ഇറാനിലെ മുസ്ലിം സ്ത്രീകള്‍ അറപ്പോടെ വലിച്ചെറിയുന്ന ഹിജാബ് ഇവിടുത്തെ മുസ്ലിം സ്ത്രീകള്‍ അണിയണമെന്നു ഭാരതത്തിലെ മുസ്ലിം പേഴ്‌സണല്‍ ലോബോര്‍ഡിനും ചില മുസ്ലിം സംഘടനകള്‍ക്കും നിര്‍ബ്ബന്ധം. അതിനായി അവര്‍ സുപ്രീംകോടതിവരെ പോയിരിക്കയാണ്. ഇസ്ലാമിക ഭരണം നടക്കുന്ന ഇറാനില്‍ സ്ത്രീകള്‍ക്ക് ഹിജാബ് നിര്‍ബ്ബന്ധമാണ്. സപ്തംബര്‍ 13ന് മഹ്‌സ അമിനി എന്ന യുവതിയുടെ ഹിജാബിനു പുറത്ത് തലമുടി കണ്ടതോടെ പോലീസുകാര്‍ക്ക് ഹാലിളകി. സ്ത്രീ എന്ന പരിഗണനപോലുമില്ലാതെ വടികൊണ്ടടിച്ചും തല വാഹനത്തിന്റെ ബോണറ്റിലിടിപ്പിച്ചും ആദ്യശിക്ഷ നടപ്പാക്കി. പിന്നീട് മുടി കാണിച്ചു എന്ന മഹാപരാധത്തിനു അറസ്റ്റ്. പീഡനം സഹിക്കാതെ അമിനി അബോധാവസ്ഥയിലായി. വൈകാതെ മരണത്തിനിരയായി. പോലീസിന്റെ ഈ പീഡനത്തില്‍ പ്രതിഷേധിച്ച് ടെഹ്‌റാനിലെ തെരുവിലിറങ്ങിയ മുസ്ലിം സ്ത്രീകള്‍ ഹിജാബ് വലിച്ചെറിയുകയും കത്തിക്കുകയും ചെയ്തു. ചിലര്‍ സ്വന്തം മുടിമുറിച്ചു. ഇവര്‍ക്കെതിരെ ഇറാന്‍ പോലീസ് ക്രൂരമര്‍ദ്ദനമഴിച്ചുവിടുകയും ജലപീരങ്കി ഉപയോഗിക്കുകയും ചെയ്തു. യു.എന്‍. മനുഷ്യാവകാശ കമ്മീഷന്‍ ഹിജാബിന്റെ പേരിലുള്ള ഇറാനിലെ മനുഷ്യവേട്ടയെ അപലപിച്ചു.
നമ്മുടെ നാട്ടിലെ മുസ്ലിം വ്യക്തിനിയമബോര്‍ഡും സുന്നികളായ മുസ്ലിം സംഘടനകളും സ്ത്രീപീഡകരായ ഇറാന്‍ പോലീസിന്റെ മനുഷ്യാവകാശലംഘനത്തില്‍ ഊറ്റം കൊള്ളുകയാണ്. ഹിജാബ് മതപരമായ അവകാശമാണെന്നാണ് സുപ്രീംകോടതിയില്‍ അവര്‍ കത്തിക്കയറി വാദിക്കുന്നത്. സ്‌കൂള്‍ യൂണിഫോമിന്റെ ഭാഗമായി ഹിജാബ് മുസ്ലിംകുട്ടികളില്‍ അടിച്ചേല്പിക്കണമെന്നാണ് ഇക്കൂട്ടരുടെ വാദം. ഇത് ഹിജാബിനോടുള്ള സ്‌നേഹമോ സ്ത്രീകളോടുള്ള ബഹുമാനമോ ഒന്നുമാണെന്നു കാണണ്ട. മതസാമ്രാജ്യത്വവല്‍ക്കരണത്തിനുള്ള ഉപകരണമാണ് അവര്‍ക്ക് ഹിജാബ്.