ആധുനിക പരികല്പനകള്‍ക്കനുസൃതമായ ഫെഡറല്‍ ഭരണസംവിധാനം സ്വീകരിച്ചിട്ടുള്ള എന്നാല്‍ ഗോത്രഭാഷകളുള്‍പ്പെടെ അനേകം ഭാഷകള്‍ സംസാരിക്കുന്ന ജനസമൂഹം നിവസിക്കുന്ന ഒരു രാജ്യത്ത് ഏതെങ്കിലുമൊരു പ്രത്യേക ഭാഷയെ ഔദ്യോഗിക ഭാഷയും ഭരണഭാഷയുമായി അംഗീകരിക്കുമ്പോഴുണ്ടാകുന്ന ചില സ്വത്വവിചാരങ്ങളും ആശങ്കകളുമാണ് ഭാഷയുടെ കാര്യത്തില്‍ ഇന്ന് ഭാരതം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം.
കേന്ദ്രസര്‍ക്കാരിന്റെ ഭാഷാ നയത്തെ വസ്തുതാപരമായി സമീപിക്കാതെ ഹിന്ദി ഭാഷയെ പ്രതിസ്ഥാനത്ത് നിര്‍ത്തികൊണ്ട് സ്വതന്ത്രഭാരതത്തിന്റെ ഭാഷാനയം പല ഘട്ടങ്ങളിലും ചോദ്യം ചെയ്യപ്പെടുകയും വിമര്‍ശന വിധേയമാക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യത്തിനുശേഷം കഴിഞ്ഞ എഴുപത്തഞ്ച് വര്‍ഷത്തെ ഭരണത്തില്‍ ഭാഷയോടുള്ള സര്‍ക്കാരിന്റെ സമീപനം എങ്ങനെയായിരുന്നുവെന്ന് പരിശോധിക്കുന്നത് ഉചിതമായിരിക്കും.
രാഷ്ട്രഭാഷാ സങ്കല്‍പ്പം
ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ചേര്‍ത്തിട്ടുള്ളതും അംഗീകരിക്കപ്പെട്ടിട്ടുള്ളതുമായ ഭാഷകളെയാണ് രാഷ്ട്രഭാഷ- (National Language)- എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മൈഥിലി, സന്താലി, ബോഡോ, ഡോഗ്രി എന്നീ നാല് ഭാഷകളെയാണ് ഏറ്റവുമൊടുവില്‍ ഒരുമിച്ച് ഈ പട്ടികയില്‍ ചേര്‍ത്തത്. രാഷ്ട്രഭാഷയെ കുറിച്ചുള്ള സാങ്കേതികമായ ഒരു നിര്‍വ്വചനമായി ഇത് നിലനില്‍ക്കുമ്പോഴും രാഷ്ട്രഭാഷ എന്നു പറയുമ്പോള്‍ ജനമനസ്സുകള്‍ കാണുന്നത് ഹിന്ദിയെയാണ്. ജനഭാഷ എന്ന നിലയില്‍ ഹിന്ദിയുടെ സ്വാധീനവും ഭാരതസ്വാതന്ത്ര്യസമരവുമായുള്ള ഈ ഭാഷയുടെ ബന്ധവുമാണ് ഇതിനുകാരണം. സ്വാതന്ത്ര്യസമരകാലത്ത് ആശയവിനിമയത്തിനുള്ള പൊതുഭാഷയായി ഹിന്ദി (ഹിന്ദുസ്ഥാനി) ഉപയോഗിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത് മഹാത്മാഗാന്ധിയാണ്. അദ്ദേഹത്തിന്റെ ആഹ്വാനപ്രകാരം മകന്‍ ദേവദാസ് ഗാന്ധിയാണ് 1935-ല്‍ മദ്രാസില്‍ ദക്ഷിണഭാരത ഹിന്ദിപ്രചാരസഭ സ്ഥാപിച്ചത്. ഖാദി പ്രചരണം, ഹരിജനോദ്ധാരണം, ക്ഷേത്രപ്രവേശനം തുടങ്ങി സ്വാതന്ത്ര്യ സമരകാലത്തെ പ്രധാന കര്‍മ്മപദ്ധതികളിലൊന്നായിരുന്നു ഹിന്ദിപ്രചരണം. ഗാന്ധിജിയുടെ ആഹ്വാനപ്രകാരം സ്വാതന്ത്ര്യ സമരസേനാനികളില്‍ പലരും ഹിന്ദി പഠിക്കുകയും ഹിന്ദിപ്രചാരകരാകുകയും പില്‍ക്കാലത്ത് ഹിന്ദി അധ്യാപകരായി സേവനമനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യസമര കാലത്തെ ഹിന്ദിയുടെ പാരമ്പര്യം സ്വാതന്ത്ര്യാനന്തരകാലത്ത് ചോദ്യം ചെയ്യപ്പെടുന്നതാണ് പിന്നീട് നാം കണ്ടത്. ഭാഷയുടെയും മതത്തിന്റെയും പ്രദേശത്തിന്റെയും പേരിലുള്ള അവകാശവാദങ്ങള്‍ക്ക് ഇടം കിട്ടിയതോടെ രാഷ്ട്രഭാഷ എന്ന നിലയില്‍ ഹിന്ദിയെ ഉള്‍ക്കൊള്ളാനുള്ള വിമുഖത പ്രകടമായി.
ഔദ്യോഗിക ഭാഷ
രാജ്യത്തിന് പൊതുവായും ഫെഡറല്‍ സംവിധാനത്തില്‍ ഓരോ സംസ്ഥാനത്തിനും ഒരു ഔദ്യോഗികഭാഷ ഉണ്ടാകുക എന്നത് ഭരണപരമായ അനിവാര്യതയാണ്. സ്വാതന്ത്ര്യത്തിനുശേഷം ഔദ്യോഗികഭാഷാ പ്രശ്‌നം ഭരണഘടനാ നിര്‍മ്മാണ സഭയുടെ മുമ്പിലും സങ്കീര്‍ണ്ണമായ വിഷയമായിരുന്നു. ചര്‍ച്ചയിലൂടെ ഒറ്റ മനസ്സോടെ ഹിന്ദിയെ ഔദ്യോഗിക ഭാഷയായി സ്വീകരിക്കാന്‍ ഭരണഘടനാ നിര്‍മ്മാണ സഭയ്ക്ക് കഴിഞ്ഞിരുന്നില്ല. വേട്ടെടുപ്പിലൂടെയാണ് 1949 സപ്തംബര്‍ 14ന് ഭരണഘടനാ നിര്‍മ്മാണ സഭ ഹിന്ദിയെ യൂണിയന്‍ സര്‍ക്കാരിന്റെ ഔദ്യോഗികഭാഷയായി അംഗീകരിക്കുന്നത്. ഭരണഘടനയുടെ 343 മുതല്‍ 351 വരെ അനുച്ഛേദങ്ങള്‍ ഹിന്ദിഭാഷയുടെയും ഭാരതീയ ഭാഷകളുടെയും ഉപയോഗവുമായി ബന്ധപ്പെട്ടുള്ളതാണ്. ഭരണഘടനയുടെ അനുച്ഛേദം 343(1) അനുസരിച്ച് ദേവനാഗരി ലിപിയില്‍ എഴുതപ്പെട്ട ഹിന്ദി ഭാരത യൂണിയന്റെ ഔദ്യോഗികഭാഷയാണ്. 1950-ല്‍ ഭരണഘടന പ്രാബല്യത്തില്‍ വന്നതു മുതല്‍ ഇതിന് അംഗീകാരമുണ്ട്. ഔദ്യോഗികഭാഷയായി ഹിന്ദി അംഗീകരിക്കപ്പെട്ടുവെങ്കിലും സര്‍ക്കാര്‍ വ്യവഹാരം ഒറ്റയടിയ്ക്ക് ഭാരതത്തിലുടനീളം ഹിന്ദിയിലാക്കുക എന്നത് പ്രായോഗികമായ കാര്യമായിരുന്നില്ല. വര്‍ഷങ്ങളായി ഇംഗ്ലീഷ് ഭാഷയില്‍ അനുവര്‍ത്തിച്ച് പോന്ന ഭരണനിര്‍വ്വഹണം ഹിന്ദിയിലേക്ക് മാറുന്നതിന് ഏറെ മുന്നൊരുക്കങ്ങള്‍ ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെ ഭരണഘടന നിലവില്‍ വന്നതിനുശേഷം പതിനഞ്ച് വര്‍ഷം വരെ – 1965വരെ ഔദ്യോഗികഭാഷയായി ഇംഗ്ലീഷ് തുടരാന്‍ ഭരണഘടനയുടെ 343(2) വകുപ്പനുസരിച്ച് സര്‍ക്കാര്‍ അനുമതി നല്‍കി. ഈ 15 വര്‍ഷത്തെ കാലയളവില്‍ ഔദ്യോഗികഭാഷ എന്ന നിലയില്‍ ഹിന്ദിയുടെ വളര്‍ച്ചക്കാവശ്യമായ പദ്ധതികളും ഉദ്യോഗസ്ഥന്മാര്‍ക്ക് ഹിന്ദിയില്‍ പരിശീലനവും നല്‍കാന്‍ വ്യവസ്ഥ ചെയ്തു. ഭരണഭാഷ എന്ന നിലയില്‍ ഹിന്ദിയുടെ വളര്‍ച്ചക്കായി വിവിധ വിഷയങ്ങളില്‍ സാങ്കേതികപദാവലി വിപുലപ്പെടുത്താന്‍ കമ്മീഷന്‍ ഫോര്‍ സയന്റിഫിക് ആന്‍ഡ് ടെക്‌നിക്കല്‍ ടെര്‍മിനോളജി, പരിശീലനങ്ങള്‍ നല്‍കാനായി സെന്‍ട്രല്‍ ഹിന്ദി ഡയരക്ടറേറ്റ്, കേന്ദ്ര-സെന്‍ട്രല്‍ ഹിന്ദി ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട്, ഹിന്ദി ടീച്ചിംഗ് സ്‌കീം എന്നിവ രൂപീകരിച്ചു.
ഔദ്യോഗിക ഭാഷയായി ഹിന്ദി നടപ്പാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച സമയപരിധി അവസാനിക്കാറായപ്പോള്‍ 1963-ല്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഒരു ഔദ്യോഗിക ഭാഷ ആക്ട് പാസ്സാക്കുകയുണ്ടായി. ഒഫീഷ്യല്‍ ലാംഗ്വേജ് ആക്ട് 1963 പ്രകാരം 1965ന് ശേഷവും ഔദ്യോഗികഭാഷയായി ഇംഗ്ലീഷിന് തുടരാന്‍ സാധിച്ചു. ഭാഷാപരമായ രാജ്യത്തെ സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനമെടുത്തത്. ഇംഗ്ലീഷിനൊപ്പം ഭരണ ഭാഷയായി ഹിന്ദിയും ഉപയോഗിക്കണമെന്ന സുപ്രധാന തീരുമാനം ഒ.എല്‍ ആക്ടിലുണ്ട്. ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്നുള്ള ദ്വിഭാഷാസ്ഥിതി അങ്ങനെയാണ് നിലവില്‍ വരുന്നത്. ഇതിന്റെ ഫലമായി പാര്‍ലമെന്റിന്റെ ഇരുസഭകളിലും കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളിലും പൊതുമേഖല സ്ഥാപനങ്ങളിലും ബാങ്കുകളിലുമെല്ലാം ഹിന്ദിയും ഇംഗ്ലീഷും ഒരേപോലെ ഉപയോഗിക്കുന്ന സ്ഥിതി സംജാതമായി. വിവിധ തലത്തില്‍ ഹിന്ദിയുടെ ഉപയോഗം വിലയിരുത്താന്‍ വിവിധ സമിതികളും നിലവില്‍ വന്നു. കേന്ദ്ര സര്‍ക്കാരിന്റെ വ്യവഹാരങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ഒരേപോലെ നടപ്പാക്കുന്നത് ഉറപ്പുവരുത്താനായി 1976ല്‍ ഔദ്യോഗികഭാഷാ നിയമവും കൊണ്ടുവന്നു. ഇതുപ്രകാരം രാജ്യത്തെ എ, ബി, സി എന്നീ മൂന്ന് മേഖലകളായി തിരിച്ച് പ്രത്യേകം കാര്യനിര്‍വ്വഹണ പദ്ധതികളും ലക്ഷ്യങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ഔദ്യോഗിക ഭാഷ എന്ന നിലയില്‍ ഹിന്ദിയുടെ ഉപയോഗം വിലയിരുത്താന്‍ രൂപീകരിച്ചിട്ടുള്ള ഉന്നതാധികാര സമിതിയാണ് ഔദ്യോഗിക ഭാഷയ്ക്കായുള്ള പാര്‍ലമെന്ററി സമിതി. ഹിന്ദിയുടെ ഉപയോഗം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഈ സമിതി നല്‍കിയ റിപ്പോര്‍ട്ടാണല്ലൊ ഇപ്പോള്‍ വിവാദത്തിന് കാരണമായത്. ലോക്‌സഭയിലെ ഇരുപതും രാജ്യസഭയിലെ പത്തും അംഗങ്ങളുള്‍പ്പെട്ട ഈ സമിതി സബ് കമ്മിറ്റികളായി പിരിഞ്ഞ് രാജ്യത്തുടനീളമുള്ള കേന്ദ്ര സര്‍ക്കാര്‍ ബാങ്ക് – പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിരീക്ഷണം നടത്തിയതിനുശേഷം വസ്തുസ്ഥിതി വിലയിരുത്തി രാഷ്ട്രപതിയ്ക്ക് നേരിട്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. രാഷ്ട്രപതി ഈ റിപ്പോര്‍ട്ട് പരിശോധിച്ച് സര്‍ക്കാരിലേക്കയക്കും. റിപ്പോര്‍ട്ടില്‍ പ്രായോഗികമായി നടപ്പാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ നടപ്പില്‍ വരുത്താനായി ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഔദ്യോഗികഭാഷാ വകുപ്പ് ഉത്തരവിറക്കും. ഇതാണ് സാധാരണ രീതി. പാര്‍ലമെന്ററി സമിതി ഇപ്പോള്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭരണഭാഷയായി ഹിന്ദി അടിച്ചേല്‍പ്പിക്കുന്നുവെന്നും ഹിന്ദി പഠിക്കാത്തവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജോലി നിഷേധിക്കുമെന്നെല്ലാം നടത്തുന്ന പ്രചരണങ്ങള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ജനരോഷമുണര്‍ത്താനുള്ള ആസൂത്രിതമായ ശ്രമം മാത്രമാണ്. കേന്ദ്ര സര്‍ക്കാര്‍ റിപ്പോര്‍ട്ടിന്മേല്‍ ഒരു തീരുമാനവുമെടുത്തിട്ടില്ല എന്നു മാത്രമല്ല നിലവിലുള്ള സാഹചര്യങ്ങള്‍ വിലയിരുത്തി മാത്രമേ ഇത്തരം വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളുകയുമുള്ളൂ. വൈകാരിക വിഷയം എന്ന നിലയ്ക്ക് ഭാഷാ പ്രശ്‌നത്തില്‍ അത്യന്തം കരുതലോടെ മാത്രമേ സര്‍ക്കാര്‍ തീരുമാനമെടുക്കുകയുള്ളൂ.
ഭാഷാനയം
സ്വാതന്ത്ര്യലബ്ധിയ്ക്ക് ശേഷം രാജ്യത്ത് ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളുടെ ഏകീകരണം നടന്നു. ഓരോ സംസ്ഥാനത്തും ആ പ്രദേശത്തെ ഭാഷ ഔദ്യോഗിക ഭാഷയായി. പ്രാദേശിക ഭാഷാബോധം ശക്തമായപ്പോള്‍ ഹിന്ദി രാഷ്ട്രഭാഷയില്‍ നിന്നും ഗോസായി ഭാഷയിലേക്ക് ചുരുക്കപ്പെട്ടു. സ്വാതന്ത്ര്യസമരകാലത്തെ ഹിന്ദിയല്ല സ്വാതന്ത്ര്യാനന്തരകാലത്തെ ഹിന്ദി എന്ന അവസ്ഥ വന്നു. ഭാഷാഭിമാനം രാഷ്ട്രീയമായ നേട്ടങ്ങള്‍ക്കുള്ള വഴിയാകുന്നത് തമിഴ്‌നാട്ടില്‍ പ്രകടമായി. 1960കളിലെ ഹിന്ദി വിരുദ്ധ പ്രക്ഷോഭമാണ് ദ്രാവിഡ രാഷ്ട്രീയാധികാരത്തിന് അവിടെ കളമൊരുക്കിയത്. മുംബൈയില്‍ നിന്ന് ഉത്തരേന്ത്യക്കാരെയും അസ്സമില്‍ നിന്ന് ബിഹാറികളെയുമെല്ലാം ആട്ടിയോടിക്കുന്നത് പ്രാദേശികഭാഷാവാദം രാഷ്ട്രീയത്തില്‍ പ്രബലമാകുന്നതിന്റെ തെളിവുകളാണ്.
ഔദ്യോഗിക ഭാഷാ കാര്യനിര്‍വ്വഹണത്തില്‍ ഒരു കടുത്ത നടപടി കേന്ദ്രം ഭരിച്ച ഒരു സര്‍ക്കാരും ഇതുവരെ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രോത്സാഹനത്തിന്റെയും അന്തരീക്ഷത്തില്‍ ഹിന്ദി ഭാഷയെ വളര്‍ത്തുക എന്നതാണ് സര്‍ക്കാരിന്റെ നയം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ഭരണഭാഷ ഹിന്ദിയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഹിന്ദിയില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്കും സാമ്പത്തികാനുകൂല്യങ്ങളും ക്യാഷ് പ്രൈസുകളും നല്‍കിവരുന്നത് ഈ നയത്തിന്റെ ഭാഗമായാണ്. ഹിന്ദി ദിനത്തില്‍ ഉദ്യോഗസ്ഥര്‍ക്കായി വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുക, ഹിന്ദിയില്‍ സെമിനാര്‍ നടത്തുക, ഹിന്ദിയില്‍ ഹൗസ് മാഗസീനുകള്‍ പ്രസിദ്ധീകരിക്കുക, ശില്‍പ്പശാലകള്‍ സംഘടിപ്പിക്കുക എന്നിവയൊക്കെ നടത്തുന്നത് ഉദാരമായ സമീപനത്തിന്റെ ഭാഗമായിട്ടാണ്. ഔദ്യോഗികഭാഷാ നിയമലംഘനത്തിന്റെ പേരില്‍ അച്ചടക്കനടപടി സ്വീകരിക്കുന്ന സംഭവങ്ങള്‍ വിരളമാണ്. ഒരു രാജ്യത്തിന്റെ ഔദ്യോഗികഭാഷയ്ക്ക് രാജ്യാന്തര തലത്തില്‍ വലിയ സ്ഥാനമുണ്ട്. യു.എന്‍ അസംബ്ലിയില്‍ നേരത്തെ ഭാരതത്തിന്റെ പ്രതിനിധികള്‍ ഇംഗ്ലീഷിലായിരുന്നു സംസാരിച്ചുകൊണ്ടിരുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയിയാണ് ഈ പതിവ് തെറ്റിച്ച് രാജ്യത്തിന്റെ ഔദ്യോഗിക ഭാഷയായ ഹിന്ദിയില്‍ സംസാരിച്ച് ഭാഷാസ്‌നേഹികളുടെ കയ്യടി നേടിയത്. രാജ്യത്തിന്റെ അന്തസ്സുയര്‍ത്തിപ്പിടിക്കുന്ന ഈ നടപടിയിലൂടെ ഭാഷയുടെ കാര്യത്തില്‍ നാം സ്വയംപര്യാപ്തമാണ് എന്ന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം ചെയ്തത്.
വിശ്വഭാഷ എന്ന നിലയില്‍ സ്വീകരിക്കപ്പെടുന്ന ഇംഗ്ലീഷിനൊപ്പം ഹിന്ദിയെയും പ്രാദേശികഭാഷകളെയും വളര്‍ത്തിക്കൊണ്ടു വരുക എന്ന ഉദ്ദേശ്യത്തോടെയാണ് 1968 മുതല്‍ ത്രിഭാഷാപദ്ധതിയ്ക്ക് ഊന്നല്‍ നല്‍കിയത്. അഹിന്ദിപ്രദേശത്തുള്ളവര്‍ ഇംഗ്ലീഷിനും മാതൃഭാഷയ്ക്കുമൊപ്പം ഹിന്ദിയും ഹിന്ദിപ്രദേശത്തുള്ളവര്‍ ഇംഗ്ലീഷിനും ഹിന്ദിയ്ക്കുമൊപ്പം ഏതെങ്കിലുമൊരു ആധുനിക ഇന്ത്യന്‍ ഭാഷയും പഠിക്കണമെന്നായിരുന്നു ത്രിഭാഷ പദ്ധതിയില്‍ വിഭാവനം ചെയ്തത്. കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സംസ്ഥാന പാഠ്യപദ്ധതിയില്‍ ഇതിന് അര്‍ഹമായ സ്ഥാനം ലഭിച്ചുവെങ്കിലും തമിഴ്‌നാട്ടില്‍ ഇപ്പോഴും ദ്വിഭാഷാപദ്ധതിയാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളത്. ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളിലുള്ളവരില്‍ ഭൂരിപക്ഷവും ഇംഗ്ലീഷിനും ഹിന്ദിക്കുമൊപ്പം സംസ്‌കൃതം പഠിച്ചുകൊണ്ട് ത്രിഭാഷാപദ്ധതി പിന്തുടരുന്നുണ്ടെങ്കിലും ഇംഗ്ലീഷിനും ഹിന്ദിക്കുമൊപ്പം അവര്‍ ദക്ഷിണേന്ത്യയിലെ ഏതെങ്കിലും ഭാഷയോ അഹിന്ദിപ്രദേശങ്ങളിലെ ഭാഷയോ പഠിക്കുകയാണെങ്കില്‍ ഈ പദ്ധതി കൂടുതല് അര്‍ത്ഥവത്താകുകയും ദേശീയോദ്ഗ്രഥനത്തിന് സഹായമാകുകയും ചെയ്യും. ഹിന്ദിയുടെ വളര്‍ച്ചക്കൊപ്പം പ്രാദേശിക ഭാഷകളുടെ വളര്‍ച്ചക്കുള്ള നടപടികളും സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്നതായി കാണാം. ഈയിടെ ഭോപാലില്‍ നടന്ന ചടങ്ങില്‍ മെഡിക്കല്‍ വിദ്യാഭ്യാസ പുസ്തകങ്ങള്‍ ഹിന്ദിയില്‍ പുറത്തിറക്കുകയുണ്ടായി. മലയാളമുള്‍പ്പെടെയുള്ള ഏഴ് ഇന്ത്യന്‍ ഭാഷകളില്‍ ഇത്തരത്തില്‍ മെഡിക്കല്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കുമെന്നും പ്രഖ്യാപിച്ചു. പ്രാദേശികഭാഷയില്‍ നിയമപഠനത്തിനുള്ള പുസ്തകങ്ങള്‍ ഈ വര്‍ഷാവസാനത്തോടെ പുറത്തിറക്കുമെന്നറിയുന്നു. എഞ്ചിനീയറിംഗ് പാഠ്യപദ്ധതി പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ജെ.ഇ.ഇ, നീറ്റ്, യു.ജി.സി പരീക്ഷകള്‍ പ്രാദേശികഭാഷകളില്‍ നടത്തുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസ്താവിക്കുകയുമുണ്ടായി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തില്‍ പ്രാദേശികഭാഷകള്‍ക്ക് നല്‍കുന്ന പ്രാധാന്യം കോളനിവല്‍ക്കരിക്കപ്പെട്ട ഭാഷാ ചട്ടക്കൂടില്‍ നിന്ന് പുറത്തു കടക്കാനുള്ള അവസരമാകും.
ഭാഷാപരമായ സ്വയംപര്യാപ്തത വികസനത്തിന്റെ ഒരു അളവുകോല്‍ കൂടിയാണ്. ഹിന്ദി, പ്രാദേശികഭാഷകള്‍, ഇംഗ്ലീഷ് എന്നിവ ചേര്‍ന്നുള്ള ഒരു ഭാഷാസമന്വയത്തിലൂടെയാണ് രാജ്യത്തെ വ്യവഹാരങ്ങള്‍ ഇന്ന് മുന്നോട്ട് പോകുന്നത്. രാജ്യത്തിന്റെ ഔദ്യോഗികഭാഷ എന്ന നിലയില്‍ ഹിന്ദിയെ പ്രോത്സാഹിപ്പിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. ഭരണഘടനയുടെ 351-ാം വകുപ്പ് സര്‍ക്കാരിനോട് അത് ആവശ്യപ്പെടുന്നുണ്ട്. ഭാരതത്തിന്റെ സംസ്‌കാരത്തിനനുരൂപമായ വിധത്തില്‍ പ്രധാനമായി സംസ്‌കൃതത്തില്‍ നിന്നും രണ്ടാമതായി ഭരണഘടനയുടെ എട്ടാം പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള ഭാഷകളില്‍ നിന്നും പദാവലികള്‍ സ്വീകരിച്ചുകൊണ്ട് ഹിന്ദിഭാഷയെ വികസിപ്പിക്കണമെന്നും അങ്ങനെ ആശയവിനിമയത്തിന്റെ ഭാഷയായി ഹിന്ദിയെ വളര്‍ത്തുക എന്നത് യൂണിയന്‍ സര്‍ക്കാരിന്റെ കര്‍ത്തവ്യമാണെന്നും ഭരണഘടനയുടെ ഈ അനുഛേദത്തില്‍ പറയുന്നു. ഇതനുസരിച്ചുള്ള ചില പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. വൈദ്യശാസ്ത്രവും ശാസ്ത്രസാങ്കേതിക വിഷയങ്ങളും കോടതി വ്യവഹാരങ്ങളുമെല്ലാം ഉള്‍ക്കൊള്ളാന്‍ കഴിയുംവിധം ഹിന്ദിയും മറ്റു ഭാരതീയ ഭാഷകളും വളരുന്നുവെന്നുള്ളത് ആത്മനിര്‍ഭര്‍ ഭാരതത്തെ കുറിച്ച് പറയുന്ന ഭാരതീയനെ സംബന്ധിച്ചിടത്തോളം അഭിമാനം നല്‍കുന്ന കാര്യമാണ്. ഒപ്പം തന്നെ ഭാരതത്തിന്റെ ദര്‍ശനത്തിന്റെയും വിജ്ഞാനത്തിന്റെയും ഭാഷയായ സംസ്‌കൃതത്തിന്റെ വളര്‍ച്ചയ്ക്കുള്ള നടപടികളും സ്വീകരിക്കേണ്ടതാണ്.