മഹാകവി അക്കിത്തത്തിന്റെ ജന്മം കൊടുങ്ങല്ലൂരമ്മ വാണീദേവിയായവതരിച്ച് അനുഗ്രഹം ചൊരിഞ്ഞു നല്‍കിയതാണെന്നുള്ളതില്‍ ഒട്ടും സംശയമില്ല. കാരണം, രണ്ടുപേരുടേയും ജന്മനക്ഷത്രം ഒന്നു തന്നെ. മീനമാസത്തിലെ ഭരണി. കവിയെ കാലം ഋഷിയാക്കി മാറ്റിയതും അമ്മയുടെ വരദാനം തന്നെ. ആ കാവ്യവൃക്ഷത്തണലില്‍, അദ്ദേഹത്തിന്റെ സ്‌നേഹവും ലാളനയും ഏറ്റുവാങ്ങിയ ഒരുപാട് യുവകവികള്‍ ഇന്നും കാവ്യലോകത്ത് പ്രതിഭകളായി തിളങ്ങി നില്‍ക്കുന്നത് നമുക്ക് കാണാന്‍ സാധിക്കും. എട്ടാം വയസ്സില്‍ ക്ഷേത്രച്ചുമരില്‍ കരിക്കട്ടകൊണ്ട് ആദ്യമായി കുറിച്ചിട്ട വരികള്‍ തന്നെ വിശ്വവൈഭവമായി തീര്‍ന്നത് നാം കണ്ടതല്ലെ.
”അമ്പലങ്ങളീവണ്ണം
തുമ്പില്ലാതെ വരയ്ക്കുകില്‍
വമ്പനാമീശ്വരന്‍ വന്നി-
ട്ടെമ്പാടും നാശമാക്കീടും”.
ഭഗവദ്ഗീതയിലെ നാലാമദ്ധ്യായമായ ജ്ഞാനയോഗത്തിലെ ഏഴ്, എട്ട് ശ്ലോകങ്ങളില്‍ പറഞ്ഞതുപോലെ-
”യദാ യദാഹി ധര്‍മ്മസ്യ
ഗ്ലാനിര്‍ ഭവതി ഭാരത
………. …………. ……………
………. …………. ……………
………. …………. ……………
ധര്‍മ്മ സംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ.
എപ്പോഴെല്ലാം ധര്‍മ്മത്തിനു തളര്‍ച്ചയും അധര്‍മ്മത്തിന് ഉയര്‍ച്ചയും സംഭവിക്കുന്നുവോ, അപ്പോഴെല്ലാം ഭഗവാന്‍ അവതരിക്കുമെന്നും സജ്ജനങ്ങളുടെ സംരക്ഷണത്തിനും ദുഷ്ടന്മാരുടെ നിഗ്രഹത്തിനും ധര്‍മ്മം നിലനിര്‍ത്തുന്നതിനും വേണ്ടി ഭഗവാന്‍ യുഗം തോറും അവതരിക്കുമെന്ന ഗീതാശ്ലോകത്തിന്റെ അര്‍ത്ഥം ധ്വനിക്കുന്ന വരികള്‍ തന്നെയല്ലേ, ക്ഷേത്രവും ചുറ്റുപാടും വൃത്തികേടാക്കിക്കൊണ്ടിരിക്കുന്ന വികൃതി കുട്ടികളോട് ബാലനായ അച്യുതന്‍ (അക്കിത്തം) കൊടുത്ത താക്കീത്.
തന്റെ ജീവിതാവസാനം വരെ സനാതന ധര്‍മ്മത്തെ വിപ്ലവാത്മകമായി താലോലിച്ചു നടന്ന കവിയായിരുന്നു അക്കിത്തം. കമ്മ്യൂണിസത്തിലേക്ക് തന്നെ കൊണ്ടുപോയത് ഋഗ്വേദമാണെന്നും അതിലെ സംവാദസൂക്തമാണ് ലോകത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് കൃതിയെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു. ഭാരതീയ ദര്‍ശനങ്ങളും കമ്മ്യൂണിസവും സമന്വയപ്പെടുത്തി കാണാനുള്ള പരിശ്രമമായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം.
”ഞാനെന്നും കമ്മ്യൂണിസ്റ്റാണ്. എന്നു വെച്ചാല്‍ ഇന്നു കാണുന്ന കമ്മ്യൂണിസ്റ്റല്ല. മറിച്ച്, വേദസംസ്‌കാരത്തിലടിയുറച്ച വിപ്ലവകാരി. അതിനെ ഞാനെന്നും സ്‌നേഹിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ടാണ് എനിക്ക് സംഘപരിവാര്‍ പ്രസ്ഥാനങ്ങളോട് താല്പര്യം തോന്നിയത്. അവര്‍ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാരാണ്. സനാതന ധര്‍മ്മത്തിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന വിപ്ലവകാരികളാണവര്‍”. ഇതായിരുന്നു അക്കിത്തത്തിന്റെ രാഷ്ട്രീയ കാഴ്ചപ്പാട്.
കമ്മ്യൂണിസ്റ്റാശയങ്ങള്‍ പേറി നടന്നിരുന്ന തന്റെ യൗവ്വനകാലത്ത് ഇ.എം.എസ്. നമ്പൂതിരിപ്പാട്, വി.ടി. ഭട്ടതിരിപ്പാട്, കെ. ദാമോദരന്‍ എന്നിവര്‍ അക്കിത്തത്തിന്റെ സന്തത സഹചാരികളായിരുന്നു. അക്കിത്തം അക്കാലത്തു രചിച്ച ‘കുതിര്‍ന്ന മണ്ണ്’, ‘പ്രകൃതി ദേവത’ എന്നീ കവിതകള്‍ പാര്‍ട്ടി വേദികളെ ആവേശം കൊള്ളിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെ ചില നയങ്ങളില്‍ അക്കിത്തത്തിന് പൊരുത്തപ്പെടാനാവാതെ വന്നപ്പോള്‍ 1952-ല്‍ ‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ എന്നൊരു മഹാകാവ്യം പ്രസിദ്ധപ്പെടുത്തി. അതോടുകൂടി അക്കിത്തത്തിനും പാര്‍ട്ടിക്കുമിടയില്‍ വലിയൊരു അകല്‍ച്ച രൂപപ്പെട്ടു. യുദ്ധവും സമരങ്ങളും ഒരിക്കലും മനുഷ്യസമൂഹത്തിന് ഗുണം ചെയ്യില്ലെന്നും കാര്‍ഷികസംസ്‌കൃതിയാണ് നമ്മള്‍ പരിപോഷിപ്പിക്കേണ്ടതെന്നും അക്കിത്തത്തിന്റെ വരികളില്‍ നിറഞ്ഞു നിന്നു.
”തോക്കിനും വാളിനും വേണ്ടി
ച്ചെലവിട്ടോരിരുമ്പുകള്‍
ഉരുക്കി വാര്‍ത്തെടുക്കാവൂ
ബലമുള്ള കലപ്പകള്‍”.
ഏകദേശം എട്ടു വര്‍ഷത്തെ കഠിന തപസ്യയിലൂടെയാണ് മഹാകവി അക്കിത്തം ഭാഗവതം തര്‍ജമ ചെയ്തത്. അത് പ്രസിദ്ധീകരിച്ചതിന്റെ അടുത്ത ദിവസം തന്നെ അതിന്റെ ഒരു കോപ്പി മഹാകവിയുടെ കൈകൊണ്ട് നേരിട്ടു വാങ്ങണമെന്ന ആഗ്രഹവുമായി ഗാനഗന്ധര്‍വ്വന്‍ യേശുദാസ് ഒരു സന്ധ്യാസമയത്ത് ‘ദേവായന’ത്തില്‍ (അക്കിത്തത്തുമന) എത്തിയപ്പോള്‍ അദ്ദേഹത്തെ തന്റെ ഭവനത്തിലേക്ക് അക്കിത്തം എതിരേറ്റത് ഭദ്രദീപം കൊളുത്തിയിട്ടായിരുന്നു. അതുകണ്ടു സ്തബ്ധനായി നില്‍ക്കുന്ന യേശുദാസിനോട് മഹാകവി ഇങ്ങനെ പറഞ്ഞു.
”എന്നേക്കാള്‍ പ്രായം കുറഞ്ഞ യേശുദാസിനെയല്ല ഞാന്‍ വിളക്കെടുത്ത് എതിരേറ്റത്. എന്നിലേയ്‌ക്കെത്തിയ സരസ്വതിദേവിയെയാണ്”.
അതിനുശേഷം 2012-ല്‍ ‘അക്കിത്തഭാഗവതം’ തപസ്യ കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സപ്താഹം നടത്താന്‍ നിശ്ചയിച്ചപ്പോള്‍ അതിന്റെ പ്രഥമ വര്‍ഷത്തെ ‘ഭാഗവതോത്സവം’യാതൊരു പ്രതിഫലവും സ്വീകരിക്കാതെ ഉദ്ഘാടനം ചെയ്തത് യേശുദാസായിരുന്നു. അക്കിത്തത്തിന്റെ പരദേവത കുടികൊള്ളുന്ന കുമരനല്ലൂര്‍ (പാലക്കാട് ജില്ല) ഹരിമംഗലം മഹാവിഷ്ണുക്ഷേത്ര സന്നിധിയായിരുന്നു വേദി.
”ഹരിമംഗലത്തപ്പനെ അകത്തു കയറി ഒന്നു
തൊഴാന്‍ സാധിക്കുമോ ആവോ?”
ക്ഷേത്രമതില്‍ക്കെട്ടിനു പുറത്തുനിന്നുകൊണ്ടു തൊഴുതിരുന്ന സാക്ഷാല്‍ ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ ഒരപേക്ഷയായിരുന്നു അത്.
”അതിനെന്താ കയറിക്കോളൂ”.
വീല്‍ചെയറില്‍ ഇരുന്നുകൊണ്ടു തന്നെ അക്കിത്തം നിറഞ്ഞ മനസ്സോടെ അനുവാദം കൊടുത്തു. അതൊരുറച്ച ശബ്ദമായിരുന്നു. മഹാവിഷ്ണു ചൈതന്യം ഹരിമംഗലത്തപ്പനായി വിളങ്ങുന്ന ക്ഷേത്രത്തില്‍ അന്നുവരെ (2012 – ഡിസംബര്‍ 6) ഒരന്യമതസ്ഥന്‍ കയറിയിട്ടില്ല എന്നാണറിവ്. അക്കിത്തത്തിലെ ഒരു പുരോഗമനവാദിയെയാണ് നമുക്കവിടെ കാണാന്‍ കഴിഞ്ഞത്. ക്ഷേത്രം തറവാട്ടു വകയാണെങ്കിലും ദേശവാസികളാണിപ്പോള്‍ ഭരണം നടത്തുന്നത്. അവര്‍ മഹാകവിയുടെ സര്‍വ്വമത സമഭാവന തിരിച്ചറിഞ്ഞവരാണ്. അതുകൊണ്ടാണല്ലോ അന്നവിടെ ഒരു പ്രതിഷേധവും നമുക്ക് കാണാന്‍ കഴിയാഞ്ഞത്. യേശുദാസ് ശ്രീകോവിലിന്റെ സോപാനത്തിനടുത്തു നിന്ന് ഭഗവാനെ കണ്‍കുളിര്‍ക്കെ കണ്ടു തൊഴുതു. മേല്‍ശാന്തിയില്‍ നിന്നും പ്രസാദം വാങ്ങി നെറ്റിയില്‍ ചാര്‍ത്തി. അത് ദാസേട്ടന്റെ ജീവിതത്തിലെ ഒരു വലിയ ധന്യമുഹൂര്‍ത്തമായിരുന്നു. ഒരുപാട് നാളായി ഗുരുവായൂരപ്പനെ ഒന്നു കാണാന്‍ കൊതിച്ചയാള്‍ക്ക് ഗുരുവായൂരപ്പന്റെ (മഹാവിഷ്ണു) ചൈതന്യം നിറഞ്ഞാടുന്ന ഹരിമംഗലത്തപ്പനെ തൊഴുതു നിര്‍വൃതിയടയാനായി. അതിന് മഹാകവിയോട് ആയിരം നന്ദി പറഞ്ഞ് ആ പാദാരവിന്ദങ്ങളില്‍ തൊട്ടുവന്ദിച്ചിട്ടാണ് ദാസേട്ടന്‍ അന്നു തിരിച്ചുപോയത്.
അക്കിത്തം വെറുമൊരു കവി മാത്രമായിരുന്നില്ല. പത്രാധിപര്‍, നാടകകൃത്ത്, വിവര്‍ത്തകന്‍, ചിത്രകാരന്‍, ജ്യോതിഷി എന്നീ നിലകളിലും പ്രതിഭ തെളിയിച്ച വ്യക്തിയായിരുന്നു. അക്കിത്തത്തിന്റെ സാഹിത്യസപര്യയില്‍ ആരും ശ്രദ്ധിക്കാതെ പോയ മറ്റൊരു മേഖലയുണ്ട്. കഥയെഴുത്ത്. അക്കിത്തം എണ്ണം പറഞ്ഞൊരു കഥാകൃത്താണെന്ന് എം.ടി.വാസുദേവന്‍നായര്‍ പലയിടങ്ങളിലും എഴുതുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്. കവിയുടെ പത്തു കഥകളടങ്ങിയ ‘അവതാളങ്ങള്‍’എന്ന കഥാസമാഹാരം ഇന്നും വിപണിയിലുണ്ട്. അതിലെ ‘പാമ്പ് ‘ എന്ന കഥയെ വിലയിരുത്തിയാണ് എം.ടി. മേല്‍പ്പറഞ്ഞ അഭിപ്രായം രേഖപ്പെടുത്തിയത്. ‘കാക്കപ്പുള്ളികള്‍’ എന്നൊരു കഥാസമാഹാരം കൂടി ഇറക്കിയെങ്കിലും അതൊന്നും തനിക്ക് സംതൃപ്തി തരാത്ത രചനകളായിരുന്നതുകൊണ്ട് വീണ്ടും അവ പുറത്തിറക്കാന്‍ അക്കിത്തം തയ്യാറായില്ല. ആദ്യകാലത്ത് അക്കിത്തം കഥകള്‍ എഴുതിയിരുന്നെങ്കിലും പിന്നീട് ആ കഥാംശങ്ങളെല്ലാം കവിതകളില്‍ പ്രതിഫലിപ്പിക്കാന്‍ തുടങ്ങി. ‘കൂത്തുകാണാന്‍’,’കണ്ടവരുണ്ടോ’,’പാവക്കുട്ടിയോട്’ ‘ഗീതാസാരം’,’കുട്ടപ്പന്‍ എന്ന കോമരം’ എന്നീ കവിതകള്‍ ചില ഉദാഹരണങ്ങള്‍ മാത്രം.
സാഹിത്യകാരന്മാരുടെ പേനയിലെ മഷി ‘ഈഗോ’ ആണെന്ന് പണ്ടാരോ പ്രസംഗിച്ചു കേട്ടിട്ടുണ്ട്. എന്നാല്‍ ആ വാക്യം ഒരിക്കലും അക്കിത്തമെന്ന മഹാപ്രതിഭയ്ക്ക് ബാധകമായിരുന്നില്ല. അതിന് നിരവധി ഉദാഹരണങ്ങള്‍ തെളിവായിട്ടുണ്ട്. ഒരിക്കല്‍ ഒരു സാഹിത്യക്യാമ്പില്‍ വെച്ച് തന്നേക്കാള്‍ എത്രയോ പ്രായംകുറഞ്ഞ കവി എസ്. രമേശന്‍ നായര്‍ എഴുതിയ
”നാവെന്തിനു തന്നൂ ഭഗവാന്‍
നാരായണ നാമം പാടാന്‍
………. ………… ………….. …………….
………. ………… ………….. …………….
………. ………… ………….. …………….
………. ………… ………….. …………….
നാളില്ല, നാളെയുമില്ല
നാരായണ! ശരണം! ശരണം!”
എന്ന കവിതയിലെ രണ്ടോ നാലോ വരികള്‍ ഉദ്ധരിച്ച് മഹാകവി അക്കിത്തം ആ സഭയില്‍ ഇങ്ങനെ പ്രസംഗിച്ചു.
”ഈ ഗാനത്തിന്റെ ആദ്യവരികള്‍ ചൊല്ലുമ്പോള്‍ തന്നെ എനിക്ക് കോരിത്തരിപ്പാണ് അനുഭവപ്പെട്ടത്.
രമേശന്‍ നായര്‍ എന്നേക്കാള്‍ എത്രയോ വലിയ കവിയാണ്” എന്ന് നിറഞ്ഞ മനസ്സോടെ പ്രഖ്യാപിക്കാനും അക്കിത്തം മടിച്ചില്ല. എപ്പോഴും എല്ലാവര്‍ക്കും റഫറന്‍സ് ചെയ്യാവുന്ന കാവ്യലോകത്തെ ഒരു തുറന്ന പുസ്തകമായിരുന്നു അക്കിത്തത്തിന്റെ ജീവിതം.
മലയാള കാവ്യശാഖക്ക് നല്‍കി വരുന്ന ഒട്ടുമിക്ക അംഗീകാരങ്ങളും അക്കിത്തത്തെ തേടിയെത്തിയിട്ടുണ്ട്. 2017ല്‍ പത്മശ്രീയും 2019-ല്‍ ജ്ഞാനപീഠവും നേടിയപ്പോള്‍ ഭാരതീയ സാഹിത്യലോകത്തിന്റെ നെറുകയില്‍ മലയാള കവിതയുടെ പൊന്‍തിലകം ചാര്‍ത്തിയ കവിയായി മാറി അക്കിത്തം. അദ്ദേഹത്തിന്റെ രചനകള്‍ കാലാതിവര്‍ത്തിയാണ്. എന്നിട്ടും ഇതൊന്നും എന്റേതല്ലെന്നും ഇതിന്റെയൊന്നും യാതൊരവകാശവാദവും ഉയര്‍ത്താതെ ഒരു ഋഷിയായി മാറുകയായിരുന്നു കവി.
”എന്റെയല്ലെന്റെയല്ലീ കൊമ്പനാനകള്‍
എന്റെയല്ലീ മഹാക്ഷേത്രവും മക്കളേ”.
എന്നു കുറിച്ചിട്ട ആ ഉപനിഷദ് വാക്യം (ഇദം ന മമ) മാത്രം മതി അക്കിത്തമെന്ന കവിയുടെ മഹത്വമറിയാന്‍. ഈ യുഗം അവസാനിക്കും വരെ നിലാവു പെയ്യുന്ന നിത്യനിര്‍മ്മല കാവ്യ പൗര്‍ണമി നമുക്കു സമ്മാനിച്ച് ശാന്തനായി കടന്നുപോയ ആ ഋഷി കവിയുടെ പാദാരവിന്ദങ്ങളില്‍ നമുക്ക് പുഷ്പാര്‍ച്ചന ചെയ്യാം.