ഗുരുവിനെത്തേടി നടന്നു ഞാനേകാന്ത-
പഥികനായേറെ അലഞ്ഞിരുന്നു…
അറിയാത്ത വീഥിയില്‍ പറയാത്ത നൊമ്പരം
വ്യഥകളായ് ചിതറി കിടന്നിരുന്നു…
അരികിലായെത്തുന്ന രൂപത്തിലാമുഖം
തിരയുവാന്‍ മിഴികള്‍ പഠിച്ചിരുന്നു…
മധുരമാം മൊഴികളില്‍ കരുതലിന്‍ കാരുണ്യ-
മറിയുവാന്‍ കാതുകള്‍ കാത്തിരുന്നു…
ഗുരുമുഖം കാണുവാന്‍ കനമുള്ള പുസ്തകം
ഒരുപാടുകാലം തിരഞ്ഞിരുന്നു…
പൊരുളിന്റെ തിരിനാളമെരിയുന്നതെവിടെയെ-
ന്നറിയാതെ ഞാനും നടന്നിരുന്നു…
എവിടെയാ ഗുരുഭൂതനെന്നറിഞ്ഞീടുവാന്‍
വെറുതെ ഞാനെന്നും ശ്രമിച്ചിരുന്നു…
ഒരുനാളിലാ ദിവ്യസാന്നിദ്ധ്യമെന്‍മുന്നി-
ലണയുമെന്നാരോ പറഞ്ഞിരുന്നു…
ഗുരുവിന്റെ പൂര്‍ണിമ തേടുവാനീ ജന്മ-
സമിധയും കരുതി ഞാന്‍ കാത്തിരുന്നു..
തേടിയ വള്ളിയെന്‍ കാലിലല്ലെപ്പൊഴോ
കണ്ഠത്തിലാഞ്ഞു വലിച്ചിരുന്നു…
അജ്ഞാനമെല്ലാം എരിഞ്ഞമര്‍ന്നു; ഗുരു-
സുജ്ഞാനമായി ജ്വലിച്ചുയര്‍ന്നു…
ഒരു നൂറുവാവലിന്‍ ചിറകടിയായുള്ളി-
ലണപൊട്ടി പ്രണവം ധ്വനിച്ചിരുന്നു…!
അനുപൂരകങ്ങളീ ആത്മബന്ധം; ഇന്നും-
തുടരുന്നു നിത്യമീ സത്യബന്ധം…
ബന്ധനം തീര്‍ക്കുന്ന സ്‌നേഹബന്ധം; ഗുരു-
സിന്ധുവായ് മാറുന്ന സൂത്രബന്ധം!