തിരുവല്ല: ലോകത്തിന് മുഴുവന്‍ വിദ്യ പകര്‍ന്നു നല്കിയ പാരമ്പര്യമാണ് ഭാരതത്തിന്റേതെന്ന് മുന്‍ സംസ്ഥാന പോലീസ് മേധാവി ജേക്കബ് പുന്നൂസ്. ആര്.എസ്.എസ്. തിരുവല്ല ടൗണ്‍ ശാഖ സംഘടിപ്പിച്ച ഗുരുപൂജാ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രാചീന കാലഘട്ടത്തില്‍ തന്നെ ഭാരതത്തില്‍ നളന്ദ, തക്ഷശില തുടങ്ങിയ സര്‍വ്വകലാശാലകള്‍ പ്രവര്‍ത്തിച്ചിരുന്നു. വിദ്യാഭ്യാസപരമായ പുരോഗതി കാരണം ഭാരതം സമ്പന്ന രാഷ്ട്രമായി മാറി. റോമന്‍ രാജസദസ്സില്‍ അക്കാലത്ത് ഇതേപറ്റി ചര്‍ച്ച നടന്നിരുന്നു. അതിന്റെ ഭാഗമായാണ് വിദേശികള്‍ ഭാരതത്തെ ആക്രമിച്ചത്. ഭാരതം സഹിഷ്ണുതയുടെ നാടാണ്. ക്രൈസ്തവ സമൂഹത്തിന് മതാചരണത്തിന് എല്ലാ സഹായവും നല്‍കിയത് ഹൈന്ദവരാണ്. വിഭാഗീയതയും തീവ്രവാദവുമാണ് മനുഷ്യ സമൂഹത്തെ നശിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഭാരതം ഗുരുശിഷ്യ ബന്ധത്തിന് വലിയ പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. ഈശ്വരനെക്കാള്‍ മുകളിലാണ് ഭാരതത്തില്‍ ഗുരുവിന്റെ സ്ഥാനം. പാശ്ചാത്യരെ സംബന്ധിച്ച് വിദ്യ പകര്‍ന്നു നല്കുന്നയാള് വെറും അധ്യാപകനാണ്, പഠിപ്പിക്കല്‍ വെറും തൊഴിലുമാണ്. എന്നാല്‍ ഭാരതീയര്‍ക്ക് വിദ്യ പകര്‍ന്നു നല്കുന്നയാള് ഗുരുവാണ്. സര്‍വ്വവും ഗുരുവിന് മുന്നില്‍ സമര്‍പ്പിച്ച് രാജ്യം ഭരിച്ച പാരമ്പര്യമാണ് ഭാരതീയര്ക്കുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ തിരുവല്ല ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിര്‍വിണ്ണാനന്ദ അധ്യക്ഷനായി. കുരുക്ഷേത്ര ചീഫ് എഡിറ്റര്‍ കാ.ഭാ. സുരേന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ആര്.എസ്.എസ്. ജില്ലാ സംഘചാലക് ഇ.നാരായണന്, ഖണ്ഡ് സംഘചാലക് ഡി. പ്രസന്നകുമാര്‍ എന്നിവരും പങ്കെടുത്തു.