കഴിഞ്ഞ പത്തിരുപത്തഞ്ച് വര്‍ഷം കൊണ്ട് കേരളത്തിലെ കാലാവസ്ഥ മാത്രമല്ല മനുഷ്യന്റെ മനസ്സും വല്ലാതെ മാറിപ്പോയിരിക്കുന്നു. കാരുണ്യത്തിന്റെ ജലസമൃദ്ധിയും സ്‌നേഹത്തിന്റെ ഹരിതാഭയും മറഞ്ഞ മലയാളിയുടെ മനസ്സില്‍ ഊഷരമായ മരുഭൂമി പടര്‍ന്നുകൊണ്ടിരിക്കുന്നു. അവിടെ സ്‌നേഹ സാഹോദര്യങ്ങളുടെ കണിക്കൊന്നകള്‍ക്കു പകരം കാലുഷ്യത്തിന്റെയും വെറുപ്പിന്റെയും കള്ളിമുള്‍ച്ചെടികളാണ് വളരുന്നത്. വിദ്വേഷത്തെ സിദ്ധാന്തവല്‍ക്കരിച്ച രാഷ്ട്രീയവും വര്‍ഗീയതയെ മഹത്വവല്‍ക്കരിക്കുന്ന മതങ്ങളുമെല്ലാം ചേര്‍ന്ന് കേരളീയന്റെ ജീനുകളില്‍ നിന്നും മാനവിക മൂല്യങ്ങളെ തന്നെ കുടിയിറക്കുന്ന കാലം വന്നിരിക്കുന്നു.
കഴിഞ്ഞ കുറച്ചു നാളുകളായി കേരളത്തിന്റെ തെക്കേയറ്റം മുതല്‍ വടക്കേ അറ്റം വരെയുള്ള ഗ്രാമ നഗരങ്ങളില്‍ നിന്നും പ്രതിദിനം പുറത്തുവരുന്ന വാര്‍ത്തകള്‍ ഹൃദയത്തില്‍ അലിവുള്ളവരെ അസ്വസ്ഥമാക്കാന്‍ പോന്നവയാണ്. ഏറ്റവും അവസാനം കഴിഞ്ഞ ദിവസം തലശ്ശേരിയില്‍ കാറില്‍ ചാരിനിന്ന ആറു വയസ്സുള്ള ബാലനെ മുഹമ്മദ് ശിഹ്ഷാദ് എന്ന യുവാവ് ചവിട്ടിത്തെറിപ്പിക്കുന്ന കാഴ്ച അല്‍പ്പമെങ്കിലും മനുഷ്യത്വം ബാക്കി ഉള്ളവരുടെ കണ്ണു നനയിക്കും. രാജസ്ഥാനില്‍ നിന്നും ബലൂണ്‍ കച്ചവടത്തിനു വന്ന നാടോടികളായ മാതാപിതാക്കളോടൊപ്പം ഒരുനേരത്തെ അന്നത്തിനു വകതേടി നടക്കുന്ന ശൈശവം വിട്ടുമാറാത്ത ആ കുഞ്ഞിനെ മുഹമ്മദ് ശിഹ്ഷാദ് തൊഴിച്ച് തെറിപ്പിച്ചത് തന്റെ കാറില്‍ ചാരി നിന്നു എന്ന കുറ്റത്തിനാണ്. മിന്നിത്തെളിയുന്ന കാറിന്റെ ഇന്റിക്കേറ്റര്‍ കൗതുകപൂര്‍വ്വം നോക്കി നിന്ന ദരിദ്ര ബാലന് കാറിന്റെ ഉടമസ്ഥന്‍ തന്നെ തൊഴിച്ചതെന്തിനാണെന്നു പോലും മനസ്സിലായിട്ടില്ല എന്ന് അവന്റെ പകച്ച കണ്ണുകള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. അയാള്‍ ചെയ്ത തെറ്റിനെ കണ്ടുനിന്ന ചിലര്‍ ചോദ്യംചെയ്തുവെങ്കിലും അല്‍പ്പംപോലും കുറ്റബോധമില്ലാതെ നാട്ടുകാരുടെ നേരെ തട്ടിക്കയറാനാണ് യുവാവ് ശ്രമിച്ചത്. പണവും മതപരമായ സംഘടിത ബലവും രാഷ്ട്രീയ പിടിപാടുമുണ്ടെങ്കില്‍ കേരളത്തില്‍ എന്തുമാകാമെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് തലശ്ശേരി സംഭവം. കണ്ടുനിന്നവരില്‍ നിന്നും പരാതി ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ വാഹനം കസ്റ്റഡിയില്‍ എടുക്കാന്‍ പോലീസ് നിര്‍ബന്ധിതരായെങ്കിലും പ്രതിയെ ‘ആദരപൂര്‍വ്വം’ വിട്ടയക്കുകയാണുണ്ടായത്.
സംഭവത്തെക്കുറിച്ച് സ്ഥലം എം.എല്‍.എയും നിയമസഭാ സ്പീക്കറുമായ ഷംസീറിനെ ഫോണില്‍ വിളിച്ച് പ്രതികരണമാരാഞ്ഞ ചാനല്‍ പ്രവര്‍ത്തകനോട് തട്ടിക്കയറുകയും താനല്ല കുട്ടിയെ തൊഴിച്ചതെന്ന് ധിക്കാരപൂര്‍വ്വം പ്രതികരിക്കുകയുമാണ് ചെയ്തത്. സി.സി.റ്റി.വി. ദൃശ്യങ്ങളിലൂടെ വാര്‍ത്ത ലോകം മുഴുവന്‍ പ്രചരിക്കുകയും ജനവികാരം തങ്ങള്‍ക്കെതിരാകുമെന്ന് മനസ്സിലാക്കുകയും ചെയ്തപ്പോള്‍ നിഷേധാത്മക നിലപാട് തിരുത്തി ആശുപത്രിയില്‍ കുട്ടിയെ സന്ദര്‍ശിക്കാന്‍ ഇടതുപക്ഷ നേതാക്കന്മാര്‍ തയ്യാറായി. ജനവികാരം ഭയന്ന് പിറ്റേന്ന് പ്രതിയെ അറസ്റ്റു ചെയ്ത പോലീസ് അവരുടെ കൃത്യവിലോപങ്ങളുടെ പട്ടികയില്‍ ഒരദ്ധ്യായം കൂടി എഴുതിച്ചേര്‍ത്തു.
മലയാളിയുടെ പ്രബുദ്ധതാവാദ പൊങ്ങച്ചങ്ങള്‍ക്കുമേല്‍ ഒടുക്കം കിട്ടിയ അടിയാണ് തലശ്ശേരി സംഭവം. കുറുക്കുവഴിയില്‍ പണമുണ്ടാക്കാന്‍ ആഭിചാരവും നരബലിയും മനുഷ്യമാംസം പാകം ചെയ്ത് കഴിക്കലും വരെ നടമാടുന്ന പ്രാകൃത സമൂഹമാണ് ‘സാക്ഷര സുന്ദര പ്രബുദ്ധകേരളം’ എന്ന് ലോകമറിഞ്ഞിട്ട് അധിക ദിവസമായിട്ടില്ല. പ്രേമിച്ച യുവാവിനെ ഒഴിവാക്കി മറ്റൊരാളെ വിവാഹം കഴിക്കാന്‍ അഭ്യസ്തവിദ്യയായ കാമുകി ജ്യൂസിലും കഷായത്തിലും വിഷം കലര്‍ത്തി ഒരു യുവാവിനെ കൊലപ്പെടുത്തിയിട്ട് ആഴ്ചകള്‍ കഴിഞ്ഞിട്ടില്ല. പ്രണയഭംഗം പ്രതികാരമായി കാമുകിയെ കിടപ്പറയില്‍ കയറി കാമുകന്‍ കഴുത്തറുത്തു കൊന്നിട്ടും അധിക ദിവസമായിട്ടില്ല. അദ്ധ്യാപകന്റെ കാല്‍ തല്ലിയൊടിക്കും എന്നു പരസ്യമായി വിളിച്ചു പറയുന്ന വിദ്യാര്‍ത്ഥിനേതാവിന് സ്വീകാര്യത കിട്ടുന്ന സമൂഹമായി മാറിയ കേരളത്തില്‍ ഇനി നമുക്ക് മാനവിക മൂല്യങ്ങളെക്കുറിച്ചുള്ള പ്രഘോഷണങ്ങള്‍ അവസാനിപ്പിക്കാം.
കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ബാലാവകാശ ലംഘനങ്ങള്‍ ചില അവികസിത ആഫ്രിക്കന്‍ രാജ്യങ്ങളുടെ സാമൂഹ്യ സാംസ്‌ക്കാരിക അപചയത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. തലശ്ശേരിയില്‍ ഇതര സംസ്ഥാന ബാലനെ മര്‍ദ്ദിച്ചത് ഒരു ഒറ്റപ്പെട്ട സംഭവമല്ല. സമാനമായ നിരവധി സംഭവങ്ങള്‍ ഏതാനും മാസങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഇരകള്‍ ഭൂരിപക്ഷവും പിന്നാക്ക വിഭാഗങ്ങളില്‍പെട്ടവരോ നിര്‍ദ്ധന പശ്ചാത്തലമുള്ളവരോ ആയതുകൊണ്ട് പോലീസും അധികൃതരും ഇത്തരം സംഭവങ്ങളോട് ഉദാസീനമായാണ് പെരുമാറുന്നതെന്ന് കാണാം.ആഗസ്റ്റ് മാസം വയനാട് നടവയലില്‍ പാടത്തിറങ്ങി മീന്‍ പിടിച്ചു എന്ന കുറ്റമാരോപിച്ചുകൊണ്ട് മൂന്ന് വനവാസി കുട്ടികളെ ഭീകരമായി മര്‍ദ്ദിച്ച പ്രതിക്ക് നിഷ്പ്രയാസം ജാമ്യം കിട്ടി എന്നിടത്ത് പോലീസ് സംവിധാനം ആര്‍ക്കൊപ്പമാണെന്ന് മനസ്സിലാകും. ശീമക്കൊന്നയുടെ വടികൊണ്ട് മൃഗങ്ങളെ തല്ലുന്നതു പോലെ കുട്ടികളെ മര്‍ദ്ദിക്കുമ്പോള്‍ അതില്‍ ഒരു കുട്ടി ബൈപ്പാസ് സര്‍ജറി കഴിഞ്ഞിരുന്ന രോഗിയായിരുന്നു. രക്ഷിതാക്കള്‍ ഉപേക്ഷിച്ച അഞ്ചു വയസ്സിനു താഴെയുള്ള കുട്ടികളെ സംരക്ഷിക്കുന്ന പാലക്കാട് അയ്യപുരത്തെ ശിശു പരിചരണ കേന്ദ്രത്തില്‍ നിന്നും കഴിഞ്ഞ നാളുകളില്‍ പുറത്തുവന്ന വാര്‍ത്തകളും ബാലാവകാശ ലംഘനത്തിന്റെ കഥകളാണ് വിളിച്ചു പറയുന്നത്. ഇവിടെ അനാഥരായ കുട്ടികളെ മര്‍ദ്ദിച്ചത് ശിശുക്ഷേമ സെക്രട്ടറിയും സി.പി.എം ബ്രാഞ്ച് ഭാരവാഹിയുമായ വിജയകുമാറായിരുന്നു. കോഴിക്കോട് ബാലുശേരിയില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ മോഷണക്കുറ്റമാരോപിച്ച് മര്‍ദ്ദിച്ചത് പി.ടി.എ അംഗം തന്നെയായിരുന്നു. മദ്രസകള്‍ കേന്ദ്രീകരിച്ചുകൊണ്ട് ആണ്‍കുട്ടികളും പെണ്‍കുട്ടികളും നിരന്തരം ലൈംഗിക പീഡനങ്ങള്‍ക്കിരയാക്കപ്പെടുന്നതിന്റെ നിരവധി വാര്‍ത്തകളാണ് പ്രതിദിനം പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
തന്റെ മൂന്നു വയസ്സ് മാത്രമുള്ള കുഞ്ഞുമായി പൊതുവേദിയില്‍ വന്ന കളക്ടറായ അമ്മയെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വിചാരണ ചെയ്യുന്ന മലയാളികളുടെ ബോധതലം കാപട്യത്തിന്റെ അഴുക്കുചാലുകളില്‍ ഉറച്ചു പോയ ഒന്നാണെന്ന് വിളിച്ചു പറയാതെ വയ്യ. സ്ത്രീകളോടും കുഞ്ഞുങ്ങളോടും ഒരു സമൂഹം എങ്ങനെ പെരുമാറുന്നു എന്നതില്‍ നിന്ന് ആ സമൂഹത്തിന്റെ മാനസികാരോഗ്യം വിലയിരുത്താന്‍ കഴിയും. തലശ്ശേരി പോലുള്ള സംഭവങ്ങള്‍ ജലരേഖയാകുന്ന ബാലാവകാശങ്ങളുടെ മാത്രം അടയാളമല്ല. അതിനപ്പുറം കരുണ വറ്റിയ ഒരു സമൂഹമായി കേരളീയര്‍ രൂപാന്തരപ്പെടുന്നതിന്റെ അപകട സൂചനയാണത്.