കാലത്തിനെ അതിജീവിക്കുന്ന രചനകളെയാണ് ക്ലാസ്സിക് എന്ന് വിശേഷിപ്പിക്കുക. കാലത്തിനെ അതിജീവിക്കുന്ന പ്രസ്ഥാനങ്ങളെ മഹത്തരമെന്നു വിശേഷിപ്പിക്കുമ്പോള്‍ എത്ര കാലം കഴിഞ്ഞാലും പഠിച്ചു തീരാതെ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്ന വ്യക്തികളെ മഹത് ജന്മങ്ങള്‍ എന്നും വിളിക്കും. അതിവിശാലമായ ഭാരത ചരിത്രം മുഴുവന്‍ തിരഞ്ഞാല്‍ ഈ പറഞ്ഞ ഗണത്തില്‍ പെടുന്ന വ്യക്തികളെ കുറച്ചേ കാണാന്‍ കഴിയൂ. അതിലൊരാളാണ് മഹാത്മാ ഗാന്ധി. ഇരുപതാം നൂറ്റാണ്ടില്‍ നമ്മുടെ മുമ്പുള്ള തലമുറക്കൊപ്പം ജീവിച്ച മനുഷ്യന്‍ എന്ന നിലയില്‍ മഹാത്മാഗാന്ധി നമ്മുടെ മനസ്സിനോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നു എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തിയല്ല.
മനുഷ്യ ചരിത്രം മുഴുവന്‍ പരതിയാലും ഇപ്പറഞ്ഞ ഗണത്തില്‍ പെടുന്ന ഒരു സംഘടനയെ കാണണം എങ്കിലും ഭാരതത്തില്‍ തന്നെ വന്നേ കഴിയൂ. തൊണ്ണൂറ്റിനാലു കൊല്ലമായി ഇത്രനാളും ധ്യേയ മാര്‍ഗ്ഗത്തില്‍ അധിഷ്ഠിതമായി രാഷ്ട്രത്തിന്റെ പരമവൈഭവം മാത്രം മുന്നില്‍ കണ്ടു പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘം അത്തരത്തിലുള്ള ഒരേയൊരു സംഘടനയുമാണ്. ഗാന്ധിജിയുടെയും സംഘത്തിന്റെയും ലക്ഷ്യം ഒന്ന് തന്നെയായതുകൊണ്ട് സ്വാഭാവികമായും ചില മാനസിക ഐക്യപ്പെടലുകളും ഉണ്ടാകുമല്ലോ. സ്വാതന്ത്ര്യാനന്തര ഭാരതം ഒരിക്കലും ചര്‍ച്ച ചെയ്തിട്ടില്ലാത്ത ഒരു മേഖലയാണിത് എന്ന് മാത്രമല്ല ഗാന്ധിവധം എന്ന മഹാപാപത്തെ സംഘത്തിന്റെ തലയില്‍ കെട്ടിവെക്കാനുള്ള കുത്സിത ശ്രമങ്ങളും ഒരുപാടുണ്ടായി. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകം ഭാരതത്തെ ഉറ്റുനോക്കുന്ന ഈ കാലഘട്ടത്തില്‍ പുതിയ കാറ്റും വെളിച്ചവുമായി ചരിത്രത്തിന്റെ ജാലകങ്ങള്‍ മലര്‍ക്കെ തുറക്കുന്നു എന്നത് ഒരു വലിയ ദൈവനീതിയാണ്. ഇവിടെ സംഘവും ഗാന്ധിജിയും തമ്മിലുള്ള ബന്ധങ്ങള്‍ സമൂഹം അറിയേണ്ടതുണ്ട്.
ഗാന്ധിഹത്യയെത്തുടര്‍ന്ന് സംഘം മാത്രം നിരോധിക്കപ്പെടുകയും അത് ചെയ്ത കൊലയാളികളുടെ സംഘടനയായ ഹിന്ദുമഹാസഭ അനുസ്യൂതം പ്രവര്‍ത്തിക്കുകയും ചെയ്യപ്പെട്ടത്തിലെ ദുരൂഹത നമ്മള്‍ പലപ്രാവശ്യം ചര്‍ച്ചചെയ്തു കഴിഞ്ഞതാണ്. ഗാന്ധിഹത്യയുടെ പാപഭാരം സംഘത്തിനു മേല്‍ ചാര്‍ത്തിക്കൊടുക്കുന്നതിലൂടെ നെഹ്രുവിനും കമ്മ്യൂണിസ്റ്റുകള്‍ക്കും പലതും നേടാനുണ്ടായിരുന്നു. രാജ്യമെമ്പാടും സാമാന്യം നല്ല നിലയില്‍ സംഘം കരുത്താര്‍ജ്ജിച്ച് വരുന്ന വേളയിലാണ് ഈ നിരോധനം വരുന്നത്.
നിരോധനത്തിന് പിന്നാലെ ഗുരുജി ഗോള്‍വല്‍ക്കര്‍ അറസ്റ്റ് ചെയ്യപ്പെട്ടു. കുപ്രസിദ്ധമായ ബംഗാള്‍ സ്റ്റേറ്റ് പ്രിസണേഴ്‌സ് ആക്റ്റ് പ്രകാരമാണ് ഗുരുജിയുടെ അറസ്റ്റ്. ഏറ്റവും രസകരമായ കാര്യം, മുന്‍പ് ഈ കരിനിയമത്തിനെതിരെ ഏറ്റവുമധികം ഒച്ചപ്പാടുണ്ടാക്കിയ വ്യക്തിയായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റു.
അറസ്റ്റിനു പിന്നാലെ ഗുരുജി സംഘസ്വയംസേവകര്‍ക്ക് ഒരു സന്ദേശമയച്ചു. ”സര്‍ക്കാരിന്റെ നടപടി അപമാനകരമാണ്. ഇത് സ്വതന്ത്ര ഭാരതത്തിലെ ഓരോ പൗരന്റെയും ആത്മാഭിമാനത്തെ ഒരു പരിഷ്‌കൃതസമൂഹത്തിലെ അംഗമെന്ന നിലയില്‍ ചോദ്യം ചെയ്യേണ്ടതാണ്. ഈ അനീതിക്കെതിരെ ശബ്ദമുയര്‍ത്താന്‍ ഞാന്‍ നിങ്ങളോട് അഭ്യര്‍ഥിക്കുകയാണ്.’
ഗുരുജിയുടെ ആഹ്വാനമനുസരിച്ച്1948 ഡിസംബര്‍ 9 നു രാജ്യവ്യാപകമായി വന്‍ സത്യഗ്രഹം നടന്നു. ഒന്നുകില്‍ ആരോപണങ്ങള്‍ തെളിയിക്കുക അല്ലങ്കില്‍ നിരോധനം പിന്‍വലിക്കുക. ഇതായിരുന്നു സത്യഗ്രഹത്തിന്റെ ആവശ്യം. ജനബാഹുല്യം കൊണ്ടും പങ്കാളിത്തം കൊണ്ടും ഗാന്ധിജിക്ക് പോലും സാധിച്ചിട്ടില്ലാത്ത വിധം അതീവ അച്ചടക്കത്തോടെ നടന്ന ആ ഗാന്ധിയന്‍ സമരങ്ങള്‍ വന്‍ വിജയം തന്നയായി.
ഇതോടെ നിരോധനത്തിനെതിരെ രൂപപ്പെട്ട ജനവികാരം സര്‍ക്കാരിനെ അസ്വസ്ഥമാക്കാന്‍ തുടങ്ങി. വിചാരണ നടന്നുകൊണ്ടിരുന്ന കേസില്‍ ഒറ്റ സ്വയംസേവകനെപ്പോലും പ്രതി ചേര്‍ക്കാന്‍ കഴിയാതിരുന്നതും കിണഞ്ഞു ശ്രമിച്ചിട്ടും സംഘത്തിനെ ബന്ധപ്പെടുത്താന്‍ ഒരു തുമ്പു പോലും കിട്ടാതിരുന്നതും നിരോധനം തുടരാന്‍ ഒരു ന്യായീകരണവുമില്ലാതാക്കി. നിരോധനം പിന്‍വലിക്കാനുള്ള ഉപാധിയായി സംഘം പിരിച്ചുവിട്ട് കോണ്‍ഗ്രസ്സില്‍ ലയിക്കണം എന്ന ആവശ്യം ഗുരുജി ആദ്യനിമിഷം തന്നെ തള്ളിക്കളഞ്ഞു.സ്വതന്ത്ര ഭാരതത്തില്‍ ഒരു സംഘടനക്ക് എഴുതപ്പെട്ട ഒരു ഭരണഘടനയുണ്ടാകണം എന്ന ആവശ്യം അംഗീകരിച്ച് സംഘം ഭരണഘടനയുണ്ടാക്കി. അങ്ങിനെ 1949 ജൂലായില്‍ സംഘത്തിനു മേലുള്ള നിരോധനം പൂര്‍ണമായും പിന്‍വലിച്ചു.
നിരോധനം പിന്‍വലിക്കപ്പെട്ടതിനെ തുടര്‍ന്ന് ഗുരുജിയും അറസ്റ്റിലായ മറ്റെല്ലാവരും നിരുപാധികം മോചിപ്പിക്കപ്പെട്ടു. അപ്പോള്‍ സ്വയംസേവകരോടായി ഗുരുജി നടത്തിയ ആഹ്വാനം സമാനതകളില്ലാത്തതാണ്.
”സ്വയംസേവകര്‍ അവരുടെ കര്‍മ്മമേഖലകളിലെക്ക് മടങ്ങണം. ആരും പോലീസിനോടോ അധികാരികളോടോ വിദ്വേഷം വെച്ച് പ്രതികാരത്തിനു മുതിരരുത്. ഓര്‍ക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ നാം ചിലപ്പോള്‍ നാവില്‍ കടിക്കാറുണ്ട്. അസഹ്യമായ വേദനയുണ്ടങ്കിലും നമ്മളാരും പല്ലുകള്‍ പിഴുത് കളയാറില്ല..”
കാലചക്രം ഒരു രണ്ടര പതിറ്റാണ്ട് കൂടി ഉരുണ്ടു നീങ്ങി. നെഹ്രുവിന്റെ മകള്‍ വാഴുന്ന കാലത്താണ് , 1975ലെ വര്‍ഷകാലത്ത് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെടുന്നത്. അന്നും അവരുടെ സ്ഥിരം വേട്ടമൃഗം ആയ രാഷ്ട്രീയ സ്വയംസേവക സംഘം തന്നയാണ് മുഖ്യമായും നിരോധിക്കപ്പെട്ടത്. ഇന്ദിര തന്നെ ഇന്ത്യ, ഇന്ത്യ തന്നെ ഇന്ദിര എന്ന വികാരം ആളിക്കത്തിച്ച്, ഈമഹാ രാജ്യം ഇന്ദിരയുടെ പിതൃസ്വത്താണ് എന്ന അഹങ്കാരത്തോടെ, രാജ്യത്തെ മുഴുവന്‍ ജയിലാക്കിയ ആ കറുത്ത ദിനങ്ങളിലും സംഘം സ്വീകരിച്ച മാര്‍ഗ്ഗം ആ അര്‍ദ്ധനഗ്‌നനായ ഫക്കീര്‍ തെളിച്ചിട്ടത് തന്നെയായിരുന്നു
മിക്ക ദിവസവും സത്യഗ്രഹം ഉണ്ടാകും. അടികൊള്ളും, അകത്താകും. സത്യഗ്രഹത്തിന് പുറപ്പെടുന്ന സ്വയംസേവകര്‍ക്ക് നല്‍കുന്നത് രണ്ടു സാധനങ്ങള്‍. നെഞ്ചിലണിയാന്‍ ഗാന്ധിജിയുടെ ഒരു ബാഡ്ജ്, അടികൊണ്ടു തല പിളരുമ്പോള്‍ ചുറ്റിക്കെട്ടാന്‍ ഒരു തോര്‍ത്ത്. ഈ രണ്ടു ആയുധങ്ങളും അനിതരസാധാരണമായ ആദര്‍ശനിഷ്ഠയും കൊണ്ടാണ് ആ പത്തൊന്‍പത് മാസത്തെ ഭീകരഭരണത്തെ സംഘം അതിജീവിച്ചതും ഇന്ദിരയെ അധികാരത്തില്‍ നിന്നും കെട്ടുകെട്ടിച്ചതും.
നിരോധനത്തിന് ശേഷം പൂജനീയ ബാലാ സാഹെബ് ദേവറസ്ജി സ്വയസേവകരോട് നടത്തിയ ആഹ്വാനം, മൂന്നു പതിറ്റാണ്ട് മുന്‍പ് സമാനസാഹചര്യത്തില്‍ ശ്രീഗുരുജി പറഞ്ഞ അതേ വാക്കുകള്‍ ആയിരുന്നു. ഭക്ഷണത്തിനിടയില്‍ അറിയാതെ നാക്കില്‍ കടിച്ച് പോകുന്ന അവസ്ഥ..
ഈ രണ്ടു നിരോധനങ്ങളോടും സംഘം പുലര്‍ത്തിയ സമീപനങ്ങളാണ് വിവരിച്ചത്. ഒരു സംഘടനയുടെ യാതനാപൂര്‍ണ്ണമായ ആ പരീക്ഷണദിനങ്ങളിലും ഒരിക്കല്‍ പോലും സ്ഥിതപ്രജ്ഞത കൈവിടാതെ നടത്തിയ നീക്കങ്ങള്‍ക്ക് ലോകചരിത്രത്തില്‍ സമാനതകളില്ല. ഒരു പോലീസുകാരന്‍ പോലും ആക്രമിക്കപ്പെട്ടില്ല, ഒരു പൊതുമുതലും കത്തിയെരിഞ്ഞില്ല. പുലിക്കോടന്‍ നാരായണനും ജയറാം പടിക്കലുമെല്ലാം ഇവിടെത്തന്നെ ജീവിച്ചു മരിച്ചു. മഹാത്മാ ഗാന്ധി എന്ന മഹാപ്രകാശം ചൊരിഞ്ഞ അനുഗ്രഹവും കര്‍മ്മമാര്‍ഗ്ഗവും തന്നയായിരുന്നു ഈ രണ്ടു സന്ദര്‍ഭങ്ങളിലും സംഘം സ്വീകരിച്ച പ്രതിഷേധ മാര്‍ഗ്ഗം.സംഘം ഇക്കാര്യത്തില്‍ എത്രമാത്രം ശരിയാണ് എന്നതിന് പില്‍ക്കാല ഭാരത ചരിത്രം സാക്ഷിയാണ്.
അതുകൊണ്ടു തെന്നയാണ് സംഘത്തിന്റെ പ്രാതഃസ്മരണയില്‍ ഗാന്ധിജിക്ക് അദ്വിതീയമായ സ്ഥാനം തന്നെയുള്ളത്. ഒരു മഹാഗുരുത്വമായി ലക്ഷക്കണക്കിന് സ്വയംസേവകര്‍ ഒരു നൈഷ്ഠികചര്യയായിത്തന്നെ ഗാന്ധിജിയെ അനുസ്മരിച്ച് കൊണ്ടേയിരിക്കുന്നു. ആ ലാളിത്യത്തിന്റെയും ആദര്‍ശനിഷ്ഠയുടെയും സന്ദേശം ഉള്‍ക്കൊണ്ടു പ്രവര്‍ത്തിക്കുന്നു.
താത്വിക തലങ്ങളില്‍ ഗാന്ധിജിക്കും സംഘത്തിനും അഭിപ്രായവ്യത്യാസങ്ങള്‍ ധാരാളമുണ്ടായിട്ടുണ്ട്. അത് പരസ്പരം ബഹുമാനിച്ച് കൊണ്ടുതന്നെ അംഗീകരിച്ചിട്ടുണ്ട്. അതൊന്നും ഗാന്ധിജിക്ക് സംഘത്തിനോടോ തിരിച്ചോ ഉള്ള സമീപനങ്ങളിലോ പരസ്പര വിശ്വാസങ്ങളിലോ ഒരു കുറവും വരുത്തിയിട്ടില്ല. 1934 വാര്‍ധ ശിബിരത്തില്‍ വന്ന ഗാന്ധിജി എല്ലാ ജാതിക്കാരും ഒരുമിച്ച് ഭക്ഷണം കഴിച്ച് താമസിക്കുന്ന അവസ്ഥ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. ആ കാലഘട്ടത്തില്‍ അതൊരു മഹാത്ഭുതം തന്നയായിരുന്നു. അതദ്ദേഹം 1947 ല്‍ ദല്‍ഹി ഭാംഗി കോളനിയിലെ സ്വയംസേവകരെ അഭിസംബോധന ചെയ്യുമ്പോള്‍ പറയുകയുമുണ്ടായി. അങ്ങിനെ ജനാധിപത്യവും സനാതനധര്‍മവും നല്‍കുന്ന സാംസ്‌കാരിക ഉന്നതിയില്‍ നിന്ന് യോജിച്ചും വിയോജിച്ചുമെല്ലാമാണ് സംഘവും ഗാന്ധിജിയും തമ്മിലുള്ള ബന്ധം ദൃഡമായിത്തന്നെ നിലനിന്നത്.
എപ്പോഴൊക്കെ ധര്‍മ്മത്തിന് മേല്‍ അധര്‍മ്മം മേല്‍ക്കൈ നേടുന്നുവോ അന്നൊക്കെ ധര്‍മ്മ സംസ്ഥാപനത്തിനായി ഞാന്‍ സ്വയം അവതരിക്കും എന്ന് ഭഗവാന്‍ ഗീതയില്‍ പറഞ്ഞിട്ടുണ്ട്. അങ്ങനെ സംഭവിച്ചപ്പോഴെല്ലാം മഹാപുരുഷന്‍മാരായും, ദര്‍ശനികന്മാരായും,മഹാവീരന്‍മാരായും ധര്‍മ്മം അവതാരമെടുത്തിട്ടുമുണ്ട്. ആദിശങ്കരനും, ഗുരുഗോവിന്ദസിംഹനും, സ്വാമി വിവേകാനന്ദനും, നാരായണ ഗുരുദേവനും, ചട്ടമ്പി സ്വാമികളുമൊക്കെ അതാത് കാലത്ത് പിറന്നില്ലായിരുന്നങ്കില്‍ എന്നത് ഭയത്തോടെ മാത്രമേ നമുക്ക് ചിന്തിക്കാന്‍ കഴിയൂ.
ആ ഋഷിപരമ്പരയിലെ ഒരു അവതാരപുരുഷന്‍ തന്നെയാണ് ആധുനിക ലോകം കണ്ട മഹാനായ ഭാരത പുത്രന്‍ ,മഹാത്മാഗാന്ധി എന്ന് പറഞ്ഞാല്‍ അത് ഒട്ടും അതിശയോക്തി അല്ല.
മജ്ജയും മാംസവുമുള്ള ഒരു സാധാരണ മനുഷ്യന്‍ മഹാനാകുന്നത് അയാളുടെ ചിന്തകളുടെ ദാര്‍ശനിക ഔന്നത്യം കൊണ്ടാണ്. അങ്ങനെയുള്ളവര്‍ക്കാണ് സമൂഹത്തിലേക്ക് ചിരന്തനമൂല്യങ്ങളെ സംഭാവന ചെയ്യാന്‍ കഴിയുക. മോഹന്‍ദാസ് കരംചന്ദ് ഗാന്ധി മഹാത്മാവ് ആകുന്നതും ഇങ്ങനെയാണ്. അദ്ദേഹം നല്‍കിയ രണ്ടു അതിപ്രധാനമായ മൂല്യസങ്കല്പങ്ങളാണ് രാമരാജ്യവും, അഹിംസയും.
സ്വതന്ത്രയാകാന്‍ പോകുന്ന ഭാരതത്തിന്റെ ഭരണ, സാമൂഹ്യ സംവിധാനങ്ങള്‍ എങ്ങനെയുള്ളവ ആയിരിക്കണം എന്ന കാര്യത്തിലുള്ള ഗാന്ധിജിയുടെ വ്യക്തമായ കാഴ്ചപ്പാടാണ് രാമരാജ്യം എന്ന സങ്കല്‍പം.
ആധുനികലോകത്തിന്റെ ഏറ്റവും മികച്ച ഭരണസംവിധാനമാണ് ജനാധിപത്യം എന്ന് നമുക്കറിയാം. പിറവികൊള്ളാന്‍ പോകുന്ന സ്വതന്ത്രഭാരതം ജനാധിപത്യ വ്യവസ്ഥിതി ആയിരിക്കും എന്നതിലും ആര്‍ക്കും സംശയമുണ്ടായിരുന്നില്ല. പക്ഷേ ആ ജനാധിപത്യം നടപ്പാകേണ്ടത് എങ്ങനെയായിരിക്കണം എന്ന കാര്യത്തിലാണ് ഗാന്ധിജിയുമായി അന്നത്തെ കോണ്‍്ഗ്രസ് നേത്രത്വതിനു അഭിപ്രയവ്യത്യാസമുണ്ടായിരുന്നത്. നിര്‍ഭാഗ്യവശാല്‍ ഈ താത്വിക പോരാട്ടത്തില്‍ ഗാന്ധിജിയോട് രൂക്ഷമായി വിയോജിച്ചതും, മഹാത്മാവിന്റെ നിലപാടുകളെ നിഷ്‌കരുണം തകര്‍ത്തതും ഗാന്ധിജി തന്നെ രാഷ്ട്രീയത്തില്‍ പിച്ച വെപ്പിച്ച വത്സല ശിഷ്യന്‍ ജവഹര്‍ലാല്‍ നെഹ്രു ആയിരുന്നു എന്നത് വിരോധാഭാസമാണ്. പക്ഷേ അവിശ്വസനീയമായ ചില ആകസ്മികതകള്‍ ചരിത്രത്തെ വല്ലതയങ്ങു സ്വാധീനിക്കും.ക്രിയാത്മകമായും പ്രതിലോമമായും. നമ്മുടെ നിര്‍ഭാഗ്യത്തിനു ഗാന്ധിജി എന്ന അവധൂതന്റെ കാഴ്ചപ്പാടുകളും ഋഷിപ്രോക്തമായ നിലപാടുകളും പരാജയപ്പെട്ടു..
1934ല്‍ ഗാന്ധിജി വളരെ യാദൃച്ഛികമായിട്ടാണ് സംഘത്തിന്റെ വാര്‍ധ ശിബിരം സന്ദര്‍ശിക്കുന്നത്. അവിടുത്തെ അച്ചടക്കവും വൃത്തിയും അദ്ദേഹത്തെ ഒരുപാട് ആകര്‍ഷിച്ചു. എങ്കിലും ഗാന്ധിജിയെ അദ്ഭുതപ്പെടുത്തിയത് ഒരു ജാതിവ്യത്യസവുമില്ലാതെ ഒരുമിച്ച് ഉണ്ടുറങ്ങി കഴിയുന്ന സ്വയംസേവകരുടെ മനോഭാവമാണ്. താങ്കള്‍ എന്ത് മായാജാലമാണ് ഇവിടെ കാട്ടുന്നത് എന്ന് സംഘസ്ഥാപകന്‍ ഡോ.ഹെഡ്‌ഗേവാറിനോട് ഗാന്ധിജി ചോദിക്കുകയും ചെയ്യുന്നുണ്ട്. ഗാന്ധിജി എന്ത് സാമൂഹ്യലക്ഷ്യത്തിനു വേണ്ടിയാണോ അഹോരാത്രം അധ്വാനിക്കുന്നത്, അയിത്തോച്ചാടനം എന്ന ആ മാര്‍ഗ്ഗത്തില്‍ നിഷ്പ്രയാസം മുന്നേറുന്ന സംഘത്തിന്റെ പ്രവര്‍ത്തനരീതികളില്‍ അദ്ദേഹം അദ്ഭുതം കൂറിയിെല്ലങ്കിലല്ലേ അതിശയിക്കെണ്ടതുള്ളൂ.
ഒരു ദിവസം സ്വയംസേവകരോടൊപ്പം താമസിച്ച്, ഭഗവദ് ധ്വജത്തിന് പ്രണാമം അര്‍പ്പിച്ചിട്ടാണ് ഗാന്ധിജി വാര്‍ധ ശിബിരത്തില്‍ നിന്നും മടങ്ങിയത്.
1947 ആഗസ്റ്റില്‍ ഭാരതം സ്വാതന്ത്ര്യം നേടുകയും രാജ്യം രണ്ടായി വിഭജിക്കപ്പെടുകയും തുടര്‍ന്ന് ചരിത്രം കണ്ട ഏറ്റവും വലിയ കൂട്ടപ്പലയാനവും വര്‍ഗ്ഗീയ ലഹളകളും കൊണ്ട് ഉപഭൂഖണ്ഡം രക്തപങ്കിലമാവുകയും ചെയ്ത അഭിശപ്ത ദിനങ്ങളിലൊന്നില്‍ ഗാന്ധിജി അന്നത്തെ സര്‍സംഘ ചാലക് പൂജനീയ ഗുരുജി ഗോള്‍വല്‍ക്കറെ ഒരു സംഭാഷണത്തിന് വിളിക്കുകയും ഗുരുജി ഓടിയെത്തുകയും സാമുദായിക പ്രശ്‌നങ്ങളില്‍ ഗാന്ധിജിയുടെ ഉപദേശം സ്വീകരിച്ച് എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി.അതേ തുടര്‍ന്ന് 1947 സപ്തംബറില്‍ദല്‍ഹി ഭാംഗി കോളനിയില്‍ അഞ്ഞൂറോളം വരുന്ന സ്വയംസേവകരെ അഭിസംബോധന ചെയ്തു സംസാരിക്കവേ പതിമൂന്നു കൊല്ലങ്ങള്‍ക്ക് മുമ്പ് തന്റെ വാര്‍ധ ശിബിര സന്ദര്‍ശനവും ഡോക്ടര്‍ജിയുമായുള്ള ആത്മബന്ധവും ശിബിരത്തിലെ സമൂഹ്യസമരസതയുമെല്ലാം ഗാന്ധിജി എടുത്തു പറഞ്ഞു. ആ യോഗത്തിലെ ഗാന്ധിജിയുടെ വാക്കുകള്‍ ‘ഉയര്‍ന്ന മൂല്യങ്ങളാല്‍ സമ്പന്നമായ, അച്ചടക്കതിലും രാഷ്ട്രസ്‌നേഹത്തിലും അധിഷ്ഠിതമായ ഒരു സംഘടനക്ക് ഒരിക്കലും പരാജയപ്പെടാന്‍ കഴിയില്ല…’
പാകിസ്ഥാന്റെ ശത്രുതാ മനോഭാവത്തെ കുറിച്ചു സ്വയംസേവകരുടെ ചോദ്യത്തിന് ഗാന്ധിജി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.. ‘പാക്കിസ്ഥാന്‍ അനാവശ്യമായ ആക്രമണങ്ങളോ, പ്രകോപനങ്ങളോ ഉണ്ടാക്കിയാല്‍ യുദ്ധം അനിവാര്യമാണ്..’
ഗുരുജിയുമായുള്ള കൂടിക്കാഴ്ചയുടെ വിവരങ്ങള്‍ അക്കാലത്ത് തന്നെ ആകാശവാണി സംപ്രേക്ഷണം ചെയ്തിരുന്നു.
1947 സപ്തംബര്‍ 25 ലെ ആ യോഗത്തിന് ശേഷം ഒരു മാസം കഴിഞ്ഞായിരുന്നു അഫ്ഘാന്‍ ഗോത്രവര്‍ഗ്ഗസേനയുടെ പിന്തുണയോടെ പാകിസ്ഥാന്‍ കാശ്മീര്‍ ആക്രമിച്ചതും തുടര്‍ന്ന് ആദ്യത്തെ ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധമുണ്ടാകുന്നതും. ഗാന്ധിജി ജീവിച്ചിരിക്കുമ്പോള്‍ നടന്ന ആ യുദ്ധത്തില്‍ അദ്ദേഹം ഭാരതസേനക്ക് പൂര്‍ണ്ണ പിന്തുണ കൊടുക്കുകയാണ് ചെയ്തത്. അഹിംസ എന്നാല്‍ ശക്തന്റെ ആയുധമാണ് അല്ലാതെ ദൗര്‍ബല്യമല്ല എന്ന പ്രഖ്യാപനം കൂടിയായിരുന്നു അത്. മാന്യനായ ശത്രുവിനോട് മാത്രമേ അഹിംസ പ്രയോഗികമാവുകയുള്ളൂ എന്നുകൂടിയാണ് ഗാന്ധിജി അന്ന് തെളിയിച്ചത്. ഇവിടെയെല്ലാം തെളിയുന്നത് സംഘത്തിന്റെയും ഗാന്ധിജിയുടെയും ചിന്താധാരകളില്‍ ഉള്ള അത്ഭുതകരമായ സാദൃശ്യങ്ങളാണ്.
ഗാന്ധിജിയെ സംരക്ഷിച്ചത് സ്വയംസേവകര്‍
ദല്‍ഹിയിലെ അഭിഭാഷകന്‍ വേദ പ്രകാശ് കോലി തന്റെ ദീപ്തമായ ഓര്‍മ്മകള്‍ പങ്കുവെക്കുന്നു1939 ലെ വസന്തകാലത്ത് ആയിരുന്നു അത്. ദല്‍ഹിയിലെ പ്രചാരകന്‍ വസന്ത റാവു ഒഖെ കാര്യാലയത്തില്‍ തന്നെ ആയിരുന്നു താമസിച്ചിരുന്നത്. ഒരു ദിവസം അദ്ദേഹം വിളിച്ച ഒരു ബൈഠക് രാത്രി വൈകി വരെ നീണ്ടു. അതുകൊണ്ടുതന്നെ ഞങ്ങളില്‍ ചിലര്‍ രാത്രി കാര്യാലയത്തില്‍ തന്നെ കഴിഞ്ഞു.
പിറ്റേന്ന് കാലത്തെ ബഹളം കേള്‍ക്കുമ്പോഴും ഞങ്ങള്‍ അവിടെത്തന്നെ ഉണ്ടായിരുന്നു. ഒരു ഫര്‍ലോങ്ങ് അകലെ, ആയിടക്ക് സ്ഥാപിച്ച ലക്ഷ്മി നാരായണ്‍ ക്ഷേത്രത്തില്‍ (ബിര്‍ള മന്ദിര്‍) നിന്നായിരുന്നു അത്. വസന്ത റാവു ഓഖെ, നാരായണ്‍ റാവു പുരാണിക്, റാം ജോഷി, പിന്നെ ഞാന്‍ എന്നിവര്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ അതിനടുത്തുള്ള ഒരു മതിലില്‍ കയറി നിന്നു.
അവിടെ നടക്കുന്ന കാര്യങ്ങള്‍ കണ്ട് ഞങ്ങള്‍ നടുങ്ങിപ്പോയി. ക്ഷേത്രം ഉദ്ഘാടനം ചെയ്യാന്‍ എത്തിയ മഹാത്മാഗാന്ധി തന്റെയൊപ്പം ഒരു ഹരിജന്‍ ബാലനെയും കയറ്റണം എന്ന് പറഞ്ഞത് അവിടെ കൂടിയിരുന്ന കുറെ ജാതി ഭ്രാന്തന്മാരായ പാണ്ടകള്‍ക്ക് സമ്മതമായിരുന്നില്ല. പക്ഷേ ആ ബാലനെ ക്ഷേത്രത്തില്‍ പ്രവേശിപ്പിച്ചേ മതിയാകൂ എന്ന കാര്യത്തില്‍ വിട്ടുവീഴ്ചക്ക് ഗാന്ധിജിയും തയ്യാറല്ലായിരുന്നു. പ്രമുഖ സനാതന നേതാവായിരുന്ന ഗണേഷ് ദത്ത് ഗോസ്വാമിയുടെ ആഹ്വാനം പോലും ചെവിക്കൊള്ളാന്‍ ആ പാണ്ടകള്‍ തയ്യാറാകാതെ മുദ്രാവാക്യം വിളിയും വെല്ലുവിളികളുമായി ഗാന്ധിജിയെ തടയുകയായിരുന്നു. അത് ഉന്തിലും തള്ളിലും എത്തി.
രംഗം വീണ്ടും വഷളായി. ഗാന്ധിജിക്ക് ചുറ്റും നിന്ന അദ്ദേഹത്തിന്റെ അനുയായികള്‍ ഗാന്ധിജിയുടെ സുരക്ഷയേക്കാള്‍ സ്വന്തം ശരീരം രക്ഷിക്കാന്‍ ആണ് ശ്രമിച്ചത്. ഉന്തിലും തള്ളിലും ഗാന്ധിജി ശ്വാസം പോലും കിട്ടാതെ വിഷമിക്കുന്നുണ്ടായിരുന്നു. എന്തെങ്കിലും അടിയന്തിരമായി ചെയ്‌തേ തീരൂ എന്ന അവസ്ഥ.
ഞങ്ങള്‍ നോക്കി നില്‍ക്കെ, വസന്ത റാവു ഒരു പുലിയപ്പോലെ ആ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ചാടിവീണ്, അവശനായ ഗാന്ധിജിയെ തന്റെ ബലിഷ്ടമായ ചുമലുകളിലേക്ക് കോരിയെടുത്തു. എന്നിട്ട്, ഗാന്ധിജി ക്ഷേത്രത്തില്‍ കയറ്റണം എന്ന് വാശി പിടിച്ച ഹരിജന്‍ ബാലനോടൊപ്പം ക്ഷേത്രത്തിന്റെ പടവുകള്‍ ഓടിക്കയറി. ഞങ്ങളും അദ്ദേഹത്തെ പിന്തുടര്‍ന്നു. ഇത് വളരെ അപ്രതീക്ഷിതമായിരുന്നു, മിന്നല്‍ വേഗത്തില്‍ എല്ലാം കഴിഞ്ഞതിനു ശേഷമാണു ചുറ്റും നിന്നവര്‍ക്ക് എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായത് തന്നെ. ജാതിഭ്രാന്തന്മാര്‍ അവരുടെ തട്ടകത്തില്‍ തന്നെ തോറ്റു തുന്നം പാടി… മഹാത്മാ ഗാന്ധി കീ ജയ് വിളികളോടെ ക്ഷേത്രം ഉദ്ഘാടനം ചെയ്യപ്പെട്ടു.
(Orgeniser ,January 16 ,1969)
ഗാന്ധിജി എങ്ങനെയാണ് ആദര്‍ശപരമായ കാര്യങ്ങളില്‍ അന്നത്തെ കോണ്‍ഗ്രസ് നേതൃത്വത്തോട് വിയോജിച്ചിരുന്നത് എന്നുകൂടി നാം വിലയിരുത്തേണ്ടതുണ്ട്.
തന്റെ സ്വപ്‌നങ്ങളിലെ വികേന്ദ്രീകൃത സമ്പദ് വ്യവസ്ഥയെപ്പറ്റി മഹാത്മജി നെഹ്രുവിനു എഴുതി. ‘നാട് സ്വതന്ത്രമാകാന്‍ പോവുകയാണ്. നിങ്ങള്‍ ഏത് വികസന മാതൃക സ്വീകരിക്കുമെന്നറിയാന്‍ എനിക്ക് താല്പര്യമുണ്ട്. നമുക്ക് നമ്മുടെയും മറുനാടുകളുടെയും സ്വാതന്ത്ര്യം സംരക്ഷിക്കണമെങ്കില്‍ ഗ്രാമങ്ങളെ ആണ് അടിസ്ഥാനമാക്കേണ്ടത്, നഗരങ്ങളെയല്ല എന്ന് ഞാന്‍ വിചാരിക്കുന്നു. നാം കുടിലുകളില്‍ വസിക്കണം. കൊട്ടാരങ്ങളിലല്ല, കാരണം കോടിക്കണക്കിനു ആള്‍ക്കാര്‍ക്ക് പട്ടണങ്ങളിലും കൊട്ടാരങ്ങളിലും പാര്‍ക്കാന്‍ സാധ്യമല്ല. അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഹിംസയും അസത്യവും കൈക്കൊള്ളും.’
നെഹ്രു ഈ കത്തിന് നല്‍കിയ മറുപടി.. ‘വളരെക്കാലമായി ഞാന്‍ അങ്ങയുടെ ആശയങ്ങള്‍ വായിക്കുന്നു. ഞാനവയില്‍ വിശ്വസിക്കുന്നില്ല. ലോകത്തില്‍ ഏറെ മാറ്റങ്ങള്‍ വന്നിരിക്കുന്നു. താങ്കളുടെ ആശയങ്ങളെ പിന്തുടര്‍ന്നാല്‍ പുരോഗതിയുണ്ടാകില്ല. കാരണം ഈ ഗ്രാമങ്ങളൊക്കെ സാംസ്‌കാരികമായും ബുദ്ധിപരമായും പിന്നോക്കമാണ്. ഈ പിന്നോക്ക പരിതഃസ്ഥിതിയില്‍ ഒരു പുരോഗതിയും സാധ്യമല്ല. അതുകൊണ്ട് ഈ ഗ്രാമങ്ങളെ നഗരങ്ങളാക്കുകയാണ് വേണ്ടത്’.
1937 ജനുവരി രണ്ടിലെ ഹരിജനില്‍ ഗാന്ധിജി എഴുതിയ ലേഖനത്തിന്റെ ഭാഗമാണിത്.
“By political independence I do not mean an imitation to the British House of commons, or the soviet rule of Russia or the Fascist rule of Italy or the Nazi rule of Germany. They have systems suited to their genius. We must have ours suited to ours. What that can be is more than I can tell. I have described it as Ramarajya i.e., sovereignty of the people based on pure moral authority.”
നമുക്ക് റഷ്യയോ, ഫ്രാന്‍സോ, ഫാസിസ്റ്റ് ജര്‍മനിയോ അല്ല ആകേണ്ടത്.നമുക്ക് ഭാരതമായാല്‍ മതി. നമ്മുടെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്ന, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന, ചിരന്തന മൂല്യങ്ങളില്‍ അധിഷ്ഠിതമായ, കാലം തെളിയിച്ച ഭരണസംവിധാനങ്ങള്‍ ഉണ്ട്. ആധുനിക കാഴ്ച്ചപ്പാടുകള്‍ക്ക് അനുസരിച്ച് വേണ്ട മാറ്റം വരുത്തിയാല്‍ മതിയാകും. ഇതിനെയാണ് ഗാന്ധിജി രാമരാജ്യം എന്ന് വിളിച്ചത്. സ്വദേശി വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുന്ന, കാര്‍ഷിക വ്യവസ്ഥിതിക്ക് ഊന്നല്‍ കൊടുക്കുന്ന, അനിയന്ത്രിതമായ പ്രകൃതി ചൂഷണങ്ങളെ പ്രോത്സാഹിപ്പിക്കാത്ത, മൂല്യബോധങ്ങളില്‍ അടിസ്ഥാനമാക്കിയ വികസനസങ്കല്‍പമാണ് ആധുനിക ഭാരതത്തെ കുറിച്ച് ഗാന്ധിജിക്ക് ഉണ്ടായിരുന്നത്.
സ്വത്വബോധവും ആത്മജ്ഞാനവും സമാജത്തില്‍ അപചയിക്കപ്പെട്ടതാണ് രണ്ടായിരത്തിലധികം വര്‍ഷം നീണ്ട ഭാരതത്തിന്റെ വൈദേശിക അടിമത്തത്തിന്റെ കാരണം എന്ന തിരിച്ചറിവില്‍ നിന്നാണ് 1925 ല്‍ ഡോ.ഹെഡ്‌ഗെവാര്‍ രാഷ്ട്രീയ സ്വയംസേവക സംഘം സ്ഥാപിക്കുന്നത്. കേവല രാഷ്ട്രീയ സ്വാതന്ത്ര്യമല്ല നമുക്ക് വേണ്ടത്, മഹത്തായ ഈ ഹിന്ദുരാഷ്ട്രത്തിലെ ജനതയില്‍ ആത്മബോധവും രാഷ്ട്രസ്‌നേഹവും വളര്‍ത്തി ഇനിയൊരു അടിമത്തത്തിലേക്ക് തള്ളപ്പെടാനാവാത്ത മാനസികാവസ്ഥയും ആത്മബോധവും വളര്‍ത്തിയെടുക്കുക എന്നതാണ് പരമപ്രധാനം എന്നതാണ് സംഘത്തിന്റെ അടിസ്ഥാന ലക്ഷ്യങ്ങളില്‍ ഒന്ന്. കേവല രാഷ്ട്രീയ സ്വാതന്ത്ര്യം കൊണ്ട് ഒന്നുമാകുന്നില്ല, ഗ്രാമങ്ങളുടെ ആത്മാവറിഞ്ഞു കൊണ്ടുള്ള തനതായ വികസന മാതൃകയാണ് നാം സൃഷ്ടിക്കേണ്ടത് എന്ന ഗാന്ധിജിയുടെ കാഴ്ചപ്പാടുമായി സംഘത്തിന്റെ വീക്ഷണത്തിന് ഒരു വ്യത്യാസവുമില്ല എന്നത് ഇവിടെ വ്യക്തമാണ്. ചുരുക്കത്തില്‍ 1925 ല്‍ ഡോ.ഹെഡ്‌ഗെവാര്‍ പറഞ്ഞ അതേ കാര്യങ്ങള്‍ തന്നയാണ് പിന്നീട് ഗാന്ധിജി ഹരിജനിലൂടെയും വിവിധ കത്തുകളിലൂെടയും അഭിമുഖങ്ങളിലൂടെയുമൊക്കെ പ്രകടിപ്പിച്ചത്. പരമവൈഭാവമാര്‍ന്ന ഹിന്ദുരാഷ്ട്രം എന്ന സംഘത്തിന്റെ സങ്കല്‍പം തന്നയാണ് രാമരാജ്യം എന്ന് ഗാന്ധിജി ഉദ്‌ഘോഷിച്ചതും.
നിരവധി വിശ്വാസങ്ങളും, ജീവിതരീതികളും, ഭാഷകളും, വൈവിധ്യങ്ങളും ഒരുമിച്ചു താണ്ടിയ സഹസ്രാബ്ദങ്ങളില്‍ എങ്ങനെയാണ് ഇവിടെ സാമൂഹ്യ സമരസതകള്‍ നിലനിന്നത് എന്ന നിരീക്ഷണം ആണ് രാമരാജ്യം എന്ന സങ്കല്പത്തിലേക്ക് അദ്ദേഹത്തെ നയിച്ചത്. ധര്‍മ്മ സംസ്ഥാപനത്തിന് വേണ്ടി വാനരന്മാരെപ്പോലും കൂട്ടുപിടിച്ച്, അവസാനം ശത്രുവായ രാവണന് വരെ മോക്ഷം നല്‍കിയ, പിതാവിന്റെ പ്രതിജ്ഞ കാക്കാന്‍ രാജ സൌഭാഗ്യങ്ങളെല്ലാം വെടിഞ്ഞ് കാനനം പൂകിയ മര്യാദാ പുരുഷോത്തമന്‍ തന്നെയാണ് നമ്മുടെ സാമൂഹ്യനീതിയുടെ നെടുനായകത്വവും വഹിക്കേണ്ടത് എന്നതില്‍ ഗാന്ധിജിക്ക് ഒരു സംശയവും ഇല്ലായിരുന്നു.
ഈ സങ്കല്‍പത്തില്‍ ഉള്ളത് പരസ്പര ശത്രുതയോ, വെടിനിര്‍ത്തലൊ അല്ല. പകരം പരസ്പര വിശ്വാസവും പരസ്പരപൂരകമായ കാഴ്ചപ്പാടുകളും ആണ്. അങ്ങനെയുള്ള ഒരു സമൂഹം ഒരു ചരടില്‍ കോര്‍ത്ത വിവിധ മുത്തുകള്‍ പോലെ ഭാരതാംബയുടെ സ്വര്‍ണമാല്യം ആകും. വെടിനിര്‍ത്തല്‍ അല്ല വേണ്ടത്. പരസ്പരം ഉള്‍ക്കൊള്ളലും സഹായിക്കലുമാണ് എന്നതാണ് രാമരാജ്യം എന്ന മഹത്തായ സങ്കല്പത്തിന്റെ അടിസ്ഥാനം. ഇത് ഈ മണ്ണിന്റെ സംസ്‌കാരമാണ്.ഇതിനു മാത്രമേ ഇവിടെ വേരുറക്കാന്‍ കഴിയൂ.
പക്ഷേ ദുര്യോഗമെന്നു പറയട്ടെ, സ്വാതന്ത്ര്യാനന്തര ഭാരത ഭരണകൂടം ഏറ്റവും അവഗണിച്ചത് ആരെ എന്ന് ചോദിച്ചാല്‍ അത് ഗാന്ധിജിയെയും അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും ആയിരുന്നു എന്നത് ഞെട്ടലോടെയാണെങ്കിലും നാം സമ്മതിച്ചേ മതിയാകൂ. റോഡുകള്‍ക്കും കെട്ടിടങ്ങള്‍ക്കും ഗാന്ധിജിയുടെ പേരിടുക, വഴിനീളെ പ്രതിമകള്‍ സ്ഥാപിക്കുക, ഒക്ടോബര്‍ രണ്ടിന് വഴിപാട് പോലെ രഘുപതിരാഘവ രാജാറാം പാടുക, ജനുവരി മുപ്പതിന് പതിവ് പോലെ രാഷ്ട്രീയ ശത്രുക്കളെ അധിക്ഷേപിക്കുക എന്നതൊഴിച്ചാല്‍ കഴിഞ്ഞ എഴുപത് കൊല്ലങ്ങളിലും മഹാത്മജി കൊല്ലപ്പെട്ടുകൊണ്ടെയിരുന്നു. അതും അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്‍ഗാമികള്‍ എന്നു മേനിനടിക്കുന്നവരുടെ കൈകളാല്‍. ആധുനികഭാരതം നേരിട്ട ഏറ്റവും വലിയ ദുരന്തമാണിത്.
വൈകിയ വേളയിലെങ്കിലും ഗാന്ധിജിയിലേക്ക് ഒരു തിരിഞ്ഞുനോട്ടം നടത്താനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ കാണുന്നു. ശുചിത്വം എന്നത് മഹാത്മജിയുടെ ഏറ്റവും വലിയ സംസ്‌കാരങ്ങളില്‍ ഒന്നായിരുന്നല്ലോ. സ്വാതന്ത്ര്യം ലഭിച്ച് എഴുപത് കൊല്ലങ്ങള്‍ പിന്നിടുമ്പോഴും ജനസംഖ്യയില്‍ മഹാഭൂരിപക്ഷത്തിനും സ്വന്തമായി ശൗചാലയം പോലുമുണ്ടായിരുന്നില്ല എന്നത് 2014ല്‍ ഞെട്ടലോടെയാണ് നാം തിരിച്ചറിഞ്ഞത്. ശുചിത്വം എന്നത് പരമപ്രധാനമായി കണക്കാക്കിയ മഹാത്മാവിന്റെ നാട്ടില്‍, അദ്ദേഹത്തിന്റെ രാഷ്ട്രീയ പിന്മുറക്കാര്‍ പതിറ്റാണ്ടുകള്‍ ഭരിച്ചപ്പോഴുള്ള സ്ഥിതി ആണിത്. ഇങ്ങനെയുള്ള ഒരു ജനതയുമായി നാമെങ്ങനെ ലോകത്തിന്റെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കും എന്ന തിരിച്ചറിവില്‍ നിന്നുമാണ് 2014 ഒക്ടോബര്‍ രണ്ടിന് ചരിത്രത്തിലെ ഏറ്റവും വലിയ ശുചിത്വ പദ്ധതി. സ്വച്ഛ് ഭാരത് ആരംഭിക്കുന്നത്. ഒന്നര ലക്ഷം കോടിയോളം മുടക്കിയുള്ള ഈ വന്‍ പദ്ധതി, അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം പൂര്‍ണ്ണവിജയം നേടിയപ്പോള്‍, ഇക്കഴിഞ്ഞ ഗാന്ധിജയന്തിക്ക്, ഭാരതത്തെ സമ്പൂര്‍ണ്ണ വെളിയിട വിസര്‍ജ്ജന വിമുക്ത രാജ്യമായി പ്രധാനമന്ത്രി പ്രഖ്യാപിച്ചപ്പോള്‍ അത് ഗാന്ധിജിയോട് രാജ്യം കാട്ടുന്ന ഏറ്റവും വലിയ ഗുരുത്വമായി.
ഗ്രാമങ്ങളെ നഗരങ്ങളാക്കുക എന്ന ആശയത്തെ പിന്തള്ളി. ഗ്രാമങ്ങളെ തനിമ നിലനിര്‍ത്തിക്കൊണ്ട് ഗ്രാമീണരുടെ ജീവിതനിലവാരം ഉയര്‍ത്തുക എന്ന അക്ഷീണ പരിശ്രമം തുടരുന്നു. എല്ലാ ഗ്രാമങ്ങളും വൈദ്യുതീകരിക്കപ്പെട്ടു കഴിഞ്ഞു. സിംഹഭാഗം കുടുംബങ്ങളിലും പാചകവാതകം എത്തിക്കഴിഞ്ഞു. എല്ലാ വീടുകള്‍ക്കും ശൗചാലയങ്ങള്‍ നല്‍കിക്കഴിഞ്ഞു. ഗ്രാമങ്ങളിലേക്ക് മികച്ച റോഡുകള്‍ വരുന്നു. ലക്ഷക്കണക്കിന് ഗ്രാമങ്ങളില്‍ ആണ് ഭാരതത്തിന്റെ ആത്മാവ് തുടിക്കുന്നത് എന്ന മഹാത്മാവിന്റെ ദര്‍ശനപൂര്‍ത്തീകരണം തെന്നയാണ് ഇന്നു നടന്നുകൊണ്ടിരിക്കുന്നത്.
ഗാന്ധിജിയുടെ ഏറ്റവും വലിയ സമരായുധങ്ങളില്‍ ഒന്നും അദ്ദേഹത്തിന്റെ ആശയങ്ങളുടെ പ്രതീകവുമായിരുന്നല്ലോ ഖാദി. വെളുത്ത ഖാദി, രാഷ്ട്രീയക്കാരുടെ അടയാളം എന്നതിനപ്പുറം ആ മേഖല പൂര്‍ണ്ണമായും അവഗണിക്കപ്പെട്ടും അടച്ചുപൂട്ടലിന്റെ വക്കിലുമായിരുന്നു. അഞ്ചു കൊല്ലത്തെ നിരന്തര പരിശ്രമങ്ങള്‍ക്കൊടുവില്‍ ഇന്ന് ഖാദി ലാഭം കൊയ്യുന്ന ഒരു മേഖലയായി മാറിക്കഴിഞ്ഞു. മഹാത്മാവിന്റെ പ്രിയപ്പെട്ട ഖാദി ഇന്ന് ലക്ഷങ്ങള്‍ക്ക് തൊഴിലും ജീവിതമാര്‍ഗ്ഗവുമായി.
രാഷ്ട്രീയസ്വയംസേവക സംഘത്തിന്റെയും മഹാത്മാഗാന്ധിയുടെയും ആദര്‍ശങ്ങള്‍ സമന്വയിച്ച സ്വയംസേവകരാല്‍ നയിക്കപ്പെടുന്ന ഒരു സര്‍ക്കാരാണ് ഇക്കാര്യങ്ങള്‍ അങ്ങേയറ്റം ആത്മാര്‍ത്ഥതയോടെ നടപ്പാക്കിക്കൊണ്ടിരിക്കുന്നതും എന്നത് കേവലം യാദൃച്ഛികമല്ല. ചരിത്രത്തിന്റെ അനിവാര്യതയാണ്.