ഊരിപ്പിടിച്ച വക്കീല്‍ക്കുപ്പായങ്ങള്‍ക്കു നടുവിലൂടെയാണ് മുഖ്യമന്ത്രി വിജയന്‍ സഖാവിന്റെ ഇപ്പോഴത്തെ നടപ്പ്. കേരളത്തിലെ വക്കീലന്മാരെ കൂടാതെ സുപ്രീംകോടതിയിലെ വിലകൂടിയ വക്കീലന്മാര്‍ വരെയുണ്ട് ഊരിപ്പിടിച്ച കോട്ടുമായി നില്‍ക്കുന്നവരുടെ കൂട്ടത്തില്‍. അഭിഭാഷകപ്പട എന്നുതന്നെ പറയാം. എല്ലാവരും വിജയന്‍ സഖാവിന്റെ സര്‍ക്കാരിനും പാര്‍ട്ടിയ്ക്കും വേണ്ടി വാദിക്കാന്‍ മുട്ടിനില്‍ക്കുന്നവര്‍. ഒന്നിനൊന്ന് കേമന്മാര്‍. അഡ്വക്കറ്റ് ജനറല്‍, അഡീഷണല്‍ എ.ജി, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍, എ.ഡി.ജി.പിമാര്‍, സ്റ്റേറ്റ് അറ്റോര്‍ണി തുടങ്ങി കടിച്ചാല്‍ വിഷമിറങ്ങാത്ത വകകള്‍ തൊട്ട് താഴെതട്ടുവരെ 140 പേരാണ് സര്‍ക്കാര്‍ വക അഭിഭാഷകന്മാര്‍. ഇതിനെല്ലാം പുറമെയാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ കക്ഷിയായ കേസ്സുകളുടെ മേല്‍നോട്ടത്തിന് അഡ്വ. എ. വേലപ്പന്‍ നായരെ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി നിശ്ചയിച്ചത്. തനി തക്ഷകന്‍ ഇനം. ഒരു ലക്ഷത്തിലേറെയാണ് മാസശമ്പളം എന്നതില്‍ നിന്നും ഇനത്തിന്റെ ശക്തിയറിയാം.
ഈ ഊരിപ്പിടിച്ച കോട്ടുകള്‍ക്കിടയിലും വിജയന്‍ സഖാവിന് തൃപ്തിപോര. അതിനാല്‍ ഇറക്കുമതികള്‍ വേറെയുമുണ്ട്. ഒരു സിറ്റിങ്ങിന് 20 ലക്ഷം വിലയുള്ള മുന്‍ സോളിസിറ്റര്‍ ജനറല്‍ രഞ്ജിത്ത് കുമാറാണ് സോളാര്‍ കേസ്സില്‍ ഹാജരായത്. കപില്‍ സിബല്‍, ഹരീഷ്‌സാല്‍വെ, പല്ലവ് സിസോദിയ, ഹരേണ്‍ വി റാവല്‍ എന്നിങ്ങനെ നീളുന്നു ആ പട്ടിക. ഇതുകൂടാതെ പാര്‍ട്ടിയ്ക്കുവേണ്ടി സര്‍ക്കാര്‍ ഇറക്കുമതി ചെയ്തവരാണ്, സുഹൈബ് കേസ്സില്‍ സി.ബി.ഐ അന്വേഷണം തടയാന്‍ ഹാജരായ അമരേന്ദ്ര ശരണും വിജയ് ഹന്‍സാരിയയും. സര്‍ക്കാര്‍ അഭിഭാഷകര്‍ക്കു ശമ്പളമായി നല്‍കുന്നത് 1.2 കോടി രൂപ. ഇതിനുപുറമെയാണ് മണിക്കൂറിനു ലക്ഷങ്ങള്‍ വാങ്ങുന്നവരുടെ ഫീസ്. എന്നിട്ടും പണമില്ല എന്ന കാരണം പറഞ്ഞ് അട്ടപ്പാടി മധുവിനെ ആള്‍ക്കൂട്ടക്കൊല നടത്തിയ കേസ്സില്‍ പബ്ലിക് പ്രോസിക്യൂട്ടറെ നിയമിച്ചില്ല. പാവപ്പെട്ടവന്റെ സര്‍ക്കാരാണ്; അവരുടെ കയ്യില്‍ എങ്ങനെയാണ് മധുവിന്റെ കേസ് വാദിക്കാന്‍ കാശുണ്ടാവുക!