ന്യൂദല്‍ഹി: ഭാരതം സ്വത്വബോധം വീണ്ടെടുത്തിരിക്കുകയാണെന്നും ഇനി പിന്നോട്ടില്ലെന്നും പ്രജ്ഞാപ്രവാഹ് അഖിലഭാരതീയ സംയോജകന്‍ ജെ. നന്ദകുമാര്‍. അടല്‍ ആദര്‍ശ് വിദ്യാലയത്തില്‍ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി ആര്‍എസ്എസ് ദല്‍ഹി – കേരള പ്രാദേശിക സമൂഹം സംഘടിപ്പിച്ച ആസാദികാ അമൃത് മഹോത്സവത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ലോകം മുഴുവന്‍ ഇപ്പോള്‍ ഭാരതത്തെ ഉറ്റുനോക്കുകയാണ്. ഹര് ഘര്‍ തിരംഗ ആഹ്വാനം ഭാരതം മുഴുവന്‍ ആവേശപൂര്‍വ്വം ഏറ്റെടുത്തു. ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ രാഷ്ട്രം തനതായ വിദ്യാഭ്യാസനയം നടപ്പാക്കുന്നു. ആത്മനിര്‍ഭരതയുടെ സ്വപ്നം കാണുന്നു. 2047-ല്‍ സ്വാതന്ത്ര്യത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍ ഭാരതം ലോകത്തെ നയിക്കുന്ന കാഴ്ച നമുക്ക് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ വൈഭവത്തിലേക്ക് നയിക്കേണ്ടത് ഓരോ പൗരന്റെയും കടമയാണ്. ഭാരത സ്വാതന്ത്ര്യസമരത്തെക്കുറിച്ച് കൂടുതല്‍ അറിയാനും പഠിക്കാനും ഉചിതമായ സമയമാണിത്. 1857ലെ സ്വാതന്ത്ര്യസമരത്തെ ഒന്നാം സ്വാതന്ത്ര്യസമരമെന്നാണ് പഠിപ്പിച്ചത്. എന്നാല്‍ അതിനുമുമ്പ് നടന്ന പഴശ്ശി യുദ്ധങ്ങളും കുണ്ടറ വിളംബരവുമെല്ലാം ഭാരത സ്വാതന്ത്ര്യസമര ചരിത്രത്തിലെ അവിസ്മരണീയ ഏടുകളായിരുന്നുവെന്നും അവരെക്കുറിച്ച് പുതുതലമുറ കൂടുതല്‍ പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊച്ചി മാതാ അമൃതാനന്ദമയി മഠത്തിലെ സ്വാമി അനഘാമൃതാനന്ദപുരി അനുഗ്രഹഭാഷണം നടത്തി. ജനസേവ ന്യാസ് ട്രസ്റ്റ് അധ്യക്ഷന്‍ സുഭാഷ് സുനേന അധ്യക്ഷനായി. ആര്‍എസ്എസ് ദല്‍ഹി സഹപ്രാന്തപ്രചാരക് വിശാല്‍, ഗൗതം അനന്തനാരായണന്‍, സുരേഷ് എന്നിവര്‍ സംസാരിച്ചു.