മഹര്‍ഷി അരവിന്ദന്റെ 150-ാം ജന്മവര്‍ഷമാണിത്
പാശ്ചാത്യ വിദ്യാഭ്യാസത്തിന്റെ ഗിരിശൃംഗങ്ങള്‍ കീഴടക്കിയിട്ടും അവരുടെ സംസ്‌കാരത്തില്‍ ഒട്ടും ആകൃഷ്ടനാകാതിരുന്ന ഭാരതീയനാണ് അരവിന്ദഘോഷ്. ചിരപുരാതനമായ ഭാരത രാഷ്ട്രത്തിന്റെ അന്തസ്സത്തയെ ഹൃദയത്തിലേക്ക് ആവാഹിച്ച അദ്ദേഹം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തില്‍ ഭാരതീയ യുവമനസ്സുകളില്‍ ദേശസ്‌നേഹത്തിന്റെ അഗ്‌നിജ്വാലകള്‍ക്ക് തിരികൊളുത്തി.
1872 ആഗസ്ത് 15 ന് കല്‍ക്കത്തയില്‍ ജനിച്ച്, 1950 ഡിസംബര്‍ 5 ന് പോണ്ടിച്ചേരിയില്‍ സമാധിയാകുന്നതുവരെയുള്ള 78 വര്‍ഷക്കാലത്തെ ജീവിതയാത്രയില്‍ ശ്രീ അരവിന്ദന്റെ ചേതന എല്ലായ്‌പോഴും ഭാരതമാതാവിന്റെ പാദാരവിന്ദങ്ങളില്‍ സമര്‍പ്പിതമായിരുന്നു. സന്യാസത്തിനു പോലും പുതിയ അര്‍ത്ഥതലങ്ങള്‍ കണ്ടെത്തിയ അദ്ദേഹം ഭാവിയിലേക്കുള്ള ഭാരതത്തിന്റെ പ്രയാണത്തെ സസൂക്ഷ്മം നിരീക്ഷിച്ചു. ആവശ്യമായ സന്ദര്‍ഭങ്ങളിലെല്ലാം തന്റേതായ രീതിയില്‍ ഇടപെട്ടു. ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച പലര്‍ക്കും സ്വതന്ത്ര ഭാരതത്തിന്റെ ഉദയം ദര്‍ശിക്കാന്‍ ഭാഗ്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനു മാത്രമല്ല ദൗര്‍ഭാഗ്യകരമായ രാഷ്ട്ര വിഭജനത്തിനും സാക്ഷ്യം വഹിച്ച്, ഭാവി ഭാരതം ഏതു ദിശയില്‍ മുന്നോട്ടു പോകണമെന്നു കൂടി നിര്‍ദ്ദേശിച്ചാണ് ആ മഹാത്മാവ് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞത്. അരവിന്ദ മഹര്‍ഷി മുന്നോട്ടു വെച്ച ദര്‍ശനങ്ങള്‍ക്ക് ഭാരത സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിലും വളരെയധികം പ്രസക്തിയുണ്ട്.
ഇംഗ്ലണ്ടിലെ വിദ്യാഭ്യാസ കാലത്തു തന്നെ ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളില്‍ അരവിന്ദന്‍ പങ്കാളിയായി. ‘ഇന്ത്യന്‍ മജ്‌ലിസ്’ എന്ന വിദ്യാര്‍ത്ഥി സംഘടനയില്‍ രണ്ടു വര്‍ഷം സെക്രട്ടറിയായി പ്രവര്‍ത്തിച്ചു. സഹപ്രവര്‍ത്തകരോടൊപ്പം ‘താമരയും കഠാരയും’ എന്ന പേരില്‍ ഒരു സംഘടന ആരംഭിക്കുകയും അതിലെ ഓരോ അംഗവും ഭാരത സ്വാതന്ത്ര്യത്തിനു വേണ്ടി എന്തെങ്കിലും ചെയ്യുമെന്നു പ്രതിജ്ഞയെടുക്കുകയും ചെയ്തു. കുതിര സവാരി പരീക്ഷയില്‍ പങ്കെടുക്കാതെ ഐ.സി.എസ്സിന് സ്വയം അയോഗ്യനായി.
ഭാരതത്തിന്റേതായ എല്ലാറ്റിനോടുമുള്ള കടുത്ത ആകര്‍ഷണത്തോടു കൂടിയാണ് 1893-ല്‍ അരവിന്ദന്‍ ഭാരതത്തില്‍ തിരിച്ചെത്തിയത്. ബറോഡാ നാട്ടുരാജ്യത്തില്‍ ഉദ്യോഗസ്ഥനായി ജോലിയില്‍ ചേര്‍ന്ന അദ്ദേഹം പിന്നീട് ബറോഡാ കോളേജില്‍ ഇംഗ്ലീഷ്, ഫ്രഞ്ച് ഭാഷകളുടെ പ്രൊഫസറായും വൈസ് പ്രിന്‍സിപ്പല്‍, ആക്ടിംഗ് പ്രിന്‍സിപ്പല്‍ എന്നീ പദവികളിലും പ്രവര്‍ത്തിച്ചു. ഭാരതത്തില്‍ എത്തിയ ഉടനെ ആദ്യം ചെയ്തത് ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ നയത്തെ നഖശിഖാന്തം എതിര്‍ത്തുകൊണ്ട് ‘ഇന്ദു പ്രകാശ്’ എന്ന വാരികയില്‍ ‘പഴയ വിളക്കുകള്‍ക്കു പകരം പുതിയവ’ എന്ന ശീര്‍ഷകത്തില്‍ ദേശീയബോധം ഉണര്‍ത്തുന്ന ശക്തമായ ലേഖനങ്ങള്‍ എഴുതുകയാണ്. വിമര്‍ശനം താങ്ങാന്‍ കെല്പില്ലാതിരുന്ന അന്നത്തെ കോണ്‍ഗ്രസ് നേതാക്കള്‍ പത്രാധിപരെ ഭയപ്പെടുത്തി ലേഖന പരമ്പര എഴുതുന്നത് നിര്‍ത്തിവെപ്പിച്ചു.
ബറോഡയില്‍ ജോലിയിലിരിക്കവേ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന വിപ്ലവ സംഘടനകളുമായി അരവിന്ദന്‍ സമ്പര്‍ക്കം പുലര്‍ത്തി. അവയുടെ ഏകോപനത്തിനു വേണ്ടി ശ്രമിച്ചു. ഒറ്റപ്പെട്ട അക്രമസംഭവങ്ങളോട് അരവിന്ദനു യോജിപ്പുണ്ടായിരുന്നില്ല. വിപുലമായ തയ്യാറെടുപ്പോടു കൂടിയ സമ്പൂര്‍ണ്ണ സായുധ വിപ്ലവമായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി ജതീന്ദ്ര ബാനര്‍ജി എന്ന ബംഗാളി യുവാവിനെ തന്റെ സ്വാധീനമുപയോഗിച്ച് ബറോഡ സൈന്യത്തില്‍ ചേര്‍ത്തു. ആയുധ പരിശീലനം ലഭിച്ച ജതീന്ദ്രയെ ബംഗാളിലേക്കയച്ച് വിപ്ലവ സംഘടനാ പ്രവര്‍ത്തനത്തിന് ചുമതലപ്പെടുത്തി. അരവിന്ദന്റെ അനുജന്‍ ബരീന്ദ്രനും വിപ്ലവ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയായി. അരവിന്ദന്‍ ബംഗാള്‍ സന്ദര്‍ശിച്ച് വിപ്ലവപ്രസ്ഥാനത്തിന്റെ ആറു രഹസ്യ സങ്കേതങ്ങള്‍ സ്ഥാപിച്ചു. വിപ്ലവപ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ അരവിന്ദന്‍ നിയോഗിച്ച അഞ്ചംഗ സമിതിയില്‍ ഭഗിനി നിവേദിത, പി.മിത്തര്‍, ജതീന്ദ്ര ബാനര്‍ജി, സി.ആര്‍. ദാസ്, സുരേന്ദ്രനാഥ ടാഗോര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.
വിപ്ലവപ്രസ്ഥാനത്തിന്റെ പരിശീലന കേന്ദ്രത്തിന്റെ രൂപരേഖ എന്ന നിലയില്‍ ‘ഭവാനി മന്ദിരം’ എന്ന പേരില്‍ അരവിന്ദന്‍ എഴുതിയ ലഘു ലേഖ ജഗന്മാതാവായ ഭാരതീദേവിയില്‍ പ്രകാശിക്കുന്ന ദിവ്യശക്തിയെയും പ്രകാശത്തെയും കുറിച്ച് അദ്ദേഹത്തിനുണ്ടായിരുന്ന കാഴ്ചപ്പാട് വെളിപ്പെടുത്തുന്നു. ഭാരതത്തെ കുറിച്ച് ഇതില്‍ അദ്ദേഹം ഇങ്ങനെ എഴുതി : ‘ഇതൊരു ഭൂമിയുടെ കഷണമല്ല. ഒരാലങ്കാരിക പ്രയോഗമല്ല. ഇതൊരു പ്രചണ്ഡ ശക്തിയാണ്; രാഷ്ട്രത്തിന്റെ ലക്ഷോപലക്ഷം ഘടകങ്ങളുടെ സംയുക്ത ശക്തി; സന്നിഹിതരായിരുന്ന ലക്ഷോപലക്ഷം ദേവതകളുടെയെല്ലാം ശക്തികളൊന്നായിച്ചേര്‍ന്ന് അതില്‍ നിന്നു ഭവാനി മഹിഷാസുരമര്‍ദ്ദിനി ഉയര്‍ന്നുവന്നതു പോലെ നാം ഭാരതമെന്നു വിളിക്കുന്ന ശക്തി, ഭവാനി ഭാരതി, മുന്നൂറു ദശലക്ഷം ജനങ്ങളുടെ (അന്നത്തെ ഭാരതത്തിലെ ജനസംഖ്യ – ലേഖകന്‍) ശക്തിയുടെ ഏകീഭാവമാണ്.’
1901 ല്‍ അരവിന്ദന്‍ കല്‍ക്കത്തയിലെ ഭൂപാലചന്ദ്രബോസിന്റെ മകള്‍ മൃണാളിനീ ദേവിയെ വിവാഹം ചെയ്തിരുന്നു. അരവിന്ദന്റെ തിരക്കുപിടിച്ച ജീവിതത്തില്‍ കുറച്ചു കാലം മാത്രമേ അവര്‍ക്ക് ഒന്നിച്ചു ജീവിക്കാന്‍ കഴിഞ്ഞിരുന്നുള്ളൂ. മൃണാളിനിക്കയച്ച കത്തില്‍ അദ്ദേഹം തന്റെ ജീവിത ദര്‍ശനം ഇങ്ങനെ വിശദീകരിച്ചു: ‘മൂന്നു ഭ്രാന്തുകള്‍, അവയെ ഭ്രാന്തെന്നു വിളിക്കാമെങ്കില്‍ എന്നെ ബാധിച്ചിട്ടുണ്ട്. എന്റെ ബിരുദങ്ങള്‍, പ്രതിഭ, ഉന്നത വിദ്യാഭ്യാസം, പാണ്ഡിത്യം, സ്വത്ത് – ഇതെല്ലാം ഭഗവാന്റേതാണ് എന്ന ഉറച്ച വിശ്വാസമാണ് അതില്‍ ആദ്യത്തേത്….എന്നെ പിടികൂടിയിട്ടുള്ള രണ്ടാമത്തെ ഭ്രാന്ത്, എന്തു വന്നാലും വേണ്ടില്ല ദൈവത്തെ മുഖത്തോടു മുഖം കാണണമെന്നതാണ്…… മൂന്നാമത്തെ ഭ്രാന്ത് ഭാരത മാതാവിനെ കുറിച്ചുള്ളതാണ്. വിശാലമായ മൈതാനങ്ങളും വയലുകളും പാടങ്ങളും മലകളും നദികളും നിറഞ്ഞ ഒരു ഭൗതിക വസ്തുവായിട്ടാണ് മറ്റുള്ളവര്‍ ഈ രാജ്യത്തെ കരുതുന്നത്. ഞാന്‍ ഭാരതത്തെ എന്റെ അമ്മയായി കാണുന്നു. ആരാധിക്കുന്നു; പുജിക്കുന്നു. അസുരന്‍ സ്വന്തം മാതാവിന്റെ മാറത്തു കയറിയിരുന്ന് രക്തം വലിച്ചു കുടിക്കുമ്പോള്‍ മകനെന്തു ചെയ്യും? അവന്‍ സൈ്വരമായിരുന്ന് ഭക്ഷണം കഴിക്കുകയും ഭാര്യയുടെയും മക്കളുടെയും കൂടെ സുഖമായി ജീവിക്കുകയും ചെയ്യുമോ? അതോ, അമ്മയുടെ രക്ഷയ്ക്കു പാഞ്ഞെത്തുമോ?’
1905 ലെ ബംഗാള്‍ വിഭജനത്തോടെ ബറോഡയിലെ ജോലി ഉപേക്ഷിച്ച് സ്വാതന്ത്യസമര രംഗത്തേക്കുള്ള അരവിന്ദന്റെ എടുത്തുചാട്ടം അക്ഷരാര്‍ത്ഥത്തില്‍ അമ്മയുടെ രക്ഷയ്ക്കുള്ള പാഞ്ഞെത്തലായിരുന്നു. വിഭജന വിരുദ്ധ പ്രക്ഷോഭത്തിന് ബിപിന്‍ചന്ദ്രപാലിനോടൊപ്പം നേതൃത്വം നല്‍കിയ അദ്ദേഹം വന്ദേമാതരം പത്രത്തിന്റെ അപ്രഖ്യാപിത പത്രാധിപരായിരുന്നു. വന്ദേമാതരത്തിലും വിപ്ലവകാരികള്‍ നടത്തിയ യുഗാന്തര്‍ വരികയിലും എഴുതിയ ഉജ്ജ്വലമായ ലേഖനങ്ങളിലൂടെ ബ്രിട്ടീഷ് സിംഹാസനത്തെ കിടുകിടാ വിറപ്പിക്കാന്‍ അരവിന്ദനു കഴിഞ്ഞു.’നമുക്ക് കൈകാര്യം ചെയ്യേണ്ട ഏറ്റവും അപകടകാരിയായ മനുഷ്യന്‍’എന്നാണ് ഇന്ത്യയിലെ ഗവര്‍ണര്‍ ജനറലായിരുന്ന ലോര്‍ഡ് മിന്റോ അരവിന്ദനെ നാടുകടത്തേണ്ടതിന്റെ പ്രധാന്യം സൂചിപ്പിച്ചു കൊണ്ട് ലണ്ടനിലെ ഭാരതകാര്യ സെക്രട്ടറിക്ക് എഴുതിയത്. ദേശീയ വിദ്യാഭ്യാസത്തിനു വേണ്ടി ദേശസ്‌നേഹികള്‍ ബംഗാള്‍ നാഷനല്‍ കോളേജ് ആരംഭിച്ചപ്പോള്‍ അതിന്റെ ആദ്യത്തെ പ്രിന്‍സിപ്പലായതും അരവിന്ദനായിരുന്നു. 1902 മുതല്‍ ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്സിന്റെ ദേശീയ സമ്മേളനങ്ങളില്‍ പ്രതിനിധിയായും അല്ലാതെയും അരവിന്ദന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. 1902 ലെ സമ്മേളനത്തില്‍ വെച്ച് ലോകമാന്യ തിലകന്‍ അരവിന്ദനെ സമ്മേളന പന്തലിനു പുറത്തേക്കു വിളിച്ച് ആശയ വിനിമയം നടത്തിയിരുന്നു. 1906 ലെ കല്‍ക്കത്താ സമ്മേളനത്തില്‍ ലോകമാന്യ തിലകന്‍, ലാലാ ലജ്പത് റായ്, ബിപിന്‍ചന്ദ്രപാല്‍ എന്നിവരോടൊപ്പം കോണ്‍ഗ്രസ്സിലെ ദേശീയ വാദികള്‍ക്കു നേതൃത്വം നല്‍കിക്കൊണ്ട് സുപ്രധാന പ്രമേയങ്ങള്‍ പാസാക്കുന്നതില്‍ അരവിന്ദനും പങ്കു വഹിച്ചു. 1907 ലെ സൂറത്ത് സമ്മേളത്തില്‍ വെച്ചാണ് ദേശീയ വാദികളും മിതവാദികളും അടിച്ചു പിരിഞ്ഞത്. ദേശീയവാദികളുടെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കപ്പെട്ടില്ലെന്നു മാത്രമല്ല തിലകനെ സംസാരിക്കാന്‍ പോലും മിതവാദികള്‍ അനുവദിച്ചില്ല. വേദിയിലേക്കു കയറിയ തിലകന്റെ നേരെ ചെരിപ്പെറിഞ്ഞതിനെ തുടര്‍ന്ന് ദേശീയ വാദികളും മിതവാദികളും തമ്മില്‍ കൂട്ടത്തല്ലുണ്ടായി. ദേശീയവാദികള്‍ സമ്മേളനം ബഹിഷ്‌ക്കരിച്ച് പ്രത്യേകം യോഗം ചേര്‍ന്നു. അരവിന്ദന്റെ അദ്ധ്യക്ഷതയില്‍ തിലകനാണ് ആ യോഗത്തില്‍ സംസാരിച്ചത്. ദേശീയ തലത്തില്‍ വലിയ മാറ്റമുണ്ടാക്കിയ ആ സംഘട്ടനത്തില്‍ മിതവാദികളെ പ്രതിരോധിക്കാന്‍ തിലകനോടു പോലും ആലോചിക്കാതെ നിര്‍ദ്ദേശം നല്‍കിയത് താനാണെന്ന് പിന്നീട് അരവിന്ദന്‍ വെളിപ്പെടുത്തി.
ആലിപ്പൂര്‍ ബോംബ് കേസില്‍ വിചാരണത്തടവുകാരനാക്കി അരവിന്ദനെ ബ്രിട്ടീഷുകാര്‍ ഒരു വര്‍ഷത്തോളം ജയിലിലടച്ചു. കേസില്‍ അരവിന്ദനുവേണ്ടി വാദിച്ച ചിത്തരഞ്ജന്‍ ദാസ് തന്റെ വാദം ഇങ്ങനെയാണ് ഉപസംഹരിച്ചത് : ‘ ബഹുമാനപ്പെട്ട കോടതിയോട് എനിക്കുള്ള അഭ്യര്‍ത്ഥന ഇതാണ്. ഇന്നത്തെ ഈ തര്‍ക്കങ്ങളെല്ലാം നിശ്ശബ്ദതയില്‍ ലയിച്ചു പോകുകയും ഈ കോളിളക്കങ്ങളും പ്രക്ഷോഭങ്ങളും അവസാനിക്കുകയും ഈ വ്യക്തി മരിച്ചു മണ്ണടിയുകയും ചെയ്ത്, ദീര്‍ഘകാലങ്ങള്‍ക്കു ശേഷവും ദേശ പ്രേമത്തിന്റെ കവിയായും ദേശീയത്വത്തിന്റെ പ്രവാചകനായും അദ്ദേഹം സമാദരിക്കപ്പെടും. അദ്ദേഹത്തിന്റെ വാക്കുകള്‍ വിദൂര സമുദ്രങ്ങള്‍ക്കും ദൂഖണ്ഡങ്ങള്‍ക്കും അപ്പുറം ധ്വനിക്കുകയും പ്രതിധ്വനിക്കുകയും ചെയ്യും. അതിനാല്‍ ഞാന്‍ പറയുന്നത്, അദ്ദേഹത്തിന്റെ നിലയിലുള്ള ഒരാള്‍, കേവലം ഈ കോടതിയുടെ സന്നിധിയിലല്ല നിലകൊള്ളുന്നത്. പിന്നെയോ, ചരിത്രത്തിന്റെ നീതിന്യായ കോടതിയുടെ സന്നിധിയിലാണ്.’
ജയില്‍മോചിതനായ അരവിന്ദന്‍ വീണ്ടും സ്വാതന്ത്ര്യസമര രംഗത്ത് സജീവമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും രാജ്യത്തെ അന്തരീക്ഷം ആകെ മാറി മറിഞ്ഞിരുന്നു. പ്രസിദ്ധമായ ഉത്തരപ്പാറ പ്രസംഗത്തില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു: ‘ഞാന്‍ ജയിലില്‍പ്പോയ സമയത്ത് ഈ രാജ്യം മുഴുവനും വന്ദേമാതരമെന്ന ഉല്‍ഘോഷത്താല്‍ സജീവമായിരുന്നു. ഒരു രാഷ്ട്രത്തെക്കുറിച്ചുള്ള പ്രതീക്ഷ കൊണ്ട് സജീവമായിരുന്നു. നശിച്ചുകൊണ്ടിരിക്കുക എന്ന അവസ്ഥയില്‍ നിന്ന് പുതുതായി ഉണര്‍ന്നെണീറ്റ കോടിക്കണക്കിലുള്ള മനുഷ്യരുടെ പ്രതീക്ഷയായിരുന്നു അത്. ജയിലില്‍ നിന്നു പുറത്തുവന്ന ഞാന്‍ ആ ഉല്‍ഘോഷത്തിനാണ് ചെവി വട്ടംപിടിച്ചത്. എന്നാല്‍ പകരമുണ്ടായിരുന്നത് മൂകതയാണ്.’ ഇതേ പ്രസംഗത്തിന്റെ ഉപസംഹാരത്തിലാണ് സനാതന ധര്‍മ്മമാണ് ഈ ഹിന്ദു രാഷ്ട്രത്തിന്റെ ദേശീയതയെന്ന പരമസത്യവും അദ്ദേഹം ഉറക്കെ പ്രഖ്യാപിച്ചത്.
ജയില്‍ മോചിതനായ അരവിന്ദന്‍ വീണ്ടും നിരവധി പരിപാടികളില്‍ പങ്കെടുക്കുകയും കര്‍മ്മയോഗി, ധര്‍മ്മ എന്നീ പ്രസിദ്ധീകരണങ്ങള്‍ ആരംഭിക്കുകയും ചെയ്തു. എന്നാല്‍ 1910 ഫെബ്രുവരി മാസത്തില്‍ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പോകുന്നു എന്ന സൂചന ലഭിച്ചപ്പോള്‍, തനിക്കു കിട്ടിയ ഈശ്വരാദേശം അനുസരിച്ചു കൊണ്ട് ആദ്യം ചന്ദ്രനഗറിലേക്കും പിന്നീട് ഫ്രഞ്ചധീനത്തിലുള്ള പോണ്ടിച്ചേരിയിലേക്കും പോയി. തുടര്‍ന്നുള്ള അദ്ദേഹത്തിന്റെ ജീവിതം യോഗസാധനയുടേതായിരുന്നു. 1920 ല്‍ നാഗ്പൂരില്‍ വെച്ചു നടക്കാന്‍ പോകുന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അരവിന്ദനെ ഭാരതത്തിലേക്കു കൊണ്ടുവന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാന്‍ ദേശസ്‌നേഹികള്‍ ആഗ്രഹിച്ചിരുന്നു. അതിനു വേണ്ടി നാഗ്പൂരില്‍ നിന്ന് അന്നത്തെ കോണ്‍ഗ്രസ് നേതാക്കളായ ഡോ.ബി.എസ്. മുഞ്‌ജെയും പിന്നീട് ആര്‍.എസ്.എസ്സിനു തുടക്കം കുറിച്ച ഡോ.കെ.ബി. ഹെഡ്‌ഗേവാറും പോണ്ടിച്ചേരിയില്‍ വന്ന് അരവിന്ദനുമായി ദീര്‍ഘ സംഭാഷണം നടത്തിയിരുന്നു. ആദ്ധ്യാത്മികാടിസ്ഥാനത്തോടുകൂടിയ മറ്റൊരു തരം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നതിനാല്‍ ഇനി രാഷ്ട്രീയത്തിലേക്ക് മടങ്ങാന്‍ ഉദ്ദേശിക്കുന്നില്ല എന്ന മറുപടിയാണ് അദ്ദേഹം അവര്‍ക്കു നല്‍കിയത്. പ്രവചനാത്മകമായ ഒരു നിര്‍ദ്ദേശവും അദ്ദേഹം നല്‍കി. ‘കോണ്‍ഗ്രസ്സിനു കൂട്ടായി പ്രചോദനം നേടാനുള്ള കഴിവുണ്ടാകണം. ഏതെങ്കിലും ഒരു നേതാവിന്റെ സാന്നിദ്ധ്യമോ അസാന്നിദ്ധ്യമോ അതിന്റെ ആലോചനകള്‍ക്കും തീരുമാനങ്ങള്‍ക്കും വ്യത്യാസം വരുത്തരുത്.’ കോണ്‍ഗ്രസ് ഈ ഉപദേശം സ്വീകരിച്ചില്ല എന്നതിന് അതിന്റെ പില്‍ക്കാല ചരിത്രം സാക്ഷ്യം വഹിക്കുന്നു.
ആദ്ധ്യാത്മിക സാധനയില്‍ മുന്നേറിയ ശ്രീ അരവിന്ദനെ തേടി നിരവധി സാധകര്‍ എത്തുകയും ഫ്രാന്‍സില്‍ നിന്നെത്തിയ മദറിന്റെ നേതൃത്വത്തില്‍ ശ്രീ അരവിന്ദാശ്രമം വളര്‍ന്നു വികസിക്കുകയും ചെയ്ത ശേഷവും ഭാരതത്തിലെ രാഷ്ട്രീയ സ്ഥിതിഗതികള്‍ അരവിന്ദന്‍ സദാസമയവും നിരീക്ഷിച്ചു. അദ്ദേഹത്തെ സന്ദര്‍ശിച്ച രവീന്ദ്രനാഥ ടാ ഗോര്‍, കെ.എം. മുന്‍ഷി, സി.ആര്‍. ദാസ് തുടങ്ങിയവരുമായി അദ്ദേഹം ദേശീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. ക്രിപ്‌സ് മിഷന്‍ വന്ന സമയത്ത് മിഷന്റെ നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയോട് അരവിന്ദന്‍ ആവശ്യപ്പെട്ടിരുന്നു. അത് സ്വീകരിക്കപ്പെട്ടിരുന്നെങ്കില്‍ പിന്നീടുണ്ടായ വിഭജനമോ രക്തച്ചൊരിച്ചിലോ അഭയാര്‍ത്ഥി പ്രവാഹമോ കാശ്മീര്‍ പ്രശ്‌നമോ പാക് യുദ്ധങ്ങളോ ഉണ്ടാകുമായിരുന്നില്ല.
1947 ആഗസ്റ്റ് 15 – ന് ഭാരതം സ്വതന്ത്രമായപ്പോള്‍ ആകാശവാണിയിലൂടെ അദ്ദേഹം ഒരു സന്ദേശം നല്‍കിയിരുന്നു. സ്വതന്ത്ര ഭാരതത്തിനുള്ള ഒരു വഴികാട്ടിയായിരുന്നു ആ സന്ദേശം. വിഭജനം ഏതു നിലയ്ക്കായാലും പോകണം എന്നായിരുന്നു അരവിന്ദന്റെ അഭിപ്രായം. കമ്മ്യൂണിസ്റ്റ് ചീനയുടെ ഉദയത്തെക്കുറിച്ചും അത് സൃഷ്ടിക്കാന്‍ പോകുന്ന ഭീഷണിയെ കുറിച്ചും അരവിന്ദന്‍ മുന്‍കൂട്ടി പ്രവചിച്ചിരുന്നു. വര്‍ഷങ്ങള്‍ക്കുശേഷം അദ്ദേഹത്തിന്റെ പ്രസ്താവനയുടെ ടൈപ്പ് ചെയ്ത കോപ്പി പാര്‍ലമെന്റ് അംഗമായ സുധീര്‍ ഘോഷിന്റെ കൈയില്‍ നിന്ന് കാണാനിടയായ അമേരിക്കന്‍ പ്രസിഡന്റ് കെന്നഡി ഇങ്ങനെ പറഞ്ഞു: ‘ തീര്‍ച്ചയായും ഇതിന്റെ ടൈപ്പിംഗില്‍ തെറ്റുപറ്റിയിട്ടുണ്ടാകണം. കൊല്ലം 1960 ആയിരിക്കണം. 1950 ആകാന്‍ വയ്യ. ഭാരതത്തിന്റെ ഒരൊഴിഞ്ഞ മൂലയില്‍ ധ്യാനത്തിലും ആലോചനയിലും നിമഗ്‌നനായിരുന്ന ഒരാള്‍ കമ്മ്യൂണിസ്റ്റ് ചീനയുടെ ഉദ്ദേശലക്ഷ്യങ്ങളെ കുറിച്ച് 1950 ല്‍ തന്നെ ഇങ്ങനെ പറഞ്ഞുവെന്നാണോ നിങ്ങള്‍ പറയുന്നത്?’ അരവിന്ദന്റെ 36 വാല്യങ്ങള്‍ വരുന്ന രചനാ സമാഹാരത്തില്‍ നിന്ന് ഇനിയും ഒരുപാടു കാര്യങ്ങള്‍ നമുക്കു പഠിക്കാനുണ്ടെന്ന സന്ദേശമാണ് കെന്നഡിയുടെ വാക്കുകള്‍ സൂചിപ്പിക്കുന്നത്.
സഹായകഗ്രന്ഥങ്ങള്‍ :-
1. ഭാവിയുടെ ദാര്‍ശനികന്‍ ശ്രീ അരവിന്ദന്‍ – പി. പരമേശ്വരന്‍, ഭാരതീയ വിചാര കേന്ദ്രം.
2. ശ്രീ അരവിന്ദന്റെ ബോധഭൂമിക സമാഹരണം – സി.എം.രാമചന്ദ്രന്‍, വേദ ബുക്‌സ്.
3. സനാതന ധര്‍മ്മം തന്നെ ദേശീയത – മഹര്‍ഷി അരവിന്ദന്‍, വിവര്‍ത്തനം – മഹാകവി അക്കിത്തം, ശ്രീ അരവിന്ദാശ്രമം, പോണ്ടിച്ചേരി.