നമുക്ക് നിത്യപരിചയമുള്ള ജീവിയാണല്ലോ ഉറുമ്പുകള്‍. ഇവ നമ്മുടെ ശരീരത്തിലും ഭക്ഷണസാധനങ്ങളിലും കിടക്കയിലും തറയിലും ചുമരിലും മേശപ്പുറത്തും കസേരയിലും കയറിക്കൂടുന്നവരാണ്. ഇവയുടെ വിഹാരങ്ങള്‍ കാണാന്‍ കൗതുകമുണ്ടെങ്കിലും നമുക്ക് ശല്യമായിട്ടേ അനുഭവപ്പെടാറുള്ളു. ഈ ശല്യക്കാരും ചട്ടമ്പിസ്വാമികളും ഉറ്റ സുഹൃത്തുക്കളായിരുന്നു. അദ്ദേഹം ഈ ക്ഷുദ്ര പ്രാണികളെ സ്വന്തം കുഞ്ഞുങ്ങളെപ്പോലെ സ്‌നേഹിച്ചിരുന്നു. 1921ല്‍ സ്വാമികള്‍ മാവേലിക്കര ആണ്ടിപ്പിള്ള മജിസ്‌ട്രേട്ടിന്റെ വസതിയില്‍ താമസിച്ചിരുന്നു. അന്ന് മേയ് മാസത്തിലെ നല്ല മഴയുള്ള ഒരു ദിവസമായിരുന്നു. സ്വാമികള്‍ ഒരു ചാരുകസേരയില്‍ വിശ്രമിക്കുന്നു. ഒന്നു രണ്ടുപേര്‍ താഴെ പായയില്‍ ഇരിപ്പുണ്ട്. വീട്ടുടമ മുറിക്കുള്ളില്‍ ചില ഔദ്യോഗിക രേഖകള്‍ തയ്യാറാക്കുകയാണ്. വരാന്തയുടെ ചുവട്ടില്‍ ധാരാളം ഉറുമ്പുകള്‍ കൂട്ടം കൂടി നടക്കുന്നു. അതുകണ്ട തൂപ്പുകാരന്‍ ചൂലുമായി വന്ന് അവയെ തൂത്തുമുറ്റത്തേയ്ക്കു മാറ്റി. അവ മുറ്റത്തെ നനഞ്ഞ മണ്ണില്‍ കിടന്ന് പിടയ്ക്കുവാന്‍ തുടങ്ങി. സ്വാമികള്‍ അതുകണ്ട് വളരെ വ്യസനിച്ചു. തൂപ്പുകാരനെ ശാസിച്ച ശേഷം നനഞ്ഞ കണ്ണുകളോടെ അയാളോട് കുറെ അരിപ്പൊടി കൊണ്ടുവരാന്‍ സ്വാമിജി ആവശ്യപ്പെട്ടു. തൂപ്പുകാരന്‍ കൊണ്ടുവന്ന അരിപ്പൊടി സ്വാമിജി കയ്യില്‍ വാങ്ങി താഴത്തെ വരാന്തയില്‍ തൂകിയ ശേഷം ”വേഗം കയറിവരിന്‍ മക്കളേ” എന്നു പറഞ്ഞ് ഒരു ശബ്ദം പുറപ്പെടുവിച്ചു. മണ്ണില്‍ പിടയുന്ന ഉറുമ്പുകള്‍ ഉടനേ വരാന്തയിലേക്ക് ഒരു വഴിത്താര തെളിയിച്ചു, ഒന്നിനു പിറകേ മറ്റൊന്ന് എന്ന രീതിയില്‍. അരിപ്പൊടി വിതറിയിടത്ത് ഉറുമ്പുകള്‍ നിറഞ്ഞു. സ്വാമിജി വരാന്തയുടെ മുകളിലിരുന്നുകൊണ്ട് വലത്തെപാദം താഴെ ഉറുമ്പുകളുടെ സമീപത്തായി ഊന്നി. അല്പസമയം കൊണ്ട് രോമാവൃതമായ ആ മുഴങ്കാല്‍ മുഴുവന്‍ ഉറുമ്പുകള്‍ പൊതിഞ്ഞു കഴിഞ്ഞു. മുക്കാല്‍ മണിക്കൂറോളം അവിടെത്തന്നെ അവ ഇരുന്നു. ബാക്കിയുണ്ടായിരുന്ന അരിപ്പൊടി അല്പം അകലെ വിതറിയിട്ട് അവയോട് ഇറങ്ങിപൊയ്‌ക്കൊള്ളാന്‍ സ്വാമിജി ആജ്ഞാപിച്ചു. അവരവര്‍ക്കുള്ള വിഹിതം വഹിച്ചുകൊണ്ട് അവ ഒന്നൊഴിയാതെ നീങ്ങി അകന്നു. കണ്ടു നിന്നവര്‍ ആശ്ചര്യപരതന്ത്രരായി.