ഒരു ത്രില്ലര്‍ സിനിമയിലെന്നപോലെ കാനം സഖാവ് വാള്‍ ആഞ്ഞു വീശി. ഇസ്മയില്‍ സഖാവും ദിവാകരന്‍ സഖാവും അതാ താഴെ വീണു പിടയുന്നു. ചോര ചീറ്റുന്ന നെഞ്ചില്‍ കയ്യമര്‍ത്തി ഇസ്മയില്‍ സഖാവ് വിലപിക്കുകയാണ്: എന്റെ നെഞ്ചില്‍ കഠാര കുത്തിയിറക്കിയില്ലേ സഖാവേ തീര്‍ന്നില്ല സഖാവിന്റെ രോദനം. 1964-ല്‍ പാര്‍ട്ടി പിളരുമ്പോള്‍ പാലക്കാട്ടെ എന്റെ ഗ്രാമത്തില്‍ വിരലിലെണ്ണാവുന്ന പ്രവര്‍ത്തകരാണ് ശേഷിച്ചത്. സി.പി.എമ്മുമായി ഏറ്റുമുട്ടിയാണ് ഞാന്‍ പാര്‍ട്ടി വളര്‍ത്തിയത്. എന്റെ വീട് സി.പി.എം കയ്യേറി പാര്‍ട്ടി ഓഫീസാക്കി. കാനത്തിനെതിരായ രോഷവും സഖാവ് മറച്ചുവെച്ചില്ല. ഈ രാജേന്ദ്രനൊക്കെ ഇപ്പോഴല്ലേ പാര്‍ട്ടി സെക്രട്ടറിയായി വന്നത്. വ്യക്തിപരമായ താല്പര്യം സംരക്ഷിക്കാന്‍ വിഭാഗീയത ബോധപൂര്‍വ്വം ഉണ്ടാക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ചേര്‍ന്നതല്ല. ഇസ്മയിലിനെ പാര്‍ട്ടി സംസ്ഥാന കൗണ്‍സിലിന്റെ പടിക്ക് പുറത്താക്കിയത് 83 വയസ് കഴിഞ്ഞു എന്നു പ്രഖ്യാപിച്ചാണ്. പ്രഖ്യാപിച്ചതാകട്ടെ താന്‍ വളര്‍ത്തിയെടുത്ത യുവതുര്‍ക്കികളും. അവര്‍ തന്റെ നെഞ്ചത്ത് പാരവെക്കുമ്പോള്‍ ഇസ്മയില്‍ വികാരാധീനനായി. ഇതേ അവസ്ഥ തന്നെയായിരുന്നു സി.ദിവാകരനും. മൂന്നാം തവണ സെക്രട്ടറിയായ കാനം ഇവര്‍ക്കെതിരെ നിലപാട് കടുപ്പിച്ചിരുന്നു.
അധികാര വടംവലിയില്‍ ഇസ്മയിലിനൊപ്പമായിരുന്നു കാനം. ഇസ്മയില്‍ തടസമായപ്പോള്‍ കാനം വെട്ടി വീഴ്ത്തി. പ്രായപരിധി സംബന്ധിച്ച കേന്ദ്ര കമ്മറ്റി നിര്‍ദേശം അതിന് ആയുധമാക്കി. സോവിയറ്റ് റഷ്യയുടെ ചരിത്രം സ്റ്റാലിന്റെ കാലം മുതല്‍ കാണിച്ചു തന്നതാണ് ഈ വഴി. അന്ന് അതിനെ ന്യായീകരിച്ചവരാണ് സി.പി.ഐക്കാര്‍. കേരളത്തില്‍ വല്യേട്ടന്‍ പാര്‍ട്ടിയിലും ഇത് പച്ചയായി നടപ്പായി. നായനാര്‍ക്കെതിരെ വി. എസ്. അച്യുതാനന്ദന്‍ കൂട്ടുപിടിച്ചത് വിജയന്‍ സഖാവിനെ. അതേ വിജയന്‍ സഖാവ് അച്യുതാനന്ദനെ മൂലക്കിരുത്തി. ഇതൊക്കെ കമ്യൂണിസ്റ്റുകാരുടെ ചോരയിലുള്ളതാണ്. കരഞ്ഞിട്ടും നെഞ്ചത്തടിച്ചിട്ടും കാര്യമില്ല ഇസ്മയില്‍ സഖാവേ. പാടത്തെ പണിക്ക് വരമ്പത്താണ് കൂലി.