വ്യക്തികള്‍ക്കാണെങ്കിലും പ്രസ്ഥാനങ്ങള്‍ക്കാണെങ്കിലും സ്ഥാപനങ്ങള്‍ക്കാണെങ്കിലും പ്രതിച്ഛായ ഇന്നൊരു പ്രധാന പ്രശ്‌നമാണ്. സാധാരണ പ്രതിച്ഛായ ഉണ്ടാകുന്നത് ദീര്‍ഘകാലത്തെ പ്രവര്‍ത്തനമികവും പാരമ്പര്യവും കൊണ്ടാണ്. എന്നാല്‍ ഇന്നൊക്കെ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെല്ലാം സൗജന്യ നിരക്കില്‍ പ്രതിച്ഛായ ഉണ്ടാക്കിക്കൊടുക്കുന്ന കമ്പനികള്‍ ഉണ്ട്. പി.ആര്‍ വര്‍ക്കിലൂടെ പ്രതിച്ഛായ ഉണ്ടാക്കുക എന്ന് നാം പറയുന്നത് ഇതിനെയാണ്. എപ്പോഴും ഈ അനാശാസ്യ പ്രവര്‍ത്തനം നടക്കുന്നത് ചില മാധ്യമ പ്രവര്‍ത്തകരുടെയോ മാധ്യമ സ്ഥാപനങ്ങളുടെയോ സഹായത്തോടെയാണ്. പ്രതിച്ഛായ തകര്‍ക്കാനും ഇത്തരം സ്ഥാപനങ്ങള്‍ മുന്നിട്ടിറങ്ങാറുണ്ട്. രാഷ്ട്രങ്ങളും തങ്ങളുടെ പ്രതിച്ഛായ അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ത്തിപ്പിടിക്കാനും ശത്രു രാഷ്ട്രങ്ങളുടെ പ്രതിച്ഛായ തകര്‍ക്കാനും ശ്രമിക്കാറുണ്ട്. റഷ്യയും അമേരിക്കയും ശീതയുദ്ധകാലത്ത് തങ്ങളുടെ ചാരസംഘടനകളുടെ സഹായത്തോടെ ഈ പ്രവര്‍ത്തനങ്ങള്‍ ലോകം മുഴുവന്‍ നടത്തിയിരുന്നു. കമ്മ്യൂണിസ്റ്റ് റഷ്യ മൂന്നാം ലോകരാജ്യങ്ങളില്‍ തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കുവാനായി ആ രാജ്യങ്ങളിലെ മാധ്യമ പ്രവര്‍ത്തകരെ വിലയ്‌ക്കെടുക്കുകയും റഷ്യന്‍ സാഹിത്യങ്ങളും നുണകളും സമര്‍ത്ഥമായി ഒളിച്ചു കടത്തുകയും ചെയ്തിരുന്നു.
ഇന്ന് ലോകത്തിലെ പല വന്‍ ശക്തി രാജ്യങ്ങള്‍ക്കും വെല്ലുവിളിയായി ഭാരതം അന്താരാഷ്ട്ര വേദികളില്‍ ഉയര്‍ന്നു വരുന്നത് പ്രശ്‌നമായി മാറിയിട്ടുണ്ട്. ചേരിചേരായ്മ പറഞ്ഞ് റഷ്യന്‍ ചേരിയില്‍ കൊണ്ടുപോയി കെട്ടിയിരുന്ന ഭാരതം സ്വന്തം കാലില്‍ നില്‍ക്കാനും സ്വന്തം ചേരി വളര്‍ത്താനും തുടങ്ങിയതില്‍ അയലത്തെ അസൂയക്കാര്‍ മാത്രമല്ല മറ്റു ചില വിദൂര വന്‍ശക്തികളും അസ്വസ്ഥരാണ്. നരേന്ദ്ര മോദി പ്രധാനമന്ത്രിയായതിനു ശേഷം ഭാരതം തങ്ങളുടെ ചൊല്‍പ്പടിയില്‍ നില്‍ക്കുന്നില്ല എന്നു തിരിച്ചറിയുന്ന ചില ലോകശക്തികള്‍ ഭാരതത്തിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കൊണ്ടുപിടിച്ച ശ്രമത്തിലാണ്. ‘ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീരു കാണണം’ എന്ന ചിന്താഗതിക്കാരായ ചില രാഷ്ട്രീയ നേതാക്കളെയും വിലയ്ക്കു വാങ്ങാന്‍ കഴിയുന്ന ചില മാധ്യമങ്ങളെയും ഉപയോഗിച്ചുകൊണ്ടാണ് ഇന്ന് ഭാരതവിരുദ്ധ പ്രചരണം കൊഴുപ്പിക്കുന്നത്. ഇത്തരം പ്രചരണങ്ങളില്‍ ഏറ്റവും ഒടുവില്‍ വന്നത് ആഗോള പട്ടിണി സൂചിക എന്ന തട്ടിപ്പാണ്. ആഗോള പട്ടിണി സൂചികയില്‍ 101-ാം സ്ഥാനത്തുണ്ടായിരുന്ന ഭാരതം കഴിഞ്ഞ വര്‍ഷം 107-ാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു എന്ന വാര്‍ത്ത ഭാരതത്തിലെ ചില സര്‍ക്കാര്‍ വിരുദ്ധ മാധ്യമങ്ങളും ഓണ്‍ലൈന്‍ പോര്‍ട്ടലുകളും ആഘോഷമായി കൊണ്ടാടി. ആരാണീ പട്ടിണി സൂചികയുടെ ഉപജ്ഞാതാക്കള്‍ എന്നന്വേഷിക്കുമ്പോള്‍ അന്വേഷണം ചെന്നുനില്‍ക്കുന്നത് ജര്‍മ്മനിയിലെ സന്നദ്ധ സംഘടനയായ വെല്‍ത്ത് ഹംഗര്‍ ഹില്‍ഫ്, ഐറീഷ് കമ്പനിയായ കണ്‍സേണ്‍ വേള്‍ഡ്‌വൈഡ് എന്നീ സംഘടനകളിലേക്കാണ്. അവര്‍ക്ക് വിവരങ്ങള്‍ എവിടെനിന്നു കിട്ടി, വിവര വിശകലനം എങ്ങിനെ നടത്തി തുടങ്ങിയ അന്വേഷണങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം സംഘടനകളുടെ പിന്നിലുള്ള കറുത്ത ശക്തികളെ കണ്ടെത്താന്‍ കഴിയും. നൂറ്റിനാല്‍പ്പതു കോടി ജനങ്ങള്‍ വ്യത്യസ്ത തൊഴില്‍ ജീവിത നിലവാരങ്ങളില്‍ ജീവിക്കുന്ന ഒരു നാട്ടില്‍ ‘റാണ്ടം സാംബ്ലിങ്’ എന്ന നിലയില്‍ ശേഖരിച്ച മൂവായിരം പേരുടെ വിവരങ്ങള്‍ വച്ച് ഒരു രാജ്യത്തിന്റെ പട്ടിണി സൂചിക തയ്യാറാക്കിയവരെ എന്തു ചെയ്താല്‍ മതിയാകും? അത്തരം അടിസ്ഥാനമില്ലാത്ത വാര്‍ത്തകള്‍ വച്ച് രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തുന്ന ഭാരതത്തിലെ ചില മാധ്യമങ്ങളുടെ ഉദ്ദേശ്യശുദ്ധിയെ എങ്ങിനെയാണ് നോക്കിക്കാണേണ്ടത്? ദാരിദ്ര്യ സൂചികയില്‍ നാം പാകിസ്ഥാനും ബംഗ്ലാദേശിനും വരെ പിന്നില്‍ പോയി എന്ന് പ്രചരിപ്പിക്കുന്നവര്‍ ഭാരതം സൗജന്യമായി നല്‍കുന്ന ധാന്യങ്ങള്‍ കൊണ്ട് ജീവന്‍ നിലനിര്‍ത്തുന്ന ജനങ്ങളുള്ള നിരവധി രാജ്യങ്ങള്‍ ഇന്ന് ഭൂമിയിലുണ്ടെന്ന് മനസ്സിലാക്കണം. താലിബാന്‍ ഭരിക്കുന്ന അഫ്ഗാനും ചൈന കടക്കെണിയില്‍പ്പെടുത്തി തകര്‍ത്തു കളഞ്ഞ ശ്രീലങ്കയ്ക്കും വരെ അന്നമൂട്ടുന്ന ഭാരതത്തെ ദാരിദ്ര്യ സൂചിക കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട.
കൊറോണ പോലൊരു മഹാദുരന്തമുണ്ടായി രാജ്യം രണ്ടു വര്‍ഷത്തോളം ലോക് ഡൗണ്‍ ചെയ്തിട്ടും ഇവിടെ പട്ടിണി മരണമോ കലാപമോ ഉണ്ടാകാതിരുന്നത് ഇരുപത്തെട്ട് മാസം എണ്‍പത് കോടി ജനങ്ങള്‍ക്ക് ഭക്ഷ്യധാന്യങ്ങളും പയറു വര്‍ഗ്ഗങ്ങളും സൗജന്യമായി നല്‍കാന്‍ കഴിഞ്ഞതുകൊണ്ടാണ്. കുറ്റമറ്റ റേഷന്‍സംവിധാനമുള്ള രാജ്യമാണ് ഭാരതം. പ്രധാനമന്ത്രി നരേന്ദ്ര മോദി അധികാരത്തില്‍ വന്നതിനു ശേഷം നടപ്പിലാക്കിയ അന്ത്യോദയ അന്നയോജന പദ്ധതിയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള ഓരോ കുടുംബത്തിനും 35 കിലോ ഭക്ഷ്യധാന്യങ്ങളാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. ഭക്ഷ്യധാന്യ ഉല്‍പ്പാദനത്തിലും ശേഖരണത്തിലും ഇന്ന് ഭാരതം സ്വയംപര്യാപ്തി കൈവരിച്ചു കഴിഞ്ഞ രാഷ്ട്രമാണ്. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ പഠനത്തില്‍ ആഗോള ദാരിദ്ര്യ സൂചികയില്‍ 2005നും 2021നും ഇടയില്‍ ഭാരതത്തിലെ 41.5 കോടി ജനങ്ങള്‍ ദാരിദ്ര്യരേഖ മറികടന്ന് മുകളിലെത്തി എന്ന് കണ്ടെത്തിയിരിക്കുന്നു. ചരിത്രനേട്ടം എന്നാണ് യു.എന്‍. ഇതിനെ വിശേഷിപ്പിച്ചത്.
കോവിഡിന് ശേഷം ഭാരതത്തിനെതിരെ നടന്ന ആസൂത്രിതമായ മറ്റൊരു പ്രചരണമായിരുന്നു രാജ്യത്തെ കോവിഡ് മരണനിരക്ക് കുറച്ചുകാട്ടി എന്നത്. ചൈന പോലെയോ റഷ്യ പോലെയോ ഇരുമ്പു മറകള്‍ ഉള്ള ഏകാധിപതികള്‍ വാഴുന്ന നാടല്ല ഭാരതം. ജനാധിപത്യത്തിന്റെ സുതാര്യതയില്‍ ഇവിടെ ആര്‍ക്കും ഒന്നും മറച്ചുവയ്ക്കാന്‍ കഴിയില്ല. അതുപോലെ ഭാരതവുമായി നല്ല ബന്ധത്തിലുള്ള അറബ് രാജ്യങ്ങളെ തെറ്റിക്കുവാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങളാണ് ഈ അടുത്തകാലത്ത് നടന്നത്. ഒമാന്‍ രാജകുമാരിയുടെ പേരില്‍ വ്യാജ ട്വിറ്റര്‍ അക്കൗണ്ട് ഉണ്ടാക്കിവരെ ഭാരത വിരുദ്ധ പ്രചരണം നടത്തുകയുണ്ടായി.
ഇടയ്ക്കിടയ്ക്ക് ഭാരതത്തിനെതിരെ ചില അന്താരാഷ്ട്ര ഏജന്‍സികളുടെ പേരു പറഞ്ഞുകൊണ്ട് റിപ്പോര്‍ട്ടുകള്‍ ഇറക്കുന്നതും അത് ഭാരതത്തിലെ ചില മാധ്യമങ്ങള്‍ ആഘോഷിക്കുന്നതും അത്ര നിഷ്‌കളങ്കമായ പ്രവര്‍ത്തനമായി കാണാന്‍ കഴിയില്ല. വേള്‍ഡ് ഹാപ്പിനെസ് സൂചികയില്‍ ഭാരതം പാകിസ്ഥാനും ചൈനയ്ക്കും പിന്നില്‍ നൂറ്റിമുപ്പത്തി ഒമ്പതാം സ്ഥാനത്തായിപ്പോയെന്ന് വിലപിക്കുന്നവര്‍ നമ്മുടെ നാട്ടിലുണ്ട്. ചൈനയിലെയും പാകിസ്ഥാനിലെയും ജനങ്ങളുടെ ആനന്ദ നിലവാരം ഇടയ്ക്കിടയ്ക്ക് മറ്റ് വാര്‍ത്തകളിലൂടെ ലോകം അറിയുന്നുണ്ട്. അവിടുത്തുകാരുടെ ആനന്ദം എന്തായാലും ഭാരതീയര്‍ ആഗ്രഹിക്കുന്നില്ല. 2020ല്‍ ഇറങ്ങിയ മാനവ വികസന സൂചികയില്‍ ശ്രീലങ്കയും ചൈനയുമൊക്കെ ഭാരതത്തെക്കാള്‍ ബഹുദൂരം മുന്നിലായിരുന്നു എന്ന തമാശ ഇപ്പോള്‍ നമുക്ക് ഓര്‍ത്തു ചിരിക്കാനുള്ള വക നല്‍കുന്നുണ്ട്. വികസിച്ച് പൊട്ടിത്തെറിച്ച ശ്രീലങ്കയുടെ വികസനം ഭാരതത്തില്‍ വരാത്തതില്‍ ഇവിടെ ആര്‍ക്കും സങ്കടമില്ലെന്നു മാത്രം പറഞ്ഞു നിര്‍ത്തട്ടെ.