അന്ധവിശ്വാസ നിര്‍മ്മാര്‍ജ്ജന ബില്ലിന്റെ പേരില്‍ തങ്ങളുടെ ആചാരങ്ങള്‍ക്കുമേല്‍ കടന്നുകയറ്റം ഉണ്ടാകുമോ എന്നുള്ള നിലയ്ക്ക് കേരളത്തില്‍ വ്യത്യസ്ത ആചാരങ്ങള്‍ പിന്‍പറ്റുന്ന സനാതന ധര്‍മ്മവിശ്വാസികള്‍ ആശങ്കപ്പെടുന്നുണ്ട്. കേരളം വിശ്വാസിയായ ഹിന്ദുവിന് കഴിഞ്ഞുകൂടാന്‍ സാധ്യമാകാത്ത തരത്തിലെത്തിയിട്ട് വര്‍ഷങ്ങള്‍ പലതായി.
അധികാരത്തിന്റെ മറവിലും ഗര്‍വ്വിലും ആചാരഅനുഷ്ഠാനങ്ങളുടെ കടിഞ്ഞാണ്‍ പിടിച്ചെടുക്കുകയും, അതിലൊക്കെ അന്തിമ തീരുമാനം പറയേണ്ടി വരുന്നത് അവിശ്വാസികളാകുകയും ചെയ്യുന്നത് തികച്ചും ആരാധനാ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ്.
ഹൈന്ദവികതയുടെ നിലനില്‍പ്പ് തന്നെ വൈവിധ്യത്തിന്റെ സൗകുമാര്യതയിലാണ്. ഒരു മതഗ്രന്ഥവും ഒരു ആചാര്യനും മാത്രം പറയുന്നത് കേട്ട് സ്വര്‍ഗ്ഗയാത്രയ്ക്കായി ശ്രമിക്കുന്ന പദ്ധതിയല്ല ഹിന്ദുവിന്റേത്. ഇവിടെ അനേകം സമ്പ്രദായങ്ങളും എണ്ണിയാല്‍ ഒടുങ്ങാത്ത ആചരണങ്ങളും നിലനില്‍ക്കുന്നുണ്ട്.
എങ്ങനെയെങ്കിലും സനാതനധര്‍മ്മത്തെ അപ്പാടെ ഇല്ലാതാക്കി ഹിന്ദുക്കളെ കൂട്ടപ്പലായനം ചെയ്യിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് തള്ളിവിടാന്‍ ചില ഗൂഢകേന്ദ്രങ്ങളുടെ നീക്കം ഉണ്ടായിട്ട് പതിറ്റാണ്ടുകളായി.
പുരോഗമനവേഷം സ്വയം കെട്ടിയിറങ്ങി വന്ന് ഹൈന്ദവ വിരുദ്ധമായ ഓരോ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോഴും അവര്‍ക്ക് വഴിയൊരുക്കിക്കൊണ്ട് കൂടുതല്‍ കൂടുതല്‍ അരികിലേക്ക് മാറിനിന്നു കൊടുത്ത ചരിത്രമാണ് കേരളത്തിലെ ഹിന്ദുക്കളുടേത് എന്നതാണ് ഇത്തരം ദയനീയമായ സാഹചര്യങ്ങള്‍ക്ക് വഴിവയ്ക്കുന്നത്. എന്നാല്‍ ശബരിമല പ്രക്ഷോഭം പോലുള്ള ഒറ്റപ്പെട്ട സംഭവങ്ങളെയും നമ്മള്‍ക്ക് കാണാതിരിക്കാനാവില്ല.
ലിംഗ അസമത്വമാണ് ശബരിമലയില്‍ സംഭവിക്കുന്നതെന്ന ധാരണയില്‍ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നടപ്പിലാക്കാന്‍ തിടുക്കം കാണിച്ച ഈ സര്‍ക്കാര്‍ അന്ധവിശ്വാസ നിരോധന ബില്ലിന്റെ പേരില്‍ നമ്മുടെ ഏതെല്ലാം ആചാരങ്ങള്‍ക്കുമേല്‍ കടന്നുകയറും എന്നത് ഇപ്പോള്‍ പ്രവചിക്കാന്‍ സാക്ഷാല്‍ ബ്രഹ്‌മദേവന് പോലും സാധിക്കുമെന്ന് തോന്നുന്നില്ല.
പതിനഞ്ചാം കേരള നിയമസഭയില്‍ 2021ല്‍ സമര്‍പ്പിക്കപ്പെട്ട കേരള അന്ധവിശ്വാസ – അനാചാര നിര്‍മാര്‍ജ്ജന ബില്‍, ഇലന്തൂരില്‍ നടന്ന നരബലിയുടെ പശ്ചാത്തലത്തില്‍ വീണ്ടും സജീവ ചര്‍ച്ചയില്‍ വന്നിരിക്കുകയാണ്.
കെ.ഡി. പ്രസേനന്‍ എം.എല്‍.എ നോട്ടീസ് നല്‍കിയ ഒരു സ്വകാര്യ ബില്ലായിരുന്നു അത്. ഗൗരവമേറിയ വിഷയങ്ങളില്‍ സ്വകാര്യ ബില്ലുകള്‍ പാസ്സാക്കുന്ന പതിവില്ലാത്തതുകൊണ്ടോ മറ്റോ ആയിരിക്കാം അന്നത് പാസ്സാകാതെ പോയത്.
അന്ന് ഈ വിഷയം ചര്‍ച്ച ചെയ്ത പലരും അഭിപ്രായപ്പെട്ടത് പിന്നീട് ഒരു അവസരം നോക്കിയിരുന്ന് പിണറായി വിജയന്‍ സര്‍ക്കാര്‍ ഇത് പാസ്സാക്കുമെന്നും, അതിലെ പല വകുപ്പുകളും ഏതു രീതിക്ക് വേണോ വളച്ചൊടിച്ച് വ്യാഖ്യാനിച്ച് ഹിന്ദു ധര്‍മ്മത്തിന് മേല്‍ ഉപദ്രവമേല്‍പ്പിക്കാം എന്നതുമാണ്.
അതില്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ പറയുന്ന പല കാര്യങ്ങളും ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തില്‍ കുറ്റകൃത്യങ്ങള്‍ തന്നെയാണ് എന്ന് മാത്രമല്ല അതൊന്നും തന്നെയും ആചാരങ്ങളില്‍ പെടുന്നതുമല്ല.
എന്നാല്‍ ദുഷ്ടലാക്കോടു കൂടി ചില പദപ്രയോഗങ്ങള്‍ അതില്‍ പറഞ്ഞു വച്ചിരിക്കുന്നത് സംശയം ജനിപ്പിക്കുന്നു. ചില ഗൂഢശക്തികളുടെ താല്‍പര്യമനുസരിച്ച് ഹൈന്ദവ ആചാരഅനുഷ്ഠാനങ്ങളെ നിരോധിക്കാനോ നിഷ്പ്രഭമാക്കാനോ നിര്‍വീര്യമാക്കാനോ സാധിക്കത്തക്ക വിധത്തിലാണ് ബില്ലിലെ പല പദപ്രയോഗങ്ങളുടെയും സാധ്യതകള്‍.
19 കുറ്റകൃത്യങ്ങളാണ് ബില്ലില്‍ പറഞ്ഞിട്ടുള്ളത്.
1) ‘പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ ഒരാളെ കയറോ ചങ്ങലയോ കൊണ്ട് ബന്ധിക്കുന്നത്, ചാട്ടകൊണ്ട് അടിക്കുന്നത്, കെട്ടിത്തൂക്കുന്നത്, തലമുടി പിഴുതെടുക്കുന്നത്, ശരീരത്തില്‍ ചൂട് വയ്ക്കുന്നത് , ലൈംഗിക വേഴ്ചയ്ക്ക് പ്രേരിപ്പിക്കുന്നത് , ബലം പ്രയോഗിച്ച് മലമൂത്രങ്ങള്‍ വായ്ക്കുള്ളില്‍ ആക്കുന്നത്.’
ഇതൊക്കെ ഒരു പരിഷ്‌കൃത സമൂഹത്തില്‍ എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്. ഇത്തരത്തില്‍ ഏതെങ്കിലുമൊരു വ്യക്തി ചെയ്യുന്ന (ചെയ്തിട്ടുണ്ടങ്കില്‍) പ്രവൃത്തിയെ ഹിന്ദുധര്‍മ്മത്തിലെ ആചാരത്തിലേക്ക് അല്ലെങ്കില്‍ ഏതെങ്കിലും സമ്പ്രദായത്തിന്റെ തലയിലേക്ക് ചാരി വയ്ക്കുന്നത് ശരിയല്ല. മാത്രമല്ല ഇത്തരം ആചാരങ്ങള്‍ നാം കണ്ടിട്ടുള്ളത് വേറൊരു പ്രത്യേക മത വിഭാഗത്തിലുമാണ്.
ഇലന്തൂരില്‍ ഇത്രയും ക്രൂരമാം വിധം രണ്ട് സ്ത്രീകളെ നരബലി ചെയ്തത് മേമന ഇല്ലത്തെ ഭട്ടതിരിയല്ല മറിച്ച് മുഹമ്മദ് ഷാഫി ആയിരുന്നു എന്നതും പ്രത്യേകം ഓര്‍ക്കുക.
2) ‘ദിവ്യാത്ഭുതങ്ങള്‍ എന്ന് പറയപ്പെടുന്നവ പ്രകടിപ്പിക്കുന്നതും അത്തരം കാര്യങ്ങള്‍ പ്രകടിപ്പിച്ച് ജനങ്ങളെ വഞ്ചിക്കുകയും ഭീഷണിപ്പെടുത്തുകയും പണം സമ്പാദിക്കുകയും ചെയ്യുന്നത്.’
വളരെ ഗൗരവമേറിയതും ആഴത്തിലുള്ളതുമായ ചര്‍ച്ച വേണ്ടുന്ന ഒരു വകുപ്പാണിത്. കാരണം ഏറ്റവുമധികം തെറ്റിദ്ധരിപ്പിക്കപ്പെടാവുന്നതും ദുര്‍വ്യാഖ്യാനം ചെയ്യപ്പെടാവുന്നതുമായ ചില സംഗതികള്‍ ഇതിനുള്ളിലുണ്ട്.
ഒരു അത്ഭുത രോഗശാന്തി ശുശ്രൂഷയും ചെയ്യാതെ തന്നെ തന്റെ സ്വാഭാവികമായ തേജസ്സ് കൊണ്ട് വിദേശീയരെയടക്കം ഹിന്ദുധര്‍മ്മത്തിലേക്ക് ആകൃഷ്ടരാക്കിയ അനേകം സന്ന്യാസി ശ്രേഷ്ഠന്മാര്‍ ഉള്ള നാടാണ് ഭാരതം.
അത്തരം യോഗിവര്യരെ ലക്ഷ്യം വച്ചുകൊണ്ട് കൃത്യമായ ഗൂഢാലോചനയോടെ പല കാലങ്ങളിലായി ചിലര്‍ വ്യാജ പരാതികളും ഒട്ടനവധി പ്രശ്‌നങ്ങളും സൃഷ്ടിച്ചതിനും നാം സാക്ഷിയാണ്.
സാധാരണ ജനങ്ങളെ തന്റെ അമാനുഷികശേഷിയെപ്പറ്റി പറഞ്ഞുകൊണ്ട് ഭീഷണിപ്പെടുത്തുകയോ വഞ്ചിക്കുകയോ പണം തട്ടുകയോ ചെയ്താല്‍ അതിനെതിരെ നിയമനടപടി സ്വീകരിക്കുന്നതിന് ഇവിടെ ആരും എതിരല്ല എന്നതും കൂടി സൂചിപ്പിക്കുന്നു.
3) ‘ പ്രകൃത്യാതീത ശക്തികളുടെ അനുഗ്രഹത്തിന് എന്ന പേരില്‍ ജീവന് ഹാനി ഉണ്ടാക്കുന്നതോ മുറിവേല്‍പ്പിക്കുന്നതോ ആയ കര്‍മ്മങ്ങള്‍ ചെയ്യുന്നതും അത്തരം കൃത്യങ്ങള്‍ ചെയ്യാന്‍ മറ്റുള്ളവരെ പ്രേരിപ്പിക്കുന്നതും’
ഇവിടെയാണ് ഒരു പ്രധാന പ്രശ്‌നം വരുന്നത്. ഇവിടെ ആചാരവും അനാചാരവും വേര്‍തിരിച്ചറിയുന്നതിന് ചില സാങ്കേതിക പ്രശ്‌നങ്ങളുണ്ട്. വടക്കന്‍ മലബാറില്‍ ഉള്‍പ്പെടെ ചെയ്തുവരുന്ന പല ആചാരങ്ങളെയും ഈ വകുപ്പിനുള്ളില്‍ പെടുത്തി നിരോധനം വരെയും ഏര്‍പ്പെടുത്താന്‍ സാധിച്ചുവെന്ന് വരാം. എന്നാല്‍ അതുണ്ടാക്കുന്ന സാമൂഹിക സാംസ്‌കാരിക പ്രത്യാഘാതങ്ങളെ പറ്റി നല്ലവണ്ണം പഠിച്ചു ബോദ്ധ്യം വന്നതിനുശേഷം മാത്രം ചെയ്യുക എന്നതാണ് പല കോണുകളില്‍ നിന്നും ഉയരുന്ന അഭിപ്രായം.
ഒരുപക്ഷേ നവോത്ഥാന രാജാക്കന്മാരുടെ ഈറ്റില്ലമായ കണ്ണൂരില്‍ നിന്ന് തന്നെയായിരിക്കും ഈ വിഷയത്തില്‍ ഏറ്റവുമധികം പ്രതിഷേധസ്വരം ഉണ്ടാകുക എന്നതാണ് മറ്റൊരു സത്യം.
ഇനി അഥവാ നിയമം പാസ്സായാല്‍ തന്നെയും ഈ വകുപ്പ് വടക്കന്‍ മലബാറില്‍ എത്ര കണ്ട് പ്രയോഗത്തില്‍ വരുത്താനാകും എന്നതും വലിയൊരു ചോദ്യമാണ്. നൂറ്റാണ്ടുകളായി സമൂഹത്തില്‍ രൂഢമൂലമായ ആചാരങ്ങള്‍ക്ക് നേരെ നിയമം കൊണ്ട് വന്ന് പരിഷ്‌കരിക്കുക എന്ന രീതി പ്രായോഗികമല്ല. അക്കാര്യം സുസാദ്ധ്യവുമല്ല.
അപ്രകാരം പഴയകാലത്ത് ധാരാളം പരിഷ്‌കാര ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും അവയൊക്കെ എത്രകണ്ട് വിജയിച്ചു എന്നതും പഠിക്കേണ്ടതുണ്ട്.
തെയ്യവും തിറയും പെരുങ്കളിയാട്ടവുമൊക്കെ കേവലം കലകളായി മാത്രം കണ്ടുകൊണ്ട് അവയുടെ ആചാര ഭാഗങ്ങളെയൊക്കെ നിയമം കൊണ്ട് പൂട്ടിക്കെട്ടുവാന്‍ ശ്രമിച്ചാല്‍, അതിനോട് അവിടുത്തെ ജനത എങ്ങനെ പ്രതികരിക്കും എന്നുള്ളതും വിശേഷമായി പഠിക്കേണ്ടതുണ്ട്.
ആ ദേശങ്ങളിലെ പല ആചാരങ്ങളെയും നിയമം കൊണ്ട് പരിഷ്‌കരിക്കാന്‍ പലകാലത്ത് ശ്രമിച്ചിട്ടും ലവലേശം അതിനോട് പ്രതിഷേധസ്വരം പോലും ഉന്നയിക്കാതെ തങ്ങള്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു വന്ന ആചാരങ്ങളെ അതേപടി തുടരുകയും അവരുടെ മുന്നില്‍ പരിഷ്‌കരിക്കാന്‍ പോയവര്‍ ഇളിഭ്യരായ കഥകളും നാം ധാരാളം കേട്ടിട്ടുണ്ട്.
ഒരുപക്ഷേ തെക്കന്‍ കേരളത്തിലോ മധ്യകേരളത്തിലോ ഉള്ളവര്‍ക്ക് വടക്കന്‍ മലബാറിന്റെ സമ്പ്രദായങ്ങളെ പറ്റി അധികം ബോദ്ധ്യം ഇല്ലാത്തതു കൊണ്ടുതന്നെ, അവിടങ്ങളില്‍ ഗോത്രാചാര സമാനമായി ചില പ്രദേശങ്ങളില്‍ (ഉള്‍നാടുകളില്‍) നടന്നുവരുന്ന ആചാരങ്ങളെപ്പറ്റി പറഞ്ഞാല്‍ പോലും അത് മറ്റുള്ളവരെ അത്ഭുതപരതന്ത്രരാക്കാന്‍ പോന്നവ ആയിരിക്കും
ഗോപ്യമായി ചെയ്യുന്ന ആചാരങ്ങളിലെല്ലാം തന്നെ ബലിയുണ്ട് എന്ന രൂപത്തില്‍ അവതരിപ്പിക്കപ്പെടുന്നത്/ചിത്രീകരിക്കുന്നത് അപകടത്തിന് ഇടവരുത്തും.
ക്ഷേത്രങ്ങളില്‍ നടയടച്ച് ചെയ്യപ്പെടുന്ന പ്രസന്നപൂജ മാതിരിയുള്ള ചടങ്ങുകളില്‍, എന്താണ് ശ്രീലകത്തിനുള്ളില്‍ ഗോപ്യമായി നടത്തപ്പെടുന്നത് എന്നത് യഥാര്‍ത്ഥത്തില്‍ പരസ്യമായ രഹസ്യമാണ്. ബിംബത്തിന്റെ പാദത്തില്‍ അല്ലെങ്കില്‍ പീഠത്തില്‍ തൊട്ട് ആയിരത്തെട്ടുരു/ നിശ്ചിത സംഖ്യ മൂലമന്ത്രം ജപിക്കുന്ന സമ്പ്രദായങ്ങളാണ് അവിടെയുള്ളത്. അതേമാതിരി തന്നെയാണ് മുളയറയില്‍ ആളെ പ്രവേശിപ്പിക്കാതെയുള്ള മുളപൂജയിലും ചെയ്യുന്നത്.16 മുളപ്പാലികകളിലായി നവധാന്യം വിതച്ച് അവ മുളപ്പിച്ചെടുക്കുന്ന ആ ക്രിയ അഞ്ചോ ഏഴോ ഒമ്പതോ ദിവസമൊക്കെ നീണ്ടുനില്‍ക്കാറുണ്ട്. മറച്ചു കെട്ടിയ മുളയറക്കുള്ളില്‍ കടന്ന് എന്താണ് അവിടെ ചെയ്യുന്നതെന്ന് തനിക്ക് കാണണം എന്ന് വാശിപിടിക്കാന്‍ ഒരു ഭക്തനും അധികാരമില്ല. ശ്രീകോവിലിനുള്ളില്‍ പ്രസന്ന പൂജ നടക്കുമ്പോള്‍ അതിനകത്ത് മേല്‍ശാന്തി എന്ത് ചെയ്യുന്നു എന്നത് ഒരു പക്ഷേ കീഴ്ശാന്തിക്ക് പോലും അറിയണമെന്നില്ല.
അതേ മാതിരി തന്നെയാണ് പല ആചാരങ്ങളും. ഗുഹ്യമായി / ഗോപ്യമായി ചെയ്യുന്നു എന്നല്ലാതെ ഇതിലൊന്നും തന്നെയും സമൂഹത്തിനോ നിലവിലുള്ള വ്യവസ്ഥകള്‍ക്കോ കോട്ടം തട്ടുന്ന യാതൊരു തരത്തിലുള്ള പ്രവൃത്തിയുമല്ല നടന്നുവരുന്നത്.
എന്നാല്‍ കുലാചാരങ്ങള്‍ പിന്തുടരുന്ന ചിലയിടങ്ങളില്‍ വാര്‍ഷികമായി ആചരിക്കുന്ന കൂട്ടത്തില്‍ പൂര്‍വികമായി ചെയ്തു പോകുന്നതായ ചില ബലികര്‍മ്മാദികളെയും അനുഷ്ഠിച്ച് പോരുന്നുണ്ട്.
ബലി എന്ന പദത്തെ തെറ്റിദ്ധരിക്കരുത്. സാത്വിക കര്‍മ്മങ്ങളില്‍ ബലികര്‍മ്മം ചെയ്യുമ്പോള്‍ കരിക്കും വെണ്ണയും പാലും ഉപയോഗിക്കും. രജോഗുണ പ്രധാനികളായ സാധകന്മാര്‍ അവിടെ ഗുരുതി ഉപയോഗിക്കുന്നു. തമോഗുണ പ്രധാനികള്‍ അവിടെ മദ്യവും മാംസവും ഉപയോഗിച്ചുവെന്നിരിക്കും. ഇതിന്റെയൊക്കെ ചിട്ടകളെ നിയമം കൊണ്ട് തോന്നിയ വഴിക്ക് ബലാത്കാരേണ വരുത്താമെന്ന് ചിന്തിക്കുന്നത് ആശാസ്യമല്ല. അതിന് പകരം ആചാര്യന്മാരും ഭക്തജനങ്ങളും ഒരുമിച്ചിരുന്ന് ആ സ്ഥലത്തിന്റെ ദേശാചാരത്തെ പറ്റിയും തനത് കുലാചാരങ്ങളെപ്പറ്റിയും പഠിക്കുകയും എന്തൊക്കെ ചെയ്യാം എന്തൊക്കെ ചെയ്യരുത് എന്ന് പ്രാദേശികമായിത്തന്നെ നിശ്ചയിക്കുകയും ചെയ്യുന്നതാണ് അഭികാമ്യം.
ഒരു ഏകീകൃത സ്വഭാവമുള്ള നിയമം എന്നത് ഈ വിഷയത്തില്‍ പ്രായോഗികമല്ല.
ഉദാഹരണത്തിന് വടക്കന്‍ മലബാറിലെ വിഷ്ണുമൂര്‍ത്തി തെയ്യത്തിന് ഒരു ആചാരം ചെയ്യുന്നു എന്നതു കൊണ്ട് അതേ ആചാരം തിരുവനന്തപുരത്തെ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളില്‍ ചെയ്യണം എന്ന് പറഞ്ഞാല്‍ അത് ഇവിടത്തെ ക്ഷേത്രാചാരത്തിന് ഒരു ശതമാനം പോലും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കാര്യമാവില്ല.
രണ്ടും വിഷ്ണുവല്ലേ എന്ന് പറയാമെന്നേയുള്ളൂ.
4) ‘നിധി, ജലസ്രോതസ്സുകള്‍, കെട്ടിടസ്ഥാനം നിര്‍ണയിക്കല്‍ മുതലായവയ്ക്ക് വേണ്ടി നരബലിയും മൃഗ പക്ഷി വലിയും പൂജകളും നടത്തുന്നത്’
നിധിയുടെ ലഭ്യതയ്ക്കു വേണ്ടി പല അനാചാരങ്ങളും നടത്തപ്പെട്ടിട്ടുള്ളത് പത്രവാര്‍ത്തകളിലൂടെയും മറ്റും മനസ്സിലാക്കിയിട്ടുണ്ട്.
പക്ഷേ ജലസ്രോതസ്സുകള്‍, കെട്ടിടത്തിന്റെ സ്ഥാനം നിര്‍ണയിക്കല്‍ ഇവയ്ക്ക് വേണ്ടിയൊക്കെ വ്യക്തമായ പദ്ധതികളും വ്യവസ്ഥകളും പറഞ്ഞു വെച്ചിട്ടുള്ളത് കൊണ്ട് തന്നെ അതിലൊക്കെ അന്ധവിശ്വാസത്തെ കലര്‍ത്തുന്നവര്‍ ആരായാലും അവര്‍ ശിക്ഷിക്കപ്പെടേണ്ടവരാണ്.
ഒരു ഭൂമിയില്‍ എവിടെയാണ് വീട് വയ്‌ക്കേണ്ടത് എന്നുള്ളത്, അതുപോലെതന്നെ ഏത് ഭാഗത്ത് കിണര്‍ കുഴിച്ചാല്‍ എളുപ്പത്തില്‍ ജലം ലഭ്യമാകും, തുടങ്ങിയവ കണ്ടു പിടിക്കുന്നതിനു വേണ്ടിയിട്ട് അനേകം വഴികള്‍ ആചാര്യന്മാര്‍ എഴുതിതന്നെ വച്ചിട്ടുണ്ട്. ഇന്ന വൃക്ഷത്തില്‍ നിന്നും ഇത്രയടി വടക്കോട്ട് പോയി അവിടെ കുഴിച്ചാല്‍ മറ്റുള്ള ദിക്കിനെ അപേക്ഷിച്ച് വെള്ളം എളുപ്പം കിട്ടുമെന്ന്, തുടങ്ങി സത്യമെന്ന് ബോദ്ധ്യപ്പെട്ട അനേകം വിഷയങ്ങളുണ്ട്. അത്തരം കാര്യങ്ങള്‍ ‘ജലപരിജ്ഞാനം’ തുടങ്ങിയിട്ടുള്ള പ്രകരണങ്ങളില്‍ പറയുന്ന വിഷയങ്ങളെ പഠിച്ചു കൈകാര്യം ചെയ്യുന്നതിന് പകരം ഏതെങ്കിലും ഒരു സ്ഥലത്ത് തെറ്റായ തരത്തിലുള്ള ആചാരം ചെയ്തതിനുശേഷം ആരെങ്കിലും സ്ഥാനം കാണുന്നുവെങ്കില്‍, അത് തെറ്റ് തന്നെയാണ് എന്നതും അത് ശിക്ഷിക്കപ്പെടേണ്ട വിഷയമാണ് എന്നതും പറയാതെ വയ്യ.
5) ‘ ആരുടെയെങ്കിലും ശരീരത്തില്‍ ഏതെങ്കിലും ഒരു ദിവ്യാത്മാവ് അവശേഷിച്ചിട്ടുണ്ടെന്ന് പരസ്യപ്പെടുത്തി മറ്റുള്ളവരുടെ മനസ്സില്‍ ഭീതി ജനിപ്പിക്കുന്നതും അയാളെ അനുസരിച്ചില്ലെങ്കില്‍ അപകടമാണെന്ന് ഭീഷണിപ്പെടുത്തുന്നതും’
ചില പാരമ്പര്യ സങ്കേതങ്ങളുടെ ആചാരങ്ങളെ ലക്ഷ്യം വച്ചു കൊണ്ടുള്ളതാണ് ഈ ഒരു പ്രയോഗം എന്ന് പറയാതെ വയ്യ.
പണ്ടുകാലത്ത് കുടുംബ ബന്ധങ്ങളെയും സാമൂഹ്യബന്ധങ്ങളെയും നിലനിര്‍ത്തുന്നതില്‍ വീഴ്ച വരുത്തുന്നവരോട് സ്‌നേഹപൂര്‍വ്വം ശാസിക്കുന്നതിന് വേണ്ടി ഗുരുകാരണവന്മാര്‍ ചില സംഗതികള്‍ വ്യവസ്ഥ ചെയ്തു വച്ചിട്ടുണ്ട്. കെട്ടിയാടുന്ന കോലധാരികളുടെ മുന്നില്‍ അല്ലെങ്കില്‍ തെയ്യത്തിനോടൊക്കെ അവരവരുടെ മാനസിക പ്രയാസങ്ങളെ ഭക്തര്‍ ഭഗവാനോട് നേരിട്ട് അവതരിപ്പിക്കുന്നത് മാതിരി പറയുമ്പോള്‍ മറുപടിയായി അവര്‍ ആശ്വാസവാക്കുകള്‍ നല്‍കുകയും, ചില മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ചൂണ്ടിക്കാണിക്കുകയും, വേണ്ടവണ്ണമുള്ള ഉപദേശങ്ങള്‍ നല്‍കുകയും, തെറ്റായ വഴിയില്‍ സഞ്ചരിക്കുന്നവരോട് സ്‌നേഹത്തിന്റെ ഭാഷയില്‍ ശാസിക്കുകയും ചെയ്യുന്നത് നിറഞ്ഞ ഹൃദയത്തോടെയാണ് ജനങ്ങള്‍ സ്വീകരിക്കുന്നത്. എന്നാല്‍ ഈ ഒരു വിഷയം അനാചാരമാണ് എന്ന പേരില്‍ പ്രചരിപ്പിച്ച് അതിനെ അന്ധവിശ്വാസത്തിന്റെ പരിധിയിക്കുള്ളിലേക്ക് കൊണ്ടുവന്നാല്‍ സ്വാഭാവികമായും തെയ്യം – തിറ പോലുള്ള മറ്റു പല ആചാരങ്ങളെയും അതിന്റെ നിലനില്‍പ്പിനെ തന്നെയും ചോദ്യം ചെയ്യാന്‍ സാധിക്കും.
അതുകൊണ്ട് ഈ വിഷയത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട് ഏതെങ്കിലും ഒരു നടപടി ഉണ്ടായാല്‍ അതിനെതിരെ ഹിന്ദുസമൂഹത്തിന് സമ്പൂര്‍ണ്ണമായി യോജിച്ചു നിന്നുകൊണ്ട് എതിര്‍ക്കേണ്ടി വരും.
എന്നാല്‍ ജിന്ന് കയറിയിട്ട് എന്ന പേരില്‍ കോമാളിത്തരങ്ങളും മറ്റും കാണിക്കുന്നത് കണ്ടിട്ട് അതിനെതിരെ പ്രതികരിക്കാന്‍ ആര്‍ക്കും സമയമില്ല. സ്‌നേഹത്തിന്റെ, ഐക്യത്തിന്റെ ഭാഷയില്‍ കുടുംബവും സമൂഹവും ഒരുമിച്ചു പോകണം എന്നുള്ളത് ലക്ഷ്യം വച്ച് കാരണവര്‍ സ്ഥാനത്ത് നിന്നുകൊണ്ട് തെയ്യം തുടങ്ങിയിട്ടുള്ള ആചാരങ്ങളുടെ വ്രതധാരികളായ മനുഷ്യര്‍ പറയുന്ന കാര്യങ്ങള്‍ക്ക് – അവരുടെ വാക്കുകള്‍ക്ക് ആ സമൂഹത്തില്‍ ഒരു മൂല്യമുണ്ട്, ഒരു വിലയുണ്ട്. അതു മൂലം ഒരു അപകടം വന്നതായി എങ്ങും കേട്ടിട്ടുമില്ല.
പക്ഷേ നിയമത്തിന്റെ കുന്തമുന അവിടുത്തേക്കും കൂടി നീളുന്നതായി തോന്നുന്നുണ്ട്. അത് എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.
6) ‘ഒരാള്‍ക്ക് മന്ത്രവാദം നടത്തുന്നു എന്നോ അയാള്‍ക്ക് പ്രേതബാധ ഉണ്ടെന്നോ മറ്റുള്ളവരില്‍ രോഗബാധ ഉണ്ടാക്കാന്‍ അയാള്‍ കാരണമാകുന്നുവെന്നോ പ്രചരിപ്പിക്കുന്നത്’
ഇതെങ്ങനെ അന്ധവിശ്വാസത്തിന്റെ പരിധിയില്‍പ്പെടുന്നു എന്ന് വ്യക്തമാകുന്നില്ല. കാരണം ഒരാള്‍ ക്യാന്‍സര്‍ ബാധിതനാണ് എങ്കില്‍ അയാള്‍ക്ക് രോഗബാധയുണ്ട് എന്ന് നാട്ടുകാര്‍ അന്യോന്യം പറഞ്ഞറിയുക സ്വാഭാവികമാണ്. അതേ പോലെ മാനസികമായി പ്രശ്‌നമുള്ള ഒരു വ്യക്തി അല്ലെങ്കില്‍ മറ്റെന്തെങ്കിലും വൈഷമ്യമുള്ള ഒരു വ്യക്തിക്ക് ഇന്ന പ്രശ്‌നമുണ്ട് എന്ന് സമൂഹത്തില്‍ ചര്‍ച്ച ചെയ്യുകയും പരസ്പരം അറിയുകയും ചെയ്യുന്ന ഒരു സാഹചര്യത്തില്‍ ഇത്തരം നിയമം തെറ്റിദ്ധരിക്കപ്പെടാനും ദുരുപയോഗം ചെയ്യാനുമുള്ള സാധ്യത കൂടുതലാണ്.
7) ‘മന്ത്രവാദി എന്ന നിലയില്‍ ഒരാളെ മര്‍ദ്ദിക്കുന്നതും നഗ്‌നനാക്കി നടത്തുന്നതും അയാളുടെ ദൈനംദിന ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നതും’
തീര്‍ത്തും എതിര്‍ക്കപ്പെടേണ്ട ഒന്നാണ്. ഇക്കാര്യത്തില്‍ സമ്പൂര്‍ണ്ണമായ പിന്തുണയും നല്‍കേണ്ടതുണ്ട്.
8 ) ‘മന്ത്രം കൊണ്ട് ഭൂതപ്രേതാദികളെ ആവാഹിക്കുകയാണെന്ന് ധാരണ ജനിപ്പിച്ച് ജനങ്ങളുടെ മനസ്സില്‍ ഭീതി ഉളവാക്കുന്നതും മന്ത്രങ്ങള്‍ കൊണ്ട് ഒരാളെ ഭീഷണിപ്പെടുത്തുന്നതും’
മന്ത്രങ്ങള്‍ കൊണ്ട് ഭീഷണിപ്പെടുത്തുക എന്നതുകൊണ്ട് നിയമം എന്താണ് ഉദ്ദേശിച്ചത് എന്ന് വ്യക്തമല്ല.
ഹിന്ദു ധര്‍മ്മാചരണത്തിലെ ഒരു സുപ്രധാന ഘടകമാണ് പിതൃക്കളെ സംബന്ധിച്ചിട്ടുള്ള ആചാരങ്ങള്‍.
ഒരു വ്യക്തി മരിച്ചാല്‍ ശവസംസ്‌കാര ചടങ്ങുകള്‍, അതിന്റെ പിറ്റേന്ന് മുതല്‍ തുടങ്ങുന്ന നിത്യബലി, അസ്ഥി സഞ്ചയനം, വാര്‍ഷിക ശ്രാദ്ധം, കര്‍ക്കിടകവാവ് ബലി ഇങ്ങനെ അനവധിയായ കര്‍മ്മങ്ങള്‍ അതുമായി ബന്ധപ്പെട്ട് കിടക്കുന്നു. അതില്‍ വിശേഷപ്പെട്ട ഒന്നാണ് സുദര്‍ശന ഹോമം – തിലഹവനം – സായൂജ്യ പൂജ എന്നിങ്ങനെയുള്ള പിതൃശുദ്ധിക്രിയ. അത് വ്യക്തി വിശ്വാസത്തിന്റെ ഭാഗമാണ്. അകാലത്തില്‍ അല്ലെങ്കില്‍ അപമൃതി ആയ തന്റെ പിതാവിനെ അല്ലെങ്കില്‍ മാതാവിനെ സുദര്‍ശനഹോമത്തിലോ അഘോര ഹോമത്തിലോ വച്ച് വെള്ളിരൂപത്തിലേക്ക് ആവാഹിക്കുകയും, അതില്‍ ആ പ്രേതകലയ്ക്ക് മോക്ഷം കൊടുക്കുന്നതിന് ആവശ്യമായിട്ടുള്ള തുടര്‍ക്രിയകള്‍ (തില ഹവനം – സായൂജ്യപൂജ തുടങ്ങിയവ) ചെയ്യുന്നത്. ഒരു വിശ്വാസിയുടെ വ്യക്തിസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ പെടുന്നത് തന്നെയാണ്. ഒരുവന് ഇഷ്ടമുള്ള പക്ഷം അയാള്‍ക്ക് യോഗ്യനെന്ന് തോന്നുന്ന ഒരു വ്യക്തിയെ ഈ വിഷയത്തിന് നിയോഗിക്കാവുന്നതുമാണ്.
എന്നാല്‍ സാത്വികമായിട്ടുള്ള ഈ ക്രിയയെ ഈ വകുപ്പ് കൊണ്ട് വേണമെങ്കില്‍ നിരോധിക്കാവുന്നതാണ്. എന്നാലത് നൂറ്റാണ്ടുകളായി ആചരിച്ചുവരുന്ന പൈതൃക കര്‍മ്മങ്ങളെ നിരോധിക്കലാണ്, നിഷേധിക്കലാണ്. അത് ധര്‍മ്മ- വിശ്വാസത്തിനുമേലുള്ള കടന്നുകയറ്റം തന്നെയാണ്.
9) ‘ നായ, പാമ്പ് , തേള്‍ മുതലായവ കടിച്ചാല്‍ ശാസ്ത്രീയ ചികിത്സ നിഷേധിക്കുന്നതും മന്ത്രതന്ത്രങ്ങളും മറ്റും പ്രയോഗിക്കുന്നതും’
ആധുനിക വൈദ്യശാസ്ത്രം ഇവയ്ക്കുള്ള മരുന്ന് കണ്ടുപിടിക്കുന്ന നാള്‍ വരെ വിഷഹാരികള്‍ എന്ന പേരില്‍ അറിയപ്പെടുന്ന ചികിത്സകന്മാര്‍ (നാട്ടുവൈദ്യന്മാര്‍) ആയിരുന്നു അത്തരം ചികിത്സ ചെയ്തിരുന്നത്. അന്നത്തെ കാലഘട്ടത്തില്‍ അത് വിജയിച്ച കഥകള്‍ നാം ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിപുല സൗകര്യങ്ങള്‍ ഉള്ളതുകൊണ്ട് ആധുനിക ശാസ്ത്ര ചികിത്സ തന്നെയാണ് തേടേണ്ടത്. അതിലാര്‍ക്കും അഭിപ്രായ ഭിന്നതയില്ല. പക്ഷേ ഗതകാലത്ത് നമുക്ക് ആശ്വാസമേകിയ ആ സമ്പ്രദായത്തെ തീര്‍ത്തും പരിഹാസ്യമാക്കുന്നത് ശരിയല്ല.
10) ‘ വിരലുകള്‍ കൊണ്ട് ശസ്ത്രക്രിയ നടത്താനും, ഗര്‍ഭസ്ഥശിശുവിന്റെ ലിംഗം മാറ്റത്തിന് കഴിയുമെന്ന് അവകാശപ്പെടുന്നതും, ഗര്‍ഭം അലസിപ്പിക്കുന്നതും’
ഈ വകുപ്പിലുള്ള ഒന്നും മൂന്നും കാര്യങ്ങളില്‍ പ്രത്യേകിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്നില്ല.
എന്നാല്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ മാറ്റത്തിന് എന്ന വിഷയത്തില്‍ ചിലത് പറയുവാനുണ്ട്. ചില ആചാരപരമ്പരകളില്‍ ആദ്യത്തെ കുട്ടി ആണായിരിക്കണം എന്നും അതിനു വേണ്ടി വന്നാല്‍ ചില വിശിഷ്ട മന്ത്രങ്ങള്‍ ജപിച്ച് ഗര്‍ഭിണിക്ക് വെണ്ണയോ നെയ്യോ ഒക്കെ കൊടുക്കുന്ന സമ്പ്രദായവും നിലവിലുണ്ട്. കുട്ടി ആണായിരിക്കണം എന്ന് ആഗ്രഹിക്കുന്നത് ഒരു വ്യക്തിയുടെ സ്വാതന്ത്ര്യം തന്നെയാണ്.
സ്വന്തം ഇഷ്ടപ്രകാരം അത്തരത്തില്‍ ഒരു ആചാരത്തിലേക്ക് ഒരു ഗര്‍ഭിണിയും ഭര്‍ത്താവും കടന്നു വന്നാല്‍ അതിന് ഒരു ക്ഷേത്ര തന്ത്രി അല്ലെങ്കില്‍ കുടുംബ കാരണവര്‍ ആ ക്രിയ ചെയ്തു നല്‍കിയാല്‍ അതിനെ ഈ നിയമത്തിന്റെ പരിധിയിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികം ആകുമെന്ന് തോന്നുന്നില്ല എന്ന് മാത്രം സൂചിപ്പിക്കുന്നു.
11) ‘ദിവ്യശക്തി ഉണ്ടെന്നോ, മറ്റൊരാളുടെ അവതാരം ആണെന്നോ , ദിവ്യാവതാരമാണെന്ന് അവകാശപ്പെടുന്നതോ, കഴിഞ്ഞ ജന്മത്തില്‍ തന്റെ ഭാര്യയോ ഭര്‍ത്താവോ ആയിരുന്നു എന്ന് അവകാശപ്പെട്ട് അവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും’
12) ‘ഗര്‍ഭധാരണ ശേഷിയില്ലാത്ത സ്ത്രീയില്‍ ദിവ്യശക്തി കൊണ്ട് ഗര്‍ഭം ധരിപ്പിക്കാം എന്ന് അവകാശപ്പെട്ട് അവരുമായി ലൈംഗികവേഴ്ചയില്‍ ഏര്‍പ്പെടുന്നതും അതിനായി പ്രേരിപ്പിക്കുന്നതും ദിവ്യമരുന്നും നല്‍കുന്നതും’
കൃപാസനം, പത്രം, എണ്ണ, പുരോഹിതര്‍ ഇത്യാദി പദപ്രയോഗങ്ങള്‍ മാത്രമേ ഈ വിഷയത്തില്‍ പറയാനുള്ളൂ.
(തുടരും)