണക്കാക്കി, ബീഹാറിയുമായി രണ്ടു ലക്ഷത്തിനുറപ്പിച്ചു. പിറ്റേന്ന് അതീവരഹസ്യമായി അസംസ്‌കൃത സ്വര്‍ണ്ണം കിട്ടി. രായ്ക്കുരാമാനം നാട്ടിലേയ്ക്ക് തിരിച്ചു. യാത്രയില്‍ കണക്കുകള്‍ കൂട്ടിക്കൊണ്ടിരുന്നു, സ്വപ്‌നങ്ങള്‍ കണ്ടു. അതിനിഗൂഢമായി വിശ്വസ്തനായ സ്വര്‍ണ്ണപ്പണിക്കാരനെ വിളിച്ചുവരുത്തി വീട്ടിലെ മുറിയില്‍, സ്വര്‍ണം ഉരുക്കി. ആസിഡ് അസംസ്‌കൃത സ്വര്‍ണത്തില്‍ ഒഴിച്ചു. മുറിയാകെ പുക. എന്തോ തിളയ്ക്കുന്ന ശബ്ദം. പുകയൊടുങ്ങിയപ്പോള്‍ സ്വര്‍ണത്തിന്റെ സ്ഥാനത്ത് ഒരു കരിക്കട്ട. ഭാര്യക്ക് വിദേശത്തേക്ക് ജോലിയ്ക്കുപോകാന്‍ സ്വരുക്കൂട്ടി വച്ചത്, നാട്ടിലെ സ്വത്ത് പണയപ്പെടുത്തിയത് അടക്കം സമ്പാദ്യം മുഴുവനാണ് പുകയായത്. അത് പറ്റിക്കപ്പെട്ട മലയാളി.
ചിത്രം നാല്:
ക്രിപ്‌റ്റോകറന്‍സിയുടെ പേരുപറഞ്ഞ്, 900 പേരില്‍ നിന്ന് 1200 കോടി കബളിപ്പിച്ച് ഇന്ത്യയിലും വിദേശത്തും ആളുകളെ പറ്റിച്ച നിഷാദ്. കെ ആന്‍ഡ് അസോസിയേറ്റ്‌സ്, പോപ്പുലര്‍ ഫിനാന്‍സ് സ്‌കാമിന്റെ പേരില്‍ 3000 പേരെ കബളിപ്പിച്ച് 1500 കോടി രൂപ തട്ടിയ തോമസ് ഡാനിയലും റിനു മറിയവും നടത്തിയ തട്ടിപ്പ്, കേരളത്തില്‍ 270 ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിപ്പിച്ചാണ്. ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് 1990 കളിലായിരുന്നു. 25 വര്‍ഷത്തിലേറെ പിന്നിട്ടപ്പോഴും മലയാളികള്‍, ബുദ്ധിയും ശേഷിയും അധ്വാനവും കൊണ്ട് ബിസിനസ്-തൊഴില്‍ ചെയ്ത ‘ബുദ്ധിമാന്മാ’രായി ഞെളിഞ്ഞിരിക്കുമ്പോഴും, ആപ്പിള്‍ എ ഡേ പ്രോപ്പര്‍ട്ടി ലിമിറ്റഡിന്റെ എസ്റ്റേറ്റ് ഫ്‌ളാറ്റ്-വില്ല തട്ടിപ്പു പോലെയുള്ളവയില്‍ കുടുങ്ങി കോടികള്‍ തുലയ്ക്കുന്നവരാണ്.
സോളാര്‍ തട്ടിപ്പും സ്വപ്‌നവെട്ടിപ്പും സമകാല കേരളത്തിലെ പുറത്തുവന്ന വലിയ വര്‍ത്തമാനങ്ങള്‍. പ്രതിദിനം നടക്കുന്ന സൈബര്‍ തട്ടിപ്പുകള്‍ എത്രയെത്ര. ഇതുവരെ കേരളത്തില്‍ നടന്ന പ്രധാന തട്ടിപ്പുകള്‍, വെട്ടിപ്പുകള്‍, സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഏതാണ്ട് 28 തരത്തിലാണെന്ന് ഒരു കണക്ക് സംസ്ഥാന സര്‍ക്കാര്‍ തന്നെ വര്‍ഗീകരിച്ച് പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നവ 40 തരത്തിലാണ്. ഭാവിയില്‍ അത് 38 പുതിയ വഴികളിലൂടെയാകുമത്രെ. സംസ്ഥാന സര്‍ക്കാരിന്റെ വിജിലന്‍സ് വിഭാഗം തയ്യാറാക്കിയ സ്ഥിതിവിവരക്കണക്കാണ്. ചില സംഭവങ്ങളില്‍ സര്‍ക്കാര്‍തന്നെ തട്ടിപ്പിന്റെ ഭാഗമാകുമ്പോള്‍ നമുക്ക് ഈ കണക്ക് ഒരു ആധാരമാക്കാം.
ചിത്രം അഞ്ച്:
സഹകരണ മേഖലയില്‍ നടക്കുന്ന കബളിപ്പിക്കലുകള്‍, വെട്ടിപ്പുകള്‍, സാമ്പത്തിക തട്ടിപ്പുകള്‍ എത്രയെത്ര! ഏറ്റവും വലുതാണ് തൃശ്ശൂര്‍ കരുവന്നൂര്‍ സഹകരണബാങ്കിലെ സംഭവം. 100 കോടി രൂപയാണ് സര്‍ക്കാരിന്റെ സഹകരണത്തെ വിശ്വസിച്ച സാധാരണക്കാരനെ കബളിപ്പിച്ചത്. സര്‍ക്കാരും കബളിപ്പിക്കപ്പെടുന്നു. അങ്ങനെയാണല്ലോ ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയനേതാക്കള്‍, മതമേധാവികള്‍ തുടങ്ങിയ വന്‍പടതന്നെ. വഞ്ചിക്കപ്പെട്ട ജോണ്‍സണ്‍ മാവുങ്കല്‍ വ്യാജപുരാവസ്തു മ്യൂസിയം തട്ടിപ്പ്. പ്രതിദിനം മള്‍ട്ടിലവല്‍ മാര്‍ക്കറ്റിംഗ് മേഖലയില്‍, തൊഴില്‍, വിദ്യാഭ്യാസ, നിക്ഷേപ, വായ്പ മേഖലകളില്‍ നടക്കുന്ന കബളിപ്പിക്കലിന്റെ നീണ്ട പട്ടിക വേറെയുണ്ട്. അതില്‍ ഫൈവ് സ്റ്റാര്‍ ആഡംബരത്തട്ടിപ്പാണ് സ്വര്‍ണ്ണക്കടത്തും സോളാര്‍ തട്ടിപ്പും. അതിലും വ്യാപകമായ, ആസൂത്രിതമായ, ഔദ്യോഗികമായ തട്ടിപ്പാണ് സര്‍ക്കാര്‍ ഉള്‍പ്പെടെ നല്‍കുന്ന സൗജന്യ കിറ്റുകളുടെ പിന്നിലെന്നത് പരസ്യമായ കാര്യം.
സാമ്പത്തികത്തട്ടിപ്പുകള്‍ നടത്തുന്നവരിലും അതിന്റെ ദുരന്തം അനുഭവിക്കുന്നവരിലും മലയാളികള്‍ ഒന്നാം സ്ഥാനത്തായിരിക്കും. മറ്റു സംസ്ഥാനങ്ങളിലെ തട്ടിപ്പുകളുടെ എണ്ണംനിരത്തി എതിര്‍വാദം പറയുന്നവര്‍, ജനസംഖ്യ, സംസ്ഥാനത്തിന്റെ വലുപ്പം ഒക്കെക്കൂടി പരിഗണിക്കണം. എന്തുകൊണ്ട് ഇങ്ങനെയൊക്കെ സംഭവിക്കുന്നുവെന്ന് ചോദിച്ചാല്‍ ലളിതവാക്യത്തില്‍ ഉത്തരം ‘മലയാളിയുടെ ലാഭക്കൊതി’ എന്നതാണ്.
ഇനി കേരളത്തിലെ, മലയാളികള്‍ പങ്കാളിയായ മറ്റ് നിയമവിരുദ്ധ, സാമൂഹ്യവിരുദ്ധ, സാംസ്‌കാരിക വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ കണക്കെടുപ്പിലായാലും ‘ഒറ്റപ്പെട്ട’ സംഭവങ്ങളല്ല എന്ന തിരിച്ചറിവുണ്ടായി നാം സ്വയം ഞെട്ടും. ആക്രമണം, കൊലപാതകം, മോഷണം, സ്വത്തു കൈവശപ്പെടുത്തല്‍, ലൈംഗികാതിക്രമം, ബലാല്‍ക്കാരം, തുടങ്ങി നരബലിയിലെത്തി നില്‍ക്കുന്ന, അതിനുമപ്പുറം, റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ നരമാംസഭോജനം വരെ ചെന്ന് മുട്ടിയിരിക്കുന്നു നമ്മുടെ പതനം. നോട്ടിരട്ടിപ്പ്, കള്ളനോട്ട് നിര്‍മ്മാണം, അതിന്റെ കടത്തല്‍, കൈമാറല്‍, കുഴല്‍പ്പണം, അവയവക്കച്ചവടം, ചികിത്സാത്തട്ടിപ്പ്, മൃതദേഹവില്‍പ്പന, ശരീരവില്‍പ്പന, പെണ്‍വാണിഭം, ആണ്‍വാണിഭം, മനുഷ്യക്കടത്ത് തുടങ്ങി സകല അധമവൃത്തികളിലും മലയാളിയുടെ സാന്നിദ്ധ്യവും സംബന്ധവും വെളിപ്പെടുന്നു. ഇന്ത്യയിലും പലപ്പോഴും രാജ്യത്തിനുപുറത്തും നടക്കുന്ന ഭീകരപ്രവര്‍ത്തനത്തിലും തീവ്രവാദപ്രവര്‍ത്തനത്തിലും ആയുധക്കച്ചവടത്തിലും മലയാളിയുടെ കറുത്തകൈപ്പാട്, പലപ്പോഴും ചോരപ്പാടുതന്നെവ്യക്തമാകുന്നു.
ലഹരിമാഫിയകളുടെ തലപ്പത്ത് മലയാളി, ആഗോളഭീകരപ്രവര്‍ത്തനങ്ങളുടെ നിയന്ത്രണഗ്രൂപ്പില്‍ മലയാളി, ഇങ്ങനെ രാജ്യദ്രോഹപ്രവര്‍ത്തനങ്ങളുടെ തലപ്പത്തും താഴേത്തട്ടിലും ‘നമ്പര്‍ വണ്‍’ സ്ഥാനത്ത് മലയാളി എത്തുമ്പോള്‍ മലയാളിയുടെ മനസ്സിന് എന്തുപറ്റി, അത് സമൂഹ മനസ്സിനെ എങ്ങനെ ബാധിച്ചു എന്ന് അത്ഭുതം കൂറാനും ചിന്തിക്കാനും ആളുകള്‍ സമയം കണ്ടെത്താന്‍ തുടങ്ങിയെന്നതാണ് ആകെ ആശ്വാസം.
ഒരു കാലത്ത്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ലോകത്താകെത്തന്നെ പിച്ചവെച്ച കാലത്ത്, സഹസ്രാബ്ദം മാറാന്‍ തുടങ്ങിയ 2000 ത്തിനു തൊട്ടുമുമ്പ്, മലയാളിക്ക്, പൊതുവേ ഇന്ത്യക്കാര്‍ക്ക് കമ്പ്യൂട്ടര്‍ ഇടപാട് മേഖലയില്‍ വലിയ മാര്‍ക്കറ്റായിരുന്നു. സാങ്കേതികതയില്‍ അക്കാലത്ത് വലിയ അത്ഭുതമായിരുന്ന കമ്പ്യൂട്ടറുകളുടെ അക്കൗണ്ടിങ് സംവിധാനം നേരിടാന്‍ പോകുന്ന ‘വൈ 2 കെ’ എന്ന വെല്ലുവിളി സ്വീകരിച്ചത് ഇന്ത്യക്കാരായിരുന്നു, മലയാളികളായിരുന്നു. 1998ല്‍ നിന്ന് 2000 എന്ന വര്‍ഷക്കണക്കിലേക്കുള്ള മാറ്റത്തില്‍ കണക്കിടപാടുകള്‍ക്ക് സഹായം. തുടര്‍കാലത്ത്, ഐടി മേഖലയിലെ ഏത് സോഫ്റ്റ്‌വേര്‍ കണ്ടുപിടുത്തത്തിലും വികസനത്തിലും ഗവേഷണത്തിലും മലയാളിയുടെ പേര് ഉള്‍പ്പെട്ടിരുന്നു. ഇപ്പോഴുമുണ്ട്. അങ്ങനെ വളര്‍ന്ന് കേരളം സിലിക്കണ്‍ വാലിയേയും കീഴടക്കി. അതൊക്കെ ഇപ്പോള്‍ ‘പഴയങ്കഥ’കള്‍ പോലെയായി. ഇന്ന് സിറിയയിലെ ഭീകരപ്രവര്‍ത്തനത്തില്‍, ശ്രീലങ്കയിലെ സ്‌ഫോടനത്തില്‍, മലേഷ്യയിലെ സൈബര്‍ത്തട്ടിപ്പില്‍ മലയാളിയുടെ പേര് പൊന്തി വരുമ്പോള്‍, മഹാകവി പാലാനാരായണന്‍ നായര്‍ക്കുപോലും പാടാനാവില്ല ‘കേരളം വളരുന്നു’വെന്ന്.
ചിത്രം ആറ്:
സ്വര്‍ഗം കിട്ടാന്‍- അത് ജീവിച്ചിരിക്കെയോ മരണാനന്തരമായാലുമോ എന്തും ചെയ്യാനും മടിക്കരുതെന്ന വിശ്വാസ വൈകല്യമാണ് ഈ ദുര്‍ഗതിക്കടിസ്ഥാനം. അതിന് രാഷ്ട്രീയം, മതം, അന്ധവിശ്വാസം ഒക്കെ മാര്‍ഗവേഗംകൂട്ടി. മൂന്ന് ‘പി’ (P) കള്‍ അടിസ്ഥാനമായി അതിനുണ്ട്. പൊളിറ്റിക്‌സ്(Politics) പ്രിറ്റന്‍ഷന്‍(Pretention), പ്രോ ബോണോ (pro Bono). പൊളിറ്റിക്‌സ് (എന്തിലും രാഷ്ട്രീയം കാണുകയും അതടിസ്ഥാനമാക്കിമാത്രം പ്രവര്‍ത്തിക്കുകയും), പ്രിറ്റന്‍ഷന്‍ (പൊങ്ങച്ചം, അഭിനയം, അകത്തൊന്നും പുറത്തുമറ്റൊന്നുമായി ജീവിക്കല്‍), പ്രൊ ബോണോ (പ്രതിഫലം വാങ്ങാതെ ആരെയും ഉപദേശിക്കാനുള്ള പ്രവണത). ഇത് പൊതുസ്വഭാവമായി കൊണ്ടുനടക്കുകയും അവനവന്റെ പിഴവും പോരായ്മകളും തിരിച്ചറിയാതിരിക്കുകയും യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഒരിക്കലും പരിഹരിക്കാതിരിക്കുകയും ചെയ്യും മലയാളി. വിചിത്രമായ മനസ്ഥിതിയാണിത്. അപകടമാണിത് ഉണ്ടാക്കുന്നത്. വ്യക്തിക്കു മാത്രമല്ല, സമൂഹത്തിനും അതുവഴി രാജ്യത്തിനും.
സമത്വസുന്ദരമായ സാമൂഹ്യജീവിതത്തിന്റെ സ്വപ്‌നസ്വര്‍ഗമാണ് പലരുടേയും രാഷ്ട്രീയം. അത് അയഥാര്‍ത്ഥമായ, സഫലമാകാത്ത ലക്ഷ്യമാണെന്ന് വ്യക്തമായിട്ടും ‘പുരോഗമനാത്മകമായത്’ എന്ന ലേബല്‍ ഒട്ടിച്ച് ഉയര്‍ത്തിപ്പിടിച്ചു നടക്കും. അത് അപകടത്തിലേക്ക് നയിക്കും. അവിടെ പൊതുവിശ്വാസവും ആത്മവിശ്വാസവും ചോദ്യം ചെയ്യുന്നതാണ് മികവെന്ന് വിശ്വസിക്കും. അടിസ്ഥാനം സാമ്പത്തികമാണെന്ന ധാരണയില്‍ ഉറയ്ക്കും. അത് ഏത് മാര്‍ഗത്തിലും നേടാമെന്നും ഉറപ്പിക്കും. അതിന്റെ തുല്യമായ വീതം വെപ്പും വിനിയോഗവുമെന്ന ധര്‍മ്മം മറക്കും. അതോടെ യഥാര്‍ത്ഥ വിശ്വാസവും ആരാധനയും അര്‍പ്പണവും മറന്ന് ‘രഹസ്യമാര്‍ഗ്ഗ’ത്തിലെ വഴിപിഴച്ച അന്ധവിശ്വാസങ്ങള്‍ സ്വീകരിക്കും. വൈരുദ്ധ്യങ്ങളുടെ അനുഷ്ഠാനക്കാരാകും. മന്ത്രത്തെ പുച്ഛിക്കുകയും മന്ത്രവാദത്തെ ആശ്രയിക്കുകയും ചെയ്യും. നരബലികളിലെത്തും. അതാണ് പിഴച്ച കക്ഷിരാഷ്ട്രീയത്തിന്റെ അന്ധമായ വഴിയുടെ എത്തിപ്പെടല്‍. പിറന്നുവീണ കുഞ്ഞിന്റെ തലച്ചോറ് വാറ്റി അതുചേര്‍ത്ത എണ്ണ ഉപയോഗിച്ചാല്‍ അദൃശ്യനാകാമെന്ന് സൂത്രം പറഞ്ഞപ്പോള്‍ അത് ചെയ്ത നാടാണ് കേരളം. പക്ഷേ, അത് അരനൂറ്റാണ്ടോളം മുമ്പായിരുന്നു. ഇപ്പോള്‍ സ്ത്രീയെ കൊന്ന് ചോരയൊഴുക്കിയാല്‍ സാമ്പത്തിക ഭദ്രത നേടാമെന്ന അറബി മാന്ത്രികത്തിലേക്ക് പത്തനംതിട്ട ഇലന്തൂരിലെ മാതൃകയില്‍ ചുവടു മാറുമ്പോള്‍ കേരളം വളരുന്നുവെന്നോ നമ്പര്‍ വണ്‍ എന്നോ എങ്ങനെ പറയാനാവും? ഇതിനെ നവോത്ഥാനമെന്നോ പുരോഗനമെന്നോ എങ്ങനെ പറയും! ഭക്ഷണം ഹലാലാവണമോ ഹറാമാകരുതോ, സസ്യാഹാരമോ മാംസാഹരമോ, ജൈവികമോ കൃത്രിമമോ എന്നെല്ലാം ചര്‍ച്ചകള്‍ നടക്കുന്നിടത്താണ് നരമാംസം ഭക്ഷിച്ചെന്നും മാംസമായി വിറ്റെന്നും വാര്‍ത്ത വരുന്നത്. പൊളിറ്റിക്കലി കറക്ടാകാന്‍ മത്സരിക്കുന്നവരുടെയും മതവിശ്വാസങ്ങളുടെ ഗ്രന്ഥവരികള്‍ അക്ഷരംപ്രതി പാലിക്കാന്‍ അധ്വാനിക്കുന്നവരുടെയും നാട്ടിലെ കാര്യമാണിതൊക്കെ!
പറ്റിക്കപ്പെടുകയും വീണ്ടും പറ്റിക്കപ്പെടുകയും ചെയ്യുന്നവരുടെ അടിത്തറ, നാട്യങ്ങളിലാണ്-പ്രിറ്റെന്‍ഷന്‍. എല്ലാമറിയാമെന്ന സ്ഥിതിയും ഒന്നും ശരിയായി അറിയാതിരിക്കലും, ‘സോപ്പുപെട്ടി സൗജന്യമായി കിട്ടുമെന്നറിഞ്ഞാല്‍ ആവശ്യമില്ലാതെയും വന്‍ തുകമുടക്കി ആനയെ വാങ്ങുന്ന’ മനഃസ്ഥിതി. പുറത്തുകാണിക്കുന്നതായിരിക്കില്ല പലപ്പോഴും മനസ്സിനുള്ളില്‍. ഇരട്ട വ്യക്തിത്വം പോലെയൊന്ന്. എങ്ങനെയും അവനവന് നേട്ടം ഉണ്ടാക്കുക, മറ്റുള്ളവര്‍ അത് അറിയരുതെന്ന രഹസ്യബോധത്തിലും രീതിയിലുമാകും പ്രവര്‍ത്തനങ്ങള്‍. അവര്‍ അബദ്ധത്തില്‍ വീണു കഴിഞ്ഞേ മറ്റുള്ളവര്‍ അറിയൂ. ആ വഴിയില്‍ വിടുന്നതും കപട സദാചാര ബോധവും വ്യാജപുരോഗമന ചിന്താഗതിയുമാണ്. ”മൈക്കിലൂടെ വിളിച്ചുപറയാതെ വെടിവഴിപാടു നടത്തുന്ന ഭഗീരഥന്‍ പിള്ള”മാരുടെ മനസ്സ്. അവര്‍ തട്ടിപ്പുകള്‍ക്കിരയാകും, പിന്നെ തട്ടിപ്പുകള്‍ നടത്തും. അതാണ് ‘പ്രിറ്റന്‍ഷന്‍’കാരുടെ അപകടം.
ഇവര്‍ ആവശ്യക്കാര്‍ക്കല്ലാത്തവര്‍ക്കും അപരിചിതര്‍ക്കും ഉപദേശം നല്‍കും, സ്വയം മാര്‍ഗദര്‍ശിയാകാന്‍ വരും- പ്രൊ ബോണോകള്‍. വാസ്തവത്തില്‍ ഇവര്‍ വഴിതെറ്റിക്കുക തന്നെയാകും). അങ്ങനെ വഴിതെറ്റുന്നവരുടെ, വഴിതെറ്റിക്കുന്നവരുടെ സൗജന്യ ഉപദേശകരുടെ കൂട്ടമായി മാറുകയാണ് മലയാളികളധികവും. സ്വയം ഡോക്ടറാകും, മരുന്നു തീരുമാനിക്കും മറ്റുള്ളവര്‍ക്ക് നിര്‍ദ്ദേശിക്കും. അത്ര കൃത്യമാകാന്‍, വിഷമമുള്ള മനശ്ശാസ്ത്രവും പറയും. അത് സ്വീകരിക്കാനാളുകളുമുണ്ടാകും. പ്രശ്‌നങ്ങള്‍ക്ക് യഥാര്‍ത്ഥ പരിഹാരങ്ങള്‍ ഉണ്ടാക്കില്ല, ഉണ്ടായില്ല.
അങ്ങനെയാണ് വിദേശ ടൂര്‍ (ഔദ്യോഗികം) കഴിഞ്ഞ് മടങ്ങിയെത്തി, മുഖ്യമന്ത്രി പൊങ്ങച്ചം പറയുന്നത്, നോര്‍വേയില്‍ കുപ്പിവെള്ളം കുടിക്കാന്‍ കിട്ടില്ലെന്ന്. നാലുപതിറ്റാണ്ടുമുമ്പ് കേരളത്തിലും കുപ്പിവെള്ളം വേണ്ടിയിരുന്നില്ല. വെള്ളത്താല്‍ ചുറ്റപ്പെട്ട, മഴ കനത്താല്‍ വെള്ളംകയറിമുങ്ങുന്ന കുട്ടനാട്ടില്‍ കുടിവെള്ളമേ ഇല്ലെന്ന, കേരളത്തിന്റെ യാഥാര്‍ത്ഥ്യത്തേക്കാള്‍, നോര്‍വേയില്‍ കുപ്പിവെള്ളമില്ലെന്നതാണ് ഒരു സംസ്ഥാന ഭരണത്തലവന്റെ അമ്പരപ്പും അതിശയവും അത്ഭുതവും.
ചിത്രം ഏഴ്:
വിശ്വാസവും അന്ധവിശ്വാസവും തിരിച്ചറിയാനാകാത്ത തരത്തിലായി മലയാളി. അങ്ങനെ അവനവനില്‍ത്തന്നെ വിശ്വാസമില്ലാത്തവരുമായി. ആചാരവും അനുഷ്ഠാനവും ആക്രോശങ്ങളിലൂടെയും ആള്‍ക്കൂട്ട ഇടപെടലിലൂടെയും നിലനിര്‍ത്തുകയും അനുസരിക്കുകയും ചെയ്യേണ്ട ഗതിവന്നു. ആചാരങ്ങള്‍ ആഭിചാരങ്ങളായി. ആത്മീയത ചില കച്ചവട താല്‍പര്യങ്ങളില്‍ ആധ്യാത്മിക സ്പര്‍ശമില്ലാത്ത ആഘോഷങ്ങളായി. ആത്മീയത മതപുരോഹിതന്മാരുടെ വേഷങ്ങളിലേക്ക് ചുരുങ്ങി. മതം രാഷ്ട്രീയ ശക്തിപ്രകടനമായി.
ജഗദ്ഗുരു ശങ്കരാചാര്യര്‍ പരിഷ്‌കരിച്ച് നവീകരിച്ച ആത്മീയ-ആധ്യാത്മിക പൈതൃകത്തെ, അതേ ശങ്കരനെത്തന്നെ അധിക്ഷേപിച്ച് അന്യംനിര്‍ത്തിയതുവഴിയാണ് ഹിന്ദുമത വിശ്വാസങ്ങളെ അധഃപതിപ്പിച്ചത്. ആര്‍ക്കും ആത്മശക്തിനല്‍കിയിരുന്ന വൃത്തികള്‍ പരസ്യമായി ചെയ്തിരുന്ന ഹിന്ദുവിനെ പുരോഗമനാശയങ്ങള്‍ക്ക് വിരുദ്ധമാണ് അവന്റെ വിശ്വാസാനുഷ്ഠാനങ്ങള്‍ എന്ന് വിമര്‍ശിച്ച് അവയുടെ രഹസ്യവൃത്തിക്കാരനാക്കി. നാഗാരാധനയിലൂടെ പ്രകൃതിപൂജയും പ്രകൃതി സംരക്ഷണവും നിര്‍വഹിച്ചിരുന്നതിനെ അപരിഷ്‌കൃതമെന്ന് ആക്ഷേപിച്ചു. അധികപ്പറ്റായ ചില ആചാരങ്ങളേയും അനുഷ്ഠാനങ്ങളേയും അയ്യാ വൈകുണ്ഠ ഗുരുക്കളും ശ്രീനാരായണ ഗുരുവും ചട്ടമ്പി സ്വാമികളുമടക്കം ആധ്യാത്മികാചാര്യന്മാരും സാമൂഹ്യപരിഷ്‌കര്‍ത്താക്കളും കാലികവും യുക്തിഭദ്രവുമാക്കിയിരുന്നു. പക്ഷേ ആത്മീയതയ്ക്ക് ബദലായി ആഞ്ഞ് പ്രയോഗിച്ച ഭൗതിക ചിന്തകള്‍ക്ക് രാഷ്ട്രീയ-ഭരണ-അധികാര ആധിക്യവും തുണയായി. അപ്പോള്‍ ആചാരങ്ങളും അനുഷ്ഠാനങ്ങളും സുതാര്യമല്ലാതായി, രഹസ്യ ഇടപാടുകളായി. അത് പുഴുക്കുത്തുകള്‍ക്ക് വഴിയായി. ദുര്‍വൃത്ത പൗരോഹിത്യ ക്രിയകളുടെ മറ്റൊരു തരംഗം സാര്‍വത്രികമായി. ആധ്യാത്മികതയും ആത്മീയതയും പിന്തുടരുന്നവര്‍ അവശരായി. ഇത് ഒരു മതവിഭാഗത്തിന്റെ മാത്രമല്ല, ആകെ സമൂഹത്തിന്റെ മാനസികാരോഗ്യത്തിനെ ബാധിച്ചു.
ചിത്രം എട്ട്:
വിരല്‍ ചൂണ്ടേണ്ടത് നിരീശ്വരവാദത്തിന്റേയും ഭൗതികവാദത്തിന്റേയും പക്ഷക്കാരിലേക്കാണ്. മതേതരത്വത്തിന്റെ പേരില്‍ മതവിരുദ്ധ പ്രവര്‍ത്തനങ്ങളിലേക്ക് വീറോടെ വാശിയോടെ അവര്‍ തിരിഞ്ഞതിന്. മനുഷ്യന്‍ ഒരു സാമ്പത്തികജീവി മാത്രമാണെന്നും സമ്പത്തു സര്‍വര്‍ക്കും സംതുലിതമായി ലഭിക്കുന്നതോടെ സര്‍വസമാധാനമാകുമെന്ന് തെറ്റിദ്ധരിപ്പിച്ചതിന്. വികാരവിചാരങ്ങള്‍ക്ക് വിലക്കിട്ടതിന്, അഥവാ അതിരുകള്‍ നിര്‍ണയിച്ച്, ഭൗതികതയുടെ അടിമയാക്കിയതിന്. ഒരുപക്ഷേ രഹസ്യമായി മതാനുഷ്ഠാനങ്ങള്‍ നടത്താന്‍ നിര്‍ബന്ധിതരായ ആ പ്രത്യേകതരം കപട മതേതര വിശ്വാസികളാണ് അനാചാരങ്ങളുടേയും ആഭിചാരങ്ങളുടേയും കാരണക്കാര്‍.
എന്തായാലും വിശ്വാസങ്ങളുടെയും ആചാരാനുഷ്ഠാനങ്ങളുടെയും അപഭ്രംശം ചിലമേഖലയില്‍ വലിയ തോതില്‍ സംഭവിച്ചു. അത് എല്ലാ മതവിശ്വാസങ്ങളുടെയും ആത്മീയ മേഖലയുടെയും കാര്യത്തില്‍ ഉണ്ടായി. കടുത്ത മതാചാരത്തിലേക്ക് നിര്‍ബന്ധിക്കുന്നതായി ഇസ്ലാം മതവിഭാഗത്തിലെ ചിന്ത. രാഷ്ട്രീയം മതത്തെ ദുര്‍വിനിയോഗിക്കുന്നുവെന്ന് രാഷ്ട്രീയ അതിമോഹമുള്ള ഒരു വിഭാഗം ചിന്തിച്ച് പ്രചരിപ്പിച്ചതോടെ കടുത്ത മതവിശ്വാസികളും പ്രയോഗികളും ആരെന്ന മത്സരം വന്നു. ദൈവികതയിലേക്കുള്ള പോക്കിന്നിടയില്‍ കപടാചാരികളും ദുരാചാരികളും അവര്‍ക്കിടയിലും പൊന്തി. അങ്ങനെ ഇസ്ലാം മതവിശ്വാസികള്‍ക്കിടയിലും ക്രിസ്ത്യന്‍ മതക്കാര്‍ക്കിടയിലും ദുഃര്‍വൃത്തികള്‍ വിശ്വാസാചാരാനുഷ്ഠാനങ്ങളില്‍ ഏറെസംഭവിച്ചു. മതത്തിന്റെ പേരിലെ ആചാരങ്ങള്‍ ആഭിചാരങ്ങളായി. അറബി മാന്ത്രികവും സാത്താന്‍ സേവയുംമറ്റും വ്യാപകമായ രഹസ്യക്രിയകളായി. ഈ പ്രവൃത്തികളുടെ സ്വാധീനം അവ ചെയ്യാത്തവരിലും ദുഃസ്വാധീനം ചെലുത്തി. അങ്ങനെ സമൂഹമനസ്സ് ദുഷിച്ചു. ശരാശരി മലയാളിയുടെ മനസ്സിന് അപകടകരമായ മാറ്റം വന്നു. മതേതരത്വത്തിന്റെപേരിലെ ദുസ്സാഹസക്കാരെപ്പോലെ വിവിധ മത വിഭാഗത്തിലും കുഴപ്പക്കാര്‍ക്ക് ആധിപത്യം കിട്ടി. അവര്‍ക്കിടയില്‍ യുക്തിയില്ലാതായി. എല്ലാത്തരം വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കും ചിലര്‍ റാന്‍ മൂളി.
അവരെ പലരും വ്യവസ്ഥാപിത സംവിധാനങ്ങള്‍ക്കെതിരേ ശബ്ദം ഉയര്‍ത്താനും പോരിനിറങ്ങാനും സംഘടിപ്പിച്ചു. മതം മയക്കുന്ന കറുപ്പുപോലെയാണെന്ന് വിലക്കി, ലഹരിതന്നെ പകരം കൊടുത്തു. അങ്ങനെ വിചാരങ്ങള്‍ക്ക് പകരം വികാരങ്ങള്‍ക്ക് മേല്‍ക്കൈ നേടിക്കൊടുത്തു. അത് വിരോധമായി വളര്‍ത്തി. അത് ലഹരിയാക്കിമാറ്റി ഭീകരപ്രവര്‍ത്തനങ്ങളും ദുരാചാരങ്ങളും ദുഷ്ടാചാരങ്ങളും പെരുപ്പിച്ച്, രാജ്യത്തിന്റെ സംവിധാനങ്ങളോടുള്ള വിദ്വേഷം പെരുക്കി. എല്ലാത്തരം സാമൂഹ്യ ദ്രോഹങ്ങള്‍ക്കും പിന്തുണയും മാന്യതയും നേടിക്കൊടുത്തു. തലമുറകള്‍ക്ക് അവ ദുര്‍മാതൃകകളായി. അങ്ങനെ പ്രബുദ്ധ മലയാളി അതിരില്ലാത്ത, നിലയില്ലാത്ത അബദ്ധക്കടലിലേക്ക് താഴ്ന്നുകൊണ്ടിരിക്കുകയാണ്. പ്രതീക്ഷ, ഇതൊക്കെ തിരിച്ചറിയുന്നവരും തിരുത്താന്‍ തയാറുള്ളവരും ഉണ്ട്, കൂടുതല്‍പേര്‍ തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു എന്നതിലാണ്.
ചിത്രം ഒമ്പത്:
മറ്റൊരു കവി കടമ്മനിട്ട രാമകൃഷ്ണന്‍ അവലക്ഷണം എന്നൊരു കവിതയില്‍ എഴുതിയതിങ്ങനെ:
”കൈവെള്ളയില്‍ കറുത്ത പുള്ളി
കൈനോട്ടക്കാരന്‍ പറഞ്ഞു:
അവലക്ഷണം അപായം
വിഷഭയം അഗ്‌നിഭയം ജലഭയം
മിത്രദോഷം മാനഹാനി
അരചകോപം വിരഹദുഃഖം ദുര്‍മരണം
ലക്ഷണക്കേടു മാറ്റാതെ രക്ഷയില്ലെന്നു വന്നു
മണിബന്ധമറുത്ത് കൈപ്പത്തി കളഞ്ഞ്
അയാള്‍ രക്ഷപ്പെട്ടു.
തല കളഞ്ഞ് തലയിലെഴുത്തിന്റെ കേട്
മാറ്റാമെന്ന തത്ത്വം അങ്ങനെ
അയാള്‍ കണ്ടുപിടിച്ചു.
ലോകവുമാഹ്ലാദിച്ചു.”
1977 ല്‍ എഴുതിയ കവിത.
അതെ, തലമാറണം, അതിന് ചിന്തയല്ലേ മാറേണ്ടത്… കേരളം വളരട്ടെ, പശ്ചിമ ഘട്ടങ്ങളെ കേറിയും കടന്നും…