നിത്യോപയോഗ അവശ്യവസ്തുവായ ഉപ്പിന് നികുതി ചുമത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ജനവികാരമുണര്‍ത്തുന്നതിന് മഹാത്മാഗാന്ധി അത്യന്തം സരളമായ രീതിയില്‍ ആരംഭിച്ച പ്രക്ഷോഭത്തിന് രാജ്യത്തുടനീളം ജനങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സമുദ്രതീരത്ത് നിന്നും വളരെ അകലത്തുള്ളതും ഉപ്പുപാടങ്ങള്‍ ഇല്ലാത്തതുമായ മദ്ധ്യപ്രവിശ്യയിലും വരാഡിലുമെല്ലാം ജനങ്ങള്‍ വനനിയമങ്ങള്‍ ലംഘിച്ച് പ്രക്ഷോഭത്തിന്റെ ഭാഗമായി വനങ്ങളില്‍ ചെന്ന് പ്രതീകാത്മകമായി വനവിഭവങ്ങള്‍ ശേഖരിച്ചു കൊണ്ടുവരാന്‍ നിശ്ചയിച്ചു. നിയമലംഘനപ്രസ്ഥാനത്തിനായി നിശ്ചയിച്ചത് യവത്മാല്‍ ജില്ലയിലെ പുസദ് എന്ന സ്ഥലമായിരുന്നു. 1930 ജൂലായ് 10ന് പ്രക്ഷോഭമാരംഭിക്കാനും നിശ്ചയിച്ചു. 1928ല്‍ ഹിങ്കണ്‍ഘാട്ട് റെയില്‍വെ സ്റ്റേഷനില്‍ വെച്ച് തീവണ്ടി കംപാര്‍ട്ട്‌മെന്റില്‍ നിന്ന് സര്‍ക്കാരിന്റെ ധനസമ്പത്ത് അപഹരിക്കാന്‍ നടന്ന വിഫലശ്രമത്തിന് ഉപയോഗിച്ച തോക്ക് സംഘസ്ഥാപകനായ ഡോക്ടര്‍ജിയുടെ വിപ്ലവകാരിയായ സുഹൃത്തിന്റേതായിരുന്നതിനാല്‍ ഡോക്ടര്‍ജി കടുത്ത പോലീസ് നിരീക്ഷണത്തിലായിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ഡോക്ടര്‍ജിയും അദ്ദേഹത്തിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അപ്പാജി ജോഷിയും വനസത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചത്. പറയുന്ന കാര്യം അതനുസരിച്ച് ചെയ്യുന്നവരെ സൃഷ്ടിക്കുക എന്നതായിരുന്നില്ല ഡോക്ടര്‍ജിയുടെ ഉദ്ദേശ്യം. ദേശഭക്തിയുടെ സംസ്‌കാരം നേടിയ സംഘസ്വയംസേവകര്‍ മറ്റുള്ളവരുടെ നിര്‍ദ്ദേശത്തിനുവേണ്ടി കാത്തുനില്‍ക്കാതെ ‘സമാജത്തിന്റെ ഘടക’ മെന്ന നിലയ്ക്ക് ദേശഹിതത്തിനുവേണ്ടിയുള്ള ഏതൊരു പ്രക്ഷോഭത്തിലും പങ്കാളിയാകണം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സംഘം സമാജത്തില്‍ നിന്ന് ഭിന്നമല്ല എന്ന ബോധത്തോടെ ഇത്തരം പ്രക്ഷോഭങ്ങളില്‍ പങ്കാളിയാകുമ്പോഴും സ്വയംസേവകര്‍ അവരുടെ ‘സംഘത്വ’ത്തെ ഉല്ലംഘിക്കരുത് എന്നതായിരുന്നു അടിസ്ഥാനപരമായ അദ്ദേഹത്തിന്റെ നിലപാട്.
1930 ജൂണ്‍ 20ന് ഡോക്ടര്‍ജി എഴുതിയ കത്തില്‍ (നമ്പര്‍ 6) അദ്ദേഹം പറഞ്ഞു: ”ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തെ സംബന്ധിച്ച് സംഘത്തിന്റെ നയമെന്താണ് എന്ന് പലപ്പോഴും ആളുകള്‍ എന്നോടു ചോദിക്കുന്നു. ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭത്തില്‍ സംഘടനയെന്ന നിലക്ക് സംഘം പങ്കുചേരില്ല. വ്യക്തിപരമായി ഏതെങ്കിലും സ്വയംസേവകര്‍ക്ക് അതില്‍ പങ്കെടുക്കണമെന്നു തോന്നുന്നുവെങ്കില്‍ അവരവരുടെ പ്രദേശത്തെ സംഘചാലകന്റെ അനുമതിയോടെ അവര്‍ക്കതില്‍ പങ്കുചേരാം. സംഘകാര്യം അഭിവൃദ്ധിപ്പെടുന്ന രീതിയില്‍ വേണം അതു ചെയ്യാന്‍ (ഡോക്ടര്‍ജിയുടെ കത്തുകള്‍ (1930) ജൂലായ് 1930-20-7-30മ).
വ്യക്തിയെന്ന നിലക്ക് സംഘസ്വയംസേവകര്‍ക്ക് നിയമലംഘന പ്രസ്ഥാനത്തില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍ജി അനുവാദം നല്‍കിയതായി കാണാം. പ്രസ്തുത പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഡോക്ടര്‍ജി നിശ്ചയിച്ചതിന് മുമ്പുതന്നെ സംഘത്തിലെ പ്രമുഖ സ്വയംസേവകര്‍ ആ പ്രക്ഷോഭത്തില്‍ പങ്കെടുത്തിരുന്നു എന്നു വേണം കരുതാന്‍. നിയമലംഘന പ്രസ്ഥാനം കാര്യക്ഷമമായി മുന്നോട്ടു കൊണ്ടുപോകാന്‍ അതോടനുബന്ധിച്ച് നടന്ന പ്രക്ഷോഭത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ കോണ്‍ഗ്രസ് പ്രാദേശികമായി രൂപീകരിച്ച താത്കാലിക സമിതികള്‍ ‘യുദ്ധമണ്ഡല്‍’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ചാന്ദ (ചാന്ദ്രാപൂര്‍) യില്‍ സംഘശാഖ 1927 ആഗസ്റ്റ് 20-ന് ആരംഭിച്ചുവെങ്കിലും 1928ല്‍ ഡോക്ടര്‍ജിയുടെ സന്ദര്‍ശനത്തോടെയാണ് അതിന് സ്ഥായീരൂപം കൈവന്നത്. 1930 ഏപ്രില്‍ 29ന് ചാന്ദയില്‍ യുദ്ധമണ്ഡല്‍ രൂപീകരിക്കാന്‍ നടന്ന യോഗത്തില്‍ പങ്കെടുത്ത ആബാസാഹേബ് ചേന്‍ഡ്‌കെ, നാരായണ്‍ പാണ്ഡുരംഗ് എന്ന നാനാസാഹേബ് ഭാഗവത് (ഇപ്പോഴത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ജി ഭാഗവത്, നാനാസാഹേബിന്റെ പൗത്രനാണ്), രഘുനാഥ് സീതാറാം എന്ന ദാദാജി ദേവയികര്‍ (ചാന്ദയിലെ സംഘചാലക്), രാമചന്ദ്ര രാജേശ്വര്‍ എന്ന താത്യാജി ദേശ്മുഖ് (ചാന്ദയിലെ സംഘകാര്യവാഹ്) എന്നിവരെല്ലാം പ്രമുഖ സ്വയംസേവകരായിരുന്നു. ചാന്ദ യുദ്ധമണ്ഡലിന്റെ പ്രഥമ അദ്ധ്യക്ഷന്‍ രാജേശ്വര്‍ ഗോവിന്ദ് എന്ന ബാബാജി വേഖണ്ഡെ ഡോക്ടര്‍ജി നയിച്ച വനസത്യഗ്രഹ സംഘത്തിലെ അംഗമായിരുന്നു. (കെ.കെ.ചൗധരി, പത്രാധിപര്‍ സിവില്‍ ഡിസൊബി ഡിയെന്‍സ് മൂവ്‌മെന്റ്, ഏപ്രില്‍ – സപ്തംബര്‍ 1930 വാല്യം 9, ഗസ്റ്റിയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, മഹാരാഷ്ട്രാ സര്‍ക്കാര്‍ 1990, പുറം 901). 1930 ജൂണ്‍ 30ന് ചാന്ദയില്‍ നടന്ന ബാപൂജി അണേ പങ്കെടുത്ത പൊതുയോഗത്തിന്റെ സംഘാടകരായ ദേശ്മുഖ്, അണ്ണാജി സിരാസ്, ചേന്‍ഡ്‌കെ എന്നിവര്‍ അവിടത്തെ സംഘത്തിന്റെ പ്രമുഖ പ്രവര്‍ത്തകരായിരുന്നു.
1930 മെയ് 1ന് നാഗപ്പൂരില്‍ നടന്ന പൊതുയോഗത്തില്‍ വെച്ച് ഡോ. മുംജേ അകോല ജില്ലയിലെ ദഹീഹണ്ഡയില്‍ നിന്നു കൊണ്ടുവന്ന ഉപ്പുവെള്ളം കുറുക്കി ഉപ്പുണ്ടാക്കുകയും സ്വാതന്ത്ര്യ വീരസാവര്‍ക്കര്‍ രചിച്ച നിരോധിക്കപ്പെട്ട 1857ലെ സ്വാതന്ത്ര്യസമരം എന്ന കൃതിയുടെ ചില ഭാഗങ്ങള്‍ വായിക്കുകയും ചെയ്തുകൊണ്ടു നിയമലംഘന പ്രസ്ഥാനത്തിന് അവിടെ ആരംഭം കുറിക്കുകയും ചെയ്തു. സംഘത്തിന്റെ സര്‍കാര്യവാഹ് ഗോപാല്‍ മുകുന്ദ് എന്ന ബാളാജി ഹുദ്ദാറും ഉപ്പുവെള്ളം കുറുക്കി ഉപ്പ് നിര്‍മ്മിക്കുകയും സ്വാതന്ത്ര്യ വീരസാവര്‍ക്കറുടെ ‘മസിനി’ എന്ന നിരോധിത പുസ്തകത്തില്‍ നിന്ന് ചില ഭാഗങ്ങള്‍ വായിക്കുകയും ചെയ്തു (ചൗധരി, പുറം 903). 21-ാനു വര്‍ധാ ജില്ലയിലെ ആര്‍വിയില്‍ 700-ല്‍ പരം വരുന്ന ജനാവലിയുടെയും പ്രമുഖ സ്വയംസേവകരുടേയും മുമ്പില്‍വെച്ച് സംഘചാലക് മോറേശ്വര്‍ ഗണേശ് ആപ്‌ടെ നിരോധിക്കപ്പെട്ട സാഹിത്യം വായിച്ചു (ചൗധരി, പുറം 948). മധ്യപ്രവിശ്യയുടെ യുദ്ധമണ്ഡലയുടെ അദ്ധ്യക്ഷന്‍ ബാരിസ്റ്റര്‍ മോറോപന്ത് അഭ്യങ്കര്‍ 1930 ജൂണ്‍ 2-ന് അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പൂനംചന്ദ് രാക അദ്ധ്യക്ഷനായി. ആ സന്ദര്‍ഭത്തില്‍ യുദ്ധമണ്ഡല്‍ പുനഃസംഘടിപ്പിക്കപ്പെട്ടപ്പോള്‍ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ സര്‍സേനാപതി മാര്‍ത്താണ്ഡ പരശുറാം ജോഗ് അസിസ്റ്റന്റ് കമാണ്ടറായി നിയോഗിക്കപ്പെട്ടു (ചൗധരി – പുറം 946). ആഗസ്റ്റ് 8-ന് ജോഗ് യുദ്ധമണ്ഡലില്‍ ‘സ്വയംസേവക് പ്രമുഖ്’ ആയി പ്രഖ്യാപിക്കപ്പെട്ടു (ചൗധരി. പുറം 1016). നാഗപ്പൂര്‍ ജില്ലാ സംഘചാലക് അപ്പാസാഹേബ് ഹന്‍ദെ മധ്യപ്രവിശ്യയിലെ യുദ്ധമണ്ഡലിന്റെ 12-ാമത്തെ അധ്യക്ഷനായിരുന്നു. ജയില്‍വാസം അനുഷ്ഠിച്ച അദ്ദേഹം 1931 മാര്‍ച്ച് 6ന് ജയില്‍മോചിതനായി (മഹാരാഷ്ട്ര, 1931 മാര്‍ച്ച് 12). കോണ്‍ഗ്രസ്സില്‍ ഡിക്‌ടേറ്റര്‍ ആയിരുന്ന ഹള്‍ദെ സംഘത്തിന്റെ ജില്ലാ സംഘചാലക് ആയിരുന്നു. ആ അവസരത്തില്‍ ചില കോണ്‍ഗ്രസ്സുകാര്‍ ഹള്‍ദെക്കെതിരായി ഗാന്ധിജിയോട് പരാതി പറഞ്ഞു. അപ്പോള്‍ ഗാന്ധിജി അവരോട് പറഞ്ഞു: ”എനിക്ക് സംഘത്തെയും ഡോ. ഹെഡ്‌ഗേവാറിനേയും അറിയാം. നിങ്ങള്‍ ഹള്‍ദെയെക്കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറയരുത്”. ഈ കാര്യം സ്വയം ഹള്‍ദെ തന്നെ പറഞ്ഞതാണ് (സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാര്‍ കത്തുകള്‍, നാനാപാല്‍കര്‍/ഹെഡ്‌ഗേവാര്‍ നോട്ട്‌സ് – 22-133). സാവനേരിലെ സംഘചാലകനും അഭിഭാഷകനുമായ നാരായണ്‍ അംബേദ്കര്‍ 1931 മാര്‍ച്ച് 11-ാം തീയതി രായ്പൂര്‍ ജയിലില്‍ നിന്നും മോചിതനായി (മഹാരാഷ്ട്ര, മാര്‍ച്ച് 12, 1931). വാശിമിലെ അഭിഭാഷകന്‍ ശങ്കര്‍ എന്ന അണ്ണാസഹേബ് ഡബീര്‍ ജയില്‍ മോചിതനായതിനെ തുടര്‍ന്ന് മാര്‍ച്ച് 10, 1931 ന് വാശിമില്‍ അദ്ദേഹത്തിന് സ്വീകരണം നല്‍കപ്പെട്ടു (മഹാരാഷ്ട്ര, മാര്‍ച്ച് 15, 1931). 1931 ആഗസ്റ്റില്‍ അദ്ദേഹം വാശിമിലെ സംഘചാലക് ആയി നിയോഗിക്കപ്പെട്ടു.
സംഘത്തിന്റെ വ്യവസ്ഥ
സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനു മുന്നോടിയായി ഡോക്ടര്‍ജി തന്റെ അനുപസ്ഥിതിയില്‍ സംഘത്തിന്റെ നടത്തിപ്പിനുള്ള വ്യവസ്ഥ മറക്കാതെ ചെയ്തു. അതിനെക്കുറിച്ച് 1930 ജൂണ്‍ 20ന് അദ്ദേഹം എഴുതിയ കത്തില്‍ ഇത് വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ അദ്ദേഹം എഴുതി: ”ഞാനും, സംഘത്തിന്റെ വര്‍ധയിലെ ജില്ലാധികാരി ശ്രീ.അപ്പാജി ജോഷി, നാഗപ്പൂരിലെ പ്രമുഖ സംഘകാര്യകര്‍ത്താക്കളായ പരമാര്‍ത്ഥ്, ദേവ് എന്നിവര്‍, ചാന്ദയിലെ പ്രമുഖ സംഘകാര്യകര്‍ത്താക്കളായ വേഖണ്ഡെ, ഖരോടെ, പാലേവാര്‍ എന്നിവര്‍, ആര്‍വിയിലെ സംഘചാലക് നാനാജി ദേശ്പാണ്ഡെ, സാലോഡ് ഫകീറിലെ സംഘചാലക് ത്രൈംബക്‌റാവു ദേശ്പാണ്ഡെ എന്നിവരും വനസത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ പുസദിലേക്ക് പോവുകയാണ്. ഈ സാഹചര്യത്തില്‍ സംഘത്തിന്റെ ചാലകത്വത്തിന്റെ ചുമതല നാഗപ്പൂരിലെ പ്രഗത്ഭ ഡോക്ടര്‍ പരാംജപെയെ ഏല്പിച്ചിരിക്കയാണ്. സംഘത്തിന്റെ പേരില്‍ അയക്കുന്ന കത്തുകള്‍ വി.വി.കേള്‍കര്‍, ബി.എ.എല്‍.എല്‍.ബി. ഹൈക്കോടതി അഭിഭാഷകന്‍, ഇത്‌വാര്‍ ദര്‍വാജ, നാഗപ്പൂര്‍ സിറ്റി എന്ന മേല്‍വിലാസത്തിലാണ് അയക്കേണ്ടത്. വാര്‍ദ്ധ ജില്ലാധികാരിയായ അപ്പാജി ജോഷിയുടെ സ്ഥാനത്ത് വര്‍ദ്ധയിലെ വക്കീല്‍ മനോഹര്‍പന്ത് ദേശ്പാണ്ഡെയെയാണ് നിയോഗിച്ചിരിക്കുന്നത്. അവിടേക്ക് അയക്കുന്ന കത്തുകള്‍ ദേശ്പാണ്ഡെ, അദ്ധ്യാപകന്‍, ന്യൂ ഇംഗ്ലീഷ് ഹൈസ്‌കൂള്‍, വര്‍ദ്ധ എന്ന മേല്‍വിലാസത്തിലേക്കാണ് അയക്കേണ്ടത്.
ഈ കത്ത് ഡോക്ടര്‍ജി എത്രമാത്രം അവധാനതയോടെയാണ് കാര്യങ്ങള്‍ ചെയ്തിരുന്നത് എന്നതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. കത്തില്‍ സംഘചാലക്, കാര്യവാഹ് എന്നിങ്ങനെ ആരുടെയും ചുമതലയെക്കുറിച്ച് പ്രസ്താവിക്കാതിരിക്കാന്‍ അദ്ദേഹം കാണിച്ച അവധാനത ഓരോ കാര്യത്തിലും അദ്ദേഹം പുലര്‍ത്തിയ സൂക്ഷ്മതയെയാണ് പരിചയപ്പെടുത്തുന്നത്. ഇതേ കത്തില്‍, വേനല്‍ക്കാലത്തെ വര്‍ഗുകള്‍ ശാരീരിക്, സൈനിക പരിശീലനം, ബൗദ്ധിക് ശിക്ഷണം എന്നിവയോടെ വലിയതോതില്‍ കാര്യക്ഷമമായി നടന്നതിനെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. തന്റെ അനുപസ്ഥിതിയില്‍ ശിശുപ്രായത്തിലുള്ള സംഘം എങ്ങനെ മുമ്പോട്ടു പോകും എന്നതിനെക്കുറിച്ചുള്ള ഒരു വേവലാതിയും ആ എഴുത്തില്‍ പ്രതിഫലിച്ചിരുന്നില്ല. തന്റെ സഹപ്രവര്‍ത്തകരില്‍ എന്നതോടൊപ്പം താന്‍ രൂപം നല്‍കിയ കാര്യപദ്ധതിയില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസമാണ് ആ എഴുത്തിലൂടെ നമുക്ക് വ്യക്തമാകുന്നത്.
ബാപ്പുജി അണെയുടെ നേതൃത്വത്തിലുള്ള സത്യഗ്രഹികളുടെ സംഘം ജൂലായ് 10ന് പുസദിനടുത്ത് വനത്തില്‍ പ്രവേശിച്ച് പുല്ലരിഞ്ഞുകൊണ്ടു സത്യഗ്രഹത്തിന് പ്രാരംഭം കുറിച്ചു. അദ്ദേഹം ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 379-ാം വകുപ്പ് പ്രകാരം ആറ് മാസം വെറും തടവിന് ശിക്ഷിക്കപ്പെട്ടു. അടുത്ത ദിവസം സത്യഗ്രഹം നയിച്ചത് ഡോ. മുംജേ ആയിരുന്നു. അഞ്ച് രൂപ പിഴ വിധിച്ചത് അടയ്ക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് അന്നേദിവസം കോടതി പിരിയുന്നതുവരെ അദ്ദേഹത്തിന് തടവുശിക്ഷവിധിച്ചു. സ്ഥാനീയ സമിതിയുടെ നിര്‍ദ്ദേശപ്രകാരം 12-നു വീണ്ടും ഡോ.മുംജേ സത്യഗ്രഹത്തിന് നേതൃത്വം നല്‍കി. അന്നേ ദിവസം പത്ത് രൂപ പിഴ വിധിച്ചത് അടയ്ക്കാന്‍ വിസമ്മതിച്ച സാഹചര്യത്തില്‍ അദ്ദേഹത്തെ ഒരാഴ്ചത്തെ വെറും തടവിന് വിധിച്ചു (ചൗധരി. പുറം 930). വാസ്തവത്തില്‍, ഡോ. മുംജേയെ സംഘത്തിന്റെ ഗുരുപൂജ ഉത്സവത്തില്‍ അദ്ധ്യക്ഷനാക്കി ആദരപൂര്‍വ്വം അദ്ദേഹത്തെ വനസത്യഗ്രഹത്തില്‍ പങ്കെടുക്കുവാന്‍ യാത്രയാക്കണം എന്നായിരുന്നു ഡോക്ടര്‍ജി ചിന്തിച്ചിരുന്നത്. പക്ഷെ, അതിനുമുമ്പ് തന്നെ സത്യഗ്രഹത്തില്‍ പങ്കെടുത്ത് അദ്ദേഹം തടവിലാക്കപ്പെട്ടതിനാല്‍ ഡോ. ലക്ഷ്മണന്‍ വാസുദേവ് പരാംജ്‌പെയെ ഉത്സവത്തില്‍ അദ്ധ്യക്ഷനാക്കി.



ജൂലായ് 12ന് നടന്ന സംഘത്തിന്റെ ഗുരുപൂര്‍ണിമ ഉത്സവത്തില്‍ ഡോ. പരാംജപെയായിരുന്നു അദ്ധ്യക്ഷന്‍. ധ്വജപൂജക്കുശേഷം നടന്ന തന്റെ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ഡോ. ഹെഡ്‌ഗേവാറിന്റെ ചില സഹപ്രവര്‍ത്തകര്‍ വനസത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തോടൊപ്പം പോവുകയാണ്. അതില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ സഹര്‍ഷം അതിനുവേണ്ടി പോകണം. മറ്റുള്ളവര്‍ യുവാക്കളുടെ ഈ സംഘടനയുടെ പ്രവര്‍ത്തനം മുമ്പോട്ടുകൊണ്ടുപോകുന്നതില്‍ പങ്കാളികളാകണം. ഈ പ്രക്ഷോഭം രാഷ്ട്രത്തെ മുമ്പോട്ടു നയിക്കുമെന്നതില്‍ സംശയമില്ല; എന്നാല്‍ അത് സ്വാതന്ത്ര്യത്തിലേക്കുള്ള പ്രയാണത്തിന്റെ ആദ്യപടി മാത്രമാണ്. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ ജീവിതം മുഴുവന്‍ സമര്‍പ്പിക്കാന്‍ സന്നദ്ധരായ മനുഷ്യരെ സംഘടിപ്പിക്കുക എന്നതുതന്നെയാണ് സ്ഥായിയായ കാര്യം”. അദ്ദേഹത്തിന്റെ പ്രഭാഷണത്തിനുശേഷം നടന്ന ഡോക്ടര്‍ജിയുടെ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു: ”നന്ദി രേഖപ്പെടുത്തി ഇരിക്കുന്നമാത്രയില്‍ ഞാന്‍ സംഘത്തിന്റെ ചാലകനല്ലാതായിത്തീരും. സംഘത്തിന്റെ ചാലകത്വം ഏറ്റെടുക്കാമെന്ന് പരാംജപെജി സമ്മതിച്ചിട്ടുണ്ട്. അതിന്റെ പേരില്‍ ഞാന്‍ സഘത്തിനുവേണ്ടി അദ്ദേഹത്തോട് അകൈതവമായ നന്ദി രേഖപ്പെടുത്തുന്നു. ഈ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ പോകുന്ന ഞങ്ങളെല്ലാം വ്യക്തിപരമായ ഉത്തരവാദത്തിലാണ് അപ്രകാരം ചെയ്യുന്നത്. സംഘത്തിന്റെ വിചാരധാരയിലും പ്രവര്‍ത്തനപദ്ധതിയിലും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്നു മാത്രമല്ല അവയിലുള്ള ഞങ്ങളുടെ വിശ്വാസം അണുവിടപ്പോലും കുറഞ്ഞിട്ടുമില്ല. മാത്രമല്ല അവയിലുള്ള ഞങ്ങളുടെ വിശ്വാസം അണുവിടപ്പോലും കുറഞ്ഞിട്ടുമില്ല. ദേശത്ത് നടക്കുന്ന പ്രക്ഷോഭങ്ങളുടെയെല്ലാം അന്തര്‍ബാഹ്യമായ അറിവ് കരസ്ഥമാക്കി നമ്മുടെ കാര്യത്തിനുവേണ്ടി ഉപയോഗിക്കേണ്ടത് ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയുടെയും കര്‍ത്തവ്യമാണ്. ഈ പ്രക്ഷോഭത്തിനുവേണ്ടി ഇന്നോളം ഇറങ്ങിത്തിരിച്ച സംഘത്തിലെ ആളുകളും ഇന്ന് അതിനുവേണ്ടി പോകാനിരിക്കുന്ന ഞങ്ങളും എല്ലാം ഇതേ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഇറങ്ങിത്തിരിച്ചിരിക്കുന്നത്. ജയിലില്‍ പോകുന്നത് ഇപ്പോള്‍ ദേശഭക്തിയുടെ ലക്ഷണമായി തീര്‍ന്നിരിക്കുന്നു; എന്നാല്‍, രണ്ടുവര്‍ഷം കാരാഗൃഹത്തില്‍ കഴിച്ചുകൂട്ടാന്‍ സന്നദ്ധരായവരോട് രണ്ടുവര്‍ഷക്കാലം വീടും കുടിയും താത്കാലികമായി ഉപേക്ഷിച്ച് സ്വാതന്ത്രേ്യാന്മുഖമായി പ്രവര്‍ത്തിക്കുന്ന സംഘടനയുടെ പ്രവര്‍ത്തനത്തിനായി മുന്നോട്ടുവരാന്‍ ആവശ്യപ്പെട്ടാല്‍ അവരാരും അതിന് തയ്യാറാവില്ല. ഇത് എന്തുകൊണ്ടു സംഭവിക്കുന്നു? ദേശത്തിന്റെ സ്വതന്ത്രതക്കുവേണ്ടി ഒരു വര്‍ഷമോ, ആറുമാസക്കാലമോ പ്രവര്‍ത്തിച്ചാല്‍ മതിയാവില്ല എന്ന കാര്യം മനസ്സിലാക്കാന്‍ ആളുകള്‍ തയ്യാറല്ലെന്നാണ് തോന്നുന്നത്. മറിച്ച് വര്‍ഷാനുവര്‍ഷം നിരന്തരം നടക്കുന്ന സംഘടനാ പ്രവര്‍ത്തനത്തിലുടെയേ അത് കൈവരൂ. കാലാവസ്ഥാപരമായ ദേശഭക്തി ഉപേക്ഷിക്കുന്നതോടൊപ്പം, ദേശത്തിനുവേണ്ടി ജീവന്‍ വെടിയുക എന്ന ചിന്ത ആവശ്യമാണെങ്കിലും അതിലുപരിയായി ദേശത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി നിരന്തരം സംഘടനാ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടുകൊണ്ട് ജീവിക്കാന്‍ നിശ്ചയിക്കാത്തിടത്തോളം ദേശത്തിന്റെ ഭാഗ്യോദയം സാധ്യമാവില്ല. ഈ ചിന്താഗതി യുവാക്കളില്‍ ഉണര്‍ത്തുകയും അവരെ സംഘടിപ്പിക്കുകയും ചെയ്യുക എന്നതാണ് സംഘത്തിന്റെ ലക്ഷ്യം”. (സംഘ ആര്‍കൈവ്‌സ്, ഹെഡ്‌ഗേവാറിന്റെ കത്തുകള്‍; നാനാ പാല്‍കര്‍/ഹെഡ്‌ഗേവാര്‍ കുറിപ്പുകള്‍ – 33-131, 132)
അതായത്, തന്റെ അസാന്നിധ്യത്തില്‍ സംഘപ്രവര്‍ത്തനത്തിന്റെ വ്യവസ്ഥ ഉറപ്പാക്കുകയും സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ താന്‍ നിശ്ചയിച്ച പശ്ചാത്തലം വ്യക്തമാക്കുകയും ചെയ്ത ശേഷം മാത്രമാണ് ഡോക്ടര്‍ജി സത്യഗ്രഹത്തില്‍ പങ്കെടുക്കാന്‍ തയ്യാറായത്.
(മറാത്തിയില്‍ നിന്നു വിവര്‍ത്തനം: സീമ മധുകര്‍ ഗോറെ)