”ഓരോ രാഷ്ട്രത്തിനും അതിന്റെ ജന്മലക്ഷ്യം പൂര്‍ത്തിയാക്കാനുണ്ട്; അതിന്റെ സന്ദേശം പകരാനുണ്ട്; ജീവിതോദ്ദേശ്യം നിര്‍വ്വഹിക്കാനുണ്ട്. ജനതയുടെ സമന്വയ സംഗീതത്തില്‍ അതാലപിക്കേണ്ട രാഗമേതെന്ന് തിരിച്ചറിയണം.” സ്വാമി വിവേകാനന്ദന്റെ ഈ രാഷ്ട്രസന്ദേശം ദേശീയതയുടെയും സാംസ്‌കാരികത്തനിമയുടെയും ധര്‍മ്മമാര്‍ഗ്ഗാനുസാരിയായ സ്വാതന്ത്ര്യ സങ്കല്‍പ്പത്തെയും ദേശീയതാബോധത്തെയും തൊട്ടുണര്‍ത്തുന്നു. നാനാര്‍ത്ഥ പ്രേരിതവും സമത്വ സാഹോദര്യ സ്വാതന്ത്ര്യമൂല്യങ്ങള്‍ ഉള്‍ച്ചേര്‍ന്നതുമായിരുന്നു ഫ്രഞ്ചധീന പ്രദേശമുള്ള മലബാറിലെ ഉപദേശീയത. ആത്യന്തികമായി വിദേശ ഭരണത്തോടൊപ്പം കോളനിയവശിഷ്ടാധികാരവും അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള കര്‍മ്മ പരിപാടികളില്‍ പോരാട്ട വീര്യവുമായി ഇറങ്ങുകയായിരുന്നു മയ്യഴി.
ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയെന്ന മഹാലക്ഷ്യവുമായി മാഹി എന്ന മയ്യഴിയിലെ ജനത മുന്നേറിയതിന്റെ ചരിത്രം ഐതിഹാസികമാണ്. സാമൂഹ്യവും രാഷ്ട്രീയവും മതപരവുമായ വിവിധമാനങ്ങള്‍ ആ സമരങ്ങളുടെ പശ്ചാത്തലമായുണ്ട്. ജന്മി-കുടിയാന്‍ വ്യവസ്ഥ, ഭൂനികുതി, അധീശത്വാധികാരം എന്നിവയെല്ലാം ചേര്‍ന്നുണ്ടായ അസമത്വവും ജീര്‍ണ്ണമായ ജീവിതസന്ധികളും സ്വതന്ത്രമായ നവ സമൂഹത്തെയാണ് സ്വപ്‌നം കണ്ടത്. ചരിത്രപരവും ദേശീയ രാഷ്ട്രീയത്തിലുണ്ടായ നവോത്ഥാന സംരംഭങ്ങളും ഇതിന് ഊര്‍ജ്ജം പകരുകയായിരുന്നു.
കോണ്‍ഗ്രസ്സിന്റെ നിസ്സഹകരണ പ്രസ്ഥാനവും തുര്‍ക്കിസ്ഥാന്റെ നഷ്ടപ്പെട്ട ഖലീഫാ പദവി പുനഃസ്ഥാപിക്കാന്‍ മുസ്ലിങ്ങള്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ സമാരംഭിച്ച ഖിലാഫത്ത് പ്രസ്ഥാനവും (1919) ഗാന്ധിയുടെ നേതൃത്വത്തില്‍ അംഗീകാരം നേടിയെങ്കിലും ലക്ഷ്യം നേടിയില്ല. മുസ്ലിങ്ങളെ ദേശീയ പ്രസ്ഥാനവഴിയില്‍ എത്തിക്കാനായിരുന്നു ഗാന്ധിജിയുടെ ശ്രമമെങ്കിലും 1921ല്‍ പൊട്ടിപ്പുറപ്പെട്ട ‘മലബാര്‍ കലാപം’ ഹിംസയിലേക്ക് വഴിമാറി. സായുധമായ പോരാട്ടം ബ്രിട്ടീഷ് പ്രതിരോധം മറികടന്ന് ജന്മിത്വത്തിനെതിരായി നീങ്ങി ഒടുക്കം വര്‍ഗ്ഗീയമായ രീതിയില്‍ വഴിതെറ്റുകയാണുണ്ടായത്. കലാപത്തിന്റെ മുറിവുകള്‍ അവിടെയുമിവിടെയും നിലനിന്നെങ്കിലും ഉപ്പുസത്യഗ്രഹ കാലാവസരത്തിലും (1930) ക്വിറ്റിന്ത്യാ പ്രസ്ഥാനകാലത്തും (1942) ദേശീയ സ്വാതന്ത്ര്യത്തിന്റെ അലയൊലികള്‍ കേരളത്തിലങ്ങോളമിങ്ങോളം പടരുന്നുണ്ടായിരുന്നു. ദേശീയ പ്രസ്ഥാനത്തിന്റെ കര്‍മ്മ മേഖലയില്‍ മലബാറിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള കലാപങ്ങള്‍ നിരവധിയാണ്. എന്നാല്‍ മയ്യഴി (മാഹി) ഫ്രഞ്ച് അധീനതയിലായിരുന്നു. കടത്തനാട്ടു രാജാവിന്റെ കീഴിലായിരുന്നു ആ ദേശം. 1721ലാണ് ഫ്രഞ്ചുകാര്‍ വിലയ്ക്കു വാങ്ങിയത്. അവരുടെ സൈനിക കേന്ദ്രമായി മാറിയ മയ്യഴി കുറെക്കാലം മൈസൂരിന്റെ പിടിയിലായിരുന്നു. സൈനിക നീക്കത്തിലാണ് ബ്രിട്ടീഷുകാര്‍ അത് പിടിച്ചെടുത്തത്. ഉടമ്പടി പ്രകാരം അത് ഫ്രഞ്ചുകാര്‍ 1814ല്‍ വീണ്ടും സ്വന്തമാക്കുകയായിരുന്നു.
കേരളത്തിലെ ദേശീയ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയും പോരാട്ടവും വിവിധ മാര്‍ഗ്ഗങ്ങളിലൂടെയാണ് കടന്നുപോകുന്നത്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയായെങ്കിലും ഗോവ, ദാമന്‍, ദിയു പ്രദേശങ്ങളില്‍ പോര്‍ച്ചുഗീസുകാരും, പോണ്ടിച്ചേരി, കാരയ്ക്കല്‍, മാഹി, യാനം, ചന്ദ്രനഗര്‍ എന്നീ ദേശങ്ങളില്‍ ഫ്രഞ്ചുകാരും അധിനിവേശം തുടരുകയായിരുന്നു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സും വിവിധ രാഷ്ട്രീയ കക്ഷികളും മഹാജന സഭയും സോഷ്യലിസ്റ്റ് പ്രവര്‍ത്തകരും ഫ്രഞ്ച് ഇന്ത്യാ സ്റ്റുഡന്‍സ് കോണ്‍ഗ്രസ്സും പോണ്ടിച്ചേരിയുടെ വിമോചനം ലക്ഷ്യം വെച്ച് അണി ചേര്‍ന്നുള്ള പ്രക്ഷോഭണ പരമ്പരകള്‍ സ്വാതന്ത്ര്യദിശയില്‍ മുന്നേറി. ഭാരതീ ദാസന്‍, ശ്രീ അരവിന്ദന്‍, മഹാത്മജി എന്നിവരുടെ അദൃശ്യസാന്നിദ്ധ്യ സമര്‍പ്പണങ്ങള്‍ മാഹിയിലെ സ്വാതന്ത്ര്യദാഹികള്‍ക്ക് ഉള്‍ക്കരുത്തേകി.
പ്രാചീന പോണ്ടിച്ചേരിയുടെ അസ്തിവാരം അന്വേഷിക്കുമ്പോള്‍ ബംഗാള്‍ തീരത്തുള്ള സാധാരണ മനുഷ്യന്റെ കുടികളിലും കൃഷിയിടങ്ങളിലും നെയ്ത്തുശാലകളിലുമാണ് ചെന്നെത്തുക. അക്കാലം ‘പുതുകെ’ എന്നറിയപ്പെട്ട ‘വേദപുരി’ പ്രശസ്തമായിരുന്നു. അഗസ്ത്യമുനിയുടെ ആശ്രമസ്ഥാനമായി വിളികൊണ്ട ആ മഹിതസ്ഥലം ഇന്ന് അരവിന്ദാശ്രമം കൊണ്ട് ധന്യമാണ്. ചോളന്മാരുടെ കാലം ‘വേദപുരി’ പട്ടണം പുതുച്ചേരിയായി – നവ നഗരം – രൂപപ്പെട്ടു. 1523ലാണ് പോര്‍ച്ചുഗീസുകാര്‍ ഇവിടെ പാണ്ടികശാല സ്ഥാപിക്കുന്നത്. അധിനിവേശശക്തികള്‍ പിന്നീട് ഇവിടം താവളമാക്കുകയായിരുന്നു. നാള്‍വഴികളില്‍ ഡച്ചുകാരും ഫ്രഞ്ചുകാരും പുതുച്ചേരിയെ പോണ്ടിച്ചേരിയാക്കി. 1693ല്‍ ഫ്രഞ്ചധികാരം ഡച്ചുകാര്‍ കൈക്കലാക്കി. മാറിമാറിയുള്ള അധിനിവേശ ചൂഷണങ്ങളില്‍ 1793 മുതല്‍ 1815 വരെയാണ് ബ്രിട്ടീഷധികാരത്തില്‍ നഗരം പരീക്ഷിക്കപ്പെട്ടത്. ഫ്രഞ്ചുകാര്‍ കാല്‍ക്കീഴിലാക്കിയ പോണ്ടിച്ചേരിയും മാഹിയും കാരയ്ക്കലും യാനവും തദ്ദേശീയര്‍ക്ക് ലഭിക്കുന്നത് 1954ല്‍ മാത്രമാണ്. ബംഗാളിലെ ചന്ദ്രനഗറാകട്ടെ ഫ്രഞ്ചുകാരില്‍ നിന്ന് സമരമുറയിലൂടെ സ്വാതന്ത്ര്യം നേടിയെടുത്ത കഥ ഭാരതം ചങ്ങല പൊട്ടിച്ച കഥപോലെ ആവേശോജ്ജ്വലമാണ്.
പോണ്ടിച്ചേരിയുടെ വിമോചന യത്‌നത്തില്‍ വി.സുബ്ബയ്യയും മറ്റ് ദേശീയ നേതാക്കളും വഹിച്ച പങ്ക് നിസ്തുലമാണ്. 1947 ആഗസ്റ്റ് 15ന് ഇന്ത്യ സ്വാതന്ത്ര്യമാഘോഷിക്കുമ്പോള്‍ പോണ്ടിച്ചേരിയിലും ഗോവയിലും ഫ്രഞ്ച് പോര്‍ച്ചുഗീസ് അധിനിവേശപ്പട സ്വാതന്ത്ര്യസമരപ്പോരാളികളെ അടിച്ചമര്‍ത്തുന്നത് ഗാന്ധിജിയ്ക്കും നെഹ്‌റുവിനും കാണേണ്ടി വന്നു. 1948-ലെ ഇന്തോ-ഫ്രഞ്ച് കരാറിലെ ജനഹിത പരിശോധനയിലൂടെ സ്വാതന്ത്ര്യം നല്‍കാമെന്ന വകുപ്പ് ഗൂഢതന്ത്രത്തിന്റെ ഫലമാണെന്ന് ജനത തിരിച്ചറിഞ്ഞു. മാഹിയില്‍ ഐ.കെ. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തിലുള്ള പോരാട്ട ശക്തിയുടെ വീര്യം ജനഹിതപരിശോധനയെന്ന കാപട്യത്തെ കുഴിച്ചുമൂടുകയായിരുന്നു. ‘യാന’വും ‘കാരയ്ക്കലും ഈ മാതൃകാ മാര്‍ഗ്ഗത്തില്‍ സഞ്ചരിച്ചു. എന്നാല്‍ ചന്ദ്രനഗറിലെ ഉല്‍പ്പതിഷ്ണുക്കളായ സമൂഹം ജനഹിത പരിശോധനയില്‍ പങ്കെടുത്ത് ഫ്രഞ്ചുകാരനെതിരായി വിധിയെഴുതി ഇന്ത്യന്‍ യൂണിയനില്‍ ലയിക്കുകയായിരുന്നു. പോണ്ടിച്ചേരി, കാരയ്ക്കാല്‍, മാഹി, യാനം പ്രദേശങ്ങളില്‍ നടന്ന സഹനസമരവും സായുധപ്പോരാട്ടവും നമ്മുടെ സ്വാതന്ത്ര്യസമര ചരിതത്തിലെ വ്യത്യസ്തമായ അദ്ധ്യായമാണെഴുതിയത്. മയ്യഴിയില്‍ ഐ.കെ. കുമാരന്‍ മാസ്റ്ററുടെ നേതൃത്വത്തില്‍ വിമോചനസമരം ശക്തി പ്രാപിക്കുകയായിരുന്നു. കര്‍മ്മ കുശലരായ സ്വാതന്ത്ര്യദാഹികള്‍ മുന്നിട്ടിറങ്ങിയ പ്രക്ഷോഭണം അതിന്റെ ത്യാഗോജ്ജ്വലമായ മാര്‍ഗ്ഗങ്ങളിലൂടെയാണ് ചരിച്ചത്. സി.ഭരതന്‍, കല്ലാട്ട് അനന്തന്‍, മംഗലാട്ട് രാഘവന്‍, പി. ശിശുപാലന്‍, പി. ഉസ്മാന്‍, കെ. മാധവക്കുറുപ്പ് തുടങ്ങിയ ധീര സമരനേതാക്കള്‍ കര്‍മ്മരംഗത്ത് ചരിത്രമായി. ദേശീയ ബോധത്തിന്റെയും സ്വാതന്ത്ര്യപ്രകാശത്തിന്റെയും ഉള്‍ത്തുടിപ്പുകളില്‍ സമൂഹത്തിന്റെ ഭൂരിപക്ഷത്തെയും ഏകലക്ഷ്യത്തിലേക്ക് ആനയിക്കാന്‍ ‘മയ്യഴി മഹാജനസഭ’ യെന്ന ലക്ഷ്യോന്മുഖമായ സംഘടന ഊര്‍ജ്ജം നേടി. മയ്യഴി വിമോചന സമരമെന്ന പേരില്‍ മാര്‍ഗ്ഗദിശ കൈവന്ന സമരമുഖത്ത് കോണ്‍ഗ്രസ്സുകാരും സോഷ്യലിസ്റ്റുകാരും കമ്മ്യൂണിസ്റ്റുകാരുമായ നേതാക്കള്‍ അണിനിരന്നിരുന്നു.
വ്യക്തി സത്യഗ്രഹരംഗത്ത് ഫ്രഞ്ച് ഭീകരത അക്രമോത്സുകമായി അഴിഞ്ഞാടുകയായിരുന്നു. ഗത്യന്തരമില്ലാതെ 1954 ഏപ്രില്‍ 26ന് ഫ്രഞ്ച് പോലീസ് ഔട്ട് പോസ്റ്റ് സമരക്കാര്‍ ആക്രമിച്ചത് നാടകീയമായ ഫലങ്ങള്‍ ഉളവാക്കി. അച്യുതനും അനന്തനും രക്തസാക്ഷികളായി. ഒടുക്കം 1954 ജൂലായ് 14ന് ഫ്രഞ്ച് അധിനിവേശത്തില്‍ നിന്ന് മയ്യഴി വിമോചനം നേടുകയായിരുന്നു. വര്‍ഷാന്ത്യം ഇന്ത്യാ ഗവണ്‍മെന്റ് മയ്യഴി ഭരണം ഏറ്റെടുത്തതോടെ മാഹി ജനത സ്വാതന്ത്ര്യത്തിന്റെ സമ്പൂര്‍ണ്ണമധുരം നുകര്‍ന്നു. എങ്കിലും മയ്യഴി കേരള സംസ്ഥാനത്തിന്റെ അവിഭാജ്യഘടകമായി മാറിയില്ല. ഫ്രഞ്ച് അധീനപ്രദേശമായിരുന്ന പോണ്ടിച്ചേരി, കാരയ്ക്കാല്‍ മുതലായ പ്രദേശം ചേര്‍ന്നുണ്ടായ പോണ്ടിച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായാണ് ഇന്നും മാഹി അടയാളപ്പെടുന്നത്. മണ്ണും മനസ്സും മലയാളവും കേരളീയതയില്‍ പൂര്‍ണ്ണമെങ്കിലും മയ്യഴി സ്വന്തം സ്വപ്‌ന സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറിയൊഴുകുന്ന ‘മറ്റൊരിട’മായി മാറിയെന്ന് കരുതുന്ന മയ്യഴിക്കാരുമുണ്ട്.
ഐ.കെ. കുമാരന്‍ മാസ്റ്റര്‍ സ്വതന്ത്ര മയ്യഴിയുടെ ആദ്യത്തെ അഡ്മിനിസ്‌ട്രേറ്ററായി ചുമതലയേറ്റു. 1954 നവംബര്‍ 1നാണ് പോണ്ടിച്ചേരി ഇന്ത്യന്‍ യൂണിയന്റെ ഭാഗമാകുന്നത്. തുടര്‍ന്ന് കാരയ്ക്കലും യാനവും മാഹിയും കേന്ദ്രഭരണ പ്രദേശമായി മാറുകയായിരുന്നു.
മയ്യെഴുതിയ അഴകുള്ള അഴിമുഖദേശമാണ് മയ്യഴി. മയ്യഴിയില്‍ ഫ്രഞ്ച് കോളനിക്ക് തുടക്കം കുറിച്ചത് 1721ലാണ്. ആദ്യകാല ഫ്രഞ്ച് അധിവാസ ചരിത്രം ആല്‍ഫ്രഡ് മാര്‍ട്ടിനോ രചിച്ച ‘ലെ ഒറിജിന്‍ ദ് മാഹെദ് മലബാര്‍’ എന്ന ഗ്രന്ഥത്തില്‍ കാണാം. പുതുച്ചേരിയിലെ ഫ്രഞ്ച് സര്‍ക്കാരിന്റെ കല്‍പ്പനയനുസരിച്ച് മാഹി പിടിച്ചടക്കാനുള്ള നീക്കങ്ങള്‍ ഫ്രഞ്ച് നാവികപ്പടനായകന്‍ മാഹെദ് ലുബുര്‍ദ്ദനെയുടെ നേതൃത്വത്തിലായിരുന്നു. മാഹിയെ അധീനത്തിലാക്കി വടകര വാഴുന്നവരെ സമാധാനക്കരാറില്‍ ഒപ്പിടുവിച്ച മാഹെദിന്റെ സ്മരണാര്‍ത്ഥമാണ് ഫ്രഞ്ചുകാര്‍ മയ്യഴിയെ ‘മാഹെ’ എന്ന് നാമകരണം ചെയ്തത്. ഫ്രഞ്ചുവിപ്ലവം ഉയര്‍ത്തിയ ‘സമത്വം സാഹോദര്യം സ്വാതന്ത്ര്യം’ എന്ന മുദ്രാവാക്യം ഫ്രഞ്ച് കോളനികള്‍ക്ക് ബാധകമാക്കിയിരുന്നില്ല. ഇന്ത്യയിലെ ഫ്രഞ്ച് കോളനികളില്‍ വിമോചന പ്രസ്ഥാനങ്ങള്‍ ഉയരുമെന്ന് ഫ്രഞ്ച് അധിപന്മാര്‍ കരുതിയിരുന്നില്ല. കലാപത്തിനുള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നത് മനസ്സിലാക്കിയ അധികാരി വര്‍ഗ്ഗം കോളനികള്‍ നവീകരിക്കാന്‍ ചില പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു.
മാഹിയെ ഫ്രഞ്ച് കോളനിയായല്ല ഫ്രാന്‍സിന്റെ ഭാഗമാണെന്ന നിലയിലായിരുന്നു എല്ലാ ഭരണ വ്യവഹാരവും. വിദ്യാഭ്യാസ മേഖലയിലും തൊഴില്‍ രംഗത്തും സര്‍ക്കാരില്‍ നിന്ന് ലഭിച്ച ആനുകൂല്യങ്ങള്‍ വഴി മാഹിക്കാരില്‍ ഒരു വിഭാഗം ഭരണാനുകൂലികളായി നിന്നത് മയ്യഴി വിമോചന സംരംഭങ്ങളെ പ്രതികൂലമായി ബാധിച്ചതായി ചില ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീനാരായണ പ്രസ്ഥാനത്തിലും കോണ്‍ഗ്രസ്സിലും പ്രവര്‍ത്തിച്ച നെട്ടൂര്‍ പി. ദാമോദരന്‍ മയ്യഴി വിമോചന പ്രസ്ഥാനത്തില്‍ സഹകരിക്കാന്‍ തുടങ്ങിയതോടെ സമരരംഗം ശക്തമായി. ഗ്രാന്റ് കല്ലായി- ഫ്രഞ്ച് മാഹി പാലത്തിന്റെ പണി തടഞ്ഞത് സമരാവേശത്തില്‍ പുതിയ അദ്ധ്യായമായി. 1948 ഒക്‌ടോബറില്‍ ഇന്ത്യയില്‍ ലയിക്കുന്നത് സംബന്ധിച്ച മുനിസിപ്പല്‍ കൗണ്‍സിലുകളിലെ ജനഹിത പരിശോധന കൃത്രിമ വോട്ടര്‍ പട്ടികയുടെയും ഫ്രഞ്ചുപോലീസിന്റേയും സഹായത്തോടെ അധിനിവേശക്കാര്‍ അട്ടിമറിക്കുകയായിരുന്നു. പരിഷ്‌ക്കരിച്ച നീതിന്യായ വ്യവസ്ഥ, നഗരസഭ കൊമ്മ്യൂണ്‍-പഞ്ചായത്ത്, സാമൂഹ്യ സാമ്പത്തിക സാംസ്‌കാരിക മുന്നേറ്റങ്ങള്‍ എന്നിവ ആത്മാര്‍ത്ഥതാ രാഹിത്യത്താല്‍ പരാജയപ്പെടുകയായിരുന്നു. വിമോചനത്തിന്റെ അഗ്നി പകരാന്‍ ഇതും കാരണമായി.
ദേശീയ പ്രസ്ഥാന കാലത്തെ സ്വപ്‌ന പദ്ധതിയില്‍ മുഖ്യമായിരുന്നു തിരുവിതാംകൂറും കൊച്ചിയും മലബാറും ലയിച്ചുണ്ടാകുന്ന ഏക കേരളം. ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടതിനുശേഷം തിരുവിതാംകൂറും കൊച്ചിയും ഒന്നിച്ച് ‘തിരുകൊച്ചി’ രൂപം കൊണ്ടത് 1949ലാണ്. മദിരാശി പ്രവിശ്യയുടെ ഭാഗമായിരുന്ന മലബാറും കൂടിച്ചേര്‍ന്ന് 1956ല്‍ മാത്രമാണ് കേരളം രൂപം കൊണ്ടത്. ‘ഏക കേരള’ത്തെയും മലയാളത്തെയും മലയാളിത്തത്തെയും അഭിമാന തരംഗമായി കേരളീയ മനസ്സില്‍ പ്രതിഷ്ഠിച്ചതിന് ദേശീയ പ്രസ്ഥാനത്തിനുള്ള പങ്ക് പ്രസ്താവ്യമാണ്. ‘ദേശീയത’യും ‘രാഷ്ട്ര സ്‌നേഹ’വും ദുര്‍വ്യാഖ്യാനത്തിലൂടെ മറ്റൊന്നായി വ്യാഖ്യാനിക്കാനൊരുമ്പെടുന്ന വര്‍ത്തമാന കാലത്തിന്റെ നിഷേധാത്മക പ്രവണതകള്‍ക്ക് മറുപടിയാണ് മാഹി വിമോചന സമരം.
മയ്യഴിയുടെ ഭൗതികചരിത്രം നൂറ്റാണ്ടുകളിലൂടെ അനാവരണം ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും മാഹിയുടെ സ്വപ്‌നസ്പന്ദനങ്ങളും വൈകാരിക പ്രക്ഷുബ്ധതകളും ഭാവാത്മകമായി ചരിത്രപൂരണം നിര്‍വ്വഹിക്കുകയാണ് എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. ചരിത്രത്തിന്റെയും അധിനിവേശചരിത്രത്തിന്റെയും സംവേദനാത്മകമായ സേതുബന്ധനമായി പരിണമിക്കുകയാണ് ഈ ആഖ്യായിക. ചരിത്രത്തിന്റെ സ്ഥലകാല മാനങ്ങളിലൂടെ മിത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും സര്‍ഗ്ഗവഴിയില്‍ മയ്യഴിയുടെ ജീവന പ്രത്യക്ഷങ്ങളാണ് എഴുത്തുകാരന്‍ കരഗതമാക്കുന്നത്. ചരിത്രസത്യത്തിന്റെ മായാപ്രഹര്‍ഷങ്ങള്‍ കൃതി ഏറ്റുവാങ്ങുന്നുണ്ടെങ്കിലും ചരിത്രാഖ്യായിക പോലെ സത്യത്തിന്റെ ഉള്‍ത്തെളിമയിലാണ് ഇതിന്റെ രചനാ നിര്‍വ്വഹണം. യാഥാര്‍ത്ഥ്യ സങ്കല്പങ്ങളുടെ ലയഭംഗിയില്‍ സത്യത്തിന്റെ അടിത്തട്ട് പ്രകാശമാനമാകുന്നു. കൃതി ആവശ്യപ്പെടുന്ന ചരിത്രവായനയുടെ ഭാവസത്യം ചിന്താഭദ്രമാണ്.
മയ്യഴിയുടെ സ്വാതന്ത്ര്യസ്വപ്‌നവുമായി ഉഴറിയ ദാസന്‍ മയ്യഴിയുടെ സ്വാതന്ത്ര്യപ്പുലരി കണ്ട് മതിമറന്ന് സ്വാത്മാവിന്റെ സ്വാതന്ത്ര്യം പ്രഖ്യാപിക്കുകയായിരുന്നു. സമൂഹത്തിന്റെ സ്വാതന്ത്ര്യസങ്കല്‍പ്പവും പോരാട്ടലക്ഷ്യങ്ങളും ചിത്രണമാവുമ്പോള്‍ അധിനിവേശ ശക്തികളുടെ അധികാര രാഷ്ട്രീയവും ആശയാഭിലാഷങ്ങളും മൂഢത്വവും പ്രകടമാകുന്നു. മൂന്ന് തലമുറകളുടെ സ്വപ്‌നങ്ങളും അസ്വാസ്ഥ്യങ്ങളും ജീവനരതിയും കോര്‍ത്തെടുക്കുന്ന മാതൃകയായി ഇതിലെ കുറമ്പിയമ്മ മാറുന്നു. മിത്തായും സത്തായും ഏകനായ മനുഷ്യന്റെ ദാര്‍ശനിക വ്യഥകള്‍ ഇതില്‍ ഉള്‍ച്ചേര്‍ക്കുന്നുണ്ടെങ്കിലും മയ്യഴിയുടെ അക്കാലത്തെ സാധാരണ മനുഷ്യന്റെ സ്വത്വവും സത്തയും ചരിത്രരേഖ പോലെ ആഖ്യായിക വരച്ചെടുക്കുന്നു. കര്‍മ്മങ്ങളുടെയും ധര്‍മ്മവ്യസനങ്ങളുടെയും ചരിത്രാംശങ്ങള്‍ കേവല മനുഷ്യമുഖമായി മയ്യഴിപ്പുഴയില്‍ കണ്ണാടി നോക്കുന്നു. അസ്തിത്വത്തിന്റെ ദാര്‍ശനിക വ്യഥ കണ്ണിചേര്‍ന്ന് മുകുന്ദന്റെ ഇതര കൃതികളെപ്പോലെ ദര്‍ശനസാക്ഷ്യം പകരുന്നുണ്ടെങ്കിലും ദാസന്റെ ജീവിതവും കര്‍മ്മപദ്ധതികളും സമ്മിശ്രമായി ഉണര്‍ത്തിയെടുക്കുന്ന ജീവന പ്രഹേളികകള്‍ ചരിത്രത്തിന്റെ സത്യധര്‍മ്മങ്ങളെ ഏകീകരിക്കുന്നുണ്ട്.
”ജീവിച്ച് ഞാന്‍ തളര്‍ന്നിരിക്കുന്നു. വെള്ളിയാങ്കല്ലിന്മേല്‍ ജീവിതത്തിന്റെ ഭാരമില്ലാതെ ഞാനൊന്നു വിശ്രമിക്കട്ടെ”. വാസൂട്ടിയോട് സ്വന്തം വീടും ലോകവുമായ കടപ്പുറത്തുനിന്ന് ദാസന്‍ പറയുന്നു. ദര്‍ശന സമസ്യയില്‍ ഏകനായ മനുഷ്യന്റെ അന്ത്യസ്വരത്തിനുമപ്പുറം ഈ വാക്യത്തില്‍ അധിനിവേശ സങ്കീര്‍ണ്ണതകളില്‍ പെട്ട ഒരു മനുഷ്യാത്മാവിന്റെ മോചനമന്ത്രം ഉണര്‍ന്നു കേള്‍ക്കാം. ”മയ്യഴിയുടെ വേദന മാറുമ്പോള്‍ മാത്രം ദാസന്റെ വേദന മാറും. നാടിന്റെ സൗഭാഗ്യമാണ് ദാസന്റെ സൗഭാഗ്യം… അതെവിടെയാണ്?” എന്ന് വെള്ളിയാങ്കല്ലില്‍ കണ്ണുനട്ട് ദാസന്‍ ചോദിച്ചിരുന്ന കാലം; മയ്യഴിയില്‍ കാല്‍കുത്തിയ വെള്ളപ്പട്ടാളക്കാരുടെ കവാത്ത് ധാര്‍മ്മികരോഷത്തോടെ നോക്കി നിന്ന കാലം; സ്വാതന്ത്ര്യബോധത്തിന്റെ തീയുമായി നടന്നകാലം; ജയിലറകളിലെ നരകങ്ങള്‍…. നഷ്ടപ്പെട്ട ബന്ധങ്ങള്‍…. ഒടുക്കം പതാകയുമായി വന്ന ഘോഷയാത്ര കണ്ടുനിന്ന ദാസനെ ആള്‍ക്കൂട്ടം പാതയിലേക്ക് തള്ളി മാറ്റിയ നിസ്സംഗതയുടെ ചരിതങ്ങള്‍…. സ്വാതന്ത്ര്യത്തിന്റെ തെളിമാനങ്ങളിലും വിഷാദരേഖകള്‍ അനുഭവിച്ചറിയുന്ന സാധാരണ മനുഷ്യന്റെ വിങ്ങലും വിറയലും ഇവിടെ നാക്കറ്റ വേദനയായി മാറുന്നുണ്ട്. ”കുഞ്ചക്കന്‍ കൊളുത്തിവെക്കുന്ന എണ്ണ വിളക്കുകളല്ല, വിദ്യുച്ഛക്തി വിളക്കുകളാണ് മയ്യഴിയുടെ മക്കള്‍ക്ക് ഇന്ന് വെളിച്ചം പകരുന്നത്. മൂപ്പന്‍ സായ്പിന്റെ ബംഗ്ലാവില്‍ ഇന്ന് കുടിയും തീനുമില്ല. പാതിരാവു കഴിയുമ്പോള്‍ കുടിച്ചുന്മത്തരായ വീരപുരുഷന്മാരെയും കൊണ്ട് കുതിരവണ്ടികളുടെ നിര ഇന്ന് റ്യൂ ദ് റെസിദാംസിലൂടെ നീങ്ങിപ്പോകുന്നില്ല. കുടിച്ചുന്മദിക്കുന്ന പട്ടാളക്കാരുടെ മയ്യഴി, വീഞ്ഞൊഴുകുന്ന മയ്യഴി, കാല്‍ശരായിക്കാരുടെയും തൊപ്പിക്കാരുടെയും മയ്യഴി- അതിന്ന് അകലെയാണ്”. കഥാചിത്രണത്തിലൂടെ ചരിത്രം പിന്നിട്ട ആ ദുര്‍ദിനങ്ങള്‍ സത്യസാക്ഷാത്ക്കാരം നേടുകയാണ്. അന്ത്യനിമിഷത്തിലും കാതുകളൊഴിച്ച് എല്ലാം നഷ്ടപ്പെട്ട കുറമ്പിയമ്മ ബലഹീനമായ സ്വരത്തില്‍ ചോദിക്കുന്നത് ‘കപ്പല്‍ വന്നോ എന്നാണ്’. ‘ആ കപ്പല്‍ ഇനി വരില്ല’ എന്നാണ് കാല്‍ക്കലിരുന്ന ഗിരിജയുടെ മൊഴി. അടിമത്തത്തിന്റെ ‘സുഖം’ ആവോളമനുഭവിച്ച കുറമ്പിയമ്മയുടെ കൈ അയഞ്ഞു.
”ആനക്കൊമ്പില്‍ തീര്‍ത്ത എണ്ണമറ്റ ഐതിഹ്യങ്ങളുടെയും ഇതിഹാസങ്ങളുടെയും ചെപ്പുകുടമായ ഡപ്പി താഴെ വീണുടഞ്ഞു. അപ്പോള്‍ രണ്ടു തുള്ളി കണ്ണീര്‍ അവിടെ തെളിഞ്ഞു വന്നു. വിശുദ്ധ കന്യാമറിയത്തിന്റെ ദേവാലയത്തിലെ ദുഃഖമണികള്‍ മെല്ലെ മുഴങ്ങി.” കാല്‍പ്പനികതയുടെയും ദാര്‍ശനികതയുടെയും നേരിയ വര്‍ണ്ണത്തില്‍ ചാലിച്ച ഈ രംഗഭാഷ അതിനപ്പുറം മയ്യഴിയുടെ മുകളില്‍ ഉദിച്ച സ്വാതന്ത്ര്യ സൂര്യനെ പ്രത്യക്ഷമാക്കുന്നു. ”അനാദിയായി പരന്നു കിടക്കുന്ന സമുദ്രത്തില്‍ അങ്ങകലെ ഒരു വലിയ കണ്ണുനീര്‍ത്തുള്ളി പോലെ വെള്ളിയാങ്കല്ല് കാണാമായിരുന്നു. അവിടെ അപ്പോഴും ആത്മാവുകള്‍ തുമ്പികളായി പാറി നടക്കുന്നുണ്ടായിരുന്നു. ആ തുമ്പികളില്‍ ഒന്ന് ദാസനായിരുന്നു” എന്ന മിത്തിന്റെ ഭാഷാശ്രുതി ജന്മാന്തരങ്ങളെ സംബന്ധിച്ചെങ്കിലും അവ്യാഖ്യേയമായ പാരതന്ത്ര്യത്തിന്റെയും അതില്‍ പുകഞ്ഞു കത്തിയ മനുഷ്യാത്മക്കളുടെയും പ്രതീക്ഷാനിര്‍ഭരമായ ചിറകനക്കങ്ങളാണ്.
ഭാവാത്മകമായ സാഹിത്യരേഖയും യഥാര്‍ത്ഥ ചരിത്രരേഖയും ചേര്‍ന്നൊഴുകി വിമോചനപ്പോരാട്ടത്തിന്റെ സത്യമുഖം അനാവരണം ചെയ്യുന്ന ഈ ആഖ്യായികയ്ക്ക് ഗവേഷണപരമായ അടിത്തറയും ചരിത്രമൂല്യവും അവകാശപ്പെടാം. മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ ഇന്നും സ്വാതന്ത്ര്യസമരത്തിന്റെ വീരഗാഥകള്‍ പ്രതിദ്ധ്വനിക്കുന്നു.