കോണ്‍ഗസ്സ് പ്രസിഡന്റ് സോണിയഗാന്ധിയെയും വയനാട് എംപി രാഹുല്‍ ഗാന്ധിയെയും കേന്ദ്ര ഏജന്‍സികള്‍ ചോദ്യം ചെയ്തതിന്റെ ഫലമായി നാഷണല്‍ ഹെറാള്‍ഡ് എന്ന വാക്ക് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പത്ര മാധ്യമ വര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. അര്‍ദ്ധസത്യങ്ങള്‍ മാത്രം പ്രചരിപ്പിക്കുന്ന മലയാള മാധ്യമങ്ങളില്‍ എന്താണ് നാഷണല്‍ ഹെറാള്‍ഡ് കേസ് എന്നതിന്റെ യാഥാര്‍ത്ഥ്യം വന്നിട്ടേയില്ല. സ്വതന്ത്രഭാരതം കണ്ട ഒരു വലിയ സാമ്പത്തിക കുറ്റകൃത്യമാണ് നാഷണല്‍ ഹെറാള്‍ഡ് കേസ്.
ഇന്ത്യയുടെ പത്രപ്രവര്‍ത്തന ചരിത്രവും സ്വാതന്ത്ര്യ സമരവും അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നു. സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയില്‍ അഗ്‌നിയും ഇന്ധനവും പകര്‍ന്നതു നിരവധി പത്രങ്ങളാണ്. അതില്‍ ഒന്നാണ് നാഷണല്‍ ഹെറാള്‍ഡ്. പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവാണ് നാഷണല്‍ ഹെറാള്‍ഡ് സ്ഥാപിച്ചത്. അക്കാലത്ത് പലപത്രങ്ങളും ബ്രിട്ടീഷ് അനുകൂല നിലപാടുകള്‍ എടുത്തപ്പോള്‍ ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഒരു പൊതു പത്രം വേണം എന്ന ആവശ്യത്തെ തുടര്‍ന്നാണ് നാഷണല്‍ ഹെറാള്‍ഡ് എന്ന ആശയം വരുന്നത് തന്നെ. പത്രം തുടങ്ങുന്നതിന്റെ ആദ്യപടിയായി 1937 നവംബര്‍ 20 ന് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് (AJL) എന്ന പേരില്‍ ഏതാണ്ട്, അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികള്‍ ഓഹരി ഉടമകളായി ഒരു കമ്പനി രൂപീകരിച്ചു. ഡല്‍ഹിയില്‍ പത്രസ്ഥാപനങ്ങളുടെ പറുദീസയായ ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസിലായിരുന്നു കമ്പനിയുടെ രജിസ്‌ട്രേഡ് ഓഫീസ്. കാലക്രമത്തില്‍ ഡല്‍ഹി, ലഖ്‌നൗ, ഭോപ്പാല്‍, മുംബൈ, ഇന്‍ഡോര്‍, പാറ്റ്‌ന തുടങ്ങിയ ഉത്തരേന്ത്യന്‍ നഗരങ്ങളില്‍ വമ്പിച്ച ഭൂസ്വത്തുക്കള്‍ കമ്പനി നേടി.
കമ്പനി രൂപീകരിച്ചു ഒരു വര്‍ഷം തികയുന്നതിനു മുന്‍പ്, 1938 സപ്തംബര്‍ 9ന് ലഖ്നൗവില്‍ നിന്ന് ഇംഗ്ലീഷില്‍ നാഷണല്‍ ഹെറാള്‍ഡ് പത്രം ആദ്യമായി പ്രസിദ്ധീകരിക്കപ്പെട്ടു. തൊട്ടു പിന്നാലെ എ.ജെ.എല്ലിന്റെ ഉടമസ്ഥതയില്‍ തന്നെ ഖൗമി ആവാസ് എന്ന പേരില്‍ ഉറുദു ഭാഷയില്‍ ഒരു പത്രം തുടങ്ങി.
എ.ജെ.എല്‍ കമ്പനിയുമായി ബന്ധപ്പെട്ടു പത്രലോകത്ത് ഭാരത ജനത കേള്‍ക്കുന്ന മൂന്നാമത്തെ പേരാണ് ‘നവജീവന്‍’. ഈ വാക്ക് ആദ്യം കേള്‍ക്കുന്നത് ഗാന്ധിജിയുമായി ബന്ധപ്പെട്ടാണ്. ഗാന്ധിജി ഗുജറാത്തി ഭാഷയില്‍ നവജീവന്‍ എന്ന വാരിക തുടങ്ങിയിരുന്നു. 1947 നവംബര്‍ 1 നു ഗാന്ധിജിയുടെ സമ്മതത്തോടെ നവജീവന്‍ എന്ന പേരില്‍ ഹിന്ദിയില്‍ ഒരു പത്രം എ.ജെ.എല്‍ ആരംഭിച്ചു. അതോടെ എ.ജെ.എല്‍ എന്ന കമ്പനിയുടെ ഉടമസ്ഥതയില്‍ മൂന്നു പത്രങ്ങളായി. ഇംഗ്ലീഷില്‍ നാഷണല്‍ ഹെറാള്‍ഡ്, ഉറുദുവില്‍ ഖൗമി ആവാസ്, ഹിന്ദിയില്‍ നവജീവന്‍.
നാഷണല്‍ ഹെറാള്‍ഡിന്റെ തിരുനെറ്റിക്ക് അതിന്റെ മാസ്റ്റര്‍ ഹെഡില്‍ ഒരു പ്രസിദ്ധമായ വാചകം എഴുതിയിരുന്നു. “Freedom is in Peril, Defend it with All Your Might’-. . ഈ വാചകം അവിടെ വന്നതിനെ സംബന്ധിച്ചു പ്രസിദ്ധമായ ഒരു കഥയുണ്ട്. സാക്ഷാല്‍ ഇന്ദിരാഗാന്ധി ഏതാണ്ട് 20 വയസ്സ് പ്രായമുള്ളപ്പോള്‍ നെഹ്റുവിനെ കാണിച്ചു കൊടുത്ത ഒരു കാര്‍ട്ടൂണിലെ വാചകമായിരുന്നു ഇത്. എന്നാല്‍ പില്‍ക്കാലത്ത് അതേ ഇന്ദിരാഗാന്ധി അധികാരത്തിലെത്തുകയും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തപ്പോള്‍ നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ മാസ്റ്റര്‍ ഹെഡില്‍ നിന്നും ഈ വാചകം നീക്കം ചെയ്തു. ഇന്ത്യന്‍ എക്‌സ്പ്രസ്സ് പത്രത്തിന്റെ കോണ്‍ട്രിബ്യൂട്ടിംഗ് എഡിറ്ററായ കൂമി കപൂര്‍ എഴുതിയ The Emergency: A Perosnal history എന്ന പുസ്തകത്തില്‍ ഈ വിഷയം സൂചിപ്പിച്ചിട്ടുണ്ട്.
അസോസിയേറ്റഡ് ജേണല്‍സ് ലിമിറ്റഡ് എന്ന കമ്പനിയും അതിന്റെ ഉടമസ്ഥതയിലുള്ള മൂന്നു പത്രങ്ങളും ഇന്ത്യക്കാരുടെ സ്വന്തം പത്രങ്ങള്‍ എന്ന നിലയില്‍ സ്വാതന്ത്ര്യ സമരകാലത്ത് അതിന്റെ വേഷം ഭംഗിയായി നിര്‍വഹിച്ചു. പ്രധാനമന്ത്രിയായി സ്ഥാനമേല്‍ക്കുന്നതുവരെ ആ കമ്പനിയുടെയും പത്രങ്ങളുടെയും ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ജവഹര്‍ ലാല്‍ നെഹ്റു തന്നെ ആയിരുന്നു. ഭാരതീയ രാഷ്ട്രീയ സാംസ്‌കാരിക മണ്ഡലങ്ങളിലെ നിരവധി വിശിഷ്ട വ്യക്തിത്വങ്ങള്‍ ഈ പത്രത്തോട് ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുണ്ട്. കെ.രാമ റാവു ആയിരുന്നു ആദ്യത്തെ എഡിറ്റര്‍. പില്‍ക്കാലത്ത് ഭഗവദ്ഗീതാ പ്രഭാഷണങ്ങളിലൂടെ ലോകപ്രശസ്തനായിത്തീര്‍ന്ന ചിന്മയാനന്ദ സരസ്വതി സ്വാമികള്‍ അദ്ദേഹത്തിന്റെ പൂര്‍വാശ്രമത്തില്‍ നാഷണല്‍ ഹെറാള്‍ഡിലെ പത്രപ്രവര്‍ത്തകന്‍ ആയിരുന്നു. അദ്ദേഹം പൂര്‍വ്വാശ്രമത്തിലെ പേരായ ബാലകൃഷ്ണ മേനോന്‍ എന്ന നാമം ഉപയോഗിച്ച് നാഷണല്‍ ഹെറാള്‍ഡില്‍ നിരവധി ശ്രദ്ധേയങ്ങളായ ലേഖനങ്ങള്‍ എഴുതി. 1942 ആഗസ്റ്റില്‍ ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം ശക്തിപ്പെട്ടപ്പോള്‍ ബ്രിട്ടീഷുകാര്‍ നാഷണല്‍ ഹെറാള്‍ഡും സഹോദര പത്രങ്ങളും പൂട്ടി. 1945 വരെ ആ നില തുടര്‍ന്നു.

ഇതിനിടെ 1942 മാര്‍ച്ച് മാസത്തില്‍ ഇന്ദിര ഗാന്ധിയും ഫിറോസ് ഗാന്ധിയുമായുള്ള വിവാഹം നടന്നു. 1946 ല്‍ നെഹ്രുവിന്റെ മരുമകന്‍, ഇന്ദിരയുടെ ഭര്‍ത്താവ് ഫിറോസ് ഗാന്ധി ഈ പത്രങ്ങളുടെ മാനേജിങ് ഡയറക്ടര്‍ ആയി ചുമതല ഏറ്റെടുത്തു. പൊതുജനങ്ങളുടെ പണം പിരിച്ചു തുടങ്ങിയ ഒരു സ്ഥാപനം നെഹ്റു തന്റെ കുടുംബ സ്വത്താക്കി മാറ്റുന്നതിന്റെ ആദ്യപടി ആയിരുന്നു ഇതെന്ന് കരുതണം.
ഇന്ത്യന്‍ പത്രപ്രവര്‍ത്തന രംഗത്തെ ഒരു മഹോന്നത വ്യക്തിത്വവും ജവഹര്‍ലാല്‍ നെഹ്രുവിന്റെ അനൗദ്യോഗിക പിആര്‍ഓയുമായിരുന്ന ചലപതി റാവു ആയിരുന്നു നാഷണല്‍ ഹെറാള്‍ഡിന്റെ പിന്നത്തെ പ്രധാന എഡിറ്റര്‍. 1946 മുതല്‍ 1978 വരെ ഡെക്കാന്‍ ഹെറാള്‍ഡില്‍ ചലപതി റാവുവിന്റെ കാലമായിരുന്നു. ഈകാലത്ത് പത്രവും പത്രാധിപരും ജവഹര്‍ലാല്‍ നെഹ്രുവിന്റെ പ്രതിച്ഛായാ നിര്‍മാണ ഫാക്ടറി ആയി പ്രവര്‍ത്തിച്ചു. പിന്നെ കാലചക്രം തിരിഞ്ഞപ്പോള്‍ നെഹ്റു മരണമടഞ്ഞു. 1969 ല്‍ കോണ്‍ഗ്രസ്സ് പിളര്‍ന്നു. നാഷണല്‍ ഹെറാള്‍ഡും അതിന്റെ പത്രാധിപര്‍ ചലപതി റാവുവും അന്നേവരെ കാത്തു സൂക്ഷിച്ച നേരിയ മാന്യതയും നിഷ്പക്ഷതയുടെ മൂടുപടവും വലിച്ചെറിഞ്ഞു കൊണ്ട് ഇന്ദിരാഗാന്ധിയുടെ സ്തുതിപാഠകരായി പ്രത്യക്ഷപ്പെട്ടു. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ നിജലിംഗപ്പ, മൊറാര്‍ജി ദേശായി, എസ്.കെ.പാട്ടീല്‍ തുടങ്ങിയവരെ അവഹേളിച്ചുകൊണ്ടുള്ള നിരവധി ലേഖനങ്ങള്‍ ചലപതി റാവുവിന്റേതായി നാഷണല്‍ ഹെറാള്‍ഡില്‍ പ്രത്യക്ഷപ്പെട്ടു. ജനങ്ങളുമായി ബന്ധമില്ലാതെ ജന്തര്‍മന്ദിറിനു ചുറ്റും ചാടിക്കളിക്കുന്ന തവളകളാണ് സിന്‍ഡിക്കേറ്റ് വിഭാഗം നേതാക്കള്‍ എന്ന് നാഷണല്‍ ഹെറാള്‍ഡ് എഴുതി. ഫലത്തില്‍ ഇന്ദിരാ വിലാസം ഭജനപ്പാട്ടുകളുടെ ഒരു അച്ചടിച്ച രൂപമായി നാഷണല്‍ ഹെറാള്‍ഡ്.
അങ്ങനെയിരിക്കുമ്പോള്‍ 1975 ജൂണ്‍ 25 നു പ്രധാനമന്ത്രി ഇന്ദിരാഗാന്ധി അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഒരു കടുത്ത നെഹ്റു ലോയലിസ്റ്റും ഇന്ദിരാ ഭക്തനുമായിരുന്ന ചലപതി റാവു പത്രാധിപസ്ഥാനത്ത് ഉണ്ടായിരുന്നിട്ടും അടിയന്തിരാവസ്ഥക്കാലത്ത് സെന്‍സര്‍മാര്‍ നാഷണല്‍ ഹെറാള്‍ഡിനെ വെറുതെ വിട്ടില്ല. മുന്‍പ് പ്രസ്താവിച്ച, അതിന്റെ മാസ്‌ററ് ഹെഡില്‍ ഉണ്ടായിരുന്ന ആ പ്രശസ്തമായ വാചകം’Freedom is in Peril, Defend it with All Your Might ” – സ്വാതന്ത്ര്യം അപകടത്തിലാണ് സര്‍വ്വശക്തിയുമുപയോഗിച്ചതിനെ പ്രതിരോധിക്കൂ- എന്ന ആ വാചകം സെന്‍സര്‍മാര്‍ എടുത്തുകളഞ്ഞു. അത് കൂടാതെ പത്രത്തിലെ ഒന്നുകില്‍ മുന്‍പേജില്‍ അല്ലെങ്കില്‍ എഡിറ്റോറിയല്‍ പേജില്‍ ഗാന്ധിജി ഊന്നു വടിയുമായി നില്‍ക്കുന്ന ഒരു കാരിക്കേച്ചര്‍ ഉണ്ടായിരുന്നു. എല്ലാ ദിവസവും പ്രസിദ്ധീകരിച്ചിരുന്ന ആ ചിത്രവും ഇന്ദിരയുടെ സെന്‍സര്‍മാര്‍ നിര്‍ദാക്ഷിണ്യം എടുത്തു കളഞ്ഞു. അക്കാലത്ത് ഇന്ദിരാ ഗാന്ധിയുടെ ഇഷ്ടക്കാരന്‍ ‘കുപ്രസിദ്ധനായ’ മുഹമ്മദ് യൂനസ് ഖാന്‍ നാഷണല്‍ ഹെറാള്‍ഡിന്റെ ഡയറക്ടര്‍ ആയി സ്ഥാനമേറ്റെടുത്തു. അടിയന്തിരാവസ്ഥക്കാലത്തെ ഇന്ദിരയുടെ അടുക്കള ക്യാബിനെറ്റിലെ പ്രധാനി ആയിരുന്ന മുഹമ്മദ് യൂനസ് ഖാന്‍, അടിയന്തിരാവസ്ഥയെ ന്യായീകരിക്കാനും ഇന്ദിരക്കു വേണ്ടി കോളങ്ങള്‍ എഴുതി നിറക്കാനും പത്രത്തെ ഉപയോഗപ്പെടുത്തി. 1976 ല്‍ മോണ്‍ട്രിയാല്‍ ഒളിംപിക്സ് ആരംഭിച്ചപ്പോള്‍ സ്‌പോര്‍ട്‌സ് പേജില്‍ എല്ലാ ദിവസവും ഇന്ദിരാഗാന്ധിയുടെയും രാഷ്ട്രപതി ഫക്രുദീന്‍ അലി അഹമ്മദിന്റെയും ചിത്രങ്ങള്‍ കൊടുക്കുവാന്‍ പോലും മുഹമ്മദ് യൂനസ് തയ്യാറായി. വിദേശ രാജ്യങ്ങളിലെ ഒളിമ്പിക്‌സ് മെഡല്‍ ജേതാക്കള്‍ക്കൊപ്പം ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ വരുന്ന പരിഹാസ്യമായ സംഭവം ശ്രദ്ധയില്‍പ്പെട്ട ഇന്ദിരാഗാന്ധി അത് നിര്‍ത്തിവെക്കുവാന്‍ ഉത്തരവിടുകയാണ് ഉണ്ടായത്. ഇന്ദിരയുടെ ഇമേജ് വര്‍ദ്ധിപ്പിക്കുവാന്‍ ശ്രമിച്ചു പത്രത്തിന്റെ പേരും പ്രതിച്ഛായയായും തകര്‍ന്നെങ്കിലും അടിയന്തിരാവസ്ഥയുടെ മറവില്‍ ഹിന്ദി ബെല്‍റ്റില്‍ പത്രത്തിന്റെ പ്രചാരം വര്‍ദ്ധിച്ചു. ഭരണ സ്വാധീനമുപയോഗിച്ചു കോണ്‍ഗ്രസ്സ് സര്‍ക്കാരുകള്‍ പത്രത്തെ പലയിടത്തും അടിച്ചേല്‍പ്പിച്ചു. ഹരിയാനയിലെ ഇന്ദിരാ ലോയലിസ്റ്റ് ബെന്‍സിലാല്‍ സംസ്ഥാനത്തെ എല്ലാ പെട്രോള്‍ പമ്പിലും കോപ്പികള്‍ അടിച്ചേല്‍പ്പിച്ച സംഭവം പ്രത്യേകം പ്രസ്താവ്യമാണ്.
1977 ല്‍ അടിയന്തിരാവസ്ഥ പിന്‍വലിക്കപ്പെട്ടു. അപ്പോള്‍ കുപ്രസിദ്ധനായ കോണ്‍ഗ്രസ്സ് നേതാവ് യശ്പാല്‍ കപൂര്‍ പത്രത്തിന്റെ മാനേജ്‌മെന്റ് ഏറ്റെടുത്തു.(അടിയന്തിരാവസ്ഥക്ക് കാരണമായ കേസ് State of Uttar Pradesh v/s Raj Narainവന്നത് യശ്പാല്‍ കപൂറിനെ ചൊല്ലി ആയിരുന്നു. ഇന്ദിരയുടെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉണ്ടായിരുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ യശ്പാല്‍ കപൂറിനെ 1971 പൊതുതിരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ അവരുടെ ചീഫ് ഇലക്ഷന്‍ ഏജന്റ് ആയി നിയമിച്ചതായിരുന്നു രാജ് നാരായണന്‍ കൊടുത്തകേസിലെ പ്രധാന ആരോപണം). സഞ്ജയ് ഗാന്ധിയുടെ ശിങ്കിടി ആയിരുന്ന യശ്പാല്‍ കപൂര്‍ 1978 ല്‍ ചലപതി റാവുവിനെ നാഷണല്‍ ഹെറാള്‍ഡില്‍ നിന്നും പുറത്താക്കി. ഇന്ന് നാഷണല്‍ ഹെറാള്‍ഡിനു കാണുന്ന ഈ വമ്പിച്ച സ്വത്തുക്കള്‍ ഉണ്ടാക്കിയത് യശ്പാല്‍ കപൂര്‍ ആണെന്നും പറയപ്പെടുന്നുണ്ട്. ചലപതി റാവുവിന് ശേഷം പില്‍ക്കാലത്ത് ഖുശ്വന്ത് സിങ് ഒക്കെ നാഷണല്‍ ഹെറാള്‍ഡിന്റെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
എന്തൊക്കെ ചെയ്തിട്ടും ഇന്ത്യയിലെ മുഖ്യധാരാ പത്രങ്ങളായ ദി ഹിന്ദു, ടൈംസ് ഓഫ് ഇന്ത്യ, ഹിന്ദുസ്ഥാന്‍ ടൈംസ്, എന്നിവയെ ഒന്നും നാഷണല്‍ ഹെറാള്‍ഡ് ചരിത്രത്തില്‍ ഒരിക്കല്‍പോലും പ്രചാരത്തില്‍ കവച്ചു വെച്ചിട്ടില്ല. 1987 ആയപ്പോഴേക്കും പത്രം നഷ്ടത്തിലായി എങ്കിലും തട്ടിയും മുട്ടിയും കുറേക്കൂടി പ്രവര്‍ത്തിച്ചു. സാമ്പത്തിക പ്രതിസന്ധി കാരണം 2008 ഏപ്രില്‍ ഒന്നിന് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഇതിനിടെ നഷ്ടത്തിലായ നാഷണല്‍ ഹെറാള്‍ഡിനു കോണ്‍ഗ്രസ്സ് പാര്‍ട്ടി അതിന്റെ ഫണ്ടില്‍ നിന്നും 90.25 കോടി രൂപ കടമായി നല്‍കി. അതിന്റെ പേരന്റ് കമ്പനിയായ എജെഎല്ലിനാണു ഈ പലിശരഹിത വായ്പ നല്‍കിയത്. ഈ കമ്പനിയാകട്ടെ ആ തുക പിന്നീട് കോണ്‍ഗ്രസിന് തിരികെ നല്‍കിയില്ല . നിയമപരമായി ഇത് തെറ്റാണ്. ഇന്ത്യയിലെ ചട്ടങ്ങള്‍ അനുസരിച്ചു ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും തങ്ങളുടെ ഫണ്ടിലെ പണം എടുത്ത് കടം നല്‍കുവാന്‍ അവകാശമില്ല. ഇനിയാണ് കുപ്രസിദ്ധമായ നാഷണല്‍ ഹെറാള്‍ഡ് കേസ് ആരംഭിക്കുന്നത്.
2009ല്‍ കേന്ദ്രത്തില്‍ രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലേറി. മന്‍മോഹന്‍ സിങ് വീണ്ടും പ്രധാനമന്ത്രിയായി. 2010 നവംബര്‍ 23 നു ഇന്ത്യന്‍ കമ്പനി നിയമ പ്രകാരം അഞ്ചു ലക്ഷം രൂപ മൂലധനവുമായി യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നൊരു കമ്പനി, രൂപീകരിക്കപ്പെട്ടു. അതിന്റെ രജിസ്റ്റേര്‍ഡ് ഓഫീസ് 5 A, Herald House, Bahadur Shah Zafar Marg,Delhi എന്നതായിരുന്നു. അതായത് വിഖ്യാതമായ ഹെറാള്‍ഡ് ഹൗസില്‍. തുടര്‍ന്ന് 2010 ഡിസംബര്‍ 13നു രാഹുല്‍ ഗാന്ധിയും 2011 ജനുവരി 22 നു സോണിയ ഗാന്ധിയും ഈ യങ് ഇന്ത്യന്‍ എന്ന കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായി ചേര്‍ന്നു. യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ 76 ശതമാനം ഓഹരികളും, രാഹുല്‍ ഗാന്ധിയും, സോണിയാ ഗാന്ധിയുമാണ് കൈവശം വച്ചിരിക്കുന്നത്. 12 ശതമാനം വീതം ഓഹരികള്‍ മോത്തിലാല്‍ വോറക്കും, ഓസ്‌കാര്‍ ഫെര്‍ണാണ്ടസിനും ഉണ്ടായിരുന്നു. ഇവര്‍ രണ്ടാളും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. മോത്തിലാല്‍ വോറ 2020 ലും ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് 2021 ലും മരണമടഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് പറയുന്നത് പ്രകാരം യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് ഒരു നോണ്‍ പ്രോഫിറ്റ് കമ്പനിയാണ്. അവര്‍ തന്നെ അവകാശപ്പെടുന്നത് പോലെ രജിസ്ട്രേഡ് ഓഫീസ് ആയ ഹെറാള്‍ഡ് ഹൗസില്‍ ഈ യങ്ഇന്ത്യന്‍ കമ്പനി പാസ് പോര്‍ട്ട് സേവാകേന്ദ്രം നടത്തി വന്നിരുന്നു. 2010 ലെ കണക്കനുസരിച്ചു എജെഎല്‍ അഥവാ നാഷണല്‍ ഹെറാള്‍ഡിനു 1057 ഷെയര്‍ ഹോള്‍ഡര്‍മാര്‍ ഉണ്ടായിരുന്നു. 2010 ഡിസംബര്‍ മാസത്തില്‍ ഈ 1057 ഷെയര്‍ ഹോള്‍ഡര്‍മാരുടെ അറിവോ സമ്മതമോ കൂടാതെ എജെഎല്‍ എന്ന കമ്പനിയുടെ മുഴുവന്‍ ഷെയറുകളും യങ് ഇന്ത്യ ലിമിറ്റഡിനു ട്രാന്‍സ്ഫര്‍ ചെയ്തു.
അതായത് രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ് എന്നിവരുടെ ഉടമസ്ഥതയില്‍ ഉള്ള ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയ യങ് ഇന്ത്യന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി, ചരുങ്ങിയ വിലക്ക്, അതായത് ഏതാണ്ട് 50 ലക്ഷം രൂപക്ക്, അഖഘ എന്ന കമ്പനിയുടെ ഉടമസ്ഥാവകാശം വാങ്ങിച്ചു. ഈ വില്പന നടക്കുമ്പോള്‍ 1600 കോടി വിലമതിക്കുന്ന ആസ്തികള്‍ വസ്തുവകകളായും കെട്ടിടങ്ങളായും, എജെഎല്ലിനുണ്ട്. മാത്രമല്ല കോണ്‍ഗ്രസ്സ് പാര്‍ട്ടി നാഷണല്‍ ഹെറാള്‍ഡിന്റെ കടം തീര്‍ക്കാന്‍ വേണ്ടി പലിശ രഹിത വായ്പയായി നല്‍കിയ 90.25 കോടി രൂപ അവര്‍ തിരികെ നല്‍കിയിട്ടുമില്ല. ഇതാണ് നാഷണല്‍ ഹെറാള്‍ഡ് മണി ലോണ്ടറിംഗ് കേസിന്റെ കേന്ദ്ര ബിന്ദു.
ഇവിടെ എന്താണ് പണം വെളുപ്പിക്കല്‍ നടന്നിരിക്കുന്നത്? നാഷണല്‍ ഹെറാള്‍ഡിന്റെ ഉടമസ്ഥരായ എജെഎല്‍ എന്ന കമ്പനിക്ക് കോണ്‍ഗ്രസ്സ് 90.25 കോടി രൂപ നല്‍കുന്നു. ആ പണം കമ്പനി കോണ്‍ഗ്രസ്സിന് തിരികെ നല്‍കുന്നില്ല. മറുവശത്തു യങ് ഇന്ത്യന്‍ എന്ന കമ്പനി 50 ലക്ഷം രൂപ മാത്രം കോണ്‍ഗ്രസ്സിന് നല്‍കി എജെഎല്‍ എന്ന കമ്പനിയുടെ ആസ്തി ബാധ്യതകള്‍ ഏറ്റെടുക്കുന്നു. ഇത് പണം വെളുപ്പിക്കല്‍ നിയമപ്രകാരം കുറ്റകരമാണ്. അഥവാ അനുവദനീയമല്ല. കേവലം 50 ലക്ഷം രൂപക്ക് ഇന്ത്യയുടെ പ്രധാന നഗരങ്ങളില്‍ കണ്ണായ സ്ഥലങ്ങളില്‍ ഉള്ള വമ്പിച്ച സ്വത്തുക്കള്‍ യങ് ഇന്ത്യന്‍ എന്ന കമ്പനിക്ക് സ്വന്തമായി. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ ന്യൂദല്‍ഹിയിലെ കണ്ണായ സ്ഥലമായ ബഹാദൂര്‍ ഷാ സഫര്‍ മാര്‍ഗിലെ ഹെറാള്‍ഡ് ഹൗസ് എന്ന കൂറ്റന്‍ കെട്ടിടം യങ് ഇന്ത്യയുടേതായി.
ഈ വിഷയം ഉന്നയിച്ചു കൊണ്ട് സുബ്രഹ്‌മണ്യം സ്വാമി ഡല്‍ഹി കോടതി മുമ്പാകെ 2012 നവംബര്‍ ഒന്നിന് ഒരു സ്വകാര്യ അന്യായം സമര്‍പ്പിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സുബ്രഹ്‌മണ്യസ്വാമിയെ തത്വത്തില്‍ ഭീഷണിപ്പെടുത്തി. കൂടാതെ അന്നത്തെ കോണ്‍ഗ്രസ്സ് വക്താവ് പി.സി ചാക്കോ, (അദ്ദേഹം ഇന്ന് എന്‍സിപിയിലാണ്) സുബ്രഹ്‌മണ്യന്‍ സ്വാമിയേ ചാലഞ്ചു ചെയ്തു.
സുബ്രഹ്‌മണ്യന്‍ സ്വാമി ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍
ഒന്ന്: സോണിയയും രാഹുലും ചേര്‍ന്ന് 2010 നവംബറില്‍ യങ് ഇന്ത്യന്‍ എന്ന പേരില്‍ സ്വകാര്യ കമ്പനി രൂപവത്കരിച്ചു. ഈ കമ്പനി അസോസിയേറ്റഡ് ജേണല്‍സ് (എ.ജെ.) ലിമിറ്റഡ് എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെ കേവലം 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു. നാഷണല്‍ ഹെറാള്‍ഡ്, ഖൗമി ആവാസ്, നവജീവന്‍ എന്നീ പത്രങ്ങളുടെ ഉടമസ്ഥരായിരുന്ന അസോസിയേറ്റഡ് ജേണല്‍സിന് ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും വസ്തുവകകളുണ്ട്. കമ്പനി നിയമങ്ങള്‍ ലംഘിച്ചാണ് ഹെറാള്‍ഡ് ഹൗസ് 50 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയത്. ഡല്‍ഹിയില്‍ യങ് ഇന്ത്യ ഏറ്റെടുത്ത അസോസിയേറ്റഡ് ജേണല്‍സ് പ്രസ്സിന്റെ സ്ഥലം, ഭാരത സര്‍ക്കാര്‍ പത്രപ്രവര്‍ത്തനം സംബന്ധിച്ച കാര്യങ്ങള്‍ക്കായി മാത്രം വിട്ടുകൊടുത്തതാണെന്നും, എന്നാല്‍ അതിനു വിരുദ്ധമായി യങ് ഇന്ത്യന്‍ അവിടെ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ നടത്തി എന്നും സ്വാമി ആരോപിക്കുന്നു. ഇതിലൂടെ ലക്ഷക്കണക്കിനു രൂപാ, യങ് ഇന്ത്യന്‍ വരുമാനം എന്ന രീതിയില്‍ കൈക്കലാക്കിയതും, നിയമവിരുദ്ധമാണ്.
രണ്ട്: കമ്പനി രജിസ്ട്രാര്‍ക്ക് ലഭ്യമായ വിവരങ്ങളനുസരിച്ച് ജവാഹര്‍ലാല്‍ നെഹ്രു, ഇന്ദിരാഗാന്ധി, ഫിറോസ് ഗാന്ധി, ജി.ഡി. ബിര്‍ള തുടങ്ങി ജീവിച്ചിരിപ്പില്ലാത്ത ഒട്ടേറെപ്പേര്‍ക്ക് യങ് ഇന്ത്യന്‍ കമ്പനിയില്‍ ഓഹരിയുണ്ട്. ഓഹരിയുടമകളില്‍ 80 ശതമാനം പേരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
മൂന്ന്: 2011 ഫിബ്രവരി 26ന് നടന്ന ബോര്‍ഡ് യോഗത്തില്‍ കമ്പനിയുടെ 90 കോടി രൂപയുടെ ബാധ്യത തീര്‍ക്കാന്‍ എ.ഐ.സി.സി. പലിശരഹിത വായ്പ അനുവദിച്ചെന്ന വിവരം അംഗീകരിച്ചു. എന്നാല്‍ ഇന്ത്യയില്‍ ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്കും കമ്പനികള്‍ക്ക് വായ്പ നല്‍കാനാവില്ല. ഈ ഇടപാടിന്റെ ഭാഗമായി സോണിയാഗാന്ധിയും രാഹുലും ചേര്‍ന്ന് രൂപംകൊടുത്ത യങ്ഇന്ത്യന്‍ കമ്പനിക്ക് പത്തുരൂപ വിലയുള്ള ഒമ്പതുകോടി ഓഹരികള്‍ നല്‍കാന്‍ തീരുമാനിച്ചു. ഈ കമ്പനിയില്‍ ഇരുവര്‍ക്കും കൂടി 76 ശതമാനം ഓഹരിയുണ്ട്. ഇതോടെ കമ്പനി കാര്യങ്ങളില്‍ ഇരുവര്‍ക്കും അടിയന്തര യോഗം ചേര്‍ന്ന് തീരുമാനമെടുക്കാനുള്ള അധികാരം ലഭിക്കും. ഫലത്തില്‍ ഇവരുടെ സ്വകാര്യസ്വത്താണിത്. ഇതു കൂടാതെ 2.6 ലക്ഷം ഓഹരികള്‍ പ്രിയങ്കാ ഗാന്ധിക്കും നല്‍കിയിട്ടുണ്ട്.
നാല്: കമ്പനി രജിസ്ട്രാര്‍ക്ക് യങ് ഇന്ത്യന്‍ സമര്‍പ്പിച്ച വിവരങ്ങളനുസരിച്ച് അതിന്റെ ഓഹരിയുടമകളുടെ യോഗം സോണിയാ ഗാന്ധിയുടെ ഔദ്യോഗികവസതിയായ 10 ജന്‍പഥില്‍ ചേര്‍ന്നുവെന്ന് കാണിച്ചിരിക്കുന്നു. കേന്ദ്ര സര്‍ക്കാര്‍ ഇവര്‍ക്ക് നല്‍കിയ വീട് വാണിജ്യാവശ്യങ്ങള്‍ക്കോ കച്ചവട ഇടപാടുകള്‍ക്കോ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണ്.
അഞ്ച്: 90 കോടി ബാധ്യതയുണ്ടെന്ന് അറിയിച്ച കമ്പനി 50 ലക്ഷം രൂപയ്ക്ക് വാങ്ങിയെന്നത് സത്യസന്ധമായ വിവരമല്ല. പലിശരഹിത വായ്പയായി എ.ഐ.സി.സി. നല്‍കിയ 90 കോടി രൂപയ്ക്ക് പകരമായി 50 ലക്ഷം രൂപയ്ക്ക് ഡല്‍ഹിയിലെ ഹെറാള്‍ഡ് ഹൗസും ഉത്തര്‍ പ്രദേശിലുള്‍പ്പെടെയുള്ള മറ്റുസ്വത്തുക്കളും കൈമാറാന്‍ ഇവര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ആറ്: 2008ല്‍ കമ്പനിയുടെ 38 ശതമാനം ഓഹരി രാഹുല്‍ ഗാന്ധിയുടെ പേരിലുണ്ടായിരുന്നിട്ടും തൊട്ടടുത്തവര്‍ഷം നടന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ സത്യവാങ്മൂലത്തില്‍ ഓഹരിയുള്ളതായി അറിയിച്ചിട്ടില്ല. ഇത് തിരഞ്ഞെടുപ്പു ചട്ടലംഘനമാണ്.
ഏഴ്: വായ്പ നല്‍കിയെന്ന് പറയുന്ന അസോസിയേറ്റഡ് ജേണല്‍സ് കമ്പനിയുടെ ചെയര്‍മാന്‍ എ.ഐ.സി.സി.യുടെ ഖജാന്‍ജി കൂടിയായ മോത്തിലാല്‍ വോറയാണ്.
ഇതിനു മറുപടിയായി ഈ കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും രാഹുലും കോടതിയില്‍ പരാതി സമര്‍പ്പിച്ചു, രണ്ടാള്‍ക്കുമെതിരെ, കേസെടുക്കാന്‍ പ്രഥമദൃഷ്ടിയാല്‍ തെളിവുകളുണ്ടെന്നു കോടതി നിരീക്ഷിച്ചു. ഡല്‍ഹി കോടതി ജഡ്ജിയായ ഗോമതി മനോക്ഷ, സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌കാര്‍ ഫെര്‍ണാണ്ടസ്, സുമന്‍ ദുബേ, സത്യന്‍ പിത്രോദ എന്നിവരോട് 2014 ഓഗസ്റ്റ് ഏഴാം തീയതിക്കു മുമ്പായി കോടതിയില്‍ ഹാജരാവാന്‍ നിര്‍ദ്ദേശിച്ചു. യങ് ഇന്ത്യന്‍ ലിമിറ്റഡ് ഒരു തട്ടിപ്പു കമ്പനി മാത്രമാണ് എന്ന് കോടതി നിരീക്ഷിച്ചു. പ്രതിപ്പട്ടികയിലുള്ള എല്ലാവരും തന്നെ, ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി കണ്ടെത്തി.
നാഷണല്‍ ഹെറാള്‍ഡ് അഥവാ എജെഎല്‍ എന്ന കമ്പനിക്ക് 1057 ഷെയര്‍ ഹോള്‍ഡര്‍മാര്‍ ഉണ്ടെന്നു പറഞ്ഞല്ലോ. അവരില്‍ ചിലര്‍ ഉദാഹരണത്തിന് ശാന്തി ഭൂഷണ്‍, മാര്‍ക്കണ്ഡേയ കട്ജു തുടങ്ങിയവര്‍ ഈ കേസില്‍ കക്ഷി ചേരുകയോ സാക്ഷി പറയുകയോ ചെയ്തു. യങ് ഇന്ത്യന്‍ എന്ന കമ്പനി നാഷണല്‍ ഹെറാള്‍ഡിനെ ഏറ്റെടുക്കുന്നത് സംബന്ധിച്ചു തങ്ങള്‍ക്കു ഒരു അറിയിപ്പും കിട്ടിയില്ല എന്ന് അവര്‍ ബോധിപ്പിച്ചു.
2014 ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഒന്നാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരമേറ്റു. നാഷണല്‍ ഹെറാള്‍ഡ് വിഷയത്തില്‍ ഇന്‍കം ടാക്‌സ് വകുപ്പ് അന്വേഷണം നടത്തണം എന്നാവശ്യപ്പെട്ട് അന്നത്തെ ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്ക് സുബ്രഹ്‌മണ്യന്‍ സ്വാമി കത്തയച്ചു .അതിനിടെ ഈ കേസില്‍ മെല്ലെപ്പോക്ക് പരിഹരിക്കണമെന്നാവശ്യപ്പെട്ട് സ്വാമി പല കോടതികള്‍ കയറി ഇറങ്ങി.
2015 സപ്തംബറില്‍ നാഷണല്‍ ഹെറാള്‍ഡ് കേസ്സിന്റെ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഏറ്റെടുത്തു. 2015 ഡിസംബറില്‍ സോണിയ, രാഹുല്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യം സംഘടിപ്പിച്ചു. 2016 ല്‍ ഈ കേസില്‍ ഉള്‍പ്പെട്ട പ്രധാന കോണ്‍ഗ്രസ്സ് നേതാക്കളെ നേരിട്ട് കോടതിയില്‍ ഹാജരാകുന്നതില്‍ നിന്ന് കോടതി ഒഴിവാക്കി.
2016 ല്‍ നാഷണല്‍ ഹെറാള്‍ഡ് ഓണ്‍ലൈന്‍ എഡിഷന്‍ വീണ്ടും തുടങ്ങി.
2018 കേന്ദ്ര സര്‍ക്കാര്‍ എജെഎല്ലിന്റെ മുകളിലെ പിടി മുറുക്കി. 1962 ലെ ലീസ് എഗ്രിമെന്റിലെ വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ ഡല്‍ഹിയിലെ നാഷണല്‍ ഹെറാള്‍ഡ് ഹൗസ് നില്‍ക്കുന്ന സ്ഥലം തിരികെ നല്കാന്‍ സര്‍ക്കാര്‍ എജെഎല്ലിനോട് ആവശ്യപ്പെട്ടു. ഇതിനെതിരെ അവര്‍ കോടതിയില്‍ പോയി ‘സ്റ്റേ’ വാങ്ങിച്ചു. ഇതാണ് ഇന്ന് ഭാരതത്തെ പിടിച്ചു കുലുക്കുന്ന നാഷണല്‍ ഹെറാള്‍ഡ് പണം വെളുപ്പിക്കല്‍ കേസിന്റെ രൂപവും ഘടനയും കാര്യവും കാരണവും.
ഇനി ഈ കേസിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണ് എന്ന് നോക്കാം. നാഷണല്‍ ഹെറാള്‍ഡ് കേസ് എന്തുകൊണ്ടാണ് ഇത്രയും മാധ്യമ ശ്രദ്ധ ആകര്‍ഷിക്കുന്നത്? നാഷണല്‍ ഹെറാള്‍ഡ് കേസ് അന്വേഷിച്ച ഇഡി, ഇന്‍കം ടാക്‌സ് ഡിപ്പാര്‍ട്‌മെന്റുകള്‍ കുറെയേറെ പുതിയ കാര്യങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. ഒരു വലിയ സാമ്പത്തിക കുറ്റകൃത്യത്തിന്റെ തുമ്പു മാത്രമായിരുന്നു നാഷണല്‍ ഹെറാള്‍ഡ് കേസ്.
യങ് ഇന്ത്യന്‍ എന്ന കമ്പനി 2010 ല്‍ അതായത് ഇന്നേക്ക് 12 വര്‍ഷം മുന്‍പ് കേവലം 5 ലക്ഷം രൂപ മൂലധനവുമായി തുടങ്ങിയ ഒരു നോണ്‍ പ്രോഫിറ്റ് കമ്പനിയാണ്. ഇപ്പോള്‍ അവരുടെ കൈവശമുള്ള സ്വത്തിന്റെ മൂല്യം 800 കോടി രൂപയാണ്. (2500 കോടി എന്ന് അനൗദ്യോഗിക കണക്കുകള്‍). കമ്പനി രൂപീകരിച്ച ശേഷം ഉടന്‍ തന്നെ കല്‍ക്കത്ത ആസ്ഥാനമായ ഒരു പേപ്പര്‍ ഷെല്‍ കമ്പനിയിലൂടെ ഒരു കോടി രൂപ ലോണ്‍ യങ് ഇന്ത്യന്‍ നേടിയെടുത്തു. ഈ സാമ്പത്തിക കുറ്റകൃത്യത്തില്‍ രാഹുല്‍ ഗാന്ധി, സോണിയ ഗാന്ധി എന്നിവര്‍ക്കുള്ള പങ്കാളിത്തത്തെക്കുറിച്ചുള്ള അന്വേഷണമാണ് ഇപ്പോള്‍ നടക്കുന്നത്.
ഇതിനു സമാന്തരമായി നാഷണല്‍ ഹെറാള്‍ഡിനെ ചുറ്റിപ്പറ്റി മറ്റൊരു ഭൂമി അഴിമതി കേസ് കൂടി നടക്കുന്നുണ്ട്. മുന്‍ ഹരിയാന മുഖ്യമന്ത്രി ഭൂപീന്ദര്‍ സിങ് ഹൂഡ മുഖ്യ പ്രതി ആയ എജെഎല്‍ നാഷണല്‍ ഹെറാള്‍ഡ് പഞ്ചകുള ഭൂമി ദാന അഴിമതി കേസ് എന്ന പേരില്‍ അറിയപ്പെടുന്ന ആ കേസ് ഇപ്പോള്‍ ചണ്ഡിഗഡ് ഹൈക്കോടതിയില്‍ നടന്നു വരുന്നു. 1982 ലെ ഭജന്‍ ലാല്‍ മന്ത്രിസഭക്കാലത്ത് പഞ്ചകുള – സെക്ടര്‍ ആറില്‍ 3500 ചതുരശ്ര മീറ്റര്‍ ഉള്ള ഒരു പ്ലോട്ട് നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന് പത്ര പ്രസിദ്ധീകരണത്തിനായി മാത്രം പതിച്ചു നല്‍കി. എന്നാല്‍ തൊട്ടടുത്ത രണ്ടു പതിറ്റാണ്ട് കാലം ഇവിടെ നിന്നും പത്രം പ്രസിദ്ധീകരിക്കാത്തതു കൊണ്ട് ഈ ഭൂമി നിയമപ്രകാരം സര്‍ക്കാരിലേക്ക് തിരിച്ചു ചേര്‍ന്നു.2013 ലെ ഭൂപീന്ദര്‍ സിങ് ഹൂഡ സര്‍ക്കാര്‍ ഈ ഭൂമി വീണ്ടും എജെഎല്‍ കമ്പനിക്ക് പതിച്ചു നല്‍കി അവര്‍ക്ക് ലാഭം ഉണ്ടാക്കി എന്നാണ് കേസ് .ഹരിയാന നഗര വികസന അതോറിറ്റി ചെയര്‍മാന്‍ എന്ന നിലയില്‍ ഭൂപീന്ദര്‍ സിങ് ഹൂഡ ആണ് ഇതിലെ പ്രധാന പ്രതി. ഇതിലെ ഏറ്റവും വലിയ തമാശ, ഈ കേസിന് ആധാരമായ വസ്തുവകകളും യങ് ഇന്ത്യ വഴി രാഹുല്‍ ഗാന്ധി സ്വന്തം പോക്കറ്റിലാക്കി എന്നതാണ്.
അങ്ങിനെ നിലവില്‍ രണ്ടു പ്രധാന തട്ടിപ്പു കേസുകള്‍ ആണ് നാഷണല്‍ ഹെറാള്‍ഡ് എന്ന പാത്രത്തെയും എജെഎല്‍ എന്ന പബ്ലിക് ലിമിറ്റഡ് കമ്പനിയെയും ചുറ്റിപ്പറ്റി ഉണ്ടായിരിക്കുന്നത്. എജെഎല്‍ എന്ന കമ്പനി നെഹ്രുവിന്റേയോ നെഹ്‌റു കുടുംബത്തിന്റെയോ സ്വത്തല്ല. പൊതു ജനങ്ങളില്‍ നിന്നും ഓഹരി സ്വീകരിച്ചുകൊണ്ട് തുടങ്ങിയ ഒരു കമ്പനിയാണ് എജെഎല്‍. അതിനു ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വപരമായ പങ്കുണ്ടായിരുന്നു എന്നത് വാസ്തവമാണ്. പക്ഷെ ഏക ഉടമസ്ഥനല്ല നെഹ്‌റു. ഇന്ത്യയില്‍ നിലവിലിരിക്കുന്ന പല സാമ്പത്തിക നിയമങ്ങളെയും വളച്ചൊടിച്ചു ഈ കമ്പനിയുടെ ആസ്തികള്‍ സ്വന്തമാക്കാന്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മോത്തിലാല്‍ വോറ, ഓസ്‌കര്‍ ഫെര്‍ണാണ്ടസ് എന്നിവര്‍ ചേര്‍ന്നു നടത്തിയ കുറ്റകൃത്യമാണ് ഇപ്പോള്‍ അന്വേഷണം നേരിടുന്നത്.
നാഷണല്‍ ഹെറാള്‍ഡ് എന്നത് ഒരു വിശുദ്ധ പശു ഒന്നുമല്ല. ജവഹര്‍ലാല്‍ നെഹ്‌റു തൊട്ട് നെഹ്‌റു കുടുംബം ഒന്നടങ്കം തങ്ങളുടെ അധീശത്വം ഊട്ടി ഉറപ്പിക്കുവാന്‍ വേണ്ടി ഉപയോഗിച്ച ഒരു ബൗദ്ധികടൂള്‍ മാത്രമാണ് അത്. അതിനായി അവര്‍ സ്വാതന്ത്ര്യ സമരവും ദേശീയബോധവും ഒക്കെ സമയാസമയങ്ങളില്‍ ഉപയോഗിച്ചിരുന്നു. ഏറ്റവുമൊടുവില്‍ ആ കാമധേനുവിന്റെ കറവ വറ്റിയപ്പോള്‍ മൊത്തത്തില്‍ വില്പന നടത്തുവാനുള്ള രാഹുല്‍ ഗാന്ധിയുടെയും സോണിയ ഗാന്ധിയുടെയും ശ്രമത്തിനാണ് ഇപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ തടസ്സം നില്‍ക്കുന്നത്.