കേരളത്തിലെ മുസ്ലീങ്ങള്‍ക്ക് പ്രത്യേകിച്ച് സുന്നികള്‍ക്ക് ഒരു പുതിയ ആത്മീയനേതാവിനെ ലഭിച്ചിരിക്കുന്നു. പാണക്കാട് തങ്ങള്‍ വിചാരിച്ചിട്ടും എ.പി. സുന്നി നേതാക്കളേയും സമസ്തക്കാരെയും ഒരേ വടിയില്‍ ചുറ്റാന്‍ കഴിഞ്ഞിട്ടില്ല. അത് സാധിച്ച വിജയന് സഖാവ് തങ്ങളെക്കാള്‍ വലിയ നേതാവാണെന്ന കാര്യത്തില്‍ സംശയമില്ലല്ലോ. മതപണ്ഡിതരുടെ പകിട്ടും പത്രാസും ഒന്നും ഈ നേതാവിനില്ല; പകരം രാഷ്ട്രീയ കുരുട്ടുബുദ്ധിയുടെ മൂര്‍ച്ചയും പരുക്കന്‍ പെരുമാറ്റവും ഉണ്ടുതാനും. അദ്ദേഹത്തിന്റെ ഇടതു കീശയില്‍ അരിവാള്‍ സുന്നി എന്ന് വിളിക്കപ്പെടുന്ന കാന്തപുരം സുന്നികളും വലതു കീശയില്‍ ലീഗ് സുന്നി എന്ന് കരുതുന്ന സമസ്ത സുന്നികളും സ്ഥാനം പിടിച്ചിരിക്കുന്നു. ഇരു സുന്നികളും വിജയന് തങ്ങളെ പുകഴ്ത്തുകയാണ്; അദ്ദേഹത്തെ കണ്ടു ചര്‍ച്ച നടത്തുകയാണ്. ഇരുകൂട്ടരും അദ്ദേഹത്തില്‍ ‘പരമകാരുണികനായ’ മഹാത്മാവിനെ കണ്ടെത്തുകയാണ്. വഖഫ് ബോര്‍ഡ് നിയമനം പി. എസ്.സിക്ക് വിടേണ്ട എന്ന് അവര്‍ പറഞ്ഞ ഉടനെ അതു റദ്ദാക്കിക്കൊണ്ട് അദ്ദേഹം ഫത്വ ഇറക്കി. ആണ്-പെണ് വ്യത്യാസമില്ലാതെ ഉള്ള ഇരിപ്പിടം എന്ന സ്കൂള്‍ കരിക്കുലത്തിലെ പരാമര്‍ശം തങ്ങളെ ചൊടിപ്പിക്കുന്നു എന്ന് അവര്‍ പരാതിപ്പെട്ടു. ഉടനെ വിജയന്തങ്ങള് റബ്ബര്‍ എടുത്ത് ആ പരാമര്‍ശം മായ്ച്ചു കളഞ്ഞു. ജെന്‍ഡര്‍ ന്യൂട്രല്‍ പരിഷ്കാരം എന്ന് കൊട്ടിഘോഷിച്ച സ്കൂള്‍ യൂണിഫോം ഇവരൊന്നു മുഷിഞ്ഞതോടെ വിജയന് തങ്ങള്‍ അറബിക്കടലില്‍ എറിഞ്ഞു. ഇനി കുടുംബശ്രീ കൈ പുസ്തകത്തിലെ ചില വരികള്‍ക്കു മുകളില്‍ അറേബ്യന്‍ കടലാസ് ഒട്ടിച്ചു വെക്കേണ്ടതുണ്ട്. വിജയന് തങ്ങള്‍ അതു കൂടി ചെയ്തു കഴിഞ്ഞാല്‍ കീശയില്‍ കിടക്കുന്ന രണ്ടു സുന്നികളും പള്ളി കെട്ടിടത്തിനു മുകളിലിരുന്നു കുറുകുന്ന പ്രാവുകളെപ്പോലെ ശാന്തരാകും. മുസ്ലിം സ്ത്രീകള്‍ക്ക് ആരാധനാ സ്വാതന്ത്ര്യമില്ല, അവരെ പള്ളി കമ്മിറ്റികളില്‍ ഉള്‍പ്പെടുത്തുന്നത് ഹറാമാണ്, മത ചടങ്ങുകളില്‍ അവര്‍ക്കു വിലക്ക് കല്പിക്കുന്നു എന്നു തുടങ്ങിയ ചില വരികള്‍ മൂടി വെച്ചാല്‍ ഇരു സുന്നി നേതാക്കള്‍ക്കും സന്തോഷമായി. അക്കാര്യത്തില്‍ വിജയന് തങ്ങള്‍ക്ക് വിശാല മനസ്സ് മാത്രമേയുള്ളൂ. എന്‍സിഇആര്‍ടി പരിഷ്കാരത്തില്‍ കാണിച്ച ഹൃദയവിശാലത ഇവിടെയും മുഖ്യനില്‍ നിന്ന് പ്രതീക്ഷിക്കാം.
വഖഫ് ബോര്‍ഡ് നിയമനം പിഎസ് സിക്ക് വിട്ടതും ജെന്‍ഡര്‍ ന്യൂട്രാലിറ്റി പരിഷ്കാരം പ്രഖ്യാപിച്ചതും കുടുംബശ്രീ കൈപുസ്തകം തയ്യാറാക്കിയതും ഈ സര്‍ക്കാര്‍ തന്നെയാണ്. അതുവഴി സുന്നികളെ പ്രകോപിപ്പിച്ചതും ഈ സര്‍ക്കാര്‍ തന്നെ. ഇതെല്ലാം പിന്‍വലിച്ചു ഈ മത നേതാക്കളെ സന്തോഷിപ്പിച്ചു കീശയിലാക്കുന്നതും ഇതേ സര്‍ക്കാര്‍ തന്നെ!