”സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണ്, അത് ഞാന്‍ നേടുക തന്നെ ചെയ്യും” എന്ന് പ്രഖ്യാപിക്കുകയും അതിനുവേണ്ടി പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും നിലപാടുകളില്‍ ഉറച്ചുനിന്ന് പ്രവര്‍ത്തിക്കുകയും ചെയ്ത മഹാനായ സ്വാതന്ത്ര്യ സമര നേതാവായിരുന്നു ലോകമാന്യ ബാല ഗംഗാധര തിലകന്‍.
ഗണിത ബിരുദധാരിയും നിയമ വിദഗ്ദ്ധനും സംസ്‌കൃത പണ്ഡിതനും രാഷ്ട്രീയ പ്രവര്‍ത്തകനുമെല്ലാമായ ബാല ഗംഗാധര തിലകന്‍തന്റെ നാടിന്റെ മോചനത്തിനായി പൊരുതുന്നതിന് ഇംഗ്ലീഷ് വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കുകയും സുഹൃത്തുക്കളോടൊപ്പം ചേര്‍ന്ന് പൂനെയില്‍ ഇംഗ്ലീഷ് സ്‌കൂള്‍ സ്ഥാപിക്കുകയും അതോടൊപ്പം സ്വയംഭരണത്തിന് വേണ്ടിയുള്ള പോരാട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാന്‍ പത്രപ്രവര്‍ത്തന രംഗത്തേക്ക് പ്രവേശിക്കുകയും ചെയ്തു.
അതിന്റെ ഭാഗമായാണ് 1881 ല്‍ മറാഠി ഭാഷയില്‍ ‘കേസരി’ എന്ന പത്രവും ഇംഗ്ലീഷില്‍ ‘മറാത്ത’ എന്ന പ്രസിദ്ധീകരണവും ആരംഭിച്ചത്. പത്രത്തിന്റെ ആദ്യകാല എഡിറ്റര്‍മാരെല്ലാം സ്വാതന്ത്ര്യ സമര സേനാനികളായിരുന്നു. ഏറ്റവും അദ്ഭുതകരമായ വസ്തുത എന്തെന്നാല്‍ നൂറ്റിനാല്പതു വര്‍ഷം പിന്നിടുമ്പോഴും കേസരി പത്രത്തിന്റെ പ്രവര്‍ത്തനം തുടരുന്നു എന്നതാണ്.
ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആസാദി കാ അമൃത് മഹോത്സവമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി ഞാനും പതിനൊന്നുകാരനായ മകനും സ്വന്തമായി കാറോടിച്ച് പതിനെട്ടു സംസ്ഥാനങ്ങളിലായി, സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നൂറില്‍ പരം സ്മാരകങ്ങള്‍ സന്ദര്‍ശിച്ചു. അമ്പതു ദിവസം കൊണ്ട് പതിനയ്യായിരം കിലോമീറ്റര്‍ സഞ്ചരിച്ച ആ യാത്രയുടെ നാല്പത്തിനാലാം ദിവസമാണ് ഞങ്ങള്‍ പൂനെയില്‍ എത്തുന്നത്.
അവിടെ ആദ്യം സന്ദര്‍ശിച്ചത് ‘കേസരി വാട’ എന്ന തിലകന്റെ ഗൃഹമായിരുന്നു. പല രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും തീരുമാനങ്ങള്‍ക്കും മൂക സാക്ഷിയായിരുന്ന വസതിയില്‍ തന്നെയാണ് ‘കേസരി’ പത്രവും അച്ചടിച്ചിരുന്നത്. എല്ലാവര്‍ക്കും സുപരിചിതമായിരുന്നതിനാല്‍ നാരായണ്‍ പേട്ടിലെ വീട് കണ്ടു പിടിക്കാന്‍ ബുദ്ധിമുട്ടുണ്ടായില്ല. റോഡിന് ഓരംചേര്‍ന്ന് പണിതിട്ടുളള വലിയ കവാടത്തിലൂടെയാണ് ഈ ഇരുനില കെട്ടിടത്തിലേക്കുള്ള പ്രവേശനം. കവാടത്തിന്റെ ആര്‍ച്ചില്‍ കേസരി എന്ന് ഹിന്ദിയില്‍ എഴുതിയിട്ടുണ്ട്. വര്‍ഷങ്ങള്‍ പഴക്കമുള്ള തടിവാതിലില്‍ ഗര്‍ജിക്കുന്ന സിംഹരൂപം ആലേഖനം ചെയ്തിരിക്കുന്നു. മതിലിന് ഇരുവശങ്ങളിലുമായി തിലകന്‍ പൊതുജനങ്ങളെ അഭിസംബോധന ചെയ്യുന്നതിന്റെയും പ്രസിദ്ധമായ ഗണേശോത്സവത്തിന്റെയും ചിത്രങ്ങള്‍ വരച്ചിട്ടുണ്ട്.
കവാടം കടന്ന് മുന്നോട്ടു നടന്നപ്പോള്‍ വലിയൊരു നടുമുറ്റത്തിലെത്തി. അവിടെയായിരുന്നു തിലകന്റെ നേതൃത്വത്തില്‍ ഗണേശോത്സവം സംഘടിപ്പിച്ചിരുന്നത്. വെറുമൊരു മതപരമായ ചടങ്ങായിട്ടായിരുന്നില്ല അത് നടത്തിയിരുന്നത്. കൊളോണിയല്‍ ഭരണകൂടത്തിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിക്കുക എന്നൊരു ഗൂഢോദ്ദേശ്യം കൂടി ഉണ്ടായിരുന്നു. ആഘോഷങ്ങളില്‍ പങ്കു ചേരാന്‍ വരുന്ന പൊതുജനങ്ങളെ സ്വാതന്ത്ര്യത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധവാന്‍മാരാക്കുകയും ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടാന്‍ ധൈര്യം പകരുകയും ചെയ്തിരുന്നു. അങ്കണത്തിനു ചുറ്റും മൂന്നു കെട്ടിടങ്ങള്‍ ഉണ്ടായിരുന്നു. ഇടതു വശത്തുള്ള പഴയ ശൈലിയിലുള്ള വലിയ കെട്ടിടത്തിലാണ് തിലകന്‍ 1905 മുതല്‍ 1920 ല്‍ മരണപ്പെടുന്നതുവരെ താമസിച്ചിരുന്നത്. ബറോഡയിലെ മഹാരാജാവ് സായാജിറാവു ഗെയ്ക്‌വാടില്‍ നിന്നും തിലകന്‍ വാങ്ങിച്ച ഈ കെട്ടിടത്തിലെ നേരിയ തടി തൂണുകളും തടി കൊണ്ടുള്ള വരാന്തയും ഏറെ ആകര്‍ഷണീയമാണ്.
നേരെ കാണുന്ന കെട്ടിടത്തിലായിരുന്നു കേസരി പത്രം അച്ചടിച്ചിരുന്നത്. കെട്ടിടത്തിന് മുന്നില്‍ സുന്ദരമായ ഗണേശ പ്രതിമയും അതിനു പിന്നിലായി തിലകന്റെ പ്രതിമയും സ്ഥാപിച്ചിട്ടുണ്ട്. കെട്ടിടത്തില്‍ പ്രവേശിച്ചപ്പോള്‍ ആദ്യം കണ്ടത് പണ്ട് കേസരി പത്രം പ്രിന്റ് ചെയ്യാന്‍ ഉപയോഗിച്ച ലണ്ടനിലെ ഹെപ്കിന്‍സണ്‍ കമ്പനി നിര്‍മ്മിച്ച പ്രിന്റിംഗ് മെഷീനായിരുന്നു. വലിയ കേടുപാടുകളില്ലാത്ത ആ മെഷീന്‍ അദ്ഭുതത്തോടെയാണ് നോക്കി കണ്ടത്. അടുത്തുണ്ടായിരുന്ന ഇടുങ്ങിയ ഗോവണിപ്പടികള്‍ വഴി ഒന്നാം നിലയിലെത്തി. ഇടനാഴിയില്‍ തിലകന്റെ കുടുംബവുമായുള്ള ഫോട്ടോകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു.
സ്വാതന്ത്ര്യ സമരത്തില്‍ തിലകന്റെ പങ്ക് വിവരിക്കുന്ന രേഖകളും പുരാവസ്തുക്കളും മറ്റു സ്മരണികകളും ഒന്നാം നിലയിലെ ഹാളില്‍ ഒതുക്കി വെച്ചിട്ടുണ്ട്. കേസരിയില്‍ നിന്നുള്ള ക്ലിപ്പിംഗുകളുടെ ഒരു വലിയ കൊളാഷ് ഭിത്തിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഒന്നാം നിലയില്‍ പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചിരുന്നത് രണ്ടു മുറികള്‍ ആയിരുന്നു. ആദ്യത്തേത് തിലകന്റെ സ്വകാര്യ മുറിയുടെ രീതിയിലായിരുന്നു സജ്ജീകരിച്ചിരുന്നത്. കസേരയും തടിക്കട്ടിലും പുസ്തക അലമാരയും മേശയും എല്ലാം അവിടെയുണ്ടായിരുന്നു. മേശപ്പുറത്തുള്ള പുസ്തകത്താളില്‍ എഴുതുന്ന രീതിയിലുള്ള തിലകന്റെ പൂര്‍ണ്ണകായ പ്രതിമയും അവിടെ കാണാം. മേശപ്പുറത്തിരുന്ന പഴയ മണ്ണെണ്ണ വിളക്ക് കൗതുകം ജനിപ്പിക്കുന്നതായിരുന്നു. രണ്ടാമത്തെ മുറി മണ്ഡലെയിലെ ജയിലിനെ പ്രതിനിധാനം ചെയ്ത് നിര്‍മ്മിച്ചതായിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരെ ലേഖനമെഴുതിയതിന് രാജ്യദ്രോഹ കുറ്റം ചുമത്തി 1908 മുതല്‍ ആറു വര്‍ഷം അദ്ദേഹത്തെ ജയിലില്‍ അടച്ചിരുന്നു. ഈ സമയത്താണ് അദ്ദേഹം പല ഭാഷകള്‍ പഠിച്ചതും ‘ഗീതാരഹസ്യം’ എന്ന പുസ്തകം രചിച്ചതും. ജയില്‍ മുറിക്കകത്ത്, മേശപ്പുറത്തു പുസ്തകങ്ങള്‍ നിരത്തി വെച്ച് തിരക്കിട്ടെഴുതുന്ന രീതിയിലുള്ള ഒരു പ്രതിമ ഈ മുറിയിലും ഉണ്ടായിരുന്നു.
ഒരു ഭിത്തിയില്‍ തിലകന്റെ വലിയൊരു എണ്ണച്ചായ ചിത്രവും അതിന്റെ താഴെയുള്ള മേശപ്പുറത്ത് അദ്ദേഹത്തിന്റെ ചിതാഭസ്മം സൂക്ഷിച്ചിരിക്കുന്ന ചെറിയ പെട്ടിയും ഉണ്ട്. ഈ മേശയുടെ ചുറ്റുമിരുന്നാണ് 1916 ല്‍ ആനി ബസന്റുമായി ചേര്‍ന്ന്, സ്വയംഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഹോം ലീഗ് സ്ഥാപിച്ചത്.
തിലകന്‍ മുബൈയിലെ ക്രഫോര്‍ഡ് മാര്‍ക്കറ്റിനു സമീപം താമസിച്ചിരുന്ന സര്‍ദാര്‍ ഗൃഹ എന്ന ഫ്‌ളാറ്റ് സമുച്ചയം ഞങ്ങള്‍ മുമ്പ് സന്ദര്‍ശിച്ചത് എന്റെ ഓര്‍മ്മയില്‍ തെളിഞ്ഞു. സര്‍ദാര്‍ ഗൃഹത്തിന്റെ പുറംഭാഗത്ത് സ്വരാജ് എന്റെ ജന്മാവകാശമാണ് എന്നെഴുതിയ ബോര്‍ഡും തിലകന്റെ അര്‍ദ്ധകായ പ്രതിമയും സ്ഥാപിച്ചിട്ടുണ്ടായിരുന്നു. കെട്ടിടത്തിലെ നാലാം നിലയിലെ ഫ്‌ളാറ്റ് നമ്പര്‍ 198-ല്‍ ആയിരുന്നു അദ്ദേഹം താമസിച്ചിരുന്നത്. അവിടെ വെച്ചായിരുന്നു 1920 ആഗസ്റ്റ് 1 ന് അദ്ദേഹം അന്തരിച്ചത്.
ജീര്‍ണിച്ച കെട്ടിടത്തില്‍, തിലകന്‍ ഉപയോഗിച്ച ഫ്‌ളാറ്റില്‍ ഇപ്പോള്‍ കേസരി പത്രത്തിന്റെ പ്രാദേശിക ശാഖയാണ് പ്രവര്‍ത്തിക്കുന്നത്. മുംബൈയിലെ ചൗപെട്ടി ബീച്ചിനരികിലുള്ള തിലക് സ്മാരകവും ഞങ്ങള്‍ യാത്രയില്‍ സന്ദര്‍ശിച്ചിരുന്നു. തിലകനെ അടക്കം ചെയ്ത സ്ഥലത്ത് അദ്ദേഹത്തിന്റെ വലിയൊരു പ്രതിമ സ്ഥാപിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ തലപ്പാവ്, വസ്ത്രങ്ങള്‍, ചെരുപ്പ്, ഗീതാ രഹസ്യത്തിന്റെ പകര്‍പ്പ്, കേള്‍ക്കര്‍ തിലകനെ പറ്റി എഴുതിയ ജീവചരിത്രത്തിന്റെ ഒരു പകര്‍പ്പ് എന്നിവ ഇരുമ്പ് പെട്ടിയില്‍ 30 അടി താഴെ കുഴിച്ചിട്ടിട്ടുണ്ട്.
അവിടന്നിറങ്ങിയപ്പോള്‍ വലതു വശത്തുള്ള ഇപ്പോഴത്തെ പ്രിന്റിങ് പ്രസ്സും സന്ദര്‍ശിച്ചു. ആദ്യം കേസരി ഇറങ്ങിയപ്പോള്‍ ആഴ്ചയില്‍ രണ്ടു ദിവസമായിരുന്നു പത്രം പ്രസിദ്ധീകരിച്ചിരുന്നത്. പിന്നീട് ആഴ്ചയില്‍ മൂന്നു ദിവസവും, ജനപ്രിയമായപ്പോള്‍ എല്ലാ ദിവസവും പത്രം പ്രസിദ്ധീകരിച്ചു. ഇന്ന് തിലകന്റെ പൗത്രന്‍ ദീപക്കിനാണ് സ്ഥാപനത്തിന്റെ ചുമതല.
സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ അറിവും പക്വതയും ഉശിരുമുള്ള ഒരു നേതാവായിരുന്നു ബാല ഗംഗാധര തിലകന്‍.
‘തിലകന്റെ പ്രവര്‍ത്തനങ്ങളുടെ മുകളില്‍ നിന്നുമാണ് ഗാന്ധിജിയുടെ പ്രവര്‍ത്തനങ്ങളുടെ തുടക്കം’ എന്ന നെഹ്‌റുവിന്റെ അഭിപ്രായത്തില്‍ നിന്നു തന്നെ, ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത് കാണാന്‍ കഴിയാതെ മരണത്തിനു കീഴടങ്ങേണ്ടിവന്ന തിലകന്റെ സ്വാതന്ത്ര്യ സമര സംഭാവന എത്രത്തോളമാണെന്ന് മനസ്സിലാക്കാവുന്നതാണ്.