ശ്രീ ഗുരുനാനാക്ക് ദേവിന്റെ 550-ാം പ്രകാശവര്‍ഷവും മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികവും കൊണ്ട് വിശേഷപ്പെട്ട ഒരു വര്‍ഷമാണ് ഈ വിജയദശമിക്കു തൊട്ടുമുമ്പ് കടന്നുപോയത്. ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ നിശ്ചയിക്കപ്പെട്ട കാലപരിധി അനുസരിച്ച് കുറച്ചുകൂടി മുന്നോട്ടുപോകും. അതിനിടെ ദത്തോപന്ത് ഠേംഗ്ഡിജിയുടെ ജന്മശതാബ്ദി നവം.10ന് ആരംഭിക്കും. കഴിഞ്ഞവര്‍ഷം നടന്ന ചില പ്രധാന സംഭവങ്ങള്‍ നമ്മെ സംബന്ധിച്ചിടത്തോളം ആ വര്‍ഷത്തെ കൂടുതല്‍ അനുസ്മരണീയമാക്കി മാറ്റിയിട്ടുണ്ട്.
മെയ് മാസത്തിലാണ് ലോകസഭാ തിരഞ്ഞെടുപ്പുഫലം പുറത്തുവന്നത്. മുഴുവന്‍ ലോകത്തിന്റെയും ശ്രദ്ധ ആകര്‍ഷിച്ച ഒരു തിരഞ്ഞെടുപ്പായിരുന്നു ഇത്. ഭൂമിശാസ്ത്രപരമായ നിരവധി വൈവിധ്യങ്ങളുള്ള ഭാരതത്തില്‍ സമയബന്ധിതവും ആസൂത്രിതവുമായ രീതിയില്‍ ചിട്ടയോടെ തിരഞ്ഞെടുപ്പു നടക്കുന്നതാണ് ഈ ആകര്‍ഷണത്തിനുള്ള മുഖ്യ കാരണം. മുന്‍ സര്‍ക്കാരിനോടുള്ള നിഷേധത്തിന്റെ രൂപത്തില്‍ വന്ന രാഷ്ട്രീയ തരംഗത്തിന്റെ ഫലമാണ് 2014ല്‍ കണ്ടതെങ്കില്‍ ശരിയായ ദിശയിലേക്കു പോകാന്‍ ജനമനസ്സുകള്‍ തയ്യാറായതിന്റെ സൂചനയായാണ് 2019ലെ ഫലം വന്നത്. ഇക്കാര്യവും ലോകം ശ്രദ്ധിച്ചു. ജനങ്ങള്‍ അവരുടെ ഉറച്ച തീരുമാനം പ്രകടിപ്പിച്ചു. പരിചിതമല്ലാത്ത, പുറത്തു നിന്ന് ഇറക്കുമതി ചെയ്ത ഒന്നല്ല ഭാരതത്തിന് ജനാധിപത്യം. നൂറ്റാണ്ടുകള്‍ നീണ്ട പാരമ്പര്യത്തിന്റെയും കൂട്ടായ അനുഭവങ്ങളുടെയും സ്വാതന്ത്ര്യാനന്തരം നേടിയ ഉണര്‍വ്വിന്റെയും ഫലമായി ദേശീയ മനസ്സില്‍ ചിരപ്രതിഷ്ഠിതമായ ജനാധിപത്യത്തെ ഭാരതം വിജയകരമായി മുന്നോട്ടു കൊണ്ടുപോകുന്നു. ഈ വസ്തുത എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. കൂടുതല്‍ സീറ്റുകള്‍ നല്‍കിക്കൊണ്ട് പുതിയ സര്‍ക്കാരിനെ തിരഞ്ഞെടുത്ത സമൂഹം സര്‍ക്കാരിന്റെ മുന്‍പ്രകടനത്തെ അംഗീകരിക്കുകയും ഭാവിയിലേക്ക് കൂടുതല്‍ പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുകയുമാണ് ചെയ്തത്.
പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണകൂടം 370-ാം വകുപ്പ് റദ്ദാക്കിക്കൊണ്ട് ജനങ്ങളുടെ പ്രതീക്ഷകള്‍ സഫലമാക്കാനുള്ള ധൈര്യവും രാജ്യതാല്പര്യത്തിനനുസരിച്ച് ജനങ്ങളുടെ വികാരങ്ങളെയും താല്പര്യങ്ങളെയും മാനിക്കാനുള്ള കെല്പും അതിനുണ്ടെന്ന് തെളിയിക്കുകയാണ് ചെയ്തത്. 370-ാം വകുപ്പിന്റെ റദ്ദാക്കല്‍ ഭരണകക്ഷിയുടെ ചിന്തയില്‍ എപ്പോഴും ഉണ്ടായിരുന്നു. പക്ഷെ ഈ സമയത്ത് ശക്തവും യുക്തവുമായ വാദഗതികളിലൂടെ പൊതുവികാരത്തെ അവതരിപ്പിച്ച് ഇരുസഭകളിലെയും മറ്റു രാഷ്ട്രീയ കക്ഷികളുടെ പിന്തുണ സാമര്‍ത്ഥ്യപൂര്‍വ്വം നേടിക്കൊണ്ട് ഈ ലക്ഷ്യം സാക്ഷാത്കരിച്ചതിന് പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഉള്‍പ്പെടെയുള്ള ഭരണകക്ഷി അംഗങ്ങളും പൊതുവികാരത്തെ പാര്‍ലമെന്റില്‍ അനുകൂലിച്ച മറ്റു രാഷ്ട്രീയ കക്ഷികളും അഭിനന്ദനം അര്‍ഹിക്കുന്നു. 370-ാം വകുപ്പിന്റെ സ്വാധീനത്തിലൂടെ നിഷേധിക്കപ്പെട്ട നീതി പുനഃസ്ഥാപിക്കപ്പെടുകയും ഉണ്ടായ അനീതികള്‍ അവസാനിപ്പിക്കപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമേ ഈ നടപടി അതിന്റെ പൂര്‍ണ്ണമായ ഫലപ്രാപ്തിയിലെത്തൂ. അന്യായമായി ഓടിക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകളെ പുനരധിവസിപ്പിക്കുകയും സുരക്ഷിതമായി, ഭയമില്ലാതെ, ദേശസ്‌നേഹത്തോടെ, ഹിന്ദുവായി ജീവിക്കാന്‍ അവരെ അനുവദിക്കുകയും ചെയ്യുമ്പോഴേ ഇത് സാദ്ധ്യമാകൂ. കാശ്മീരിലെ ജനതയ്ക്ക്, മുമ്പ് നിഷേധിക്കപ്പെട്ടിരുന്ന നിരവധി അവകാശങ്ങള്‍ പുനഃസ്ഥാപിക്കുകയും 370-ാം വകുപ്പ് നീക്കിയതിലൂടെ താഴ്‌വരയിലെ സഹോദരങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി ഉണ്ടെന്ന തരത്തില്‍ അവരുടെ മനസ്സിലുണ്ടാക്കിയ അനാവശ്യമായ ഭയം ഇല്ലാതാക്കുകയും രാജ്യത്തിന്റെ വികസനത്തിന് ഭാരതത്തിന്റെ മറ്റു ഭാഗങ്ങളിലെ ജനങ്ങളോടൊപ്പം നിന്ന് സാഹോദര്യഭാവത്തോടെ അവരുടെ കടമകള്‍ നിര്‍വ്വഹിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുകയും വേണം.
സപ്തംബര്‍ മാസത്തില്‍ ഭാരതീയ ശാസ്ത്രജ്ഞര്‍ അവരുടെ കഴിവുപയോഗിച്ച് ചന്ദ്രയാന്റെ ‘വിക്രമി’ നെ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെ ഇതേവരെ പര്യവേഷണം ചെയ്യപ്പെടാത്ത മേഖലയില്‍ എത്തിച്ചപ്പോള്‍ ലോകത്തിലെ മുഴുവന്‍ ശാസ്ത്ര സമൂഹത്തിന്റെയും പ്രശംസയും ശ്രദ്ധയും നേടുകയുണ്ടായി. പ്രതീക്ഷിച്ചപോലെ ദൗത്യം പൂര്‍ണ്ണമായി വിജയിച്ചില്ലെങ്കിലും ആദ്യപരിശ്രമത്തില്‍ തന്നെ മുഴുവന്‍ ലോകത്തിനും ഇതുവരെ കഴിയാത്ത നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞത് വലിയ വിജയം തന്നെയാണ്. നമ്മുടെ ശാസ്ത്രജ്ഞരുടെ ധീരതയോടുകൂടിയ ഈ ദൗത്യം രാജ്യത്തിന്റെ ബൗദ്ധിക കാര്യക്ഷമത, ശാസ്ത്രീയ കഴിവുകള്‍, കഠിനാദ്ധ്വാനത്തിലൂടെ ലക്ഷ്യങ്ങള്‍ നേടാനുള്ള പ്രതിബദ്ധത എന്നിവയോടുള്ള ലോകത്തിന്റെ ആദരവ് വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. ജനങ്ങളുടെ പക്വതയാര്‍ന്ന ബുദ്ധിയും പ്രവൃത്തിയും രാജ്യത്തെ കുറിച്ച് ഉണര്‍ന്ന അഭിമാനബോധവും ശാസ്ത്രമികവിന്റെ അനുഭവത്തില്‍ സര്‍ക്കാരിനോടുള്ള ഉറച്ച പ്രതിബദ്ധതയും – സന്തോഷകരമായ ഈ അനുഭവങ്ങളെല്ലാം കഴിഞ്ഞ വര്‍ഷത്തെ, എക്കാലത്തേയ്ക്കും അനുസ്മരണീയമാക്കിത്തീര്‍ത്തു.
എങ്കിലും സന്തോഷകരമായ അനുഭവങ്ങളുടെ അടിസ്ഥാനത്തില്‍ എല്ലാം സര്‍ക്കാരിനെ ഏല്പിച്ച് മടിയരും അലസരുമായി ഇരിക്കാനും ജാഗ്രതയും താല്പര്യങ്ങളും കുറച്ച് നിര്‍ജ്ജീവമായി ആഡംബരങ്ങളിലും സ്വാര്‍ത്ഥതയിലും മുഴുകാനുമുളള സമയമല്ല ഇത്. നാം എന്തിനെ ലക്ഷ്യമാക്കിയാണോ യാത്ര പുറപ്പെട്ടിട്ടുള്ളത്, ആ ആത്യന്തിക ലക്ഷ്യം- ഭാരതത്തിന്റെ പരംവൈഭവം – ഇനിയും എത്രയോ അകലെയാണ്. മാര്‍ഗ്ഗവിഘ്‌നം സൃഷ്ടിക്കുന്ന ശക്തികള്‍ ഇപ്പോഴും അവരുടെ പ്രവര്‍ത്തനം തുടരുകയാണ്. മറികടക്കേണ്ട ചില പ്രതിസന്ധികള്‍ നമ്മുടെ മുന്നിലുണ്ട്. നാം ഉത്തരം നല്‍കേണ്ട ചില ചോദ്യങ്ങളുമുണ്ട്. പരിഹാരം കാണേണ്ട ചില പ്രശ്‌നങ്ങളും ഉണ്ട്.
പ്രതിസന്ധിയെ സംബന്ധിച്ചാണെങ്കില്‍ വ്യക്തിയുടെ കാര്യത്തിലായാലും ലോകത്തിന്റെ കാര്യത്തിലായാലും എപ്പോഴും ചില പ്രതിസന്ധികള്‍ ഉണ്ടാകാറുണ്ട്. ചില പ്രതിസന്ധികള്‍ ഇപ്പോള്‍ കാണപ്പെടുന്നതാണ്. ചിലത് പിന്നീടേ മുമ്പിലെത്തുകയുള്ളൂ. നമ്മുടെ ശരീരവും മനസ്സും ബുദ്ധിയും ജാഗ്രത്തും ആരോഗ്യപൂര്‍ണ്ണവും പ്രതികരണാത്മകവും ആയിരിക്കുന്നിടത്തോളം പ്രതിസന്ധികളെ വിജയകരമായി തരണം ചെയ്യാനുള്ള സാദ്ധ്യതയും വര്‍ദ്ധിച്ചിരിക്കും. ഭാഗ്യവശാലുള്ള നമ്മുടെ രാജ്യത്തിന്റെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യക്ഷമത, സൈന്യത്തിന്റെ തയ്യാറെടുപ്പ്, സര്‍ക്കാരിന്റെ സുരക്ഷിതത്വനയം, അന്താരാഷ്ട്ര രാഷ്ട്രീയത്തില്‍ നമുക്കുള്ള വൈദഗ്ധ്യം – ഈ വിഷയങ്ങളിലെല്ലാം നാം കൂടുതല്‍ ജാഗ്രതയും ആത്മവിശ്വാസവുമുള്ളവരായിരിക്കേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്. നമ്മുടെ കര-സമുദ്ര അതിര്‍ത്തികളിലെ സുരക്ഷിതത്വ ജാഗ്രത ഇപ്പോള്‍ മികച്ചതാണ്. എങ്കിലും കരഅതിര്‍ത്തികളിലെ സുരക്ഷാ ജീവനക്കാരുടെ എണ്ണവും ചെക്ക് പോസ്റ്റുകളുടെ എണ്ണവും സമുദ്രാതിര്‍ത്തികളിലെ നിരീക്ഷണം, പ്രത്യേകിച്ച് ദ്വീപുകളിലേതും വര്‍ദ്ധിപ്പിക്കണം. ഭീകരസംഭവങ്ങള്‍ രാജ്യത്ത് കുറഞ്ഞിട്ടുണ്ട്. കീഴടങ്ങുന്ന ഭീകരരുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്.
ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം, ഉണ്ടാകാവുന്ന ഒരു പ്രതിസന്ധിയെക്കുറിച്ചുള്ള ഭയം ഉള്ളില്‍ എപ്പോഴും നിലനില്‍ക്കുന്നതാണ്. പല വിഷമങ്ങളും സൃഷ്ടിക്കുന്ന ഘടകങ്ങള്‍ ശരീരത്തിനുള്ളില്‍ നിലനില്‍ക്കുന്നു. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുകയാണെങ്കില്‍ അവയുടെ സ്വാധീനം പ്രകടമാകും, ഇല്ലെങ്കില്‍ യാതൊരു ഭീഷണിയുമുണ്ടാകില്ല.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഭാരതത്തിന്റെ ചിന്താപദ്ധതിയുടെ ദിശയില്‍ ഒരു പരിവര്‍ത്തനം വരുന്നതായി നമുക്കറിയാമല്ലോ. ഈ മാറ്റം ആഗ്രഹിക്കാത്ത നിരവധി വ്യക്തികള്‍ ലോകത്തിലും ഭാരതത്തിനുള്ളിലും ഉണ്ട്. ഒരു വികസിത ഭാരതം നിക്ഷിപ്ത താല്പര്യക്കാരുടെ മനസ്സില്‍ ഭയം ജനിപ്പിക്കുന്നതാണ്. ഇത്തരം ശക്തികള്‍ ഭാരതം ശക്തവും ഊര്‍ജ്ജസ്വലവും ആകാന്‍ ആഗ്രഹിക്കുന്നുമില്ല. നിര്‍ഭാഗ്യവശാല്‍ ഭാരതത്തിലെ സാമൂഹ്യ ഏകതയുടെയും സമത്വത്തിന്റെയും സഹിഷ്ണുതയുടെയും ഇപ്പോഴത്തെ അവസ്ഥ നാം ആഗ്രഹിക്കുന്ന ഒരു നിലവാരത്തിലല്ല. സാഹചര്യത്തിന്റെ അനുകൂലതയില്‍ നിന്ന് മുതലെടുക്കാന്‍ ഈ ശക്തികള്‍ ശ്രമിക്കുന്നതായി കാണപ്പെടുന്നു. ജാതി, വര്‍ഗ്ഗം, ഭാഷ, പ്രദേശം എന്നിവയിലുള്ള വൈവിധ്യം ഒരാളെ മറ്റൊരാളില്‍ നിന്ന് വേര്‍പെടുത്താന്‍ ഉപയോഗിക്കപ്പെടുന്നു. അവരെ വൈവിധ്യത്തിലേക്കു നയിക്കുന്നു, സമൂഹത്തില്‍ നിലനില്‍ക്കുന്ന വിടവുകളെ വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുന്നു, നിര്‍മ്മിക്കുന്ന വേര്‍തിരിവുകളിലൂടെ വികലമായ അസ്തിത്വം അടിച്ചേല്പിച്ചുകൊണ്ട്, ദേശീയ മുഖ്യധാരയില്‍ പരസ്പരം സംഘര്‍ഷത്തിലേര്‍പ്പെടുന്ന വൈവിധ്യമാര്‍ന്ന പ്രവാഹങ്ങള്‍ സൃഷ്ടിക്കുന്നു. ഇത്തരം പരിശ്രമങ്ങളെല്ലാം ഇന്നും നടന്നുവരുന്നു. ഈ നീക്കങ്ങളെക്കുറിച്ച് ജാഗ്രതയോടെ ഇരിക്കേണ്ടതും ബൗദ്ധികവും സാമൂഹ്യവുമായ പദ്ധതികളിലൂടെ ഇവയെ പ്രതിരോധിക്കേണ്ടതും അനിവാര്യമാണ്.
സര്‍ക്കാര്‍ വക്താക്കളില്‍ നിന്നുവരുന്ന ഭാവാത്മകമായ നയങ്ങളും തീരുമാനങ്ങളും പ്രസ്താവനകളും തെറ്റിദ്ധരിപ്പിക്കുകയും വളച്ചൊടിക്കുകയും ചെയ്ത് ഈ ശക്തികളുടെ ഗൂഢതാല്പര്യങ്ങള്‍ക്കു സഹായകരമാകുന്ന വിധത്തില്‍ ഉപയോഗിക്കപ്പെടുന്നു. ഇതിനെതിരെ നിരന്തരമായ ജാഗ്രത ആവശ്യമാണ്. ഈ പരിശ്രമങ്ങളെല്ലാം നടക്കുമ്പോള്‍ തന്നെ പരസ്യവും രഹസ്യവുമായ നീക്കങ്ങളിലൂടെ പൊതുവായ അച്ചടക്കത്തോടും നാട്ടിലെ നിയമങ്ങളോടും താല്പര്യക്കുറവ് സൃഷ്ടിക്കാനുള്ള ശ്രമങ്ങളും നടന്നുവരുന്നു. എല്ലാ തലങ്ങളിലും ഇതിനെ ചെറുക്കേണ്ടതുണ്ട്.
(തുടരും)