കെ.ജി. മാരാര്‍
മനുഷ്യപ്പറ്റിന്റെ പര്യായം
കെ.കുഞ്ഞിക്കണ്ണന്‍
ഇന്‍ഡോളജിക്കല്‍ ട്രസ്റ്റ്
ഇന്ത്യാബുക്‌സ്, കോഴിക്കോട്
പേജ്: 328 വില: 300 രൂപ
സാധാരണക്കാരനായി ജീവിക്കുകയും സാധാരണക്കാരോടൊത്തു ജീവിക്കുകയും ചെയ്ത അസാധാരണ വ്യക്തിപ്രഭാവമുള്ള രാഷ്ട്രീയനേതാവായിരുന്നു യശഃശരീരനായ കെ.ജി.മാരാര്‍. ഉള്ളിലെ സ്‌നേഹവും ആദരവും പ്രകടിപ്പിക്കുവാന്‍ കിട്ടുന്ന അവസരങ്ങളിലൊക്കെ അനുകൂലപക്ഷത്തുനില്‍ക്കുന്നവര്‍ മാത്രമല്ല വിപരീതപക്ഷത്തുനില്‍ക്കുന്നവര്‍ പോലും മാരാര്‍ജി എന്നേ ആ കര്‍മ്മയോഗിയെ വിളിച്ചിരുന്നുള്ളൂ. ഹിന്ദുത്വ രാഷ്ട്രീയത്തിന് കേരളത്തില്‍ വേരുകളുണ്ടാക്കാനായി ജീവിതാന്ത്യംവരെ അക്ഷീണം പ്രയത്‌നിച്ച കെ.ജി. മാരാര്‍, രാഷ്ട്രീയ പ്രവര്‍ത്തനത്തെ രാഷ്ട്ര സേവനമായിട്ടാണ് കണക്കാക്കിയിരുന്നത്. കെ.ജി.മാരാരുടെ ക്ലേശഭൂയിഷ്ഠവും അതിസങ്കീര്‍ണവുമായ ജീവിതവഴികള്‍ പിഴവുകളില്ലാതെ രേഖപ്പെടുത്തുക എന്ന സദുദ്ദേശ്യത്തോടെ പ്രശസ്ത പത്രപ്രവര്‍ത്തകനായ കെ.കുഞ്ഞിക്കണ്ണന്‍ രചിച്ച ഗ്രന്ഥമാണ് ‘കെ. ജി.മാരാര്‍ മനുഷ്യപ്പറ്റിന്റെ പര്യായം’ (പരിഷ്‌കരിച്ച പതിപ്പ്).
ജീവചരിത്രത്തിന്റെ പതിവുചിട്ടകളെ ഭേദിക്കുന്ന കൃതിയാണിത്. പ്രസിദ്ധീകരിച്ച കാലം മുതല്‍ കേരളത്തിലുടലെടുക്കുന്ന രാഷ്ട്രീയചര്‍ച്ചകളിലൊക്കെ ഈ പുസ്തകം കടന്നുവരാറുള്ളതും അതുകൊണ്ടാവണം. കെ.ജി. മാരാരുടെയും അദ്ദേഹം പിന്തുടര്‍ന്നുപോന്ന രാഷ്ട്രീയ ശൈലിയുടെയും സത്യസന്ധമായ വിവരണമാണ് ഈ കൃതിയിലുള്ളത്. അങ്ങേയറ്റം ജനകീയനും പ്രായോഗികമതിയുമായ കെ.ജി. മാരാരുടെ പൊതുപ്രവര്‍ത്തനശൈലി എത്രത്തോളം മാതൃകാപരമാണെന്ന് പരോക്ഷമായി ധ്വനിപ്പിക്കുന്നുണ്ട് ഈ ജീവചരിത്രഗ്രന്ഥം. പതിനൊന്നദ്ധ്യായങ്ങളായി വിന്യസിച്ചിട്ടുള്ള ഈ പുസ്തകത്തിലെ ഓരോ വാക്യങ്ങളും രാഷ്ട്രീയവിദ്യാര്‍ത്ഥികളും പൊതുപ്രവര്‍ത്തകരും മനസ്സിരുത്തി വായിക്കേണ്ടതാണ്. കേരളസംസ്ഥാന രാഷ്ട്രീയത്തിലെ സംഘര്‍ഷനിര്‍ഭരമായ ഒരു കാലഘട്ടത്തിന്റെ നേര്‍വിവരണമായി ഈ പുസ്തകം മാറിത്തീരുന്നുണ്ട്.
കെ.ജി.മാരാരുടെ ബാല്യകാലം മുതല്‍ അന്ത്യകാലം വരെയുള്ള സുപ്രധാനസംഭവവികാസങ്ങളെല്ലാം കൃത്യമായ സംവിധാനചാതുരിയോടെ ജീവചരിത്രകാരന്‍ ഈ കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെ.ജി. മാരാരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട അനുകൂല-പ്രതികൂല പക്ഷത്തുള്ളവരില്‍ നിന്നു കഴിയാവുന്നിടത്തോളം വിവരങ്ങള്‍ ശേഖരിച്ച് പുസ്തകത്തിലുള്‍ക്കൊള്ളിക്കുവാന്‍ കെ.കുഞ്ഞിക്കണ്ണന്‍ ശ്രമിച്ചത് അത്യന്തം ശ്ലാഘനീയം തന്നെ. ജീവിത പ്രതിസന്ധികളോട് മല്ലിട്ടുവളര്‍ന്ന മാരാര്‍ജിയെ ലളിതവും സുന്ദരവും അവക്രവുമായ ഭാഷയില്‍ വരച്ചുകാട്ടുന്നതില്‍ ഗ്രന്ഥകാരന്‍ വിജയം വരിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാനാവും. രാഷ്ട്രീയ നേതാക്കന്മാരുടെ ജീവചരിത്രം എങ്ങനെ എഴുതാം എന്നതിന്റെ മികച്ച മാതൃകയാണ് കെ. കുഞ്ഞിക്കണ്ണന്റെ ഈ പുസ്തകം. ദീര്‍ഘകാലം കെ.ജി.മാരാരുടെ രാഷ്ട്രീയ ജീവിതം അടുത്തുനിന്നു കണ്ടതിന്റെ അനുഭവം ഈ പുസ്തകത്തില്‍ ദൃശ്യമാണ്. അധികാരപദവികളിലൊന്നും അവരോധിതനാവാതെ തന്നെ, ജനഹൃദയങ്ങളില്‍ ശാശ്വതമായി കുടിയേറുവാന്‍ മാരാര്‍ജിക്ക് എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിനുള്ള നേരുത്തരമാണ് ഈ ഗ്രന്ഥം.
കെ.ജി.മാരാരുടെ ആദര്‍ശരാഷ്ട്രീയശുദ്ധിയും പഠന മനന തത്പരതയും പ്രഭാഷണചാതുരിയും ലേഖന രചനയിലെ പാടവവും കാന്തികമായ വ്യക്തിത്വശോഭയും അകളങ്കമായ പെരുമാറ്റശൈലിയും തെളിഞ്ഞ സഹജീവി സ്‌നേഹവും ലളിതജീവിതശൈലിയും അസമാന്യമായ ക്രിയാശേഷിയും സംഘടനാപാടവവും ഉയര്‍ന്ന ജനാധിപത്യബോധവും കൃത്യമായി പ്രകാശിപ്പിക്കുവാന്‍ കെ.കുഞ്ഞിക്കണ്ണനിലെ പത്രപ്രവര്‍ത്തനമനസ്സുള്ള ഗ്രന്ഥകാരന് കഴിഞ്ഞുവെന്ന് പരമേശ്വര്‍ജിയുടെ പ്രൗഢമായ അവതാരിക സാക്ഷ്യപ്പെടുത്തുന്നു. ഇതില്‍പരം മികച്ച സാക്ഷ്യപത്രം മറ്റാര്‍ക്കു നല്‍കാനാവും!